മൂന്നാമത്തെ ദിവസം തന്നെ പരസ്യത്തിനു മറുപടി വന്നു. രാവിലെ ഒരു ഒന്‍പതുമണിയായപ്പോള്‍ ഫോണ്‍വന്നു. 'ഹലോ, ഇത് ജമാല്‍ മുഹമ്മദ് ആണോ?'
'അതെ ആരാണ്?'
മൂന്നാമത്തെ ദിവസം തന്നെ പരസ്യത്തിനു മറുപടി വന്നു. രാവിലെ ഒരു ഒന്‍പതുമണിയായപ്പോള്‍ ഫോണ്‍വന്നു. 'ഹലോ, ഇത് ജമാല്‍ മുഹമ്മദ് ആണോ?'
'അതെ ആരാണ്?'
'പേര് റഫീഖ് ഹസ്സന്‍. വയസ്സ് ഇരുപത്തിയാറ്. ടൗണിനടുത്ത് ഒരു തടിമില്ലില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ്. പരസ്യത്തില്‍ പറഞ്ഞകുട്ടി നിങ്ങളുടെ മകളാണോ?'
'അതെ...'
'എനിക്ക് ഉപ്പയില്ല. ഉമ്മയും രണ്ട് സഹോദരികളുമാണുള്ളത്. പോളിടെക്‌നിക് ഡിപ്ലോമയുണ്ട്. ഗള്‍ഫില്‍ ഉയര്‍ന്ന ജോലി സുഹൃത്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്. പിന്നെ എന്റെ സഹോദരിമാര്‍ രണ്ടുപേരും ചെറുപ്പമാണ്. പതിനൊന്നും എട്ടും വയസ്സുള്ളവര്‍. ഉമ്മാക്ക് നല്ല സുഖംപോരാ. എപ്പോഴും പറയും ഒരു വിവാഹം കഴിക്കാന്‍. സ്ത്രീധനം ഒന്നും ആവശ്യമില്ല. അന്വേഷിക്കാന്‍ താല്‍പര്യമാണെങ്കില്‍ നമ്പര്‍ തരാം...'
ആ നമ്പര്‍ എഴുതിയെടുത്തു കഴിയുന്നതിനുമുമ്പെ മറ്റൊരു കോള്‍ വന്നു.
വൈകുന്നേരമാകുമ്പോഴേക്കും ഇരുപതോളം പേര്‍ വിളിച്ചു. അതില്‍ നല്ല ജോലിയുള്ളവരുണ്ട്, ഗള്‍ഫുകാരുണ്ട്, ബിസിനസ്സ് ചെയ്യുന്നവരുണ്ട്. എന്തിനേറെ പറയുന്നു, സീരിയലില്‍ അഭിനയിക്കുന്ന ചെറുപ്പക്കാരന്‍ എന്നു പരിചയപ്പെടുത്തി ഒരു വിരുതനും വിളിച്ചു.
അമ്പരപ്പോടെ ആലോചന പോയത് ഇപ്രകാരമാണ്. ചെറുപ്പക്കാര്‍ ഭൂരിപക്ഷവും സ്ത്രീധനമോഹികളല്ല. പിന്നെ, സ്ത്രീധനത്തിന് കണക്കുപറയുന്നവര്‍ ആരാണ്? ഇടനിലക്കാരും, ബ്രോക്കര്‍മാരുമാണ് ഇതിനുപിന്നില്‍. മുന്നിലില്ലെങ്കിലും പുരോഹിതന്മാര്‍ക്കും ഈ അനീതിയില്‍ കാര്യമായ പങ്കുണ്ട്, തീര്‍ച്ച.
ബ്രോക്കര്‍മാര്‍ക്ക് ഇതൊരു ഉപജീവനമാണ്. അവരെ മാപ്പുസാക്ഷികളാക്കിയേക്കാം.
സ്ത്രീധനം മതപരമല്ല, എന്ന് എല്ലാവരും പ്രസംഗിക്കുന്നു. ഫീച്ചറുകളെഴുതുന്നു; സ്ത്രീധനരഹിത വിവാഹങ്ങള്‍ കെട്ടുകാഴ്ചകളുമായി നടത്തുന്നു. പക്ഷേ, ഇപ്പോഴും സ്ത്രീധനം കണക്കുപറഞ്ഞ് വാങ്ങുന്നു. കൊടുക്കാനില്ലാത്തവര്‍ അമര്‍ത്തിവെച്ച ദുഃഖത്തോടെ കഴിച്ചുകൂട്ടുന്നു. പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നു. സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകള്‍, കൊലപാതകങ്ങള്‍ ഇതെല്ലാം കണക്ക് പറയുന്നത് പ്രകാരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനെല്ലാം സമാധാനം പറയേണ്ടവര്‍ ആരൊക്കെ?
അങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പടിക്കല്‍ ഒരു ഓട്ടോറിക്ഷ വന്നുനില്‍ക്കുന്ന ശബ്ദം കേട്ടത്.
മൂത്തമകളും അവളുടെ മക്കളും അതില്‍നിന്നിറങ്ങി. മക്കളെ കണ്ടപാടെ സന്തോഷം തോന്നി. അടുത്തേക്ക് ചെന്ന് ഇളയവനെ വാങ്ങി ഒരുമ്മ കൊടുത്തു.
അവളുടെ മുഖത്ത് എന്തോ ദുഃഖമുണ്ട്. കണ്ടപ്പോള്‍ തന്നെ മനസ്സിലായി. എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയുള്ള വരവാണ്. അമ്മായിയമ്മയുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയിട്ടുണ്ടാവണം.
വരട്ടെ, ഇപ്പോള്‍ ഒന്നും ചോദിക്കാതിരിക്കുന്നതാണ് ബുദ്ധി.
'അന്‍സാര്‍ എവിടെപ്പോയി.'
'ഓര്‍ക്ക് പണിത്തെരക്കാണുപ്പാ... ഇന്നേക്ക് എത്രദിവസായി ഉപ്പ വന്നിട്ട്. ഒരിക്കലല്ലേ എന്റെയടുത്തേക്ക് വന്നത്.' അവള്‍ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ പറഞ്ഞു.
ഒന്നും മിണ്ടിയില്ല. പതുക്കെ പുഞ്ചിരിച്ചു.
ചെറുപ്പത്തിലേ അവളുടെ സ്വഭാവമിതാണ്. തൊട്ടതിനും പിടിക്കുന്നതിനും ആരോടെങ്കിലും പിണങ്ങുക. തനിക്ക് ഒരു പിഴവ് വന്നാല്‍ അതിന് മറ്റുള്ളവരോട് തട്ടിക്കയറുക. മൂന്നാം ക്ലാസ്സില്‍ വെച്ച് ഏതോ ഒരധ്യാപകന്‍ വഴക്കുപറഞ്ഞു എന്നും പറഞ്ഞ് ക്ലാസ്സില്‍നിന്ന് അവള്‍ ഇറങ്ങിപ്പോന്നു. ഇനി തിരിച്ച് ക്ലാസ്സില്‍ പോകണമെങ്കില്‍ ആ ടീച്ചറുടെ പിരീഡ് ഉണ്ടാവരുത് എന്ന് കട്ടായം പറഞ്ഞു.
അവസാനം ടീച്ചര്‍ തന്നെ ചോക്ലേറ്റുമായി വന്ന് കാലുപിടിക്കുകയായിരുന്നു. മനസ്സുണ്ടായിട്ടായിരിക്കില്ല; ടീച്ചറുടെ ക്ലാസ്സില്‍ കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു.
ഏതായാലും ആ സ്വഭാവത്തില്‍നിന്ന് കക്ഷി അണുകിട മാറിയിട്ടില്ല.
മക്കളേയും കൂട്ടി അകത്തേക്ക് ചെന്നപ്പോള്‍, ഭാര്യ ചക്കപ്പുഴുക്ക് ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്.
ചക്ക എന്ന് കേള്‍ക്കുന്നതേ കലിയാണ് പുതിയ കുട്ടികള്‍ക്ക്. സാബിറക്കും ഇപ്പോള്‍ ചക്ക പ്രിയപ്പെട്ട വസ്തുവല്ല. നിര്‍ബന്ധിച്ചും പൂതി പറഞ്ഞും സമ്മതിപ്പിക്കുകയായിരുന്നു. ഇളവയവള്‍ കെറുവിച്ച് അകത്തെവിടെയോ പോയി പഠിക്കാനുണ്ടെന്ന ന്യായത്തില്‍ കിടന്നുറങ്ങുകയാവും.
അവള്‍ക്ക് സ്വന്തമായി ചില തീരുമാനങ്ങളുണ്ട്. ആന കുത്തിയാലും അതില്‍നിന്ന് മാറില്ല.
ഇന്നയിന്ന പണികളൊക്കെ ഞാന്‍ ചെയ്‌തോളാം. അത് കഴിഞ്ഞ് ഒന്നും പറയരുത് എന്ന താക്കീതോടെയാണ് വല്ല ജോലിയും ചെയ്യുക. അത് മടികൂടാതെ ചെയ്യും.
പക്ഷേ, അത് കഴിഞ്ഞ് മറ്റെന്തെങ്കിലും ചെയ്യാന്‍ അവളെ കിട്ടിയെന്നുവരില്ല.
കുട്ടികളേയും മോളേയും കണ്ടതോടെ ഭാര്യ ഉഷാറായി. അല്‍പം വെളിച്ചെണ്ണ കൈയില്‍ പുരട്ടി പഞ്ഞിപ്പശ തുടച്ചു.
മക്കളെ എടുത്ത് ലാളിക്കുമ്പോള്‍ അവള്‍ക്കും ബോധ്യമായി വെറുമൊരു സന്ദര്‍ശനത്തിനല്ല മോള് വന്നിരിക്കുന്നതെന്ന്...
അത്താഴം കഴിഞ്ഞ് കിടക്കാന്‍ നേരത്താണ് സാബിറയില്‍ നിന്നും ആ വിവരമറിഞ്ഞത്.
അമ്മായിയമ്മയുമായി ഉഗ്രന്‍ വഴക്കിനുശേഷം ഇറങ്ങിപ്പോന്നതാണ്. ഇനി അങ്ങോട്ട് പോകില്ലെന്നാണ് അവള്‍ ഉറപ്പിച്ച് പറയുന്നത്.
ചിരിക്കാനാണ് തോന്നിയത്.
ഈ പെണ്ണിന് ഭ്രാന്താണോ? എട്ടുവര്‍ഷം നീണ്ട ദാമ്പത്യം വെറുമൊരു അമ്മായിയമ്മപ്പിണക്കത്തിന്റെ പേരില്‍ വേണ്ടെന്നുവെക്കുകയോ?
മൂത്തവന് വയസ്സ് ആറരയായി. രണ്ടാമന് രണ്ടും. അവള്‍ക്ക് ഇരുപത്തിയാറോ ഇരുപത്തിയേഴോ ആയി. ജീവിതത്തെക്കുറിച്ച് പ്രാഥമികമായ ഒരു ജ്ഞാനം പോലും തന്റെ പുന്നാരമോള്‍ക്ക് ഇല്ലാതായിപ്പോയല്ലോ എന്നാലോചിച്ചപ്പോള്‍ സങ്കടം തോന്നി.
പിറ്റേന്ന്, സാവകാശത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അമ്മായിയമ്മക്ക് അവള്‍ എന്ത് ചെയ്താലും തൃപ്തിയാകുന്നില്ല പോലും. തൊടുന്നതിനെല്ലാം കുറ്റം പറയുന്നു. കഴുകിവെച്ച പാത്രങ്ങള്‍ വൃത്തിയായില്ലെന്ന് പറഞ്ഞ് വീണ്ടും കഴുകിക്കും. ഒരല്‍പസമയം ഭര്‍ത്താവുമൊത്ത് സംസാരിച്ചിരിക്കുന്നത് ഇഷ്ടപ്പെടില്ല. മുന്നില്‍പെട്ടാല്‍ തുടങ്ങും പിറുപിറുക്കാന്‍.
ഇതെല്ലാം പറഞ്ഞ് അവള്‍ കണ്ണീരൊഴുക്കാന്‍ തുടങ്ങി. പുഞ്ചിരിയോടെ അവളുടെ കൈ കവര്‍ന്നു.
'ആ പഴയ മൂന്നാം ക്ലാസ്സുകാരിയാ നീയിപ്പോഴും. മുതിര്‍ന്ന്, രണ്ട് മക്കളുടെ ഉമ്മയായി. മക്കളെയും ഭര്‍ത്താവിനെയും വീട്ടുകാരെയും നോക്കി, ഉത്തരവാദിത്വത്തോടെ ഒരു കുടുംബത്തെ മുന്നോട്ടുനയിക്കേണ്ടവളല്ലേ നീ. ഒരു വീടാകുമ്പോള്‍, ചില്ലറ പ്രശ്‌നങ്ങളൊക്കെയുണ്ടാകും. എല്ലാവരുടെയും മനസ്സും പെരുമാറ്റവും ഒരുപോലെയാവില്ല. പരമാവധി ക്ഷമ കാണിക്കണ്ടേ മോളേ... അല്ലാതെ നിസ്സാരമായ പ്രശ്‌നങ്ങള്‍ക്ക് ഭര്‍ത്താവിനോട് പോലും സമ്മതം ചോദിക്കാതെ വീടുവിട്ടിറങ്ങിപ്പോരുക എന്നൊക്കെ പറഞ്ഞാല്‍...'
അവള്‍ ഷാളിന്റെ വക്കുകള്‍ തെരുത്തുകൊണ്ട് ദൃഢനിശ്ചയത്തോടെ പറഞ്ഞു. 'ഞാനൊരുപാട് കാലമായി ഇത് സഹിക്കുന്നു. ഇനിയും ഇത് സഹിക്കാന്‍ കഴിയില്ല ഉപ്പാ... ടൈലറിംഗ് ജോലിക്കോ മറ്റെന്തെങ്കിലും ജോലിക്കോ പോയി ഞാന്‍ കഴിഞ്ഞോളാം. ആര്‍ക്കും ഒരു ഭാരമാവില്ല...' ആ വാക്കുകള്‍ പറഞ്ഞപ്പോഴേക്കും അവള്‍ കരഞ്ഞുപോയി.
സംഗതി പന്തിയല്ലെന്ന് തോന്നി. പതുക്കെ എഴുന്നേറ്റു. 'മോളേ... നീ സമാധാനിക്ക്. ഞാനേതായാലും അന്‍സാറുമായിട്ട് സംസാരിക്കട്ടെ.'
അവളുടെ സംസാരത്തില്‍ നിന്നും മനസ്സിലാകുന്നത് കഠിനമായി ഏതോ അസ്വസ്ഥത അവള്‍ക്ക് അനുഭവപ്പെടുന്നുണ്ട് എന്നു തന്നെയാണ്. ഇക്കാലത്ത് ഒന്നും അങ്ങനെ മുഖവിലക്കെടുക്കാതെ തള്ളിക്കളഞ്ഞു കൂടാ. തനിക്കാരുമില്ലാ എന്ന് ചിന്തിക്കുമ്പോഴാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക എന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്.
വൈകുന്നേരം അന്‍സാറിന്റെ മൊബൈലിലേക്ക് വിളിച്ചു.
'മോനേ... നിന്നെ ഒന്ന് കാണണമല്ലോ...'
'അതിനെന്താണുപ്പാ... കടപൂട്ടി ഞാനങ്ങോട്ടേക്ക് വരാം...'
മൂത്ത പുതിയാപ്ലയാണ്. എന്നു വെച്ചാല്‍ കുടുംബത്തിലേക്ക് കയറിവന്ന ആദ്യത്തെ വിശിഷ്ട വ്യക്തി. ഏറ്റവും വിനയം നിറഞ്ഞ പെരുമാറ്റത്തിനുടമയാണ് അന്‍സാര്‍. നല്ല മതഭക്തന്‍, സല്‍സ്വഭാവി, പൊതുസമ്മതന്‍. അവനെക്കുറിച്ച് മകള്‍ക്ക് എതിരഭിപ്രായമില്ല.
കുറച്ച് മത്സ്യവും, പച്ചക്കറികളും പോയി വാങ്ങി. അവന് ഇറച്ചി കഴിക്കുന്ന പതിവില്ല. മത്സ്യമാണ് ഇഷ്ടം. മുളകിട്ട ആവോലിക്കറിയും ചപ്പാത്തിയും ഉണ്ടാക്കിവെക്കാന്‍ ഭാര്യയെ ശട്ടം കെട്ടി. മരുമകന്‍ വരുന്നകാര്യം പറഞ്ഞു.
രാത്രി എട്ടരയോടെ അന്‍സാറിന്റെ ആക്ടിവ സ്‌കൂട്ടര്‍ പോര്‍ച്ചില്‍ കയറിനിന്നു.
ആ സ്‌കൂട്ടറിന്റെ ശബ്ദം കേട്ടതും പേരക്കുട്ടികള്‍ വെപ്രാളപ്പെട്ടു. ഉപ്പയെ കാണാന്‍.
'ഇപ്പാ...' എന്ന കൊഞ്ചലോടെ മൂത്തവന്‍
എടുക്കാനായി കരഞ്ഞുകൊണ്ട് ഇളയവന്‍. രണ്ടുപേരെയും മാറിമാറി മുത്തമിട്ട് അവന്‍ ലാളിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി.
നല്ല സ്‌നേഹത്തിനുടമയാണ് അന്‍സാര്‍. കുടുംബത്തിനോട് എപ്പോഴും ഉത്തരവാദിത്വവും അടുപ്പവും കാണിക്കുന്നത് അവനൊരാളാണ്.
ഭക്ഷണം കഴിഞ്ഞ് അന്‍സാറിനേയും കൂട്ടി പതുക്കെ ഒന്ന് പുറത്തേക്ക് നടന്നു.
മഞ്ഞില്ല; നേര്‍ത്ത ഒരു കാറ്റ് വീശുന്നുണ്ട്. ആകാശത്ത് ചന്ദ്രനെ കാണാനില്ലെങ്കിലും എമ്പാടും നിലാവെളിച്ചമുണ്ട്. കുറെനേരം മിണ്ടാതെ നടന്നപ്പോള്‍ ക്ഷമ കെട്ടിട്ടെന്നപോലെ അന്‍സാര്‍ തിരക്കി.
'ഉപ്പ എന്തോ കാര്യം പറയാനുണ്ടെന്ന് പറഞ്ഞു.'
ഗള്‍ഫില്‍ നിന്ന് തനിക്ക് അസുഖം വന്നതുമുതലുള്ള കാര്യങ്ങളാണ് അവതരിപ്പിച്ചു തുടങ്ങിയത്. സ്വന്തം വീട്ടുകാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അവനൊരു നിരാശവരുത്തേണ്ട എന്ന ഉദ്ദേശ്യത്തോടെയാണ് അങ്ങനെ ചെയ്തത്.
മാട്രിമോണിയല്‍ കോളത്തില്‍ ഇളയവള്‍ക്കുള്ള വിവാഹാലോചന കൊടുത്തതും പറഞ്ഞു.
മറുപടി അന്വേഷിച്ചുകൊണ്ടുള്ള ഫോണ്‍കോളുകള്‍ തലങ്ങും വിലങ്ങും വന്നെന്ന് കേട്ടപ്പോള്‍ അവന്‍ ചിരിയോ ചിരി.
'കുറെ ചെറുപ്പക്കാര്‍ അതിനായിട്ട് നടക്കുന്നുണ്ട്. ഇല്ലാത്ത വിശേഷണങ്ങള്‍ സ്വയം ഉണ്ടാക്കി ഇതുപോലുള്ള നമ്പറുകള്‍ നോക്കി ഫോണ്‍ ചെയ്യും. പുര കത്തുമ്പോള്‍ വാഴവെട്ടുക എന്ന് പറഞ്ഞ ഒരു ലൈന്‍. അവര്‍ക്കിതൊരു നേരം പോക്ക് അത്രതന്നെ.'
'ഇത് മുഴുവന്‍ അത്തരത്തിലുള്ളതാണെന്നോ...'
'ഒരിക്കലുമല്ല.. അങ്ങനെ ഞാനുദ്ദേശിച്ചില്ല. ചില അന്വേഷണങ്ങള്‍ സീരിയസായിട്ടായിരിക്കും. പക്ഷേ, അതിന്റെ നെല്ലും പതിരും വേര്‍പെടുത്താന്‍ ഒരുപാട് സമയവും അധ്വാനവും വേണ്ടിവരും.'
ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട് അന്‍സാര്‍ സാവകാശത്തില്‍ പറഞ്ഞു: 'അവളുടെ കാര്യത്തില്‍ എടുത്തു ചാടി ഒരു തീരുമാനം വേണ്ട എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് മറ്റൊരന്വേഷണത്തിന് പ്രസക്തിയേയില്ല താനും.'
'എന്നുവെച്ചാല്‍...'
'അവര്‍ തമ്മില്‍ പരിചയത്തിലായിട്ട് കാലമേറെയായി. ഉപ്പ കോപിക്കരുത്. ഫോണ്‍ വിളിക്കാറുമുണ്ടെന്നാണ് എന്റെ അനുമാനം.'
'ഇതൊന്നും ഞാനറിഞ്ഞില്ല മോനേ...' തകര്‍ന്നുപോയ ശബ്ദത്തില്‍ പറഞ്ഞു.
'പക്ഷേ, സലീമിനെ എനിക്കറിയാം. നല്ല പയ്യനാണ്. അധ്വാനിയായ, സ്‌നേഹമുള്ള ഒരു കുട്ടി. പരസ്പരം സംസാരിച്ചിട്ടുണ്ടാകുമെന്നല്ലാതെ അരുതാത്ത ഒരു ആശങ്കയും നമുക്ക് വേണ്ട അവന്റെ കാര്യത്തില്‍. ഉപ്പ, നാട്ടിലില്ലാത്തതുകൊണ്ട് അക്കാര്യം ഞാനും ശ്രദ്ധിച്ചിരുന്നു.'
അപ്പോഴേക്കും ആകെ ഒരു ഉന്മേഷക്കുറവുവന്നു. വാദി പ്രതിയായി മാറിയതുപോലുള്ള ഒരവസ്ഥ. മോളുടെ കാര്യങ്ങള്‍ ഇന്നവനോട് ചോദിച്ചാല്‍ ശരിയാകില്ലെന്നൊരു തോന്നല്‍. അത് നാളെ അവന്റെ കടയില്‍ചെന്ന് സംസാരിക്കുന്നതാണ് നല്ലത്.
അപ്പോഴാണ് അന്‍സാര്‍ ചോദിച്ചത്.
'മറ്റെന്തോ കാര്യം പറയാനുണ്ടല്ലോ.. ഉപ്പാക്ക്... ഞാനൂഹിച്ചത് മോളുടെ കാര്യം ചോദിക്കാനായിരിക്കുമെന്നാ...'
'അവൡനെ കുറെ കാര്യങ്ങള്‍ പറഞ്ഞു കരഞ്ഞു. എന്താണ് സംഭവമെന്ന് നിന്നോട് സാവകാശത്തില്‍ ചോദിക്കണമെന്നു കരുതിയതുമാണ്.'
'ഉപ്പാ... എട്ട് കൊല്ലമായി കല്ല്യാണം കഴിഞ്ഞിട്ട്. ഉപ്പ ചോദിച്ച് നോക്ക്, മുഖം കറുപ്പിച്ച് ഒരക്ഷരം അവളോട് പറഞ്ഞതായി എനിക്കോര്‍മയില്ല. പിന്നെ, ഉമ്മമാരാകുമ്പോ എന്തെങ്കിലും ഒന്നും രണ്ടുമൊക്കെ പറഞ്ഞെന്നിരിക്കും. അതിന് വീട്ടില്‍ നിന്ന് ഇറങ്ങി വര്വാണോ...'
'ഇതൊക്കെ ഞാനവളോട് സംസാരിച്ചുമോനേ... അവള്‍ വഴങ്ങുന്ന മട്ടില്ല.'
'അതിന് ഞാനൊരു വഴി കണ്ടിട്ടുണ്ട്... ഉപ്പ നോക്കിക്കോ.'
അവസാനം, അവന്‍ പറഞ്ഞതിന്റെ അര്‍ഥം ശരിക്ക് പിടികിട്ടിയില്ലെങ്കിലും തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ ഒരഗ്നിപര്‍വതം പുകയാന്‍ തുടങ്ങിയിരുന്നു.
മക്കള്‍, ഭാര്യ, കുടുംബം എന്ന ചിന്തയില്‍ മാത്രം ഗള്‍ഫില്‍ കൂടിയവനായിരുന്നല്ലോ താന്‍. മരുമകനില്‍ നിന്നും കേട്ടകാര്യങ്ങള്‍ സത്യസന്ധമാണ്. പൂര്‍ണമായും ബോധ്യപ്പെടാത്തകാര്യം അവന്‍ പറയില്ല. ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാകുന്നു. ദല്ലാള്‍ അബ്ദുക്കയെ വീട്ടില്‍ വരുത്തി, അവള്‍ നടത്തിയത് ഒന്നാന്തരം നാടകമായിരുന്നു.
പരമാവധി പണ്ടം കൊടുത്ത് ആര്‍ഭാടത്തോടെ വിവാഹം നടത്തണം. അതിനുള്ള ഒരു ബാങ്ക് മാത്രമാണ് താന്‍. നടക്കുമ്പോള്‍ എത്രയൊ ചെറിയതായിപ്പോയ പോലെ ഒരനുഭവമുണ്ടായി.
ഏതായാലും അവളോട് ഇക്കാര്യം ഒന്നന്വേഷിക്കണം. പക്ഷേ, വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് അന്‍സാര്‍ തന്നെയാണ് പറഞ്ഞത്, 'ഉപ്പ, ഇക്കാര്യം അറിഞ്ഞതായി ഭാവിക്കേണ്ട. കാര്യങ്ങള്‍ വഷളാകാനേ അതുപകരിക്കൂ. ഇപ്പോള്‍ അവര്‍ തമ്മില്‍ അരുതാത്ത ഒരു ബന്ധവുമില്ല. വല്ലപ്പോഴുമുള്ള ഫോണ്‍ സംഭാഷണമേയുള്ളൂ. ഉപ്പ, അത് ചോദിക്കുന്നതോടെ കളവ് കണ്ടുപിടിക്കപ്പെട്ട അവസ്ഥയാകും.
ഉമ്മയും നദീറയും...
അതോടെ സംഭവിക്കുക ഇതാണ്, മാനസികമായി അവര്‍ ഉപ്പയില്‍ നിന്നുമകലും.
ഇപ്പോള്‍, നമ്മള്‍ ചിന്തിക്കേണ്ടത് കല്ല്യാണം പെട്ടെന്ന് നടത്തേണ്ട വഴിയെക്കുറിച്ച് മാത്രമാണ്.'
അവന്‍ പറഞ്ഞത് നൂറുശതമാനം ശരിയായിരുന്നു. തന്റെ ബി.പി. കൂട്ടാനും സ്വസ്ഥത തകര്‍ക്കാനും മാത്രമേ ചോദ്യം ഉപകരിക്കൂ.
പക്ഷേ, കല്ല്യാണച്ചെലവിനെക്കുറിച്ച് ചിന്തിച്ചപ്പോഴേക്കും നടുങ്ങിത്തെറിച്ചുപോയി.
..............................
പിറ്റേന്ന്, സുബ്ഹ് കഴിഞ്ഞതും മുറ്റത്തുനിന്നും ഗംഭീരമായ ഒരു ശബ്ദംകേട്ടു. പുറത്തേക്ക് വന്നതും അന്‍സാര്‍ കണ്ണിട്ടു കാണിച്ചു അകത്തേക്ക് പോകാന്‍.
'മോളീ.. വേഗം എറങ്ങ്... കടതുറക്കാനുള്ളതാ...'
'ഞാന്‍ വരുന്നില്ല... അകത്ത് നിന്ന് അവളുടെ ശബ്ദം.'
'അതെന്താ?'
'നിക്ക് പറ്റൂലാഞ്ഞിട്ട്.. ങ്ങനെ ജീവിക്കാന്‍ പറ്റൂല്ല.'
'ആണല്ലോ... ഞാനും കൊറെയായി സഹിക്കുന്നു. ഇന്നലെ നീയാരോട് ചോദിച്ചിട്ടാ പോന്നത്. ഉപ്പാ.. എന്നോട് ഒന്നും തോന്നരുത്. ഇപ്പം ഇവള് വരുന്നില്ലെങ്കില്‍ ഇവളെ സ്വീകരിക്കാന്‍ ആരും വരില്ല. പിന്നെ നാട്ടുമധ്യസ്ഥന്മാരെ വിളിച്ച് ഉപ്പ അങ്ങോട്ട് വരണംന്നുണ്ടാവില്ല.'
അനുനയപൂര്‍വം അവളെ വിളിച്ചു: 'പോകുന്നതല്ലേ മോളേ നല്ലത്.'
അവള്‍ വീണ്ടും കരച്ചില്‍ തുടങ്ങി. ഉമ്മയുടെ നിര്‍ബന്ധവും കൂടി ആയപ്പോള്‍ അവള്‍ കരഞ്ഞു.
'ഞാന്‍ ഉപ്പാന്റെ കൂടെ പോകാം.'
'ങ് ആ... വൈകീട്ട് ഞാന്‍ കടേന്ന് വരുമ്പം നീ അവിടെണ്ടാകണം.'
നല്ല ഒരഭിനേതാവിന്റെ ശരീര ചേഷ്ടകളോടെ അവന്‍ ആക്ടീവ സ്റ്റാര്‍ട്ട് ചെയ്തു.
'ഉപ്പാ.. പോയ് വരാം... അസ്സലാമു അലൈക്കും.'
അവന്റെ ആക്ടീവ പടികടന്നുപോയപ്പോള്‍, മരുകമന്റെ കാര്യപ്രാപ്തിയെക്കുറിച്ച് അഭിമാനം തോന്നി. ഒപ്പം, തനിക്ക് അവനില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടല്ലോ എന്ന തിരിച്ചറിവില്‍ ജാള്യതയും!
(തുടരും)