അഭ്രപാളിയില്‍ ആളറിയാതെ പോയ പ്രതിഭ

ഹംദ സലാഹുദീൻ /ഫീച്ചർ
2015 ഫെബ്രുവരി
ബീമാപള്ളിയുടെ പരിസരത്ത് ചെന്ന് ജമീല മാലികിന്റെ വീട് ചോദിച്ചാല്‍ കൈമലര്‍ത്താത്തവരില്ല. വായനക്കാരിലും

      ബീമാപള്ളിയുടെ പരിസരത്ത് ചെന്ന് ജമീല മാലികിന്റെ വീട് ചോദിച്ചാല്‍ കൈമലര്‍ത്താത്തവരില്ല. വായനക്കാരിലും ഇപ്പോള്‍ ഇതേ ചോദ്യം ഉയര്‍ന്നിട്ടുണ്ടാവും. ആരാണ് ഈ 'ജമീല മാലികെ'ന്ന്!
പതിനാറാം വയസ്സില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ തന്റെ അമ്മയുടെ പൂര്‍ണ പിന്തുണയോടെ അഭിനയം പഠിക്കാനിറങ്ങിത്തിരിച്ച കേരളത്തിലെ ആദ്യ സ്ത്രീയെന്ന പദവിക്കര്‍ഹ; സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ സ്ത്രീയും. പക്ഷെ ഈ പദവി അലങ്കരിക്കെത്തന്നെ അഭ്രപാളിയില്‍ നിലനില്‍പ്പില്ലാതെ പോയ നടിയാണ് ജമീല. അഭിനയത്തെ ഏറെ ഇഷ്ടപ്പെടുന്ന ജമീലയിന്ന് വാടകവീടുകളില്‍ മാറിമാറിത്താമസിച്ച് ശിഷ്ടജീവിതം തള്ളിനീക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ട്യൂഷനെടുക്കുന്നു. അവര്‍ അക്ഷരങ്ങള്‍ പകര്‍ന്നുനല്‍കുന്ന കുട്ടികള്‍ക്കോ മക്കളെ ജമീലയുടെ അടുത്തേക്ക് പറഞ്ഞയക്കുന്ന അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കോ പോലും അറിയില്ല, തങ്ങളുടെ ടീച്ചര്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വെപ്പിച്ച പഴയകാല നടിയായിരുന്നുവെന്ന്. കാലങ്ങള്‍ക്കുമുമ്പ് താന്‍ തകര്‍ത്തഭിനയിച്ച വേദികളില്‍ നിന്ന് ഒരാളും അവരെ അന്വേഷിച്ച് ചെല്ലാത്തതുപോലെ തന്നെ താന്‍ ആരായിരുന്നുവെന്ന് അവരാരോടും വെളിപ്പെടുത്തുന്നുമില്ല.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയം പഠിച്ചുവന്ന ആദ്യ മലയാളി നടനെ എല്ലാവര്‍ക്കുമറിയാം. അത് രവിമേനോനാണ്. എം.ടിയുടെ നിര്‍മാല്യത്തിലെ നായകന്‍. മലയാളിയുടെ ഇഷ്ടനായകരില്‍ രവിമേനോനുമുണ്ട് ഒരിടം. പക്ഷേ പെണ്‍കുട്ടികള്‍ സിനിമയിലേക്ക് പോകുന്നത് സമൂഹം സ്വാഗതം ചെയ്യാതിരുന്ന സിനിമ എന്നുകേട്ടാല്‍ മുസ്‌ലിം സമുദായത്തിലെ വലിയൊരു വിഭാഗം എതിര്‍ത്തിരുന്ന കാലത്താണ് പത്താംക്ലാസ്സ് കഴിഞ്ഞ് ജമീല അഭിനയം പഠിക്കാന്‍ ചെന്നത്. ചെറുതല്ല ആ കാര്യം.
ആ ധൈര്യത്തിന് പിന്നില്‍ ജമീല മാലികിന്റെ അമ്മയാണ്, തങ്കമ്മ മാലിക്. മകളുടെ പ്രതിഭ തിരിച്ചറിഞ്ഞ് ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ട ആ അമ്മയെപ്പറ്റി പറയുമ്പോള്‍ ജമീലക്ക് ഇപ്പോഴും നൂറു നാവാണ്. ജമീലക്കെന്നും പ്രോല്‍സാഹനമായിരുന്ന ആ അമ്മയും അച്ഛനും ഇന്നില്ല. കൂട്ടായി ഒരു മകന്‍ മാത്രം.
ഇങ്ങനെയൊക്കെയാണെങ്കിലും ജമീലക്ക് ഒട്ടും നിരാശയില്ല. 'ഇക്കാലത്തായിരുന്നേല്‍ താന്‍ കുറേക്കൂടി ശ്രദ്ധിക്കപ്പെടുമായിരുന്നുവെന്നും, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച വേറെ ചിലര്‍ക്ക് ക്യാമറക്കു മുന്നില്‍ നില്‍ക്കാനുള്ള അവസരംപോലും ലഭിക്കാതെ പോയിട്ടുണ്ടെന്നും, തനിക്ക് കുറേക്കാലം അഭിനയിക്കാന്‍ പറ്റിയെന്നും' അവര്‍ പറയുന്നു. പുതുമുഖ താരങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയിരുന്ന അക്കാലത്ത് ജമീല മാലിക് എണ്‍പതോളം സിനിമകള്‍ ചെയ്തു. 'മുസ്‌ലിം പെണ്‍കുട്ടിയായിരുന്നതുകൊണ്ട് അവസരങ്ങള്‍ കിട്ടാതെ വന്നിട്ടുണ്ടോ' എന്ന ചോദ്യത്തിന് ജമീലയുടെ ഉത്തരം വ്യക്തവും ഉറച്ചതുമായിരുന്നു.
'എനിക്കങ്ങനെ തോന്നിയിട്ടില്ല. അക്കാലത്ത് മുസ്‌ലിംകളായ എത്രയോ ആര്‍ട്ടിസ്റ്റുകള്‍ തിളങ്ങിയിട്ടുണ്ട്. എന്നെയങ്ങനെ ആരും മാറ്റിനിര്‍ത്തിയിട്ടില്ല.' പക്ഷെ പുതുമുഖ താരങ്ങള്‍ ഏറെ അംഗീകരിക്കപ്പെടുന്ന ഇക്കാലത്ത് താനും എവിടെയെങ്കിലും പരിഗണിക്കപ്പെടണമെന്ന ആഗ്രഹം ന്യായമായും ജമീലക്കുണ്ട്.
ജമീലയുടെ മാതാപിതാക്കളും അത്ര നിസ്സാരക്കാരല്ല. പത്തനംതിട്ടയിലെ കോന്നിയില്‍ ക്രിസ്ത്യന്‍ കുടുംബത്തിലെ തങ്കമ്മ കൊല്ലത്തെ മാലിക് മുഹമ്മദിന്റെ ഭാര്യയാവുകയും പത്രപ്രവര്‍ത്തന രംഗത്ത് ഒരുമിച്ച് അവര്‍ വഴിവെട്ടുകയും ചെയ്തു. തന്റെ അമ്മയെഴുതിയ കത്തിന് ഗാന്ധിജി മറുപടിയെഴുതിയതും ആശ്രമത്തില്‍ ചേരാനും ഹിന്ദി പഠിക്കാനുമായി അവര്‍ വാര്‍ധയിലേക്ക് പുറപ്പെട്ടതും ഏറെക്കാലം അവിടെ ജീവിതം നയിച്ചതും ജമീല ഓര്‍ത്തെടുക്കുന്നു. പ്രശസ്ത കവയിത്രി മഹാദേവി വര്‍മ അലഹബാദില്‍ നടത്തിയിരുന്ന പ്രയാഗ് മഹിളാ വിദ്യാപീഠത്തില്‍ പഠിക്കാന്‍ ചേര്‍ന്നത് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമായിരുന്നു. പി.ജിക്ക് തുല്യമായി സരസ്വതി ബിരുദം നേടി നാട്ടിലെത്തി മാലിക് മുഹമ്മദ് പത്രാധിപരായിരുന്ന 'മിത്രം' പത്രത്തില്‍ ലേഖനങ്ങള്‍ എഴുതുകയും പിന്നീട് മാലിക് മുഹമ്മദ് തങ്കമ്മയെ തന്റെ ജീവിതപങ്കാളിയാക്കുകയുമായിരുന്നു. ഇരുവരും പിന്നീട് കൊല്ലത്തെ കൗണ്‍സിലര്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്. ഹിന്ദി ഭാഷയിലെ മികവിന് രാഷ്ട്രപതിയുടെയും (ഗംഗാശരണ്‍ അവാര്‍ഡ്) ബീഹാര്‍ സര്‍ക്കാരിന്റെയും (ഹിന്ദി സേവാ) പുരസ്‌കാരങ്ങള്‍ ലഭിച്ച തങ്കമ്മ മാലിക് മഹാദേവി വര്‍മയുടെ പ്രിയ ശിഷ്യയാണ്. ഏറെക്കാലം മഹാദേവി വര്‍മ്മയും തങ്കമ്മ മാലികുമായുള്ള ബന്ധം നിലനിന്നിരുന്നു. ജമീലയുടെ അമ്മ കോണ്‍ഗ്രസ്പ്രവര്‍ത്തകയുമായിരുന്നു. ഇന്ദിരാഗാന്ധി കേരളത്തില്‍ വന്ന് പ്രസംഗിച്ചിരുന്ന സന്ദര്‍ഭങ്ങളിലെല്ലാം തങ്കമ്മയായിരുന്നു പരിഭാഷപ്പെടുത്തിയിരുന്നത്. അതിന്റെ ചിത്രങ്ങളെല്ലാം വാടക വീടുകള്‍ മാറുന്നതിനിടയില്‍ നഷ്ടപ്പെട്ടുപോയി. തന്റെ അമ്മയുടെ പ്രസംഗ വൈദഗ്ധ്യം മികവുറ്റതായിരുന്നുവെന്ന് ജമീല പറയുമ്പോള്‍ മകളെപ്പോലെത്തന്നെ ആ അമ്മയും ഊര്‍ജസ്വലയായിരുന്നുവെന്ന് വ്യക്തം. താന്‍ അഭിനയിച്ച ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളും അമ്മ ചെയ്തിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു.
മാതാപിതാക്കളുടെ സാമൂഹ്യ ബന്ധങ്ങള്‍ ജമീലക്ക് അന്ന് സിനിമ കാണുന്നതിനും നാടകങ്ങള്‍ ആസ്വദിക്കുന്നതിനും വഴിയൊരുക്കി. വൈക്കം മുഹമ്മദ് ബഷീറുമായും കാമ്പിശ്ശേരിയുമായും ജമീലയുടെ കുടുംബം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് തങ്കമ്മ മകളെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയക്കുന്നതിനു മുന്നേ ബഷീറുമായി കൂടിയാലോചിച്ചതും അദ്ദേഹം പ്രോത്സാഹിപ്പിച്ചതും. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളെല്ലാം അദ്ദേഹം ജമീലയുടെ കുടുംബത്തിന് അയച്ചുകൊടുക്കുകയും ജമീല അതൊക്കെ വായിച്ച് സാഹിത്യത്തെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആയിരുന്ന കാലത്ത് തന്റെ സീനിയറായി പഠിച്ച രവിമേനോന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. എം.ജി.ആര്‍ ജമീലയുടെ അഭിനയം ഇഷ്ടപ്പെട്ട് തന്റെ സിനിമയിലേക്ക് അവരെ നായികയായി തിരഞ്ഞെടുത്തിരുന്നു. പക്ഷെ ആ പടം നടന്നില്ല. അത് നടന്നിരുന്നെങ്കില്‍ വലിയ നേട്ടമായിരുന്നേനെയെന്ന് ജമീല പറയുന്നു. അക്കാലത്തെ പ്രശസ്ത സംവിധായകന്‍ പന്തലുവിന്റെ ഭാര്യ ജമീലയെ അഭിനയിക്കാന്‍ വിളിച്ചിരുന്നു. എം.ജി.ആറില്‍ നിന്നും പന്തലുവില്‍ നിന്നും കിട്ടിയ ആ അംഗീകാരം ഇപ്പോഴും ജമീല വലിയ അനുഭവമായി മനസ്സില്‍ സൂക്ഷിക്കുന്നു. ഇതൊക്കെ കൊണ്ടു തന്നെയാണ് ജമീലക്ക് നിരാശയില്ലാത്തതും; അന്ന് ഇത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞല്ലോയെന്ന് സമാധാനിക്കുന്നതും. അവര്‍ തമിഴില്‍ ചെയ്ത പത്തോളം സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവിടെ കേരളത്തില്‍ ഇതൊക്കെയിങ്ങനെ സംസാരിക്കാനേ കഴിയുകയുള്ളൂവെന്നും നമ്മള്‍ തന്നെ സ്ട്രഗ്ഗിള്‍ ചെയ്യണമെന്നും പറയുന്ന ജമീല, തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഒരു പക്ഷെ എം.ജി.ആറിനോടും ജയയോടുമൊക്കെ തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നറിഞ്ഞാലും, അക്കാര്യമൊക്കെ മാഗസിനുകളില്‍ അച്ചടിച്ചുവന്നാലും ഇവിടത്തെക്കാള്‍ താന്‍ ശ്രദ്ധിക്കപ്പെടുമെന്നും പറയുന്നു. കലാകാരന്മാരെ ഒരിക്കലും അവഗണിക്കാത്ത, ഒപ്പം പ്രോത്സാഹിപ്പിക്കുന്ന ആ നാടിനെപ്പറ്റി തുറന്നുപറയാനും ജമീല മടി കാണിക്കുന്നില്ല.
കേരളത്തില്‍നിന്നും ആദ്യമായി സിനിമ പഠിച്ചിറങ്ങിയ പെണ്‍കുട്ടിയെന്ന പരിഗണനയൊന്നുമിവിടെ ലഭിച്ചില്ലെങ്കിലും, നന്ദിയും കടപ്പാടും പ്രതീക്ഷയും നല്‍കുന്ന നല്ല ചില പെരുമാറ്റങ്ങള്‍ ജമീല ഓര്‍ക്കുന്നു. ശാരദയും ഷീലയും നല്‍കിയ പിന്തുണയും സ്‌നേഹവും സഹായവും മറക്കാന്‍ കഴിയില്ല. ചില അവസരങ്ങള്‍ അവരായിത്തന്നെ കണ്ടെത്തിനല്‍കുകയും ചെയ്തിരുന്നു. പക്ഷെ തടസ്സങ്ങള്‍ കാരണം അത് നടന്നില്ല.
അന്ന് സാമ്പത്തിക വിജയം നേടിയ 'രാജഹംസം' എന്ന ചിത്രത്തിലെ വേഷം പ്രതീക്ഷിക്കാതെ കിട്ടിയ കഥാപാത്രമായിരുന്നു. പ്രതീക്ഷിച്ചിരുന്ന ജോണ്‍ എബ്രഹാമിന്റെ 'അഗ്രഹാരത്തിലെ കഴുത' കിട്ടിയതുമില്ല. ഒന്നോ രണ്ടോ നായികമാര്‍ മേല്‍ക്കോയ്മ നേടി അഭിനയിക്കുന്ന ആ കാലത്ത് അവര്‍ക്കൊപ്പവും കുറച്ചു പുതിയ നിര്‍മ്മാതാക്കളുടെ കൂടെയും തന്റെ അഭിനയപാടവം തെളിയിച്ചു. റാഗിങ്ങ്, ലഹരി, ലക്ഷ്മി, അതിശയരാഗം എന്നീ സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. 'വെള്ളിരഥം' എന്ന ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രവും ചെയ്തു. ജയലളിതയുടെ അവസാന ചിത്രമായ 'നദിയെ തേടിവന്ന കടലി'ലും ഒരു നല്ല കഥാപാത്രം അവതരിപ്പിക്കാന്‍ ജമീലക്കായി. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചയാള്‍ എന്ന നിലയില്‍ അവസരം കിട്ടിയ ചിത്രമായിരുന്നു 'ബാബു'. പ്രശസ്ത സംവിധായകന്‍ ത്രിലോദ് ചന്ദറിന്റെ ഈ ചിത്രം മലായാളത്തിലെ 'ഓടയില്‍ നിന്നി'ന്റെ ഹിന്ദി റീമേക്കായിരുന്നു. അന്നത്തെ പുതുമുഖ താരമായിരുന്ന ഹിന്ദിയിലെ ദീപക് പരാശറിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. ആദ്യകാല സീരിയലുകളിലും ധാരാളം അഭിനയിച്ചിട്ടുള്ള ജമീല ദൂരദര്‍ശനില്‍ തന്നെ പത്തോളം സീരിയലുകള്‍ ചെയ്തു. ഹിന്ദിയിലെ 'സാഗരിക' സീരിയല്‍ അതിലൊന്നാണ്. തകഴിയുടെ 'കയര്‍' എം. എസ്. സത്യു ചെയ്തപ്പോള്‍ ഒരു പ്രധാന കഥാപാത്രം അതില്‍ ജമീലയെത്തേടിയെത്തി. ഇതൊക്കെയാണെങ്കിലും എന്തുകൊണ്ട് ഇന്നും അംഗീകരിക്കപ്പെടാതെ മറഞ്ഞു പോയി എന്ന് ചോദിച്ചാല്‍ തലവരയാണെന്നും ദൈവം നിശ്ചയിക്കുന്നതുപോലെയേ കാര്യങ്ങള്‍ മുന്നോട്ടുപോവുകയുള്ളൂവെന്നും നിരാശയൊന്നും കൂടാതെത്തന്നെ ജമീല മാലിക് പറയുന്നു.
ജമീലയുടെ അമ്മ തങ്കമ്മ മാലികിന്റെ നാല് മക്കളില്‍ രണ്ടു പേരേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളൂ. ജമീലയും കേരള സര്‍വകലാശാലയില്‍നിന്ന് വിരമിച്ച സഹോദരന്‍ ഫസലുല്‍ഹഖും. ബന്ധുക്കള്‍ കണ്ടെത്തിയ മദിരാശി വരനോടൊപ്പമുള്ള ദാമ്പത്യം ഒരു വര്‍ഷം കൊണ്ടവസാനിച്ചു. വേര്‍പിരിയലിന് ശേഷം കേരളത്തില്‍ താമസമാക്കി. മകനോടൊപ്പം വാടകവീടുകളില്‍ മാറി മാറി താമസിച്ചു വരുന്ന ജമീല ഹിന്ദി പ്രചാരസഭയില്‍ സാഹിത്യാചാര്യ, സാഹിത്യരത്‌നം എന്നിവയ്‌ക്കൊപ്പം ബി.എഡ് ഡിഗ്രിയും സ്വന്തമാക്കി. ട്യൂഷനെടുത്ത് കിട്ടുന്ന കാശും സിനിമാ കലാകാരന്മാരുടെ'അമ്മ' സംഘടനയില്‍ നിന്ന് കിട്ടുന്ന കാശുംകൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്നു. ജൂണ്‍ മാസം അവസാന ഞായറാഴ്ചകളില്‍ നടക്കുന്ന 'അമ്മയുടെ' യോഗത്തില്‍ മുടങ്ങാതെ പങ്കെടുക്കും.
സ്വന്തമായി ബിസിനസ്സോ മറ്റോ തുടങ്ങണമെന്നാഗ്രഹിക്കുന്ന മകനെ സഹായിക്കാന്‍ പക്ഷെ ഈ അമ്മക്ക് കഴിയുന്നില്ല. സാമ്പത്തിക പരാധീനത തന്നെ കാരണം. അനാരോഗ്യം കാരണം മകന്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടുമില്ല. ആ മകനെ കരകയറ്റണം. സ്വന്തം വീട്ടില്‍ അന്തിയുറങ്ങണം. അഭിനയമേഖലയില്‍ ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. ഇതൊക്കെയാണ് ജമീലയുടെ ഇനിയുള്ള ആഗ്രഹങ്ങള്‍...
ഇതൊക്കെ സാക്ഷാല്‍കരിക്കപ്പെടുകയും ചലച്ചിത്രലോകം തന്നെ അംഗീകരിക്കുകയും മികച്ച അവസരങ്ങള്‍ തേടിവരുകയും ചെയ്യുമെന്ന നിറഞ്ഞ പ്രതീക്ഷ ഇപ്പോഴും ആ കണ്ണുകളില്‍ കാണാം...

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media