മറുലോകം
ജബ്ബാര്‍ പെരിന്തല്‍മണ്ണ
2016 ഫെബ്രുവരി
'സ്നേഹവാത്സല്യം ചാലിച്ച അമ്മിഞ്ഞ നല്കുന്ന അമ്മയുണ്ടത്രെ...
രണ്ട് കാലില്‍ നിവര്‍ന്ന് ചിരിച്ച് നടക്കാമെന്ന്...
ഇരുട്ടും വെളിച്ചവും മാറി മാറി വരും പോലും...
കര..കടല്‍..കാറ്റ്... എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളാണത്രെ....
'സ്നേഹവാത്സല്യം ചാലിച്ച അമ്മിഞ്ഞ നല്കുന്ന അമ്മയുണ്ടത്രെ...
രണ്ട് കാലില്‍ നിവര്‍ന്ന് ചിരിച്ച് നടക്കാമെന്ന്...
ഇരുട്ടും വെളിച്ചവും മാറി മാറി വരും പോലും...
കര..കടല്‍..കാറ്റ്... എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളാണത്രെ....
കഷ്ടം...മതാന്ധമായ വിശ്വാസങ്ങള്‍....
യുക്തി ചിന്തകളാല്‍ ശിശു, ഗര്‍ഭ പാത്രത്തിന്റെ ഭിത്തിയില്‍ മുഷ്ടി ചുരുട്ടിയിടിച്ച് ആഞ്ഞ് ചവിട്ടി...
'ഇക്കാ... മ്മളെ മോളൂസ് ഇളകിത്തുടങ്ങി ട്ടാ...ദേ തൊട്ട് നോക്കിയേ.... അവിടെയല്ല ഇവിടെ....'
'ന്റെ പടച്ചോനേ.. ന്താപ്പത്... അല്ല, നീ മോളാവുമെന്ന് ഉറപ്പിച്ചോ....?'
' ഉം... '
'യാ അല്ലാഹ്.. നിന്നെ ഇഷ്ടപ്പെടുന്ന.. നീ ഇഷ്ടപ്പെടുന്ന, മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ള ഒരു സ്വര്‍ഗത്തെ കനിയേണമേ...
ഓള്ക്കൊരുമ്മ കൊടുക്കട്ടെ..
പൊക്കിള്‍കൊടിയിലൂടെ തനിക്ക് ലഭിക്കുന്നതൊന്നും ആരുടേയും ഔദാര്യമല്ലെന്നും അതെല്ലാം പ്രകൃതിപരമായ ശാസ്ത്രീയ പ്രവര്‍ത്തനമാണെന്നും കൂട്ടിക്കിഴിച്ച് കൊണ്ടിരിക്കെയാണ് ഒരേ സമയം രണ്ട് മിന്നല്‍ പിണര്‍ ശിശുവിന്റെ നനഞ്ഞ് കുതിര്‍ന്ന ഹൃദയം തൊട്ടത്.
അയാളുടെ ആ ഒറ്റ ഉമ്മയാണ് രണ്ട് മിന്നലായി പിളര്‍ന്നത്.
ഒന്നവളെ കോരിത്തരിപ്പിച്ച് പൊക്കിള്‍കൊടി വഴി..
മറ്റൊന്നവനില് നിന്ന് നേരിട്ട് പുറം ഭിത്തി തുളച്ച്..
ശിശുവില്‍ വീണ്ടും ചോദ്യങ്ങള്‍ നിറഞ്ഞ് കവിഞ്ഞു...
ഊഹാപോഹങ്ങളുടെ ഖിത്താബിലെ ഏട് തേടി അവളൂളിയിട്ടു ...
'എന്തൊരു സുഖമാണീ ജലവാസം... ഗര്‍ഭ വാസം... '
അപ്പോഴേക്കും നിശ്ചയിക്കപ്പെട്ട മുഹൂര്‍ത്തം പിറന്നു.
ഒമ്പതാം മാസം തികഞ്ഞ് ഒമ്പത് ദിവസം പൂര്‍ത്തിയായി ഒമ്പതാം മിനിറ്റിലെ ഒമ്പതാമത്തെ സെക്കന്റ്!
ആന്തരികവും ബാഹ്യവുമായ ആന്തലിനാല് ഗര്‍ഭപാത്രത്തിന്റെ കവാടത്തിലേക്ക് കെട്ടിപ്പിണഞ്ഞ പൊക്കിള്‍ വളളിയാലവള് മുഖമടിച്ച് വീണു.
യുക്തിബോധമേറ്റ മറുലോക നിഷേധി തന്റെ പൊക്കിള്‍ വളളി പിടിച്ചറുത്തു ആത്മാഹൂതി ചെയ്തു.
ശാസ്ത്രം ജയിച്ചു; പടച്ചോന് തോറ്റു.
വെള്ളപുതച്ച ചാപിള്ള മിസാന്‍ കല്ല് വഴി മണ്ണിലൂടെ വിണ്ണ് തൊട്ടു.
മറുലോകം തൊടാതെ പരലോകത്തേക്ക്...
മാനത്തിന്റെ കണ്ണീര് മീസാന്‍ കല്ലിലൂടെ കഫന്‍ പുടവയില്‍ മണ്ണ് കലര്‍ത്തി. അതോടെ അനേകായിരം വിത്തുകളാല്‍ ഉള്ള് നിറച്ച ഭൂമിയുടെ മാസക്കുളിയും തെറ്റി.
ജബ്ബാര്‍ പെരിന്തല്‍മണ്ണ@facebook.com