പിണ്ണാക്കുകളിലെ പോഷകങ്ങള്‍
ഡോ. പി.കെ മുഹ്‌സിന്‍
2016 ഫെബ്രുവരി
എണ്ണയുല്‍പാദനത്തിലെ ഒരു ഉപപദാര്‍ഥമാണ് പിണ്ണാക്ക്. എണ്ണ മനുഷ്യര്‍ ഉപയോഗിക്കുമ്പോള്‍ പിണ്ണാക്കുകള്‍ മുഖ്യമായും വളര്‍ത്തുമൃഗങ്ങള്‍ക്കാണ് ലഭിക്കുന്നത്. കന്നുകാലികളുടെ ആഹാരത്തില്‍ വളരെ പ്രമുഖമായ സ്ഥാനമാണ് പിണ്ണാക്കിനുള്ളത്.
എണ്ണയുല്‍പാദനത്തിലെ ഒരു ഉപപദാര്‍ഥമാണ് പിണ്ണാക്ക്. എണ്ണ മനുഷ്യര്‍ ഉപയോഗിക്കുമ്പോള്‍ പിണ്ണാക്കുകള്‍ മുഖ്യമായും വളര്‍ത്തുമൃഗങ്ങള്‍ക്കാണ് ലഭിക്കുന്നത്. കന്നുകാലികളുടെ ആഹാരത്തില്‍ വളരെ പ്രമുഖമായ സ്ഥാനമാണ് പിണ്ണാക്കിനുള്ളത്.
പിണ്ണാക്കുകള്‍ രണ്ടു തരത്തിലുണ്ട്; എണ്ണക്കുരുക്കളുടെ തോടുനീക്കി പരിപ്പുമാത്രം എടുത്തുണ്ടാക്കുന്നതും തോടുനീക്കാതെ ഉണ്ടാക്കുന്നതും. തോടുനീക്കുന്നതില്‍ നാരിന്റെ അളവ് കുറവും മാംസ്യത്തിന്റെയും അന്നജത്തിന്റെയും അളവ് കൂടുതലുമായിരിക്കും. പിണ്ണാക്കുകള്‍ പ്രധാനമായും മാംസ്യത്തിന്റെ ഒരു സ്രോതസ്സാണ്. കൂടാതെ, കൊഴുപ്പ്, അസംസ്‌കൃത നാര്, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവയും പിണ്ണാക്കില്‍ അടങ്ങിയിരിക്കുന്നു.
സാധാരണ കാലിത്തീറ്റയായി നല്‍കുന്ന പിണ്ണാക്കുകള്‍ നിലക്കടല പിണ്ണാക്ക്, എള്ളിന്‍പിണ്ണാക്ക്, തേങ്ങാ പിണ്ണാക്ക്, പരുത്തിക്കുരു പിണ്ണാക്ക് എന്നിവയാണ്. ഇവ കൂടാതെ, ലിന്‍സീഡ് പിണ്ണാക്ക്, സോയാബീന്‍ പിണ്ണാക്ക്, റബ്ബര്‍കുരു പിണ്ണാക്ക് എന്നിവയും മൃഗങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.
നിലക്കടല പിണ്ണാക്ക്
പ്രധാനമായും മാംസ്യസാന്ദ്രീകൃതാഹാരമായ നിലക്കടല പിണ്ണാക്ക് സ്വാദിലും ഗുണത്തിലും ഏറെ മുന്നിലാണ്. ഇതില്‍ 50 ശതമാനത്തോളം മാംസ്യം അടങ്ങിയിരിക്കുന്നു. കാല്‍സ്യവും ഫോസ്ഫറസും വളരെ കുറവാണ്. കന്നുകാലികള്‍ക്ക് രണ്ട് കി.ഗ്രാമും ആടുകള്‍ക്ക് 250 ഗ്രാമും ഈ പിണ്ണാക്ക് നല്‍കാം. തണുപ്പുള്ളതും സൂര്യപ്രകാശമില്ലാത്തതുമായ സ്ഥലങ്ങളില്‍ ഇത് സൂക്ഷിക്കുമ്പോള്‍, പിണ്ണാക്ക് കേടുവരുന്നതിനും കാലികള്‍ക്ക് പൂപ്പല്‍വിഷബാധ ഏല്‍ക്കുന്നതിനും സാധ്യതയുണ്ട്. കടലപ്പിണ്ണാക്ക് പശുക്കളുടെ തീറ്റയില്‍ കൂടുതല്‍ ചേര്‍ക്കുമ്പോള്‍ നെയ്യ് കൂടുതല്‍ മൃദുവാകുകയും തൈര് കടയുമ്പോള്‍ താമസം വരികയും ചെയ്യുന്നു.
എള്ളിന്‍ പിണ്ണാക്ക്
ഇതില്‍ ശരാശരി 42 ശതമാനം മാംസ്യം അടങ്ങിയിരിക്കുന്നു. മറ്റു പിണ്ണാക്കുകളേക്കാള്‍ ഫോസ്ഫറസിന്റെയും കാല്‍സ്യത്തിന്റെയും അളവ് കൂടുതലാണ്. 2.5 ശതമാനം കാല്‍സ്യവും 1.2 ശതമാനം ഫോസ്ഫറസുമുണ്ട്. ബി. ജീവകവും നല്ല തോതിലുണ്ട്. ഈ പിണ്ണാക്ക് കൊടുക്കുമ്പോള്‍ ഉല്‍പാദനം ഗണ്യമായി വര്‍ധിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. കറവപ്പശുക്കള്‍ക്ക് രണ്ട് കി.ഗ്രാമും കോഴിയുടെ തീറ്റയില്‍ 30 ശതമാനവും ഇത് ഉള്‍പെടുത്താം.
തേങ്ങാ പിണ്ണാക്ക്
തേങ്ങാ പിണ്ണാക്കില്‍ 21 ശതമാനം മാംസ്യമേയുള്ളൂ. നാടന്‍ ചക്കില്‍ ആട്ടിയെടുക്കുന്ന പിണ്ണാക്കില്‍ ഒന്‍പതു ശതമാനവും യന്ത്രച്ചക്കിലാട്ടിയെടുക്കുന്നതില്‍ ആറു ശതമാനവും കൊഴുപ്പ് കാണാം. കാല്‍സ്യം 0.2 ശതമാനവും ഫോസ്ഫറസ് 0.5 ശതമാനമേയുള്ളൂവെങ്കിലും, ബി. ജീവകങ്ങള്‍ വേണ്ടത്രയുണ്ട്. ഈ പിണ്ണാക്ക് വെള്ളത്തിലിട്ട് നന്നായി കുതിര്‍ത്ത ശേഷമേ കൊടുക്കാവൂ. ഇത് തീറ്റയില്‍ ഉള്‍പെടുത്തുമ്പോള്‍ ശരീരക്കൊഴുപ്പിന്റെയും വെണ്ണയുടെയും കട്ടികൂടുന്നതിനും മേന്മ വര്‍ധിക്കുന്നതിനും സഹായിക്കുന്നു. തന്മൂലം, കറവപ്പശുക്കള്‍ക്കും കൊഴുപ്പിക്കാനുദ്ദേശിക്കുന്നവക്കും ഇത് ഉത്തമമാണ്. കന്നുകാലികള്‍ക്ക് രണ്ട് കി.ഗ്രാമും ദിനംപ്രതി നല്‍കാം. കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയവ കുറവായതുകൊണ്ട് കോഴികള്‍ക്ക് അത്ര നല്ലതല്ല.
പരുത്തിക്കുരു പിണ്ണാക്ക്
തോടുനീക്കി പരിപ്പുമാത്രം എടുത്തുണ്ടാക്കുന്ന പിണ്ണാക്കില്‍ 41 ശതമാനം മാംസ്യമുണ്ട്. ബി. ജീവകങ്ങളും മെച്ചപ്പെട്ട തോതിലുണ്ട്. ഫോസ്ഫറസ് ഒരു ശതമാനവും കാല്‍സ്യം 0.2 ശതമാനവുമേയുള്ളൂ. ഈ പിണ്ണാക്ക് അധികമായി തീറ്റയില്‍ കൊടുത്താല്‍ വെണ്ണയുടെ കട്ടി കൂടുന്നു. കറവപ്പശുക്കള്‍ക്ക് നാല് കി.ഗ്രാം വരെ ഈ പിണ്ണാക്ക് നല്‍കാം.
വളരെ പ്രായം കുറഞ്ഞ കന്നുകുട്ടികള്‍, കോഴി എന്നിവക്ക് ഈ പിണ്ണാക്ക് അത്ര യോജിച്ചതല്ല. മുട്ടയിടുന്ന കോഴികളുടെ ആഹാരത്തില്‍ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ നല്‍കിയാല്‍ മുട്ടയുടെ മഞ്ഞക്കരുവിന് പച്ചയോ തവിട്ടോ നിറവും വെള്ളക്ക് ഇളം ചുവപ്പ് നിറവും കാണാം. ഈ പിണ്ണാക്കില്‍ 'ഗോസിപ്പോള്‍' എന്ന വസ്തു അടങ്ങിയിരിക്കുന്നതിനാലാണിത്.
കറവപ്പശുക്കള്‍ക്ക് അന്നജപ്രധാനമായ ആഹാരസാധനങ്ങള്‍ കുറച്ച് മാംസ്യാഹാരപ്രധാനമായ പിണ്ണാക്കുകള്‍ കൂടുതല്‍ നല്‍കുമ്പോള്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നു. കറവയുടെ ആദ്യഘട്ടത്തില്‍ പാലുല്‍പാദനത്തിനുവേണ്ട ഗ്ലൂക്കോസ് ശരീരത്തിന് കിട്ടാതെ വരുമ്പോള്‍ അവയെ 'കീറ്റോസിസ്' എന്ന രോഗം ബാധിക്കുന്നു. ഇത് തടയാനായി പ്രസവത്തിന്റെ ആദ്യഘട്ടത്തില്‍ ധാന്യസമ്പന്നമായ ആഹാരവും വൈക്കോലും പച്ചപ്പുല്ലും കൂടുതല്‍ നല്‍കേണ്ടതാണ്.