സമാധാനത്തിന്റെതാവട്ടെ വരും നാളുകള്‍
ഓരോ ദിവസവും നാം ഉറക്കമുണരുന്നത് ഒട്ടേറെ പ്രതീക്ഷകളുമായിട്ടാണ്. പ്രതീക്ഷകളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതിനുള്ള
ഓരോ ദിവസവും നാം ഉറക്കമുണരുന്നത് ഒട്ടേറെ പ്രതീക്ഷകളുമായിട്ടാണ്. പ്രതീക്ഷകളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമങ്ങളും പ്രവൃത്തികളുമാണ് പിന്നെ. മക്കളെ പഠിക്കാന്‍ പറഞ്ഞയക്കുന്നതും കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്നതും ആഗ്രഹ സഫലീകരണത്തിന്നാണ്. കാലചക്രം തിരിയുന്നതിനനുസരിച്ച് ചിന്തകളിലും അഭിരുചികളിലും മാറ്റമുണ്ടാകുമെങ്കിലും ഓരോരുത്തരും ജീവിക്കുന്നത് കുടുംബത്തിനു വേണ്ടി തന്നെയാണ്. നല്ല ഭാവി പണിയുവാന്‍ നമ്മെപ്പോലെ പ്രതീക്ഷകള്‍ പേറിയവരും അതിനുവേണ്ടി അധ്വാനിച്ചവരുമായ ഒരുപാട് തലമുറകള്‍ ഋതുഭേതങ്ങള്‍ക്കപ്പുറം കഴിഞ്ഞുപോയിട്ടുമുണ്ട്. അവര്‍ സമൂഹത്തിനു വേണ്ടി ചെയ്ത നന്മകളിലാണ് കാലങ്ങള്‍ക്കിപ്പുറവും ജീവിക്കുന്നത്. അതുപോലെ കാലത്തിന് പൊറുക്കാന്‍ കഴിയാത്ത വേദനകള്‍ സമ്മാനിച്ചവരും കെടുതികള്‍ ഉണ്ടാക്കിയവരും ഒട്ടേറെയാണ്. ലോകം ആഘോഷിക്കുന്ന കലണ്ടര്‍ പ്രകാരം ഡിസംബറോടെ വര്‍ഷം കൊഴിഞ്ഞുപോവുകയാണ്. ഓര്‍ക്കാനുള്ള ഒരുപാട് സംഗതികള്‍ മാറ്റിവെച്ചുകൊണ്ടാണ് 2014 കടന്നുപോകുന്നത്. നാളെയുടെ പ്രതീക്ഷകളും ജീവിതത്തിന്റെ മധുരവുമായ കുഞ്ഞു പൈതങ്ങളെപ്പോളും നിഷ്ഠൂരമായി കൊലപ്പെടുത്തിയ വാര്‍ത്തകള്‍ ഇടക്കിടെ കേള്‍ക്കുകയും കാണുകയും ചെയ്യേണ്ട ഗതികേടുപോലും ഉണ്ടായി. വ്യവസ്ഥിതിയോട് കലഹിച്ചുകൊണ്ട് അരാജകത്വത്തിന് വേണ്ടി വഴിവിട്ടിറങ്ങിയവരെയും സദാചാരം സൂക്ഷിക്കാന്‍ പടവെട്ടുന്നവരെയും നാം കണ്ടു. വംശീയതയുടെയും വര്‍ഗീയതയുടെയും മതഭ്രാന്തിന്റെയും ആണ്‍പെണ്‍ബന്ധങ്ങളുടെ വഴിവിട്ട ബന്ധത്തിന്റെയും പേരിലാണിതൊക്കെയും.
എവിടെയൊക്കെയോ മാനുഷികതയുടെയും സമാധാനത്തിന്റെയും സമുദായ ഐക്യത്തിന്റെയും യോജിപ്പിന്റെയും തിരിനാളമുയര്‍ത്താനുള്ള ശ്രമവും. ഈ നൂറ്റാണ്ടിന്റെ മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കപ്പുറവും സമുദായത്തില്‍ ആശയതലത്തിലുള്ള ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്. ആ ഭിന്നതകള്‍പ്പുറം യോജിപ്പിന്റെ മേഖലകളെ കണ്ടെത്തുകയും പൂര്‍ണതയിലെത്തിക്കുകയും ചെയ്യുകയെന്നതാണ് സമുദായത്തിന്റെയും സമൂഹത്തിന്റെയും ഉത്തമതാല്‍പര്യം സംരക്ഷിക്കാനാന്‍ ആഗ്രഹിക്കുന്നവരുടെ ചുമതല. ഉത്തമ സമുദായത്തിലെ അംഗങ്ങളെന്ന നിലയില്‍ ആണ്‍പെണ്‍ ഭേദമന്യേ അത്തരമൊരു ശ്രമത്തിനുള്ളതായിരിക്കട്ടെ നമ്മുടെ വരുംനാളുകള്‍.