ഹാഷിം കുടുംബത്തിലെ അബ്ദുല്ലക്ക് ആമിനയില്‍ ഒരു മകന്‍ പിറന്നു. തന്റെ പൗത്രനു മുഹമ്മദെന്ന പേര് വിളിച്ചപ്പോള്‍
ഹാഷിം കുടുംബത്തിലെ അബ്ദുല്ലക്ക് ആമിനയില്‍ ഒരു മകന്‍ പിറന്നു. തന്റെ പൗത്രനു മുഹമ്മദെന്ന പേര് വിളിച്ചപ്പോള്‍ ഗോത്രമുഖ്യരും പൗരപ്രധാനികളും അബ്ദുല്‍മുത്തലിബിനോടു തര്‍ക്കിച്ചുനിന്നുവത്രേ. നമ്മുടെ ഗോത്രത്തില്‍ ഇബ്രാഹിം മുതല്‍ എത്ര മഹത്തുക്കളുണ്ട് എന്തുകൊണ്ട് ഇവരാരുടെയും പേരുകള്‍ വെക്കാതെ താങ്കള്‍ കുഞ്ഞിനു മുഹമ്മദ് എന്നു പേരുവിളിക്കുന്നു. തന്റെ വല്‍സലനായ പേരക്കിടാവിന്റെ ചെന്തൊണ്ടിക്കവിളുകളില്‍ വാല്‍സല്യപൂര്‍വ്വം ഉമ്മ നല്‍കികൊണ്ടയാള്‍ പ്രതിവാചകം പറഞ്ഞു. ഈ കുഞ്ഞ് മഹാനെന്ന് ഒരുനാള്‍ നിങ്ങളറിയും. അന്ന് ഞാനുണ്ടായില്ലെങ്കിലും എനിക്കങ്ങനെ തോന്നുന്നു. അന്നത്തെപ്പോലെ സന്തുഷ്ടനായി അബ്ദുല്‍മുത്തലിബിനെ ഇതിനുമുമ്പ് അവര്‍ കണ്ടിട്ടില്ല. ആണും പെണ്ണുമായി അബ്ദുല്‍മുത്തലിബിന് മക്കള്‍ പത്തില്‍ കവിയും. അതിലേറെ ഇഷ്ടം അവസാന കണ്‍മണി അബ്ദുല്ലയോട്. അകാലത്തില്‍ പൊലിഞ്ഞുപോയ ആ പ്രിയമകന്റെ പുത്രനാണിവന്‍. അതു ചേമ്പിന്‍താളിലെ സൂര്യബിംബം പോലെ ഈ ദീപ്ത ശൈശവം തന്റെ പ്രിയമകന്‍ അബ്ദുല്ലയെ അനാഛാദിതമാക്കുന്നു. മുഹമ്മദിന്റെ നിയോഗത്തെപറ്റി അന്ന് മക്കക്ക് ഒന്നുമറിയില്ല. പക്ഷേ ഗോത്രമുഖ്യന്മാര്‍ക്ക് ഒന്നറിയാം. ഇവന്‍ അഭിജാത വംശമായ ഖുറൈശികളുടെ പ്രിയനേതാവ് അബ്ദുല്‍മുത്തലിബിന്റെ ചെറുമകനാണെന്ന്.
ഉപ്പൂപ്പയുടെ താടിയില്‍ തെരുപ്പിടിപ്പിച്ച് അവന്‍ കളിക്കും. അന്യരെ കണ്ടാല്‍ നാണത്തോടെ അവന്‍ മുഖം വല്ല്യുപ്പയുടെ ചുമലില്‍ ഒളിപ്പിക്കും. നുണക്കുഴി കാട്ടി അവന്‍ ചിരിക്കും. നിഷ്‌കളങ്കമെങ്കിലും ആ മന്ദഹാസത്തില്‍ മറ്റുള്ളവരെ കീഴടക്കുന്ന മാസ്മരിക ശേഷിയുണ്ട്. അവന്‍ അല്‍പ്പദിവസം ഖുറൈശി അടിമയായ ഖുവൈബിയയുടെ മുലകുടിച്ചു. പിന്നീട് വിദൂര ഗ്രാമീണ ഗോത്രമായ ബനൂസഅദിലെ ഹലീമ കൊണ്ടുപോയി. അറേബ്യന്‍ തുറസ്സില്‍ വളരുന്ന ധീരപൗരുഷങ്ങളെ പോറ്റുന്ന അധരം മുകര്‍ന്നാണവന്‍ വളര്‍ന്നത്. ഈ രണ്ടു സ്ത്രീകളുടെ സാന്നിധ്യം മുഹമ്മദിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായിരുന്നു. ഹലീമയുടെ സ്തനസമൃദ്ധികളില്‍ നിന്നവന്‍ ഈമ്പിക്കുടിച്ചു. ദാരിദ്ര്യത്തിലും ഹലീമ മുഹമ്മദിനെ സ്‌നേഹിച്ചു. സ്വന്തം മകനെ പോലെ. അതുകൊണ്ടു തന്നെയാണ് അവനെ തിരിച്ചു കൊണ്ടു പോകാന്‍ ആളു വന്നപ്പോള്‍ ഹലീമ വിതുമ്പിപ്പോയത്.
പെറ്റമ്മയിലേക്കെത്തുമ്പോള്‍ മുഹമ്മദിനു തിരച്ചറിവെത്തിക്കഴിഞ്ഞു. ഇഛാശക്തി പ്രകടിതമായി. അവന്‍ രസകരമായ അഭിപ്രായങ്ങള്‍ പറഞ്ഞുതുടങ്ങി. ഉമ്മയെ മൃദുവായി ഉമ്മ വെക്കും. ഉപ്പൂപ്പയുടെ വാളുറകളും തോല്‍പാത്രങ്ങളുമെടുത്ത് കളിക്കും. ആ കുപ്പായ കോന്തല പിടിച്ചുവലിക്കും. പക്ഷേ ദുഷ്‌കരമായ യമന്‍യാത്രക്കൊടുവില്‍ എണ്‍പത്തിരണ്ടാം വയസ്സില്‍ ആ പിതാമഹന്‍ ചെറുമകനെ ഉപേക്ഷിച്ചു മറുലോകത്തേക്കുള്ള സഞ്ചാരിയായി. പിതാവിന്റെ സ്‌നേഹസ്‌നിഗ്ദമായ സാമീപ്യവും ലാളനയുമേറ്റുവാങ്ങാന്‍ സന്ദര്‍ഭമാകാത്ത ആ വാരിളം ബാല്യത്തിനു ഉപ്പൂപ്പയുടെ അന്ത്യസഞ്ചാരം അസഹനീയമായി.
മുഹമ്മദ് കൂടുതല്‍ അവന്റെ ഉമ്മയോടൊട്ടി. ആ മഹതിയുടെ ജീവിതത്തില്‍ ഏറ്റുവാങ്ങിയ സംഘര്‍ഷങ്ങള്‍ ഏറെ കഠിനമായിരുന്നു. യൗവനത്തിലേക്ക് കാലൂന്നിയപ്പോള്‍ തന്നെ ആര്‍ഭാട മധുരമായ ദാമ്പത്യം. അതില്‍ ആ സ്വാധി ഏറെ സംതൃപ്തയായി. പൊടുന്നനെ തന്നെ അവരില്‍ മാതൃത്വത്തിന്റെ പത്മപ്പരാഗം പൂത്തിറങ്ങി. പക്ഷേ അതിനപ്പുറം വൈധവ്യത്തിന്റെ വിധിനിയോഗം അവരെ കാത്തിരുന്നു. വ്യാപാരദൈര്‍ഘ്യത്തിന്റെ ദുര്‍ഘടപഥത്തിലെങ്ങോ വെച്ചു ആമിനയുടെ സുഖതമന്‍ കല്‍പദ്രുമത്തിന്റെ കൂടും ഉപേക്ഷിച്ചു തിരിച്ചുപോയി. അപ്പോള്‍ ആ ഉദരം അയാളുടെ കുഞ്ഞിനെ ചുമക്കുന്നുണ്ടായിരുന്നു. പില്‍ക്കാലത്ത് ആമിനയുടെ ജീവിതം സ്വാസ്ഥ്യം തേടിയതു സ്വന്തം ഔരസദാനമായ ഈ കുസൃതിക്കുടന്നയില്‍. പക്ഷേ തന്റെ പ്രിയതമന്റെ കുഴിമാടം തേടിയുള്ള ആ യാത്ര അവസാനത്തേതാണെന്നറിയുന്നവര്‍ ആകാശത്തുണ്ടായിരുന്നു. മരുഭൂമിയുടെ തുറവിയില്‍ പ്രിയമകന്റെ നുണക്കുഴിയിലേക്ക് കണ്ണുകള്‍ നട്ട് ആ ജീവിതം ഭൗതികം വെടിഞ്ഞു. മൃതമായിരിക്കുമ്പോഴും ആ കണ്ണുകള്‍ അടഞ്ഞതേയില്ല. കാരണം തന്റെ വാമത്തില്‍ മകന്‍ അപ്പോള്‍ തനിച്ചായിരുന്നു. അന്ന് ആ മരുഭൂമിയുടെ വിജനവിദൂരതയില്‍ ഏതോ ബദവികളാകാം ആ താരുണ്യദേഹത്തെ മണലിട്ടൂ മൂടിയത്. ആമിനയുടെ തോഴിയൊന്നിച്ചു അന്നു മുഹമ്മദ് ഉമ്മുല്‍ഖുറാവിലേക്ക് തിരിച്ചുപോന്നു. ആ കുരുന്നുജീവിതത്തിനു മുന്നില്‍ ഭാവി മരുഭൂമി പോലെ തപിച്ചു നിന്നു. പക്ഷേ ആകാശത്തിന് ഈ കുരുന്നില്‍ മറ്റൊരു നിയോഗമുണ്ടായിരുന്നു.
ശൈശവവും ബാല്യവും പിന്നിട്ടു കൗമാരത്തിലേക്കായാന്‍ വെമ്പുന്ന ആ ജീവിതത്തില്‍ അപ്പോഴേക്കും മൂന്നു മാതൃത്വങ്ങളുടെ വിശുദ്ധി പുതച്ചുനിന്നു. ഒന്നു സ്വന്തം മാതാവ് ആമിന, മുലകൊടുത്തു പോറ്റിയ ഗ്രാമീണയായ ഹലീമ, മറ്റൊന്ന് ഖുറൈശി ഗോത്രത്തിലെ അടിമയായ ഖുവൈബി. ഈ മൂന്നു നാരിമണികളാണ് ആ മഹാജീവിതത്തെ നിര്‍ണ്ണയിക്കുന്നതില്‍ ആദിയില്‍ സ്വാധീനമായവര്‍. ഇവരുടെ ശ്വാസവും നിശ്വാസവും പുണര്‍ന്നാണ് ആ ശൈശവബാല്യങ്ങള്‍ സമ്പൂര്‍ണ്ണമായതും. ബാല്യം കൗമാരത്തിനും കൗമാരം യൗവനത്തിനും സ്വയം വഴിമാറി. അയാള്‍ എല്ലാറ്റിനും പോന്നവനായി. പര്‍വ്വതപാരുഷ്യങ്ങളിലൂടെയുള്ള കാതരയാത്രകള്‍, പൊരിയുന്ന വെയിലത്തും കൊടുങ്കാറ്റു വീശുന്ന രാത്രികളിലും സംഭവിച്ച ദീര്‍ഘസഞ്ചാരം ഇതൊക്കെ അയാളില്‍ ഉരുക്കിന്റെ കരുത്തു പണിതു. ഒത്ത ഉയരം, വട്ടമുഖം, ആരോഗ്യം വഴിയുന്ന കപേലതല്‍പ്പങ്ങള്‍, ഉലര്‍ന്ന നടപ്പ്, അതുപോലെ നില്‍പ്പും, പ്രപഞ്ചത്തിലേക്ക് ധീരമായി ആയുന്ന കണ്ണുകള്‍. അഴകാര്‍ന്ന തലമുടി. ആ നയനങ്ങളില്‍ തീര്‍ച്ചയായും അജ്ഞേയമായ ഒരു നിര്‍ണ്ണയമുണ്ട്. ജീവിതത്തിന്റെ സൂക്ഷ്മത്തിലും സ്ഥൂലത്തിലുമുള്ള നിദാന്തമായ ജാഗ്രത. മുഹമ്മദ് പതിയേ ഉമ്മുല്‍ഖുറായിലെ അല്‍അമീനായി. അപ്പോഴും ചുറ്റുമുള്ള ലോകത്തിലെ വിത്തപ്രതാപാധികാരത്തിന്റെ തോതു നോക്കിയാല്‍ അറബികള്‍ പൊതുവേ ദരിദ്രരായിരുന്നു. മുഹമ്മദ് വിനീതനായ ഒരു ഒട്ടകക്കാരനും.
ഇക്കാലത്താണ് മക്കയിലെ മറ്റൊരു സ്ത്രീ ആ വിശുദ്ധജീവിതത്തിലേക്ക് സഞ്ചരിച്ചെത്തുന്നത്. അതും ഒരു വിധവ. കാര്യപ്രാപ്തിയോടെ തന്റെ വാണിജ്യഭാരം നടത്താനും ഉമ്മുല്‍ഖുറാവിന്റെ പാറമടക്കുകള്‍ക്കപ്പുറത്തേക്ക് സുരക്ഷിതമായ വ്യാപാരയാത്രകള്‍ പോകാനുമുള്ള സാഹസികനായ സത്യസന്ധനെ അന്വേഷിച്ച ഖദീജ സഞ്ചരിച്ചെത്തിയതു മുഹമ്മദിന്റെ ജീവിതത്തിലേക്കു കൂടിയായിരുന്നു. ഗോത്രസംസ്‌കൃതിയുടെ ജീവിത പ്രമാണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ അബ്ദുല്‍മുത്തലിബിന്റെ ചെറുമകന്‍ സ്വന്തം ഗോത്രത്തിലെ ആ വര്‍ത്തകപ്രഭ്വിയുടെ ജീവിതത്തിലേക്ക് വിധിയാല്‍ സഞ്ചരിച്ചു.
ഇതിനുമുമ്പുതന്നെ മുഹമ്മദീയ ജീവിതത്തിലേക്ക് കടന്നെത്തിയ മൂന്ന് സ്ത്രീ സാന്നിധ്യങ്ങളുണ്ട്. ഇവരൊക്കെയും ആ ബാല്യകൗമാരങ്ങളെ എങ്ങനെ കുലീനബോധത്തിലേക്ക് സ്വാധീനിച്ചുവോ അതിനപ്പുറത്തേക്കാണ് ഖദീജയില്‍ നിന്ന് ഇയാള്‍ ഇനി ഏറ്റുവാങ്ങാന്‍ പോകുന്നത്.
ഖദീജ മുഹമ്മദീയ ജീവിതത്തെ പുണരുന്നതു അയാളില്‍ യൗവനം ഉഞ്ഞാലാടുന്ന ശുഭകാലത്തും. ദീര്‍ഘമായ ആ ദാമ്പത്യം ഊര്‍ജസ്വലവും ഉല്ലാസകരവുമായി. ഇപ്പോള്‍ അതിന്റ പതിനഞ്ചാണ്ടുകള്‍ പറന്നുപോയി. ഖദീജക്കിപ്പോള്‍ പ്രായം അന്‍പത്തിയഞ്ച്. മുഹമ്മദ് പ്രസരിപ്പാര്‍ന്ന യുവാവ്. ഖദീജ മുഹമ്മദിന്റെ ആറു മക്കളെ പെറ്റുപോറ്റി. ഖദീജയുടെ സമ്പത്ത് മുഹമ്മദിനെ പ്രമത്തനാക്കിയില്ല. തന്റെ സഹജ ഭാവമായ കുലീനബോധത്തിനു ഭാര്യയുടെ സമ്പത്ത് ഒരു മാറ്റവും വരുത്തിയില്ല. താനെപ്പോഴും ദാരിദ്ര്യത്തെ പുണരേണ്ടവനാണെന്ന ബോധം ആ മിഴിക്കോണുകളില്‍ എന്നും അയാള്‍ കണ്ടുനിന്നു. ഖദീജയും മുഹമ്മദും അതുകൊണ്ടുതന്നെ വ്യാമോഹങ്ങളേതുമില്ലാത്ത ദൃഢവും മസൃണവുമായ ഒരു ദാമ്പത്യജീവിതം ഉമ്മുഖുറാവില്‍ പ്രത്യക്ഷമാക്കി.
കുടുംബജീവിതത്തിന്റെ ആ സൗഖ്യത്തിലും സാമ്പത്തികസമൃദ്ധിയുടെ പൂര്‍ണ്ണതയിലും പക്ഷേ ആ ജീവിതം മറ്റെന്തോ അന്വേഷിക്കുന്നതു പോലെ. പലപ്പോഴുമയാള്‍ അഗാധമായ ധ്യാനത്തിലാവും. ഏകാകിയും. മാമരങ്ങള്‍ തണലുവിരിക്കാത്ത ആ കല്ലുഭൂമിയില്‍ അദ്ദേഹത്തിന്റെ മനസ്സ് അതിനേക്കാള്‍ തപ്തമായി. അപ്പോള്‍ അയാള്‍ സൗഖ്യം തേടി ആ കല്ലുമലകളുടെ ഏകാന്ത വിജനതയിലേക്ക് സഞ്ചരിച്ചെത്തി. ഒരു നാള്‍ തന്റെ ഏകാന്തധ്യാനമടയില്‍ നിന്നു മുഹമ്മദ് തിടുക്കപ്പെട്ടു കുന്നിറങ്ങി. അയാള്‍ക്കൊരു അപൂര്‍വ്വമായ വെളിപാടനുഭവം വന്നുകഴിഞ്ഞു. ആകാശത്തില്‍ നിന്നും പറന്നിറങ്ങിയ ജിബ്‌രീല്‍ മാലാഖ തന്നെ പ്രവാചകന്റെ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നു. താന്‍ ഇബ്രാഹിമിന്റെയും മൂസയുടെയും പിന്‍ഗാമിയായി. അല്ലാഹുവിന്റെ അവസാനത്തെ പ്രവാചകനും. വീട്ടില്‍ ഖദീജയും മക്കളും ഉറക്കത്തിലാണ്. മുറിയുടെ മൂലയില്‍ കല്ലുവിളക്കിന്റെ മങ്ങിയ നാളം. അപ്പോഴും അമ്പരപ്പുമാറാതെ മുഹമ്മദ് സ്വന്തം വീട്ടുവാതിലില്‍ മുട്ടിവിളിച്ചു. 'ഖദീജാ' ഖദീജ ഉദ്വേഗപ്പെട്ടു. എന്തുപറ്റി. അവര്‍ അദ്ദേഹത്തിന്റെ കരം ഗ്രസിച്ചുനിന്നു. പിന്നീട് ഖദീജ മറ്റൊരു മുറിയിലേക്ക് ഭര്‍ത്താവിനെ ആനയിച്ചിരുത്തി. അപ്പോഴും തീഷ്ണമായി ജ്വലിക്കുന്ന കണ്ണുകള്‍ക്ക് സാന്ത്വനത്തിന്റെ പനിനീര്‍ പൂശി. സംഭവസമൃദ്ധികളൊക്കെയും മുഹമ്മദ് വിസ്തരിച്ചു. ഖദീജ സാകൂതം കേട്ടിരുന്നു. വിമ്മിട്ടത്തിന്റെ ലേശവും കാട്ടാതെ. എന്നെയും മക്കളെയും തനിച്ച്‌വിട്ട് പാതിരാത്രിയില്‍ സഞ്ചാരം പോയതിനു 'ഹുബ്‌ലി'ന്റെ ശാപമാണെന്നു കുറ്റപ്പെടുത്തിയില്ല. സ്വന്തം മക്കളെ ഒന്ന് കൊഞ്ചിക്കുകയോ വ്യാപാരകണക്കുകളില്‍ ഉല്‍സാഹിക്കുകയോ ചെയ്യാതെ അലഞ്ഞുതിരിഞ്ഞു നടന്നതിനു ലാത്തയും മനാത്തയും കോപിച്ചതാണെന്നു പഴി പറഞ്ഞില്ല. അവര്‍ ഭര്‍ത്താവിനെ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ഈ മനസ്സിലാക്കലാണ് ദാമ്പത്യം. ഇതിനു മാത്രമുള്ള സ്‌നിഗ്ദപാരസ്പര്യങ്ങള്‍ അവര്‍ക്കിടയില്‍ എന്നേ വികസിതമായതാണ്.
ഉപാധികളില്ലാതെ ചൊരിഞ്ഞ ഈ സ്‌നേഹം, പരിഗണന, സാന്ത്വനം. വാക്ക് കൊണ്ട,് നോക്ക് കൊണ്ട്, പിന്നെ പരിചരണം കൊണ്ട്. ഇസ്ലാമിന്റെ ഗാര്‍ഹിക നൈതികതയൊന്നും പാഠംചൊല്ലാത്ത വെറുമൊരു സ്ത്രീ. അവര്‍ തന്റെ ഭര്‍ത്താവിന് നില്‍കിയ സമര്‍പ്പണത്തിന്റെ മഹിത മാതൃകയാണിത്. അന്നത്തരമൊരു പിന്തുണയും സഹനപരിചരണവുമില്ലാതിരുന്നുവെങ്കില്‍ പ്രവാചകന്‍ തന്റെ ദൗത്യസത്യത്തില്‍ തന്നെ സംഘര്‍ഷപ്പെടുമായിരുന്നു. അന്ന് പകല്‍ മുഹമ്മദ് സ്വഗ്രഹത്തില്‍ വിശ്രമിച്ചു. മക്കളെയൊക്കെ കൊഞ്ചിച്ചും തഞ്ചിച്ചും നിന്ന ഖദീജയെ അന്നേരം വീട്ടില്‍ കാണാനില്ല. അവര്‍ മുഹമ്മദറിയാതെ മക്കയിലെ വൃദ്ധപണ്ഡിതന്‍ 'വറക്ക'യെ അന്വേഷിച്ചു പോയി. അയാള്‍ വേദപാഠങ്ങള്‍ ചൊല്ലിപഠിച്ച മുനിശ്രേഷ്ഠനാണ്. ആ യാത്രയില്‍ ഉടനീളം അവരുടെ മനസ്സില്‍ സംഘര്‍ഷങ്ങളുടെ ഒട്ടകങ്ങള്‍ ചുരമാന്തിനിന്നു. വറക്കയുടെ നിരീക്ഷണം അവര്‍ നിര്‍നിമേഷനായി കേട്ടുനിന്നു. അതോടെ ആ മനസ്സിന്റെ ആകാശത്ത് സ്വര്‍ഗ്ഗവാതില്‍ പക്ഷികള്‍ വട്ടം പറന്നു. അവരുടെ മനസ്സു വിശ്രാന്തമായി അടങ്ങിപ്പാര്‍ത്തു.
വീട്ടിലേക്ക് കയറിയ ഖദീജയെ മക്കളും അവരുടെ വല്‍സലനായ പിതാവും വട്ടം പിടിച്ചു. അബുല്‍ഖാസിം ,ഹിറയില്‍ അങ്ങേക്കുണ്ടായ പരംപൊരുള്‍ദര്‍ശനം സത്യമാണ്. മക്കയിലെ മഹത്തായൊരു നിയോഗമേറ്റെടുക്കാന്‍ താങ്കള്‍ നിയോഗിതനായിരിക്കുന്നു. അല്ലാഹു മാത്രമാണ് ഏകനായ ഇലാഹ്. അങ്ങ് അവന്റെ പ്രവാചകനും. ലാഇലാഹ ഇല്ലല്ലാഹ്. മുഹമ്മദു റസൂലുല്ലാഹ്.
ഇത് ആകാശത്തുനിന്നു മുഹമ്മദിനു ലഭിച്ച വെളിപാടു പാഠത്തിനു ഭൂമിയില്‍ ലഭിച്ച ആദ്യ പിന്തുണയാണ്. ഈ പിന്തുണ കൂടിയാണ് ആ കുടുംബജീവിതത്തെ പിന്നീട് അഗാധമായി നിര്‍ണ്ണയിച്ചത്. സ്ത്രീയും പുരുഷനും തന്നെ ഒരു സൃഷ്ടിയുടെ അര്‍ദ്ധങ്ങളാണ്. ഓരോന്നും തനതില്‍ സമ്പൂര്‍ണ്ണമല്ല. രണ്ട് അര്‍ദ്ധങ്ങള്‍ യോഗമാകുമ്പോള്‍ സമ്പൂര്‍ണ്ണമായ ഒന്ന് ഉന്നിദ്രമാകുന്നു. ഇവിടെ മുഹമ്മദ് പൂര്‍ണ്ണനാകുന്നത് ഖദീജയും ചേരുമ്പോഴാണ്. പ്രവാചകത്വത്തിനു മുന്നിലും ശേഷവും. അഥവാ ഏതു മുഹമ്മദിനും പൂര്‍ണ്ണനാകാന്‍ ഒരു ഖദീജയെ ആവശ്യമുണ്ട്. ഖദീജമാര്‍ നിസ്സഹകരിക്കുമ്പോള്‍ അവള്‍ മുടന്തിനില്‍ക്കുമ്പോള്‍ മുഹമ്മദിന്റെ സഞ്ചാരപാത അസുഗമമാകും.
പ്രവാചകജീവിതത്തില്‍ ഇത്രത്തോളം പോന്ന ഒരു സ്ത്രീസാന്നിദ്ധ്യം അതിനു ശേഷം നാം കാണുന്നില്ല. പീഠാനുഭവ ജീവിതത്തിന്റെ മുള്‍മുടിക്കെട്ടുകള്‍, നടന്നുതീര്‍ത്ത മുള്ളുപാതകള്‍, കുടിച്ചുവറ്റിച്ച കൈപ്പുപാത്രങ്ങള്‍, കുടിലനീതിയുടെ വേതാളനൃത്തങ്ങള്‍, എപ്പോഴും എന്നും പിന്തുണയുടെയും സഹനത്തിന്റെയും മഹാമേരുപോലെ പ്രവാചകജീവിതത്തിന് അവര്‍ കാവല്‍ നിന്നു. നീണ്ട പത്ത് വസന്തവും പത്ത് ഗ്രീഷ്മവും. ശൈത്യത്തിലും ഉഷ്ണത്തിലും നിരന്നുനീങ്ങുന്ന വര്‍ത്തക ഖാഫിലകളില്‍ നിന്ന് പതിയേ ഖദീജയുടെ ഒട്ടകക്കൂട്ടങ്ങള്‍ അദൃശ്യമായി. കാരണം അവരുടെ ഭര്‍ത്താവിനു മറ്റു നിയോഗങ്ങള്‍ക്ക് സഞ്ചരിക്കേണ്ടതുണ്ട്. പൊതുമണ്ഡലത്തില്‍ ആ കുടുംബം സത്യമായും പീഠഡനനങ്ങള്‍ക്ക് മുഖാമുഖം നിന്നു. വീട്ടിനകത്തും വ്യാപാരവിഘ്‌നങ്ങള്‍ സാമ്പത്തിക പ്രയാസങ്ങളുണ്ടാക്കി. അത്യന്തം കുലീനനും ദൈവിക പ്രവാചകനുമായ തന്റെ പ്രിയതമന്‍ പരസ്യമായി ഭല്‍സിക്കപ്പെടുന്നു. അതും സ്വന്തം ബന്ധുമിത്ര ജനങ്ങളാല്‍. വീട്ടിനകത്ത് വളര്‍ന്നുവരുന്ന പെണ്‍മക്കള്‍. ഒപ്പം തളര്‍ന്നുവരുന്ന ധനസ്ഥിതി. ഒടുവില്‍ ഹാശിമികള്‍ ശിഅബു താഴ് രയിലേക്ക് ബഹിഷ്‌കൃതരാവുവോളം ആ ജീവിതം തളര്‍ന്ന് നിന്നു. അപ്പോഴും പ്രവാചകനില്‍ തളരാതെ നിന്നത് വിശ്വാസത്തിന്റെ ദാര്‍ഡ്യവും പ്രചോദിത പ്രബോധനത്തിന്റെ ആഹ്ലാദവും.
ഒരു സ്ത്രീ ദൈവിക നിയോഗിതനായ പ്രവാചകനില്‍ എന്തുമാത്രം സന്മനമാണ് പ്രക്ഷേപിച്ചതെന്ന് അവരുടെ മരണശേഷം പ്രവചകജീവിതത്തിന്റെ ശിഷ്ടവര്‍ഷത്തില്‍പോലും നമുക്ക് വായിച്ചെടുക്കാനാവും. ആ മരണം സത്യമായും അദ്ദേഹത്തെ ഉലച്ചത് അത്ര തീവ്രമായിരുന്നു. തന്റെ നിയോഗ ജീവിതം ഏറ്റുവാങ്ങിയ വേദന ഏറ്റവും സാന്ദ്രമായിരുന്നതു ആദ്യത്തെ പത്തുവര്‍ഷം തന്നെയാണ്. അനുയായികളുടെ ശുഷ്‌കത, വിഭവങ്ങളുടെ ഊനത, വരേണ്യവര്‍ഗ്ഗത്തിന്റെ പരിഹാസപാരുഷ്യം. അപ്പോള്‍ പ്രവാചകനു ഭൂമിയില്‍ സാന്ത്വനമായത് ഒരു സ്ത്രീയില്‍ നിന്നു തന്നെയായതു വെറുതെയല്ല. അതുകൊണ്ടു തന്നെയാണ് ആ ദുഃഖവര്‍ഷം പ്രവാചകന്‍ കൂടുതല്‍ ഖിന്നനായത്. അന്ന് പ്രവാചകന്റെ വീട്ടങ്കണത്തില്‍ ഉല്‍കണ്ഠ പുതച്ചുനിന്നു. നക്ഷത്രസമൃദ്ധമായ രാത്രിയില്‍ എന്നുംതന്നെ പിന്തുണച്ച പ്രിയപത്‌നി മരിക്കുകയാണ്. വല്ലാത്തൊരു ആത്മബന്ധമായിരുന്നു അത്. വസ്തുയാഥാര്‍ത്ഥ്യം ഓര്‍മ്മകളുടെ പഞ്ചരം പൊളിച്ചു പിന്നോട്ടുപറന്നു. താരുണ്യം നിറഞ്ഞ നാളുകള്‍. ഇവളൊന്നിച്ചു ജീവിതനൗക തുഴഞ്ഞിറങ്ങിയ കാലം, പരസ്പര വിശ്വാസം, കൈകോര്‍ത്ത് നടന്നുപോയ സഞ്ചാരയുഗ്മങ്ങള്‍, ഓടിക്കടന്ന ആപത്തുകള്‍, അപ്പോള്‍ ഖദീജക്ക് തന്റെ കണ്‍പോളകള്‍ അടയുന്നതായി തോന്നി. അവരുടെ മനസ്സ് വിശ്രാന്തമാണ്. ഭര്‍ത്താവ് എന്ന നിലയിലും പ്രവാചകന്‍ എന്ന അവസ്ഥയിലും ഞാന്‍ എന്റെ നിയോഗം പൂര്‍ത്തിയായിട്ടുണ്ട്.
പിന്നീട് യസ്‌രിബിലേക്ക് പലായനം വരെ നീണ്ട മൂന്നുവര്‍ഷം. വ്യക്തി എന്ന നിലയില്‍ പ്രവാചകന്‍ നിസ്വനും നിസ്സഹായനുമായിരുന്നു. ഗൃഹസ്ഥാശ്രമത്തിന്റെ ഓടം പാമരം പൊട്ടി ആറ്റില്‍ അലയുന്നു. പിന്നീടൊരിക്കലും ആ വിശുദ്ധജീവിതത്തില്‍ അത്യഗാധ ആശ്ലേഷമായി ഒരു സ്ത്രീസാനിദ്ധ്യം അത്ര സാന്ദ്രതയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഖദീജയെന്ന മഹനീയജീവിതം പ്രവാചക പരിസരത്തുനിന്നു നഷ്ടമായ ശേഷം തിരുജീവിതം വെറും പതിമൂന്നാണ്ടുമാത്രം. ഇതിനിടയില്‍ നിരവധി സ്ത്രീജീവിതങ്ങള്‍ ആ നിയോഗപ്രാന്തങ്ങളില്‍ ഉള്‍ശോഭയോടെ മിഴിവാര്‍ന്ന് നില്‍ക്കുന്നു. ഖദീജയുടെ മരണം വരെ പ്രവാചകന്‍ എകപത്‌നീവൃതമനുഷ്ടിച്ചതാണ്. പിന്നീടാണ് അറുപത്തിയഞ്ചു പ്രായമുള്ള സൗദ മുതല്‍ അതുപോലെയൊരു വൃദ്ധയായ മൈമൂന വരേ രാഷ്ട്രീയവും വംശീയവുമായ നിരവധി മുന്‍കൈകളില്‍ പ്രവാചകജീവിതത്തിന്റെ അകമുറികളിലേക്ക് വരുന്നത്. ഇതില്‍ എന്തുകൊണ്ടും ശ്രദ്ധേയരായത് അബൂബക്കറിന്റെ മകള്‍ ആയിശയും ഖത്താബിന്റെ പുത്രി ഹഫ്‌സയുമാണ്. ഈ രണ്ടു വിവാഹങ്ങളും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സത്വം സമാഹരിക്കുന്നതില്‍ പില്‍ക്കാലത്ത് ഏറെ പ്രയോജനപ്പെട്ടതാണ്. പ്രവാചകപാഠങ്ങള്‍ക്ക് ഇവര്‍ നടത്തിയ പഠനങ്ങള്‍ സമൂഹത്തിനെന്നും പ്രചോദനമായി. ഇവരോടൊക്കെ അദ്ദേഹം ഉദാരമായി പെരുമാറി. ജീവിതദൗത്യത്തില്‍ താന്‍ ഏറ്റ ചുമതലാഭാരമോ രാഷ്ട്രസംരചനയുടെ കടുംയാത്രകളോ ഒരു സാധാരണ മനുഷ്യന്റെ ജീവിതവൃത്തത്തില്‍ നിന്ന് അദ്ദേഹത്തെ ഒട്ടും വിമുഖനാക്കിയില്ല. അതുകൊണ്ടുതന്നെ സ്ത്രീ ജീവിതത്തിന്റെ സാമൂഹികവും നരവംശശാസ്ത്രപരവുമായ സമഗ്രപരിസരം അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം മകനാണ്, പോറ്റുമകനാണ്, ഭര്‍ത്താവാണ്, അഛനാണ്, അയല്‍ക്കാരനാണ്, യാത്രികനാണ്. മദീനയില്‍ ഉണ്‍മയായ വിശാലരാഷ്ട്രത്തിന്റെ ഭരണനടത്തിപ്പുകാരനാണ്. സര്‍വ്വോപരി അല്ലാഹുവിന്റെ പ്രവാചകനാണ്. തന്റെ സൃഷ്ടിജാലങ്ങളിലെ സ്ത്രീസാന്നിദ്ധ്യത്തെ സൃഷ്ടാവായ അവന്‍ അറിയുന്നതുപോലെ മറ്റാരറിയാന്‍.
അറേബ്യന്‍ ഗോത്രജീവിതത്തില്‍ ഒരു സാമൂഹ്യകര്‍തൃത്വവുമില്ലാതെ തടവുസമൂഹമായിരുന്നു സ്ത്രീകള്‍. ഇവരെയാണ് പ്രപഞ്ചനാഥന്‍ പ്രവാചകജീവിതത്തിലൂടെ പരിഗണിച്ചത്. ലോകാന്ത്യം വരേയുള്ള മനുഷ്യസഞ്ചയത്തിനു നേരന്വേഷണ പുസ്തകമായ വിശുദ്ധഖുര്‍ആനില്‍ അവരുടെ പേരില്‍ വിസ്തൃതമായ ഒരദ്ധ്യായം തന്നെ ഉള്‍പ്പെടുത്തി. സ്ത്രീയെ ഭോഗവസ്തുവും വാണിജ്യവസ്തുവുമെന്ന പതിതസ്ഥാനത്തു നിന്നും പൊതുമണ്ഡലത്തില്‍ മാന്യമായി ഇടപഴകാന്‍ യോഗ്യതയുള്ള സ്വതന്ത്ര അസ്ഥിത്വമായി അംഗീകരിച്ചു. അതുകൊണ്ടാണു അഖബാ ഉടമ്പടിയില്‍ ഇഛാബോധത്തോടെ യസ്‌രിബിലെ അംഗനമാര്‍ പ്രവാചകനുവേണ്ടി ഒപ്പുചാര്‍ത്തിയത്. അതുകൊണ്ടു തന്നെയാണ് ഉഹ്ദില്‍ എവിടെ നോക്കിയപ്പോഴും പ്രവാചകന് ഉമ്മു അമ്മാറയെ കാണാന്‍ കഴിഞ്ഞത്. തന്റെ ഉംറ യാത്രയില്‍ ഉമ്മുസല്‍മയുടെ യുക്തിബോധത്തെ പ്രയോഗതലത്തിലേക്ക് പ്രവാചകന്‍ വികസിപ്പിച്ചത്. അതിലാണ് ഹുദൈബിയാസന്ധി ലംഘിച്ചുവന്ന പുരുഷരെ പ്രവാചകന്‍ സങ്കടത്തോടെ തിരിച്ചയച്ചപ്പോള്‍ സ്ത്രീകളെ മദീനയില്‍ അല്ലാഹുവിന്റെ പ്രജകളായി വാഴിച്ചത്. സ്വന്തം വിസമ്മതം പരിഗണിക്കാതെ പിതാവ് വിവാഹം ചെയ്തു നല്‍കിയ പെണ്‍കുട്ടിയെ പ്രവാചകന്‍ വിവാഹമോചിതയാകാന്‍ സമ്മതം നല്‍കിയത്. മക്കാകാലത്ത് പീഠാനുഭവസംഘര്‍ഷത്തിലൂടെ ഗതി തടയപ്പെട്ട അനുയായി കൂട്ടങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കാന്‍ പ്രവാചകന്റെ സമക്ഷത്തിലെത്തി. അന്നു പ്രവാചകന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതേയില്ല. അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ പ്രവര്‍ത്തിക്കുക, അപ്പോള്‍ ജസീറത്തുഅറബില്‍ അങ്ങോളം ഏതു ഹരിതസൗന്ദര്യ താരുണ്യത്തിനും ഭയകൗടില്യമേതുമില്ലാതെ വിദൂരസഞ്ചരം ചെയ്യാന്‍ സാധിതമാകുന്ന പരുവത്തില്‍ നാടു മാറി വരും.' അതു പത്തുവര്‍ഷം കൊണ്ടു യാഥാര്‍ത്ഥ്യമായി. ആ മഹത്തായ അധ്വാനത്തില്‍ പ്രവാചകനു തുണയായതു പുരുഷര്‍ മാത്രമല്ല. ആദ്യ വിശ്വാസി ഖദീജ മുതല്‍ അറേബ്യയിലെ അവസാന വിശ്വാസിനിയുടെ കൂടി അധ്വാനമുണ്ട്.