സമരോത്സുകതയുടെയും <br>ജാഗ്രതകളുടെയും പെണ്‍കാലം

വി.പി.എ അസീസ് No image

      നിശ്ശബ്ദമായ ഇടങ്ങളില്‍ പിടഞ്ഞെഴുന്നേല്‍ക്കുന്ന സ്ത്രീ ജാഗ്രതകളുടെ വര്‍ഷമായിരുന്നു 2014. യാഥാസ്ഥിതിക ധാരണകളും പുരുഷമേല്‍ക്കോയ്മാ സങ്കല്‍പങ്ങളും നിര്‍വഹിച്ച ചങ്ങലക്കെട്ടുകള്‍ ഭേദിക്കുന്നതില്‍ സ്ത്രീ സമൂഹം പുതിയ കാലഘട്ടത്തില്‍ കൈവരിച്ച നിര്‍ണ്ണായക പുരോഗതികളെ വിപുലമാക്കാന്‍ കടന്നുപോയ വര്‍ഷത്തിലും വിവിധ തുറകളിലെ സ്ത്രീകള്‍ വിജയം വരിച്ചു. സാമൂഹികവും സാമ്പത്തികവും തൊഴില്‍പരവുമായ ഇടങ്ങളില്‍ സ്ത്രീകള്‍ വിവേചനങ്ങള്‍ അനുഭവിക്കാന്‍ പാടില്ലെന്ന പ്രസാദാത്മകമായ വീക്ഷണം ഇപ്പോള്‍ വ്യാപകമായ അംഗീകാരം നേടിക്കൊണ്ടിരിക്കുന്നത് സ്ത്രീ അവസ്ഥകളില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ത്വരിതപ്പെടുത്താതിരിക്കില്ല.
താലിബാന്റെ സങ്കുചിതമായ വിദ്യാഭ്യാസനയത്തെ നിശിതമായി കുറ്റപ്പെടുത്തിയതിന്റെ പേരില്‍ ആക്രമണത്തിനിരയായ മലാല യൂസുഫ് സായി എന്ന പാക് ബാലിക മറ്റനേകം ബഹുമതികള്‍ക്കൊപ്പം നൊബേല്‍ പുരസ്‌കാരം നേടിയത് പാശ്ചാത്യ മാധ്യമങ്ങള്‍ ആവേശപൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പടിഞ്ഞാറന്‍ കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്കും ശാരീരിക ഉന്മൂലനത്തിന് തന്നെയും വിധേയമാക്കപ്പെടുന്ന വാര്‍ത്തകള്‍ അപ്രധാന ഇടങ്ങളില്‍ ഒതുങ്ങിപ്പോകുന്ന വൈരുധ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല.
സ്ത്രീകള്‍ പുരുഷന്റെ ഉപകരണവസ്തുക്കളോ ഉപഭോഗവസ്തുക്കളോ മാത്രമാകുന്ന പരമ്പരാഗത വാദങ്ങളെ ഊട്ടിയുറപ്പിക്കുന്ന രീതിയില്‍ സ്ത്രീകളെ അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് ഇപ്പോഴും സങ്കോചമില്ലെന്ന യാഥാര്‍ഥ്യം ഓര്‍ക്കുക. ഇങ്ങ് കേരളത്തില്‍ പോലും വൃദ്ധകള്‍ മുതല്‍ യു.കെ.ജി വിദ്യാര്‍ഥിനികള്‍ വരെ പീഡനങ്ങള്‍ക്ക് ഇരകളായി മാറുന്നതിന്റെ അപമാനകരമായ സംഭവങ്ങള്‍ പ്രബുദ്ധതയുടെ മധ്യത്തിലും മലയാളികള്‍ പ്രാകൃതബോധങ്ങളില്‍ നിന്ന് മുക്ത നേടിയിട്ടില്ലെന്ന് വിളംബരം ചെയ്യുന്നുണ്ട്. അതേ സമയം സ്‌ത്രൈണസത്തയുടെ പ്രബലതകളെ സാക്ഷ്യപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രത്യാശ വളര്‍ത്തുന്നു. ആണ്‍-പെണ്‍ ഭേദങ്ങള്‍ വെടിഞ്ഞ് നല്ലപാതിയുടെ വിശിഷ്ടമായ സേവനങ്ങളെ ഹൃദയപൂര്‍വ്വം അംഗീകരിക്കാന്‍ ലോകം തയ്യാറാകുന്നതിന്റെ ശുഭാനുഭവങ്ങളായി ഇവയെ കണക്കാക്കാം. ഹ്രസ്വമായ ജീവിതം കൊണ്ട് ശാശ്വതമുള്ള അനേകം കാര്യങ്ങള്‍ നിര്‍വഹിക്കാനാകുമെന്ന് തെളിയിച്ച വ്യക്തിപ്രഭാവരായ ഏതാനും വനിതകളെ പരിചയപ്പെടാം.

ബ്രസീലിലെ ഉരുക്കുവനിത
ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ദില്‍മ റൂസെഫ് ഒരിക്കല്‍കൂടി അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു. 2010-ല്‍ രാജ്യത്തെ ആദ്യത്തെ വനിതാ രാഷ്ട്ര സാരഥിയായി തെരഞ്ഞെടുക്കപ്പെട്ട അവര്‍ 2014-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും വിജയം കൊയ്തു. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളും ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് സംഭവിച്ച നാണംകെട്ട തോല്‍വിയും ജനപ്രീതിയില്‍ സൃഷ്ടിച്ച കനത്ത ഇടിവിനെ അതിജീവിച്ചുകൊണ്ടായിരുന്നു വിസ്മയകരമായ ഈ തെരഞ്ഞെടുപ്പ് വിജയം.
ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ അമരക്കാരിയായ ദില്‍മക്ക് 51-64 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ വലതുപക്ഷ സ്ഥാനാര്‍ഥിയായ എയ്‌സിയോ നവസിന് 48-30 ശതമാനം വോട്ടുകളാണ് ലഭിച്ചത്. സാധാരണ ചുറ്റുപാടില്‍നിന്ന് വന്ന ദില്‍മയെ രാജ്യത്ത് സാധാരണക്കാരും ദരിദ്രരും ഒന്നടങ്കം പിന്തുണച്ചപ്പോള്‍ പുതുമടിശ്ശീലക്കാര്‍ എതിര്‍ചേരിക്കാണ് വോട്ട് നല്‍കിയത്. ആഗോളവല്‍ക്കരണത്തിന്റെ ചില നേട്ടങ്ങള്‍ കാരണം ചുളുവില്‍ സാമ്പത്തിക സൗഭാഗ്യം അടിച്ചെടുത്ത് ഈ നവമധ്യവര്‍ഗം ദില്‍മയുടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കെതിരെ ശക്തമായ മുറവിളികളുയര്‍ത്തിയിരുന്നു. ഇന്ധനവിലയില്‍ കുറവ് പ്രഖ്യാപിച്ച് സാധാരണക്കാരുടെ ജീവിതം പ്രയാസരഹിതമാക്കുന്നതില്‍ ദില്‍മ നിര്‍ണ്ണായക പങ്കുവഹിക്കുകയുണ്ടായി.
പത്ത് വര്‍ഷം മുമ്പ് തൊഴിലില്ലായ്മയായിരുന്നു ബ്രസീല്‍ ജനതയുടെ പ്രധാന ആശങ്ക. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് അഞ്ചുശതമാനമായി പിടിച്ചു കെട്ടാന്‍ ദില്‍മ ഭരണകൂടത്തിന് സാധിച്ചു. അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് 5-9 ശതമാനമാണെന്നോര്‍ക്കുക. തീയില്‍ മുളച്ച വിപ്ലവകാരിയാണ് ദില്‍മ. സൈനിക സ്വേഛാധിപത്യത്തിനേക്കാള്‍ ഇടത് ഒളിപ്പോര്‍ സംഘടനയോട് ചേര്‍ന്ന് ധീരമായ പോരാട്ടങ്ങള്‍ നടത്തിയ സായുധ വിപ്ലവകാരി. 1970-ല്‍ പട്ടാളം പിടിച്ചുകൊണ്ടുപോയി രണ്ട് വര്‍ഷം തുറുങ്കിലടച്ച് മര്‍ദിച്ചപ്പോഴും ഒളിപ്പോര്‍ സംഘത്തിലെ ഒരാളെപ്പറ്റി പോലും വെളിപ്പെടുത്താന്‍ കൂട്ടാകാത്ത ധീരതയും ത്യാഗസന്നദ്ധതയും ഇന്നും കൈവെടിയാത്തവള്‍. പാര്‍ട്ടി പ്രവര്‍ത്തനവും അധ്യാപനവും നടത്തി നിരന്തരം പോലീസ് നിരീക്ഷണം നിമിത്തം വര്‍ഷങ്ങളോളം ഒളിവ് ജീവിതം നയിച്ച ജനചൂഷകരായ അധികാരികളോട് ഒരു നിലക്കും സന്ധിചെയ്യാന്‍ തയ്യാറാകാത്ത പോരാട്ട വീര്യത്തിന്റെ മാതൃകയായിരുന്നു.
1947-ല്‍ ജനിച്ച ദില്‍മ വിപ്ലവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ സര്‍വകലാശാലയില്‍നിന്ന് പുറത്താക്കപ്പെട്ടതിനാല്‍ മുപ്പതാം വയസ്സിലാണ് ബിരുദപഠനം പൂര്‍ത്തീകരിച്ചത്. രണ്ടുതവണ വിവാഹം ചെയ്തു. രണ്ടുതവണയും വിവാഹമോചനവും നടന്നു. ഏക സന്താനം മകള്‍ 38-കാരി റൗള റൂസഫ്. ബ്രസീലിയന്‍ ജനതയെ മാത്രമല്ല മര്‍ദക വാഴ്ചക്കും ചൂഷകവ്യവസ്ഥിതികള്‍ക്കുമെതിരെ പോരാടുന്ന സര്‍വ വിഭാഗങ്ങള്‍ക്കും വരും തലമുറകള്‍ക്കും ദില്‍മയുടെ കര്‍മപദം പ്രചോദനമാകാതിരിക്കില്ല.

സുധീരനീതിബോധത്തിന്റെ ദീപനാളം
ഗസ്സയില്‍ ഇസ്രായേല്‍ സേന നടത്തിയ നരമേധത്തെ ലോകജനത ഒന്നടങ്കം അപലപിച്ചപ്പോള്‍ മൗനംപൂണ്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിസ് കാമറണിന്റെ നിസ്സംഗത ധീരമായി ചോദ്യം ചെയ്ത സഈദാ വാഴ്‌സി പ്രഭ്വി വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ ഭദ്രതയുടെ പ്രതീകമാണ്. വിദേശകാര്യ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചുകൊണ്ടാണ് ഇസ്രായേല്‍ അതിക്രമങ്ങളെ അനുകൂലിക്കുന്ന ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുടെ ജനവിരുദ്ധതയില്‍ സഈദ തന്റെ അമര്‍ഷം രേഖപ്പെടുത്തിയത്. ഇസ്രായേല്‍ സേനക്ക് നല്‍കുന്ന പിന്തുണയെ ധാര്‍മികമായി ഒരു നിലക്കും സാധുകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രിക്ക് എഴുതിയ രാജിക്കത്തില്‍ അവര്‍ വ്യക്തമാക്കുകയുണ്ടായി. അന്താരാഷ്ട്ര വേദികളില്‍ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്താറുള്ള ബ്രിട്ടന്റെ സല്‍കീര്‍ത്തിക്ക് സര്‍ക്കാര്‍ കളങ്കം ചാര്‍ത്തുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് ക്യാബിനറ്റിലെ പ്രഥമ മുസ്‌ലിം മന്ത്രി എന്ന റെക്കോഡിന് ഉടമയായ വാഴ്‌സി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ നിര്‍ണ്ണായക സ്വധീനം ഉളവാക്കിയിരുന്നു. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ ജനപ്രീതി സ്വന്തമാക്കാന്‍ സാധിച്ച അവര്‍ ബ്രിട്ടണില്‍ വളര്‍ന്നുവരുന്ന ഇസ്‌ലാമോഫോബിയക്കെതിരെയും മറ്റു അനാവശ്യ പ്രശ്‌നങ്ങള്‍ക്കെതിരെയും ധീരമായി ശബ്ദിച്ചുകൊണ്ട് വലതുപക്ഷ രാഷ്ട്രീയ നേതാക്കളെ നേരത്തെ തന്നെ അമ്പരപ്പിക്കുകയുണ്ടായി.
പാകിസ്താനില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ സമ്പന്ന കുലീന കുടുംബത്തില്‍ 1971-ലാണ് വാഴ്‌സിയുടെ ജനനം. പ്രശസ്തമായ വാര്‍ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് നിയമബിരുദം നേടി അഭിഭാഷകവൃത്തി ആരംഭിച്ചു. കിടക്ക നിര്‍മാണ കമ്പനി സ്ഥാപിച്ച് പ്രതിവര്‍ഷം 20 ലക്ഷം പൗണ്ട് ലാഭം കൊയ്ത പിതാവിന്റെ അഞ്ചു മക്കളില്‍ രണ്ടാമത്തെവളായ വാഴ്‌സിയുടെ പ്രചോദനസ്രോതസ്സ് എന്നും പിതാവായിരുന്നു.
ഉജ്വലപ്രഭാഷണത്തിലൂടെ കണ്‍സര്‍വേറ്റീവ് കക്ഷിയുടെ സംഘാടകയായി വളര്‍ന്ന വാഴ്‌സി 2005-ലാണ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. പാര്‍ട്ടിയുടെ ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട വാഴ്‌സി 2007-ല്‍ പ്രഭു സഭാംഗവുമായി.
ദൈവനിന്ദ കേസില്‍ ബ്രിട്ടീഷ് അധ്യാപികയെ സുഡാന്‍ അധികൃതരുടെ ജയില്‍ശിക്ഷയില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ കലാശിച്ച നയതന്ത്ര ദൗത്യത്തിന് ചുക്കാന്‍ പിടിച്ച വാഴ്‌സിയെ 2007-ല്‍ മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തുകയുണ്ടായി. നയതന്ത്ര പാടവവും ധീരതയും നിശ്ചയദാര്‍ഢ്യവും ദീനാനുകമ്പയും ഒത്തിണങ്ങിയ വ്യക്തിത്വമാണ് സഈദാ വാഴ്‌സി.


സൂസന്‍ എന്ന വിസ്മയം
പ്രതികൂല സാഹചര്യങ്ങള്‍ക്കു മുമ്പില്‍ തളര്‍ന്ന് നില്‍ക്കാതെ, മനോദാര്‍ഢ്യം കൊണ്ടും കഠിന പ്രയത്‌നങ്ങള്‍ കൊണ്ടും അവയെ മറികടക്കുന്നവരെ വിജയ സിംഹാസനം കാത്തിരിക്കുന്നുവെന്ന യാഥാര്‍ഥ്യം ഒരിക്കല്‍കൂടി ഉറപ്പിച്ചിരിക്കുകയാണ് സസ്‌വാല്‍ ശിബ്‌ലി എന്ന 35-കാരി. ജനനം അഭയാര്‍ഥി ക്യാമ്പില്‍. പതിനൊന്ന് ഉടപ്പിറപ്പുകള്‍ക്കൊപ്പം വാസം. കാര്യമായ ഉപജീവനമാര്‍ഗമില്ലാത്ത മാതാപിതാക്കള്‍. പക്ഷേ ദൈവം അനുഗ്രഹിച്ച പ്രതിഭയെ ഊതിക്കാച്ചാനുള്ള ശാഠ്യം സൂസന് വിജയകിരീടങ്ങള്‍ സമ്മാനിച്ചു.
ജര്‍മനിയിലെ വിദേശകാര്യ ഉപവക്താവാണിപ്പോള്‍ ഈ ഫലസ്തീന്‍ വംശജ. 1948-ല്‍ ഫലസ്തീന്‍ മണ്ണ് പകുത്തെടുത്ത് ഇസ്രായേല്‍ രൂപികൃതമായപ്പോള്‍ ആട്ടിയിറക്കപ്പെട്ട കുടുംബമായിരുന്നു അവരുടേതും. ദീര്‍ഘകാലം ലബനാനിലെ അഭയാര്‍ഥിക്യാമ്പില്‍ കഴിഞ്ഞു. ഉപജീവന മാര്‍ഗവും രാഷ്ട്രീയ അഭയവും തേടി ആ കുടുംബം ജര്‍മനിയിലേക്ക് കുടിയേറി. എന്നാല്‍ ഈ സാധാരണ തൊഴിലാളി കുടുംബത്തിന് രാഷ്ട്രീയ അഭയം ലഭ്യമാകാന്‍ വര്‍ഷങ്ങള്‍ തന്നെ കാത്തിരിക്കേണ്ടിവന്നു. അതിനിടെ ബര്‍ലിനില്‍ വെച്ചായിരുന്നു സൂസന്റെ പിറവി. ഉമ്മയും ഉപ്പയും നിരക്ഷരരെങ്കിലും സൂസന്‍ പഠനത്തില്‍ മിടുക്കി. രാഷ്ട്രമീമാംസയില്‍ ബിരുദമെടുത്ത സൂസന്‍ പ്രഭാഷണകലയിലും വൈഭവം തെളിയിച്ചു.
അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കെ ജര്‍മന്‍ സെനറ്റ് അന്തര്‍ സംസ്‌കാരവകുപ്പില്‍ ജോലി നല്‍കിയതോടെ സൂസനു മുമ്പില്‍ അവസരങ്ങളുടെ കവാടങ്ങള്‍ തുറന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പ് സ്‌പോട്‌സ് വകുപ്പ്, തുടങ്ങിയ വിഭാഗങ്ങളില്‍ നിസ്തുല സേവനങ്ങളര്‍പ്പിക്കാന്‍ സൂസന് കഴിഞ്ഞു. 2014-ല്‍ വിദേശകാര്യ വകുപ്പില്‍ നിയമിക്കപ്പെട്ടതോടെ മറ്റൊരു അധ്യായം രചിക്കപ്പെടുകയായിരുന്നു. ഒരു മുസ്‌ലിം വനിത ഉത്തരമൊരു പദവിയില്‍ അവരോധിക്കപ്പെടുന്നത് യൂറോപ്യന്‍ ചരിത്രത്തില്‍ ഇതാദ്യം.
വ്യക്തികളെ മതമോ ദേശമോ നോക്കി തരംതിരിക്കാന്‍ പാടില്ലെന്ന പക്ഷക്കാരിയാണ് സൂസന്‍. തദ്ദേശീയരായാലും കുടിയേറ്റക്കാരായാലും നീതിയും സമത്വവും ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ നടപ്പാക്കണം. 'നിങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ വെറും കാഴ്ചക്കാരായിരിക്കാന്‍ പാടില്ല.'' വിജയവും പുരോഗതിയും ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കാനുള്ള സൂസന്റെ സന്ദേശം ഇതുമാത്രം.


അറബ് നാട്ടിലെ പെണ്‍പോരിമ
പ്രാഗല്‍ഭ്യത്തിന്റെ അറബ് പ്രതിനിദാനമായി ലുബ്‌ന ബിന്‍ത് ഖാലിദ് ഖാസിമി വീണ്ടും അംഗീകാരം നേടിയിരിക്കുന്നു. പോയവര്‍ഷത്തെ മികച്ച അറബ് വംശജയായി ലുബ്‌നയെ പ്രഖ്യാപിച്ചിരിക്കുന്നത് 'ഫോബ്‌സ്' മാസികയാണ്. ലോകത്തെ ഏറ്റവും സ്വാധീനിച്ച നൂറു വനിതകളില്‍ 55-ാമത്തെ ഇടമാണ് ലുബ്‌നക്ക്.
ധനകാര്യ ആസൂത്രണമന്ത്രിയായി 2004-ല്‍ ലുബ്‌ന തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ഗള്‍ഫ് രാജ്യങ്ങളില്‍ വിസ്മയവും ആവേശവും ഉണര്‍ത്തുകയുണ്ടായി. മന്ത്രിപദവികള്‍ അറബ് സ്ത്രീകള്‍ക്ക് സ്വപ്‌നംകാണാന്‍ പോലും പ്രയാസകരമായിരുന്ന കാലഘട്ടത്തിലാണ് ലുബ്‌ന രാജ്യത്തെ പ്രഥമ വനിതാ മന്ത്രിയായി ചുമതലയേറ്റത്.
കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും ഷാര്‍ജയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ ബിരുദവും കരസ്ഥമാക്കിയ ലുബ്‌ന നിരവധി ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും സ്വന്തമാക്കുകയുണ്ടായി.
1962 ഫെബ്രുവരിയില്‍ ദുബൈ നഗരത്തില്‍ ജനനം. ഭരണകുടുംബാംഗമായ ലുബ്‌ന ഡാറ്റാവേഷന്‍ എന്ന കംപ്യൂട്ടര്‍ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ പ്രോഗ്രാമര്‍ എന്ന തസ്തിക സ്വീകരിച്ചുകൊണ്ടാണ് ഔദ്യോഗിക സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഫെഡറല്‍ ഗവണ്‍മെന്റിന്റെ വാര്‍ത്താ വിനിമയ വിഭാഗത്തിലും ദുബൈ തുറമുഖ അതോറിറ്റിയിലും പ്രവര്‍ത്തിച്ചു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ തുറമുഖമായ ദുബൈയില്‍ തുറമുഖാതോറിറ്റിക്കുവേണ്ടി ഏഴു വര്‍ഷക്കാലമായിരുന്നു അവരുടെ സേവനം. ഇ-ബിസ്‌നസ് പ്രോത്സാഹിപ്പിക്കുന്നതിന് 2000 ജൂണില്‍ ലുബ്‌ന മുന്‍കൈയെടുത്ത് തിജാരി ഫൗണ്ടേഷന്‍ സ്ഥാപിച്ചു. ഇപ്പോള്‍ വാണിജ്യ മന്ത്രിയായ ഈ വനിത വിവിധ സര്‍വകലാശാലകള്‍ ബിസ്‌നസ് സ്ഥാപനങ്ങള്‍ എന്നിവയുടെ ട്രസ്റ്റ് കൗണ്‍സില്‍ അംഗം എന്ന നിലയിലും വിലപ്പെട്ട സേവനങ്ങള്‍ അര്‍പ്പിക്കുന്നു.

ശ്രീലങ്കയില്‍ വീണ്ടും ചന്ദ്രികാ തരംഗം
കൊച്ചു രാജ്യമാണെങ്കിലും പ്രക്ഷുബ്ധതകളുടെയും സംഘര്‍ഷങ്ങളുടെയും കാര്യത്തില്‍ വന്‍രാജ്യമാണ് ശ്രീലങ്ക. രാഷ്ട്രീയ പകപോക്കലുകള്‍ ആഭ്യന്തരയുദ്ധം, വര്‍ഗീയാക്രമണങ്ങള്‍, പൗരാവകാശ ധ്വംസനങ്ങള്‍ തുടങ്ങിയവ നിലക്കാതെ അരങ്ങേറിയ രാജ്യം. 2009-ല്‍ കേരളം സന്ദര്‍ശിച്ച ചന്ദ്രിക കുമാര തൂംഗെ മാധ്യമലേഖകരോട് പറഞ്ഞ വാക്യങ്ങള്‍ ലങ്കന്‍ പ്രതിസന്ധിയുടെ ആഴം പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു. 'എന്റെ ജീവന്റെ സുരക്ഷക്ക് ഞാന്‍ തന്നെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എന്റെ കക്ഷിയാണ് ഭരണം നടത്തുന്നതെങ്കിലും എനിക്ക് വേണ്ടത്ര സുരക്ഷാബോധം അനുഭവിക്കാന്‍ കഴിയുന്നില്ല. ഭയത്തിന്റെ അന്തരീക്ഷം രാജ്യമെമ്പാടും തുടരുകയാണ്. നിരവധി തവണ വധശ്രമങ്ങളെ അതിജീവിച്ച ചന്ദ്രികയുടെ വാക്കില്‍ പതിരുണ്ടായിരുന്നില്ല. ഈ പ്രസ്ഥാവന നടത്തി ഏതാനും മാസങ്ങള്‍ക്കകം അവര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. രാഷ്ട്രീയ വൈരത്താല്‍ പിതാവിനെയും ഭര്‍ത്താവിനെയും വധിച്ച പ്രതിയോഗികളെ വെല്ലുവിളിച്ചുകൊണ്ട് രാഷ്ട്രീയ പടയോട്ടത്തിനിറങ്ങി പ്രധാനമന്ത്രി പദവിയും പ്രസിഡന്റ് പദവിയും നേടിയെടുത്ത സ്ത്രീ വീറിന്റെ ആവേശഭരിതമായ കഥകള്‍ അവര്‍ക്ക് പറയാനുണ്ട്.
വിവിധ അന്താരാഷ്ട്ര നേതൃപരിശീലന പ്രശ്‌ന പരിഹാര വേദികളില്‍ അംഗമായ ചന്ദ്രിക സജീവ രാഷ്ട്രീയ ഗോദയില്‍ പുനഃപ്രവേശിക്കാനുള്ള തീരുമാനം പുറത്തുവിട്ടതാണ് ഏറ്റവും പുതിയ വാര്‍ത്ത. കഴിഞ്ഞ നവംബറില്‍ കൊളംബോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ചന്ദ്രിക ഇത് പുറത്തുവിട്ടത്. പ്രതിപക്ഷമുണ്ടാക്കിയ ശൈഥില്യത്തില്‍ നിന്ന് കരകയറുക എന്നതാണ് ചന്ദ്രികയുടെ ലക്ഷ്യം.
ലോകത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി എന്ന റെക്കോഡിനുടമയായ സിരിമാവോ ബന്ധാര നായകെയുടെ പുത്രിയായി പിറന്ന് രാഷ്ട്രീയ-പൊതു മണ്ഡലങ്ങളില്‍ സ്വകീയമുദ്രകള്‍ പതിപ്പിച്ച നേതാവാണ് ചന്ദ്രിക. കൊളംബോയിലെ അക്വിനാസ് വാഴ്‌സിറ്റിയില്‍ നിന്ന് നിയമ പഠനം പൂര്‍ത്തീകരിച്ച ശേഷം നേരെ പാരീസിലേക്ക് തിരിച്ച ചന്ദ്രിക സര്‍വകലാശാലയുടെ ബിരുദം സ്വന്തമാക്കുകയും ഗവേഷണ പഠനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രിയായ മാതാവിനെ സഹായിക്കാന്‍ ഗവേഷണപഠനം നിര്‍ത്തിവെച്ച ചന്ദ്രിക രാജ്യത്തെ സോഷ്യലിസ്റ്റ് നവീകരണ സംരംഭങ്ങളില്‍ ശ്ലാഘനീയമായ സേവനങ്ങളര്‍പ്പിച്ചു.
തമിഴ് പുലികളുമായി സമാധാന സന്ധികള്‍ക്കു മുന്‍കൈയെടുത്ത ചന്ദ്രികയുമായി പുലികളൊടുവില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു.
സിംഹള ഭാഷക്ക് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷയില്‍ പ്രവീണയായ ചന്ദ്രികക്ക് ക്ലിന്റണ്‍ ഗ്ലോബല്‍ ഇനീഷേറ്റീവ്, കൗണ്‍സില്‍ ഓഫ് വിമണ്‍ വേള്‍ഡ് ലീഡേഴ്‌സ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിലും അംഗത്വമുണ്ട്.


ചരിത്ര വിജയം, ചരിത്ര പരാജയം
യിംഗ്ലക് ഷിനാവത്ര എന്ന 47-കാരിക്ക് ഏഷ്യന്‍ രാജ്യമായ തായ്‌ലന്റില്‍ ചരിത്ര വിജയം നേടാന്‍ സാധിച്ചു. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി യിംഗ്ലക് 2011-ല്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2014 മെയില്‍ പടിയിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതയായി. പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍, സൈനിക ഇടപെടല്‍, കോടതികളുടെ അതിസക്രിയത എന്നിവ ചേര്‍ന്ന് മുന്‍ പ്രധാനമന്ത്രി തക്ഷിന്‍ ഷിനാവത്രയുടെ ഈ സഹോദരിക്ക് രാഷ്ട്രീയ വനവാസം വിധിക്കുകയായിരുന്നു. അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ ഇംപീച്ച്‌മെന്റ് മുതല്‍ ജയില്‍ ശിക്ഷ വരെയാണ് ഈ മുന്‍ ബിസ്‌നസുകാരിയെ തേടിയെത്തിയത്.
സഹോദരന്‍ തക്‌സീന്റെ നിഴലിലായിരുന്നു യിംഗ്ലക് എന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. സഹോദരന്‍ ഉള്‍പ്പെടെ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് പൊതുമാപ്പ് നല്‍കുന്ന നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെയായിരുന്നു പ്രതിപക്ഷം തലസ്ഥാനനഗരി സ്തംഭിപ്പിക്കുന്ന പ്രതിപക്ഷം പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. തന്റെ രാജി ആവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭകര്‍ അക്രമാസക്തരാവാതിരിക്കാന്‍ പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടപേക്ഷിച്ച സ്‌ത്രൈണ സഹജമായ ആര്‍ദ്രതകളൊന്നും തായ് പ്രതിപക്ഷത്തിന് മുമ്പില്‍ വിലപോയില്ല. ഇരുപത്തിയഞ്ചുപേര്‍ കൊല്ലപ്പെട്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 2014-ല്‍ യിംഗ്ലക് പ്രധാനമന്ത്രി പദത്തില്‍നിന്ന് രാജി നല്‍കി.
അധികാരത്തിലിരുന്ന ഹ്രസ്വ കാലയളവില്‍ ഗ്രാമീണ ദരിദ്ര ജനങ്ങളുടെ ജീവിതാവസ്ഥകളില്‍ മാറ്റമുണ്ടാക്കുന്ന പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയ യിംഗ്ലകിന്റെ വൈഭവം ഏറെ പ്രശംസിക്കപ്പെടുകയുണ്ടായി. കാര്‍ഷികോല്‍പന്നങ്ങള്‍ ഉയര്‍ന്ന വിലക്ക് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് കുറഞ്ഞ വിലക്ക് ദരിദ്രജനങ്ങള്‍ കൈമാറുന്ന പദ്ധതിയായിരുന്നു ആവിഷ്‌കരിക്കപ്പെട്ടത്. അതേസമയം ഇത് കാര്‍ഷികോല്‍പന്ന കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചതിനാല്‍ വന്‍കിട കര്‍ഷകര്‍ തങ്ങളുടെ രോഷം പ്രധാനമന്ത്രിക്കെതിരായ സമരായുധമായി മാറ്റി.
പ്രശസ്തമായ രാഷ്ട്രീയ കുടുംബമായിരുന്നു യിംഗ്ലകിന്റേത്. രാഷ്ട്രതന്ത്രത്തിലും വ്യപാര നടത്തിപ്പിലും ബിരുദം സ്വന്തമാക്കിയ ശേഷം രണ്ട് വന്‍കമ്പനികളുടെ അമരക്കാരിയായി മാറിയ ശേഷമായിരുന്നു ഈ തായ് വനിതയുടെ രാഷ്ട്രീയ പ്രവേശം. 2011-ല്‍ ഫ്യൂതായ് പാര്‍ട്ടിയുടെ ഇലക്ഷന്‍ വിജയത്തിനു പിന്നിലെ മുഖ്യ ശില്‍പിയായിരുന്നു അവര്‍. പക്ഷേ രാഷ്ട്രീയ പ്രവര്‍ത്തനാനുഭവം വേണ്ടത്ര ഇല്ലാത്ത പ്രതിപക്ഷ സമ്മര്‍ദ്ദങ്ങള്‍ അംഗീകരിക്കുക ദുഷ്‌കരമായതിനാല്‍ അധികാരത്തിന്റെ ഇടനാഴികയില്‍ കാലിടറിയ സ്ത്രീത്വത്തിന്റെ ദുരന്ത ഗാഥയായാണ് തായ് ജനത യിംഗ്ലക്കിന്റെ രാഷ്ട്രീയ ചരിത്രത്തെ ഇപ്പോള്‍ വിലയിരുത്തുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top