vaginal cancer <br>സ്ത്രീകള്‍ ജാഗ്രതൈ

ഡോക്ടർ (മേജർ) നളിനി ജനാർദ്ദനൻ
2015 ജനുവരി
ആധുനിക ജീവിതത്തില്‍ അര്‍ബുദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകളെ ബാധിക്കുന്ന ജനനേന്ദ്രിയാര്‍ബുദങ്ങളില്‍ പലതും

      ആധുനിക ജീവിതത്തില്‍ അര്‍ബുദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകളെ ബാധിക്കുന്ന ജനനേന്ദ്രിയാര്‍ബുദങ്ങളില്‍ പലതും പരിശോധനകള്‍ കൊണ്ട് നേരത്തെ കണ്ടുപിടിക്കാനും ചികിത്സ നടത്താനും കഴിയും. ജനനേന്ദ്രിയാര്‍ബുദങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് ഗര്‍ഭാശയാര്‍ബുദങ്ങളാണ്. എങ്കിലും അപൂര്‍വമായി യോനിയേയും യോനീകവാടങ്ങളെയും അര്‍ബ്ബുദം ബാധിക്കാറുണ്ട്. ഇവരണ്ടും കൂടി ഏകദേശം 6-7 ശതമാനം വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 50 വയസ്സു കഴിഞ്ഞ സ്ത്രീകളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്.

യോനീകവാട ദളാര്‍ബുദം (vulvar cancer)
യോനിയുടെ ബാഹ്യഭാഗമായ യോനീ കവാടങ്ങളെ ബാധിക്കുന്ന അര്‍ബ്ബുദമാണിത്. ജനനേന്ദ്രിയത്തെ ബാധിക്കുന്ന അര്‍ബ്ബുദങ്ങളില്‍ ഏകദേശം മൂന്ന് മുതല്‍ അഞ്ചു ശതമാനം വരെ ഇത്തരം അര്‍ബുദമാണ്.

കാരണങ്ങള്‍
സ്ത്രീകളില്‍ ലൈംഗിക ബന്ധം വഴി പകരുന്ന HPV വൈറസ് അണുബാധ ഇതിനു കാരണമായേക്കാം. ഗര്‍ഭാശയഗളാര്‍ബുദത്തിന്റെ പ്രധാന കാരണം ഈ വൈറസാണ്. പ്രായമേറിയ സ്ത്രീകളില്‍ HPV വൈറസ്സുമായി ബന്ധമില്ലാത്ത തരം അര്‍ബുദം കാണപ്പെടുന്നു.

ലക്ഷണങ്ങള്‍
-യോനീ കവാടങ്ങളില്‍ ചൊറിച്ചില്‍, നീറ്റല്‍, രക്തം വരിക തുടങ്ങിയ ലക്ഷണങ്ങള്‍.
-ചര്‍മ്മത്തിനു നിറവ്യത്യാസം. (ചുവപ്പുനിറമോ വെളുപ്പു നിറമോ)
-ചര്‍മ്മത്തില്‍ തിണര്‍പ്പോ അരിമ്പാറയോ പോലെ കാണുക
(ഇവ മാറാതെ കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കാം)
-മൂത്രമൊഴിക്കുമ്പോള്‍ വേദന
-ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന
-ചൊറിച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ തുടക്കത്തില്‍ ഉണ്ടാവുമ്പോള്‍ പലപ്പോഴും അര്‍ബുദം കണ്ടുപിടിക്കാന്‍ വൈകിയേക്കാം.

രോഗനിര്‍ണ്ണയം
കോള്‍പ്പോസ്‌ക്കോപ്പി എന്ന ഉപകരണം വഴി യോനിയുടെ ഭാഹ്യഭാഗവും ഉള്‍ഭാഗവും പരിശോധിക്കുന്നു. രോഗം ബാധിച്ച ഭാഗത്തുനിന്ന് ഒരു ചെറിയ ഭാഗം മുറിച്ചെടുക്കുകയും (Biopsy) അര്‍ബുദകോശങ്ങള്‍ കണ്ടുപിടിക്കാനുള്ള പരിശോധനക്ക് അയക്കുകയും ചെയ്യുന്നു.

ചികിത്സ
രോഗിയുടെ പ്രായം, ശാരീകാവസ്ഥ, മറ്റു രോഗങ്ങള്‍, അര്‍ബ്ബുദത്തിന്റെ തരം, അര്‍ബ്ബുദത്തിന്റെ ഘട്ടം (അതായത് തുടക്കം മാത്രമാണോ അതോ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നുള്ളത്) ഇവയെല്ലാമനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.
ആദ്യഘട്ടത്തില്‍ ശസ്ത്രക്രിയയാണ് ചികിത്സ. അര്‍ബ്ബുദം ബാധിച്ച യോനീ കവാടതളങ്ങള്‍ മുറുച്ചു നീക്കുകയാണു ചെയ്യുന്നത്. അര്‍ബ്ബുദം കൂടുതല്‍ പടര്‍ന്നു പിടിച്ചിട്ടുണ്ടെങ്കില്‍ റേഡിയേഷന്‍ ചികിത്സയോ മരുന്നുകള്‍ നല്‍കുക, കീമോതറാപ്പിയോ രണ്ടുമൊന്നിച്ചോ നല്‍കേണ്ടി വരും.

യോന്ിയിലെ അര്‍ബ്ബുദം (Vaginal cancer)
ഇത്തരം അര്‍ബ്ബുദം വളരെ അപൂര്‍വ്വമാണ്. യോനിയിലെ അര്‍ബ്ബുദം അധികവും മറ്റ് ജനനേന്ദ്രിയാര്‍ബ്ബുദങ്ങളില്‍ നിന്ന് പടര്‍ന്നു പിടിച്ചതായിരിക്കാം.

കാരണങ്ങള്‍
ലൈംഗിക ബന്ധം വഴി പകരുന്ന HPV വൈറസ്സ് ഇതിനു കാരണമായേക്കാം.
2, ഗര്‍ഭാശയഗളാര്‍ബ്ബുദം, യോനീകവാടദളാര്‍ബ്ബുദം എന്നിവ യോനിയുടെ ഭിത്തിയിലേക്കും വ്യാപിച്ചേക്കാം.
3. അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഉണ്ടായിരുന്ന സമയത്ത് അമ്മ DES (Diethity stilbostrol) എന്നു പേരുള്ള ഹോര്‍മോണടങ്ങിയ മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആ അമ്മക്കു ജനിക്കുന്ന പെണ്‍കുട്ടിക്ക് വലുതാകുമ്പോള്‍ യോനിയില്‍ അര്‍ബ്ബുദം ഉണ്ടായേക്കാം.

ലക്ഷണങ്ങള്‍
യോനിയെ ബാധിക്കുന്ന ചിലതരം അര്‍ബ്ബുദങ്ങള്‍ക്ക് ആദ്യഘട്ടങ്ങളില്‍ ചിലപ്പോള്‍ ലക്ഷണങ്ങളൊന്നും കണ്ടെന്ന് വരില്ല. മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചാല്‍ മാത്രമായിരിക്കും ലക്ഷണങ്ങള്‍ കാണുക. ചില ലക്ഷണങ്ങള്‍ ഇവയാണ്
ആര്‍ത്തവ സമയത്തല്ലാതെ കാണുന്ന വേദനയില്ലാത്ത രക്തസ്രാവം
ആര്‍ത്തവ വിരാമത്തിനു ശേഷം രക്തസ്രാവം
ലൈംഗികബന്ധത്തിനു ശേഷം രക്തസ്രാവം
യോനിയില്‍ തടിപ്പോ മുഴയോ
ദുര്‍ഗന്ധം കലര്‍ന്ന വെള്ളപ്പോക്ക്
മൂത്രമൊഴിക്കുമ്പോഴോ മലവിസര്‍ജ്ജനം നടത്തുമ്പോഴോ വേദന
മലബന്ധം
ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന
എപ്പോഴും അടിവയറ്റില്‍ വേദന
മൂത്രത്തിലോ മലത്തിലോ രക്തം കാണുക.

ആര്‍ക്കെല്ലാമാണ് യോനിയില്‍ അര്‍ബ്ബുദം വരാന്‍ സാധ്യത
1. 50 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍
2. വളരെ നേരത്തെ ലൈംഗികബന്ധം തുടങ്ങുന്നവര്‍
3. ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളവര്‍
4. കൂടുതല്‍ പ്രാവശ്യം ഗര്‍ഭം ധരിച്ച സ്ത്രീകള്‍
5. പുകവലിക്കുന്ന സ്ത്രീകള്‍
6. രോഗപ്രതിരോധ ശക്തി കുറഞ്ഞവരും രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന രോഗമുള്ളവരും (ഉദാ : AIDS)
7. നേരത്തെ യോനിയിലോ യോനീ കവാടത്തിലോ ഗര്‍ഭാശയങ്ങളിലോ ഉള്ള കോശങ്ങളില്‍ സംശയകരമായ മാറ്റം കണ്ടെത്തുകയാല്‍ അതിന് ചികിത്സിക്കപ്പെട്ടവര്‍.
8. നേരത്തെ യോനിയിലോ യോനീ കവാടങ്ങളിലോ ഗര്‍ഭാശയഗളങ്ങളിലോ ഗര്‍ഭാശയത്തിലോ അര്‍ബ്ബുദം ഉണ്ടായിരുന്നവര്‍
9. HPV വൈറസ്സ് അണുബാധയുള്ളവര്‍
10. നേരത്തെ എന്തെങ്കിലും രോഗങ്ങള്‍ക്കുവേണ്ടി ഗര്‍ഭപാത്രം നീക്കം ചെയ്യപ്പെട്ട സ്ത്രീകള്‍
11. DES എന്ന ഹോര്‍മോണ്‍ ചികിത്സ നല്‍കപ്പെട്ട അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് പിന്നീട് യോനിയില്‍ അര്‍ബ്ബുദം വന്നേക്കാം. DES എന്ന ഹോര്‍മോണ്‍ പണ്ടുകാലത്ത് ഗര്‍ഭഛിത്രം തടയാനായി നല്‍കാറുണ്ടായിരുന്നു.
12. Vaginal Adenosis
ഉള്ളവര്‍ ഗര്‍ഭാശയത്തിനുള്ളില്‍ മാത്രം കാണപ്പെടുന്ന കോശങ്ങള്‍യോനിയുടെ ഭിത്തികളിലും കാണപ്പെടുന്നതിനെയാണ് വജൈനല്‍ അഡിനോസിസ് എന്നു പറയുന്നത്. DES എന്ന ഹോര്‍മോണ്‍ ചികിത്സ നല്‍കപ്പെട്ട അമ്മമാരുടെ പെണ്‍മക്കള്‍ക്ക് ഇതുണ്ടാവാം. ഈ പെണ്‍കുട്ടികള്‍ക്ക് 14 മുതല്‍ 33 വയസ്സിനുള്ളില്‍ യോനിയിലെ അര്‍ബ്ബുദം വരാന്‍ സാധ്യതയുണ്ട്.

ചികിത്സ
രോഗബാധിതമായ ഭാഗങ്ങള്‍ ശസ്ത്രക്രിയ വഴി മുറിച്ചു മാറ്റുന്നു. ചിലപ്പോള്‍ ഗര്‍ഭപാത്രം മുഴുവന്‍ നീക്കം ചെയ്യേണ്ടി വരും. യോനിയിലെ അര്‍ബ്ബുദം മൂത്രാശയം, മലദ്വാരം തുടങ്ങിയ അടുത്തുള്ള ശരീരഭാഗങ്ങളിലേക്കും വ്യാപിക്കാറുണ്ട്. അതനുസരിച്ച് രോഗം പടര്‍ന്നു പിടിച്ച ഭാഗങ്ങള്‍ ശസ്ത്രക്രിയ വഴി മുറിച്ചുമാറ്റേണ്ടവരും. രോഗം വളരെയധികം വ്യാപിച്ചിട്ടുണ്ടെങ്കില്‍ റേഡിയേഷന്‍ ചികിത്സയോ കിമേതറാപ്പിയോ രണ്ടുമൊന്നിച്ചോ നല്‍കുന്നു.
തടയുന്നതെങ്ങനെ?
യോനിയിലെ അര്‍ബ്ബുദം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒന്നിലധികം പങ്കാളികളുമായി ലൈംഗികബന്ധം പുലര്‍ത്താതിരിക്കുക.
പുകവലിക്കാതിരിക്കുക.
HPV വൈറസ്സ് അണുബാധ തടയാനുള്ള കുത്തിവെപ്പ് (HPV Vaecine) എടുക്കുക.
യോനിയില്‍ നിന്ന് അസാധാരണമായ തരത്തില്‍ രക്തസ്രാവമോ മറ്റു ലക്ഷണങ്ങളോ കാണുന്നുണ്ടെങ്കില്‍ അഥവാ ലക്ഷണങ്ങള്‍ മാറാതെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ കഴിയുന്നതും വേഗം ഡോക്ടറേ കാണിച്ച് ചികിത്സ തുടങ്ങേണ്ടതാണ്. ഒരു പക്ഷേ ഈ ലക്ഷണങ്ങള്‍ മറ്റു രോഗങ്ങള്‍ കൊണ്ടാവാം. എങ്കിലും അര്‍ബ്ബുദമാണോ അല്ലയോ എന്നുള്ളത് പരിശോധിച്ചു മനസ്സിലാക്കണം. സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തെ അവഗണിക്കുന്നതു ശരിയല്ല. അതുപോലെ തന്റെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരോടു തുറന്നു പറയാനും പരിശോധനക്ക് വിധേയയാവാനും ഉള്ള ലജ്ജയോ മടിയോ കൊണ്ട് സ്ത്രീകള്‍ ചികിത്സ വൈകിക്കുകയാണെങ്കില്‍ അര്‍ബ്ബുദ രോഗം കൂടുതല്‍ അപകടാവസ്ഥയിലാവാനും സാധ്യതയുണ്ട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media