നികാഹിന്റെ പൊരുള്‍
പി.പി. അബ്ദുറഹിമാന്‍, പെരിങ്ങാടി/കുടുംബം
2016 ഫെബ്രുവരി
വിവാഹ കര്‍മത്തിന് പല രീതികളുണ്ട്; താലികെട്ട്, പുടവ നല്‍കല്‍, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രാഫീസില്‍ ചെന്ന് രജിസ്റ്റര്‍ വിവാഹം നടത്തല്‍ തുടങ്ങി നിരവധി സമ്പ്രദായങ്ങളുണ്ട്. ഇങ്ങനെ വിവാഹിതരായവരെ ന്യായമായും മാന്യമായും നാം പരിഗണിക്കാറുണ്ട്. നിയമാനുസൃത ദമ്പതികളായി നാം അവരെ
വിവാഹ കര്‍മത്തിന് പല രീതികളുണ്ട്; താലികെട്ട്, പുടവ നല്‍കല്‍, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രാഫീസില്‍ ചെന്ന് രജിസ്റ്റര്‍ വിവാഹം നടത്തല്‍ തുടങ്ങി നിരവധി സമ്പ്രദായങ്ങളുണ്ട്. ഇങ്ങനെ വിവാഹിതരായവരെ ന്യായമായും മാന്യമായും നാം പരിഗണിക്കാറുണ്ട്. നിയമാനുസൃത ദമ്പതികളായി നാം അവരെ സ്‌നേഹപൂര്‍വം സ്വീകരിച്ചാദരിക്കുന്നു. അവരുടെ സന്താനങ്ങളെ നിയമാനുസൃത സന്തതികളായി നാം ഗണിക്കുന്നുമുണ്ട്. (ദമ്പതിമാര്‍ ഒരുമിച്ച് ഇസ്‌ലാം ആശ്ലേഷിച്ചാല്‍ പഴയ വിവാഹബന്ധം അപ്പടി തുടരുന്നുണ്ട്; തുടരാവുന്നതുമാണ്.) പക്ഷെ, ഒരു മുസ്‌ലിം പുരുഷനോ സ്ത്രീക്കോ വിവാഹിതരാവാന്‍ മേല്‍പറഞ്ഞ രീതിയോ സമ്പ്രദായമോ ഒട്ടും പറ്റില്ല. നികാഹ് തന്നെ വേണം. എന്തുകൊണ്ട്? എന്താഹ് നികാഹിന്റെ പൊരുള്‍? വിവാഹമെന്ന പരിപാടിയില്‍ പലവിധ ദുരാചാരങ്ങളും അനാചാരങ്ങളും കടന്ന് കൂടിയിട്ടും നികാഹ് എന്ന കര്‍മത്തെ കൈവിടാതെ മുറുകെ പിടിക്കുന്നതിന്റെ കാര്യമെന്താണ്?
മുസ്‌ലിംകള്‍ സവിശേഷമായ ആദര്‍ശത്തിലൂന്നി നില്‍ക്കുന്നവരാണ്: 'അല്ലാഹുവല്ലാതെ ഇലാഹില്ല; മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്' എന്നതാണത്. ഈ വിശുദ്ധവിപ്ലവാദര്‍ശത്തെ മനസാ-വാചാ-കര്‍മണാ ഉള്‍ക്കൊള്ളുന്ന/ഉള്‍ക്കൊള്ളേണ്ട മുസ്‌ലിമിന് എല്ലാ വിഷയത്തിലുമെന്നപോലെ വിവാഹത്തിലും ആദര്‍ശത്തെ ആദരമാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് വിവാഹവിഷയത്തില്‍ ആദര്‍ശത്തിന് സര്‍വപ്രാധാന്യം നല്‍കണമെന്ന് നബി(സ) വളരെയേറെ നിഷ്‌കര്‍ഷിച്ചതും. ഈ ആദര്‍ശപ്പൊരുത്തം ഉറപ്പുവരുത്താനുള്ള ഉപാധിയാണ് നികാഹ്.
അബ്ദുറഹ്മാന്റെ വീട്ടില്‍ സാജിദയുടെ ബന്ധുക്കള്‍ ഞങ്ങളുടെ സാജിദാക്ക് അബ്ദുറഹ്മാനെ വരനായി തരാമോ എന്നന്വേഷിച്ചു ചെല്ലുന്നു. ബന്ധുമിത്രാദികള്‍ കൂടിയാലോചിച്ചപ്പോള്‍ തരക്കേടില്ല; അങ്ങനെയാവാമെന്ന് ചിന്തിക്കുന്നു. ഇത്തരുണത്തില്‍, അല്ലാഹുവല്ലാതെ ഒരു ഇലാഹ് (ഉടയവന്‍) ഇല്ല; എന്ന് ഉറച്ചു വിശ്വസിക്കുന്നവരില്‍ ഒരു ചോദ്യമുയരുന്നു. ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്ത് അനുവാദമേകാനുള്ള പൂര്‍ണ്ണ സ്വതന്ത്രാധികാരം നമ്മള്‍ക്കുണ്ടോ? സാജിദയെ അബ്ദുറഹ്മാനും അബ്ദുറഹ്മാനെ സാജിദയും അനുവദിച്ചാസ്വദിച്ചങ്ങിനെ കഴിഞ്ഞുകൊള്ളട്ടെ എന്ന് ഉത്തരവേകാന്‍ നമുക്കെന്തധികാരം?
ശരിയാണ്, നാമാരും ആരുടെയും ഉടമകളല്ല. അവനവന്റെ മേല്‍പോലും ഉടമാധികാരമില്ല. നമ്മുടെ ജനന-മരണാദി സര്‍വ കാര്യങ്ങളും ഒരിക്കലും നമ്മുടെ ഇംഗിതമനുസരിച്ചോ തീരുമാനപ്രകാരമോ അല്ല. അതുകൊണ്ടാണല്ലോ ആത്മഹത്യയെ ഗുരുതര തിന്മയായി ഗണിക്കുന്നത്. ജീവന്റെ ഉടമക്കേ അത് തിരിച്ചെടുക്കാനധികാരമുള്ളൂ. ആത്മഹത്യക്ക് തുനിയുന്നവന്‍ ദൈവത്തിന്റെ അധികാരത്തിലേക്ക് ധിക്കാരപൂര്‍വം കൈയേറ്റം നടത്തുകയാണ് ചെയ്യുന്നത്. ആകയാലത് മഹാതിന്മയാണ്. സന്താനങ്ങള്‍ക്ക് അബ്ദുറഹ്മാന്‍, അബ്ദുല്‍ ഹസീബ് എന്നിങ്ങനെ പേരുവെക്കല്‍ നല്ലതായി ഗണിക്കുന്നതിന്റെ പൊരുള്‍ നാം ദൈവത്തിന്റെ അടിമകളാണെന്നും ആകയാല്‍ പൂര്‍ണ്ണാര്‍ഥത്തിലുള്ള ഉടമാധികാരമോ പരമാധികാരമോ നമുക്കാര്‍ക്കും ഒരിക്കലുമില്ലെന്ന സന്ദേശം ഒരുണര്‍ത്തുപാട്ട് എന്നപോലെ സദാ നല്‍കലാണ്.
സംഗതി ഇങ്ങനെയാണെങ്കില്‍ പരസ്പരം അനുഭവിച്ചും ആസ്വദിച്ചും ആനന്ദിച്ചും ഇണയും തുണയുമായി ജീവിക്കാന്‍ നമുക്ക് സ്വന്തം തീരുമാനിക്കാനാവില്ല. സാക്ഷാല്‍ ഉടയവനായ അല്ലാഹുവാണ് അതിനനുവാദം നല്‍കേണ്ടത്. അതെ, അല്ലാഹുവിന്റെ പ്രസ്തുത അനുമതി എങ്ങനെ കിട്ടുമെന്ന അന്വേഷണത്തില്‍ നമ്മളറിയുന്നു, സ്രഷ്ടാവായ അല്ലാഹു നിര്‍ദേശിച്ചിരിക്കുന്നു. തന്റെ രണ്ട് പ്രജകള്‍ (സ്ത്രീയും പുരുഷനും) ഇണയും തുണയുമായി വ്യവസ്ഥാപിതമായി അച്ചടക്കപൂര്‍വ്വം ജീവിക്കാന്‍ നിശ്ചിത പ്രക്രിയകള്‍ പൂര്‍ത്തിയാക്കണമെന്ന്. അതിന്ന് അല്ലാഹു നിര്‍ദേശിച്ച ഫോര്‍മാറ്റ് ആണ് നികാഹ്. പ്രസ്തുത നടപടിക്രമം പാലിച്ചും ഫോര്‍മാറ്റ് പൂരിപ്പിച്ചുമല്ലാതെ ഇസ്‌ലാമില്‍ വിവാഹിതരാവാന്‍ സാധിക്കില്ല. വളരെ ലളിതവും എന്നാല്‍ തത്വസമ്പൂര്‍ണ്ണവുമാണ് ഈ നടപടിക്രമം.
സത്യവിശ്വാസിയാകയാല്‍, സത്യസാക്ഷ്യം സമ്പൂര്‍ണ്ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടിരിക്കയാലാണ് നികാഹ് അനിവാര്യമാകുന്നത്. നികാഹിന്റെ അന്തര്‍ധാര റബ്ബിന്റെ ഉടമാധികാരവും പരമാധികാരവുമാണ്.
നികാഹിനെ ബലിഷ്ഠമായ കരാര്‍ (4:21) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. സത്യസാക്ഷ്യത്തിലൂടെ അല്ലാഹുവുമായി ബലിഷ്ഠമായ ഒരു കരാറിലേര്‍പ്പെട്ട വ്യക്തിയുടെ ജീവിതം ആ ജീവനാന്തം പ്രസ്തുത കരാറിനനുസൃതമായാണ്. വിവാഹവും കുടുംബജീവിതവും അങ്ങനെത്തന്നെ. അതീവപ്രാധാന്യമുള്ളതും അടിസ്ഥാനപരവുമായ ഈ സുപ്രധാന കരാറിന് വിധേയമായി നടക്കുന്ന കരാറായതിനാലാണ് ഖുര്‍ആന്‍ അതിനെ ബലിഷ്ഠമായ കരാര്‍ എന്ന് വിശേഷിപ്പിച്ചത്. ഇങ്ങനെ നികാഹ് എന്ന കരാറിലേര്‍പ്പെട്ട ദമ്പതിമാരില്‍ ഒരാള്‍ അല്ലാഹുവുമായുള്ള കരാറിനെ തള്ളിപ്പറഞ്ഞ് ഇസ്‌ലാമിനെ പരസ്യമായി നിഷേധിച്ച് ദീനിനെ കൈവെടിഞ്ഞാല്‍ നികാഹ് ദുര്‍ബലപ്പെടും. അഥവാ, വിവാഹമോചനം ഇല്ലാതെ ദാമ്പത്യം മുറിയുമെന്ന് പണ്ഡിതന്മാര്‍ നിരീക്ഷിക്കുന്നതും ഇക്കാരണത്താലാണ്. അഥവാ അടിസ്ഥാനപരമായ മുഖ്യ കരാര്‍ ദുര്‍ബലപ്പെടുത്തിയാല്‍ ഉപ കരാര്‍ അസാധുവായിത്തീരുമെന്നുള്ളത് ആര്‍ക്കും ഗ്രഹിക്കാവുന്ന വസ്തുതയാണ്. മഹാന്മാരായ പ്രവാചകന്മാരില്‍നിന്ന് അവരുടെ ദൗത്യനിര്‍വഹണവുമായി ബന്ധപ്പെട്ട് അല്ലാഹുവാങ്ങിയ കരാറിനെയും (33:7) ബലിഷ്ഠമായ കരാര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്; ഇസ്‌ലാമിക ദൃഷ്ട്യാ വിവാഹത്തിന് നികാഹ് എന്ന രീതി നിര്‍ണയിച്ചതിന്റെ പൊരുളും അതിന്റെ ഗൗരവവും വിവാഹിതരാവുന്ന യുവതീയുവാക്കളെ വിശദമായി തെര്യപ്പെടുത്തേണ്ടതുണ്ട്. ഇത്തരം ബോധവല്‍ക്കരണം വിവാഹപൂര്‍വ ഉപദേശത്തിന്റെ സുപ്രധാന ഭാഗമാവേണ്ടതുണ്ട്; ആദര്‍ശാടിത്തറ ഉറപ്പുവരുത്താന്‍ അത് കേവലം ഒരു ചടങ്ങാക്കി ചുരുട്ടികൂട്ടി, അനാചാരങ്ങളും ആര്‍ഭാടങ്ങളും ആഢംബരങ്ങളും മറ്റും കടത്തിക്കൂട്ടുന്ന ഇന്നത്തെ സാഹചര്യത്തില്‍ നികാഹ്, ഖുതുബ എന്ന അതീവ ദുര്‍ബല പരിപാടി പറയത്തക്ക പ്രയോജനമൊന്നും ചെയ്യുന്നില്ലെന്നാണ് പലപ്പോഴും അനുഭവം. ആകയാല്‍ നികാഹിലേര്‍പ്പെടുന്ന യുവതീയുവാക്കള്‍ക്ക് മഹല്ലധികൃതര്‍ ഇസ്‌ലാമികാടിത്തറയിലുള്ള കാലോചിതമായ, ഫലപ്രദമായ പ്രീ-മാരേജ് കൗണ്‍സലിങ്ങ് നല്‍കാന്‍ ശ്രദ്ധിക്കണം.