സാധുക്കളുടെ ഓറഞ്ച് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തക്കാളി ഒന്നാന്തരം കായ്ക്കറി ഫലമാണ്. ആദ്യ കാലങ്ങളില്‍
സാധുക്കളുടെ ഓറഞ്ച് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തക്കാളി ഒന്നാന്തരം കായ്ക്കറി ഫലമാണ്. ആദ്യ കാലങ്ങളില്‍ ഒരലങ്കാര സസ്യമായി മാത്രമാണ് തക്കാളിയെ കരുതുന്നത്. കാരണം തക്കാളി ഔഷധ സസ്യമാണ്. ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ജനങ്ങളുടെ ഇടയിലുള്ള വിശ്വാസം ഇത് ഭക്ഷ്യയോഗ്യമല്ല എന്നാണ്.
തക്കാളി അന്നജം, പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, വിറ്റമിന്‍ സി, ധാതുക്കള്‍, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം തക്കാളിയില്‍ 94 ശതമാനവും ജലാംശമാണ്. കൂടാതെ ഫോളിക്, ഒക്‌സാലിക്ക്, സിട്രിക് എന്നീ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
ദിവസവും അത്താഴത്തിനു ശേഷം ഒന്നോ രണ്ടോ തക്കാളി കഴിച്ചു നോക്കൂ മലബന്ധം പമ്പകടക്കും. വിളര്‍ച്ച ഇല്ലാതാക്കാനും ചര്‍മകാന്തിക്കും തക്കാളി സ്ഥിരമായി കഴിക്കുന്നത് ഉത്തമമാണ്. തക്കാളി ചൂടാക്കിയാല്‍ വിറ്റമിന്‍ സി നഷ്ടപ്പെടും
കൃഷിരീതി
കേരളത്തില്‍ പൊതുവെ കൃഷി ചെയ്യാത്ത ഒരു വിളയാണ് തക്കാളി. അല്‍പം ശ്രദ്ധവെച്ചാല്‍ പറമ്പിലും മുറ്റത്തും തക്കാളിത്തോട്ടം ഒരുക്കാം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. നല്ല നീര്‍വാര്‍ച്ചയും വളക്കൂറ് ഉള്ളതും മണലും കളിമണ്ണും കലര്‍ന്ന പശിമ രാശി മണ്ണുമാണ് തക്കാളി കൃഷി ചെയ്യാന്‍ അനുയോജ്യം. പുളി രസമുള്ള മണ്ണില്‍ ബാക്ടീരിയ മൂലം ഉണ്ടാകുന്ന വാട്ടം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. വര്‍ഷത്തില്‍ രണ്ട് തവണ ജൂണ്‍ മാസത്തിലും നവംബര്‍ മാസത്തിലും ഇത് കൃഷി ചെയ്യാം. ശക്തി, മുക്തി, അനഘ എന്നീ ഇനങ്ങളില്‍ പെട്ട തക്കാളിയാണ് കൃഷി ചെയ്യാന്‍ നല്ലത്.
വിത്ത് പാകി മുളപ്പിച്ചു നട്ടാണ് കൃഷി നടത്തേണ്ടത്. തൈകള്‍ കുറച്ച് മതിയെങ്കില്‍ ചട്ടിയില്‍ മുള്പ്പിക്കാം. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ചാരവും മഞ്ഞളും കൂട്ടിക്കലര്‍ത്തി വിത്ത് പാകാം. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്ഥലത്ത് വിത്ത് പാകാം. തക്കാളി തൈകളുടെ തണ്ടിന് ബലം ഉണ്ടായതിന് ശേഷം 30 ദിവസം പ്രായമായ തൈകള്‍ പറിച്ചു നടാം.
വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്ത് ചാലുകള്‍ എടുത്ത് തൈകള്‍ നടാം. തൈകള്‍ തമ്മില്‍ 60 സെ.മി അകലം വേണം. തൈകള്‍ നട്ട് ഒരുമാസം കഴിഞ്ഞ് ചാണകപ്പൊടി, കപ്പലണ്ടി പിണ്ണാക്ക് എന്നിവ വളമായി നല്‍കാം, തക്കാളിത്തണ്ടിന് കരുത്ത് കുറവായതിനാല്‍ താങ്ങ് കൊടുക്കണം. ചെറു ശിഖരങ്ങള്‍ മുറിച്ചു മാറ്റണം. രണ്ട് മാസം കഴിയുമ്പോള്‍ കായ്കള്‍ പാകമാകും.
തക്കാളി ചെടികളെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ ബാക്ടീരിയയില്‍ വാട്ടം, ഇലപ്പുള്ളി രോഗം, തണ്ട് കായ തുരപ്പന്‍ പുഴുകള്‍, എന്നിവയാണ്. വിത്ത് പാകുമ്പോഴും തൈകള്‍ പറിച്ചു നടുമ്പോഴും കുമ്മായം വിതറണം. ഇലപ്പുള്ളി രോഗത്തിന് സോഡാപ്പൊടി, മഞ്ഞള്‍ മിശ്രിതം എന്നിവ ചാണകപ്പാല്‍ ലായനിയില്‍ ചേര്‍ത്ത് തളിക്കുക. കായ്്ത്തണ്ടു തുരപ്പന്‍ പുഴുക്കള്‍ക്ക് വേപ്പിന്‍ കുരു സത്ത്, ഗോമൂത്രം, കാന്താരി മുളക് ലായനിയും തളിക്കാം.
അടുക്കളത്തോട്ടത്തില്‍ മല്ലിയില കൃഷി
കറിയുടെ രുചിയും മണവും വര്‍ധിപ്പിക്കുന്നതില്‍ മല്ലിയിലയുടെ പങ്ക് ചെറുതല്ല. ഇന്ന് കടയില്‍നിന്ന് വാങ്ങുന്ന മല്ലിയിലയില്‍ മാരകമായ തോതില്‍ കീടനാശിനിയുടെ അംശം ഉള്ളതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യാന്‍ ഗുണമേന്മയും പോഷകഗുണവും ഉള്ള മല്ലിയില ലഭിക്കും. ആവശ്യത്തിനു പറിച്ചെടുക്കാം എന്ന ഗുണം വേറെ. ആരോഗ്യത്തിനും ദഹനത്തിനും മല്ലിയില ഗുണം ചെയ്യും. മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിളക്കവും ഛര്‍ദ്ദിയും മാറ്റും. മല്ലിയില കക്കിരി ജ്യൂസില്‍ അത്താഴത്തിനു ശേഷം കഴിച്ചാല്‍ നല്ല ദഹനം ലഭിക്കും. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടാനും അതുവഴി പ്രമേഹം കുറക്കാനും മല്ലിയില സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും ഇത് നല്ലതാണ്.
കൃഷിരീതി
കടയില്‍ നിന്ന് വാങ്ങുന്ന മല്ലിയാണ് വിത്തായി ഉപയോഗിക്കുന്നത്. ഒരു മല്ലിയില്‍ രണ്ട് വിത്തുകളാണ് ഉണ്ടാവുക. പുറം തോട് കട്ടിയുള്ളതിനാല്‍ തോട് പൊട്ടുന്ന രീതിയില്‍ മല്ലി അമര്‍ത്തണം. ഒന്ന് മുതല്‍ രണ്ട് ദിവസം വരെ വെള്ളത്തിലിട്ടും തോട് പൊട്ടിയെന്ന് ഉറപ്പാക്കിയാല്‍ വിത്ത് പാകാം.
പ്ലാസ്റ്റിക്ക് ചാക്കിലോ, ചട്ടിയിലോ, നിലത്തോ വിത്ത് പാകി കൃഷി ചെയ്യാം. കാലിവളവും കമ്പോസ്റ്റും ചേര്‍ത്ത് നിലത്ത് മണ്ണൊരുക്കാം. ചട്ടിയിലോ ചാക്കിലോ കൃഷി ചെയ്യുകയാണെങ്കില്‍ മണ്ണ് മണല്‍, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കണം. കല്ലും വേരും നീക്കിയ മേല്‍മണ്ണാണ് ഉപയോഗിക്കേണ്ടത്. ഇടക്കിടെ ചെറുതായി നനക്കണം. വെള്ളം കെട്ടി നിന്നാല്‍ മല്ലി ചെടികള്‍ നശിക്കാനിടയാകും. നല്ല സൂര്യപ്രകാശവും തണലും ഉള്ളിടത്ത് വേണം തൈകള്‍ നടാന്‍. വെയില്‍ നേരിട്ട് പൊടികളില്‍ പതിക്കുന്നത് ദോഷമാണ്. ഒരടി ഉയരമെത്തിയാല്‍ പറിച്ചെടുത്ത് ഉപയോഗിക്കാം.
പയര്‍
എല്ലാ കാലത്തും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ വള്ളിപ്പയര്‍ കുറ്റിപ്പയര്‍.വള്ളിപ്പയര്‍, കുറ്റിപ്പയര്‍ തടപ്പയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്.
വര്‍ഷകാല പയര്‍ കൃഷി ജൂണ്‍മാസത്തിലും വേനല്‍കാല കൃഷി നവംബര്‍ മാസത്തിലും തുടങ്ങാം. നിലം നല്ലവണ്ണം കിളച്ചൊരുക്കി ചാലുകള്‍ എടുത്ത് അതില്‍ ഉണങ്ങിയ ചപ്പുചവറുകള്‍ നിരത്തി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് മണ്ണിനു ശേഷം വിത്തുകള്‍ പാകാം. വര്‍ഷകാലത്ത് നടുമ്പോള്‍ മണ്ണ് കയറ്റി എടുക്കാം. തൈകള്‍ തമ്മില്‍ 20 സെ.മി അകലം വേണം. രണ്ട് വരികള്‍ തമ്മില്‍ ചേര്‍ത്ത് പന്തലിട്ട് പടരാന്‍ അനുവദിച്ചാല്‍ കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുമെന്നതിനാല്‍ ധാരാളം കായ്കള്‍ ലഭിക്കും. വളര്‍ന്ന് പടരാന്‍ തുടങ്ങിയാല്‍ കൂമ്പ് നുള്ളിക്കൊടുക്കാന്‍ കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാവും.
ഇലപ്പേന്‍, ചാഴി എന്നിവയാണ് പ്രധാന കീടങ്ങള്‍ ഇലപ്പേനെ നിയന്ത്രിക്കാന്‍ പുകയില കഷായവും, ചാഴി ശല്ല്യത്തിനെതിരെ ഗോമൂത്രം, വെളുത്തുള്ളി, സാമ്പാര്‍ കായം എന്നിവ ചേര്‍ത്ത മിശ്രിതം ഫലപ്രദമാണ്.