നിങ്ങള്‍ മോശക്കാരനാണെന്ന് ആരാണ് പറഞ്ഞത്
ടി. മുഹമ്മദ് വേളം
2016 ഫെബ്രുവരി
ആരെങ്കിലും ഒരാള്‍ വന്നിട്ട് നിങ്ങളെ എടാ തെമ്മാടീ, ദുഷ്ടാ, ഒന്നിനും കൊള്ളാത്തവനേ... തുടങ്ങിയ പദങ്ങളുപയോഗിച്ച് തെറിവിളിച്ചാല്‍ നിങ്ങള്‍ പ്രക്ഷുബ്ധനാകും. അതിന്റെ കാരണമെന്താണെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? തെറി പറഞ്ഞാല്‍ ദേഷ്യം വരും എന്നു നമുക്ക് പറയാം. അതിനപ്പുറം സൂക്ഷ്മമായ ചില
ആരെങ്കിലും ഒരാള്‍ വന്നിട്ട് നിങ്ങളെ എടാ തെമ്മാടീ, ദുഷ്ടാ, ഒന്നിനും കൊള്ളാത്തവനേ... തുടങ്ങിയ പദങ്ങളുപയോഗിച്ച് തെറിവിളിച്ചാല്‍ നിങ്ങള്‍ പ്രക്ഷുബ്ധനാകും. അതിന്റെ കാരണമെന്താണെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? തെറി പറഞ്ഞാല്‍ ദേഷ്യം വരും എന്നു നമുക്ക് പറയാം. അതിനപ്പുറം സൂക്ഷ്മമായ ചില കാരണങ്ങള്‍ കൂടിയുണ്ട്. നാം നമ്മെക്കുറിച്ച് യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നത് നമ്മെ തെറിപറഞ്ഞ ആള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്. നാം പ്രക്ഷുബ്ധരാവുന്നതിന്റെ കാരണം, അത് ഇതുവരെ നമുക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. ഇപ്പോള്‍ അത് നമ്മെ തെറിപറിഞ്ഞ ആള്‍ക്കും അറിയാമെന്ന് വന്നിരിക്കുന്നു. അയാളത് നാലാള്‍ കേള്‍ക്കെ പറയുകയും ചെയ്തിരിക്കുന്നു. ഇതാണ് നമ്മെ പ്രക്ഷുബ്ധരാക്കിയത്. നാം പുറത്തല്ല ആദ്യം ഇളകി മറിഞ്ഞത്; അകത്താണ്. അകത്തെ ഇളകി മറിച്ചില്‍ പുറത്തും പ്രകടമായതാണ്. നാം തെമ്മാടിയും കൊള്ളരുതാത്തവനുമാണെന്നഭിപ്രായം നമുക്കില്ലെങ്കില്‍ നാം കൊള്ളുന്നവനും നന്മയുള്ളവനുമാണെന്ന് നമുക്ക് ഉറപ്പുണ്ടെങ്കില്‍ തെറിവിളിക്കുന്നവന്റെ ആക്ഷേപത്തിനു മുന്നില്‍ നാമെന്തിന് പ്രഷുബ്ധരാവണം. നമ്മെക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍കൂടി ഉപയോഗിച്ചാണ് നാം നമ്മെക്കുറിച്ച് അഭിപ്രായരൂപീകരണം നടത്തുന്നത് എന്നതിനെ നിഷേധിക്കുന്നില്ല. അതിന്റെ അളവും അനുപാതവും എത്രത്തോളമാവണം എന്ന ചിന്ത പ്രസക്തമാണ്.
നാം മോശക്കാരനാണെന്ന് ആരാണ് നമ്മോട് പറഞ്ഞത്. നാം തന്നെയാണ് പറഞ്ഞത്. അതുകൊണ്ട് നമ്മെക്കുറിച്ച നമ്മുടെ ധാരണയെ തന്നെയാണ് യഥാര്‍ത്ഥത്തില്‍ തിരുത്തേണ്ടത്. ദൈവം എല്ലാവരെയും ഉല്‍കൃഷ്ടരായാണ് സൃഷ്ടിച്ചത്. നാം ആദം സന്തതികളെ ആദരിച്ചിരിക്കുന്നു (ഖുര്‍ആന്‍). ഇത് മൊത്തം മനുഷ്യരാശിയെക്കുറിച്ച പ്രസ്താവന മാത്രമല്ല; നമ്മെ ഓരോരുത്തരെയും കുറിച്ച പ്രഖ്യാപനം കൂടിയാണ്. മോശക്കാരനായി/മോശക്കാരിയായി ദൈവം ഒരാളെയും സൃഷ്ടിച്ചിട്ടില്ല. പക്ഷെ, അവന്റെ/അവളുടെ സാധ്യത തിരിച്ചറിയുന്നതില്‍ അവനും/അവളും ഒപ്പം മറ്റുള്ളവരും പരാജയപ്പെടുന്നു എന്നുമാത്രം. ദൈവത്തിന്റെ ഒരടയാളം തിരിച്ചറിയുന്നതില്‍ നാം പരാജയപ്പെടുന്നു എന്നാണതിന്റെ അര്‍ഥം. ഓരോ മനുഷ്യനും ദൈവത്തിന്റെ ഓരോ അടയാളങ്ങളാണ്. അവര്‍ക്കിടയിലെ വൈവിധ്യങ്ങള്‍ ദൈവത്തിന്റെ സൃഷ്ടി മഹത്വമാണ്.
താരതമ്യത്തിന് പ്രസക്തിയില്ല. മനുഷ്യര്‍ക്കിടയില്‍ ഒരുപാട് പൊതുത്വങ്ങള്‍ ഉണ്ടായിരിക്കെ തന്നെ ഓരോരുത്തരും അനന്യരാണ്. താരതമ്യങ്ങളില്ലാത്തവരാണ്. നമുക്കാര്‍ക്കും സമ്പൂര്‍ണമായി മറ്റൊരാളെപ്പോലെയാവാനാവില്ല. മറ്റൊരാളില്‍നിന്നും ചില മാതൃകകള്‍ സ്വീകരിക്കാമെന്നുമാത്രം. എനിക്കൊരിക്കലും എന്നേക്കാള്‍ മികച്ച രീതിയില്‍ എഴുതുന്നു എന്നു ഞാന്‍ തന്നെ കരുതുന്ന, സമൂഹം കരുതുന്ന ഓരാളെപ്പോലെയാവാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. പക്ഷെ, എനിക്ക് എന്നേക്കാള്‍ മികച്ച ഒരു ഞാനാവാന്‍ കഴിയും. അതിന് ഞാന്‍ മറ്റൊരാളോട് മത്സരിക്കുകയല്ല ചെയ്യേണ്ടത്. എന്നെത്തന്നെ മെച്ചപ്പെടുത്തുകയാണ്. അല്ലെങ്കില്‍ എന്നോടു തന്നെ മല്‍സരിക്കുകയാണ്. എനിക്ക് ജീവിതത്തില്‍ ഏതുകാര്യത്തിലും മറ്റൊരാളെപ്പോലെയാവാന്‍ കഴിയില്ല എന്നുമാത്രമല്ല, അങ്ങനെ ആവേണ്ടതില്ല എന്നതുകൂടിയാണ്. ഞാന്‍ ഏറ്റവും മികച്ച ഞാനാവാനാണ് ശ്രമിക്കേണ്ടത്. നമ്മുടെ മൂല്യനിര്‍ണയങ്ങളധികവും മൂല്യനിര്‍ണയങ്ങള്‍ എന്നതിനേക്കാള്‍ താരതമ്യങ്ങളാണ്. മനുഷ്യര്‍ തമ്മില്‍ ഒരുപാട് സാമ്യതകള്‍ ഉണ്ടായിരിക്കെതന്നെ ഒരാളുടെ ചേരുവ മറ്റൊരാളുടെ ചേരുവയില്‍നിന്നും വ്യത്യസ്തമാണ്.
നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നാം നിശ്ചയിക്കുന്നതുപോലും മറ്റൊരാളോട് താരതമ്യം ചെയ്തിട്ടാണ്. എനിക്ക് കാറുവേണമെന്ന് എനിക്ക് തോന്നുന്നത്, അല്ലെങ്കില്‍ കാറില്ലാത്തതില്‍ എനിക്ക് പൊറുതികേടുണ്ടാവുന്നത് എന്റെ സഹോദരന്‍/അയല്‍ക്കാരന്‍/കൂട്ടുകാരന്‍ കാറുവാങ്ങുമ്പോഴാണ്. 60 വയസ്സുള്ള ഒരാള്‍ കാലിന് അസുഖം ബാധിച്ച് ആശുപത്രിയിലായി. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്ന സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞു: 'ഇനി എനിക്ക് നടക്കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍ പറഞ്ഞിരിക്കുന്നു. എനിക്ക് നടക്കാന്‍ കഴിയാത്തതില്‍ എനിക്ക് മഹാദുഃഖമൊന്നുമില്ല. കഴിഞ്ഞ പത്തറുപത് വര്‍ഷം ഞാന്‍ നടന്നിട്ടുണ്ട്. ഇനി എന്റെ കാര്യങ്ങള്‍ നോക്കി നടത്താന്‍ പ്രാപ്തരായ മക്കളുണ്ട്. എന്റെ പ്രയാസം എനിക്കു നടക്കാന്‍ കഴിയുന്നില്ലല്ലോ എന്നതല്ല; നിങ്ങളൊക്കെ നടക്കുന്നല്ലോ എന്നതാണ്. എന്റെ ഒരു സഹൃത്ത് വിവാഹം കഴിക്കുമ്പോള്‍ തന്നെ പ്രഫഷണല്‍ യോഗ്യതയുള്ള അവന്റെ ഭാര്യയുമായി അവര്‍ ജോലിചെയ്യുകയില്ല എന്ന ധാരണയില്‍ എത്തിയിരുന്നു. അവര്‍ രണ്ടുപേരും അതില്‍ പ്രത്യേകിച്ച് പ്രയാസങ്ങളൊന്നുമില്ലാതെ ജീവിക്കുകയായിരുന്നു. അപ്പോഴാണ് സുഹൃത്തിന്റെ അനുജന്‍ കല്യാണം കഴിക്കുന്നത്. ഉടന്‍ സുഹൃത്തിന്റെ ഭാര്യ പറഞ്ഞു അവള്‍ ജോലിക്ക് പോകുമെങ്കില്‍ ഞാനും പോകും. ഇസ്‌ലാമികമായി ആലോചിച്ചാല്‍ സ്ത്രീക്ക് ജോലിക്ക് പോവുകയും പോകാതിരിക്കുകയും ചെയ്യാം. ജോലിക്ക് പോവുന്നതും പോവാതിരിക്കുന്നതും ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളാണ്. ജീവിത പങ്കാളിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും തീരുമാനിക്കാവുന്നതാണ്. അത് അവരവരുടെ അഭിരുചിയാണ്. മറ്റൊരാള്‍ ജോലിക്കുപോകുന്നുവെങ്കില്‍ ഞാനും പോകും എന്നു തീരുമാനിക്കുന്നതിന്റെ കാരണം നമ്മള്‍ നമ്മളെത്തനെ മൂല്യനിര്‍ണയം ചെയ്യുന്നത് മറ്റൊരാളുമായി താരതമ്യം ചെയ്തുകൊണ്ടാണ് എന്നതിനാലാണ്.
ഞാനൊരു വീടുവെച്ചു. കുറച്ച് ദിവസം കഴിഞ്ഞ് സുഹൃത്തിന്റെ വീടുകൂടലിന് പോവുമ്പോഴുള്ള എന്റെ പ്രാര്‍ഥന 'വീട് എന്റെ വീടിന്റെ അത്ര നന്നാവരുതേ' എന്നായിരിക്കും യഥാര്‍ഥത്തില്‍ എന്റെ വീടും അവന്റെ വീടും തമ്മില്‍ ഒരു താരതമ്യവുമില്ല. എന്റെ അഭിരുചിക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് എന്റെ സാധ്യകളില്‍ നിന്നാണ് ഞാന്‍ വീടുവെക്കുന്നത്. അതുപോലെത്തന്നെയാണ് സുഹൃത്തും. സുഹൃത്തിന്റെ വീട്ടില്‍നിന്ന് എനിക്ക് അനുകരിക്കാന്‍ കഴിയുന്നതുണ്ടാവും. അതിനെ എന്റെ വീടിന്റെ ഭാഗമാക്കാം. ഓരോ വ്യക്തിക്കും അവന്റെതായ/അവളുടേതായ അഭിരുചികളുണ്ട്; മൗലികതകളുണ്ട്. ഈ മൗലികതയെ കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുമ്പോഴാണ് നാം കേവല അനുകരണത്തിലേക്കും താരതമ്യത്തിലേക്കും അധപതിക്കുന്നത്.
ഓരോ മനുഷ്യര്‍ക്കും അവരുടേതായ സാധ്യതകള്‍ ഉണ്ട്. മക്കളില്ലെന്ന് വിലപിച്ച് ജീവിതം നഷ്ടപ്പെടുത്തുന്നവരുണ്ട്. മക്കളുള്ളവരുടേതല്ലാത്ത സാധ്യതകള്‍ മക്കള്ളില്ലാത്തവര്‍ക്കുണ്ട്. അതിനെ സമര്‍ഥമായും സര്‍ഗാത്മകമായും ഉപയോഗപ്പെടുത്താന്‍ അവര്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് ധന്യമായ ഒരു ജീവിതം ലഭിക്കും. പരിമിതികള്‍ ഉള്ളവര്‍ അത്യുജ്വലമായ ജീവിതങ്ങള്‍ സൃഷ്ടിച്ചതിന്റെ നിരവധി അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. അവര്‍ താരതമ്യങ്ങള്‍ ഉപേക്ഷിച്ച് തങ്ങളുടേതായ സാധ്യതള്‍ അന്വേഷിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്തവരാണ്. നാം ആരാണെന്നും നമ്മുടെ സാധ്യത എന്താണെന്നുമുള്ള കാര്യത്തില്‍ നമുക്ക് ഉറപ്പുണ്ടെങ്കില്‍ ആര് തെറിവിളിച്ചാലും നമുടെ അകം പ്രക്ഷുബ്ധമാവില്ല. മറ്റുള്ളവരുടെ വളര്‍ച്ചയിലും വിജയത്തിലും നാം അസ്വസ്ഥരാവുകയില്ല. കാരണം, മറ്റൊരാളുടെ വിജയം നമ്മുടെ ഒരു സാധ്യതയെയും ഇല്ലാതാക്കുന്നില്ല. നമ്മുടെ സാധ്യത നമ്മുടെ മാത്രം സാധ്യതയാണ്. അതിനെ ആര്‍ക്കും തട്ടിയെടുക്കാനാവില്ല. ആരും വളരുന്നത് നമ്മുടെ സാധ്യതകളിലേക്കല്ല. അവരുടെ സാധ്യതകളിലേക്കാണ്. ഓരോരുത്തരും ദൈവത്തിന്റെ അനന്യരായ സൃഷ്ടികളാണ്. മുഖഛായയാല്‍ മാത്രമല്ല, വ്യക്തിത്വത്തിലും സാധ്യതകളിലുമെല്ലാം മനുഷ്യര്‍ തമ്മില്‍ പൊതുവായ ഘടകങ്ങള്‍ തന്നെയാണുള്ളത്. ഈ ഘടകങ്ങളുടെ ചേരുവകള്‍ ഓരോ വ്യക്തിയിലും വിഭിന്നമാണ്. ഇത് ദൈവത്തിന്റെ സൃഷ്ടി മഹത്വമാണ്. ഈ മഹത്വത്തെ അറിയാന്‍ നാം ഒന്നാമതായി തിരിച്ചറിയേണ്ടത് നമ്മെത്തന്നെയാണ്. നമ്മുടെ സാധ്യതകളെയാണ്. അതാണ് പ്രവാചകന്‍ പറഞ്ഞത്, 'ആര് തന്നെ അറിയുന്നുവോ അവന്‍ അല്ലാഹുവിനെ അറിഞ്ഞു'.