തണുപ്പ് കാലം കഴിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. ഒരു പനിയും ജലദോഷവും പിടിപെടാതെ പോകുന്ന ഈ സമയത്ത് വിരളമാണ്. കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇക്കാലത്ത് ശരീരത്തില്‍ കഫം വര്‍ധിക്കുന്നു; അത് പ്രതിരോധശേഷി കുറക്കുന്നു. അതാണ് ഇത്തരത്തിലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നത്. വിട്ടുമാറാത്തതും
തണുപ്പ് കാലം കഴിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. ഒരു പനിയും ജലദോഷവും പിടിപെടാതെ പോകുന്ന ഈ സമയത്ത് വിരളമാണ്. കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇക്കാലത്ത് ശരീരത്തില്‍ കഫം വര്‍ധിക്കുന്നു; അത് പ്രതിരോധശേഷി കുറക്കുന്നു. അതാണ് ഇത്തരത്തിലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നത്. വിട്ടുമാറാത്തതും പഴകിയതുമായ രോഗങ്ങളെക്കൂടി ഈ വിഭാഗത്തിലാണ് യൂനാനി വൈദ്യശാസ്ത്രം ഉള്‍പ്പെടുത്തുന്നത്.
ഒരിക്കലും ഭേദമാകാത്ത രോഗമായി കണക്കാക്കുന്ന അലര്‍ജി, തുമ്മല്‍ എന്നിവ ഒരു കഫരോഗമാണ്. കണ്ണ് ചൊറിച്ചില്‍, മൂക്ക് ചൊറിച്ചില്‍, തൊണ്ടവേദന, ശ്വാസം മുട്ട് എന്നിവയെല്ലാം ഇതേ കുടക്കീഴില്പ്പെട്ട രോഗങ്ങളാണ്. ഇവക്കെല്ലാം വ്യക്തമായ ചികിത്സ യൂനാനി വൈദ്യശാസ്ത്രം ഉറപ്പുതരുന്നു.
മനുഷ്യശരീരത്തെ ഏറ്റവും ബാധിക്കുന്നതും ജീവിതശൈലിയെ നിയന്ത്രിക്കുന്നതും വളരെ ആവശ്യമുള്ള അടിസ്ഥാനക്രമമായിട്ടാണ് യൂനാനി വൈദ്യശാസ്ത്രം കഫത്തെ നിര്‍വചിക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും ശരീരസ്വഭാവവും കഫരോഗങ്ങളെ സ്വാധീനിക്കുന്നു. എന്നാല്‍ ശരീരത്തിലെ ജീവല്‍ പ്രക്രിയകളെ നിയന്ത്രിക്കുവാനും ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും കഫം സഹായിക്കുന്നു.
ശരീരത്തില്‍ അനുഭവപ്പെടുന്ന ഏറ്റവും പഴകിയ സ്വഭാവമുള്ള രോഗങ്ങളെ പൊതുവായി യൂനായി വൈദ്യശാസ്ത്രം കഫരോഗങ്ങളായിട്ടാണ് പരിഗണിക്കുന്നത്. സാധാരണയായി കണ്ടുവരുന്ന കഫക്കെട്ട്, ജലദോഷം, ഒച്ചയടപ്പ് എന്നിവയെല്ലാം ഈ ഗണത്തില്‍പ്പെടുന്നു.
മനുഷ്യനെ ശാരീരികമായും മാനസികമായും സാമ്പത്തികമായും ബാധിക്കുന്ന രോഗങ്ങളാണ് കഫരോഗങ്ങള്‍. ദിവസത്തിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കുന്ന രോഗങ്ങളാണ് ഇവയില്‍ അധികവും. പുലര്‍ച്ചെയും രാത്രിസമയത്തും കഫരോഗങ്ങള്‍ കൂടിയും ഉച്ചക്കും വൈകുന്നേരത്തും കുറഞ്ഞും ഇരിക്കും. അതായത് ഈ രോഗങ്ങള്‍ നല്കുന്ന ലക്ഷണവും സ്വഭാവവും അവ സൃഷ്ടിക്കുന്ന ശരീരവ്യതിയാനവും വളരെ പ്രകടമാണ്. ശരീരത്തിന്റെ തുലനനില അഥവാ ആരോഗ്യാവസ്ഥ നിമിഷാര്ധത്തില് നിലനിര്‍ത്താനും താളപ്പിഴകള്‍ ഉണ്ടാക്കാനും വളരെ പെട്ടെന്ന് കഫരോഗങ്ങള്‍ക്ക് കഴിയും.
കഫരോഗങ്ങളെ ഓരോന്നായി വളരെ വിശദമായി പ്രതിപാദിക്കേണ്ടതുണ്ട്. എന്നാല്‍ അവയുടെ സ്വഭാവം, രോഗത്തിന്റെ തോത് എന്നിവയെല്ലാം ഏകദേശം ഒരേപോലെയായതിനാല്‍ അടിസ്ഥാനസ്വഭാവങ്ങളിലൂടെ ഒന്നുപരിശോധിക്കാം.
കഫം: യൂനാനി വൈദ്യശാസ്ത്രപ്രകാരം ശരീരത്തിലെ അടിസ്ഥാന ദ്രവങ്ങളിലെ ചതുര്‍ദോഷങ്ങളില്‍ പ്രധാനിയാണ് കഫം
പ്രപഞ്ചത്തിലെ പ്രാഥമിക ഘടകമായ ജലത്തിന്റെ സമാനഗുണമായിട്ടാണ് ഇത് ശരീരത്തില്‍ സാന്നിധ്യം അറിയിക്കുന്നത്. പ്രശസ്ത യൂനാനി ഭിഷഗ്വരനായ ജാലിനൂസിന്റെ അഭിപ്രായത്തില്‍ കഫം ഒരു രോഗനിതാനിയല്ല. അത് കൃത്യമായ അളവിലും സ്വഭാവത്തിലും ശരീരത്തിന് ആവശ്യമാണ്.
ശ്വാസോഛ്വാസപ്രക്രിയകളിലും തലച്ചോറുമായി ബന്ധപ്പെട്ടുകിടക്കുന്ന അവയവ വ്യസ്ഥയിലും കഫം ഒഴിച്ചുകൂടാനാവാത്ത ദ്രവമാണ്. ശ്വാസകോശത്തെ സംരക്ഷിക്കുന്ന പ്ല്യൂറ (Pleura)യുടെ സ്തരത്തില്‍ കഫസാന്നിധ്യം ആവശ്യമാണ്. കൂടാതെ മസ്തിഷ്കത്തില്‍ നിന്നും ഞരമ്പുകളുടെ കമ്പനം നിയന്ത്രിക്കുന്നതിനും മെനിഞ്ചസ് എന്ന സ്തരം തലച്ചോറിനെ പൊതിയുന്നതിനും കഫം ആവശ്യമാണെന്ന് യൂനാനി വൈദ്യശാസ്ത്രം വ്യക്തമാക്കുന്നു.
ശരീരത്തില്‍ കഫത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ രോഗങ്ങള്‍ക്ക് ഹേതുവാകുന്നു. അത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. തണുപ്പും ഈര്‍പ്പവും കൂടിയ സ്വഭാവമാണ് കഫത്തിന്. ആയതിനാല്‍, ശരീരത്തിന് ആവശ്യമായ പോഷണം കോശങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നത് കഫമാണ്. കൂടാതെ ചൂടിനെയും തണുപ്പിനെയും ശരീരത്തില്‍ നിയന്ത്രിക്കുന്നതും കഫത്തിന്റെ ജോലിയാണ്.
ആന്തരികമായ കലകളുടെ സ്വഭാവം നിലനിര്‍ത്തുന്നതിന് കഫത്തിന്റെ പങ്ക് വളരെ ഏറെയാണെന്ന് ഹക്കീം കബീറുദ്ദീന് തന്റെ 'ഷര്ഹ് അസ്ബാബ്' എന്ന ഗ്രന്ഥത്തില്‍ വ്യക്തമായി വിവരിക്കുന്നുണ്ട്.
പ്രകൃതിയിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍, ഭക്ഷണങ്ങളിലെ ഈര്‍പ്പത്തിന്റെയും തണുപ്പിന്റെയും വര്‍ധനവ് എന്നിവ ശരീരത്തില്‍ കഫം വര്ധിക്കുവാന് കാരണമാകുന്നു.
കഫം വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍
ജന്മനാ കഫപ്രകൃതിയുള്ളവര്‍
ശരീരസ്വഭാവം, ഘടന, നിറം, പ്രവര്‍ത്തനരീതി എന്നിവ അടിസ്ഥാനപ്പെടുത്തി മനുഷ്യശരീരപ്രകൃതിയെ നാലായി തരംതിരിക്കുന്നു; കഫപ്രകൃതി, രക്തപ്രകൃതി, പിത്തപ്രകൃതി, വാതപ്രകൃതി. കഫപ്രകൃതക്കാരില് തണുപ്പും ഈര്‍പ്പവും കൂടിയ ശരീരഘടനയായിരിക്കും. തടികൂടിയവരും മാര്ദ്ധവും കൂടിയ ശരീരവും ആയിരിക്കും. സ്ത്രീകളുടെ ശരീരം കഫപ്രകൃതത്തോട് അടുത്താണ്.
ശാരീരിക ചലനങ്ങള്‍ കുറവ്
പൊതുവില്‍ വ്യായമക്കുറവുള്ളവരില് കഫം വര്‍ധിക്കുന്നു. കാരണം, ഇത്തരക്കാരില്‍ ഈര്‍പ്പം കൂടുന്നതിനാല്‍ കഫം വര്‍ധിക്കുന്നു. ശരീരഭാരം കൂടുതല്‍ ഉള്ളവരിലും പ്രായാധിക്യം കൂടിയവരിലും കഫം കൂടുതലായി കണ്ടുവരുന്നു. ആയതിനാല്‍ ഇത്തരക്കാരെ കഫരോഗങ്ങള്‍ വളരെ വേഗത്തില്‍ കീഴ്പ്പെടുത്തുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങള്‍
ഉറക്കം കൂടുതല്‍ ഉള്ളവരില്‍ ഈര്‍പ്പവും തണുപ്പും വര്‍ധിക്കുന്നു. ശരീരത്തിലെ മേദസ്സ് അമിതമായി ദുര്‍മേദസ്സായി മാറുന്നതും കഫത്തിന്റെ തോത് ഉയരാന്‍ കാരണമാകുന്നു.
കാലാവസ്ഥാ വ്യതിയാനം
തണുപ്പുകാലവും മഴക്കാലവും പൊതുവില്‍ കഫരോഗങ്ങള്‍ വര്ധിക്കുവാന് കാരണമാകുന്നു. ഈര്‍പ്പവും തണുപ്പും വര്‍ധിക്കുന്നത് കഫരോഗങ്ങള്‍ അധികമാവുന്നതിന് നിതാനമാവുന്നു. ശരീരത്തിന് ഏറ്റവും അധികം പ്രതിരോധശേഷി ആവശ്യമായി വരുന്നത് കാലവസ്ഥവ്യതിയാനങ്ങളിലാണ്. ഒരു കാലാവസ്ഥയില്‍ നിന്നും മറ്റൊരു കാലാവസ്ഥയിലേക്ക് ശരീരത്തിനെ എത്തിക്കുന്നതിന് ഏറെ തയ്യാറാകേണ്ടതുണ്ട്്.
തണുപ്പിച്ച ഭക്ഷണപാനീയങ്ങളുടെ അമിതോപയോഗം
ശീതീകരിച്ച ഭക്ഷണങ്ങള്‍ ആണ് കഫരോഗങ്ങളുടെ മുഖ്യശത്രു. ശരീരത്തിന് കൂടുതല്‍ ശുഷ്കത വര്‍ധിപ്പിക്കുന്നത്. നീര്ദോഷത്തിനും കഫാധിക്യത്തിനും കാരണമാകുന്നു. ഈര്‍പ്പം നിലനിര്‍ത്താന്‍ ശരീരം ശ്രമിക്കുമ്പോള്‍ കഫത്തിന്റെ അളവ് ആവശ്യമായതിലും അധികമാവുന്നു. കഫം ശരീരത്തിനെ കീഴ്പ്പെടുത്തി മിത്രം ശത്രുവായി മാറുന്നു. അതിനാല്‍ തണുപ്പുള്ളതും തണുപ്പിച്ച ഭക്ഷണപദാര്‍ഥങ്ങളും പാടെ ഒഴിവാക്കുന്നത് കഫത്തിന്റെ തോത് തടയുന്നതിന് ആവശ്യമാണ്.
പുകവലി
പുകവലി മറ്റേത് സ്വഭാവത്തേക്കാളും അപകടകാരിയും കഫത്തെ അധികരിപ്പിക്കുന്നതുമാണ്. പുകവലിക്കാരില്‍ പ്രായം വര്‍ധിക്കുന്നതിന് അനുസരിച്ച് കഫരോഗങ്ങള്‍ വര്‍ധിക്കുന്നു. വിട്ടുമാറാത്ത ചുമ, വലിവ് എന്നിവ പുകവലിയുടെ സംഭാവനയാണ്.
ലക്ഷണങ്ങള്‍: തുമ്മല്‍, മൂക്കൊലിപ്പ്, കണ്ണ് ചൊറിച്ചില്‍, തൊണ്ടചൊറിച്ചില്‍, മൂക്ക് ചൊറിച്ചില്‍, തലക്കനം, തലവേദന, ചെവിയടപ്പ്, അകാലനര, സന്ധികളില്വേദന, നീര്‍ക്കെട്ട്, ശ്വാസംമുട്ട്, തൊണ്ടവേദന, മറവി, ക്ഷീണം എന്നിവ കഫരോഗലക്ഷണങ്ങളാണ്.
കഫരോഗങ്ങള്‍:
1. സൈനസൈറ്റിസ്
2. മൂക്കില്‍ ദശ
3. ടോണ്‍സിലൈറ്റിസ്
4. മൂക്കിന്റെ പാലം വളയല്‍
5. വിട്ടുമാറാത്ത ജലദോഷം
6. ആസ്തമ
7. വെള്ളപ്പാണ്ട്
8. തലവേദന
മുകളില്‍ പറഞ്ഞ രോഗങ്ങള്‍ക്കെല്ലാം കാരണം ശരീരത്തില്‍ അമിതകഫം ഉല്പാദിപ്പിക്കപ്പെടുന്നതാണ്.
ആധുനിക വൈദ്യശാസ്ത്രത്തില്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കുന്ന മൂക്കിലെ ദശ, പാലം വളയല്‍ എന്നിവ രണ്ടും മൂന്നും ശസ്ത്രക്രിയകള്‍ക്ക് ശേഷവും വീണ്ടുംവരുന്നത് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കഫം ഉള്ളതുകൊണ്ടാണ്. യൂനാനി ചികിത്സപ്രകാരം കഫം കുറയാനുള്ള ഔഷധചികിത്സ ഈ രോഗങ്ങള്‍ക്ക് ഏറെ ഫലപ്രദമാണ്.
രോഗനിര്‍ണയം
1. രക്തപരിശോധന: വെളുത്ത രക്താണുക്കളുടെ അളവ്, വ്യതിയാനം എന്നിവ രോഗനിര്‍ണയത്തിന് എളുപ്പമാകുന്നു.
2. കഫപരിശോധന: രോഗാണുക്കളുടെ തോത് മനസ്സിലാക്കുന്നു.
3. എക്സറേ: നെഞ്ചിന്റെ എക്സറേ കഫാധിക്യം മനസ്സിലാക്കാന്‍ സഹായിക്കും.
ചികിത്സാമാര്‍ഗങ്ങള്‍
കഫരോഗങ്ങളെ രണ്ടുരീതിയില്‍ പ്രധാനമായും ചികിത്സിക്കുന്നു.
1. ഒറ്റമൂലികള്‍ ഉപയോഗിച്ച്
കഫാധിക്യം കുറക്കാന്‍ കഴിവുള്ള പച്ചമരുന്നുകള്‍ ഒറ്റമൂലിയായി ഉപയോഗിച്ച് രോഗത്തിന്റെ തീവ്രത കുറക്കാം. ചൂടും വരള്‍ച്ചയും നല്കുന്ന ഔഷധങ്ങളാണ് യൂനാനിവൈദ്യം കൂടുതലായി നല്‍കിവരാറുള്ളത്. ഫില്ഫിലൈന് (കുരുമുളകും തിപ്പല്ലിയും) ഒരു പ്രധാന കഫഹാരിയാണ്. കൂടാതെ മുലട്ടി (ഇരട്ടിമധുരം), അടൂസ (ആടലോടകം), ഖയാഷ്അമ്പര് (കണിക്കൊന്ന), ചോമ്പ് മീനി (ചീനപ്പാസ്) എന്നിവയെല്ലാം യൂനാനിയിലെ കഫത്തെ ഇല്ലാതാക്കുന്ന ഒറ്റമൂലികള്‍ ആണ്.
2. ഔഷധ ചികിത്സ: യൂനാനി വൈദ്യശാസ്ത്രത്തില്‍ വളരെ വിശദമായി കഫരോഗനിര്മാര്ജനം വിവരിക്കുന്നുണ്ട്. പഴകിയതും ശരീരം പുതുതായി നിര്‍മിക്കുന്നതുമായ അമിത കഫത്തിനെ വിവിധരീതിയില്‍ പുറത്തുകളയുവാന്‍ വ്യത്യസ്തരീതികള്‍ അവലംബിക്കുന്നു. അതിനായി കൂട്ടൗഷധ ചികിത്സ വളരെ പ്രസിദ്ധമാണ്. മുന്സിജ് മുസ്ഹില് ചികിത്സ പഴകിയ കഫത്തിനെ ശരീരം ഉന്മൂലനം ചെയ്യാന്‍ വേണ്ടി ചെയ്യുന്നതാണ്.
പഥ്യങ്ങള്‍
കഫരോഗങ്ങളെ നിയന്ത്രിക്കാന്‍ ആഹാരങ്ങളില്‍ പഥ്യം ആവശ്യമാണ്. തണുപ്പും ഈര്‍പ്പവും കൂടിയ ഭക്ഷണക്രമം കുറക്കണം. തണുപ്പുള്ളതും പുളിയുള്ളതുമായ എല്ലാ ഭക്ഷണങ്ങളും കുറക്കേണ്ടതാണ്. വെണ്ടക്ക, വെള്ളരിക്ക, കക്കരിക്ക, എന്നീ പച്ചക്കറികളും ഓറഞ്ച്, മുസമ്പി, മുന്തിരി എന്നീ പഴങ്ങളും പാല്, മോര്, തൈര്, അച്ചാര്‍ എന്നീ ആഹാരങ്ങളും കുറക്കുന്നത് കഫം കുറയാന്‍ സഹായിക്കും. തണുപ്പുകാലത്ത് ഇത്തരം ആഹാരം കുറക്കേണ്ടതാണ്. നാം കേരളീയര്‍ എല്ലാ കാലത്തും ഒരേ ഭക്ഷണം കഴിക്കുന്നവരാണല്ലോ; അതെല്ലാം തന്നെ പല രോഗങ്ങളും വര്ധിക്കുവാന് കാരണമാകുന്നു.
കൂടാതെ, പകല്‍ ഉറങ്ങുന്നത്, ഫാനിന്റെ കാറ്റ് അമിതമായി ഉപയോഗിക്കുന്നത് എല്ലാം ശരീരത്തില്‍ കഫം വര്ധിക്കുവാന് കാരണമാകുന്നു.
കഫരോഗങ്ങള്‍ മാറാരോഗങ്ങളല്ല, അവക്ക് വ്യക്തമായ ചികിത്സ യൂനാനിവൈദ്യശാസ്ത്രം നല്‍കുന്നുണ്ട്. വളരെ ഫലപ്രദവും ഏറെ എളുപ്പവും ചെലവുകുറഞ്ഞതും ആണ്. ക്യത്യമായ കാലയളവില്‍ കഴിച്ച് രോഗം പരിപൂര്‍ണമായി മാറ്റാവുന്നതാണ്.