തിയറി വൈറസ്
കെ.വൈ.എ /ചുറ്റുവട്ടം
2015 ജനുവരി
കുട്ടികളെ വളര്‍ത്തേണ്ടതെങ്ങനെ എന്നതിനെപ്പറ്റി കല്ല്യാണത്തിന് മുമ്പ് എനിക്ക് അരഡസന്‍ തിയറികളുണ്ടായിരുന്നു. ഇപ്പോള്‍ കല്ല്യാണം
കുട്ടികളെ വളര്‍ത്തേണ്ടതെങ്ങനെ എന്നതിനെപ്പറ്റി കല്ല്യാണത്തിന് മുമ്പ് എനിക്ക് അരഡസന്‍ തിയറികളുണ്ടായിരുന്നു. ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞ് അരഡസന്‍ കുട്ടികളായി. തിയറി ഒന്നുപോലും ബാക്കിയില്ല. പക്ഷേ മാതാപിതാക്കള്‍ പെരുമാറേണ്ടതെങ്ങനെ എന്നതിനെപ്പറ്റി കുട്ടികളുടെ പക്കല്‍ ഒരു ഡസന്‍ വീതം തിയറികളുണ്ട്.
തിയറി അഥവാ തത്വം അഥവാ സിദ്ധാന്തം കൊണ്ടു മാത്രം ഉപജീവനം കഴിക്കുന്നവരാണ് മലയാളികള്‍. ഓരോ തിയറിയോടും ചേര്‍ത്തുവെക്കാന്‍ ഓരോ മുദ്രാവാക്യം. ഓരോ മുദ്രാവാക്യത്തിനും പാകത്തില്‍ ഓരോ സമരമുറ. നില്‍പ്പുസമരം. നടപ്പുസമരം. കിടപ്പുസമരം. ചുംബനസമരം. കുമ്പിടല്‍ സമരം. ഏമ്പക്കസമരം. ചൂലടിസമരം. അങ്ങനെയങ്ങനെ...
അതുകൊണ്ടാണ് അടുത്ത് ഇവിടെ വന്ന പക്ഷിപ്പനി നമ്മള്‍ മലയാളികള്‍ക്ക് ചേര്‍ന്ന പ്രശ്‌നമാണെന്നു പറയുന്നത്. പക്ഷിപ്പനി വൈറസ് ലോകത്ത് മറ്റൊരു കൂട്ടരോടും ഇത്ര വേഗത്തില്‍ തോറ്റിട്ടില്ല. വന്ന് ആലപ്പുഴയിലെ ഓരോ വാതില്‍ മുട്ടിവിളിക്കുമ്പോഴും അവന്‍ (അവള്‍?) ജീവനും കൊണ്ട് ഓടുകയായിരുന്നല്ലോ.
ഇവിടെ എത്തിയ ഉടനെ വൈറസിന് ആദ്യം കേള്‍ക്കേണ്ടി വന്ന പഴി പ്രതിപക്ഷത്തുനിന്നായിരുന്നു: ഈ വൈറസ് ഒരു സാമ്രാജ്യത്വ ഗൂഢാലോചനയാണ് എന്ന്.
പക്ഷിപ്പനി ലാന്‍ഡ് ചെയ്ത സമയം ശ്രദ്ധിക്കുക-അവര്‍ പറയുന്നു. സര്‍ക്കാറിനെതിരെ പലതരം സമരം തുടങ്ങി. എല്ലാം വെറുതെയായി. അപ്പോഴാണ് ശുചീകരണ യജ്ഞം തുടങ്ങിയത്. നല്ല നമ്പര്‍. ചെലവ് കുറവ്. ചൂലെടുക്കണം; വെള്ളം തൂകണം- അത്രമാത്രം. പത്രങ്ങളില്‍ പടം വന്നു തുടങ്ങി അപ്പോളതാ വരുന്നു എച്ച് 5 എന്‍ 1. കുട്ടനാട്ടിലെ താറാവുകള്‍ തലക്കെട്ടു മുഴുവന്‍ പിടിച്ചടക്കി.
ചൂലെടുത്തത് വെറുതെയായി. ഇത്ര കൃത്യമായുള്ള ടൈമിങ് സാമ്രാജ്യത്വ കഴുകന്മാര്‍ക്കേ സാധ്യമാകൂ. മാത്രമല്ല പനി ഇങ്ങോട്ടു കൊണ്ടുവന്നത് ദേശാടന പക്ഷികളാണ് എന്നതും ശ്രദ്ധിക്കണം. അവറ്റ പറന്നു വന്നത് പടിഞ്ഞാറു നിന്നാണ്. ഇനി കിഴക്കുനിന്നായാലും പ്രശ്‌നമില്ല. ഭൂമി ഉരുണ്ടിട്ടാണല്ലോ.
തിയറിയില്‍ മുന്നേറാന്‍ മുമ്പ് പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഭരണപക്ഷവും സിദ്ധാന്ത സ്വയംപര്യാപ്തത നേടിക്കഴിഞ്ഞു. അതുകൊണ്ട് അവര്‍ പറയുന്നു, കേരളത്തിന്റെ രക്ഷക്കായി ബാര്‍ നയം ചെത്തിമിനുക്കി. രക്ഷായാത്ര മറ്റേതലക്കല്‍ നിന്ന് വിക്ഷേപിച്ചു. ഇതാ സല്‍ഭരണമെന്ന് മുഖപ്രസംഗങ്ങളങ്ങനെ നിരന്നുനിന്ന് ചൊല്ലുമ്പോഴാണ് ആ താറാവുകള്‍ തൂങ്ങിത്തൂങ്ങി മരിച്ചു തുടങ്ങിയത്. എങ്ങനെ സാധിക്കും? പ്രതിപക്ഷം ചൂലെടുത്തപ്പോഴേ ഗൂഡാലോചന മണത്തതാണ്. ഒന്നാം പേജില്‍ മുഴുവന്‍ താറാവുമുഖ്യന്മാരാണ്. ഏതാനും കോഴികളും.
ഇത്ര ലക്ഷണമൊത്ത ഒരു ഗൂഢാലോചനാ തിയറി ഒത്തുകിട്ടിയാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അനങ്ങാതിരിക്കുമോ? പക്ഷിപ്പനിയില്‍ രാഷ്്ട്രീയ ഉപജാപമല്ല ഉള്ളത്. പരിസ്ഥിതിയും പരിസ്ഥിതി പ്രസ്ഥാനവുമാണ് അതിന്റെ ഉന്നം.
ദേശാടനക്കിളികള്‍ എന്ന വാക്കു തന്നെ ഞങ്ങള്‍ പരിസ്ഥിതിക്കാരുടെ സ്വന്തമാണ്. ഞങ്ങളുടെ പുസ്തകങ്ങള്‍ നോക്കൂ. എന്നിട്ടിപ്പോള്‍ അവരെ അപകീര്‍ത്തിപെടുത്താനാണ് ശ്രമം. ദേശാടനപക്ഷികള്‍ക്ക് ഇരിക്കാനുള്ള കൊമ്പുകളും വസിക്കാനുള്ള ഇടങ്ങളും നശിപ്പിക്കുന്നവരാണ് ഞങ്ങളുടെ ശത്രുക്കള്‍. ഇപ്പോള്‍ അവര്‍ ഞങ്ങളുടെ മുഖത്തു നോക്കിപ്പറയുന്നു, അവറ്റകളാണ് രോഗം കൊണ്ടുവന്നതെന്ന്. അവറ്റകള്‍ക്ക് ഇരിക്കാന്‍ ഒറ്റ കൊമ്പും ബാക്കിവെക്കരുതെന്ന്.
അതുമാത്രമല്ല പ്രശ്‌നം.
നാട്ടിലെ പക്ഷികളെ കൊന്നൊടുക്കുന്നു. എന്നിട്ട് കത്തിക്കുന്നു. കത്തിക്കുമ്പോഴത്തെ താപനില ഓര്‍ത്തുനോക്കൂ. ആഗോള താപനം വര്‍ധിക്കാനും ദക്ഷിണധ്രുവത്തില്‍ മഞ്ഞുമലകള്‍ ഉരുകാനും ഇത് കാരണമാകില്ലേ?
പരിസ്ഥിതിക്കാര്‍ക്ക് മഞ്ഞുമല ഉരുകുന്നതാണ് വിഷയം. ഇതുതന്നെ കാപട്യമെന്ന് മൃഗസ്‌നേഹികള്‍ കരുതുന്നു. മൃഗങ്ങള്‍ക്കും മനുഷ്യാവകാശമുണ്ട് എന്ന് ഇവരോര്‍ക്കുന്നില്ല.
ഇവിടെ താറാവുകള്‍ ഇരട്ട ഗൂഢാലോചനക്ക് ഇരയാണ്. പക്ഷിപ്പനിയാണ് ഒരു ഗൂഢാലോചന; മറ്റൊന്ന് കൂട്ടക്കൊല. രോഗത്തിന്റെ ഇര; മനുഷ്യന്റെ സ്വാര്‍ഥതയുടെയും ഇര.
രോഗം പിടിപെട്ടു എന്ന കാരണത്താല്‍ കൊലക്കും ഇരയാകുന്നു. മനുഷ്യര്‍ക്ക് രോഗം പിടിച്ചാല്‍ ചുട്ടുകൊല്ലുമോ?
പക്ഷിപ്പനി ബാധയുള്ള സ്ഥലത്തുനിന്ന് നൂറു കിലോമീറ്ററെങ്കിലും ദൂരമുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മൃഗസ്‌നേഹികള്‍ ഒരു പ്രയോഗം പാസാക്കി: പക്ഷികളെ കൊല്ലുകയല്ല, സ്‌നേഹിക്കുകയാണ് വേണ്ടത്. ചികിത്സിക്കണം. പക്ഷിയാശുപത്രികള്‍ ഉടനെ സ്ഥാപിക്കണം. ഡോക്ടര്‍മാരെയും സ്റ്റാഫിനെയും നിയമിക്കണം. പ്രതിരോധ വാക്‌സിനും ചികിത്സാമരുന്നും കണ്ടുപിടിക്കാന്‍ വേണ്ടതു ചെയ്യണം. ആവശ്യമെങ്കില്‍ സി.ബി.ഐയെത്തന്നെ അന്വേഷണച്ചുമതല ഏല്‍പ്പിക്കണം.
മൃഗങ്ങളെ കൊല്ലരുത്; സ്‌നേഹിക്കുക-സുന്ദരമായ മുദ്രാവാക്യം. അത് പടര്‍ന്നു. പക്ഷിപ്പനിയേക്കാള്‍ വേഗത്തിലാണ് മൃഗസ്‌നേഹജ്വരം എന്ന ലൈഫ്‌സ്റ്റൈല്‍ രോഗം പടരുക.
പടര്‍ന്നു തുടങ്ങിയപ്പോഴേക്കും ഭാഗ്യവശാല്‍ ഒരു സംഭവമുണ്ടായി. മൃഗസ്‌നേഹിസംഘം പ്രസിഡന്റിന്റെ വീട്ടില്‍, പരിസരബോധമോ ഔചിത്യദീക്ഷയോ കൂടാതെ ഒരു കോഴി തൂങ്ങി നില്‍പ്പുതുടങ്ങി. സംഘം നിര്‍വാഹക സമിതി അടിയന്തര യോഗം ചേര്‍ന്നു.
തിയറിയില്‍ പിഴവില്ല. പക്ഷേ നയത്തില്‍ ചെറിയ ഭേദഗതി വേണമെന്ന് തീരുമാനിച്ചു. സാധാരണ നിലക്ക് പക്ഷികളെ കൊല്ലാന്‍ പാടില്ലാത്തതാണ്. എങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ (ഒഴിച്ചുകൂടാനാവാത്ത സന്ദര്‍ഭങ്ങളില്‍ മാത്രം) മൃഗരക്ഷാനയത്തില്‍ ചെറിയ (വളരെ ചെറിയ) മാറ്റത്തിരുത്തലുകള്‍ വരുത്താവുന്നതാണ്.
പ്രത്യേകവും ഒഴിച്ചുകൂടാനാവാത്തതുമായ സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നു എന്ന് സമിതി കണ്ടു. അതുകൊണ്ട് - അതുകൊണ്ടുമാത്രം- രോഗമുള്ളതും ഇല്ലാത്തതുമായ എല്ലാ കോഴികളെയും കൊന്ന് തീയിട്ട് ചുട്ട്, ചാരത്തില്‍ തുല്യ അളവില്‍ ബ്ലീച്ചിങ് പൗഡറും മറ്റും ചേര്‍ത്ത ശേഷം ആറടി താഴ്ചയില്‍ കുഴിച്ചു മൂടിയിട്ടേ സമിതി പിരിഞ്ഞു പോയുള്ളൂ.
മൃഗസ്‌നേഹികള്‍ മൃഗങ്ങളെ കൊല്ലാമോ എന്ന് ചോദ്യമുയരാം. മനുഷ്യനും മൃഗമല്ലേ എന്ന് പ്രസിഡന്റ് കുറിനോക്കി ചോദ്യം തൊടുത്തത് ഈ സാഹചര്യത്തിലാണ്. എങ്കിലും പിരിയുന്നതിന് മുമ്പ് യോഗം ജീവഹാനി നേരിട്ട എല്ലാ പക്ഷികളുടെയും പേരില്‍ അനുശോചിക്കുകയും 'മൃഗങ്ങളും മനുഷ്യരല്ലേ, അല്ലേ, മനുഷ്യരും മൃഗങ്ങളല്ലേ'' എന്ന കവിത ആലപിക്കുകയും ചെയ്തു എന്നത് പ്രസ്താവ്യമാണ്.
പക്ഷിപ്പനിയില്‍ ഗൂഢാലോചന കണ്ടെത്തിയ മറ്റൊരു കൂട്ടരാണ് പത്രങ്ങള്‍. അച്ചടി മാധ്യമങ്ങളാണ് ഇര. രണ്ടരലക്ഷം താറാവുകളെ ചുട്ടുകൊല്ലുന്ന സംഭവമെടുക്കുക. ചാനലുകള്‍ക്ക് അതിന്റെ തല്‍ക്ഷണ ദൃശ്യങ്ങള്‍ കാട്ടി കാണികളെ പിടികൂടാനാകും. കണ്ണിനെ കീഴ്‌പെടുത്തുന്ന തീനാളങ്ങള്‍. ചന്ദ്രയാത്രക്കാരുടെ സുരക്ഷാ ഉടുപ്പണിഞ്ഞവര്‍ ചുറ്റും. കൂട്ടമായി കത്തിനശിക്കുന്ന പക്ഷികള്‍. ഗംഭീരമായ ദൃശ്യവിരുന്ന്. പത്രങ്ങള്‍ തോറ്റതു തന്നെ.
പത്രങ്ങളല്ല സാക്ഷാല്‍ ഇര, ഞങ്ങളാണ് എന്ന് ഹോട്ടല്‍ വ്യാപാരികള്‍. തമിഴ്‌നാട്ടിലെ മാട്ടിറച്ചി ലോബിയും ആന്ധ്രയിലെ പച്ചക്കറി ലോബിയും ചേര്‍ന്ന് കേരളത്തിലെ താറാവ് കൃഷിക്കാരെ കുടുക്കിയതാണ്. ഇത് ഹോട്ടലുകാരെയാണ് ബാധിക്കുന്നത്. എല്ലാറ്റിനും വില കൂടും.
വീട്ടമ്മമാരും ഗൂഢാലോചന കണ്ടുപിടിച്ചിട്ടുണ്ട്. ഓംലറ്റ് കൊണ്ട് ദിവസങ്ങളോളം പിടിച്ചു നില്‍ക്കാമായിരുന്ന സ്ഥിതി മാറി എന്നതു മാത്രമല്ല പ്രശ്‌നം. പാചകത്തൊഴിലുകാരോടൊപ്പം അവരും ചാനലുകളിലെ ഷെഫ് പരിപാടികളിലാണ്. ഓംലറ്റ് അച്ചാറും താറാവിറച്ചി പായസവും സ്‌ക്രിപ്റ്റാക്കി വെച്ചിരുന്ന ഒരു മിടുക്കന്‍ രോഷം അടക്കാനാനാവാതെ പറഞ്ഞത്, ഈ താറാവുകള്‍ക്ക് പോയി ചത്തുകൂടായിരുന്നോ എന്നാണ്.
പക്ഷിപ്പനി എല്ലാവരെയും ബാധിച്ചു എന്ന് വളരെ ചുരുക്കിപ്പറയാം. ബാധിക്കാത്ത ഒരു കൂട്ടര്‍ മാത്രമുണ്ട്. അത്, തറാവുകളാണ്. ചിക്കന്‍ 65 എന്നും ചിക്കന്‍ ബിരിയാണി എന്നുമുള്ള ബഹുമതി പേരുകളില്‍ സ്റ്റാര്‍ ഹോട്ടലിലെ വിരുന്നുമേശ അലങ്കരിക്കലാണ് തങ്ങളുടെ അന്ത്യാഭിലാഷമെന്നു പറഞ്ഞ് അവര്‍ക്കും പ്രതിഷേധിക്കാമായിരുന്നു. പക്ഷേ, ലോകത്തുള്ള മറ്റെല്ലാവരുടെയും ദുഃഖത്തിനു മുന്നില്‍ തങ്ങളുടേത് ഒന്നുമല്ലെന്ന് അവര്‍ തിരിച്ചറിയുന്നു.
പക്ഷിപ്പനി വൈറസാണ് ശരിക്കും നാണം കെട്ടത്. മലയാളിയുടെ ഗുഢാലോചനാ സിദ്ധാന്തങ്ങള്‍ക്കു മുന്നില്‍ താനെത്ര നിസ്സാരന്‍!