ഒരു ദിവസം രാത്രിയാണ് ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ക്ക് സംഘ് പരിവാറുകാര്‍ ട്രെയ്‌നില്‍ തല്ലിക്കൊന്ന ജുനൈദിന്റെ വീടിനടുത്തു നിന്ന് ഒരു ഫോണ്‍ വരുന്നത്. കൊല്ലപ്പെട്ട ശേഷം പുനരധിവാസവും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ജുനൈദിന്റെ
ഒരു ദിവസം രാത്രിയാണ് ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ക്ക് സംഘ് പരിവാറുകാര്‍ ട്രെയ്‌നില്‍ തല്ലിക്കൊന്ന ജുനൈദിന്റെ വീടിനടുത്തു നിന്ന് ഒരു ഫോണ്‍ വരുന്നത്. കൊല്ലപ്പെട്ട ശേഷം പുനരധിവാസവും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ജുനൈദിന്റെ വീട് നിരന്തരം സന്ദര്‍ശിച്ച പരിചയത്തിലാണ് അവരുടെ വീടിനടുത്തുള്ള കടക്കാരന്‍ വിളിക്കുന്നത്. രാത്രി ഏറെ വൈകി കടയടച്ചുപോകാനായ നേരത്താണ് വലിയൊരു സംഘം ജുനൈദിന്റെ വീട്ടിലെത്തിയിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചത്.
ഗ്രാമത്തിലെ തലയെടുപ്പുള്ള മുസ്‌ലിം നേതാക്കളെയും മൗലാനമാരെയും കൂട്ടിയാണ് ആ രാത്രി സമയത്ത് സംഘ് പരിവാറുകാര്‍ വന്നിരിക്കുന്നത്. ജുനൈദിന്റെ ഉമ്മ സൈറയെ സമ്മര്‍ദത്തിലാക്കി കേസ് തുമ്പില്ലാതാക്കാനാണ് അവര്‍ വന്നിരിക്കുന്നത്. കേസിലെ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമം കുറ്റകരമായതിനാലും കോടതിയില്‍ അത് തിരിച്ചടിയാകുമെന്നതിനാലുമായിരിക്കും വേര്‍പെട്ടുപോയ മകന്റെ വേദന നെഞ്ചില്‍ നിന്നിറങ്ങിയിട്ടില്ലാത്ത ആ ഉമ്മയുടെ ഉറക്കം കെടുത്താനായി രാത്രി തന്നെ അവര്‍ വന്നത്. വന്‍ തുകയും വലിയൊരു ഭാഗം ഭൂമിയും കൊടുക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേസില്‍നിന്ന് പിന്മാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് മധ്യവര്‍ത്തികളായിട്ടാണ് നാട്ടിലെ മൗലാനമാരെയും കൂടെ കൂട്ടിയിരിക്കുന്നത്. അവര്‍ വീട്ടിലിരുന്ന് ചര്‍ച്ച നടത്തുന്നതു കണ്ടാണ് കടക്കാരന്‍ വിളിച്ചിരിക്കുന്നത്. ജുനൈദിന്റെ ഉമ്മയെ പ്രലോഭിപ്പിച്ചോ ഭയപ്പെടുത്തിയോ കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമമാണെന്നും ബന്ധപ്പെട്ടവരെ ഉടന്‍ വിവരമറിയിച്ച് വേണ്ടത് ചെയ്യണമെന്നും ആ കടക്കാരന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു. വിളിച്ചുപറയുന്നത് ആരെങ്കിലും കാണുമോ, കേള്‍ക്കുമോ എന്ന ഭീതി അയാളുടെ സംസാരത്തിലുണ്ടായിരുന്നു.
സൈറയുടെ ഗതിയാണ് ഇരകളുടെ മാതാക്കള്‍ക്ക്
ജുനൈദ് വധത്തിലിടപെട്ടവരെ ജാമിഅയിലെ ഈ വിദ്യാര്‍ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ ബന്ധപ്പെട്ടവര്‍ മേവാത്തിലേക്ക് തിരിച്ചു. ഇവര്‍ അവിടെയെത്തുമ്പോള്‍ മധ്യസ്ഥ ചര്‍ച്ച മൂര്‍ധന്യത്തിലാണ്. ''മകനെ ഏതായാലും നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട മകനു വേണ്ടി കേസുകെട്ടുകളുമായി നടന്നാല്‍ ലക്ഷങ്ങള്‍ ഇനിയും നിങ്ങള്‍ക്ക് ചെലവ് വരും. ഏറെ കാലം അതിന്റെ പിന്നാലെ നടക്കേണ്ടി വരുകയും ചെയ്യും. എന്നാല്‍ പോലും നിങ്ങള്‍ക്ക് നീതി കിട്ടാന്‍ പോകുന്നില്ല. ഇപ്പോള്‍ പോലീസ് പിടികൂടിയ പ്രതികളെല്ലാം കുറ്റവിമുക്തരായി കോടതികളില്‍നിന്ന് ഇറങ്ങിവരുന്നത് നിങ്ങള്‍ക്ക് കാണേണ്ടി വരും. ജുനൈദിനെ കൊന്നവര്‍ക്കെതിരെ നിങ്ങള്‍ നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞ് കേസ് പിന്‍വലിക്കുകയാണ് അതിനേക്കാള്‍ നിങ്ങള്‍ക്ക് നല്ലത്. മകനെ കൊന്നതിന് ഇപ്പോള്‍ കിട്ടാവുന്നതില്‍ വെച്ചേറ്റവും വലിയ തുകയും കൂടുതല്‍ ഭൂമിയും ഇവരില്‍നിന്ന് വാങ്ങിവെക്കുക. അത് മകന്‍ പോയതിലുടെ നിങ്ങള്‍ക്ക് കിട്ടിയ ഖൈറായി നിങ്ങള്‍ കരുതിയാല്‍ മതി.'' പ്രലോഭനങ്ങള്‍ നല്‍കി മധ്യസ്ഥത്തിന് കൂടെ വന്ന 'സ്വന്തക്കാര്‍' ആ ഉമ്മയെ വശംവദയാക്കാനുള്ള കഠിന പരിശ്രമത്തിലാണ്. മകന്‍ മരിച്ചപ്പോള്‍ ഒഴുക്കിയ കണ്ണീരിന്റെ നനവ് കവിള്‍ത്തടത്തില്‍ മായും മുമ്പ് സൈറയുടെ കണ്ണുകള്‍ വീണ്ടും നനയുകയാണ്. ദല്‍ഹിക്കും പന്‍വലിനുമിടയില്‍ അന്ന് ട്രെയ്‌നില്‍ ഓേരാ അടിയേല്‍ക്കുമ്പോഴും അവിടെ നിന്ന് ജീവനോടെ എടുത്തെറിഞ്ഞപ്പോഴും അതിനു ശേഷം അവസാന നാഡിമിടിപ്പും നിലക്കുന്നതു വരെ തല്ലിക്കൊല്ലുേമ്പാഴും തന്നെ വിളിച്ചുകരഞ്ഞ ജുനൈദിന്റെ നിലവിളി ആ രാത്രി വീണ്ടും ആ ഉമ്മയുടെ കാതുകളില്‍ വന്നലക്കുകയാണ്. ഈ വെച്ചുനീട്ടുന്നത് വാങ്ങി ആ കരച്ചില്‍ എന്നന്നേക്കുമായി മറന്നേക്കൂ എന്നല്ല, ഇതുവരെ കരയേണ്ടിവന്നതിന് പണവും പറമ്പും വാങ്ങി അത് ഖൈറായി കരുതിയേക്കൂ എന്നാണ് പാതിരാത്രിയുടെ മറവില്‍ വന്നവര്‍ പറഞ്ഞിരിക്കുന്നത്. ചുറ്റുപാടുകള്‍ തീര്‍ത്ത സമ്മര്‍ദത്തില്‍ ആ നെഞ്ചിലെ തീ ആളുകയാണ്.
ചെകുത്താനും കടലിനുമിടയില്‍പെട്ട ആ ഉമ്മയുടെ വായില്‍നിന്ന് അവസാന വാക്ക് വീഴുന്നത് ആകാംക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കി. ദല്‍ഹിയില്‍നിന്ന് പോയവര്‍ ഇത്തരമൊരു മധ്യസ്ഥം സ്വീകാര്യമല്ലെന്ന് തീര്‍ത്തു പറഞ്ഞു. കേരള മുഖ്യമന്ത്രി ജുനൈദിന്റെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കിയതും ഉപജീവനമാര്‍ഗത്തിന് വാഹനമൊരുക്കിയതുമൊന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ആയിരുന്നില്ലെന്ന് കയറിച്ചെന്നവര്‍ ഓര്‍മിപ്പിച്ചതോടെ മധ്യസ്ഥത്തിന് വന്ന മുസ്‌ലിം നേതാക്കളും പ്രാദേശിക മൗലാനമാരും നിശ്ശബ്ദരായി. അങ്ങനെ ആ ഒത്തുതീര്‍പ്പു നാടകത്തിന് ആ രാത്രി താല്‍ക്കാലികമായി തിരശ്ശീല വീണു.
മേവാത്തില്‍നിന്ന് ദല്‍ഹിയില്‍ വന്ന ദിവസം ഇതേക്കുറിച്ച് സൈറ സംസാരിച്ചു: ''രണ്ട് കോടി രൂപ വാങ്ങിവെക്കാനാണ് അവര്‍ എന്നോട് പറഞ്ഞത്. ഇതിനു പുറമെ മൂന്ന് ഏക്കര്‍ ഭൂമിയും നല്‍കാമെന്ന് പറഞ്ഞു. ഇനി നിങ്ങള്‍ പറയൂ, രണ്ടോ മൂന്നോ കോടിയോ 100 കോടി രൂപ തന്നെയുമോ നല്‍കിയാല്‍, മൂന്ന് അല്ലെങ്കില്‍ 10 ഏക്കര്‍ ഭൂമി തന്നെ തന്നാല്‍ നിങ്ങള്‍ക്ക് അത് സ്വീകാര്യമാകുമോ? ഒരു ഉമ്മക്ക് മകനെ പോലൊന്ന് ദുന്‍യാവില്‍ മറ്റെന്താണുള്ളത്? എന്റെ കണ്ണിലെ കുളിര്‍മ നമസ്‌കാരമാണെങ്കില്‍ ഒരു മാതാവിന്റെ കണ്ണിലെ കുളിര്‍മ സന്താനങ്ങളാണെന്ന് അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ നീതിയാണ് ചോദിക്കുന്നത്. എന്നാല്‍ അവര്‍ വീട്ടില്‍ വന്ന് മധ്യസ്ഥത്തിനായി പല തരത്തിലുള്ള യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വീട്ടില്‍ വന്ന് പിടിച്ചെഴുന്നേല്‍പിച്ച് ഒത്തുതീര്‍പ്പു യോഗത്തിന് പോകാന്‍ നിര്‍ബന്ധിക്കുകയാണ്. ഞങ്ങള്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നും നീതി മതിയെന്നും ഒരിക്കല്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെയും പിന്നെയും ഇവര്‍ വന്ന് യോഗത്തിന് വിളിക്കുന്നതെന്തിനാണ്? യോഗത്തിന് വന്ന് തങ്ങളെന്തു ചെയ്യണമെന്നാണ് ഇവര്‍ പറയുന്നത്?''
എന്നാല്‍ സൈറയെ വേട്ടയാടിയവര്‍ അവരുടെ നീക്കം അവിടം കൊണ്ട് അവസാനിപ്പിച്ചില്ല. സൈറ മൊഴിമാറ്റിയില്ലെങ്കിലെന്ത്, ആ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് നടത്തുന്ന സര്‍ക്കാര്‍ അഭിഭാഷകനായ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ നവീന്‍ കൗഷികിനെ അവര്‍ വരുതിയിലാക്കി. ജുനൈദിനെ തല്ലിക്കൊന്നവരില്‍ ഒാേരാരുത്തരെ ഹാജരാക്കിക്കൊണ്ടിരിക്കുേമ്പാഴും അവര്‍ക്കെതിരായ മൊഴിയും തെളിവും നിരത്താന്‍ നിയുക്തനായ നവീന്‍ കൗഷിക് നേര്‍വിപരീതമായി സൈറയെയും കുടുംബത്തെയും അതില്‍നിന്ന് പിന്തിരിപ്പിക്കാനും കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാനുമാണ് നോക്കിയത്. പ്രതികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ഒരു പതിനഞ്ചുകാരനെ തല്ലിക്കൊന്നവരെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നതു കണ്ട് ഫരീദാബാദ് കോടതിയിലെ ജഡ്ജി പോലും അമ്പരന്നു. ക്രോസ് വിസ്താരം ചെയ്യുന്ന സമയത്ത് മുഖ്യപ്രതി നരേഷ് കുമാറിനെ സഹായിക്കുന്നത് നേര്‍ക്കുനേര്‍ ബോധ്യപ്പെട്ട ജഡ്ജി വൈ.എസ് റാഥോഡ് നവീന്‍ കൗഷികിനെതിരെ നടപടിക്ക് ഉത്തരവിട്ടു. ഹരിയാന സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറല്‍ ഓഫീസിലിരിക്കുന്ന ഒരാളുടെ പദവിക്കും അഭിഭാഷകവൃത്തിയുടെ അന്തസ്സിനും നിരക്കുന്നതല്ല ഇയാളുടെ പെരുമാറ്റമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഈ അഭിഭാഷകന്റെ സ്വഭാവദൂഷ്യം ഗൗരവത്തിലെടുക്കണമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിക്കും ബാര്‍ അസോസിയേഷനും ജഡ്ജി റാഥോഡ് കത്തെഴുതുകയും ചെയ്തു.
ആധിക്കിടയിലെ ആക്രമണങ്ങള്‍
സംഘ് പരിവാര്‍ വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് ദുരൂഹമായി കാണാതായ നജീബിന്റെ മാതാവ് ഫാത്വിമ നഫീസിന്റെ ദുരിതവും ആ തിരോധാനത്തോടെ ഒടുങ്ങുകയായിരുന്നില്ല. അവിടെ നിന്ന് തുടങ്ങുകയായിരുന്നു. നജീബിന്റെ പിതാവ് രോഗശയ്യയിലായിരുന്നതിനാല്‍ മകനെ തിരയാനും നീതി തേടി കോടതി കയറിയിറങ്ങാനും വീടു വിട്ടിറങ്ങേണ്ടിവന്നു ഫാത്വിമ നഫീസിന്.
ഭൗതിക വിദ്യാഭ്യാസത്തില്‍ മാത്രമായിരുന്നില്ല, മതവിദ്യാഭ്യാസത്തിലും അങ്ങേയറ്റം മിടുക്കുതെളിയിച്ച മോനായിരുന്നു നജീബ്. ഖുര്‍ആന്‍ മനഃപാഠമാക്കി നന്നായി പാരായണം ചെയ്യാന്‍ കഴിയുമായിരുന്നു. അവന്റെ വിശ്വാസത്തിന്റെ കണ്‍കുളിര്‍മയിലായിരുന്നു ഈ ഉമ്മ. ഇമ്പമാര്‍ന്ന ഖുര്‍ആന്‍ പാരായണവും ജമാഅത്ത് ഒഴിവാക്കാത്ത നമസ്‌കാരങ്ങളുമായി നോമ്പുകാലത്തെ രാപ്പകലുകളില്‍ വീട്ടിലേക്ക് റഹ്മത്തിന്റെ മലക്കുകളെ കൊണ്ടുവന്നിരുന്നത് ഈ മോനായിരുന്നു. ഉമ്മയോടുള്ള ഗാഢമായ ബന്ധത്തില്‍ നജീബ് തന്നെയായിരുന്നു മക്കളിലേറ്റവും മുമ്പന്‍. ജീവിതത്തില്‍ എന്ത് സന്തോഷവും സങ്കടവുമുണ്ടെങ്കിലും ഉമ്മയോട് വന്നിട്ടാണ് അവന്‍ പങ്കുവെക്കാറ്. കൂട്ടുകാരുമായിട്ടായിരുന്നില്ല. ഭക്ഷണപ്രിയനായിരുന്നു അവന്‍. ഉമ്മാ എനിക്കത് വേണം, ഉമ്മാ എനിക്കിത് വേണമെന്ന് നജീബ് പറയുമ്പോഴൊെക്കയും അതൊക്കെയുമുണ്ടാക്കി കൊടുത്താണ് സദ്‌സ്വഭാവിയായ മകനോടുള്ള സ്‌നേഹവും വാത്സല്യവും ഈ ഉമ്മ തിരിച്ചു പ്രകടിപ്പിച്ചുകൊടുത്തത്. താനുണ്ടാക്കുന്നത് വയറ് നിറച്ചു കഴിക്കുന്നത് നോക്കി നിര്‍വൃതിയടഞ്ഞ ആ നാളുകള്‍ വീണ്ടും വീണ്ടും അവരെ കരയിച്ചുകൊണ്ടിരുന്നു.
സ്വന്തം മകന്‍ കാണാമറയത്തെങ്ങാനും ജീവിച്ചിരിപ്പുണ്ടോ, അതോ മരിച്ചുപോയോ എന്നറിയാതെ മനസ്സില്‍ ആധിയുമായി കഴിയുേമ്പാഴാണ് ആ മകന്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പോയതാണെന്ന കഥ മെനയാനായി പോലീസ് ഫാത്വിമ നഫീസിന്റെ ബദായുനിലെ വീട്ടില്‍ കയറിച്ചെന്നത്.
ഭീകരമുദ്ര ചാര്‍ത്തിയും വേട്ട
മകന്‍ അവസാനം കണ്ടത് ഐ.എസ് വീഡിയോകളാണെന്നും അതിനാല്‍ ഐ.എസിലേക്ക് പോയതായിരിക്കാമെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചായിരുന്നു ഫാത്വിമ നഫീസിനും കുടുംബാംഗങ്ങള്‍ക്കും നേരെയുള്ള വേട്ടയാടല്‍. ടൈംസ് ഓഫ് ഇന്ത്യയും സീ ന്യൂസുമാണ് ഈ ദുഷ്പ്രചാരണം കൊണ്ടുപിടിച്ച് നടത്തിയത്. ദല്‍ഹി പോലീസ് ഈതരത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അവര്‍ വാര്‍ത്ത കൊടുത്തു. ബദായുനിലെത്തിയ ദല്‍ഹി പോലീസ് റെയ്ഡിനാണെന്നു പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉമ്മ ഫാത്വിമ നഫീസിനെയും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെയും പിടിച്ച് പുറത്തിട്ടു. ലാപ്‌ടോപും നജീബിന്റെ രേഖകളുമെല്ലാം വാരിവലിച്ചുകൊണ്ടുപോയി.
ജീവനോടെയോ അല്ലാതെയോ സ്വന്തം മകനെ ഒരു നോക്കുകാണാന്‍ കഴിയാത്ത ദുര്‍ഘട സന്ധിയിലുള്ള ആ മാതാവിന് പോലീസ് അവനില്‍ കെട്ടിയേല്‍പിക്കുന്ന ഭീകരവാദി മുദ്ര എടുത്തുമാറ്റേണ്ട പണി കൂടി കിട്ടി.
നജീബിനെ തിരിച്ചുകിട്ടാനായി കോടതി കയറിയിറങ്ങേണ്ടി വന്ന ഫാത്വിമ നഫീസിന് തന്റെ മകനെതിരെ മാധ്യമങ്ങള്‍ ചാര്‍ത്തിയ തീവ്രവാദ മുദ്ര നീക്കിക്കിട്ടാന്‍ മറ്റൊരു കേസുമായി ദല്‍ഹി ഹൈക്കോടതി കയറിയിറേങ്ങണ്ടി വന്നത് അങ്ങനെയാണ്. ആ കേസില്‍ ഒടുവില്‍ കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടാം വാരം വിധി വന്നു. നജീബിനെതിരെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് തെറ്റാണെന്ന് വിധിച്ച ദല്‍ഹി ഹൈക്കോടതി ആ പ്രചാരണമേറ്റെടുത്ത രണ്ട് മാധ്യമങ്ങള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനവും നടത്തി. ടൈംസ് ഓഫ് ഇന്ത്യയും സീ ന്യൂസും അപകീര്‍ത്തികരമായ ആ വാര്‍ത്ത പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ ആ വിധി നടപ്പാക്കാന്‍ തയാറാകാത്ത രണ്ട് മാധ്യമങ്ങള്‍ക്കുമെതിരെ വീണ്ടും കോടതിയെ സമീപിക്കേണ്ട ഗതികേടിലാണവര്‍.
മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം സംഘ് പരിവാര്‍ ആദ്യമായി കോളിളക്കം സൃഷ്ടിച്ച ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ദാദ്രിയിലെ അഖ്‌ലാഖിന്റെ മകള്‍ ശായിസ്തക്ക് പറയാനുള്ളത് പിതാവിന്റെ മരണശേഷം തങ്ങളെ വേട്ടയാടുന്ന കൊലപാതകികളെ കുറിച്ചാണ്. നിരന്തരം തുടര്‍ന്ന വേട്ടക്കൊടുവില്‍ ദാദ്രിയിലെ വീടുവിട്ടിറങ്ങിപ്പോരേണ്ടിവന്ന കഥയാണ്. തന്നെ പോലെ ഒരു മകള്‍ക്കും തന്റെ പിതാവിനെ കുറിച്ചുള്ള പേക്കിനാവ് കാണാനുള്ള വിധി വരാതിരിക്കട്ടെ എന്ന് പറഞ്ഞ് അവര്‍ കണ്ണു തുടക്കുന്നു. പിതാവിനെ കൊല ചെയ്ത് ജീവിതം തകര്‍ത്തെറിഞ്ഞ അയല്‍പക്കത്ത് തന്നെയുള്ള ആ മനുഷ്യര്‍ക്ക് ശിക്ഷ ലഭിച്ചെങ്കിലല്ലേ പിതാവിന് നീതി ലഭിക്കൂ എന്ന് ശായിസ്ത ചോദിക്കുന്നു. വര്‍ഗീയ കലാപങ്ങളിലെന്ന പോലെ തന്നെ സംഘ് പരിവാറിന്റെ ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും അവസാനത്തെ ഇര സ്ത്രീയാണ്. മരിച്ചുപോകുന്ന മനുഷ്യരില്‍ തീര്‍ന്നുപോവുകയല്ല, അവിടെ തുടങ്ങുകയാണ് ആ വീടകങ്ങളിലെ സ്ത്രീകളുടെ ദുരിതപര്‍വം.