നഗരവല്‍കൃതരുടെ ഒറ്റപ്പെടല്‍
റഷീദ ശിറാസ് /കഥ
2015 ജനുവരി
വിജനമായ മണല്‍പരപ്പാണ് എന്നും മരുഭൂമിയുടെ പ്രത്യേകത; മുകളിലെ ആകാശം പോലെ. നിരനിരയായി നില തെറ്റാതെ
വിജനമായ മണല്‍പരപ്പാണ് എന്നും മരുഭൂമിയുടെ പ്രത്യേകത; മുകളിലെ ആകാശം പോലെ. നിരനിരയായി നില തെറ്റാതെ അടുക്കിവെച്ച കെട്ടിട സൗധങ്ങളാകട്ടെ, ദൈവത്തെ തോല്‍പ്പിക്കാനൊരുമ്പെട്ട മനുഷ്യന്‍ മരുഭൂമിക്ക് നല്‍കിയ സമ്മാനവും. ലക്ഷോപലക്ഷങ്ങള്‍ താമസിക്കുന്ന ഈ കെട്ടിടങ്ങളിലാണ് യഥാര്‍ഥത്തില്‍ സോഷ്യലിസവും ഡെമോക്രസിയും പുലരുന്നത്. ഒരാളും മറ്റൊരാളുടെ ജീവിതത്തെ സ്പര്‍ശിക്കാതെ വിവിധ ദേശ, ഭാഷ, മത, ജാതി, വര്‍ണ ഭേദമന്യേ വസിക്കുന്ന ജനോപലക്ഷങ്ങള്‍ അത് പറയാതെ പറയുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെ വസിക്കുന്ന ഈ നഗരവാസികളിലൊരാളായി അവളും അങ്ങോട്ട് ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിരിക്കുന്നു.
ആരെയോ പ്രതീക്ഷിച്ചെന്നപോലെ തന്റെ മട്ടുപ്പാവിലെ നിത്യസന്ദര്‍ശകയായ ആ കിളിയെ നാളുകള്‍ക്കു മുമ്പെപ്പോഴോ ആണ് അവള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ആ കുഞ്ഞുപക്ഷി എങ്ങനെയാണ് ഇത്ര ഉയരത്തിലെത്തുന്നത്? ആരെ പ്രതീക്ഷിച്ചാവും ഈ ഇരിപ്പ്? ആ കണ്ണുകളില്‍ നിറയുന്ന ഭാവമെന്താകുമെന്ന് അവള്‍ വെറുതെ ആലോചിച്ചു. ദുബൈ പോലൊരു മെട്രോപൊളിറ്റന്‍സിറ്റിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലൊന്നിലാണ് താനിരിക്കുന്നതെന്ന അഹംഭാവമോ? അതോ, നിറയെ പച്ചപ്പും കൊച്ചുമരങ്ങളും അരുവികളുമുള്ള ഒരു ദേശത്ത് ജനിക്കാതെ പോയതിന്റെ സങ്കടമോ? ഒരു പക്ഷേ, ആ കിളിയും ഇപ്പോള്‍ അതു തന്നെയാവും ചിന്തിക്കുന്നുണ്ടാവുക. കുറച്ചു നാളായി തന്റെ പ്രധാനപ്പെട്ട വിനോദമായി ഈ പക്ഷിനിരീക്ഷണം മാറിയിരിക്കുന്നു. എത്ര നേരം വേണമെങ്കിലും അങ്ങനെയിരിക്കാന്‍ താന്‍ ശീലിച്ചതെങ്ങനെ? 'ജനീ, നീ അമ്മേടെ പാലിനു പകരം റബ്ബര്‍പാലെങ്ങാനും കുടിച്ചാണോ വളര്‍ന്നത്?'
തന്റെ അടങ്ങിയിരിക്കാത്ത പ്രകൃതം കണ്ട് ബിരുദാനന്തര ബിരുദ കാലത്തെ ഹോസ്റ്റല്‍മേറ്റിന്റെതായിരുന്നു ആ ചോദ്യം. പിന്നീടങ്ങോട്ട് എല്ലാവരും അത് അരക്കിട്ടുറപ്പിക്കുകയായിരുന്നു. തുള്ളിച്ചാടി ജീവിതത്തെ ആഘോഷിച്ച് നടന്നിരുന്ന ഞാനിപ്പോള്‍! എത്ര പെട്ടെന്നാണ് നഗരം എന്നെ അടക്കം പഠിപ്പിച്ചത്. ഇങ്ങനെയൊരു കാലഘട്ടത്തെക്കുറിച്ച് അന്നൂഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.
തലക്കു മുകളിലൂടെ ഇരമ്പിപ്പായുന്ന വിമാനം അപ്പോള്‍ മാത്രമാണ് അവളുടെ ശ്രദ്ധയില്‍ പെട്ടത്. അകന്നകന്ന് പോകുന്ന അതിനോടൊപ്പം അവളുടെ മനസ്സും തന്റെ കൊച്ചു ഗ്രാമത്തിലെത്തി. അങ്ങകലെ മാവേലിയെപ്പോലെ വന്നെത്തുന്ന തുമ്പികണക്കെയുള്ള വിമാനം പോലും തന്റെ ഗ്രാമവാസികള്‍ക്ക് അത്ഭുതക്കാഴ്ചയായിരുന്നു. ആ വിമാനം കണ്ണകലുന്നതുവരെ നോക്കി അകലേക്ക് യാത്രയാക്കുന്ന മുതിര്‍ന്നവരുടെ മനസ്സുമപ്പോള്‍ കുട്ടികളില്‍നിന്നും ഭിന്നമായിരുന്നില്ല. എത്രമാത്രം കൗതുകമായിരുന്നു അവരുടെ മനസ്സുകളില്‍ ആ ദൃശ്യം പകര്‍ന്നുനല്‍കിയത്. താനാണാദ്യം കണ്ടത് എന്നു വീമ്പുപറയാന്‍ ഓരോരുത്തരും ഇഷ്ടപ്പെട്ടിരുന്നു. വീട്ടുമുറ്റത്ത് ഒരു വിമാനം വീണെങ്കിലെന്ന് തന്റെ കൊച്ചുമനസ്സ് എത്ര ആഗ്രഹിച്ചിട്ടുണ്ട്. കൊച്ചു ജനിയുടെ എത്ര ദിവസങ്ങളാണ് അത്തരം സ്വപ്‌നങ്ങളാല്‍ തള്ളിനീക്കപ്പെട്ടത്.
ആ പക്ഷി എന്നെത്തന്നെ നോക്കിയിരിപ്പാണ്. അതിനു ചുറ്റുമുള്ള ജീവനില്ലാ വസ്തുക്കളെപ്പോലെ തന്നെയും അത് കണ്ടുവെന്ന് തോന്നുന്നു. വിമാനങ്ങള്‍ പിന്നെയും പിന്നെയും വന്നുപോയ്‌ക്കൊണ്ടിരുന്നു. അവക്കൊന്നും തന്നെ തന്റെ ചുറ്റും താമസിക്കുന്നവരുടെ ശ്രദ്ധക്ഷണിക്കാന്‍ സാധിച്ചിട്ടില്ല. താന്‍ ഒരുപാട് ശ്രമിച്ചതാണ്. പക്ഷേ, നഗരജീവിതത്തിന് തീര്‍ത്തും യോഗ്യരായ അവരെ മനസ്സിലാക്കാതെ പോയത് തന്റെ തെറ്റ്. അല്ലെങ്കിലും എന്തിനെയും ഏതിനെയും സംശയദൃഷ്ടിയോടെ കാണുവാന്‍ ഈ ലോകം നമ്മെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. അടുത്ത മുറികളില്‍നിന്നും കതകു തുറക്കുന്ന ശബ്ദവും കാലൊച്ചകളും കേട്ട് താന്‍ എത്രപ്രാവശ്യമാണ് കതകിനടുത്തേക്കോടിയത്? മുഖത്ത് തയ്യാറാക്കിവെച്ച ചിരി സമ്മാനിച്ച് ധൃതിയില്‍ എന്തോ ചെയ്തുതീര്‍ക്കാനെന്നവണ്ണം നടന്നകലുന്ന കാലുകള്‍, പ്രിയപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെട്ട കൊച്ചുകുട്ടിയുടെ വേദനയാണ് തന്നിലുളവാക്കിയത്. ഇവിടെ വീട്ടുപകരണങ്ങളും മറ്റചേതനവസ്തുക്കളും മാത്രമാണ് ശബ്ദമുണ്ടാക്കുന്നതെന്നവള്‍ക്ക് തോന്നി. ജീവനുള്ള വസ്തുക്കള്‍ അവയേക്കാള്‍ നിശ്ചലമാണ്.
കോളിംഗ്‌ബെല്ലിന്റെ ശബ്ദം കേട്ട് അവള്‍ ചിന്തയില്‍നിന്നും ഉണര്‍ന്നു. ആരാകും പതിവില്ലാതെ ഈ സമയത്ത്? പണ്ട് വിമാനം മുറ്റത്ത് വീഴാന്‍ പ്രാര്‍ഥിച്ച കുട്ടിയെപ്പോലെ തന്റെ കതകിനു മുമ്പില്‍ നില്‍ക്കുന്ന പരിചയക്കാരുടെ മുഖം അവളാദ്യനാളുകളില്‍ സ്വപ്‌നംകണ്ടിരുന്നു. ഇന്നു പക്ഷേ, ഇതാരാണ്? അവള്‍ അമ്പരപ്പോടെ ഡോര്‍വ്യൂവിലേക്ക് നോക്കി. മുമ്പെപ്പോഴോ മിന്നിമറഞ്ഞുപോയ ഒരു മുഖം. വ്യക്തമായി പരിചയമില്ലാത്തവര്‍ക്കു മുന്നില്‍ കതകുതുറക്കരുതെന്ന ഭര്‍ത്താവിന്റെ നിര്‍ദ്ദേശം അവള്‍ തല്‍ക്കാലം മറന്നു. വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഒരു പത്തുപതിനെട്ടു വയസ്സു തോന്നിക്കുന്ന മലേഷ്യന്‍ പെണ്‍കുട്ടിയെയാണ്. മുമ്പെപ്പോഴോ മോനെ സ്‌കൂള്‍ബസ്സ് കയറ്റാന്‍ പോയപ്പോള്‍ ഒരു നോക്ക് കണ്ടിട്ടുണ്ട്. തന്റെ മുമ്പില്‍ നിഷ്‌കളങ്കയായി ചിരിച്ചുനില്‍ക്കുന്ന അവളെ അകത്തേക്ക് ക്ഷണിച്ചു. അവളിവിടെ അടുത്തേതോ ഫ്‌ളാറ്റില്‍ വീട്ടുജോലിക്ക് നില്‍ക്കുകയാണ്. ഉദ്യോഗസ്ഥ ദമ്പതികളുടെ മക്കളെ നോക്കലാണ് ജോലി. കാര്യം വളരെ കഷ്ടമാണ്. അതിലൊരു കുട്ടിയുടെ പാദസരം നഷ്ടമായിരിക്കുന്നു. അതെടുത്തത് ഈ പെണ്‍കുട്ടിയാണെന്ന് ആരോപിച്ച് എപ്പോഴും പീഡനമാണ്. രണ്ടു ദിവസമായി ഭക്ഷണവും കൊടുത്തിട്ടില്ല. ഇംഗ്ലീഷറിയാത്ത അവളും ഹിന്ദിയറിയാത്ത ഞാനും തമ്മിലുള്ള സംഭാഷണത്തില്‍ ഇത്രയും മനസ്സിലാക്കിയെടുത്തത് തന്നെ ദൈവകൃപ. എന്തായാലും അവള്‍ക്ക് വിശക്കുന്നുണ്ട്. അതെനിക്കറിയാം. ഭക്ഷണം കഴിച്ചാല്‍ അവളുടെ വിശപ്പ് മാറുകയും ചെയ്യും. ഇവ രണ്ടും സാര്‍വദേശീയമായ കാര്യമായതുകൊണ്ട് സ്‌കൂള്‍ വിട്ടുവരുന്ന മോന് കൊടുക്കാന്‍ വെച്ച ഭക്ഷണം അവള്‍ക്ക് നല്‍കി. സന്തോഷത്തോടെ ആ ഭക്ഷണം കഴിച്ച അവള്‍ എന്റെ കണ്ണുകളെ വര്‍ണ്ണിക്കാന്‍ അത്യുത്സാഹം കാണിച്ചു. അതിശയം തന്നെ സ്ത്രീകളുടെ കാര്യം. അവളുടെ ദൗര്‍ബല്യങ്ങള്‍ ദേശാതീതമോ? തന്റെ ബലഹീനത മുതലെടുക്കാനാണ് ഈ പ്രസ്താവന എന്നറിഞ്ഞിട്ടും ആ വാക്കുകള്‍ മനസ്സിനൊരു കുളിര്‍മ നല്‍കി. വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട തന്റെ കണ്ണുകളുടെ തിളക്കം തിരിച്ചുകിട്ടിയ പോലെ. ആരാണ് തന്നോട് ഈ കണ്ണുകളെക്കുറിച്ച് ആദ്യം പറഞ്ഞത്? കോളജ് ദിനങ്ങളില്‍ പിന്നാലെ വട്ടമിട്ട സീനിയര്‍ ചേട്ടന്മാരാണ് തന്റെ കണ്ണുകളെ ആദ്യം ശ്രദ്ധിച്ചതെന്നു തോന്നുന്നു. അന്നു പക്ഷേ താന്‍ കാത്തിരുന്നത് എന്നെങ്കിലുമൊരുനാള്‍ തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഏതോ ഒരു കൂട്ടുകാരനെയാണ്. എന്നാലിന്ന് താന്‍ കൂട്ടിവെച്ച സ്വപ്‌നങ്ങള്‍ പകര്‍ന്നുനല്‍കാന്‍ പോന്ന പാത്രം തന്റെ പ്രിയതമന്റെ കൈയിലില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അവളില്‍ നിരാശ നിറയാതിരുന്നില്ല. ഇന്നേതായാലും ഈ സംഭവം പറഞ്ഞിട്ടു തന്നെ കാര്യം. അദ്ദേഹം എത്ര വൈകിയാലും ഇത് കേള്‍പ്പിക്കണം. പിന്നീടോരോ നിമിഷത്തിനും മണിക്കൂറുകളുടെ ദൈര്‍ഘ്യമുള്ളതുപോലെ. മോന്‍ സ്‌കൂള്‍ വിട്ടുവന്നതും അവന്റേതായ ലോകത്തേക്ക് ഓടിക്കഴിഞ്ഞിരുന്നു. അവന് ഭക്ഷണം നല്‍കി ഉറക്കുമ്പോള്‍ അവള്‍ക്ക് ഏറെ സന്തോഷം തോന്നി. ഇന്ന് എന്റെ ഭര്‍ത്താവിനോട് പറയാന്‍ വിഷയം ഉണ്ടായിരിക്കുന്നു. പതിവിന്റെ വിരസതക്കപ്പുറം ഒരു പക്ഷേ ഈ ദിവസം സന്തോഷപ്രദമായേക്കാം. നീണ്ട മണിക്കൂറുകളുടെ കാത്തിരിപ്പിനു ശേഷം അര്‍ദ്ധരാത്രിയോട് ചേര്‍ന്ന് കോളിംഗ് ബെല്ലടിച്ച അദ്ദേഹത്തെ സ്വീകരിക്കാന്‍ പതിവിനു വിപരീതമായി സന്തോഷത്തോടെയാണവള്‍ ഓടിയത്. വാതില്‍ തുറന്നതും അകത്തേക്ക് കയറിവന്ന അദ്ദേഹം തന്റെ ചുണ്ടില്‍ ഒരു ചിരി വിരിയിക്കാന്‍ പെടുന്ന പാടുകണ്ടപ്പോള്‍ പറയാന്‍ കരുതിവെച്ച വാക്കുകളെല്ലാം ഉള്ളിലേക്ക് വലിഞ്ഞു. പെട്ടെന്ന് വസ്ത്രം മാറിവന്ന അദ്ദേഹത്തിന്റെ കണ്ണുകളില്‍ ദിവസത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും ആവാഹിച്ചിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ തുടങ്ങാം തന്റെ ഗിരിപ്രഭാഷണം എന്നു കരുതിയ അവള്‍ക്ക് വീണ്ടും തെറ്റി. അതിനു മുമ്പു തന്നെ അദ്ദേഹം ചാനലുകളില്‍നിന്നും ചാനലുകളിലേക്കുള്ള സഞ്ചാരം തുടങ്ങിവെച്ചിരുന്നു. പതിവുപോലെ അവിടെ ഇരുന്നുറക്കം തുടങ്ങിയ അദ്ദേഹം വളരെ ബുദ്ധിമുട്ടിയാണ് ബെഡിലേക്ക് ചാഞ്ഞത്. ആ ഉറക്കവും കണ്ട് അടുക്കളയില്‍നിന്നും വന്ന അവള്‍ എന്നത്തേയും പോലെ അന്നും തന്റെ വാക്കുകളെ അകത്തെവിടെയോ മണ്ണിട്ടു മൂടി.
ക്ഷീണിച്ചുറങ്ങുന്ന ആ മനുഷ്യന്റെ മനോവ്യാപാരത്തെക്കുറിച്ച് എന്തിനോ വേണ്ടിയെന്നോണം അപ്പോള്‍ അവള്‍ ചിന്തിച്ചു തുടങ്ങി. രാപകലില്ലാതെ അദ്ദേഹം കഷ്ടപ്പെടുന്നത് സ്വന്തത്തിന് വേണ്ടി മാത്രമല്ലല്ലോ? താനിന്നനുഭവിക്കുന്ന സൗകര്യങ്ങള്‍ക്ക് നിമിത്തം അദ്ദേഹത്തിന്റെ പ്രയാസങ്ങളാണല്ലോ? തന്റെ തിരക്കുകളും ടെന്‍ഷന്‍ പിടിച്ച ജീവിതാനുഭവങ്ങളും പ്രയതമയോട് പങ്കുവെക്കാത്തതോ അദ്ദേഹം ചെയ്ത തെറ്റ്? തന്റെ പ്രയാസങ്ങള്‍ കുടുംബത്തിന്റെ സൈ്വര ജീവിത്തതിന് വിഘാതമാവരുതെന്ന് വിചാരിച്ചതോ വലിയ പാതകം? പകല്‍ക്കിനാവുകള്‍ കാണാന്‍ കഴിയാത്ത അദ്ദേഹത്തിന് രാത്രി സ്വപ്‌നത്തിന് പോലും മംഗളങ്ങള്‍ നേരാന്‍ കഴിയാത്ത താനെത്ര ക്രൂര! കുടുംബത്തിനു മനോഹര സ്വപ്‌നം കാണാന്‍ വേണ്ടി തന്റെ ചിന്തകളും സ്വപ്‌നങ്ങളും പങ്കുവെക്കാന്‍ ചുറ്റും ഒരായിരം പേരുള്ള നിമിഷവും സ്വപ്‌നം കണ്ട് അവളുറക്കത്തിലേക്ക് വീണു.
തിരക്കു പിടിച്ച ഒരു പ്രഭാതം തന്നെയാണ് പിറ്റേന്നും അവളെ വരവേറ്റത്. ഒരു വിധം പണിയൊപ്പിച്ച് മോനെ വിട്ടു തിരിച്ചു വന്നപ്പോള്‍ അദ്ദേഹം ഓഫീസിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്. വസ്ത്രവും ഭക്ഷണവും എടുത്തു നല്‍ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ അവള്‍ ആലോചിച്ചത് മറ്റൊന്നായിരുന്നു. ഇവരണ്ടും അടിസ്ഥാന ആവശ്യങ്ങളല്ലായിരുന്നെങ്കില്‍ തിരക്കു പിടിച്ച ഭര്‍ത്താകന്മാര്‍ തങ്ങളുടെ ഭാര്യമാരോട് സംസാരിക്കാന്‍ ഏതു വിഷയമാവും കണ്ടെത്തുക? എന്തോ? അതേക്കുറിച്ച് ഓര്‍ക്കാന്‍ സമയം ഇനിയും ബാക്കി കിടപ്പുണ്ടല്ലോ എന്ന ധൈര്യത്തില്‍ അവള്‍ ഭര്‍ത്താവിനെ ഭംഗിയായി യാത്രയാക്കി.
മോന്‍ വന്ന ശേഷമാണ് അവള്‍ വീട്ടിലേക്ക് വിളിച്ചത്. രണ്ടു ദിവസം അവന്റെ ശബ്ദം കേട്ടിട്ടില്ലെങ്കില്‍ അമ്മയുടെ പരാതി വരും. അമ്മയോടുള്ള സംസാരം അവളെ ആ പഴയ പെണ്‍കുട്ടിയാക്കി മാറ്റി. അവരാകട്ടെ അവളെ കണ്ടത് താന്‍ സ്‌കൂളിലേക്ക് കൈപിടിച്ച് കൊണ്ടാക്കിയിരുന്ന ആ അഞ്ചു വയസ്സുകാരിയായും. മലേഷ്യന്‍ പെണ്‍കുട്ടിയുടെ കഥ അഭിമാനത്തോടെ പറഞ്ഞു വെച്ച അവള്‍ക്കുമുമ്പില്‍ അമ്മയുടെ ശകാര മഴ പെയ്തുതുടങ്ങി. പെണ്ണിനെ പെണ്ണുതന്നെ ചതിക്കുന്ന ഇക്കാലത്ത് എന്തു ദൈര്യത്തിലാണ് ആരും സഹായിക്കാനായി അടുത്തില്ലാതിരിക്കെ ഒരു പരിചയവുമില്ലാത്ത, റൂമേതാണെന്നു പോലുമറിയാത്ത അന്യദേശത്തുകാരിക്കുമുമ്പില്‍ വാതില്‍ തുറന്നത്?'' പിന്നീടത് കരച്ചിലായി 'എനിക്കു പേടിയാണ് മോളെ, നീ സ്വയം കൊലക്കു കൊടുക്കല്ലേ.'' ഒടുവില്‍ സൂക്ഷിക്കണമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അമ്മ ഫോണ്‍ വെച്ചു.
പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത ദിവസങ്ങള്‍ കടന്നുപോയി. ആ പക്ഷിയും അവളും തമ്മില്‍ പേരറിയാതെ ഏതോ ഒരു ബന്ധം സ്ഥാപിതമായിട്ടുണ്ട്. അങ്ങനെയിരിക്കെ മോന്ന് സ്‌കൂളില്ലാത്ത ഒരു ദിവസം വീണ്ടും കോളിംഗ് ബെല്‍ ശബ്ദിച്ചു. മകന്‍ ഡോര്‍ വ്യൂവിലൂടെ നോക്കി വന്ന ആള്‍ അപരിചിതയെന്നുറപ്പുവരുത്തി. 'ബാസീ' എന്ന വിളി കേട്ടപ്പോള്‍ വാതില്‍ തുറക്കാതെ അവളുടെ കാലുകളെ ചുറ്റിപ്പിടിച്ചു. മകന്‍ ശക്തിയായി മകന്‍ ശക്തിയായി തടഞ്ഞു. അമ്മ, ഇന്നലെ ന്യൂസ് കണ്ടില്ലേ? അവര് നമ്മളെ കൊന്നാലോ?'' ക്രൈം ന്യൂസ് നിരന്തരമായി കാണുന്ന അവന് മനുഷ്യനും മനുഷ്യനും തമ്മിലുള്ള നിര്‍മ്മല ബന്ധം അപൂര്‍വ്വാനുഭവമാണ്. എന്തിനേയും സംശയദൃഷ്ടിയോടെ കാണാന്‍ ഈ നഗരം അവനെ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ആ പെണ്‍കുട്ടിയുടെ തുടരെയുള്ള വിളികളുടെ എണ്ണം കൂടിയെങ്കിലും മകന്റെ എതിര്‍വാക്കുകളെ തോല്‍പ്പിക്കാനവള്‍ക്കായില്ല. ആ പെണ്‍കുട്ടികളുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയിക്കേണ്ടതുണ്ടോ? എനിക്കറിയില്ല. എന്തുകൊണ്ടാവും ഇത്രയും റൂമുകളുണ്ടായിട്ടും അവള്‍ തന്റെ റൂമുതന്നെ തെരഞ്ഞെടുത്തത്? അവള്‍ നിഷ്‌കളങ്കയാണെങ്കിലോ ഇനിയതല്ല അമ്മയും മറ്റും പറയുന്നതുപോലെയാണ് കാര്യമെങ്കില്‍ താനെന്തുചെയ്യും? ഈശ്വരാ ആരെങ്കിലും തുണയായുണ്ടായിരുന്നെങ്കില്‍, ഇവളെ മുന്‍വിധിയോടെ സമീപിക്കേണ്ടതില്ലായിരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും മകന്റെ ഭയത്തെ മാറ്റാന്‍ അവര്‍ക്കായില്ല. ഒടുവില്‍ തന്നിലുള്ള ഗ്രാമത്തിന്റെ നന്മകളെ കാല്‍ചുവട്ടിലൂടെ ഒഴികിയിറങ്ങുന്നവളറിഞ്ഞു. അമ്മയുടേയും, ഭര്‍ത്താവിന്റെയും മകന്റെയും മുഖം കതകുതുറക്കുന്നതില്‍ നിന്നും അവളെ തടഞ്ഞു. ഇനി മുട്ടിവിളിച്ചിട്ടു കാര്യമില്ലെന്ന് തോന്നിയാകണം പെണ്‍കുട്ടികളുടെ വിളിയുടെ ശക്തി കുറഞ്ഞു അകന്നകന്നു പോകുന്ന ആ കുട്ടിയുടെ കാലൊച്ചകള്‍ ഓരോന്നും ജനിയുടെ ഹൃദയത്തില്‍ കൂരമ്പുകളെന്നോണം ആഴത്തില്‍ പതിഞ്ഞു. അത് പക്ഷേ അവളുടെ കുറ്റമായിരുന്നില്ല. ഗ്രാമം അവള്‍ക്ക് സമ്മാനിച്ച ഇനിയും നഷ്ടപ്പെടാത്ത ഏതോ ലോല വികാരം മൂലമായിരുന്നു. അത്തരം ലോല വികാരങ്ങളില്‍ നിന്നും രക്ഷ നേടാനായി അവള്‍ തന്റെ ഉറ്റ തോഴിയെത്തേടി മട്ടുപ്പാവിലേക്കോടി, എന്നാല്‍ അവളെ സ്വീകരിക്കനായി അന്നാപക്ഷി അവിടെയുണ്ടായിരുന്നില്ല. താന്‍ കാത്തിരുന്ന ആള്‍ തിരിച്ചെത്തിയിട്ടോ എന്തോ പിന്നെയാ പറവ ആങ്ങോട്ടു വന്നതേയില്ല.