...ഒരു ദിവസം...

ബിശാറ മുജീബ് No image

നിനക്കെന്താ കണ്ണില്ലെ, ഇങ്ങനെ ഓടിയാല്‍ എന്തെങ്കിലും പറ്റും.
വീഴാന്‍ പോയത് ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തി തട്ടിപ്പിടഞ്ഞ് എണീക്കുന്നതിനിടക്കാണ് തട്ടുകടക്കാരന്‍ കാസിംക്കായുടെ ചോദ്യം. അദ്ദേഹത്തോട് ഒരു ഇളിഞ്ഞ ചിരി വരുത്തി നടന്നുകൊണ്ട് ഓടി. മൂന്നാം നിലയിലായതിനാല്‍ ലിഫ്റ്റിനുമുമ്പില്‍ ഒന്നു നിന്നുനോക്കി. ഹാവൂ, വാതില്‍ തുറന്നല്ലോ എന്നു കരുതി കയറാനൊരുങ്ങുമ്പോള്‍ അതു നേരെ മൈനസ് ടുവിലേക്ക് മൂക്കുകുത്തി. പിന്നെ കാത്തുനിന്നില്ല, ചവിട്ടുപടികള്‍ തന്നെ ശരണം. ഒരുപാട് വികാരങ്ങള്‍ ഒന്നിച്ചുപ്രകടമാക്കി കയറിയിറങ്ങുന്ന കുറെ മുഖങ്ങള്‍ക്കൊപ്പം ഞാനും.
ഡയാലിസിസ് യൂണിറ്റിന്റെ വാതില്‍ തളളിത്തുറന്ന് വെളുത്ത ബോര്‍ഡില്‍ കറുത്ത മാര്‍ക്കര്‍കൊണ്ട് ഞാന്‍ എഴുതി; ഷോന. വയസ്സ്: 19 നമ്പര്‍: ഒന്‍പത്. വെയ്റ്റ് നോക്കാന്‍ മെഷീനില്‍ കയറാനൊരുങ്ങുമ്പോഴാണ് മറിയം കാദര്‍ക്കായെയും കൊണ്ട് വന്നത്. ഞാന്‍ ഒതുങ്ങിക്കൊടുത്തു. 'ഷോനക്കുട്ടി ഈ വയസ്സന് മാറിത്തന്നതാ?' മറിയം തോളില്‍ താങ്ങിയാണ് കാദര്‍ക്കായെ കാലെടുത്തുവെക്കാന്‍ സഹായിച്ചത്. ഞാനും ഒപ്പം കൂടി. എനിക്കതിനെല്ലാം സ്വയം കഴിയുന്നുണ്ടല്ലോ എന്നാശ്വസിച്ചു.
വാതില്‍ വലിച്ചുതുറന്ന് പുറത്തേക്കിറങ്ങി മുമ്പിലെ അരച്ചുമരില്‍ നേരത്തെ സ്ഥാനം പിടിച്ചിരിക്കുന്ന കൂട്ടുകാരെ നോക്കി. സ്മിതേച്ചിയുടെ 60 കഴിഞ്ഞ അമ്മയും പ്രഭാകരന്റെ മാമനും മൊയ്തുക്കയും മൂസക്കയും കുറ്റിയാടിക്കടുത്ത പേരറിയാത്ത യുവാവും അഞ്ചു വയസ്സുള്ള വാവിയുമെല്ലാം എന്റെ അടുത്ത കൂട്ടുകാരാണ്. ഞാന്‍ ആഴ്ചയില്‍ മൂന്നുതവണ കാണുന്ന ഇവരാണ് എന്റെ രക്തബന്ധുക്കളേക്കാള്‍ എനിക്ക് ഉറ്റവര്‍.
ബെഡും ഡയാലിസിസ് മെഷീനും ഒഴിയുമ്പോഴുള്ള വിളിയും കാത്ത് ഒരിരിപ്പാണിനി. നന്നായി അഡ്ജസ്റ്റ് ചെയ്തിരിക്കുന്ന അവര്‍ എനിക്കൊരിടം തരാന്‍ വളരെ പ്രയാസപ്പെടുന്നപോലെ തോന്നി. എനിക്കാണെങ്കില്‍ തല മുതല്‍ അരിച്ചിറങ്ങുന്ന ഒരു തളര്‍ച്ചയും. അതൊന്നും പുറത്തുകാണിക്കാതെ എവിടെയിരിക്കാമെന്നു നോക്കി. അടുത്ത രോഗിയെയും കാത്ത് വല്ലാതെയിരിക്കുന്ന വീല്‍ചെയര്‍ തന്നെ രക്ഷ.
ക്ഷീണംകൊണ്ട് കണ്ണടഞ്ഞുപോകുമ്പോഴാണ് മൊയ്തുക്കായുടെ പാട്ടുകച്ചേരി കേട്ടത്. പ്രഭാകരന്‍ കൈയിലെ ഫ്്‌ളാസ്‌കില്‍ വിരലുകൊണ്ട് പ്രത്യേക ശബ്ദമുണ്ടാക്കുന്നു. സ്മിതേച്ചി ഫോണിന്റെ ഭംഗിയുള്ള കവറില്‍ താളം കൊട്ടുന്നു. ശരിക്കും നീറിപ്പുകയുന്ന ഉള്‍ക്കനലില്‍ ചാര്‍ത്തുന്ന നീര്‍തുള്ളിയുടെ പതനതാളമാണ് മൊയ്തുക്കയുടെ പാട്ടുകള്‍ക്ക്.
ആരോ തോളില്‍തട്ടി 'ഉറങ്ങിപ്പോയോ' എന്ന് ചോദിച്ചപ്പോഴാണ് വീല്‍ചെയറിന്റെ അടുത്ത അവകാശിക്ക് മാറിക്കൊടുക്കണമെന്ന് മനസ്സിലായത്. ക്ഷമ ചോദിച്ചുകൊണ്ട് തട്ടിപ്പിടഞ്ഞെണീറ്റ് നിന്നപ്പോഴേക്ക് എനിക്കായി തൂണിനോട് ചേര്‍ന്ന ഇടം ഒഴിഞ്ഞതുകണ്ട് അവിടെയിരുന്നു. 'മൊയ്തുക്ക കയറിയോ?'
'ഓ, കുറച്ചു നേരമായല്ലോ.'
ഞാനത്രേം ഉറങ്ങിയോ. കണ്ണടച്ചപ്പോഴേക്ക് തുറന്നുപോയ പോലെയാണ് തോന്നിയത്. 'എന്താടോ ഇന്നൊരു മൂഡുമില്ലാതെ. ചടപടാന്ന് നോണ്‍സ്‌റ്റോപ്പ് ബഡായി പൊട്ടിക്കുന്ന ആളിങ്ങനെ മിണ്ടാതിരിക്കുന്നത് തീരെ ശരിയല്ല.' വാവിയുടെ ഉപ്പയുടെ കമന്റ്. ഇന്നെന്തോ ഒരു പരിപ്പ് ഉള്ളില്‍ കൂടിയോ കുറഞ്ഞോ വേവുന്നുണ്ടെന്നു തോന്നുന്നു. വല്ലാത്ത അസ്വസ്ഥത. പൊട്ടാസ്യം, പ്രഷര്‍, ഷുഗര്‍ അതുപോലുള്ള മറ്റെന്തെങ്കിലും ഒരു പേര് ധന്യ സിസ്റ്റര്‍ വിളിക്കുമായിരിക്കും. അതും കാത്തുള്ള ഇരിപ്പാ. അതുകൊണ്ടാ ഇങ്ങനെ ഇരുന്നുപോയത്' എന്നുംപറഞ്ഞ് ഞാന്‍ ഉറക്കെ ചിരിച്ചെങ്കിലും വാവിയുടെ ഉപ്പ കണ്ണീരൊഴുക്കി. അവരല്ലെങ്കിലും അങ്ങനെയാണ്. ആരുടെ സങ്കടം കേട്ടാലും കണ്ടാലും അതങ്ങ് ഏറ്റെടുത്ത് കരഞ്ഞ് തീര്‍പ്പാക്കും. ഞാന്‍ പലപ്പോഴും കളിയാക്കിയിട്ടുണ്ട്, ആണുങ്ങള് ഇങ്ങനെ ഉണ്ടാവോന്ന് ചോദിച്ച്. പിന്നെ തോന്നും കരയേണ്ടവര്‍ കരഞ്ഞുതന്നെ തീര്‍ക്കട്ടെ എന്ന്; 12 വര്‍ഷം കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ചികിത്സക്കും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ ദൈവം കൊടുത്ത മൊഞ്ചുളള കനിയാ വാവി. എല്ലാവരേക്കാളും ബുദ്ധിയും കുസൃതിയും സ്‌നേഹവും അവള്‍ക്കുണ്ട്. അവളെക്കുറിച്ച് ഒന്നും അറിയാത്തപോലെ കിഡ്‌നി ഒരു ദിവസം പൂര്‍ണമായി പണിമുടക്കി. എട്ട് മാസമായി അവളുടെ പേരില്‍ ഒരു പുതിയ ഡയലൈസര്‍ ഇവിടെ ചാര്‍ജെടുത്തിട്ട്.
എനിക്കിപ്പോള്‍ നന്നായി ദാഹിക്കുന്നുണ്ട്. ഓടിച്ചാടി ക്ഷീണിക്കരുതെന്ന് ഏട്ടന്‍ പ്രത്യേകം പറഞ്ഞത് ഓര്‍മയില്‍ വന്നു. നാല് ഗ്ലാസിലധികം വെളളം കുടിക്കുന്നതില്‍ കര്‍ശന വിലക്കേര്‍പ്പെട്ട എന്റെ മുമ്പില്‍ വെച്ച് ദാഹിച്ചാല്‍ പോലും ഏട്ടന്‍ വെള്ളം കുടിക്കാറില്ല. പണമുളളവനെയും ഇല്ലാത്തവനെയും ഒരുപോലെ വളച്ചൊടിക്കാന്‍ കരാറെടുത്തവരാണല്ലോ ഞങ്ങള്‍. ഓരോ ദിവസവും അന്നത്തേക്കുള്ള അന്നം കഷ്ടപ്പെട്ട് ഒപ്പിച്ചിരുന്ന എന്റെ ചേട്ടന്‍ അധ്വാനഭാരംകൊണ്ട് തേഞ്ഞുതീരുന്നത് നോക്കിനില്‍ക്കുകയല്ലാതെ എന്തു ചെയ്യും. ചേട്ടന്റെ ഭാഷയില്‍ ഞാന്‍ സന്തോഷത്തോടെ നിന്നാല്‍ മാത്രം മതിയത്രെ. മാസത്തില്‍ അഞ്ചുതവണ ഡയാലിസിസ് സമയത്തിന്റെ അവസാനത്തില്‍ അയേണ്‍ കൂടി കയറ്റേണ്ടതുണ്ട്. അത് ശരീരത്തിലേക്ക് രക്തത്തോടൊപ്പം കടന്നുവരുമ്പോള്‍ തന്നെ ഞാന്‍ വിവരം അറിയും. ആകെക്കൂടി ഒരു ഉഴപ്പാണ്. പ്രഷറും ഷുഗറും വളരെ കൂടുകയോ നന്നായി കുറയുകയോ മറ്റെന്തൊക്കെയോ സംഭവിക്കുകയോ ആയിരിക്കും. മസില്‍സ് സ്വസ്ഥാനത്തുനിന്നും മാറും. ആ വേദനകള്‍ക്കും അസ്വസ്ഥതക്കുമിടയില്‍ തന്നെ ഓക്കാനം വന്ന് ഛര്‍ദിക്കും. ഇതൊക്കെ ഞാന്‍ സഹിച്ചാലും അതിനിടക്ക് സന്തോഷമുള്ള ഭാവമേ പാടുളളൂ എന്ന ഏട്ടന്റെ ശാഠ്യമാണ് എന്നെ യഥാര്‍ഥത്തില്‍ നേരെ നിര്‍ത്തുന്നത്.
ഇന്നുവരെ രോഗിയും വിധവയുമായ എന്റെ അമ്മക്കറിയില്ല; ഞാനുമൊരു രോഗിയാണെന്ന്. ''അവള് വല്യ കോളേജിലാ, അതോണ്ട് കുറെ പഠിക്കാനുണ്ടാവുമ്പോഴൊക്കെ അവിടെ തന്നെ നിക്കും. നല്ല ടീച്ചര്‍മാരൊക്കെ ഉള്ളതാ കോളേജില്‍. അതോണ്ടാ ഒരു സമാധാനം. ന്റെ കുട്ടി പഠിച്ച് വല്യ ആളായി ആങ്ങളക്ക് ഒരു താങ്ങാവട്ടെ.'' അടുത്ത വീട്ടിലെ ചേച്ചിയോട് ഉമ്മറപ്പടിയിലിരുന്ന് വളരെ പ്രയാസപ്പെട്ട് ചുമച്ചുകൊണ്ട് പറയുമ്പോള്‍ ഞാനറിയാതെ എന്റെ മടിയിലെ പുസ്തകം നനയുന്നുണ്ടായിരുന്നു. ക്ലാസ്സില്‍ ശരിക്കിരുന്ന് പഠിക്കാന്‍ കഴിയാത്തതിനാല്‍ ഡിഗ്രി എനിക്ക് സ്വപ്‌നം മാത്രമായി അവശേഷിക്കുമോ എന്ന ഭയമാണിപ്പോള്‍. കോഴ്‌സ് കഴിയുമ്പോഴേക്ക് ഗള്‍ഫിലുളള മുറച്ചെക്കനെത്തി കല്യാണം നടത്തിയിട്ട്  കണ്ണടച്ചാ മതിയെന്ന് അമ്മ പറയുമ്പോ ഏട്ടന്‍ 'എന്നാ പിന്നെ എല്ലാര്‍ക്കും ഒന്നിച്ചാവാം. ഷോനാ നീ വേഗം ചെന്ന് ചോറ് വിളമ്പ്, നമുക്ക് അമ്മയുടെ കൂടെത്തന്നെ കണ്ണടച്ചുറങ്ങാം.' എന്നും പറഞ്ഞ് അമ്മയെ കെട്ടിപ്പിടിക്കും. എന്നിട്ട് എന്നെ നോക്കി അര്‍ഥം വെച്ചൊരു ചിരി പാസാക്കും.
എനിക്ക് ഇടക്കിടക്ക് വരുന്ന പനിയോ ജലദോഷമോ ഞാന്‍ കാര്യമാക്കാറില്ലെങ്കിലും അന്നേരങ്ങളില്‍ അമ്മ തിന്നുന്നതോ കുടിക്കുന്നതോ ഉറങ്ങുന്നതോ കണ്ടിട്ടേയില്ല. ക്ലാസ്സില്‍ കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ചപ്പോള്‍ വീട്ടുകാരെ വിളിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ തടഞ്ഞത് അതുകൊണ്ടാണ്. ഇത് പെട്ടെന്ന് ശരിയാവും. അമ്മ പക്ഷെ അതോര്‍ത്ത് ദിവസങ്ങളോളം കണ്ണീര് കുടിക്കും. കൂടെ നിന്ന ആന്‍സി ടീച്ചര്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായി. അതുകൊണ്ട് 11 മാസമായി ഡയാലിസിസ് ചെയ്യുന്ന വിവരം എന്റെ അമ്മ എന്ന ക്ഷയരോഗി അറിഞ്ഞതേയില്ല. അമ്മ വീടിന് വെളിയിലിറങ്ങുന്നത് ആശുപത്രിയിലേക്ക് മാത്രമാണ്.
'ഷോന, റെഡിയായിക്കൊ, 10 മിനിട്ടിനുള്ളില്‍ 13-മത്തെ ബെഡൊഴിയും.' ഏതോ പുതിയ നഴ്‌സാണ്. ഓര്‍ത്തിരുന്ന് നേരം പോയതറിഞ്ഞില്ല. വന്നിട്ട് മൂന്നര മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. വാതില്‍ തള്ളിത്തുറന്ന് ഉളളില്‍ കയറുമ്പോഴേക്ക് എന്റെ കൂട്ടുകാര്‍ എന്ന് മനസ്സില്‍ വിചാരിക്കുമ്പോഴേക്ക് വരുന്ന മണം മൂര്‍ദ്ധാവ് വരെയെത്തി. അമ്മക്ക് അരിഷ്ടത്തിന്റെ മണമാണ്. അച്ഛനും ഏട്ടനും വേറെ വേറെ മണമുണ്ട്. ആന്‍സിടീച്ചര്‍ക്ക് രാത്രിയില്‍ വിരിയുന്ന പൂക്കളുടെ മണമാണ്.
കേസ് ബുക്ക് വാങ്ങിയ നഴ്‌സ് ബോഡില്‍ ഞാനെഴുതിവെച്ച വെയ്റ്റ് നോക്കി പകര്‍ത്തി. നിന്നുകൊണ്ടും കിടന്നും പ്രഷര്‍ നോക്കി രേഖപ്പെടുത്തി. ഡയലൈസര്‍ ഫിറ്റ് ചെയ്യുന്ന ടെക്‌നീഷ്യന്‍ സുഖവിവരമന്വേഷിച്ചു. അവനെ ഞങ്ങള്‍ കളിയാക്കാറുണ്ട്. നമ്പര്‍ അനുസരിച്ച് ഓരോരുത്തരെ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം 'ചിക്കു ഉണ്ടൊ ചിക്കു' എന്ന് മൂന്നുനാലു പ്രാവശ്യം വിളിച്ചിട്ടും ആരും വരാതിരുന്നപ്പോള്‍ ഹെഡ് നഴ്‌സ് വന്നു ലിസ്റ്റ് നോക്കി ഉറക്കെ ചിരിച്ചു. 'എന്റെ മോനെ, ദാ കണ്ണിന്റെയും മൂക്കിന്റെയും മുമ്പിലിരിക്കുന്ന ഈ ചേക്കുവിനെയാണോ നീ വിളിക്കുന്നത്.' അന്നുമുതല്‍ അവന്‍ ഞങ്ങള്‍ക്ക് ചിക്കുവാണ്.
ആദ്യമായി ഈ ബെഡില്‍ കിടന്നത് ഓര്‍ക്കാനേ വയ്യ.മനസ്സില്‍ സംഘര്‍ഷങ്ങള്‍ മാത്രമായിരുന്നു. രക്തത്തില്‍നിന്ന് മാലിന്യങ്ങളും ശരീരദ്രവങ്ങളും ജലവും നീക്കം ചെയ്യുന്ന കൃത്രിമ വൃക്കയുടെ സ്ഥാനമാണ് ഡയാലിസിസിനുള്ളത്. നെഫ്രോളജിസ്റ്റ് സ്‌നേഹത്തോടെ ഇതുപോലുള്ള കാര്യങ്ങള്‍ എനിക്കും ഏട്ടനും പറഞ്ഞുതന്ന് ആശ്വസിപ്പിച്ച് ധൈര്യം തന്നില്ലായിരുന്നുവെങ്കില്‍ ഞാനന്നേ പരലോകം പൂകിയിട്ടുണ്ടാവും.
ഡയാലിസിസിനെത്തുന്ന പലരുടെയും കൂടെ ആരെങ്കിലുമൊന്നുണ്ടാവും; ചായ കൊടുക്കാന്‍ ചര്‍ദിക്കാന്‍ പാത്രം പിടിച്ചുകൊടുക്കാന്‍ വണ്ടിയില്‍ കൊണ്ടുവരാനും കൊണ്ടുപോവാനും അതുമല്ലെങ്കില്‍ മസില്‍ കയറി പുളയുമ്പോള്‍ തടവിക്കൊടുക്കാന്‍... ആരെങ്കിലും കൂടെ ഉണ്ടായാല്‍ നല്ലതാണ്. എന്നും എന്റെ കൂടെ ഒരാളുണ്ടാവുക എന്നത് നിര്‍ബന്ധമാണെങ്കില്‍ അമ്മക്ക് അന്നംപോലും മുടങ്ങുമല്ലോ എന്ന വിഷമമായിരുന്നു. ഏട്ടന് ജോലിക്ക് പോവാനും ആശുപത്രിയിലേക്ക് തനിച്ചു വന്നാല്‍ മതിയെന്നും എന്നെ ബോധ്യപ്പെടുത്തിയത് ബഷീര്‍ക്കയാണ്. ചികിത്സാഫണ്ടിനായി രോഗികള്‍ക്ക് വിവിധ ഫോമുകള്‍ പൂരിപ്പിച്ചുകൊടുക്കുന്നതും ബഷീര്‍ക്കയാണ്. ഏതു രോഗിക്കും ഒറ്റപ്പെട്ടു എന്നൊരിക്കലും തോന്നാത്തവിധം അരികുചേര്‍ന്നുനില്‍ക്കാന്‍ തോള്‍ താഴ്ത്തിക്കൊടുക്കുന്ന വലിയ ആള്‍. ബഷീര്‍ക്കക്ക് നാടില്ല. പറഞ്ഞുവന്നാല്‍ എല്ലാവരുടെയും നാട്ടുകാരനാണയാള്‍. എല്ലായിടത്തും പരിചയക്കാര്‍. അവരോടെല്ലാം ആത്മബന്ധമുളളയാള്‍. എനിക്ക് അഛന്റെ സ്ഥാനത്താണ് ബഷീര്‍ക്ക. കൈയില്‍ കാശേയില്ലാത്ത ബഷീര്‍ക്ക അതെ പരുവത്തിലുള്ള എനിക്ക് ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്യാനുളള കാശ് തരുന്നു. ഇന്നും ഞാന്‍ നാല് മണിക്കൂര്‍ കഴിഞ്ഞ് ബെഡൊഴിയുമ്പോഴേക്ക് എന്റെ അടച്ച ബില്‍ കൈപറ്റാനുണ്ടാവും. അത് ദൈവം നേരിട്ടുവന്നാണോ ബഷീര്‍ക്കയാണോ എന്നൊന്നും എനിക്കറിയില്ല.
'ഷോനാ, ചായ വേണോ? ഓ, നിനക്ക് ഇഷ്ടമല്ലല്ലോ, മറന്നുപോയി.' അടുത്തബെഡിലെ ഗീതേച്ചിയാണ്. ഞാന്‍ ക്ലാസ്സില്‍ പോയി വരികയാണെന്ന് അറിയുന്നതിനാല്‍ ഇവരിലാരെങ്കിലും രണ്ട് മണിക്കൂര്‍ കഴിയുമ്പോഴേക്ക് വിശപ്പകറ്റാന്‍ എന്തെങ്കിലുമൊന്ന് വായിലെത്തിക്കും. ഇഷ്ടമുളളതെന്തും കിഡ്‌നിരോഗിക്ക് കഴിക്കാന്‍ പറ്റിയ ഒരേയൊരു സമയം. അവസാനത്തെ ഒരു മണിക്കൂര്‍ മുമ്പ് അത് നിര്‍ത്തുകയും വേണം. കഴിഞ്ഞദിവസം ആരോ കപ്പയും ഇറച്ചിയും വായിലിട്ട് തന്നതിന്റെ രുചി ഇന്നുമുണ്ട്.
'ബീപ്...ബീപ്.....ബീപ്....'  അലാറം എന്നെ ഉണര്‍ത്തി. ധന്യ സിസ്റ്റര്‍ വേഗം വന്ന് ഡയാലിസിസ് യന്ത്രത്തിന്റെ കരച്ചില്‍ നിര്‍ത്തി. പിന്നെ ഉറക്കം വന്നില്ല. അമ്മയോട് ചേര്‍ന്നുകിടന്ന് മാത്രം ഉറങ്ങിയിരുന്ന ഞാന്‍ ഇപ്പോള്‍ ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന ഈ ബെഡില്‍ നന്നായി ഉറങ്ങാനും ശീലിച്ചിട്ടുണ്ട്. രാത്രി വൈകുന്ന ദിവസങ്ങളില്‍ ആശുപത്രി വരാന്തയില്‍ തുണിവിരിച്ച് കിടന്നും നേരം വെളുപ്പിക്കാറുണ്ട്. അതുകൊണ്ടായിരിക്കണം എനിക്കീ ആശുപത്രി ഏറെ ആത്മബന്ധമുളള എന്റെ തറവാടുതന്നെ ആയത്.
'ഷോനച്ചേച്ചീ...' വാവിയാണ്. 'ഒന്നും മിണ്ടാതെ വല്യ ആലോചനയാണല്ലോ. എന്താ എന്നോട് പിണക്കാണോ?' തൊട്ടടുത്ത ബെഡ്ഡില്‍ അവളാണെന്നതുപോലും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ചിലപ്പോള്‍ ഞങ്ങള്‍ കഥ പറയും, ഒന്നിച്ച് പാട്ടു പാടും. അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് പിണങ്ങും. ഇതിപ്പോ ഒന്നും മിണ്ടാതെ നിന്നാല്‍ പിന്നെ അവള്‍ക്ക് സങ്കടമുണ്ടാവില്ലെ. 'ബീപ്.....ബീപ്...' അലാറം ഇടക്കിടെ അടിക്കുന്നു. അപ്പോഴെല്ലാം സിസ്റ്റര്‍ വന്ന് എന്തൊക്കെയോ അമര്‍ത്തി ശരിയാക്കുന്നുണ്ട്. എന്നിട്ടും ശരിയാകാത്ത ചിലപ്പോഴൊക്കെ മറ്റുളളവരെക്കൂടി സഹായത്തിനു വിളിക്കുന്നു. അവര്‍ തമ്മിലെന്തൊക്കെയോ പറയുന്നുണ്ട്. കൂടെക്കൂടെ ഇന്നെന്താ ഇങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ഡോക്ടര്‍ ഇപ്പോഴെത്തുമെന്ന് പറഞ്ഞ് അവരെന്തോ പിന്നെയും അടക്കം പറഞ്ഞു. ഡോക്ടര്‍ ഈ സമയത്ത് അത്യാവശ്യമുണ്ടെങ്കിലല്ലാതെ വരാറില്ലല്ലോ.
എനിക്ക് കാര്യമായി പ്രശ്‌നമൊന്നുമില്ല; എങ്കിലും നല്ല ക്ഷീണമുണ്ട്. രണ്ടുപ്രാവശ്യം ചര്‍ദിച്ചു. അതില്‍ രക്തമുണ്ടോ? ഇടതു കൈമുട്ടിനു മുകളില്‍ ഷോള്‍ഡറിനോട് ചേര്‍ന്ന് ചെറുതായുണ്ടായിരുന്ന വേദന ഇടക്ക് കലശലാകുന്നു. ഏട്ടന്‍ കാലില്‍ തടവുന്നുണ്ട്. ഏട്ടന്‍ എപ്പോഴാ വന്നത്. ഞാനതിനിടക്ക് വീണ്ടും മയങ്ങിയോ? അമ്മക്കല്ലേ ആരുമില്ലാത്തത്, ഏട്ടന് അവിടെ നിന്നാല്‍ പോരെ, ഇതൊന്നും ഏട്ടനോട് ചോദിക്കാന്‍ കഴിയാത്തതെന്താ?
കഴിഞ്ഞ ദിവസം 'നമുക്കിനി നാളെ കാണാം' എന്നു പറഞ്ഞപ്പോള്‍ ഉറക്കെ ചിരിച്ചു കാദര്‍ക്ക. 'നമുക്കെന്ത് നാളെ, മോളെ നമുക്ക് ഇന്ന്, ഇപ്പോള്‍ അതു മാത്രമേയുള്ളൂ.'  അതുപോലെ എന്റെ ജീവിതത്തിലെ നാളെക്ക് മാറ്റം വരികയാണോ? ഇപ്പോള്‍ നെഞ്ചിന്‍കൂട് പിളര്‍ക്കുന്ന വല്ലാത്ത വേദന ഇടക്കിടക്ക് വന്നുപോവുന്നുണ്ടോ? ഏട്ടന്‍ വിളിക്കുന്നുണ്ടോ, അല്ല,  അമ്മ ശ്വാസം കിട്ടാതെ ചുമക്കുന്നതായിരിക്കണം...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top