ക്ലാസിഫൈഡ് പരസ്യങ്ങള്‍
പെണ്ണന്വേഷിക്കുന്നവര്‍ അതിനായി കാത്തിരിക്കുന്ന കവലയാണ് വിവാഹപരസ്യങ്ങള്‍. തൊഴിലന്വേഷിക്കുന്നവരും തൊഴില്‍ ദാതാക്കളും അങ്ങനെത്തന്നെയാണ്. അവരും ക്ലാസിഫൈഡ് പരസ്യം കൊടുത്ത് കാത്തിരിക്കും. അതുകൊണ്ട്, പരസ്യം നോക്കിയാല്‍ കാര്യമുണ്ട്.
പെണ്ണന്വേഷിക്കുന്നവര്‍ അതിനായി കാത്തിരിക്കുന്ന കവലയാണ് വിവാഹപരസ്യങ്ങള്‍. തൊഴിലന്വേഷിക്കുന്നവരും തൊഴില്‍ ദാതാക്കളും അങ്ങനെത്തന്നെയാണ്. അവരും ക്ലാസിഫൈഡ് പരസ്യം കൊടുത്ത് കാത്തിരിക്കും. അതുകൊണ്ട്, പരസ്യം നോക്കിയാല്‍ കാര്യമുണ്ട്.
ചില പരസ്യങ്ങള്‍ ശേഖരിച്ചതാണ് താഴെ. ഏതെങ്കിലുമൊന്ന് നിങ്ങള്‍ക്ക് ഉപകാരപ്പെടാതിരിക്കില്ല.
********
ആവശ്യമുണ്ട്: സബ് എഡിറ്റര്‍
അടിസ്ഥാന യോഗ്യത: (എ) ബിരുദം, ജേണലിസത്തില്‍ പി.ജി.ഡിപ്ലോമ, ഇത് രണ്ടും ഇല്ലെങ്കിലും, ഗോസിപ്പില്‍ നല്ല അഭിരുചി. (ബി) വാര്‍ത്ത കണ്ടെത്താനുള്ള കഴിവ്. (വാട്‌സാപ്പിലും വാര്‍ത്താചാനലുകളിലെ സ്‌ക്രോളിലും വരുന്ന വാര്‍ത്തകള്‍ മണത്തുനോക്കി വിവാദങ്ങള്‍ പെറുക്കിയെടുക്കാനുള്ള ഈ കഴിവിന് 'നോസ് ഫോര്‍ ന്യൂസ്' എന്നാണ് സാങ്കേതിക നാമം. (സി) നല്ല മാധ്യമശൈലി. (പ്രസിദ്ധ കലാകാരന്‍ രവി അന്തരിച്ചു എന്നത് നാടന്‍ പ്രയോഗം. ഇതിന്റെ മാധ്യമ ശൈലി: കലാനഭസ്സിലെ രവി അസ്തമിച്ചു; സൂര്യകിരണം ശോഭയാര്‍ന്ന ഓര്‍മയായി.) (ഡി) വെറും വാര്‍ത്തയെ പെരും വാര്‍ത്തയാക്കാനുള്ള കഴിവ് (കോരന്റെ മകന്‍ അത്യാഹിതത്തില്‍പ്പെട്ട് മരിച്ചു എന്നത് സാക്ഷാല്‍ വിവരം. ജീവിതപ്രശ്‌നങ്ങളുള്ള കോരന്റെ മകന്‍ മരിച്ചത് ആത്മഹത്യയെന്ന് സംശയം എന്നാക്കിയാല്‍ പത്രപ്രവര്‍ത്തനം. മരണം അസ്വാഭാവികമെന്നാക്കിയാല്‍ കുറച്ചുകൂടി നല്ല ജേണലിസം. ദുരൂഹമരണമെന്നെഴുതുന്നത് മികച്ച മാധ്യമപ്രവര്‍ത്തനം. കൊലപാതകമാകാന്‍ സാധ്യത എന്നത് അവാര്‍ഡ് നിലവാരമുള്ള വാര്‍ത്തയെഴുത്ത്.)
നേര്‍ക്കുനേരെ കാര്യം പറയുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. സംഭവം നഭോമണ്ഡലത്തിലെ ശുഭതാരകങ്ങളെ പ്രേക്ഷക സമക്ഷം വെളിപ്പെടുത്താന്‍ അനിതരസാധാരണമായ സിദ്ധിനൈപുണ്യങ്ങളാല്‍ അനുശീലിതരായവര്‍ മാത്രം അപേക്ഷിക്കുക.
*********
കരാറുകള്‍ ക്ഷണിക്കുന്നു.
ആള്‍ കേരള മുദ്രാവാക്യത്തൊഴിലാളി അസോസിയേഷന്‍ എന്ന രജിസ്‌ട്രേഡ് കരാര്‍ സ്ഥാപനം അതിന്റെ കീഴിലുള്ള പ്രഫഷണല്‍ മുദ്രാവാക്യത്തൊഴിലാളികള്‍ക്കായി രാഷ്ട്രീയകക്ഷികളില്‍നിന്ന്് കരാറുകള്‍ ക്ഷണിക്കുന്നു. ഏതുതരം മുദ്രാവാക്യവും ആകര്‍ഷകമായി വിളിക്കാന്‍ പ്രത്യേകം ശിക്ഷണം ലഭിച്ച ജീവനക്കാരെ ഓര്‍ഡറനുസരിച്ച് സപ്ലൈ ചെയ്യുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍. തെരഞ്ഞെടുപ്പു വിജ്ഞാപനം ഇറങ്ങുന്ന തീയതി മുതല്‍ ഏഴുദിവസത്തിനകം അപേക്ഷകള്‍ ലഭിച്ചിരിക്കണം.
വിവിധ ഗ്രേഡില്‍ സേവനം ലഭ്യമാണ് (1) എ ഗ്രേഡ് (എക്‌സിക്യൂട്ടീവ് ക്ലാസ്): ഫുള്‍ടൈം സേവനം, കാറിലുള്‍പ്പെട്ട തൊഴിലാളികളുടെ സേവനം കരാറൊപ്പിടുന്ന പാര്‍ട്ടിക്ക് മാത്രമായിരിക്കും. (2) ബി. ഗ്രേഡ് (ബിസിനസ്സ് ക്ലാസ്): പാര്‍ട് ടൈം പ്രഫഷണലുകള്‍. ഇവരുടെ സേവനം നിര്‍ണിത സ്ഥലങ്ങളില്‍ കരാറൊപ്പിട്ട പാര്‍ട്ടിക്ക് മാത്രമായിരിക്കും. മറ്റു സമയങ്ങളില്‍ മറ്റുസ്ഥലങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ക്കുവേണ്ടി മുദ്രാവാക്യം വിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടായിരിക്കും. (3) സി. ഗ്രേഡ് (ഓര്‍ഡിനറി ക്ലാസ്): കാഷ്വല്‍ സേവനം. അപ്പപ്പോള്‍ ആവശ്യത്തിനനുസരിച്ച് സേവനം; ഒപ്പം മറ്റു പാര്‍ട്ടികള്‍ക്കുവേണ്ടി മുദ്രാവാക്യം വിളിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഈ ക്ലാസില്‍പെട്ട തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കും. ഗ്രേഡനുസരിച്ചാണ് ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. അപേക്ഷാഫോറം ഞങ്ങളുടെ വൈബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. www.mudravakyamcorporation.com
കുറിപ്പ്: (എ) ആദ്യം കരാര്‍ ഒപ്പിടുന്ന രണ്ടുപാര്‍ട്ടികള്‍ക്ക് പത്തുമുദ്രാവാക്യം വീതം സൗജന്യം. (ബി) മുദ്രാവാക്യത്തൊഴിലാളിയായി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. ശബ്ദപരിശോധനയില്‍ (ഓഡിഷന്‍ ടെസ്റ്റ്) വിജയിച്ചാല്‍ നിയമനം. തൊഴിലില്‍ മികവു തെളിയിക്കുന്നവര്‍ക്ക് അഖിലേന്ത്യാ സര്‍വീസിലേക്ക് സ്ഥാനക്കയറ്റം.
****************
ചാനല്‍ ചര്‍ച്ചക്ക് അതിഥികളെ ആവശ്യമുണ്ട്.
'വെടിക്കെട്ട്' ചാനലില്‍ ചര്‍ച്ചകള്‍ക്ക് ക്ഷണിക്കപ്പെടുന്ന അതിഥികളുടെ പാനലിലക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. അടിസ്ഥാന യോഗ്യതകള്‍: 20 ഡെസിബലില്‍ കുറയാത്ത ശബ്ദശേഷി; ചര്‍ച്ചയില്‍ ഇടക്കുകയറി സംസാരിക്കാനുള്ള ആവേശം; ആരെയും അധിക്ഷേപിച്ച് സംസാരിക്കാനുള്ള ത്രാണി; അന്യരെ മൂര്‍ച്ചയോടെ ചീത്ത വിളിക്കുമ്പോളും വിടര്‍ന്ന ചിരി മുഖത്ത് പ്രദര്‍ശിപ്പിക്കാനുള്ള കഴിവ്; യുക്തിയെ ഒച്ചകൊണ്ട് അടിച്ചിരുത്താനുള്ള ജന്മവാസന.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് എന്ന തോതില്‍ മുഖം കാണിക്കാന്‍ അവസരം നല്‍കും. വിഷയം ഏതെന്നത് പ്രശ്‌നമല്ല. അന്താരാഷ്ട്രീയ വിഷയങ്ങള്‍ മുതല്‍ സാമ്പത്തിക-രാഷ്ട്രീയ-ശാസ്ത്ര-ബഹിരാകാശ വിഷയങ്ങള്‍ വരെ ഇവര്‍ക്കായി തുറന്നുവെക്കും.
കുറിപ്പ്: മറ്റു ചാനലുകളില്‍ പങ്കെടുക്കുന്നതിന് തടസ്സമില്ല. എങ്കിലും 'വെടിക്കെട്ട്' ചാനലിനെക്കാള്‍ ശബ്ദമുയര്‍ത്തുന്നത് അനുവദിക്കില്ല.
****************
അടിയന്തര നിയമനത്തിന് ആവശ്യമുണ്ട്: പി.ആര്‍.ഒ
പരിചയസമ്പന്നനായ പബ്ലിക് റിലേഷന്‍സ് ഓഫീസറെ (പി.ആര്‍.ഒ) ഉടന്‍ നിയമനത്തിന് ആവശ്യമുണ്ട്.
ജോലിവിവരണം: എം.എല്‍.എ സ്ഥാനത്തിന് അഞ്ചുവര്‍ഷം തികക്കുന്ന ഒരാളുടെ പ്രതിഛായ മെച്ചപ്പെടുത്തിക്കൊടുക്കല്‍. (കഴിഞ്ഞ അഞ്ചുവര്‍ഷത്തേക്ക് ജനങ്ങള്‍ക്ക് കൊടുത്തിരുന്ന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതാനും ജനദ്രോഹനടപടികളില്‍ പങ്കുമുണ്ടായി. പ്രഫഷണല്‍ പി.ആര്‍.ഒ പ്രവര്‍ത്തനം വഴി ഈ മോശം പ്രതിഛായ മാറ്റി മികച്ച പ്രതിഛായ സൃഷ്ടിക്കുകയാണ് പി.ആര്‍.ഒ ചെയ്യേണ്ടത്.)
ഇന്‍ഷുറന്‍സ് ഏജന്‍സി, പരസ്യക്കമ്പനി എന്നിവയില്‍ പ്രവൃത്തി പരിചയത്തോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പാടവവും പത്രങ്ങളിലും ചാനലുകളിലും സ്വാധീനവും ഉണ്ടായിരിക്കണം. ചെയ്തുപോയ ദ്രോഹങ്ങള്‍ എങ്ങനെ നേട്ടങ്ങളായി അവതരിപ്പിക്കാമെന്നതു സംബന്ധിച്ച ഒരു സാമ്പിള്‍ പ്രസന്റേഷന്‍ സഹിതം അപേക്ഷിക്കുക.
ആകര്‍ഷകമായ വേതനവും മറ്റാനുകൂല്യങ്ങളും! എം.എല്‍.എ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന മുറക്ക് സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും.
**********
ആശയങ്ങള്‍ ക്ഷണിക്കുന്നു.
ഒരു ചാനല്‍ ഷോയ്ക്ക് അനുയോജ്യമായ ആശയങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു. സ്ത്രീകളെയും കുട്ടികളെയും പിടിച്ചിരുത്തുന്ന കളികളാണ് വേണ്ടത്. പ്രേക്ഷകര്‍ക്കിടയില്‍ മത്സരം, എസ്.എം.എസ് പങ്കാളിത്തം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം ആശയങ്ങള്‍.
മാതൃക: ആശയങ്ങള്‍ക്ക് മാതൃകയെന്ന നിലക്ക്, ഞങ്ങള്‍ സംപ്രേഷണം ചെയ്തുവരുന്ന ഒരു ഗെയിമിനെപ്പറ്റിയാണ് ഇനി പറയുന്നത്. നൂറുകഴിഞ്ഞ വൃദ്ധജനങ്ങളുടെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ള രോഗികളുടെയും ആരോഗ്യമുള്ള ഏതാനും യുവതീ യുവാക്കളുടെയും പട്ടിക തയ്യാറാക്കുന്നു. ഇവരില്‍ ആരാണ് ആദ്യം മരിക്കുക എന്ന് പ്രവചിക്കുകയാണ് മത്സരം.
പ്രവചനങ്ങളടങ്ങുന്ന എസ്.എം.എസുകള്‍ മത്സരാര്‍ത്ഥികള്‍ അയച്ചുകൊണ്ടിരിക്കണം. പട്ടികയിലുള്ളവരുടെ അവസ്ഥയെപ്പറ്റി ഉദ്വേഗം നിറഞ്ഞ വാര്‍ത്തകള്‍ ഞങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. വൃദ്ധജനങ്ങളെപ്പറ്റിയുള്ള വിശേഷങ്ങള്‍ ('കുമാരേട്ടന് ഇന്നലെ ബോധക്ഷയമുണ്ടായതായി അറിയുന്നു. വൈകാതെ ബോധം തെളിഞ്ഞെങ്കിലും പ്രതീക്ഷ കൈവിടാറായിട്ടില്ല എന്നുതന്നെ പറയാനാവും.'); ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ('നമ്മുടെ പട്ടികയില്‍ എസ്.എം.എസ് പിന്‍ബലം ഏറെയുള്ള ബാബു എന്ന ബാലന്റെ മസ്തിഷ്‌കരോഗം ഭേദപ്പെടുന്നതായുള്ള അഭ്യൂഹം ആശങ്ക പടര്‍ത്തിയിട്ടുണ്ട്; എങ്കിലും ഡോക്ടര്‍മാര്‍ പറഞ്ഞ 168 മണിക്കൂര്‍ കഴിയാന്‍ ഇനിയും രണ്ടു ദിവസം ബാക്കിയുണ്ട്.'); യുവാക്കളുടെ സാഹസകൃത്യങ്ങള്‍ - ഇത്തരം അപ്‌ഡേറ്റുകള്‍ സമയാസമയം ഞങ്ങല്‍ നല്‍കിക്കൊണ്ടിരിക്കും.
ആദ്യ എപ്പിസോഡ് റേറ്റിങ്ങില്‍ മാത്രമല്ല ഉദ്വേഗത്തിലും മികച്ചതായിരുന്നു. നൂറ്റിനാലുവയസ്സും നാലുരോഗങ്ങളും ബന്ധുജനസാന്നിധ്യവുമായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട വ്യക്തിയെ ആദ്യം മരിക്കാനിടയുള്ളതായി മഹാഭൂരിപക്ഷം എസ്.എം.എസുകള്‍ പ്രവചിച്ചിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റപ്പെട്ട മറ്റൊരു രോഗിയായിരുന്നു രണ്ടാം സ്ഥാനത്ത്. ഇവരെയെല്ലാം പിന്നിലാക്കി, ആരോഗ്യവാനായ ഒരു ഇരുപത്താറുകാരന്‍ റോഡപകടത്തില്‍ മരിച്ചത് എപ്പിസോഡിന്റെ ഹരം വര്‍ധിപ്പിച്ചു. ജനങ്ങളെ പിടിച്ചിരുത്തുന്ന ഗെയിമുകളുടെ വേറെ ആശയങ്ങളാണ് ഞങ്ങള്‍ തേടുന്നത്. 'നിങ്ങള്‍ക്കും പ്രവചിക്കാം കാലനെ.' എന്ന ഇപ്പോഴത്തെ ഗെയിമിനുശേഷം തുടങ്ങാനുള്ളതാണ് അത്.
**************
സീരിയല്‍ കഥകള്‍ ക്ഷണിക്കുന്നു.
ഞങ്ങളുടെ ചാനലില്‍ സംപ്രേഷണം ചെയ്യാന്‍ കണ്ണീര്‍ സീരിയലുകള്‍ക്ക് തിരക്കഥകള്‍ ക്ഷണിക്കുന്നു.
കുശുമ്പുകാരിയായ അമ്മായിയമ്മ (രണ്ടെണ്ണം അഭിലഷണീയം), നിര്‍ദോഷിയും തമാശക്കാരനുമായ അമ്മായിയപ്പന്‍ (ഒരെണ്ണം തന്നെ ധാരാളം), മാതൃഭക്തനും സുന്ദരവിഡ്ഢിയുമായ യുവവരന്മാര്‍ (നല്ല ഉയരം, പതിഞ്ഞ ശബ്ദം) എല്ലാം സഹിക്കുന്ന നവവധുക്കള്‍ (കൈലേസ് സഹിതം) എന്നിവ നിര്‍ബന്ധം. എല്ലാവരുടെയും മുഖം തേച്ചുവെളുപ്പിച്ച് മാര്‍ക്കറ്റിലെ ഏറ്റവും പുതിയ ബൊമ്മയെപ്പോലെയാക്കാന്‍ പ്രാപ്തരായ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ (ജോലിഭാരം കണക്കിലെടുത്ത് അരഡസന്‍ വരെയാകാം) ലഭ്യമാണെന്നതിനാല്‍ കഥാപാത്രങ്ങളുടെ എണ്ണം പ്രശ്‌നമല്ല.
സ്‌ക്രിപ്റ്റുകളുടെ കരട്, ഗ്ലിസറിന്‍ കമ്പനിയുടെ സാക്ഷ്യപത്രത്തോടൊപ്പം കിട്ടേണ്ട അവസാന തിയതി - ഏപ്രില്‍ ഒന്ന്.