മനസ്സിനെ മയക്കുന്നവള്‍
അബ്ദുല്ല നദ്‌വി കുറ്റൂര്‍
2016 ഫെബ്രുവരി
പ്രവാചകന്റെ രണ്ടാമത്തെ പുത്രിയാണ് റുഖിയ, ഉന്നതിയുടെ സോപാനത്തിലേറിയവള്‍, മനസ്സിനെ മയക്കുന്നവള്‍, മാന്ത്രിക ശക്തിയുള്ളവള്‍ എന്നൊക്കെയാണ് റുഖിയ എന്ന പദത്തിനര്‍ഥം. അര്‍ഥമുള്ളതും അതേസമയം പുതുമയുള്ളതുമായ പേരുകളാണ് പ്രവാചകന്‍ തന്റെ മക്കള്‍ക്കായി തിരഞ്ഞെടുത്തിരുന്നത്. പ്രവാചകന്‍ തന്റെ കരളിന്റെ
ചരിത്രത്തിലെ സ്ത്രീ
പ്രവാചകന്റെ രണ്ടാമത്തെ പുത്രിയാണ് റുഖിയ, ഉന്നതിയുടെ സോപാനത്തിലേറിയവള്‍, മനസ്സിനെ മയക്കുന്നവള്‍, മാന്ത്രിക ശക്തിയുള്ളവള്‍ എന്നൊക്കെയാണ് റുഖിയ എന്ന പദത്തിനര്‍ഥം. അര്‍ഥമുള്ളതും അതേസമയം പുതുമയുള്ളതുമായ പേരുകളാണ് പ്രവാചകന്‍ തന്റെ മക്കള്‍ക്കായി തിരഞ്ഞെടുത്തിരുന്നത്. പ്രവാചകന്‍ തന്റെ കരളിന്റെ കഷ്ണമെന്ന് വിശേഷിപ്പിച്ച തന്റെ പ്രിയപുത്രി ഫാത്തിമക്ക് ആ പേര് നല്‍കിയ കാലത്ത് അത്യന്തം പുതുമയുള്ള പേരായിരുന്നു അതെന്നത് ശ്രദ്ധേയമാണ്. ഫാത്തിമ എന്നാല്‍ തിളങ്ങുന്നവള്‍, മോഹിപ്പിക്കുന്നവള്‍ എന്നാണര്‍ഥം. അന്ന് അറേബ്യയില്‍ ആ പേര് അത്യപൂര്‍വമായ ഒന്നായിരുന്നു. അതേ, അറേബ്യയിലെ പ്രസിദ്ധമായ കവി ഇംറുല്‍ഖൈസ് തന്റെ സങ്കല്‍പകാമുകിക്ക് നല്‍കിയ നാമം.
നബിക്ക് പ്രവാചകത്വം ലഭിക്കുന്നതിന് ഏഴ് വര്‍ഷം മുമ്പ് റുഖിയ മക്കയില്‍ ജനിച്ചു. സുന്ദരിയും സുശീലയുമായ റുഖിയയെ അബൂലഹബിന്റെ മൂത്തമകന്‍ ഉത്ബ കല്ല്യാണം കഴിച്ചു. പ്രവാചകത്വ ലബ്ധിക്ക് മുമ്പായിരുന്നു ആ വിവാഹം. അവരുടെ വിവാഹം മാത്രമേ നടന്നിരുന്നുള്ളൂ. വീട്ടില്‍കൂടല്‍ നടന്നിരുന്നില്ല. അതേ സമയം ഉസ്മാന്‍ റുഖിയയെ വിവാഹം കഴിക്കണമെന്ന് മനസ്സില്‍ ആഗ്രഹിച്ചിരുന്നു. ഉത്ബയുമായി വിവാഹം നിശ്ചയിച്ചതറിഞ്ഞപ്പോള്‍ അദ്ദേഹം മൗനം ദീക്ഷിക്കുകയായിരുന്നു.
ഇസ്‌ലാമിന്റെ പ്രാരംഭദശയില്‍ തന്നെ മാതാവ് ഖദീജയോടൊപ്പം റുഖിയയും ഇസ്‌ലാം സ്വീകരിച്ചു. അബൂലഹബ് തന്റെ മകന്‍ ഉത്ബയെ വിളിച്ചിട്ട് പറഞ്ഞു: 'മുഹമ്മദിന്റെ മകള്‍ റുഖിയയുമായി നീ ബന്ധം വിഛേദിച്ചില്ലെങ്കില്‍ നിന്റെ മുഖം ഞാന്‍ കാണുകയില്ല.' മുഹമ്മദിന്റെ മകളെ ത്വലാഖ് ചൊല്ലിയാല്‍ ഏത് ഖുറൈശി പെണ്ണിനെ വേണമെങ്കിലും വിവാഹം ചെയ്ത് തരാമെന്ന് പറഞ്ഞ് ഖുറൈശികളും ഉത്ബയെ പ്രലോഭിപ്പിച്ചു. സഈദ് ഇബ്‌നു ആസിന്റെ മകളെ വിവാഹം ചെയ്ത് തന്നാല്‍ റുഖിയയെ ഒഴിവാക്കാമെന്ന ഉത്ബയുടെ നിര്‍ദേശം അവര്‍ അംഗീകരിക്കുകയും ചെയ്തു. ഏത് നിലക്കും നബിയെ ഉപദ്രവിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ഉദ്ദേശം. അങ്ങനെ നിര്‍ഭാഗ്യവാനായ ഉത്ബ റുഖിയയെ മൊഴിചൊല്ലി. താമസിയാതെ ഉസ്മാന്റെ മനസ്സ് തിരിച്ചറിഞ്ഞ പ്രവാചകന്‍ റുഖിയയെ ഉസ്മാന് വിവാഹം ചെയ്ത് കൊടുത്തു.
ഖുറൈശികളുടെ ഉപദ്രവം മൂലം മക്കയിലെ ജീവിതം ദുസ്സഹമായപ്പോള്‍ ഏതാനും മുസ്‌ലിംകള്‍ക്ക് അബ്‌സീനിയയിലേക്ക് ഹിജ്‌റപോകാന്‍ പ്രവാചകന്‍ അനുമതി നല്‍കി. പതിനൊന്ന് പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍ക്കൊള്ളുന്ന ആ സംഘത്തില്‍ ഉസ്മാന്‍ ഹിജ്‌റ പോയപ്പോള്‍ റുഖിയയും അദ്ദേഹത്തെ അനുഗമിച്ചു. ജിദ്ദ തുറമുഖത്ത് നിന്ന് കപ്പല്‍ കയറിയ അവരെ പിടികൂടാന്‍ ഖുറൈശികള്‍ വിഫലശ്രമം നടത്തി. ശത്രുക്കള്‍ തുറമുഖത്തെത്തിയപ്പോഴേക്കും കപ്പല്‍ പുറപ്പെട്ടു കഴിഞ്ഞിരുന്നു.
കുറച്ച് കാലങ്ങള്‍ക്ക് ശേഷം മക്കയില്‍ സുസ്ഥിതി കൈവന്നുവെന്ന വാര്‍ത്ത കേട്ട് ഉസ്മാനും റുഖിയയും മക്കയിലേക്ക് തന്നെ തിരിച്ചുവന്നു. പക്ഷേ, മക്കയിലെ സ്ഥിതി അപ്പോഴും പൂര്‍വാധികം മോശമായിരുന്നു. അങ്ങനെ അവര്‍ വീണ്ടും അബ്‌സീനിയയിലേക്ക് തന്നെ തിരിച്ചുപോയി. പിന്നീട് കുറെ കാലത്തേക്ക് റുഖിയയേയും ഉസ്മാനെയും കുറിച്ച് പ്രവാചകന് ഒരു വിവരവും ലഭിച്ചിരുന്നില്ല. അതില്‍ വ്യാകുലനായ പ്രവാചകന്‍ മക്കയുടെ വെളിയില്‍ ചെന്ന് സഞ്ചാരികളോടെല്ലാം അവരെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു. അതിനിടെ അബ്‌സീനിയയില്‍ നിന്ന് വന്ന ഒരു വൃദ്ധസ്ത്രീയെ പ്രവാചന്‍ കാണാനിടയായി. താന്‍ അബ്‌സീനിയയില്‍ വെച്ച് അവരെ കണ്ടുവെന്നും അവര്‍ സുഖമായി കഴിയുന്നുവെന്നും അറിയിച്ചപ്പോള്‍ പ്രവാചകന് ആശ്വാസമായി. പ്രവാചന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച ശേഷം ഇപ്രകാരം പറഞ്ഞു: 'ഇബ്രാഹിം നബിക്കും ലൂത്വ് നബിക്കും ശേഷം വിശ്വാസമാര്‍ഗത്തില്‍ ത്യാഗം സഹിക്കുകയും ഭാര്യാസമേതം ഹിജ്‌റപോകുകയും ചെയ്ത പ്രഥമ വ്യക്തിയാണ് ഉസ്മാന്‍.'
ദീര്‍ഘകാലം അബ്‌സീനിയയില്‍ താമസിച്ച ശേഷം അവര്‍ മക്കയിലേക്ക് തിരിച്ചുവന്നു. അനന്തരം പ്രവാചകന്‍ മദീനയിലേക്ക് പാലായനം ചെയ്ത വിവരം അറിഞ്ഞപ്പോള്‍ ഏതാനും ആളുകളുടെ കൂടെ ഉസ്മാനും റുഖിയയും മദീനയിലേക്ക് ഹിജ്‌റ പോയി. മദീനയില്‍ അവര്‍ താമസിച്ചിരുന്നത് ഔസ് ഇബ്‌നു സാബിതിന്റെ വീട്ടിലാണ്.
മദീനയില്‍ചെന്ന് ഏതാനും നാളുകള്‍ പിന്നീട്ടപ്പോഴക്കും റുഖിയ രോഗിയായി. ഹിജ്‌റ രണ്ടാം വര്‍ഷം പ്രവാചന്‍ ബദര്‍ യുദ്ധത്തിന് വേണ്ടി ഒരുക്കങ്ങള്‍ നടത്തുന്ന സന്ദര്‍ഭത്തില്‍ റുഖിയ രോഗശയ്യയിലായി കഴിഞ്ഞിരുന്നു. ശരീരമാസകലം കുരുക്കള്‍ പൊന്തി അവശയായി കിടക്കുന്ന റുഖിയയെ പരിചരിക്കാന്‍ ഉസ്മാനെ നിര്‍ത്തി പ്രാവചകന്‍ ബദറിലേക്ക് പുറപ്പെട്ടു. യുദ്ധത്തില്‍ വിജയാഹ്ലാദവുമായി സൈദുബ്‌നു ഹാരിസ് മദീനയില്‍ വന്നപ്പോള്‍ റുഖിയയുടെ മൃതദേഹം സംസ്‌കരിക്കുന്ന ശോകമൂകമായ കാഴ്ചയാണ് കണ്ടത്. പ്രവാചകന്‍ യുദ്ധത്തിന്റെ തിരക്കിലായതിനാല്‍ നബിക്ക് മകളെ അവസാനമായി ഒന്നു കാണാനോ ജനാസയില്‍ പങ്കെടുക്കാനോ സാധിച്ചില്ല.
യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പ്രവാചകന്‍ ദുഃഖാര്‍ത്തനായി അവരുടെ ഖബറിടം സന്ദര്‍ശിച്ചു. അവിടന്ന് പറഞ്ഞു:
'ഉസ്മാന്‍ ഇബ്‌നു മഅ്ഊന്‍ നേരത്തെ പരലോകത്തേക്ക് യാത്രയായി. ഇപ്പോഴിതാ നീയും..' ഇത് കേട്ട സ്ത്രീകള്‍ നിയന്ത്രണംവിട്ട് കരയാന്‍ തുടങ്ങി. അവരെ ഓടിക്കാന്‍ വേണ്ടി ഉമര്‍ (റ) തുനിഞ്ഞപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചിട്ട് പറഞ്ഞു: 'ഉമറേ, തേങ്ങിക്കരയുന്നത് വിലക്കപ്പെട്ടിട്ടില്ല. ഒച്ചവെച്ച് ആര്‍ത്ത് കരയുന്നതാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. അതാണ് പൈശാചികമായ പ്രവണത.' സ്ത്രീകളുടെ കൂട്ടത്തില്‍ പ്രവാചക പുത്രി ഫാത്തിമയും സന്നിഹിതയായിരുന്നു. അവരും ഖബറിനരികെ ഇരുന്ന് കരയുന്നുണ്ടായിരുന്നു. പ്രവാചകന്‍ തന്റെ തുണിത്തല കൊണ്ട് കണ്ണുനീര്‍ തുടച്ചു. മരിക്കുമ്പോള്‍ 22 വയസ്സ് മാത്രമേ റുഖിയക്ക് പ്രായമുണ്ടായിരുന്നുള്ളൂ.
അബ്‌സീനിയയില്‍ താമസിക്കുന്ന കാലത്ത് അവര്‍ക്ക് അബ്ദുല്ല എന്ന കുഞ്ഞ് പിറന്നു. ഇതിന് ശേഷം ആളുകള്‍ ഉസ്മാനെ അബു അബ്ദുല്ല (അബ്ദുല്ലയുടെ പിതാവ്) എന്ന് വിളിക്കാന്‍ തുടങ്ങി. ഈ കുട്ടി ആറ് കൊല്ലം മാത്രമാണ് ജീവിച്ചത്. പ്രവാചകന്‍ ജനാസ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ഉസ്മാന്‍ ജനാസ ഖബറടക്കം ചെയ്തു. ജമാദുല്‍ ഊല മാസം ഹിജ്‌റ നാലാം വര്‍ഷം അബ്ദുല്ലയും മാതാവിനെ പിന്തുടര്‍ന്നു. റുഖിയക്ക് മറ്റു സന്താനങ്ങളൊന്നും ഉണ്ടായിട്ടില്ല. പ്രവാചകനോട് രൂപസാദൃശ്യമുള്ള വെളുത്ത സുന്ദരിയായിരുന്നു റുഖിയ്യ.