ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും ജീവിതത്തില്‍ സൗകര്യങ്ങള്‍ കോരിനിറച്ചപ്പോഴും മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങള്‍
ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും ജീവിതത്തില്‍ സൗകര്യങ്ങള്‍ കോരിനിറച്ചപ്പോഴും മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങള്‍ കുറയുകയല്ല, ദിനേന വര്‍ധിക്കുകയാണുണ്ടായത്. ഉയരുന്തോറും വളരുന്തോറും മോഹങ്ങളോടൊപ്പം മോഹഭംഗങ്ങളും കൂടി. എല്ലാം കൈയടക്കാന്‍ കുതിച്ചുപായുന്നവര്‍ക്ക് ഏറെ കിടമത്സരങ്ങളും എതിര്‍പ്പുകളും നേരിടേണ്ടിവരും. സംഘര്‍ഷത്തിന്റെ കുരുക്കുകളില്‍നിന്ന് മോചനം നേടാന്‍വേണ്ടി ശാന്തിയുടെ തീരങ്ങള്‍ തേടി നടക്കുന്നവരാകുന്നു ആധുനിക യുഗത്തിലെ കോടിക്കണക്കിന് മനുഷ്യര്‍. മനസ്സിന് നഷ്ടപ്പെട്ട സ്വാസ്്്ഥ്യം തിരിച്ചുകൊടുക്കുവാന്‍ വേണ്ടി സൈക്കോളജി, സൈക്യാട്രി എന്നീ ശാസ്ത്രശാഖകള്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും, ഭാഗികമോ അപൂര്‍ണമോ ആയ ഫലപ്രാപ്തിയേ പലപ്പോഴും ഉണ്ടാകുന്നുള്ളൂ. ഇവിടെയാണ് പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ആഹ്വാനം ചെയ്യുന്ന പ്രാര്‍ഥനയുടെ പ്രാധാന്യം.
ആരാധനയുടെ മജ്ജയാണ് പ്രാര്‍ഥന. പ്രാര്‍ഥനയില്ലാത്ത ആരാധനക്ക് ചൈതന്യമില്ല. 'നബിയേ പറയുക: നിങ്ങളുടെ പ്രാര്‍ഥന ഇല്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങളെ പരിഗണിക്കുകയില്ല' (വി.ഖു:25:77). ചെയ്യുന്ന കര്‍മങ്ങളൊക്കെയും സ്വീകാര്യവും പ്രതിഫലാര്‍ഹവുമാകാന്‍ പ്രാര്‍ഥന അനിവാര്യമാണ്. മനുഷ്യന്‍ എത്ര പുരോഗമിച്ചാലും ഭൗതികമായ നേട്ടങ്ങള്‍ കൈവരിച്ചാലും പല നിലക്കും അശക്തനും ദുര്‍ബലനുമാണ്. നിസ്സഹായനാണ്. പരിഹാരം കാണാത്ത വിഷമഘട്ടങ്ങളില്‍ മാത്രമല്ല, ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും സര്‍വലോക നാഥനായ അല്ലാഹുവിനെ ആശ്രയിക്കാന്‍ അവന്‍ നിര്‍ബന്ധിതനാകുന്നു. അതുകൊണ്ട് നിസ്സഹായനായ മനുഷ്യന്‍ സര്‍വശക്തനായ തന്റെ രക്ഷിതാവിനെ ആശ്രയിക്കുകയും അവനോട് പ്രാര്‍ഥിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമായ കര്‍ത്തവ്യമാണ്. പുറമെ ചിരിക്കുമ്പോഴും ഒരായിരം ദുഃഖം ഉള്ളിലൊതുക്കുന്നവരാണ് പലരും. പ്രശ്‌നങ്ങളുടെ വേലിയേറ്റത്തില്‍ കടപുഴകിയേക്കാവുന്ന ജീവിതത്തിന് അത്താണി നേടുന്നവര്‍, ആത്മസംഘര്‍ഷങ്ങളും പ്രതീക്ഷകളും മാറിമറയുന്ന മനസ്സിന്റെ ഉടമസ്ഥര്‍, കൊടും രോഗത്തിനടിപ്പെട്ട്് വേദന കടിച്ചിറക്കുന്നവര്‍... ഇങ്ങനെ ധാരാളം മനുഷ്യര്‍ പ്രാര്‍ഥനയില്‍ അഭയവും ആശ്വാസവും കണ്ടെത്തുന്നു. മുങ്ങിച്ചാവാന്‍ പോകുന്നവര്‍ ഏത് വൈക്കോല്‍തുരുമ്പിലും കയറിപ്പിടിക്കുക സ്വാഭാവികമാണ്. താന്‍ പിടിച്ചിരിക്കുന്നത് ശക്തമായ കേന്ദ്രമാണോ അല്ലയോ എന്ന് അവന്‍ ആലോചിക്കുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രാര്‍ഥന യഥാര്‍ത്ഥ ദിശ കാണിച്ചുതരുന്നു.
ആധുനിക ബഹുദൈവ സങ്കല്‍പങ്ങള്‍ പ്രാര്‍ഥനയില്‍ മായം ചേര്‍ക്കുന്നു. ശാസ്ത്ര-സങ്കേതിക ജ്ഞാനം ദ്രുതഗതിയില്‍ വളരുന്ന വര്‍ത്തമാനകാലത്തും അബദ്ധധാരണകളെ താലോലിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഭൗതിക കാര്യങ്ങളില്‍ വളരുന്തോറും ആത്മീയകാര്യങ്ങളില്‍ തളരുകയാണ് ആധുനിക തലമുറ. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ അന്ധവിശ്വാസ പ്രചാരണരംഗത്ത് മത്സരിക്കുകയാണ്. ടെലിവിഷന്‍ വാരഫലം, കംപ്യൂട്ടര്‍ ഗ്രഹനിലഗണനം ഇവയെല്ലാമാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന അന്ധവിശ്വാസങ്ങള്‍. ഏതൊരു കാര്യത്തെ സംബന്ധിച്ചും വസ്തുനിഷ്ഠമായ അറിവ് ശരിയായ വിശ്വാസ കാരണമാണ.് ഋജുവായ വിശ്വാസം നിരന്തരമായ പ്രാര്‍ഥനയിലൂടെ സ്വായത്തമാക്കാം. നബി (സ) അരുള്‍ ചെയ്തു: 'തന്നില്‍നിന്ന് ആവശ്യപ്പെടാത്തവനോട് അല്ലാഹു കോപിഷ്ഠനായിരിക്കും'' (തിര്‍മിദി). നമ്മുടെ ലക്ഷ്യത്തിന്റെയും ആഗ്രഹങ്ങളുടെയും ആത്മാവുള്‍ക്കൊണ്ടതാവണം പ്രാര്‍ഥനകള്‍. അതിമനോഹരമായ രീതിയില്‍ ആശയങ്ങള്‍ സംക്ഷിപ്തമായി മൃദുല പദങ്ങളിലുള്ള ഒരുപാട് പ്രാര്‍ഥനകള്‍ നബി (സ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. മരണസമയം, ഖബറിലെ ഇടക്കാല താമസം, മലക്കിന്റെ ചോദ്യംചെയ്യല്‍, ഉയിര്‍ത്തെഴുന്നേല്‍പ്പ്, അല്ലാഹുവിന്റെ മുന്നില്‍ ഹാജരാക്കപ്പെടല്‍, ഇഹലോക പ്രവര്‍ത്തനങ്ങളുടെ കണക്കെടുപ്പ്, സിറാത്തുല്‍മുസ്തഖീമിലൂടെയുള്ള നടത്തം, സ്വര്‍ഗ- നരക പ്രദേശങ്ങളുടെ സന്ദര്‍ഭം ഇവയെല്ലാം പ്രാര്‍ഥനകളിലൂടെ നമ്മുടെ സ്മരണയില്‍ വരേണ്ടതുണ്ട്.
സര്‍വലോക സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്റെ മുന്നില്‍ സൃഷ്ടിയുടെ ശിരസ്സും മനസ്സും വിനയത്താല്‍ നമ്രമാകുന്നു. അല്ലാഹുവിന്റെ മഹത്തായ ഔദാര്യത്തില്‍നിന്ന് അവന്‍ താഴ്മയോടെ ചോദിക്കുന്നു. തനിക്കുവേണ്ടി മാത്രമല്ല വിശ്വാസി പ്രാര്‍ഥിക്കുന്നത്. ഗുരുനാഥന്മാര്‍, മാതാപിതാക്കള്‍, അയല്‍ക്കാര്‍, നമ്മെ വിട്ടുപിരിഞ്ഞുപോയവര്‍ ഇവരെല്ലാം വിശ്വാസിയുടെ പ്രാര്‍ഥനയിലുള്‍പ്പെടുന്നു. സ്വയം പ്രാര്‍ഥിച്ചും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചും ഓരോ വിശ്വാസിയും ജീവിതത്തെ ധന്യമാക്കുമ്പോള്‍ വിശ്വാസ സമൂഹം കെട്ടുറപ്പുള്ളതാകുന്നു.
ഉറങ്ങാന്‍ കിടക്കുമ്പോള്‍, യാത്ര ചെയ്യുമ്പോള്‍, പുതുവസ്ത്രമണിയുമ്പോള്‍, ഉറക്കമുണരുമ്പോള്‍... ഇങ്ങനെ എല്ലാ സന്ദര്‍ഭങ്ങളിലും ഇസ്്‌ലാം പ്രാര്‍ഥനയെ മുറുകെപ്പിടിക്കുന്നു. പ്രാര്‍ഥന ഒരു ചടങ്ങല്ല. മറിച്ച്, മനസ്സിന്റെ ഉള്ളില്‍നിന്നും അല്ലാഹുവിലേക്ക് ഒഴുകിയെത്തുന്നതാവണം. കര്‍മങ്ങളുടെ പ്രകാശം പ്രാര്‍ഥനയില്‍ പ്രതിഫലിക്കണം. പ്രാര്‍ഥനക്കായി നാം ഒരുങ്ങുമ്പോള്‍ അല്ലാഹുവിന്റെ മുന്നില്‍ കാണിക്ക വെക്കാനായി സുകൃതങ്ങളും നന്മകളും നാം സ്വരൂപിക്കണം. പ്രവാചകന്‍ (സ) ഇതുമായി ബന്ധപ്പെട്ട് ഒരു കഥപറഞ്ഞത് ശ്രദ്ധേയമാണ്. മൂന്നാളുകള്‍ ഒരു ഗുഹയിലകപ്പെട്ടു. ഗുഹയില്‍ ഒരു പാറ വന്ന് മൂടുകയും ചെയ്തു. പിന്നീട് ഓരോരുത്തരും തങ്ങളുടെ സല്‍പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി പ്രാര്‍ഥിച്ചപ്പോള്‍ പാറക്കല്ല് നീങ്ങുകയാണുണ്ടായത്. സത്യത്തിനും നീതിക്കും വേണ്ടി പകലന്തിയോളം പടപൊരുതുകയും രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുമ്പോഴെ പ്രാര്‍ഥനയുടെ യഥാര്‍ഥ പ്രതിഫലമുണ്ടാവുകയുള്ളൂ. നബി (സ) പറയുന്നു: 'രാത്രിയുടെ അന്ത്യവേളയിലാണ് ഒരടിമയോട് തന്റെ രക്ഷിതാവ് ഏറ്റവും കൂടുതല്‍ അടുക്കുന്നത്. ആ സമയത്ത് അല്ലാഹുവിനെ സ്മരിക്കാന്‍ നിനക്ക് സാധിക്കുമെങ്കില്‍ നീ അങ്ങനെ ചെയ്യുക.''
മൂന്നു പ്രാര്‍ഥനകള്‍ക്ക് ഉത്തരം കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് നബി (സ) പറഞ്ഞിരിക്കുന്നു. മാതാപിതാക്കള്‍, മര്‍ദ്ദിതര്‍, യാത്രക്കാര്‍ എന്നിവരുടെ പ്രാര്‍ഥനകളാണവ. പ്രാര്‍ഥനയിലൂടെ നാം പ്രാര്‍ഥിച്ചത് ലഭിക്കുന്നു അല്ലെങ്കില്‍ അതേക്കാളും ഉത്തമമായത് അല്ലാഹു നല്‍കുന്നു. പ്രാര്‍ഥന പുണ്യകരമാണ്. പൂര്‍വ പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ നിരവധി സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. ഹദീസുകളില്‍നിന്ന് മുഹമ്മദ് നബി (സ)യുടെ പ്രാര്‍ഥനകളും ധാരാളമായി ലഭിക്കുന്നു. അവ പഠിക്കുകയും ശീലമാക്കുകയും ചെയ്യുന്നത് ഉത്തമചര്യയാണ്.
മനുഷ്യന്റെ ഹൃദയച്ചിമിഴുകളില്‍ അല്ലാഹു നിക്ഷേപിച്ച മധുവാണ് സ്‌നേഹം. അല്ലാഹു തന്റെ സ്‌നേഹ കാരുണ്യങ്ങളെ നൂറായി പകുത്ത് ഒന്ന് മാത്രമാണ് ഭൂമിയിലേക്ക് അയച്ചുതന്നതെന്നും ബാക്കി തൊണ്ണൂറ്റിയൊമ്പത് എണ്ണവും നാളെ പരലോകത്ത് വിശ്വാസികള്‍ക്ക് മാറ്റിവെച്ചിരിക്കുന്നുവെന്നും നബി (സ)യുടെ സുവിശേഷത്തിലൂടെ നമുക്ക് മനസ്സിലാക്കാം. അല്ലാഹുവിനോടുള്ള സ്‌നേഹം നേടാന്‍ നിരന്തരമായ പഠനപ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുപോലെ നിതാന്തമായ പ്രാര്‍ഥനകളും ആവശ്യമാണ്. എപ്പോഴും കൈകളുയര്‍ത്തിയ പ്രാര്‍ഥനകള്‍ വേണമെന്നില്ല. മനസ്സിന്റെ അകത്തളങ്ങളില്‍നിന്ന് നാഥനിലേക്ക് ഉയരുന്ന അദൃശ്യമായ വേദനകളും പ്രതീക്ഷകളും തീര്‍ച്ചയായും അല്ലാഹുവിന്റെ സിംഹാസനച്ചോട്ടിലെത്തുന്നു. അല്ലാഹുവിന്റെ സ്‌നേഹത്തിനു പാത്രമായാല്‍ നമ്മുടെ ഹൃത്തടത്തില്‍ അവന്‍ വിജ്ഞാനം നിറച്ചുതരികയും തിന്മകളോട് കടുത്ത വെറുപ്പും നന്മകളോട് അദമ്യമായ സ്‌നേഹവും ഉണ്ടാക്കിത്തരുന്നു.
പ്രാര്‍ഥനകളില്‍ ആത്മീയവും ഭൗതികവുമായ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തണം. പാപമോചനത്തിനും സന്മാര്‍ഗവര്‍ധനവിനും യാചിക്കണം. അതിനുവേണ്ടി കണ്ണീര്‍ വാര്‍ക്കണം. മനസ്സ് അലിയണം. അല്ലാഹുവിനെ വാരിപ്പുണരണം. പ്രാര്‍ഥന അതിന്റെ മര്യാദയോട് കൂടിയായാലേ പൂര്‍ണ്ണമാകുകയുള്ളൂ. ഹംദും സ്വലാത്തും, അല്ലാഹുവിനെ വാഴ്ത്തല്‍, കൈ ഉയര്‍ത്തല്‍, ശബ്ദം കുറക്കല്‍, ഖിബ്്‌ലക്ക് മുന്നിടല്‍, ശുദ്ധിയുണ്ടായിരിക്കല്‍, ഉപജീവനം ശുദ്ധമെന്ന് ഉറപ്പുവരുത്തല്‍, അല്ലാഹു ഉത്തരം നല്‍കുമെന്ന ബോധ്യം, അല്ലാഹു തന്നെ കാണുന്നുണ്ടെന്ന ധാരണ, ഉത്തിഷ്ഠ മനസ്സ്, കരുണാമയനായ അല്ലാഹുവിന്റെ തൃച്ചേവടികളില്‍ സ്വന്തത്തെ അര്‍പ്പിക്കല്‍, നമ്മുടെ നിസ്സാരതയും നാഥന്റെ മാഹാത്മ്യവും എടുത്തുപറയല്‍, ഉന്നതമായ സ്വര്‍ഗീയ സമീപസ്ഥാനം ആവശ്യപ്പെടല്‍ ഇവയെല്ലാം പ്രാര്‍ഥനയുടെ മര്യാദകളില്‍ പെട്ടവയാണ്. അബ്ദുല്ലാഹ്ബ്‌നു ബുബര്‍ (റ)വില്‍ നിന്ന്: ഒരു അഅ്‌റാബി നബി (സ)യുടെ അടുക്കല്‍ വന്ന് ചോദിച്ചു: ''ഏറ്റവും നല്ല മനുഷ്യനാരാണ്?'' തിരുമേനി പറഞ്ഞു: 'ദീര്‍ഘകാലം ജീവിച്ചിരിക്കുകയും പ്രവര്‍ത്തനം നന്നായിരിക്കുകയും ചെയ്തവന് മംഗളം.'' അയാള്‍ വീണ്ടും ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരെ, ഏതാണ് ഏറ്റവും നല്ല പ്രവര്‍ത്തനം?'' തിരുമേനി (സ) പ്രത്യുത്തരം നല്‍കി: 'അല്ലാഹുവിനെ സ്മരിക്കാനുളള വാക്കിന്റെ നനവ് നാവില്‍നിന്ന് വറ്റാതെ ഇഹലോകവാസം വെടിയുന്നത്'' (അഹ്്മദ് തിര്‍മിദി).
ജലാലുദ്ദീന്‍ റൂമി ഒരു കഥ വിവരിക്കുന്നത് ഇപ്രകാരമാണ്. നിരന്തരം പ്രാര്‍ഥിക്കുന്ന ഒരാളോട് ചെകുത്താന്‍ ചോദിച്ചു: 'നിങ്ങള്‍ ദൈവത്തിന്റെ നാമം എമ്പാടും ആവര്‍ത്തിച്ചുരുവിട്ടിട്ടും പ്രഭാതത്തിലെഴുന്നേറ്റ് പ്രാര്‍ഥിച്ചിട്ടും ഭക്തിയോടെ ഉത്തരം മോഹിച്ചിട്ടും ഒരിക്കലെങ്കിലും 'ഇതാ ഞാനിവിടെ ഉണ്ട്' എന്നൊരു വാക്കെങ്കിലും ദൈവത്തില്‍നിന്നു കേട്ടോ?'' ഇതു വളരെ ശരിയായി തോന്നിയ ആ ഭക്തന്‍ അന്ന് എഴുന്നേറ്റ് പ്രാര്‍ഥിക്കാതെ കിടന്നുറങ്ങി. ഉറക്കത്തില്‍ ഒരശരീരി കേട്ടു: 'ദൈവത്തോടുള്ള നിങ്ങളുടെ ഹൃദയ വിനിമയം നിങ്ങള്‍ എന്താണ് നിര്‍ത്തിയത്?'' ''ഞാന്‍ പ്രേമത്തിനായി മോഹിച്ചും വേദനിച്ചും എത്രയായി അപേക്ഷിക്കുന്നു. ഒരു പ്രതികരണവും കിട്ടിയില്ല!'' അശരീരി: 'ഞാന്‍ ദൈവത്തിങ്കല്‍നിന്ന് നിങ്ങള്‍ക്കുള്ള ഉത്തരമാണ്. നിങ്ങളുടെ ഹൃദയത്തില്‍ ദൈവം നിക്ഷേപിച്ചിട്ടുള്ള പ്രണയ ദേവതയുണ്ടല്ലോ! അതുതന്നെയാണ് അവന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.''
നമ്മുടെ ക്ഷേമവും യഥാര്‍ഥ ജീവിതവിജയവും കിടക്കുന്നത് ഹൃദയ വിശുദ്ധീകരണത്തിലാണ്. പ്രശാന്തമായ ഒരു ഹൃദയം ലഭിക്കുന്നതിനുള്ള താക്കോലാണ് പ്രാര്‍ഥന