ഇരട്ട അരപ്പട്ടക്കാരി

അബ്ദുല്ലാ നദ്വി കുറ്റൂർ /ചരിത്രത്തിലെ സ്ത്രീ
2015 ഫെബ്രുവരി
ഇസ്‌ലാമിക സ്ത്രീ ചരിത്രത്തില്‍ ധീരതയുടെയും മനോദാര്‍ഡ്യത്തിന്റെയും സഹനത്തിന്റെയും പ്രതീകമായിരുന്നു

      ഇസ്‌ലാമിക സ്ത്രീ ചരിത്രത്തില്‍ ധീരതയുടെയും മനോദാര്‍ഡ്യത്തിന്റെയും സഹനത്തിന്റെയും പ്രതീകമായിരുന്നു അസ്മാഅ്. ഔന്നത്യമുള്ളവള്‍ എന്നാണ് അസ്മാഅ് എന്നതിനര്‍ഥം. ഹിജ്‌റക്ക് 27 വര്‍ഷം മുമ്പ് മക്കയില്‍ ജനനം. ഉമ്മ വേറെയാണെങ്കിലും ആയിശ (റ)യുടെ ജ്യേഷ്ഠസഹോദരിയാണ്. ആദ്യകാലത്ത് ഇസ്്‌ലാം സ്വീകരിച്ചവരില്‍ പതിനെട്ടാമത്തെ വ്യക്തിയാണ് അസ്മാഅ്. പ്രവാചകനും പിതാവ് അബൂബക്കറും മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്‌റ പോകുന്ന വിവരം ആദ്യമായി അറിഞ്ഞത് ഇവരാണ്. ഈ വിവരം അറിയുന്ന മൂന്നാമതൊരാള്‍ അസ്മാഅ് മാത്രമാണ്. ഇളം പ്രായത്തിലും പക്വതയുള്ളവളായിരുന്നു. ഉത്തരവാദിത്വം ഏല്‍പ്പിക്കാന്‍ പ്രാപ്തിയുള്ളവളാണെന്ന് തികഞ്ഞ ബോധ്യമുള്ളതുകൊണ്ടാണ് ഹിജ്‌റയുടെ രഹസ്യം പ്രവാചകന്‍ അസ്മാഇനെ അറിയിച്ചത്. പിതാവില്‍ നിന്ന് പകര്‍ന്ന് കിട്ടിയ സൗഹൃദവും സാഹസിക മനോഭാവവും പരീക്ഷണങ്ങളെ നേരിടാനുള്ള ചങ്കൂറ്റവും അവര്‍ മരണം വരെ കാത്തുസൂക്ഷിച്ചു. അപ്രകാരം തന്റെ മകന്‍ അബ്ദുല്ല ഇബ്‌നു സുബൈറിനെ വളര്‍ത്തുകയും ചെയ്തു.
അസ്മാഇന് 'ഇരട്ട അരപ്പട്ടക്കാരി'' എന്നൊരു അപരനാമം ലഭിക്കാനുള്ള കാരണം ഹിജ്‌റയുമായി ബന്ധപ്പെട്ടാണ്. പ്രവാചകനും അബൂബക്കര്‍ സിദ്ധീഖും ഹിജ്‌റ മധ്യേ സൗര്‍ഗുഹയില്‍ ഒളിവില്‍ താമസിക്കുമ്പോള്‍ അവര്‍ക്ക് യാത്രക്ക് വേണ്ട പാഥേയം ഒരുക്കിയ അസ്മാഇന് ഭാണ്ഡം ഓട്ടകപ്പുറത്ത് കെട്ടിവെക്കാന്‍ കയറൊന്നും കിട്ടിയില്ല. ഖുറൈശികള്‍ നബിയെ കണ്ടെത്താനായി തകൃതിയായ തെരച്ചില്‍ നടത്തുന്ന ആ അപായ സന്ദര്‍ഭത്തില്‍ കയര്‍ അന്വേഷിച്ച് സമയം പാഴാക്കിക്കൂടാ. അസ്മാഅ് താന്‍ അരയില്‍ ചുറ്റിയ അരപ്പട്ട അഴിച്ച് അത് രണ്ടായി കഷ്ണിച്ച് അതില്‍ ഒന്ന് കൊണ്ട് ഭക്ഷണപ്പൊതിയും മറ്റേത് കൊണ്ട് വെള്ളപ്പാത്രവും വരിഞ്ഞുകെട്ടി ആരും കാണാതെ സൗര്‍ ഗുഹയിലെത്തി. അസ്മാഇന്റെ പ്രായോഗിക ബുദ്ധിയിലും അവസരത്തിനൊത്ത്് പ്രവര്‍ത്തിക്കാനുള്ള സാമര്‍ഥ്യത്തിലും അതീവ സന്തുഷ്ടനായ പവാചകന്‍ അവരെ 'ഇരട്ട അരപ്പട്ടക്കാരി'' എന്ന് വിളിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.
മുഹമ്മദിനെ പിടിച്ചു കൊണ്ടുവരുന്നവര്‍ക്ക് നൂറൊട്ടകം നല്‍കാമെന്ന് ഖുറൈശികള്‍ വിളംബരം ചെയ്തിരുന്നു. അസ്മാഇല്‍നിന്ന് രഹസ്യം ചോര്‍ത്താന്‍ അവര്‍ പരമാവധി പരിശ്രമിച്ചെങ്കിലും വൃഥാവിലാവുകയാണുണ്ടായത്. അസ്മാഅ് പ്രവാചകനുള്ള ഭക്ഷണം പാകംചെയ്തുകൊണ്ടിരിക്കെ അബൂജഹലും സില്‍ബന്തികളും അവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി നോക്കി. രോഷാകുലനായ അബൂജഹ്ല്‍ കൈകൊണ്ട് അവരുടെ വയറ്റത്ത് ആഞ്ഞൊരടി കൊടുത്തു. അന്ന് അവര്‍ ഗര്‍ഭിണിയായിരുന്നു.
ഹിജ്‌റ പോകുമ്പോള്‍ അബൂബക്കറിന്റെ കൈവശം ആയിരത്തി അഞ്ഞൂറ് ദിര്‍ഹമുണ്ടായിരുന്നു. അതില്‍ നിന്ന് കുറച്ച് പണം വീട്ടില്‍ വെക്കാന്‍ അബൂബക്കര്‍ തുനിഞ്ഞെങ്കിലും അത് മുഴുവന്‍ കൊണ്ടുപോകാന്‍ അസ്മാഅ് ആണ് അദ്ദേഹത്തെ നിര്‍ബന്ധിച്ചത്്. മകന്‍ നാടുവിട്ടതറിഞ്ഞ മുശ്‌രിക്കായ തന്റെ പിതാവ് അബൂഖുഹാഫ അസ്മാഇന്റെ അടുക്കല്‍ ചെന്നിട്ട് ചേദിച്ചു. അവന്‍ നിങ്ങള്‍ക്കൊന്നും ബാക്കിവെക്കാതെ കടന്നുകളഞ്ഞുവല്ലേ? ഇത് മൂന്‍കൂട്ടി മനസ്സിലാക്കിയ അസ്മാഅ് ചുമരിലെ വിളക്കുമാടത്തില്‍ ഒരു തുണിയും വെച്ച് മൂടി അതിന്മേല്‍ ഒരു തുണിയും വെച്ചിട്ട് കണ്ണുകാണാത്ത അദ്ദേഹത്തോട് പറഞ്ഞു 'ഇതാ നോക്കൂ ഇത്രയും പണം അദ്ദേഹം ഞങ്ങള്‍ക്കായി ബാക്കി വെച്ചിട്ടുണ്ട്.' വൃദ്ധനെ സമാശ്വസിപ്പിക്കാനും അദ്ദേഹത്തില്‍നിന്ന് ഒട്ടും മേടിക്കാതിരിക്കാനും അസ്മാഇന്റെ സൂത്രമായിരുന്നു ഇത്.
ഒരു മാതൃകാ കുടുംബിനിയായിരുന്നു അസ്മാഅ്. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പ്രഗത്ഭ സഹാബി സുബൈറുബ്‌നു അവ്വാമായിരുന്നു അവരുടെ ഭര്‍ത്താവ്. ഭൂമിയോ ഭൃത്യരോ ഒന്നുമില്ലാത്ത ദരിദ്രനായ സുബൈറിന് ആകെയുണ്ടായിരുന്ന സമ്പത്ത് ഒരു കുതിരയും ഒരൊട്ടകവും മാത്രമായിരുന്നു. ഭര്‍ത്താവിനോട് കൂറും ആത്മാര്‍ഥതയും പുലര്‍ത്തുകയും അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്ന ഒരു ഉത്തമ ഭാര്യയായി അസ്മാഅ് പ്രശോഭിച്ചു. വീട്ടിലെ പ്രയാസമേറിയ എല്ലാ ജോലികളും കുതിരയെ നോക്കുന്ന ജോലിയും അവര്‍ ഒറ്റക്ക് തന്നെ നിര്‍വ്വഹിച്ചു. കുതിരയെയും ഒട്ടകത്തെയും മേച്ചിരുന്നതും അവക്ക് ഈത്തപ്പഴക്കുരു പൊടിച്ചു കൊടുത്തിരുന്നതും താന്‍ ഒറ്റക്കായിരുന്നുവെന്ന് അസ്മാഅ് അനുസ്മരിക്കാറുണ്ട്.
ഇല്ലായ്മയില്‍ പരിതപിക്കുകയോ വിധിയെ പഴിക്കുകയോ ചെയ്യാതെ സന്തുഷ്ടമായ കുടുംബജീവിതമാണ് അവര്‍ നയിച്ചത്. യാതനകളും ക്ലേശങ്ങളും സഹിച്ചു ജീവിച്ചു. അസ്മാഇന്റെ കുടുംബം പിന്നീട് അഭിവൃദ്ധി പ്രാപിച്ചു. ക്ഷേമം കൈവന്നപ്പോഴും അസ്മാഅ് മതിമറക്കുകയോ അഹങ്കരിക്കുകയോ ചെയ്തില്ല. മിച്ചമുള്ള പണം ദാനം ചെയ്യുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തി. ഇതേക്കുറിച്ച് തന്റെ മകന്‍ അബ്ദുല്ല പറയുന്നത് ശ്രദ്ധേയമാണ്. ' എന്റെ മാതൃസഹോദരി ആയിശയെയും മാതാവ് അസ്മാഇനെയും പോലെ ധര്‍മ്മിഷ്ഠകളായ മറ്റു സ്ത്രീകളെ ഞാന്‍ കണ്ടിട്ടില്ല. ഇരുവരുടെയും ധര്‍മ്മരീതി വ്യത്യസ്തമാണ്. ഒന്നിനൊന്ന് കൂട്ടിവെച്ച് വേണ്ടത്രയായാല്‍ അത് പാവങ്ങള്‍ക്ക് വീതിച്ച് കൊടുക്കുന്ന രീതിയാണ് ആയിശയുടേത്. എന്നാല്‍, എന്റെ മാതാവ് നാളേക്ക് ഒന്നും ബാക്കിവെക്കാതെ കിട്ടുന്നതെല്ലാം അപ്പപ്പോള്‍ തന്നെ ദാനം ചെയ്യുന്ന പ്രകൃതക്കാരിയാണ്.'
യുദ്ധസന്ദര്‍ഭത്തില്‍ അസ്മാഅ് മകന്‍ അബ്ദുല്ല ഇബ്‌നു സുബൈറിനോട് സ്വീകരിച്ച നിലപാട് തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെടേണ്ടതാണ്. യസീദ്ബ്‌നു മുആവിയക്ക് ശേഷം ജനങ്ങള്‍ അബ്ദുല്ലാഹിബ്‌നു സുബൈറിനെയാണ് ഖലീഫയായി ബൈഅത്ത് ചെയ്തത്. ഹിജാസ്, ഈജിപ്ത്, ഇറാഖ്, ഖുറാസാന്‍ തുടങ്ങിയ ഒട്ടനേകം പ്രദേശമെല്ലാം അദ്ദേഹത്തിന് വിധേയമായിരുന്നു. പക്ഷേ, അമവി ഭരണാധികാരികള്‍ അദ്ദേഹത്തിനെതിരെ ശക്തമായ പടനീക്കം തുടങ്ങി. ഹജ്ജാജ്ബ്‌നു യൂസുഫിന്റെ നേതൃത്വത്തില്‍ ഇരുകക്ഷികള്‍ക്കുമിടയില്‍ രൂക്ഷമായ പോരാട്ടം അരങ്ങേറി. യുദ്ധഭൂമിയില്‍ ഇബ്‌നുസുബൈര്‍ ധീരമായി അടരാടുകയുണ്ടായി. പക്ഷേ, ഒടുവില്‍ തന്റെ അനുയായികള്‍ അദ്ദേഹത്തെ കൈവെടിഞ്ഞു. അവസാനം ഗത്യന്തരമില്ലാതെ അബ്ദുല്ലാഹിബ്‌നു സുബൈറും അംഗുലി പരിമിതമായ തന്റെ അനുകൂലികളും കഅ്ബാലയത്തില്‍ അഭയം തേടി.
അന്ത്യ നിമിഷങ്ങള്‍ക്ക് അല്‍പം മുമ്പ് മകന്‍ ഇബ്‌നു സബൈര്‍ അസ്മാഇനെ സമീപിച്ചു. വയോവൃദ്ധയായ, കാഴ്ചമങ്ങിയ മാതാവിനോട് അദ്ദേഹം പറഞ്ഞു. അസ്സലാമു അലൈക്കും യാ ഉമ്മാ!
സലാം മടക്കിയ ശേഷം അസ്മാഅ് ചോദിച്ചു. ഹജ്ജാജിന്റെ പീരങ്കികള്‍ മക്കയുടെ കൊത്തളങ്ങളില്‍ ആര്‍ത്തിരമ്പുന്ന ഈ സന്നിദ്ധഘട്ടത്തില്‍ നീ എന്തിനാണ് എന്നെ കാണാന്‍ വന്നത്?
മകന്‍ പറഞ്ഞു: ''ഞാന്‍ നിങ്ങളുടെ ഉപദേശം തേടാന്‍ വേണ്ടി വന്നതാണ്. ജനങ്ങള്‍ എന്നെ കൈവെടിഞ്ഞു. ഞാനും ആയുധം വെച്ച് കീഴടങ്ങണോ?''
അസ്മാഅ് ഉറച്ചസ്വരത്തില്‍ പറഞ്ഞു: 'നീ സത്യത്തിലാണെന്ന് നീ വിശ്വസിക്കുന്നുവെങ്കില്‍ ക്ഷമ കൈവിടാതെ ധീരമായി പോരാടുക.''
'പക്ഷേ ഉമ്മാ നിശ്ശംശയം ഞാന്‍ വധിക്കപ്പെടും.''
ഉമ്മ പറഞ്ഞു: 'നീ ഹജ്ജാജ്ബ്‌നു യൂസുഫിന് കീഴടങ്ങുന്നതിനേക്കാള്‍ രക്തസാക്ഷിത്വമാണ് നിനക്ക് അഭികാമ്യം.''
'ഉമ്മാ, ഞാന്‍ മരണത്തെ ഭയപ്പെടുന്നില്ല. മരണശേഷം തന്റെ ജഡം അംഗവിഛേദം ചെയ്ത് വികൃതമാകുന്നതിനെയാണ് ഞാന്‍ ഭയപ്പെടുന്നത്.''
മരണശേഷം ഒരാള്‍ മറ്റെന്ത് ഭയപ്പെടണം? ബലിയറുക്കപ്പെട്ട ആടിന് തോലൊഴിക്കുമ്പോള്‍ വേദനിക്കുകയില്ല.
ഉമ്മ പറഞ്ഞു.
അബ്ദുല്ലയുടെ മുഖം പ്രസന്നമായി. ഇത് നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഈയവസരം ഇവിടെ വന്നത്. ഇനി ഞാന്‍ രണാങ്കണത്തിലേക്ക് പോകട്ടെ, ഞാന്‍ മരണപ്പെട്ടാല്‍ നിങ്ങള്‍ ദുഖിക്കരുത്. മകന്‍ പറഞ്ഞു.
ഉമ്മയും മകനും ആലിംഗനബദ്ധരായി. അബ്ദുല്ല ഉമ്മയുടെ ഇരുകൈകളിലും കാലുകളിലും കുനിഞ്ഞു നിന്നു ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്തു. ഉമ്മ മകന്റെ മുഖത്തും ശിരസ്സിലും കഴുത്തിലുമെല്ലാം ചുംബനങ്ങളര്‍പ്പിച്ചു. പ്രാര്‍ഥിക്കാന്‍ പറഞ്ഞ് മകന്‍ രണാങ്കണത്തിലേക്ക് കുതിച്ചു. അബ്ദുല്ല ആ യുദ്ധത്തില്‍ രക്തസാക്ഷിയായി.
മരണശേഷം ഹജ്ജാജ്ബ്‌നു സുബൈറിന്റെ മൃതദേഹം 'ഹജൂന്‍'' എന്ന സ്ഥലത്ത് കെട്ടിത്തൂക്കി. മൃതദേഹം മറവ് ചെയ്യാന്‍ അസ്മാഅ് പറഞ്ഞെങ്കിലല്ലാതെ മറവ് ചെയ്യുകയില്ലെന്ന് ശപഥം ചെയ്തിരുന്നു ഹജ്ജാജ്.
രക്തസാക്ഷിത്വത്തിന്റെ മൂന്ന് നാളുകള്‍ പിന്നിട്ട ശേഷം ആ ധീരമാതാവ് ഭൃത്യരോടൊപ്പം വേച്ച് വേച്ച് മകനെ തൂക്കിയിട്ട സ്ഥലത്തെത്തി. തന്റെ മകന്‍ ദയനീയമാം വിധം ക്രൂശിതനായി കിടക്കുന്നതു കണ്ട അസ്മാഅ് കണ്ണീര്‍ വാര്‍ക്കുകയോ സഹതപിക്കുകയോ ചെയ്തില്ല. ധീരത സ്ഫുരിക്കുന്ന കാവ്യത്മകമായ ശൈലിയില്‍ അവര്‍ ഹജ്ജാജിനോട് ചോദിച്ചു. എന്താ, ഈ വീരയോദ്ധാവിനെ ഇനിയും കുതിരപ്പുറത്ത് നിന്ന് ഇറക്കാറായിട്ടില്ലേ?
സാഹിതീയ ശൈലിയില്‍ മകന് ഔന്നത്യം നല്‍കിയത് ഹജ്ജാജിന് സഹിച്ചില്ല. ഇബ്‌നു സുബൈറിനെ ഇകഴ്ത്തി കാണിക്കാനായി ഹജ്ജാജ് പറഞ്ഞു. കഅ്ബാലയത്തില്‍ വെച്ച് ധിക്കാരം കാണിച്ച കപട വിശ്വാസി!
അസ്മാഅ് തല ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞു.
അല്ലാഹുവാണെ, അവന്‍ കപടവിശ്വാസിയല്ല, ധാരാളമായി നോമ്പെടുക്കുന്നവനും തഹജ്ജുദ് നമസ്‌കരിക്കുന്നവനുമാണ് എന്റെ മകന്‍.
ഉത്തരം മുട്ടിയ ഹജ്ജാജ് അവരെ പുഛിച്ച് കൊണ്ട് പറഞ്ഞു. ബുദ്ധിമാന്ദ്യം സംഭവിച്ച പടുകിളവീ, കടന്നു പോവുക, എന്റെ കണ്‍മുമ്പില്‍ നിന്ന്.
ഹജ്ജാജിന്റെ പ്രൗഡിയും പ്രതാപവും വകവെക്കാതെ അസ്മാഅ് പറഞ്ഞു.
എനിക്ക് ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ല. എന്നാല്‍ പ്രവാചകന്‍ (സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
'സഖീഫ് ഗോത്രത്തില്‍ നിന്ന് (ഹജ്ജാജിന്റെ ഗോത്രം) ഒരു കള്ളനും ഒരു വിനാശകാരിയും പുറപ്പെടുമെന്ന്'' അതില്‍ പെരുംകളളനെ (മുസൈലിമ) നാമെല്ലാം കണ്ടതാണ്. അതില്‍ ആ വിനാശകാരിയെ ഞാന്‍ കണ്‍മുമ്പില്‍ കാണുകയാണ്.'
മറുത്തൊന്നും പറയാന്‍ സാധിക്കാതെ ഹജ്ജാജ് ഇളിഭ്യനായി.
പുത്രന്റെ മരണശേഷം എതാനും നാളുകള്‍ കഴിഞ്ഞ് അസ്മാഉം നിര്യാതയായി.''
മരിക്കുമ്പോള്‍ ഏകദേശം നൂറ് വയസ്സ് കവിഞ്ഞിരുന്ന അസ്മാഅ് അമ്പതിലേറെ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പ്രായമായിട്ടും അവരുടെ ഒരു പല്ലുപോലും കൊഴിയുകയോ ബുദ്ധിശക്തി ക്ഷയിക്കുകയോ ചെയ്തിരുന്നില്ല.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media