കണ്ണീരിന്‍ മഴയത്ത്

ലത്തീഫ് പറമ്പില്‍
ഡിസംബര്‍ 2018

മഴക്കാലമായാല്‍ പൂനൂര്‍പ്പുഴ കരകവിഞ്ഞൊഴുകും. അതിന്റെ കൈവഴിയായ, വീടിനടുത്തുകൂടി ഒഴുകുന്ന പൂളക്കടവ് പുഴയും കൂലംകുത്തിയൊഴുകുന്നുണ്ടാവും. പുഴയുടെ ഇക്കരെയാണ് ഞങ്ങളുടെ ഗ്രാമം. പുഴയില്‍ വെള്ളം കയറിയാല്‍ പിന്നെ നല്ല രസമാണ്; സ്‌കൂളില്‍ പോവണ്ട. കടല്‍പോലെ പരന്നുകിടക്കുന്ന അബ്ദുക്കാന്റെ വളപ്പില്‍ തിരപ്പമുണ്ടാക്കി തുഴഞ്ഞുപോവാം. കൂട്ടിന് തോണിയന്‍ ചുവട്ടിലെ അശ്‌റഫും ചാലില്‍ സുകുമാരനും സിബി തോമസുമൊക്കെയുണ്ടാവും. അവരും ബാബുവുമൊക്കെ തിരപ്പമുണ്ടാക്കുന്നതില്‍ വിദഗ്ധരാണ്. തോണിയന്‍ ചോട്ടിലാണ് ഞങ്ങളുടെ സങ്കേതം. പാലം വരുന്നതിനു മുമ്പ് തോണി കരയ്ക്കടുപ്പിച്ചിരുന്നത് ഇവിടെയായതിനാലാണത്രെ ഈ വീടിന് അങ്ങനെ പേരുവന്നത്.
കര്‍ക്കിടകം വറുതിയുടെയും കാലമായിരുന്നു. ചക്കപ്പുഴുക്കും ചക്കക്കുരുവിന്റെ കറിയുമാണ് മിക്ക വീടുകളിലെയും വിഭവങ്ങള്‍. വല്ലപ്പോഴും കുറിയ കഞ്ഞിയും കാണാം. ഞങ്ങള്‍ കുട്ടികള്‍ക്ക് പ്ലാവില കോട്ടിയുണ്ടാക്കിയ കുമ്പിളിലാണ് കഞ്ഞി. തുള്ളിക്കൊരുകുടം പെയ്തുതോരാത്ത മഴയത്ത് തിരപ്പത്തിലേറിയുള്ള ആ യാത്രയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഉള്‍പുളകമാണ്. കര്‍ക്കിടകം ഒരുപാട് പെയ്‌തൊഴിഞ്ഞു. പണ്ടത്തെപ്പോലെ തിരപ്പവും വെള്ളപ്പൊക്കവും ഒന്നുമില്ലെങ്കിലും ഇന്നും കര്‍ക്കിടകമഴ എനിക്ക് നടുക്കുന്ന ഒരോര്‍മയാണ്.
പുഴ കലങ്ങി മറിയുമ്പോഴും ചുറ്റുമുള്ള കവുങ്ങിന്‍തോപ്പുകളിലും പാടത്തും വെള്ളം കയറുമ്പോഴും ബാല്യത്തിലെ ആ ഓര്‍മ ചെന്നെത്തുന്നത് എന്റെ വല്യത്തായിലാണ്. ഒരു വെള്ളപ്പൊക്കത്തില്‍ പൂളക്കടവ് പുഴ കൂലംകുത്തിയൊഴുകുമ്പോഴാണത്രെ പുഴക്കക്കരെയുള്ള സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എന്റെ മൂത്ത പെങ്ങള്‍, ഞങ്ങള്‍ വല്യത്താ എന്നു വിളിക്കുന്ന ആമിനത്താത്ത തോണി മറിഞ്ഞ് പേടിച്ചു പോയത്. ഞാനന്ന് ജനിച്ചിട്ടില്ല. കുട്ടിയായിരിക്കുമ്പോള്‍ തന്നെ വീട്ടിലെ മുതിര്‍ന്നവരാരോ പറഞ്ഞുതന്ന ഓര്‍മയാണ്. അന്ന് പാലമൊന്നും വന്നിട്ടില്ല. അക്കരെയെത്താന്‍ തോണിതന്നെ ശരണം. വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്കുള്ള മടക്കത്തിലാണ് അത് സംഭവിച്ചത്. ഭാഗ്യത്തിന് എല്ലാവരും ഒരുവിധം നീന്തി രക്ഷപ്പെട്ടത്രെ. മരണം മുമ്പില്‍ കണ്ട വെപ്രാളത്തില്‍ പേടിച്ചുപോയ പെങ്ങള്‍ക്ക് പിന്നീട് മനസ്സിന്റെ സമനില തെറ്റുകയായിരുന്നു. ഭ്രാന്തിയെന്ന് എല്ലാവരും മുദ്രകുത്തിയ പെങ്ങളെ കണ്ട ഓര്‍മ ഇന്നും എനിക്ക് നല്ല പോലെയുണ്ട്. എന്നോട് അവര്‍ക്ക് എന്തെന്നില്ലാത്ത ഇഷ്ടമായിരുന്നുവെന്നും അറിയാം. എന്നെ എടുത്ത് തോളിലിട്ട് കൊണ്ടു നടന്നത് ഇന്നലെ കഴിഞ്ഞപോലെയുണ്ട്. വല്യത്താക്ക് പാട്ട് വളരെ ഇഷ്ടമായിരുന്നു. നല്ല ഈണത്തില്‍ പാടും.
'കാണാന്‍ നല്ല കിനാവുകള്‍ കൊണ്ടൊരു
കണ്ണാടിമാളിക തീര്‍ത്തു ഞാന്‍
മുറ്റം നിറയെ മുറ്റം നിറയെ
മുന്തിരിവള്ളി പടര്‍ത്തീ ഞാന്‍...'
എന്ന് അവര്‍ മധുരമായി പാടിയ പാട്ട് വര്‍ഷം മുപ്പത് കഴിഞ്ഞിട്ടും ഇന്നും എന്റെ കാതുകളില്‍ തങ്ങി നില്‍ക്കുന്നു. 
'കണ്ണീരിന്‍ മഴയത്തും
നെടുവീര്‍പ്പിന്‍ കാറ്റത്തും
കരളേ ഞാന്‍ നിന്നെയും കാത്തിരിക്കും
ഖബറിന്നടിയിലും കാത്തിരിക്കും
ഞാന്‍ കാത്തിരിക്കും....' തുടങ്ങിയ പാട്ടുകളും ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് പെങ്ങളുടെ ചുണ്ടില്‍നിന്നാണ്. 
ദേഹോപദ്രവം ഏല്‍പ്പിക്കുമെന്ന് ഭയന്നാവണം മിക്കപ്പോഴും അവരെ പടിഞ്ഞാറുഭാഗത്തുള്ള ഒരു മുറിയില്‍ അടച്ചിടുമായിരുന്നു. അത്യാവശ്യത്തിനു മാത്രം പുറത്തുവിടും. ഭക്ഷണമൊക്കെ അവിടെ മുറിയില്‍ എത്തിച്ചുകൊടുക്കും. ഒരു ദിവസം അവര്‍ക്ക് ഭക്ഷണവുമായി ചെന്ന ആമയെ (മൂന്നാമത്തെ പെങ്ങളെ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു) ഉപദ്രവിക്കുകയും ഭക്ഷണപാത്രങ്ങള്‍ എറിഞ്ഞുടക്കുകയും ചെയ്ത ഒരോര്‍മ എനിക്കുണ്ട്. തുറന്നുവിടാന്‍ പറഞ്ഞിട്ട് കൂട്ടാക്കാത്തതിനാലായിരുന്നു അത്. പെങ്ങള്‍ക്ക് ഭ്രാന്തുണ്ടെന്ന് വിശ്വസിക്കാന്‍ എന്തോ ഇന്നും എനിക്കാവുന്നില്ല. ഒരുപക്ഷേ, ഞാന്‍ നന്നേ ചെറിയ കുട്ടിയായിരുന്നതിനാലാവും എന്നെ ഉപദ്രവിക്കുകയൊന്നും ചെയ്യാതിരുന്നത്.
ഒരു ദിവസം വൈകുന്നേരം വീട്ടില്‍ എല്ലാവരും എന്തോ അടക്കം പറയുന്നതു കേട്ടു. ഉപ്പയെ വിളിക്കാന്‍ ആരോ ബജാറിലേക്കു പോയി. ഉപ്പ വന്നു. പിന്നാലെ പലരും. വീടിനടുത്തുള്ളവരും ബന്ധത്തില്‍പെട്ടവരും.
പിറ്റേന്ന് രാവിലെ ആരൊക്കെയോ ചുമന്നു കൊണ്ടുവന്ന മയ്യിത്ത് കട്ടില്‍ മുറ്റത്ത്. വല്യത്താ മരിച്ചെന്ന് കുഞ്ഞുപെങ്ങളാണ് പറഞ്ഞത്.
''ഇത്താത്ത സ്വര്‍ഗത്തിലേക്കാ പോയത്...?''
ഞാന്‍ ചോദിച്ചു.
''ആവണേന്ന് നമുക്ക് പ്രാര്‍ഥിക്കാം.''
അവള്‍ എന്നെ സമാധാനിപ്പിച്ചു. വല്യത്തായെ ഇനി കാണാന്‍ കഴിയില്ല എന്നോര്‍ത്ത് എനിക്ക് സങ്കടം വന്നു.
''നിനക്ക് വല്യത്തായെ കാണേണ്ടേ....''
കുഞ്ഞു പെങ്ങള്‍ ചോദിച്ചു. അവള്‍ എന്റെ കൈപിടിച്ച് പടിഞ്ഞാറെ മൂലയിലേക്ക് കൊണ്ടുപോയി. കട്ടിലില്‍ വെള്ളപുതച്ച് സ്വസ്ഥമായി ഉറങ്ങുകയാണ് അവര്‍. ഒറ്റ നോട്ടം മാത്രം നോക്കി ഞാന്‍ മുറിയില്‍നിന്ന് മാറി. ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്റെയും മണം. ആകെ മൂടിക്കെട്ടിയ അന്തരീക്ഷം. എനിക്ക് പേടിയാണ് തോന്നിയത്.
എല്ലാവരും എന്റെ വല്യത്തായെ മയ്യിത്ത് കട്ടിലില്‍ എടുത്തു കിടത്തി പറമ്പില്‍ പള്ളിയിലേക്ക് ഖബ്‌റടക്കാന്‍ കൊണ്ടുപോയി. ആ രംഗം നോക്കി നിന്ന എന്റെയും കുഞ്ഞുപെങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞു.
'കണ്ണീരിന്‍ മഴയത്തും നെടുവീര്‍പ്പിന്‍ കാറ്റത്തും
കരളേ ഞാന്‍ നിന്നെയും കാത്തിരിക്കും
ഖബറിനടിയിലും കാത്തിരിക്കും...'
വല്യത്ത ഈണത്തില്‍ പാടിയ വരികള്‍ ഇപ്പോഴും മഴയുടെ നേര്‍ത്ത അകമ്പടിയോടെ കാതില്‍ മുഴങ്ങുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media