താരാട്ടുപാട്ടില്‍നിന്നും ഇശലിന്റെ പരിമളം മീട്ടി<br> രിഫ പാടുന്നു
കെ. അത്തീഫ് /ഫീച്ചർ
2015 ജനുവരി
ശ്രുതി മധുരമായ ശബ്ദം കൊണ്ട് മാപ്പിള ഗാനാസ്വാദക മനസ്സില്‍ ഇശല്‍ നിലാവിന്റെ കുളിര്‍മഴ പെയ്യിച്ച പതിനൊന്നുകാരി രിഫാമോള്‍
ശ്രുതി മധുരമായ ശബ്ദം കൊണ്ട് മാപ്പിള ഗാനാസ്വാദക മനസ്സില്‍ ഇശല്‍ നിലാവിന്റെ കുളിര്‍മഴ പെയ്യിച്ച പതിനൊന്നുകാരി രിഫാമോള്‍ റിയാലിറ്റി ഷോയിലൂടെ കേരളത്തിന്റെ മാപ്പിള സംഗീതാസ്വാദകരുടെയൊന്നടങ്കം മനം കവര്‍ന്ന ഗായികയായി മാറുകയാണ്. തനത് മാപ്പിളപ്പാട്ടില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മണ്‍മറഞ്ഞ ആദ്യകാല ഗായകന്‍ എ. വി. മുഹമ്മദ് അടക്കമുള്ളവരുടെ ക്ലാസിക്കല്‍ ഗാനങ്ങള്‍ക്ക് പുനര്‍ജനിയേകിയാണ് രിഫ മാപ്പിള ഗാനാപലാപനത്തില്‍ സ്വന്തമായി ഇടം തീര്‍ക്കുന്നത്.
അറുപത്- എഴുപത് കാലഘട്ടത്തില്‍ മാപ്പിള ഗാനാസാദ്വകരുടെ മനംനിറച്ച് എ.വി പാടിയ 'തകര്‍ത്താളീടണം എന്‍ പാപമല്ലാ...' എന്ന് തുടങ്ങുന്ന പാട്ട് രിഫയുടെ ഇളം ശബ്ദത്തില്‍ നമ്മുെട കര്‍ണ്ണപടത്തില്‍ എത്തുമ്പോള്‍ ആ കാലഘട്ടത്തില്‍ കേരളത്തിലങ്ങളോമിങ്ങോളം കല്ല്യാണ സദസ്സുകളിലും മറ്റും നിറഞ്ഞുനിന്ന പാട്ടിന്റെ പെരുമഴക്കാലം വീണ്ടും തിരിച്ചുവന്ന പ്രതീതിയാണുണ്ടാവുക.
മോയിന്‍കുട്ടി വൈദ്യരുടേയും പുലിക്കോട്ടില്‍ ഹൈദറിന്റേയുമെല്ലാം ഇശലുകളില്‍ വിരിഞ്ഞ ഗാനങ്ങള്‍ രിഫക്ക് നന്നായി വഴങ്ങും. റംലാ ബീഗം, ആയിഷാ ബീഗം, വിളയില്‍ ഫസീല, സിബല്ല സദാനന്ദന്‍ തുടങ്ങിയ പ്രമുഖ ആദ്യകാല ഗായികമാരുടെ ഗാനങ്ങളും പഴയ ശീലുകളില്‍ തനിമ ചോരാതെ പാടാന്‍ കഴിയുന്നു എന്നതാണ് രിഫയെ മറ്റു പുതുതലമുറ ബാല ഗായികമാരില്‍നിന്നും വേറിട്ട് നിര്‍ത്തുന്നത്.
കൈരളി ചാനലിന്റെ കുട്ടിപ്പട്ടുറുമാല്‍ എന്ന റിയാലിറ്റി ഷോ ഫൈനലില്‍ മൂന്നാം സ്ഥാനം ഈ കൊച്ചുമിടുക്കിക്കായിരുന്നു. ദര്‍ശന ടി.വിയിലെ കുട്ടിക്കുപ്പായം എന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ സെമി ഫൈനല്‍ റൗണ്ടിലും പ്രവേശിച്ചു. മീഡിയാ വണ്‍ ചാനലിലെ പതിനാലാം രാവ് ആണ് അടുത്ത ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന അസോസിയേഷന്‍ ഓഫ് മാപ്പിള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ രിഫാ മോളും പങ്കെടുത്തിരുന്നു. മുംബൈയിലെ കൊളാവോ അസോസിയേഷന്‍ സംഘടിപ്പിച്ച പ്രോഗ്രാമില്‍ പങ്കെടുത്തതോടെ രിഫക്ക് തിരക്കേറുകയാണ്.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ആദ്യ ആല്‍ബം പുറത്തിറങ്ങി. റയ്യാന്‍, സ്‌നഹ റസൂല്‍, ബര്‍ക്കത്ത്, സൈതൂന്‍ എന്നീ ആല്‍ബങ്ങളാണ് ഈ പതിനൊന്നുകാരിയുടേതായി പുറത്തിറങ്ങിത്.
മലപ്പുറം ജില്ലയിലെ കാളികാവ് ചോക്കാട് ജി.എം. യു. പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രിഫ സ്‌കൂള്‍, സബ്ജില്ലാ മല്‍രങ്ങളിലും മികവ് തെളിയിച്ചു. മൂന്നാം ക്ലാസിലും നാലാം ക്ലാസിലും വണ്ടൂര്‍ സബ് ജില്ലയില്‍ ലളിത ഗാന മല്‍ത്സരത്തിലും അറബി ഗാനത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
ഉമ്മ റുക്‌സാനയുടെ താരാട്ടുപാട്ടുകളില്‍നിന്നാണ് റിഫയുടെ മനസ്സില്‍ സംഗീതത്തിന്റെ ഇശലൊളി മിന്നിത്തുടങ്ങിയത്. റുക്‌സാന ചൊല്ലിപ്പഠിപ്പിച്ച ഇശല്‍ മൊഴികളിലൂടെ ഗാനാലാപന രംഗത്തേക്ക് ചുവട് വെച്ചു. മകളുടെ സംഗീതാഭിരുചി തൊട്ടറിഞ്ഞതോടെ സക്കീറും റുക്‌സാനയും മകള്‍ക്ക് നിറഞ്ഞ പ്രോല്‍സാഹനങ്ങളും നല്‍കി. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോല്‍ മജീദ് ഈണമിട്ട റയ്യാന്‍ ആല്‍ബത്തിലാണ് ഒരു പ്രൊഫഷണല്‍ ഗായികയുടെ പരിവേഷത്തോടെ രിഫ പാടിത്തുടങ്ങുന്നത്. മഞ്ചേരി ബ്ലൈന്‍ഡ് സ്‌കൂളിലെ നിസാര്‍മാസ്റ്ററും ഗായകനായ അനീസ് കൂരാടുമാണ് ഇപ്പോള്‍ രിഫക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നത്.
രിഫയുടെ പാത പിന്തുടര്‍ന്ന് കൊച്ചനുജത്തി നിദയും ഇപ്പോള്‍ സംഗീത ലോകത്തേക്ക് പതിയെ ചുവട് വെച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സബ്ജില്ലയില്‍ മികച്ച ഗായിക പട്ടം ചൂടിയതിന് പിന്നാലെ പ്രോഗ്രാമുകളുമായി രിഫക്കൊപ്പം ഇപ്പോള്‍ നിദയും ഗാനാലാപന രംഗത്ത് സജീവ സാനിധ്യമായി മാറുന്നുണ്ട്.
കൂലിപ്പണിയെടുത്ത് ജീവിതം നയിക്കുന്ന സക്കീറിന് മകളുടെ സംഗീതാഭിരുചിക്ക് മുമ്പില്‍ ഉപജീവനം പലപ്പോഴും കടുത്ത വെല്ലുവിളിയാണ്. മൂന്ന് സെന്റ് സ്ഥലത്ത് കൊച്ചു വീട്ടിലാണ് സക്കീറും ഭാര്യ റുക്‌സാനയും അടങ്ങുന്ന കുടുംബവും ഇപ്പോള്‍ കഴിയുന്നത്.
കുട്ടിപ്പട്ടുറുമാല്‍ റിയാലിറ്റി ഷോയില്‍ മൂന്നാം സ്ഥാനക്കാരിയായി മാറിയതോടെ രിഫക്ക് ഇപ്പോള്‍ തിരക്കൊഴിഞ്ഞ നാളുകളില്ല. പകലും രാത്രിയും ഗാനലാപനത്തിലൂടെ മാപ്പിള ഗാനാസ്വാദകമനം കുളിര്‍പ്പിക്കാന്‍ രിഫയുടെ തേന്‍മൊഴിയുള്ള ശബ്ദമാധുരി വേണമെന്നതാണ് കാരണം.