പച്ചക്കറി ടെറസില്‍ വിളയിച്ചാല്‍

ഷംന എൻ.കെ
2015 ഫെബ്രുവരി
വിഷമുക്തമായ പച്ചക്കറി കൃഷിചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്ക് വീട് ടെറസാണെങ്കില്‍ അവിടെ നല്ലൊരു കൃഷിയിടം ഒരുക്കാം.

      വിഷമുക്തമായ പച്ചക്കറി കൃഷിചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്ക് വീട് ടെറസാണെങ്കില്‍ അവിടെ നല്ലൊരു കൃഷിയിടം ഒരുക്കാം. വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, പയര്‍, ചീര, മുളക്, വെള്ളരി, പടവലം, മത്തന്‍ തുടങ്ങിയവ എളുപ്പത്തില്‍ ടെറസില്‍ കൃഷി ചെയ്യാവുന്നതാണ്. ശീതകാലത്ത് കാബേജ്, കോളിഫഌവര്‍ എന്നിവയും ടെറസില്‍ വളര്‍ത്താം.
സാധാരണ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ടെറസ് പച്ചക്കറി കൃഷിക്ക് അനുയോജ്യം. മഴക്കാലത്തുള്ള കൃഷി ടെറസില്‍ അനുയോജ്യമല്ല. വെള്ളം കെട്ടിനിന്ന് സിമന്റ് മേല്‍ക്കൂരക്ക് അപകടസാധ്യതയുണ്ടാവാനും മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ട് വളക്കൂറ് കുറഞ്ഞുപോകാനും സാധ്യതയുണ്ട്.
ടെറസ് പച്ചക്കറി കൃഷിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആവശ്യമായ മണ്ണൊരുക്കലാണ്. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ 1:1:1 എന്ന ക്രമത്തില്‍ കലര്‍ത്തിയ മിശ്രിതം ഗ്രോബാഗിലോ ചട്ടിയിലോ ചാക്കിലോ നിറച്ച് ടെറസില്‍ എത്തിക്കുകയാണ് വേണ്ടത്. വ്യക്തമായ ധാരണയോടെ കൃഷി തുടങ്ങിയാല്‍ ഒരു വീട്ടിലെ പച്ചക്കറി ആവശ്യങ്ങള്‍ നിറവേറ്റാന്‍ ടെറസിലെ സ്ഥലം മതിയാകും. മത്തന്‍, ഇളവന്‍, കോവല്‍ തുടങ്ങിയവ മുറ്റത്ത് കൃഷിചെയ്ത് വീടിന്റെ സൈഡിലൂടെ പടര്‍ത്തി ടെറസിന്റെ മുകളില്‍ എത്തിച്ച് പന്തലൊരുക്കാം. ടെറസില്‍ നല്ല സൂര്യപ്രകാശം കിട്ടുന്നതുകൊണ്ട് മികച്ച വിളവും ലഭിക്കും.
ടെറസില്‍ മണ്ണ് നിറച്ച ബാഗുകള്‍ വെക്കുന്നതിന് മുമ്പ് വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കണം. മണ്ണ് നിറക്കുമ്പോള്‍ മുക്കാല്‍ ഭാഗം മാത്രമേ നിറക്കാന്‍ പാടുള്ളൂ. ഇതില്‍ വെള്ളം കെട്ടിനിന്നാല്‍ വേരുകള്‍ നശിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വെള്ളം പുറത്തേക്ക് ഒഴുകുവാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ആവശ്യാനുസരണം കമ്പോസ്റ്റ്, മറ്റു വളങ്ങള്‍ എന്നിവ ചേര്‍ത്ത് നല്‍കണം. മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ പുതയിടുന്നതും നല്ലതാണ്.
നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില്‍ ഇഷ്ടിക ചെരിച്ചുവെച്ച് അതില്‍ ഏതാണ്ട് മുക്കാല്‍ ഉയരത്തില്‍ മണ്ണും മണലും വളവും ചേര്‍ത്ത മിശ്രിതം നിറക്കുകയാണ് മറ്റൊരു രീതി. അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്തുന്നത് നല്ലതാണ്. ടെറസ് കൃഷിയില്‍ രാവിലെയും വൈകുന്നേരവും നനക്കണം. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ ചെടികള്‍ ഉണങ്ങിപ്പോകും. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്തുവന്ന് വെള്ളമൊഴിച്ച് വളം ചേര്‍ത്ത് കീടങ്ങളെ നശിപ്പിച്ച് പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അവയോടൊപ്പം കുറച്ച് സമയം ചെലവഴിക്കണം.
ടെറസിലാണെങ്കിലും എല്ലായിനം കീടങ്ങളും രോഗങ്ങളും പച്ചക്കറി സസ്യങ്ങളെ ബാധിക്കും. പാവല്‍, പടവലം എന്നിവയെ കായീച്ചകളും പയറുവര്‍ഗങ്ങളെ ഇലപ്പേനും ആക്രമിക്കും. പച്ചക്കറി സസ്യങ്ങളില്‍ കാണുന്ന മിക്കവാറും ഷഡ്പദലാര്‍വകള്‍ രാത്രിയില്‍ മാത്രം പുറത്തിറങ്ങി ആഹാരം കഴിക്കുന്നവയാണ്. അതുകൊണ്ട് കീടനാശിനികള്‍ ഉപയോഗിക്കേണ്ടത് വൈകുന്നേരങ്ങളിലാണ്.
പുകയിലക്കഷായം, കാന്താരി-വെളുത്തുള്ളി മിശ്രിതം, മണ്ണെണ്ണക്കുഴമ്പ് തുടങ്ങിയ കീടനാശിനികള്‍ പ്രയോഗിക്കാം.

പുകയിലക്കഷായം

50 ഗ്രാം പുകയില 500 മി.ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്ത ശേഷം പിഴിഞ്ഞെടുത്ത വെള്ളത്തില്‍ 12 ഗ്രാം ബാര്‍സോപ്പ് പതയാക്കി ഇളക്കിച്ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യമനുസരിച്ച് അളന്നെടുത്ത് ആറിരട്ടി വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കാം.

മണ്ണെണ്ണക്കുഴമ്പ്

250 മി.ലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം ബാര്‍സോപ്പ് അരിഞ്ഞിട്ട് തിളപ്പിക്കുക. ആറിയാല്‍ അരലിറ്റര്‍ മണ്ണെണ്ണ ഈ ലായനിയിലേക്ക് കൂട്ടിച്ചേര്‍ക്കുക. 15 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാം.

കഞ്ഞിവെള്ളം
പയറിനെ കൂട്ടമായി ആക്രമിക്കുന്ന അരക്ക് ഒഴിവാക്കാന്‍ നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണം ഉള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ മതിയാകും.

പഴക്കെണി
വെള്ളരി, പാവല്‍, പടവലം എന്നിവയില്‍ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത്. നന്നായി പഴുത്ത മൈസൂര്‍ പഴം തൊലികളഞ്ഞ് മൂന്ന് നാല് കഷ്ണങ്ങളാക്കി ചിരട്ടയിലിട്ട് അവ പച്ചക്കറിത്തോട്ടത്തില്‍ അവിടവിടെ തൂക്കിയിടുക. അതില്‍ ഏതാനും തരി ഫ്യൂറഡാന്‍ ചേര്‍ക്കുക. കായീച്ചകളെ നിയന്ത്രിക്കാന്‍ ഇതുമൂലം കഴിയും.

കടലാസ് പൊതിയല്‍
കായീച്ചകളെ ഒഴിവാക്കാന്‍ പാവല്‍, പടവലം തുടങ്ങിയവ ഉണ്ടായതിന്റെ പിറ്റേദിവസം തന്നെ കടലാസുകൊണ്ട് പൊതിഞ്ഞാല്‍ മതിയാകും.

ബോര്‍ഡോ മിശ്രിതം
കുമിള്‍നാശിനികളില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ബോര്‍ഡോ മിശ്രിതം. 100 ഗ്രാം തുരിശ് പൊടിച്ച് അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. 100 ഗ്രാം നീറ്റുകക്ക ചുണ്ണാമ്പാക്കി അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. തുരിശ് ലായനി നീറ്റുകക്ക ലായനിയിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കുക. ഈ മിശ്രിതത്തില്‍ തേച്ചുമിനുക്കിയ ഒരു ഇരുമ്പുകത്തി കുറച്ചുനേരം (ഒരു മിനുട്ട്) മുക്കിവെച്ച ശേഷം മൂര്‍ച്ചയുള്ള ഭാഗത്ത് ചെമ്പിന്റെ അംശം പറ്റിപ്പിടിച്ചിട്ടുണ്ടോ എന്നു നോക്കണം. ചെമ്പിന്റെ അംശം ഉണ്ടെങ്കില്‍ വീണ്ടും നീറ്റുകക്ക ലായനി തുരിശ് ലായനിയില്‍ ചേര്‍ക്കണം. ചെമ്പിന്റെ അംശം ഉണ്ടാകുന്നത് ഇല്ലാതാക്കണം. ബോര്‍ഡോ മിശ്രിതത്തിനു നല്ല നീല നിറമായിരിക്കും.
ഈ മിശ്രിതം മണ്‍പാത്രങ്ങളിലോ പ്ലാസ്റ്റിക്ക് പാത്രങ്ങളിലോ മാത്രമേ ഉണ്ടാക്കാവൂ. ഉടന്‍ തന്നെ ഉപയോഗിക്കുകയും വേണം. തെങ്ങിലെ കൂമ്പ് ചീയല്‍, കവുങ്ങിലെ മഹാളി, പയര്‍, വെണ്ട, മുളക്, തക്കാളി, വഴുതന എന്നിവയിലെ ഇലപ്പുള്ളി രോഗം എന്നിവയെ നിയന്ത്രിക്കാന്‍ ഇതുപയോഗിക്കാം.

വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍കുരു പൊടിച്ച് ഒരു തുണിയില്‍ കിഴിയാക്കി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ മുക്കിവെക്കുക. 12 മണിക്കൂര്‍ കഴിഞ്ഞ ശേഷം കിഴി പല പ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് കിട്ടുന്ന മിശ്രിതം കായ്തുരപ്പന്‍ പുഴുക്കളെ നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു.

മഞ്ഞള്‍പ്പൊടി മിശ്രിതം
നാല് ഗ്രാം പാല്‍ക്കായം, ഒരു ഗ്രാം സോഡാപ്പൊടി, നാല് ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് തളിച്ച് ചീരയിലെ ഇലപ്പുള്ളി രോഗത്തെ അകറ്റാനാവും.

പപ്പായയില സത്ത്

50 ഗ്രാം നുറുക്കിയ പപ്പായയില 100 മി.ലിറ്റര്‍ വെള്ളത്തില്‍ മുക്കി ഒരു രാത്രി വെക്കുക. ഇല അടുത്ത ദിവസം ഞെക്കിപ്പിഴിഞ്ഞ് എടുത്ത സത്ത് നാലിരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാകും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media