ദൈവത്തിനു വേണ്ടി ചമയുന്നവര്‍ക്കു പിന്നില്‍
അബ്ദുൽ കബീർ മടത്തിലകത്ത് /ലേഖനം
2015 ജനുവരി
എല്ലാ മര്‍ദ്ദക വ്യവസ്ഥിതിയിലും സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ അടിച്ചമര്‍ത്തപ്പെടുമെന്നത് ചരിത്രത്തിലും വര്‍ത്തമാനത്തിലും നാം കാണുന്ന
എല്ലാ മര്‍ദ്ദക വ്യവസ്ഥിതിയിലും സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ അടിച്ചമര്‍ത്തപ്പെടുമെന്നത് ചരിത്രത്തിലും വര്‍ത്തമാനത്തിലും നാം കാണുന്ന യാഥാര്‍ഥ്യമാണ്. ഫറോവയുടെ മര്‍ദ്ദക വ്യവസ്ഥിതിയില്‍ അടിമകളാക്കി വെച്ചിരുന്ന ഇസ്രായേല്‍ മക്കളെക്കുറിച്ച് ഖുര്‍ആനിലുള്ള ഒരു വചനമാണ് 'ഫിര്‍ഔന്‍ ഇസ്രായേല്‍ സമൂഹത്തിലെ ആണ്‍കുഞ്ഞുങ്ങളെ കൊന്നുകളയുകയും സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്തു' എന്നത്. ചരിത്രത്തിലെയും സമകാലിക ഇന്ത്യയിലെയും ഫറോവനിസമായ ബ്രാഹ്മണിസത്തിന്റെയും കഥ ഇതു തന്നെയായിരുന്നു. കീഴാളരെ ആത്മാഭിമാനമില്ലാത്തവരാക്കുകയും കീഴാള സ്ത്രീകളെ ലൈംഗികോപകരണങ്ങളാക്കുകയും ചെയ്തുകൊണ്ടായിരുന്നു ബ്രാഹ്മണികമായ സാമൂഹികക്രമം പ്രവര്‍ത്തിച്ചത്. ഇത്രയും എഴുതേണ്ടിവന്നത് കര്‍ണ്ണാടകയിലെ ബെല്‍ഗാം ജില്ലയിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പഠനം നടത്താന്‍ ഈ കുറിപ്പുകാരന്‍ അവിടെ സന്ദര്‍ശിച്ചപ്പോഴും പിന്നീട് ദേവദാസികളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം റാന്‍ഡം ഹൗസ് ഇന്ത്യ പുറത്തിറക്കിയ കാതറിന്‍ റൂബിന്‍ കെര്‍മോഗ്രാന്റ് എഴുതിയ 'സെര്‍വന്റ്‌സ് ഓഫ് ഗോഡസ്സ്: ദ മോഡേണ്‍ ഡേ ദേവദാസീസ്' എന്ന പുസ്തകം വായിച്ചപ്പോഴുമാണ്. 'സെക്‌സ് ഡെത്ത് ആന്റ് ദ ഗോഡ്‌സ്' എന്ന ബി.ബി.സി പുറത്തിറക്കിയ ബീബന്‍ കെഡ്രോണിന്റെ ഡോക്യുമെന്ററിയും വിവിധ എന്‍.ജി.ഒകള്‍ പുറത്തിറക്കിയ ഡോക്യുമെന്ററികളും ഉന്നത ജാതിക്കാരുടെ സമ്മര്‍ദ്ദംമൂലവും അന്ധവിശ്വാസംമൂലവും വേശ്യാവൃത്തിയിലേക്ക് തള്ളപ്പെടാന്‍ ദേവദാസിയാക്കപ്പെടുന്ന കീഴാള ജാതിയിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട്. ഉത്തര കര്‍ണ്ണാടകയിലെ ഒരു ഗ്രാമത്തിലേക്ക് ആചാരങ്ങളുടെ പിന്‍ബലത്തില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങളെക്കുറിച്ച് ദേവദാസി സമ്പ്രദായത്തെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യാനായി ന്യൂയോര്‍ക്കില്‍ താമസക്കാരിയായ, ഫ്രഞ്ച് വംശജയായ കാതറിന്‍ വരുന്നതും തുടര്‍ന്ന് അവരുടെ ജീവിതത്തെക്കുറിച്ച് വിവരിക്കുന്നതുമാണ് പുസ്തകത്തിലെ പ്രമേയം.
നിയമം മൂലം നിരോധിച്ചതാണെങ്കിലും ഉത്തരകര്‍ണ്ണാടകയിലെ പതിനൊന്ന് ജില്ലകളിലും ആന്ധ്രയിലും മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെ ചില ജില്ലകളിലും ഇന്നും ദേവദാസി സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ഈ സ്ത്രീകള്‍ക്ക് കുടുംബജീവിതം നിഷേധിക്കപ്പെടുകയും മാംസവ്യാപാരത്തിലേക്ക് തള്ളിവിടപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടിയെ സ്ഥലത്തെ ജന്മിയോ പ്രമാണിമാരോ ആദ്യം ഉപയോഗിക്കുകയും അയാളുടെ വെപ്പാട്ടിയാക്കി വെക്കുകയും ചെയ്യുന്നു. മുതിര്‍ന്ന ദേവദാസികളില്‍ പലരും ഓര്‍മ്മവെക്കും മുമ്പേത്തന്നെ സമര്‍പ്പിക്കപ്പെട്ടിരുന്നു. ചിലര്‍ മൂന്നു വയസ്സിലും മറ്റുള്ളവര്‍ അഞ്ച്, പന്ത്രണ്ട് പ്രായത്തിലും സമര്‍പ്പിക്കപ്പെട്ടവരാണ്. ഇതില്‍ പ്രധാനക്ഷേത്രം ബല്‍ഗാം ജില്ലയിലെ സൗന്തത്തി താലൂക്കിലെ യെല്ലമ്മ ദേവീക്ഷേത്രം എന്നറിയപ്പെടുന്ന രേണുകാ ദേവീക്ഷേത്രമാണ്. ഇപ്പോള്‍ കര്‍ണ്ണാടക ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണിത്. ചാരം.
ഹിന്ദു പുരാണത്തിലെ ജദമഗ്നി മഹര്‍ഷിയുമായി ബന്ധപ്പെട്ട മിത്താണ് ഇവിടങ്ങളില്‍ ദേവദാസി സമ്പ്രദായത്തിന് അടിസ്ഥാനമായിട്ടുള്ളത്. ജമദഗ്നിയുടെ ഭാര്യയായ രേണുക ധ്യാനത്തിലായിരുന്ന മഹര്‍ഷിക്ക് വെള്ളമെടുക്കാന്‍ പോയനേരം ഗന്ധര്‍വ്വദമ്പതികള്‍ ഇണചേരുന്നത് കണ്ട് അതില്‍ ലയിച്ചു. രേണുകയെ തപസ്വിയായ മഹര്‍ഷി കാണുകയും വെള്ളമെടുത്തുവരാന്‍ വൈകിയതില്‍ തന്റെ മക്കളോട് അമ്മയെ കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടെങ്കിലും മകനായ പരശുരാമന്‍ മാത്രമേ അതിനു തയ്യാറായുള്ളൂ. ഇതിനിടെ ഓടി രക്ഷപ്പെട്ട രേണുക കീഴ്ജാതിക്കാരിയായ മദിഗകളുടെ ദേവതയായ മാതംഗയുടെ അടുത്തേക്ക് ഓടിപ്പോകുകയും അവരുടെ സംരക്ഷണത്തിലാവുകയും ചെയ്യുന്നു. ഈ സമയം മഴുവുമായെത്തിയ പരശുരാമന്‍ അമ്മയുടെ കഴുത്ത് ഛേദിക്കാനെത്തുന്നു. മാതംഗക്ക് സേവനം ചെയ്തുകൊണ്ടിരുന്ന യെല്ലമ്മ ഇതു തടയാനെത്തുമ്പോള്‍ ഇരുവരേയും തന്റെ മഴുകൊണ്ട് പരശുരാമന്‍ കൊലപ്പെടുത്തുന്നു. മകന്റെ പ്രവൃത്തിയില്‍ സംപ്രീതനായ മഹര്‍ഷി വരം ചോദിക്കാന്‍ ആവശ്യപ്പെടുകയും തനിക്ക് അമ്മയെ ജീവിപ്പിക്കണമെന്ന് പരശുരാമന്‍ വരം ചോദിക്കുകയും ചെയ്യുന്നു. ഛേദിക്കപ്പെട്ട ശരീരങ്ങള്‍ കൂട്ടിവെച്ച് ജീവന്‍ നല്‍കിയപ്പോള്‍ തല യെല്ലമ്മയുടേതും ഉടല്‍ രേണുകയുടേതുമായിരുന്നു. ഈ രേണുകയുടേയും യെല്ലമ്മയുടേയും ചര്യ പിന്‍പറ്റുകയാണ് ഇപ്പോഴത്തെ ദേവദാസികള്‍. ജമദഗ്നിക്ക് വിവാഹംചെയ്തു കൊടുക്കപ്പെടുന്നുവെന്നാണ് ഐതിഹ്യം. ഹിജഡകളും ഇങ്ങനെ സമര്‍പ്പിക്കപ്പെടാറുണ്ട്.
ഈ ജില്ലകളില്‍ ഭൂപരിഷ്‌കരണം യഥാര്‍ത്ഥരീതിയില്‍ നടത്തപ്പെട്ടിട്ടില്ല. അതിനാല്‍ത്തന്നെ കീഴ്ജാതിക്കാര്‍ക്ക് ജന്മികളെ ആശ്രയിക്കേണ്ടിവരുന്നു. ഗ്രാമത്തില്‍ മഴ കുറഞ്ഞാല്‍, വിളവു കുറഞ്ഞാല്‍, പ്രകൃതിക്ഷോഭമുണ്ടായാല്‍ ജന്മിമാര്‍ ദലിതുകളെ തങ്ങളുടെ പെണ്‍മക്കളെ യെല്ലമ്മക്ക് സമര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുമെന്ന് കാതറിന്‍ പുസ്തകത്തില്‍ പറയുന്നത് ശരിവെക്കുന്നതായിരുന്നു പങ്കുവെച്ച പ്രതികരണങ്ങള്‍. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ത്വക്ക്‌രോഗമുണ്ടായാല്‍ യെല്ലമ്മയുടെ കോപമാണെന്നു കരുതുന്നു. കുടുംബത്തില്‍ ആണ്‍കുട്ടികളില്ലെങ്കില്‍ ഉണ്ടാവാനായി മൂത്ത പെണ്‍കുട്ടിയെ യെല്ലമ്മക്ക് സമര്‍പ്പിക്കുന്നു. വിവാഹത്തിലൂടെ കുടുംബസ്വത്ത് നഷ്ടപ്പെടാതിരിക്കാനും ദേവദാസി സമര്‍പ്പണം നടത്തപ്പെടാറുണ്ട്. ദേവദാസികളാക്കപ്പെടുന്ന കുട്ടികള്‍ ബെല്‍ഗാമിലെ ഗോഖക്, ബോംബേ, മിരാജ്, ഗോവ എന്നിവിടങ്ങളിലെ വേശ്യാലയങ്ങളിലേക്കുള്ള മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നു. ലൈംഗിക വ്യാപാരത്തിനായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യക്കടത്ത് നടക്കുന്ന ജില്ലകളില്‍ പെട്ടതാണ് ബെല്‍ഗാം. കര്‍ണ്ണാടകത്തില്‍ മാത്രമായി മുപ്പതിനായിരത്തില്‍ കൂടുതല്‍ ദേവദാസികളുണ്ടെന്നാണ് അനൗപചാരികമായ കണക്ക്. ഈ വര്‍ഷം ഫെബ്രുവരി 13ന് കൊപ്പല്‍ ജില്ലയിലെ ഹരപ്പഹള്ളിയില്‍ നടന്ന ദേവദാസി സമര്‍പ്പണത്തിനെതിരെ വന്ന റിട്ട് ഹരജി പരിഗണിച്ച് സുപ്രീം കോടതി ഇതു സംബന്ധിച്ച് ആന്ധ്ര, കര്‍ണ്ണാടക, മഹാരാഷ്ട്ര ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരുന്നു. നിരവധി അന്താരാഷ്ട്ര മനഷ്യാവകാശ സംഘടനകള്‍ ഇതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ആന്റി സ്ലേവറി ഇന്റര്‍നാഷണല്‍ ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ ദേവദാസികളെക്കുറിച്ച് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
ജാതിവ്യവസ്ഥയാണ് ഈ സമ്പ്രദായത്തിന്റെ അന്തര്‍ധാര. മറാത്തി സംസാരിക്കുന്ന ഉന്നതജാതിക്കാരായ ലിംഗായത്തുകള്‍, വൊക്കലിംഗ വിഭാഗക്കാര്‍ എന്നിവര്‍ ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഇതിനെതിരെ സാമൂഹികസംഘടനകള്‍ സജീവമാകുന്നതിനുമുമ്പുതന്നെ ഈ രംഗത്ത് പ്രവര്‍ത്തിച്ച കന്നഡ, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിരുന്ന തിയേറ്റര്‍ ആക്ടിവിസ്റ്റായ മാലതി സരോജ് വെളിപ്പെടുത്തി. താന്‍ ജനിച്ച ജില്ലയായ ഷിമോഗയില്‍ ചന്ദ്രപുര കുന്നിനുമുകളിലുള്ള അമ്പലത്തിലേക്ക് ദേവദാസികളുടെയും കീഴ്ജാതിക്കാരായ സ്ത്രീകളുടെയും നഗ്നരായുള്ള ഓട്ടം ആചാരത്തിന്റെ ഭാഗമായുണ്ടായിരുന്നു. ഇതിനെതിരെ കോളേജ് വിദ്യാര്‍ഥിനിയായിരുന്ന കാലത്ത് പ്രചരണം നടത്തിക്കൊണ്ടാണ് മാലതി സരോജ് പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നത്. തുടര്‍ന്ന് 1986-ല്‍ കര്‍ണ്ണാടകയില്‍ നിയമം മൂലം ഇത് നിരോധിച്ചു. പിന്നീട് ഉത്തര കര്‍ണ്ണാടകയിലെ ദേവദാസി സമ്പ്രദായത്തിനെതിരെ ഏകാംഗ നാടകം അവതരിപ്പിച്ചുകൊണ്ടായിരുന്നു അവര്‍ പൊതുരംഗത്ത് പ്രവര്‍ത്തിച്ചത്. ദേവദാസി കുഞ്ഞുങ്ങളെ അച്ഛന്റെ പേര്‍ ചേര്‍ക്കാെതത്തന്നെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ക്യാമ്പയിന്‍ നടത്തുകയും അവസാനം അതിന് കര്‍ണ്ണാടക സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയും ചെയ്തു. തുടര്‍ന്ന് ലൈംഗിക വ്യാപാരത്തിനായുള്ള മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തു അവര്‍. ദേവദാസി സമര്‍പ്പണം ബെല്‍ഗാമില്‍ നിലച്ചുവെന്ന ഗവണ്‍മെന്റിന്റേയും എന്‍.ജി.ഒകളുടേയും അവകാശവാദം സത്യമല്ലെന്നും ഇപ്പോഴും സമര്‍പ്പണം അവിടെ തുടരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ബെല്‍ഗ്ഗാമില്‍ മാത്രമായി പതിനായിരത്തില്‍ കൂടുതല്‍ ദേവദാസികളുണ്ടെന്നും ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുന്‍ദേവദാസികള്‍ക്കിടയില്‍, മാത്രമായി കേന്ദ്രീകരിക്കുകയാണെന്നും ഈ സംവിധാനത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാറിനാവുന്നില്ലെന്നും പകരം ദേവദാസികളുടെ എണ്ണം കുറച്ചുകാണിക്കയാണെന്നും ഇപ്പോള്‍ ബംഗളൂരുവിലെ മല്ലേശ്വരത്ത് സ്ഥിരതാമസമാക്കിയ അവര്‍ പറഞ്ഞു.
കര്‍ണ്ണാടക വിമന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആണ് ദേവദാസികളെ പുനരധിവസിപ്പിക്കാനും ഈ സമ്പ്രദായത്തിനെതിരെ പ്രചാരണം നടത്താനും കര്‍ണ്ണാടക സര്‍ക്കാര്‍ നിയോഗിച്ച അധികാരി. കഴിഞ്ഞ മെയ് 28,29 ദിവസങ്ങളിലായി കര്‍ണ്ണാടകയിലെ ഘഠപ്രഭയിലുള്ള മുന്‍ ദേവദാസികളുടെ സംഘടനയായ മാസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാനാണ് ഈ കുറിപ്പുകാരന്‍ ബെല്‍ഗ്ഗാമിലെത്തിയത്. ദേവദാസി സമ്പ്രദായത്തിനെതിരെ പ്രവര്‍ത്തിക്കുന്ന, ദേവദാസി സമര്‍പ്പണത്തിനെതിരെ ക്യാമ്പയിന്‍ നടത്തുന്ന, അവരുടെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കുന്ന ഒരു എന്‍.ജി.ഒ ആണ് മഹിള അഭിവൃദ്ധി മട്ടു സംസ്‌കൃതി സമസ്‌തേ എന്ന എന്‍.ജി.ഒ. ദേവദാസി കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുക, ദേവദാസി സമര്‍പ്പണം തടയുക, വിമണ്‍ കമ്മീഷന്‍ നടപ്പിലാക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക തുടങ്ങിയവയാണ് അവര്‍ ചെയ്യുന്നത്. ബ്രാഹ്മണികമായ സാമൂഹിക വ്യവവസ്ഥയെ വിശകലനം ചെയ്യാതെ വെറും ധാര്‍മ്മികതയുടെ പ്രശ്‌നമായിട്ടാണ് അവര്‍ ഈ സാമൂഹിക പ്രശ്‌നത്തെ കാണുന്നത്. അവരുടെ പ്രചരണരീതികള്‍ പോലും ബ്രാഹ്മണിസത്തില്‍നിന്നും കടംകൊണ്ട രീതിയാണ്. അവകാശബോധം ഉണ്ടാക്കുന്നതിനു പകരം ക്ഷേമപ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. കൃത്യമായ നിലപാടുകളില്ലാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ഉപരിപ്ലവമായിത്തീരുന്നുവെന്ന് ശൈശവ വിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയായ സ്പന്ദനയുടെ ഡയറക്ടര്‍ സുശീല പറയുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ മര്‍ദ്ദിതരായ ദലിത് സമൂഹത്തെ വീണ്ടും വീണ്ടും മര്‍ദ്ദിതരാക്കുന്നുവെന്നാണ് അവരുടെ പക്ഷം.
ദേവദാസികളുടെ കുഞ്ഞുങ്ങളെയാണ് ഈ സംവിധാനത്തിന്റെ രൂക്ഷത ബാധിക്കുന്നത്. ജന്മിമാരുമായുള്ള ബന്ധത്തിലോ ലൈംഗികത്തൊഴിലിലോ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പിതൃത്വമുണ്ടാകില്ല. തന്മൂലം സ്‌കൂളുകളിലും കോളജുകളിലും ഗവണ്‍മെന്റ് ഓഫീസുകളിലും തീര്‍ത്തും അവഹേളനത്തിനിരയാക്കപ്പെടുന്നു. 'മാസ്സി'ന്റെ എക്‌സിക്യട്ടീവ് മെമ്പര്‍മാരിലൊരാളും ദേവദാസി കുടുംബങ്ങളിലെ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതില്‍ യു.കെ ആസ്ഥാനമായ 'എവരി ചൈല്‍ഡ്' അവാര്‍ഡിനര്‍ഹയായ ഐരാവതി മാംഗ് തന്റെ മകനെ കോളജില്‍ ചേര്‍ക്കാന്‍ ചെന്ന അനുഭവം കുറിപ്പുകാരനോട് വിവരിച്ചത് ദേവദാസിയാണെന്നറിഞ്ഞിട്ടും കുഞ്ഞിന്റെ പിതാവിനെ ചോദിച്ച് അപമാനിച്ചുവെന്നാണ്. മാസ്സിന്റെ സ്‌കോളര്‍ഷിപ്പ് സ്വീകരിക്കാനായി എത്തിയ ദേവദാസികളുടെ കുഞ്ഞുങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായി. സഹപാഠികളാലും അധ്യാപകരാലും അവഹേളനത്തിനിരയാക്കപ്പെടുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തന്റെ ക്ലാസ്സിലെ മൂന്നിലൊന്നോളം കുട്ടികള്‍ പഠനം നിര്‍ത്തിയെന്നാണ് പ്രഭാകര്‍ എന്ന വിദ്യാര്‍ത്ഥി വിവരിച്ചത്.
ലൈംഗികരോഗങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ മൂലം വളരെ നേരത്തെ തന്നെ പലരും രോഗബാധിതരായി മരണപ്പെടുന്നവരുമുണ്ട്. കുടുംബഭാരം താങ്ങേണ്ടിവരുന്നതിനാല്‍ പഠനം നിര്‍ത്തേണ്ടിവന്നവര്‍ നിരവധിയാണ്.
മാഘമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് ദേവദാസി സമര്‍പ്പണം സൗന്തത്തിയിലെ യെല്ലമ്മ ദേവീ ക്ഷേത്രത്തില്‍ നടന്നിരുന്നത്. ഇപ്പോള്‍ തങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൂലം അവിടെ സമര്‍പ്പണം നടക്കാറില്ലെന്നും ജനങ്ങള്‍ക്കിടയില്‍ അന്നേ ദിവസങ്ങളില്‍ ചാരന്മാരെ നിയോഗിച്ച് അത് തടയാറുണ്ടെന്നും 'മാസ്സി'ന്റെ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ പോലീസും സംഘടനാപ്രവര്‍ത്തകരും സജീവമായി ജാഗ്രതയോടെ അന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ദേവദാസി അണിയേണ്ട മാല മാത്രം അവിടെ വെച്ച് രഹസ്യമായി പൂജിച്ച് ബാക്കി ചടങ്ങ് ഗ്രാമങ്ങളില്‍വെച്ച് ചെയ്യുകയാണ് പതിവെന്ന് മാലതി സരോജ് പങ്കുവെച്ചു. വാര്‍ധക്യത്തിലാണ് ദേവദാസികളുടെ ദുരിതത്തിന്റെ ഏറ്റവും തീക്ഷ്ണമായ കാലഘട്ടം. ഈ സമയത്ത് അവര്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് യെല്ലമ്മയുടെ ചെറുവിഗ്രഹവുമേന്തി യാചിക്കാനിറങ്ങും. ക്ഷേത്രപരിസരത്ത് അത്തരം ദേവദാസികളെ കാണുകയുണ്ടായി. ദേവദാസി കുടുംബങ്ങളിലെ വിദ്യാഭ്യാസം നേടിയ യുവതീയുവാക്കള്‍ക്കിടയില്‍ ഈ സമ്പ്രദായത്തിനെതിരെ ചെറിയതോതില്‍ പ്രതിഷേധം രൂപപ്പെട്ടുവരുന്നുണ്ട്. എന്നാല്‍ അവരുടെ രോഷാഗ്നിയെ വിഴുങ്ങുന്ന തരത്തിലുള്ള എന്‍.ജി.ഒ പ്രവര്‍ത്തനരീതിയാണ് ബെല്‍ഗാമിലുള്ളത്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളെ വമ്പിച്ച ബഹുജനമുന്നേറ്റമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ തക്ക രാഷ്ട്രീയ സാമൂഹികനേതൃത്വമില്ല എന്നതാണ് വസ്തുത. ബെല്‍ഗാമിലെ മുസ്‌ലിം സംഘടനാനേതൃത്വത്തിനൊന്നും മര്‍ദിതരായ ഈ ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനും അവരോട് ഐക്യപ്പെടാനുമുള്ള ഒരു ബന്ധം രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരം തന്നെയാണ്.