കുട്ടികളില്‍ ഇന്റര്‍നെറ്റ് ഉപയോഗം ഇന്ന് വര്‍ധിച്ച തോതിലാണ്. അതുകൊണ്ടുതന്നെ അവരുടെ വ്യക്തിപരവും സാമൂഹികവുമായ
കുട്ടികളില്‍ ഇന്റര്‍നെറ്റ് ഉപയോഗം ഇന്ന് വര്‍ധിച്ച തോതിലാണ്. അതുകൊണ്ടുതന്നെ അവരുടെ വ്യക്തിപരവും സാമൂഹികവുമായ ബന്ധങ്ങളെ ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇന്റര്‍നെറ്റില്‍ ഗെയിം കളിച്ചും ചാറ്റ് ചെയ്തും സെര്‍ച്ച് ചെയ്തും അവന്‍ അമൂല്യമായ സമയം വെറുതെ പാഴാക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും അഡിക്ഷനായി മാറുകയും ചികിത്സ തേടേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഇന്റര്‍നെറ്റ് കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.
കുട്ടികളിലെ ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെടുത്തി നടത്തിയ പഠനം പറയുന്നത് 13 വയസ്സിനും 19 വയസ്സിനും ഇടയിലുള്ള കൗമാരക്കാരാണ് ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗക്കാരെന്നാണ്. മനഃശാസ്ത്രജ്ഞന്മാര്‍ മാനസിക രോഗങ്ങളുടെ പട്ടികയില്‍ പുതിയ ഒരെണ്ണം കൂടി ചേര്‍ത്തിരിക്കുകയാണ്. 'ഇന്റര്‍നെറ്റ് ഗെയിമിംഗ് ഡിസോര്‍ഡര്‍' എന്നാണ് അതിന് നല്‍കിയിരിക്കുന്ന പേര്. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായി വര്‍ധിക്കുന്നു എന്ന് മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ തോന്നുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒട്ടേറെയുണ്ട്.
കുട്ടിയുടെ നിത്യേനയുള്ള ഇന്റര്‍നെറ്റ് ഉപയോഗം മുമ്പത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയണം. അത് ദിവസത്തില്‍ മൂന്നു മണിക്കൂറില്‍ കൂടുതലാണോ എന്നാണ് അറിയേണ്ടത്. കൂടാതെ ഇന്റര്‍നെറ്റുമായുള്ള ചങ്ങാത്തം കാരണം കുട്ടിയുടെ പഠനം, മാതാപിതാക്കളുമായോ കുടുംബാംഗങ്ങളുമായോ സഹപാഠികളുമായോ ഉള്ള ഇടപെടലുകളിലെ വ്യത്യാസം, ഭക്ഷണം, ഉറക്കം എന്നിവയിലെ താല്‍പര്യക്കുറവ് തുടങ്ങിയവയും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ കുട്ടി ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുമ്പോള്‍ കൂടുതല്‍ ഉദാസീനനായാണോ കാണപ്പെടുന്നത്, അല്ലെങ്കില്‍ കൂടുതല്‍ ക്ഷുഭിതനാകുന്നോ, അതുമല്ലെങ്കില്‍ ആ സമയത്ത് ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കണം.
കുട്ടി ഇന്റര്‍നെറ്റ് ഉപയോഗത്തെച്ചൊല്ലി മറ്റുള്ളവരുമായി കലഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതോടൊപ്പം പഠനം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിത്യജീവിതത്തിലെ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിനായി ഇന്റര്‍നെറ്റ് കൂടുതലായി പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. ഇത്തരം അസ്വാഭാവിക പ്രവണതകള്‍ കുട്ടികളില്‍ കാണപ്പെടുന്നുവെങ്കില്‍ മനഃശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത് കുട്ടിയില്‍ ഇന്റര്‍നെറ്റ് അടിമത്തം വളര്‍ന്നു വികസിച്ചിട്ടുണ്ട് എന്നാണ്.
പലപ്പോഴും കുട്ടിയുടെ ഇന്റര്‍നെറ്റ് അടിമത്തം മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ശ്രദ്ധയില്‍ പെടുന്നത് കുട്ടി പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍നിന്നും പിറകോട്ടു പോകുമ്പോഴായിരിക്കും. നന്നായി പഠിച്ചിരുന്ന കുട്ടിക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരിക, താല്‍പര്യം ഇല്ലാതാവുക, ഗൃഹപാഠം ചെയ്യാതെ ക്ലാസ്സില്‍ വരിക, ക്ലാസ്സിലെ ഹാജര്‍ കുറയുക, തനിച്ച് ഇരുന്ന് ദിവാസ്വപ്‌നം കാണുക, ഉറക്കം തൂങ്ങുക തുടങ്ങിയ ലക്ഷണങ്ങള്‍ ഇന്റര്‍നെറ്റ് അടിമത്തമുള്ള കുട്ടികളില്‍ പൊതുവെ കാണാവുന്നതാണ്. ഇത്തരം കുട്ടികള്‍ സഹപാഠികളുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ വിമുഖത കാട്ടും. അതുപോലെത്തന്നെ കുടുംബാംഗങ്ങളുമായും മാതാപിതാക്കളുമായും സംഭാഷണം, ആശയ വിനിമയം നടത്താന്‍ താല്‍പര്യപ്പെടാതിരിക്കും.
സദാസമയവും ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവിടാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇന്റര്‍നെറ്റ് അടിമത്തമുള്ള കുട്ടികള്‍. വീട്ടില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഇത്തരം കുട്ടികള്‍ വീട്ടില്‍നിന്ന് പണം വാങ്ങി അതു ലഭ്യമാക്കുകയും പണം കിട്ടാത്ത അവസരങ്ങളില്‍ മോഷണം പോലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയും ചെയ്യും. ഇന്റര്‍നെറ്റ് അടിമത്തമുള്ള കുട്ടികളില്‍ പൊതുവെ കണ്ടുവരുന്ന അസുഖങ്ങളാണ് സദാസമയവും ആവര്‍ത്തിച്ചനുഭവപ്പെടുന്ന തലവേദന, ഉറക്കമില്ലായ്മ, ക്ഷീണം, കണ്ണുകള്‍ക്ക് വേദന, കാഴ്ച കുറയല്‍, കഴുത്ത് വേദന, അമിതവണ്ണം തുടങ്ങിയവ.
കുട്ടികളിലെ ഇന്റര്‍നെറ്റ് അടിമത്തത്തെ മനഃശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത് ഒരുകൂട്ടം കാരണങ്ങളുടെ പ്രതിപ്രവര്‍ത്തനമാണെന്നാണ്. ഇത് മൂന്നായി തരംതിരിച്ചിട്ടുണ്ട്. വ്യക്തിത്വത്തിലെ സവിശേഷതകള്‍, മാനസിക ഘടകങ്ങള്‍, സാമൂഹിക ഘടകങ്ങള്‍ എന്നിങ്ങനെയാണ് അത്. വ്യക്തിത്വത്തിലെ സവിശേഷതകളെക്കുറിച്ച് പരിശോധിക്കുമ്പോള്‍ പ്രധാനമായും കൗമാരകാലത്തെയാണ് വിലയിരുത്തേണ്ടത്. തന്നെക്കുറിച്ചും തന്റെ ചുറ്റുപാടുകളെക്കുറിച്ചുമുള്ള സംശയങ്ങള്‍ ഈ കാലഘട്ടത്തില്‍ ഏറെയായിരിക്കും. ആശയ സംഘട്ടനങ്ങളാകും ഈ പ്രായത്തില്‍ മുന്നിട്ടുനില്‍ക്കുക. അതുകൊണ്ടുതന്നെ അവര്‍ എടുത്തുചാട്ടക്കാരും അന്വേഷണ കുതുകികളുമായിരിക്കും.
അന്തര്‍മുഖരായ കുട്ടികളിലാണ് ഇന്റര്‍നെറ്റ് അടിമത്തം കൂടുതലായി കാണപ്പെടുന്നതെന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. യഥാര്‍ഥ ജീവിതത്തില്‍ അസംഭവ്യമെന്ന് തോന്നുന്നതെല്ലാം ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കാമെന്നു കരുതുന്ന കുട്ടികള്‍ ആത്മവിശ്വാസക്കുറവുള്ളവരായിരിക്കും. കൂടാതെ സമൂഹവുമായി ഇടപഴകുന്നതില്‍ ഉത്കണ്ഠയുള്ള കുട്ടികള്‍, പഠന പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം പോകുന്ന കുട്ടികള്‍, ശാരീരിക-മാനസിക വൈകല്യമുള്ള കുട്ടികള്‍ ഇവരെല്ലാം തങ്ങളുടെ വൈകല്യം മറച്ചുവെക്കാന്‍ ഇന്റര്‍നെറ്റിനെ പ്രയോജനപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതുപോലെത്തന്നെ ഗെയിമിന് അടിമകളായ കുട്ടികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. 'ബ്ലൂ വെയില്‍' പോലുള്ള ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിം അടുത്തകാലത്ത് സമൂഹത്തില്‍ ചര്‍ച്ചയായിരുന്നു. ഒട്ടേറെ കുട്ടികളുടെ ജീവനെടുത്ത ഗെയിം ആയിരുന്നു ബ്ലൂ വെയില്‍. ഇതില്‍നിന്നും മനസ്സിലാകുന്നത് യഥാര്‍ഥ ജീവിതത്തില്‍ ലഭിക്കാത്ത അംഗീകാരം ഇതുപോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ നേടാന്‍ കഴിയുമെന്ന വ്യാമോഹമാണ് കുട്ടികളെ നയിക്കുന്നത് എന്നാണ്. ദിവസേന ആറു മണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ വിഷാദരോഗം, ഒബ്‌സസ്സീവ് കമ്പല്‍സീവ് സ്‌പെക്ട്രം ഡിസോര്‍ഡര്‍, അമിത ഉത്കണ്ഠ, അമിതദേഷ്യം, ആക്രമണസ്വഭാവം തുടങ്ങിയ മാനസിക അസ്വസ്ഥതകള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഇന്റര്‍നെറ്റ് ഗെയിമുകള്‍ കുട്ടികളില്‍ അമിതമായ തോതില്‍ അക്രമവാസനയും എടുത്തുചാട്ടവും ആത്മഹത്യാ പ്രവണതയും ഉളവാക്കും. തലച്ചോറിലെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ മാറ്റം ഉളവാക്കാന്‍ ഇത് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കമ്പ്യൂട്ടര്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയും കുട്ടികള്‍ നടത്തുന്ന അമിത ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഒരു കാരണം കുടുംബ മാനുഷിക ബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയാണ്. മാതാപിതാക്കളും കുട്ടികളും, അധ്യാപകരും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ആശയ വിനിമയം സാധ്യമാകാത്തതാണ് ഒരു കാരണം. കുട്ടികളുടെ മാനസിക, ശാരീരിക, ബൗദ്ധിക പ്രശ്‌നങ്ങള്‍ തിരിച്ചറിയാനോ പരിഹാരം കാണാനോ സാധിക്കാതിരിക്കുകയും കുട്ടികളുടെ ദൗര്‍ബല്യങ്ങളെ പെരുപ്പിച്ചുകാട്ടുകയും ചെയ്യുന്നതോടൊപ്പം അവരെ നിരന്തരം കുറ്റപ്പെടുത്തുക കൂടി ചെയ്യുമ്പോള്‍ അവര്‍ മനഃസംതൃപ്തി ലഭിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറും.
വീട്ടില്‍നിന്നും സ്‌കൂളില്‍നിന്നും തനിക്ക് ലഭിക്കാത്ത മാനസിക പിന്തുണ ലഭ്യമാക്കാനായി അവര്‍ ചെന്നെത്തുന്നത് ഇന്റര്‍നെറ്റ് അടക്കമുള്ള ചതിക്കുഴികളിലായിരിക്കും. ഇന്റര്‍നെറ്റ് അടിമത്തമുള്ള കുട്ടികള്‍ക്ക് മനഃശാസ്ത്ര ചികിത്സ ലഭ്യമാക്കാന്‍. കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയാണ് ഫലപ്രദം. കൂടാതെ മറ്റു മനഃശാസ്ത്ര ചികിത്സകളും ലഭ്യമാക്കാവുന്നതാണ്.