നഗരങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന ലൈംഗിക പീഡനം ഞെട്ടിപ്പിച്ച വാര്‍ത്തയായിരിക്കുന്നു. സ്ത്രീ പീഡനം
നഗരങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന ലൈംഗിക പീഡനം ഞെട്ടിപ്പിച്ച വാര്‍ത്തയായിരിക്കുന്നു. സ്ത്രീ പീഡനം സാധാരണമായിട്ടുണ്ടെങ്കിലും വിദ്യാലയങ്ങളില്‍ കുരുന്നു മക്കളുടെ നേരെ ആവര്‍ത്തിച്ചു വരുന്ന ഈ ലൈംഗികാതിക്രമം ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കുന്നു. വേലിതന്നെ വിള തിന്നുന്ന ഈ ദുഷ്പ്രവണത തുടക്കത്തില്‍ തന്നെ അടിച്ചമര്‍ത്തേണ്ടതാണ്. ലക്ഷകണക്കിന് രൂപ ഫീസ് വാങ്ങുന്ന വിദ്യാലയങ്ങളില്‍ പോലും നാലും അഞ്ചും വയസ്സു പ്രായമുള്ള കുഞ്ഞുമക്കളെ പൈശാചികമായി ലൈംഗികാതിക്രമത്തിന് കരുവാകുന്ന അവസ്ഥ ഏറിവരികയാണ്.
കുട്ടികളുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായും മാതാപിതാക്കള്‍ക്കും പിന്നെ അധ്യാപകര്‍ക്കും തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. വിദ്യാഭ്യാസം ബിസ്‌നസായി തരം താണിരിക്കുകയാണ്.
അക്രമവും അഴിമതികളും ഏതു രംഗത്തും നിറഞ്ഞു നില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ശരിയല്ലാത്തതുകണ്ടാല്‍ ഉടനെ പ്രതിരോധിക്കാനും ധൈര്യത്തോടെ നേരിടാനും കുട്ടികളെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ധൈര്യവും ആത്മവിശ്വാസവും ചെറുപ്പം മുതലേ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കളും അധ്യാപകരും മനസ്സിലാക്കണം. അതിനുള്ള ഒരു ഗൃഹാന്തരീക്ഷവും സ്‌കൂള്‍ അന്തരീക്ഷവും സൃഷ്ടിക്കുക എന്നുള്ളതാണ് ഇതിലെ ആദ്യത്തെ ചുവടുവെപ്പ്.
സ്‌കൂളിലെ ഉത്തരവാദിത്വത്തിന്റെ കാര്യം പറയുമ്പോള്‍, സ്വകാര്യ സ്‌കൂളുകളിലും മറ്റും അധ്യാപക നിയമനം കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണെന്ന് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം സ്‌കൂളുകളില്‍ ശുപാര്‍ശക്കും മറ്റും മുന്‍തൂക്കം നല്‍കി അധ്യാപകരെ നിയമിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഈ അധ്യാപകരുടെ സര്‍വീസ് ഹിസ്റ്ററിയും, വിദ്യാഭ്യാസ യോഗ്യതകളും, സ്വഭാവ സര്‍ട്ടിഫിക്കറ്റും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. കുട്ടികളെ വഴിനയിക്കേണ്ട അധ്യാപകന്റെ സ്വഭാവം നിരീക്ഷിച്ച ശേഷമായിരിക്കണം ഇവരെ സ്ഥിരപ്പെടുത്തേണ്ടത്. കുറഞ്ഞ ശമ്പളത്തില്‍ അധ്യാപകരെ കണ്ടെത്തുന്ന ഒരു പ്രവണത ചില സ്‌കൂളുകളില്‍ കാണുന്നുണ്ട്. ഇവര്‍ക്ക് വേണ്ടത്ര പരിശീലനമുണ്ടോ, പാഠ്യപദ്ധതിക്കും പരീക്ഷകള്‍ക്കും കുട്ടികളെ തയ്യാറാക്കുന്നതിനൊപ്പം അവരുടെ സ്വഭാവരൂപീകരണത്തിലും ആത്മവിശ്വാസം വളര്‍ത്തുന്നതിലും ഏതു കാര്യവും സ്വതന്ത്രമായി തുറന്നു പറയാനുള്ള മനോധൈര്യവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനും, അതോടൊപ്പം കുട്ടികളോട് അടുത്തിടപഴകാന്‍ പക്വതയുള്ളവരുമാണോ ഇവര്‍ എന്ന് പരിശോധിക്കപ്പെടാനുള്ള സംവിധാനങ്ങളുടെ പരാജയമാണ് വര്‍ധിച്ചുവരുന്ന അക്രമണങ്ങള്‍.
മികച്ച ഫലം കിട്ടാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭാരിച്ച പുതിയ പഠനരീതികള്‍ നടപ്പില്‍ വരുത്തുമ്പോള്‍ ഇരു കൂട്ടര്‍ക്കും സമ്മര്‍ദ്ദം ഉണ്ടാകും. ഈ സമ്മര്‍ദം പല പുതിയ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. കുട്ടികള്‍ക്ക് മാനസികമായി തളരുന്ന രീതിയില്‍ ശിക്ഷാവിധികള്‍ നടപ്പിലാക്കാതിരിക്കുകയും കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആത്മാര്‍ഥമായ ആശയവിനിമയം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വിദ്യാര്‍ഥികളുടെ എല്ലാതരം പ്രശ്‌നങ്ങള്‍ക്കും വ്യക്തിത്വ വികസനത്തിനും സ്‌കൂള്‍ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കേണ്ടതുണ്ട്. മിടുക്കന്മാരായ വിദ്യാര്‍ഥികളെ മാത്രം പരിഗണിക്കുന്ന രീതി മാറ്റി എല്ലാവരെയും തുല്യരായി കാണാന്‍ ശ്രമിെച്ചങ്കിലേ കുട്ടികളുടെ അപകര്‍ഷതാ മനോഭാവം കുറയാനും ആത്മവിശ്വാസം കൂട്ടാനും സഹായിക്കൂ.
സ്‌കൂള്‍ അധികൃതര്‍ക്ക് ചെയ്യാവുന്നത്
പ്രിന്‍സിപ്പല്‍മാര്‍ കുട്ടികളുമായി കുറച്ച് അടുപ്പത്തിലുള്ള പെരുമാറ്റം വെച്ചുപുലര്‍ത്തണം. ഏതു പ്രതിസന്ധികളിലും ഏതൊരു കുട്ടിക്കും ഏപ്പോള്‍ വേണമെങ്കിലും പ്രിന്‍സിപ്പലിനെ നേരിട്ട് കണ്ട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കണം. ഇത് പ്രായോഗികമായാല്‍ കുട്ടികള്‍ക്ക് മേലധികാരികളെ കാണാനും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുമുള്ള ചങ്കൂറ്റം വളര്‍ന്നുവരും.
പാരന്റ് ടീച്ചര്‍ മീറ്റിംഗ് മാസാമാസം നിര്‍ബന്ധമാക്കണം. ഹാജറാകാത്തവര്‍ക്ക് പിഴ നിശ്ചയിക്കണം. കുറഞ്ഞ പക്ഷം മാതാപിതാക്കളില്‍ ഒരാളെങ്കിലും പങ്കെടുക്കണം. മക്കളുടെ പഠിപ്പ്, പെരുമാറ്റരീതി, അറ്റന്റന്‍സ്, കൃത്യനിഷ്്ഠ, മറ്റു കലാപരമായ താല്‍പര്യങ്ങളും കായികമായ കഴിവുകളും മാത്രമല്ല എല്ലാ കാര്യങ്ങളും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും തുറന്ന മനസ്സില്‍ ചര്‍ച്ച ചെയ്യാം. ന്യൂനതകള്‍ പരിഹരിക്കാന്‍ വഴികള്‍ കണ്ടെത്താം. ഇരു കൂട്ടരും വളരെ രമ്യമായ രീതിയില്‍ വേണം കൈകാര്യം ചെയ്യാന്‍. പാരന്റ് ടീച്ചര്‍ മീറ്റിംഗിന് വരുന്നവരുടെ പരാതികള്‍ മുഴുവന്‍ ക്ഷമയോടെ കേള്‍ക്കണം. അവരെ ശത്രുതാ മനോഭാവത്തോടെ അധികൃതര്‍ കാണുന്ന പ്രവണത പാടില്ല. അതേസമയം ദുരുപയോഗപ്പെടുത്തുകയും അരുത്.
സ്‌കൂളുകളില്‍ കുറച്ചധികം സി.സി ടിവി സ്ഥാപിച്ചതുകൊണ്ടു മാത്രം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പറ്റിയെന്നു വരില്ല. കളിക്കളങ്ങളിലും ജിംനേഷ്യത്തിലുമൊക്കെ കുട്ടികളെ നിരീക്ഷിക്കാന്‍ മുതിര്‍ന്ന അധ്യാപിക കൂടെയുണ്ടെന്ന് ഉറപ്പുവരുത്തണം. സ്‌കൂളില്‍ ഉപയോഗമില്ലാത്ത മുറികള്‍ പൂട്ടിയിടുകയും, ഇതിന്റെ താക്കോല്‍ പ്രിന്‍സിപ്പല്‍മാര്‍ സൂക്ഷിക്കുകയും വേണം.
ക്ലാസ് സമയം കഴിഞ്ഞുള്ള ട്യൂഷന്‍ നല്‍കുന്നതും, കായിക പരിശീലനം നല്‍കുന്നതും പരിപൂര്‍ണ്ണമായി ഒഴിവാക്കണം. അതുപോലെ തന്നെ പഠിക്കാനുള്ള എതെങ്കിലും നോട്‌സ് വാങ്ങാനോ കൊടുക്കാനോ അല്ലെങ്കില്‍ പാഠ്യവിഷയത്തില്‍ സംശയങ്ങള്‍ നീക്കാനോ സഹവിദ്യാര്‍ഥിയേയോ അധ്യാപകനേയോ, ക്ലാസ് കഴിഞ്ഞ് ഒറ്റക്ക് ലാബിലോ, ടീച്ചേഴ്‌സ് റൂമിലോ സന്ദര്‍ശിക്കുന്ന പരിപാടി പ്രോത്സാഹിപ്പിക്കരുത്.
കുട്ടികളുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും വ്യത്യാസം ശ്രദ്ധയില്‍പെട്ടാല്‍ അധ്യാപകര്‍ മാതാപിതാക്കളെ നിര്‍ബന്ധമായും അറിയിക്കാന്‍ ഒരിക്കലും മടിക്കരുത് ഒരു പക്ഷേ, ഇതില്‍ നിന്നും നിങ്ങള്‍ക്ക് വരാന്‍ പോകുന്ന വലിയ അപകടങ്ങളെ ഒഴിവാക്കാന്‍ സാധിച്ചേക്കും.
പ്രധാനപ്പെട്ട മറ്റൊരു കാര്യം സ്‌കൂളുകളില്‍ നിര്‍ബന്ധമായും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുക എന്നതാണ്.
മാതാപിതാക്കള്‍ സ്‌കൂള്‍ അഡ്മിഷന് പരക്കം പായുമ്പോള്‍ ആ സ്‌കൂളിനെപ്പറ്റി വിശദമായ വിവരങ്ങള്‍ അറിയാന്‍ മനസ്സിരുത്തുക. സ്റ്റാറ്റസ് കാണിക്കാനും, മറ്റുള്ളവരുടെ ഇടയില്‍ വലിയ ആളാവാനും വേണ്ടിയല്ല, മറിച്ച് കുട്ടികളുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കുക.
മാതാപിതാക്കള്‍ നല്ല സുഹൃത്തുക്കളെപ്പോലെ ആയിരിക്കണം. കുട്ടികളെ സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച് പരിശീലിപ്പിക്കുന്നത് വീട്ടില്‍ നിന്നുതന്നെയാകട്ടെ. എല്ലാം കണ്ടും കേട്ടും പഠിക്കട്ടെ എന്ന ചിന്താഗതിക്ക് ഇന്നത്തെ സാഹചര്യത്തില്‍ അത്ര പ്രസക്തിയില്ല. കാരണം അവര്‍ കാണുന്നതും കേള്‍ക്കുന്നതും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയകളും ആണല്ലോ. നെല്ലും പതിരും തിരിച്ചറിയാന്‍ വയ്യാത്ത കൗമാരപ്രായത്തില്‍ മാതാപിതാക്കളുടെ സ്‌നേഹത്തോടെയുള്ള വഴിനടത്തല്‍ തീര്‍ച്ചയായും അത്യാവശ്യമാണ്. സ്വന്തം കുഞ്ഞിന്റെ സുരക്ഷയുടെ ഉത്തരവാദിത്വത്തില്‍ ഏറിയ പങ്കും മാതാപിതാക്കളുടെ തന്നെ. ഓരോ ദിവസവും സ്‌കൂളിലും പുറത്തും നടക്കുന്ന കാര്യങ്ങള്‍ മാതാപിതാക്കളുമായി പങ്കുവെക്കണം. ചെറുതായാലും വലുതായാലും അത് കേള്‍ക്കാനുള്ള മനസ്സും സമയവും മാതാപിതാക്കള്‍ കണ്ടേ മതിയാവൂ. എന്തെങ്കിലും അബദ്ധങ്ങള്‍ നടക്കുന്നുണ്ടോ എന്ന് അവര്‍ തിരിച്ചറിഞ്ഞില്ലെങ്കിലും മാതാപിതാക്കള്‍ മനസ്സിലാക്കണം. ആവശ്യമെങ്കില്‍ നിയന്ത്രിക്കണം.
ശരീരശാസ്ത്രവും ശരീരത്തില്‍ വരുന്ന മാറ്റങ്ങളും അതിനെപ്പറ്റിയുള്ള സംശയങ്ങളും ലൈംഗിക ജീവിതത്തെക്കുറിച്ചും ശാസ്ത്രീയമായിത്തന്നെ അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാം. അതില്‍ പതിയിരിക്കുന്ന അപകടങ്ങളെ മുന്‍കൂട്ടി സൂചിപ്പിക്കുന്നതില്‍ തെറ്റില്ല.
അല്‍പവസ്ത്രധാരണ രീതി മാറ്റി മറയേണ്ട ഭാഗം ശരിയായ രീതിയില്‍ തന്നെ മറയാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. അമ്മമാര്‍ അതിന് സമയം കാണണം. മക്കള്‍ വസ്ത്രം വാങ്ങുമ്പോഴും അണിഞ്ഞൊരുങ്ങി പോകുമ്പോഴും അമ്മമാര്‍ ഒന്നു കണ്ണുവെച്ചാല്‍ അനാവശ്യമായ അപകടങ്ങള്‍ ഒഴിവാക്കാം. ആരേയും വിശ്വസിക്കാന്‍ പറ്റാത്തതായി മാറിയിരിക്കുന്നു ഇന്നത്തെ സാഹചര്യം. അപരിചിതരാണെങ്കില്‍ പ്രത്യേകിച്ചും അനാവശ്യമായി തൊട്ടുതലോടാനും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാനും അനുവദിക്കരുത് എന്ന മനോഭാവം കുഞ്ഞുങ്ങളെ തന്നെ പറഞ്ഞു പഠിപ്പിക്കണം. സ്പര്‍ശനത്തില്‍ നല്ലതും ചീത്തയും വേര്‍തിരിക്കാനുള്ള വിവേകം കുഞ്ഞുങ്ങളില്‍ സൃഷ്ടിക്കുകയെന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.
സിനിമയിലും സീരിയലിലും കാണുന്ന ദൃശ്യങ്ങള്‍ പുതിയ തലമുറയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികളും മുതിര്‍ന്നവരും ബോധവാന്മാരാവേണ്ടതുണ്ട്. മദ്യപാനത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗമാണ് ഇത്തരം വിപത്തുക്കള്‍ക്ക് അടിസ്ഥാന കാരണം.
നമ്മളില്‍ ഏതോ ചിലരുടെ മാനസിക വൈകൃതത്തിന്റെ ഇരയായി മാറുന്നത് പൂമൊട്ടിന്റെ പ്രായവും കുരുന്നു മനസ്സുമുള്ള നമ്മുടെ പിഞ്ചോമനകളാണ്. ആ മുറിവിന്റെ ആഴം ആ വ്യക്തിയുടെ ഭാവിയെത്തന്നെ നാശമാക്കിയേക്കാം. ഇന്നത്തെ സംഘര്‍ഷഭരിതമായ ജീവിതരീതിയാണ് ഒരുപരിധിവരെ ഇതിനു കാരണം.
തെറ്റ് ആരുചെയ്താലും അത് അധ്യാപകനോ, അന്തേവാസിയോ, സീനിയര്‍ വിദ്യാര്‍ഥിയോ ആരായാലും അക്രമകൃത്യം തെളിയിക്കപ്പെട്ടാല്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ മുന്‍കൈയെടുക്കണം. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കേസിനെ അട്ടിമറിക്കാന്‍ നോക്കരുത്. തെറ്റുചെയ്തവന്‍ ശിക്ഷിക്കപ്പെടണം, പിന്നീടത് ആവര്‍ത്തിക്കാനും പാടില്ല. മറ്റുള്ളവര്‍ക്ക് അതൊരു പാഠമായിരിക്കണം. അശ്ലീല വാക്കുകള്‍ പറയുക, തെറ്റായ രീതിയില്‍ നോക്കുക, ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുക, പീഡിപ്പിക്കാന്‍ പ്രേരിപ്പിക്കുക, പീഡിപ്പിക്കുക ഇതിനെല്ലാം നിയമത്തിന്റെ വകുപ്പില്‍ പ്രത്യേകം പ്രത്യേകം ശിക്ഷാമുറകളുണ്ട്. അതു നിയമത്തിന് വിട്ടുകൊടുത്ത് നിയമം നടപ്പിലാക്കാന്‍ സര്‍ക്കാറും സമൂഹവും ശ്രദ്ധിക്കണം.