സ്‌നേഹസമ്പന്നമായ ഒരു കുടുംബമാണ് ഏതൊരു വ്യക്തിയുടെയും വിജയരഹസ്യം. സേവനപാതയില്‍ ചരിക്കാന്‍ സമയം
സ്‌നേഹസമ്പന്നമായ ഒരു കുടുംബമാണ് ഏതൊരു വ്യക്തിയുടെയും വിജയരഹസ്യം. സേവനപാതയില്‍ ചരിക്കാന്‍ സമയം കണ്ടെത്തുമ്പോള്‍ അതിനെല്ലാം പ്രചോദനവും പിന്തുണയും പ്രോത്സാഹനവും നല്‍കിക്കൊണ്ട് എപ്പോഴും കുടുംബാംഗങ്ങള്‍ കൂടെ ഉണ്ടായതാണ് നളിനി ജനാര്‍ദനന്‍ എന്ന ബഹുമുഖ പ്രതിഭ വളര്‍ന്നു വരാന്‍ കാരണം.
ആര്‍മി ഓഫീസറായ ഭര്‍ത്താവിന്റെ സൈനിക അനുഭവങ്ങള്‍ അവരുടേതു കൂടി ആക്കി മാറ്റുകയായിരുന്നു പിന്നീട്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് ഭര്‍ത്താവില്‍നിന്നും ഒരുപാട് കേട്ടറിഞ്ഞ അവര്‍ക്കും പട്ടാളത്തില്‍ ഒരു ഡോക്ടറായി ചേരണമെന്നു തോന്നിയത് സ്വാഭാവികം. ആ ആഗ്രഹം വെച്ച് അപേക്ഷിച്ചപ്പോള്‍ എഴുത്തുപരീക്ഷയിലും ഇന്റര്‍വ്യൂവിലും മറ്റു പരീക്ഷകളിലും വിജയിച്ചു. അതോടെ നളിനി ജനാര്‍ദനന് ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റന്‍ റാങ്കില്‍ ഡോക്ടറായി നിയമനം ലഭിച്ചു.
സാഹിത്യവും സംഗീതവും ആതുരസേവനവും ഒരുപോലെ ഇഷ്ടപ്പെടുന്ന നളിനി പക്ഷേ, കൂടുതല്‍ സമയം ആതുരസേവനത്തിനും സാഹിത്യത്തിനും വേണ്ടിയാണ് ചെലവഴിക്കുന്നത്. ഒരു ഡോക്ടറെന്ന നിലയില്‍ ആരോഗ്യപരമായ വിഷയങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്കു മനസ്സിലാവുന്ന ഭാഷയില്‍ അറിവു പകര്‍ന്നു കൊടുക്കുക എന്നത് തന്റെ കര്‍ത്തവ്യമായാണ് അവര്‍ കരുതുന്നത്. മലയാളത്തിലെ അറിയപ്പെടുന്ന മിക്ക മാസികകളിലും ആരോഗ്യസംബന്ധമായ ലേഖനങ്ങള്‍ എഴുതികൊണ്ടിരിക്കുകയും ഒട്ടേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത നളിനിക്ക് തന്റെ പ്രവര്‍ത്തന മേഖലയായ ആരോഗ്യരംഗത്ത് ഉണ്ടായ മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളും ഓര്‍മകളും പങ്കുവെക്കുമ്പോള്‍ നിറഞ്ഞ സംതൃപ്തിയാണ് മുഖത്ത്.
''പാക് അതിര്‍ത്തി ജയ്‌സാല്‍മീറില്‍ യുദ്ധത്തിന് തൊട്ടുമുമ്പുളള സമയങ്ങളില്‍ വൈദ്യ സഹായം ലഭ്യമാക്കുന്നതിന് ചുമതലയുണ്ടായിരുന്നു. സ്ത്രീകള്‍ക്കായി സ്വകാര്യ സൗകര്യങ്ങളൊന്നുമുണ്ടാകില്ല. സ്ത്രീയായി ഞാന്‍ മാത്രമേ ഉള്ളൂ. താമസം ചെറിയ ടെന്റിലായതിനാല്‍ വാതിലുപൂട്ടി ഉറങ്ങാന്‍ പറ്റില്ല. ക്ഷുദ്രജീവികളെയും ശത്രുക്കളെയും ഒരുപോലെ പേടിക്കേണ്ട അവസ്ഥ. കമാന്റിംഗ് ഓഫീസര്‍ ആ സമയത്ത് എന്റെ മുറിക്ക് പുറത്ത് രണ്ടു പട്ടാളക്കാരെ നിര്‍ത്തിത്തന്നത് വല്ലാത്ത ആശ്വാസമായിരുന്നു.''
ആര്‍മിയില്‍ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങള്‍ അയല്‍പക്കക്കാരാണ്. ഇന്ത്യന്‍ സേന എന്നാല്‍ ഒരു വലിയ കുടുംബം എന്നാണ്. പട്ടാളക്കാര്‍ ദീര്‍ഘനേരത്തെ വ്യായാമത്തിന് പോയാല്‍ പിന്നീടവിടെ ഉണ്ടാവുക സ്ത്രീകള്‍ മാത്രമാണ്. ഗര്‍ഭിണികള്‍, അടുത്തിടെ വിവാഹം കഴിഞ്ഞവര്‍, രോഗികള്‍, ഭാഷ അറിയാത്തതുകൊണ്ട് ബുദ്ധിമുട്ടുന്നവര്‍... തുടങ്ങി എല്ലാവരെയും പരിപാലിക്കേണ്ടത് ഞങ്ങളെപ്പോലുള്ളവരുടെ ഉത്തരവാദിത്തമാണ്. ഗ്യാസ് ഉപയോഗിക്കുന്നതിലെ അപാകതമൂലം സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു ജവാന്റെ ഭാര്യ മരിച്ചതിന് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ വീട്ടിലും ചുറ്റുപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവത്കരണക്ലാസ്സുകളും നടത്താറുണ്ട്.
കാര്‍ഗില്‍ യുദ്ധം നടക്കുന്ന വേളയില്‍ ഹിമാചല്‍ പ്രദേശിലെ ഒരു മലമ്പ്രദേശത്തായിരുന്നു ചുമതല. മക്കള്‍ ഭര്‍ത്താവിന്റെ കൂടെ ജലന്ധറില്‍. ആ സമയത്ത് മകള്‍ കല്ലിലിടിച്ച് വീണ് അബോധാവസ്ഥയിലായ വിവരം അറിഞ്ഞു. വീട്ടിലെ അവസ്ഥയില്‍ ഞാനവിടെ എത്തുക എന്നത് അത്യന്താപേക്ഷിതം. എങ്കിലും ഒരു മേജറിന് വീടിനേക്കാള്‍ ഉത്തരവാദിത്തം രാജ്യത്തോടാണ്. എന്നാല്‍ എന്റെ വീട്ടില്‍ എനിക്കുപകരം ഒരുപാട് അമ്മമാര്‍ എന്റെ മകളെ പരിചരിക്കാനുണ്ടായി.
''ആസാമില്‍ മലമ്പനി പടര്‍ന്നുപിടിച്ച സമയത്തായിരുന്നു ഡ്യൂട്ടിക്കെത്തിയത്. രോഗം ബാധിച്ചവര്‍ക്ക് പെട്ടെന്ന് ബോധക്ഷയം വരും. ചികിത്സിക്കണമെങ്കില്‍ രണ്ടര മണിക്കൂറെങ്കിലും യാത്ര ചെയ്ത് പഠാന്‍കോട്ടിലെത്തിക്കണം. ഗര്‍ഭിണിയായ യുവതിയെ ഹെലികോപ്ടറില്‍ കയറ്റാനും അത്രയും സമയം യാത്ര ചെയ്യിക്കാനും പറ്റാത്തതിനാല്‍ ദൈവത്തോട് നന്നായി പ്രാര്‍ഥിച്ച് അറിയാവുന്ന മരുന്നുകള്‍ കൊടുത്തു. രോഗമുക്തയായപ്പോള്‍ അവര്‍ പറഞ്ഞ നന്ദിവാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്.''
''സിലിച്ചര്‍ (ആസാം), സാഗര്‍ (മധ്യപ്രദേശ്), ലഖ്‌നൗ (ഉത്തര്‍പ്രദേശ്), ബക്‌ളോ (ഹിമാചല്‍പ്രദേശ്), ജോധ്പൂര്‍ (രാജസ്ഥാന്‍) എന്നീ സ്ഥലങ്ങളില്‍ എനിക്ക് നിയമനം ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവിനും എനിക്കും ഒരേ സ്ഥലത്ത് സ്ഥലംമാറ്റം ലഭിക്കാത്തതിനാല്‍ 11 വര്‍ഷത്തെ പട്ടാളസേവനത്തിനുശേഷം മേജര്‍ റാങ്കിലെത്തിയപ്പോള്‍ എനിക്ക് വിരമിക്കേണ്ടി വന്നു. ഓപറേഷന്‍ വിജയ്, ഓപറേഷന്‍ സദ്ഭാവന തുടങ്ങിയ സേനാ ഓപറേഷനുകള്‍ നടക്കുന്ന സമയത്ത് ഞാന്‍ യഥാക്രമം ബക്‌ളോവിലും രാജസ്ഥാനിലും സേവനം അനുഷ്ഠിച്ചിരുന്നു. രാജസ്ഥാന്‍ അതിര്‍ത്തിയിലുള്ള ലോംഗെവാല എന്ന സ്ഥലത്തും സേവനം ചെയ്തിട്ടുണ്ട്.''
സിലിച്ചറില്‍ ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ പുറകില്‍നിന്ന് ഒരു ലോറി വന്നിടിച്ച് ഞാന്‍ റോഡിലേക്ക് തെറിച്ചു വീണു. എന്റെ മുകളിലൂടെ ലോറി കടന്നുപോവുകയും ചെയ്തു. എന്നിട്ടും ഞാനെങ്ങനെയോ രക്ഷപ്പെട്ടു. ആസ്പത്രിയില്‍അഡ്മിറ്റ് ചെയ്തപ്പോള്‍ എന്നെ കാണാനെത്തിയ സ്ത്രീകളില്‍ പലരും ഞാന്‍ ചികിത്സിച്ച രോഗികളായിരുന്നു അവര്‍ എന്നെ കണ്ട് പൊട്ടിക്കരയുകയും രക്ഷപ്പെട്ടതിന് ദൈവത്തിനു നന്ദി പറയുകയും ചെയ്തത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.
അതുപോലെ ജോധ്പൂരില്‍നിന്ന് ജയ്പൂരിലേക്ക് ഞാനും ഭര്‍ത്താവും മക്കളും കാറില്‍ യാത്ര ചെയ്യവേ അജ്മീറിനടുത്തുവെച്ച് മാരകമായ ഒരാക്‌സിഡന്റില്‍ പെട്ടു. ഭര്‍ത്താവിന്റെ കാല്‍മുട്ടുകളും എന്റെ വാരിയെല്ലുകളും പൊട്ടി. എങ്കിലും ഞാനും എന്റെ കുടുംബവും ദൈവാനുഗ്രഹം കൊണ്ട് അതെല്ലാം അതിജീവിക്കുകയായിരുന്നു. സമൂഹത്തിലെ നിരവധി രോഗികളെയും അശരണരെയും ചികിത്സിക്കാനും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനും ഒരു ഡോക്ടറെന്ന നിലയില്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. രോഗം മാറിയശേഷം രോഗികളുടെ നന്ദിവാക്കുകളും പുഞ്ചിരിയും ഹൃദയം നിറഞ്ഞ കൂപ്പുകൈയും തലയില്‍ കൈവെച്ചുകൊണ്ടുള്ള വൃദ്ധജനങ്ങളുടെ ആശീര്‍വാദവും ലഭിക്കുമ്പോള്‍ മനസ്സിനു ലഭിക്കുന്ന സന്തോഷം വിലമതിക്കാനാവാത്തതാണെന്ന് അവര്‍ പറയുന്നു.
വൈദ്യശാസ്ത്രലേഖനങ്ങള്‍ക്കു പുറമെ ധാരാളം ചെറുകഥകളും അനുഭവകഥകളും കവിതകളും സംഗീതം, ഭക്തി എന്നിവയെപ്പറ്റിയുള്ള ലേഖനങ്ങളും എഴുതുന്ന നളിനിയുടെ താളപ്പിഴകള്‍, പഞ്ചനക്ഷത്ര സ്വപ്‌നങ്ങള്‍, ഹൃദയത്തിന്റെ കണ്ണുകള്‍, നീല ഷര്‍ട്ടുധരിച്ച അപരിചിതന്‍, വിശ്വപ്രസിദ്ധ നാടോടിക്കഥകള്‍ എന്നിവയാണ് പ്രധാന രചനകള്‍. ആരോഗ്യസംബന്ധമായ ഏഴ് മറ്റു പുസ്തകങ്ങളും നളിനിയുടേതായുണ്ട്.
കണ്ണൂര്‍ കാവുമ്പായി സ്വദേശിയായ ഭര്‍ത്താവ് കേണല്‍ (പ്രഫ) ഡോ. കാവുമ്പായി ജനാര്‍ദനന്‍ അറിയപ്പെടുന്ന ഒരു സാഹിത്യകാരനും മനശ്ശാസ്ത്രവിദഗ്ധനും മോട്ടിവേഷണല്‍ ഗുരുവും ഐശ്വര്യദര്‍പ്പണം എന്ന സോഷ്യോ കള്‍ച്ചറല്‍ കുടുംബമാസികയുടെ മുഖ്യപത്രാധിപരുമാണ്. മകന്‍ അനുരാഗ് ജനാര്‍ദനന്‍ മുംബൈയിലെ എല്‍ ആന്റ് ടി കമ്പനിയില്‍ സീനിയര്‍ മാനേജരാണ്. മകള്‍ ഡോക്ടര്‍ അനുപമ ജനാര്‍ദനന്‍ ബാംഗ്ലൂരില്‍ എം.എസ് ഒഫ്ത്താല്‍മോളജി വിദ്യാര്‍ഥിനിയാണ്. അഛന്‍ പരേതനായ ശ്രീ കൃഷ്ണന്‍ മങ്കടയും അമ്മ ശ്രീമതി കല്യാണിക്കുട്ടിയും അധ്യാപകരായിരുന്നു.
പാലക്കാട് ജില്ലയിലെ കൊടുമ്പാണ് നളിനിയുടെ ജന്മദേശം. പ്രാഥമിക വിദ്യാഭ്യാസം വയനാട്ടിലെ കല്‍പറ്റയിലായിരുന്നു. അന്ന് എസ്.എസ്.എല്‍സിക്ക് കേരളത്തില്‍ ഒമ്പതാം റാങ്കും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കും കരസ്ഥമാക്കി. പനമ്പിള്ളി സ്മാരക സ്വര്‍ണമെഡല്‍ നേടി. കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍നിന്ന് ഡിസ്റ്റിംഗ്ഷനോടെ പ്രീഡിഗ്രി പാസ്സായ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ് പാസ്സായി. പിന്നീട് ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ക്രിയേറ്റീവ് റൈറ്റിംഗില്‍ (Creative Writing) ഡിപ്ലോമയും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉര്‍ദു അക്കാദമിയില്‍നിന്ന് ഉര്‍ദുവില്‍ ഡിപ്ലോമയും നേടി. ഹൈദരാബാദിലെ അപ്പോളോ മെഡിവാഴ്‌സിറ്റിയില്‍നിന്ന് ഫാമിലി മെഡിസിനില്‍ ഡിപ്ലോമയും (RCGP-UK) പാസ്സായി. ചണ്ഡീഗഢിലെ പ്രാചീന്‍ കലാകേന്ദ്രയില്‍നിന്ന് ഹിന്ദുസ്ഥാനി സംഗീതത്തില്‍ സംഗീത ഭൂഷണ്‍, സംഗീത വിശാരദ് എന്നീ ഡിഗ്രികളും നേടി.
സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ ധാരാളം കവിതകളും കഥകളും എഴുതിയിരുന്നുവെങ്കിലും അതൊന്നും പ്രസിദ്ധീകരിക്കാന്‍ അയച്ചു കൊടുത്തിരുന്നില്ല. കല്യാണത്തിനുശേഷം ഭര്‍ത്താവ് ഒരു കഥ മത്സരത്തിന് അയച്ചുകൊടുത്തു. മഹിളാചന്ദ്രിക നടത്തിയ കഥാമത്സരമായിരുന്നു അത്. അക്ഷരത്തെറ്റുകള്‍ എന്ന ആ കഥക്ക് ഒന്നാം സമ്മാനമാണ് കിട്ടിയത്. ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ലയില്‍നിന്ന് കഥാ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ എനിക്ക് വളരെ അഭിമാനം തോന്നി. അതിനുശേഷം എന്റെ പല രചനകളും മാസികകളില്‍ അച്ചടിച്ചു വന്നപ്പോള്‍ എഴുതാന്‍ കൂടുതല്‍ താല്‍പര്യം തോന്നി. കഥ, കവിത, ഉപന്യാസം, ക്വിസ് മത്സരം, പ്രസംഗം, ഗാനാലാപനം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങളില്‍ കോളേജില്‍ വെച്ചും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷം ഭര്‍ത്താവിന്റെ പ്രോത്സാഹനവും പിന്തുണയും പല നേട്ടങ്ങള്‍ക്കും കാരണമായതായി അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്റെ അഛന്‍ ഒരു നല്ല കവിയും എഴുത്തുകാരനും ഗായകനും ആയിരുന്നു. അദ്ദേഹം എഴുതി ഈണം നല്‍കി ചിട്ടപ്പെടുത്തിയ ഒരു മാപ്പിളപ്പാട്ടാണ് ബാല്യകാലത്ത് ഏറ്റവുമാദ്യം സ്റ്റേജില്‍ അവതരിപ്പിച്ച ഗാനം എന്നത് ഇപ്പോഴും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. അമ്മ നൃത്തം പഠിപ്പിക്കുന്നുണ്ടായിരുന്നു. എന്റെ മാതാപിതാക്കളില്‍നിന്നാണ് എനിക്ക് സംഗീതം, സാഹിത്യം, നൃത്തം എന്നിവയില്‍ അഭിരുചി ഉണ്ടായത്. സ്‌കൂളിലെ അധ്യാപകരുടെയും പ്രോത്സാഹനം ലഭിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ധാരാളം സംഗീതപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. വിവാഹശേഷം ഭര്‍ത്താവിനോടൊപ്പം ആര്‍മിയിലെ ജീവിതത്തിനിടയില്‍ ഭാരതത്തിന്റെ പല സംസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചപ്പോള്‍ അവിടെയെല്ലാം പല സംഗീത പരിപാടികളും നടത്തി. ജലന്ധറിലെ (പഞ്ചാബ്) ശ്രീ സി.ഡി സാഫ്രിയാണ് ആദ്യത്തെ സംഗീത ഗുരു. ശ്രീ മാത്യൂസില്‍നിന്ന് ലളിത സംഗീതവും പണ്ഡിറ്റ് ലളിത്‌വ്യാസില്‍നിന്ന് ഗസലും പണ്ഡിറ്റ് രാജേന്ദ്ര വൈഷ്ണവില്‍നിന്ന് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവും പണ്ഡിറ്റ് രാംചന്ദ്ര ഗോയലില്‍നിന്ന് മീരാഭജനും പണ്ഡിറ്റ് ശ്യാംകുമാര്‍ ബോറയില്‍നിന്ന് ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും പഠിക്കാന്‍ കഴിഞ്ഞു. ഹിമാചല്‍ പ്രദേശിലെ ബക്‌ളോവില്‍ സേവനം ചെയ്തപ്പോള്‍ പണ്ഡിറ്റ് വിക്രമാദിത്യശര്‍മയും ഔറംഗാബാദില്‍ (മഹാരാഷ്ട്ര) സേവനം ചെയ്തപ്പോള്‍ വിശ്വനാഥ് ഓക്കും ദോസ്ത് മുഹമ്മദും ഗുരുക്കന്മാരായി. രാജസ്ഥാനി, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ ധാരാളം ഭക്തിഗാനങ്ങളും ഉര്‍ദുഭാഷയില്‍ ഗസലുകളും ഹിന്ദി, മലയാളം, തമിഴ്, ബംഗാളി, മറാഠി എന്നീ ഭാഷകളില്‍ ചലച്ചിത്രഗാനങ്ങളും വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിക്കുകയും ഭക്തിഗാനങ്ങളുടെയും ഗസലുകളുടെയും സംഗീത ആല്‍ബങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. വിവിധ ടെലിവിഷന്‍ ചാനലുകളിലും പല ആകാശവാണി നിലയങ്ങളിലും ഗാനങ്ങളും പ്രഭാഷണങ്ങളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
ആന്ധ്രപ്രദേശ് ഗവണ്‍മെന്റിന്റെ കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാ വര്‍ഷവും നടത്തുന്ന ഉര്‍ദു ഗസല്‍ പരിപാടിയില്‍ രണ്ടു പ്രാവശ്യം അതിഥിയായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണത്തിനു പോലും എഴുന്നേറ്റു പോവാതെ ഗസലുകള്‍ കേള്‍ക്കുകയും പരിപാടിക്കു ശേഷം ഹൃദയപൂര്‍വം അഭിനന്ദിക്കുകയും ചെയ്ത ഏറ്റവും നല്ല ശ്രോതാക്കളെ കണ്ടത് ഹൈദരാബാദിലാണെന്ന് ഡോ. നളിനി പറയുന്നു. ലതാ മങ്കേഷ്‌കര്‍ പാടിയ 'ദര്‍ദ് സെ മേരാ ദാമന്‍ ഭര്‍ ദോ യാ അല്ലാ' എന്ന മനസ്സില്‍ തട്ടുന്ന ഗസല്‍ ഒരിക്കല്‍ പാടാനൊരുങ്ങിയപ്പോള്‍ കൂടെ തബല കൊട്ടുന്ന ഒരു മുസ്‌ലിം സഹോദരന്‍ ആ പാട്ടു പാടിയാല്‍ ജീവിതത്തില്‍ ദുഃഖമുണ്ടാവുമെന്ന വിശ്വാസത്താല്‍ അതു വേണ്ടെന്ന് സ്‌നേഹപൂര്‍വം വിലക്കിയത് അവര്‍ ഓര്‍ത്തെടുത്തു.
ഏറ്റവും നല്ല എഴുത്തുകാരിക്കുള്ള കഥാ അവാര്‍ഡ്, യുനൈറ്റഡ് റൈറ്റേഴ്‌സ് അസോസിയേഷന്റെ ഫെലോഷിപ്പ്, രാജ്യസ്‌നേഹികളായ ദമ്പതികള്‍ക്കുള്ള (Patriotic couple) ജ്വാലാ അവാര്‍ഡ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA) ആരോഗ്യ സാഹിത്യ അവാര്‍ഡ്, ശ്രേഷ്ഠ ഗായികക്കുള്ള പത്മശ്രീ സുകുമാരി കലാപ്രതിഭാ അവാര്‍ഡ്. മഹത്തായ ആതുര സേവനത്തിന് സ്‌മൈല്‍ പ്ലസ് ഗ്ലോബല്‍ ഗോള്‍ഡ് അവാര്‍ഡ്, കലാസാഹിത്യ സാംസ്‌കാരിക രംഗത്ത് അതുല്യ സേവനത്തിനായി വനിതാരത്‌നം അവാര്‍ഡ്, ഏറ്റവും നല്ല ലേഡി മെഡിക്കല്‍ ഓഫീസര്‍ എന്നതിനുള്ള K&K (കശ്മീര്‍ ടു കേരള) ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവയാണ് കിട്ടിയ ബഹുമതികളും പുരസ്‌കാരങ്ങളും. ഇതിനു പുറമെ ഇന്ത്യയുടെ നാനാഭാഗത്തുള്ള പല കലാസാംസ്‌കാരിക സാഹിത്യ സംഘടനകളും ഇവരെ ആദരിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഭര്‍ത്താവുമൊത്ത് മഹാരാഷ്ട്രയിലെ പൂനെയിലാണ് താമസിക്കുന്നത്. വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നതുകൊണ്ട് ഏഷ്യന്‍-അമേരിക്കന്‍ ഹൂ ഈസ് ഹൂ, റഫറന്‍സ് ഏഷ്യ-മെന്‍ ആന്റ് വിമന്‍ ഓഫ് അച്ചീവ്‌മെന്റ്, ഏഷ്യ-പസഫിക് ഹൂ ഈസ് ഹൂ, റഫറന്‍സ് ഇന്ത്യ, കേരള ഗ്രന്ഥകാര ഡയറക്ടറി തുടങ്ങിയ ജീവചരിത്ര പുസ്തകങ്ങളില്‍ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.