എന്നാലും അവരോടിത് വേണ്ടായിരുന്നു

അന്‍സിയ സി.എ (പാലക്കാട് ഇസ്‌ലാമിയ കോളേജ്, പേഴുംകര) /കാമ്പസ്‌ No image

      നാട്ടില്‍ പോവാതെ ഹോസ്റ്റലില്‍ തന്നെ തങ്ങിയ ഒരു ഞായറാഴ്ചയായിരുന്നു അത്. വൈകുന്നേരം വാര്‍ഡന്‍ വന്ന് ഒരു കാര്യം പറഞ്ഞു. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പത്തിരുനൂറ് ഉത്തരേന്ത്യന്‍ കുട്ടികളെ പോലീസ് പിടിച്ചിട്ടുണ്ട്. അവരെ ഞങ്ങളുടെ ഹോസ്റ്റലിലേക്ക് കൊണ്ടുവരികയാണ്. കേട്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടി. ഇത്രയും കുട്ടികള്‍ ഒന്നിച്ച് ഇവിടേക്ക് വരികയോ!
അവര്‍ക്കെല്ലാം ഇവിടെ എങ്ങനെ സൗകര്യമൊരുക്കാനാണ് ഇത്യാദി ഒരുപാട് ചോദ്യങ്ങള്‍ ആദ്യം മനസ്സിലും പിന്നെ പതിയെ പതിയെ പലരുടെയും നാവുകളിലും വന്നു തുടങ്ങി. സ്ഥാപനത്തിന്റെ മാനേജര്‍ ശാക്കിര്‍ മൂസ സാറുടെ നിര്‍ദേശമനുസരിച്ച് ഞങ്ങള്‍ ഹോസ്റ്റല്‍ വാസികള്‍ അത്യാവശ്യം സൗകര്യങ്ങള്‍ ഒരുക്കി. അല്‍പം മുതിര്‍ന്നവരായതിനാല്‍ ഞങ്ങള്‍ക്കായിരുന്നു മേല്‍നോട്ടം. സമയം പതിവുപോലെത്തന്നെയാണ് നീങ്ങുന്നതെങ്കിലും ആകാംക്ഷയുടെ തീവ്രത കൊണ്ടാവാം കൂടെക്കൂടെ വാച്ചിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുകയാണ് മനസ്സ്. അല്‍പം കഴിഞ്ഞ് ഹോസ്റ്റല്‍ മുറ്റത്ത് ഒരു സ്‌കൂള്‍ ബസ് വന്നുനിന്നു. കുട്ടികള്‍ ഓരോരുത്തരായി കലപില ശബ്ദമുണ്ടാക്കി ഇറങ്ങി വരുന്നു. ഞാന്‍ വേഗം മുറ്റത്തേക്കിറങ്ങി. ജീവിതത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത കുറെ കുഞ്ഞുമുഖങ്ങള്‍. ഞങ്ങള്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ അവര്‍ എന്തൊക്കെയോ പിറുപിറുക്കുന്നു. പരസ്പരം പറഞ്ഞു ചിരിക്കുന്നു. മറ്റു ചിലര്‍ പുതിയ ഇടത്താവളങ്ങള്‍ എന്ന ഭാവേന ചുറ്റുംനോക്കി പതിയെ നടന്നു നീങ്ങി. അവരുടെ രൂപവും മുഷിഞ്ഞു നാറിയ വേഷവും കണ്ടപ്പോള്‍ സത്യത്തില്‍ ആദ്യം മനസ്സില്‍ വന്ന ചോദ്യം ഇവര്‍ക്കു വേണ്ടിയാണോ ഞങ്ങള്‍ ഈ സൗകര്യങ്ങള്‍ ഒരുക്കിയതെന്നായിരുന്നു. രണ്ടാമതൊന്ന് ആലോചിച്ചപ്പോള്‍ മനസ്സിന് വല്ലാതെ വിഷമം തോന്നി. എത്രയോ കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ഗ്രാമങ്ങളില്‍ നിന്നു വന്നതാണത്രെ അവര്‍. ആദ്യം തന്നെ ഞങ്ങളവരെ കുളിക്കാനായി പറഞ്ഞയച്ചു. അസഹ്യമായ ദുര്‍ഗന്ധമായിരുന്നു അവര്‍ക്കെല്ലാം.
കുളിയെല്ലാം കഴിഞ്ഞപ്പോള്‍ അവരുമായി ഇടപഴകി. പേരും സ്ഥലവും ചെറിയ ചെറിയ നുറുങ്ങു ഹിന്ദികള്‍ ഉപയോഗിച്ച് സംസാരിച്ചു. ഞങ്ങളുടെ സ്ഥാപനത്തിലെ മാനേജര്‍ ഉള്‍പ്പെടെ അദ്ധ്യാപകരും മറ്റു സ്റ്റാഫുകളും എല്ലാവരും ചേര്‍ന്ന് അവര്‍ക്കു കിടക്കാന്‍ സൗകര്യങ്ങള്‍ തരപ്പെടുത്തി. ഭക്ഷണം ഒരുക്കലായിരുന്നു അടുത്ത പ്രധാന പരിപാടി. അത്യാവശ്യം വേണ്ട ഭക്ഷണം ഞങ്ങളെല്ലാവരും കൂടി തയ്യാറാക്കി. ഭക്ഷണം ഉണ്ടാക്കിയാല്‍ മാത്രം പോരല്ലോ? അതവര്‍ക്ക് കൊടുക്കണ്ടേ? പാനി, ചാവല്‍, നമക്ക് എന്നിങ്ങനെ വ്യത്യസ്ത ശബ്ദങ്ങള്‍ അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. ഭക്ഷണത്തിന് ശേഷം അവരോട് ഉറങ്ങാന്‍ പറഞ്ഞു. ഞങ്ങളുടെ അദ്ധ്യാപകര്‍ അവര്‍ക്ക് വേണ്ടി കുറെ പായകളും വിരിപ്പുകളും കൊണ്ടുവന്നെങ്കിലും അവര്‍ ഉറങ്ങാന്‍ കൂട്ടാക്കിയില്ല. അല്‍പം കഴിഞ്ഞ് കുറച്ചു പേര്‍ ഉറങ്ങി. മറ്റു ചിലര്‍ ഞങ്ങള്‍ക്കുവേണ്ടി കണ്ണടച്ചു വെറുതെ കിടന്നു. പിന്നെ പിന്നെ രാത്രിയുടെ നിശ്ശബ്ദതയില്‍ എല്ലാവരും സുഖനിദ്ര പൂണ്ടു.
അവരെ കുറിച്ചോര്‍ക്കുമ്പോള്‍ ഒത്തിരി അനുഭവങ്ങള്‍ മനസ്സില്‍ തികട്ടി വരും. അവര്‍ വന്നതിന് പിറ്റേ ദിവസം രാവിലെ ഒരു സംഭവമുണ്ടായി. രാവിലെ കോളേജില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ പുറത്ത് നല്ല ശബ്ദം. ജനല്‍ തുറന്ന് നോക്കി. അതാ കുറെ തേങ്ങകള്‍ ഓടിയോടി പോകുന്നു. ആ കുട്ടികളുടെ കൈയ്യിലൂടെയാണ് തേങ്ങകള്‍ ഓടിയത്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. കൂട്ടുകാരെയും കൂട്ടി ഞാന്‍ താഴേക്കിറങ്ങി. പൊതിച്ചുവെച്ച തേങ്ങകള്‍ അടുക്കളയിലേക്കു മാറ്റി. ബാക്കിയുള്ളവ അവര്‍ എടുക്കട്ടെ എന്ന് മാനേജര്‍ സാര്‍ വന്നു പറഞ്ഞു. അവര്‍ തേങ്ങ പൊട്ടിക്കുന്നത് ഒരു അത്ഭുതകാഴ്ച തന്നെയായിരുന്നു. എത്ര പെട്ടെന്നാണ് അവരാ തേങ്ങ പൊളിച്ച് തിന്നുന്നത്. അതുകഴിഞ്ഞ് ക്ലാസിലേക്ക് പോകുന്ന വഴിക്ക് ദാ അടുത്ത കാഴ്ച. മാവിന്റെ ഏറ്റവും മുകളില്‍ കുട്ടി കുരങ്ങന്മാരെ പോലെ കുറച്ചു കുട്ടികള്‍ ചാടിക്കളിക്കുന്നു. മാവില്‍ നിന്നും തുരുതുരാ മാങ്ങ വീഴുന്നു. കുറെ പേര്‍ അതിന് വേണ്ടി വഴക്കിടുന്നു. മറ്റു ചിലര്‍ കിട്ടിയ മാങ്ങയുമായി ഓടുന്നു. ആ കാഴ്ചകള്‍ കണ്ടുനില്‍ക്കാന്‍ ബഹുരസം. കുറെ അവരുമായി കളിച്ചുവെങ്കിലും ചില കാര്യങ്ങള്‍ അവര്‍ അനുസരിച്ചതേയില്ല.അപ്പോഴൊക്കെ ചെറുതായി വഴക്കു പറയേണ്ടി വന്നു. വഴക്ക് ഹിന്ദിയില്‍ ആയിരുന്നുവെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും മനസ്സിലാകുമായിരുന്നു. പക്ഷേ, ഞങ്ങള്‍ക്കറിയേണ്ടെ ആ പറഞ്ഞ സാധനം.
എനി്ക്ക് ഏറ്റവും സങ്കടമുണ്ടായിരുന്ന ഒരു രാത്രിയുണ്ടായിരുന്നു. എല്ലാവരും ഉറങ്ങി കഴിഞ്ഞപ്പോള്‍ നല്ല മഴപെയ്തു. ശക്തമായ കാറ്റടിച്ച് മഴവെള്ളം ജനലുകള്‍ വഴി അവര്‍ കിടക്കുന്നിടത്തേക്ക് എത്തി. കൂടാതെ മേല്‍ക്കൂരയിലെ ഷീറ്റില്‍ ദ്വാരമുണ്ടായതിനാല്‍ മഴവെള്ളം അതുവഴിയും ഒലിച്ചിറങ്ങി. എത്ര ശ്രമിച്ചിട്ടും വെള്ളം കളയാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് ഉറങ്ങിയ കുട്ടികളെയെല്ലാം വിളിച്ചുണര്‍ത്തി മറ്റൊരിടത്തേക്ക് മാറ്റി കിടത്തി. ചിലരെ ഞങ്ങള്‍ രണ്ടുപേര്‍ ചേര്‍ന്ന് പൊക്കിയെടുത്ത് കൊണ്ടുപോയി കിടത്തി. അന്ന് രാത്രി എന്റെ മനസ്സ് മുഴുവന്‍ സങ്കടമായിരുന്നു. അവരവിടെ മഴവെള്ളവും തണുപ്പുമായി കിടക്കുന്നു. ഞങ്ങളിവിടെ സുഖമായി ബെഡ്ഡിലും കിടക്കുന്നു. ഹോസ്റ്റലില്‍ എല്ലാവരും ഉറങ്ങിയിരുന്നു. എനിക്ക് എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല. ഞാന്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.
അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും രാത്രി അവരുറങ്ങിയതിന് ശേഷം കുട്ടികളെ എണ്ണി തിട്ടപ്പെടുത്തുന്നതും ചായ കൊടുക്കുന്നതും കളിക്കുന്നതും എല്ലാം ഒരു വേറിട്ട അനുഭവം ആയിരുന്നു.
ഈ സമയത്താണ് ഞങ്ങളുടെ ഹോസ്റ്റല്‍ പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. രാവിലെ കണ്ണു തുറന്നാല്‍ കാണുന്നത് കുറെ പത്രക്കാരെയും ചാനലുകാരെയുമാണ്. കുട്ടികളെ അവര്‍ ഫോട്ടോ എടുക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്യുന്നു. കൂടാതെ കുറെ ഉദ്യോഗസ്ഥരും നിറഞ്ഞു നിന്നിരുന്നു. ദിവസവും ഗ്രൗണ്ട് മുഴുവന്‍ പോലീസ്. ആദ്യം ഒരു തരം അന്ധാളിപ്പായിരുന്നു. പിന്നെ പിന്നെയാണ് കാര്യത്തിന്റെ കിടപ്പും അതിന്റെ ഗൗരവവും മനസ്സിലായി തുടങ്ങിയത്. ഈ അനുജന്‍മാരെയും അനിയത്തിമാരെയും കുറിച്ച് ചില പത്രങ്ങള്‍ എഴുതിയത് വായിച്ചപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. അങ്ങനെയാണ് ഞാന്‍ ചില പത്രമാധ്യമങ്ങളെ വെറുത്തു തുടങ്ങിയത്.
അവരുടെ കുട്ടിക്കളികള്‍ കാണാന്‍ നല്ല രസമായിരുന്നു. ഇവിടത്തെ കിഡ്‌സ് പാര്‍ക്ക് അവര്‍ ഒരു ഉത്സവ പറമ്പാക്കി. ഊഞ്ഞാലകളില്‍ കളിക്കുന്നത് കണ്ടപ്പോള്‍ ഞാനാദ്യം ഒന്ന് പേടിച്ചു. എത്ര ഉയരത്തിലാണ് അവരാടുന്നത്. കിഡ്‌സ് പാര്‍ക്ക് മുഴുവന്‍ അവര്‍ തകര്‍ത്തെടുത്തു. ഇതിന്റെയെല്ലാം ഇടയില്‍ ദിവസങ്ങള്‍ നീങ്ങുന്നതറിഞ്ഞില്ല. ഒരു ഭാഗത്ത് അവരുടെ തമാശകള്‍, മറുഭാഗത്ത് അവരെ പറഞ്ഞയക്കാനുള്ള നീക്കങ്ങള്‍. ഇതൊന്നുമറിയാതെ ഞങ്ങളവരോടൊപ്പം ജീവിച്ചു. പിന്നീടാണ് അറിയുന്നത് അവര്‍ ഞങ്ങളോട് വിട പറയുകയാണെന്ന്. കേട്ടപ്പോള്‍ തന്നെ വല്ലാത്ത സങ്കടം തോന്നി. കൂടാതെ മനസ്സില്‍ കുറെ ചോദ്യങ്ങളും അവരവിടെ നിന്ന് പോയാല്‍ പഠിക്കുമോ? അവരുടെ ദാരിദ്ര്യം ഇല്ലാതാകുമോ? എന്നിങ്ങനെ മനസ്സ് ആവലാതിപ്പെട്ടുകൊണ്ടിരുന്നു. പോകുന്ന ദിവസം അവരിലെ കുറെ പേരെ പാട്ടു പാടിക്കുകയും ഖുര്‍ആന്‍ ഓതിപ്പിക്കുകയും ചെയ്തു. അതില്‍ മറക്കാനാവാത്ത ഒരു പ്രതിഭയുണ്ടായിരുന്നു. 'ഇസ്തക്കര്‍'. അവന്റെ പ്രതിഭയെ പ്രോത്സാഹിപ്പിക്കുവാന്‍, സമ്മാനങ്ങള്‍ നല്‍കുവാന്‍ ഇനിയാരെങ്കിലും ഉണ്ടാവുമോ ആവോ..
പോകുന്ന ദിവസം അവര്‍ക്ക് വേണ്ടി ഒരുക്കിയ വിഭവങ്ങളായിരുന്നു, ബിരിയാണിയും ഐസ്‌ക്രീമും. അവരത് കഴിക്കുന്നത് കണ്ട് എന്റെ നയനങ്ങളില്‍ നനവു പൊടിഞ്ഞു. പോകുന്ന സമയത്ത് അവര്‍ക്ക് കൊടുത്ത ഐ.ഡി കാര്‍ഡുകള്‍ എന്നെ കൊണ്ടുവന്നു കാണിച്ചു. അത്രയും ദിവസം അവരോടൊപ്പം ഉണ്ടായിട്ടും ഇതുവരെ അവര്‍ കഴിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ക്ക് തന്നിട്ടില്ലായിരുന്നു. എന്നാല്‍ പോകുന്ന ദിവസം അവര്‍ക്ക് നല്‍കിയ മിഠായികളില്‍ നിന്ന് ഒരു പങ്ക് ഞങ്ങള്‍ക്ക് വേണ്ടി നീട്ടിയപ്പോള്‍ കണ്ണുകളിലെ നേര്‍ത്ത നനവ് കവിളിലേക്ക് കണ്ണീരായി ഇറങ്ങി. ഞങ്ങളുടെ സ്ഥാപനം അവര്‍ക്കെല്ലാവര്‍ക്കും ബാഗ് നല്‍കി. അപ്പോള്‍ അവരുടെ മുഖത്തെ പുഞ്ചിരി ഒന്നു കാണേണ്ടതു തന്നെയായിരുന്നു. അവസാനം, ഇവിടേക്ക് വന്ന അതേ ബസ്സില്‍ നിറപുഞ്ചിരികളോടെ അവര്‍ തിരിച്ചു കയറി. ബസ് അവരെയും കൊണ്ട് നീങ്ങുന്ന സമയത്ത് ആദ്യ ദിവസം മുതല്‍ എന്നെ ഏറെ ബുദ്ധിമുട്ടിക്കുകയും കളിപ്പിക്കുകയും ചെയ്ത ഒരു വിരുതന്‍ വിളിച്ചു കൂവി 'അന്‍സീന, അസ്സലാമു അലൈകും' അതു കേട്ടതോടെ വിതുമ്പി നിന്ന എന്റെ സങ്കടം അണപൊട്ടി ഒഴുകി. ഇവിടെനിന്നും ഏറെ ദൂരെ മറ്റേതോ ഗ്രാമത്തില്‍ വസിക്കുന്ന ആ കുഞ്ഞു കുട്ടികളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും എന്റെ കണ്ണു നിറയും.
പഠനവും, ഭക്ഷണവും ജീവിതസൗകര്യവും ആഗ്രഹിച്ചു വന്ന ആ കുഞ്ഞുങ്ങളെ പിടിച്ചുവെച്ചതും, തിരിച്ചയച്ചതും തെറ്റായിപ്പോയെന്ന് ഇന്നു സര്‍ക്കാരും കോടതികളും പറയുമ്പോള്‍ മനസ്സ് അറിയാതെ മന്ത്രിച്ചു പോകുന്നു.
എന്നാലും അവരോടിത് വേണ്ടായിരുന്നു.


ഘര്‍ വാപസി

എവിടെയോ വെച്ചെന്റെ വേരറ്റതാ
ഇക്കാണുവതല്ലെന്റെ പൂര്‍വികന്മാര്‍
ഇന്നു ഞാന്‍ തിരയുന്നു ഭൂപടത്തില്‍
എന്‍ പൂര്‍വ ഗൃഹമേത് ഭൂമണ്ണിലാ....
അവിടെയും ഇവിടെയും മാറിമാറി
വേഗത്തില്‍ തിരയുന്നു വീടണയാന്‍
ഘടികാരം വേഗത്തില്‍ മുന്നോട്ടു പോയ്
എന്‍ ശ്രമം മാത്രം പിന്നോട്ടു പോയ്
കാണുമോ എന്‍ പൂര്‍വ ഗൃഹമിന്നു ഞാന്‍
അറിയില്ല എന്‍ വിധി എന്താകുമോ
വ്യഥ വന്ന് കരയവേ ഓര്‍മ വന്നു
എന്‍ പൂര്‍വ ഗൃഹമന്ന് 'കാട' ല്ലയോ..!
എന്‍ വേരറുത്തത് എവിടെ വെച്ച്
അറിയുന്നു എന്‍ ഗൃഹം പോയ്മറഞ്ഞു
എനിക്കിന്ന് പുതിയൊരു വീട് വേണം
അതിനായി ഞാന്‍ നട്ടു ചില വിത്തുകള്‍..!
അബ്ദുല്‍ വാഹിദ്
(ഡല്‍ഹി യൂണിവേഴ്‌സിറ്റി)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top