ഖുര്‍ആനിലെ സ്ത്രീ <br>ആമുഖ ലേഖനം

ശൈഖ് മുഹമ്മദ് കാരകുന്ന് No image

      മനുഷ്യന്‍ ആത്മാവും ശരീരവും ചേര്‍ന്നതാണ്. ശരീരം നശിക്കും. മണ്ണില്‍ വെച്ചാല്‍ പുഴു തിന്നും. ചിതയില്‍ വെച്ചാല്‍ ചാരമാകും. ആത്മാവിന് നാശമില്ല. ശരീരം ആത്മാവിന്റെ വാഹനമാണ്. ജനനം മുതല്‍ മരണം വരെ അത് ആത്മാവിനെ വഹിക്കുന്നു. മരണത്തോടെ അതിന്റെ ആവശ്യം ഇല്ലാതാകുന്നു. നിയോഗം അവസാനിക്കുന്നു. പിന്നെ ആത്മാവിനേ പ്രസക്തിയുള്ളൂ. മരണത്തോടെ അത് ഭൂമിയിലെ കര്‍മങ്ങളുടെ ഫലമനുഭവിക്കാന്‍ തുടങ്ങുന്നു. ഉയര്‍ത്തെഴുന്നേല്‍പ്പുനാളില്‍ ആത്മാവ് ആര്‍ജിതമായ നന്മതിന്മകള്‍ക്കനുസൃതമായ ശരീരം സ്വീകരിക്കുന്നു. അത് ഭൂമിയിലുണ്ടായിരുന്ന ശരീരത്തില്‍ നിന്നായിരിക്കാം രൂപപ്പെടുന്നത്. എന്നാല്‍ ഒരിക്കലും ഇവിടെ ഉണ്ടായിരുന്നതാവുകയില്ല. നീണ്ടവര്‍ നീണ്ടവരോ, കുറിയവര്‍ കുറിയവരോ, കറുത്തവര്‍ കറുത്തവരോ, വെളുത്തവര്‍ വെളുത്തവരോ, കണ്ണുള്ളവര്‍ ഉള്ളവനോ ഇല്ലാത്തവര്‍ കണ്ണില്ലാത്തവരോ ആവുകയില്ല.
ശരീരത്തിന്റെ സുഖദുഃഖങ്ങള്‍ വളരെ താല്‍ക്കാലികമാണ്. ഏറ്റം രുചികരമായ ആഹാരം കഴിച്ചാലുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും പരമാവധി ഏതാനും മണിക്കൂര്‍ മാത്രമായിരിക്കും. എന്നാല്‍ ആത്മീയസുഖം പലപ്പോഴും മരണം വരെ നിലനില്‍ക്കും. ശരീരം പ്രയാസപ്പെടുമ്പോഴായിരിക്കും പലപ്പോഴും സന്തോഷവും സംതൃപ്തിയും ഉണ്ടാവുക. ആഹാരം കഴിക്കാനിരിക്കുമ്പോള്‍ പട്ടിണികൊണ്ട് പൊറുതിമുട്ടി വിശന്നു വലഞ്ഞ് വയറൊട്ടിയ ഒരാള്‍ വന്നാല്‍ അത് കഴിക്കുന്നതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും കഴിക്കാതെ അയാള്‍ക്ക് കൊടുക്കുന്നതിലായിരിക്കും. കാല് കല്ലില്‍ കുത്തി വേദനിക്കുന്നതിനേക്കാള്‍ എത്രയോ ശക്തവും തീവ്രവുമായിരിക്കും ആള്‍ക്കൂട്ടത്തില്‍ വെച്ച് അപമാനിതനായാല്‍ ആത്മാവ് അനുഭവിക്കുന്ന ദുഃഖവും വേദനയും. ഏറ്റവും രുചികരമായ ആഹാരത്തേക്കാള്‍ എത്രയോ ആസ്വാദ്യകരമായിരിക്കും ആള്‍ക്കൂട്ടത്തില്‍ വെച്ച് പ്രശംസിക്കപ്പെടുമ്പോഴുണ്ടാകുന്ന ആനന്ദം.
ശരീരത്തിന്റെ ആവശ്യങ്ങള്‍ക്കും പരിമിതിയുണ്ട്. എത്രയൊക്കെ സമ്പത്തും വിഭവങ്ങളുമുണ്ടെങ്കിലും പരമാവധി ഒരു വയറു നിറക്കാനും ഒരു ശരീരം മറക്കാനും ഒരു കസേരയിലിരിക്കാനും ഒരു കട്ടിലില്‍ കിടക്കാനും ഒരു മുറിയിലുറങ്ങാനും ഒരു വാഹനത്തില്‍ സഞ്ചരിക്കാനുമേ സാധിക്കുകയുള്ളൂ.
ഏതു തലത്തില്‍ നിന്നുനോക്കിയാലും ശരീരത്തിന് ഒട്ടേറെ പരിമിതികളുണ്ട്. ആത്മാവിന് അതില്ല. അതിനാല്‍ ശരീരത്തെക്കാള്‍ പ്രധാനം ആത്മാവിനാണ്. ശരീരത്തില്‍ അത് സന്നിവേശിക്കപ്പെടുമ്പോഴേ മനുഷ്യനാവുകയുള്ളൂ. അത് വേര്‍പിരിഞ്ഞാല്‍ ശരീരം ശവമായിത്തീരുന്നു.
അല്ലാഹു ആദരിച്ചത് ആത്മാവുള്ള മനുഷ്യനെയാണ്. മലക്കുകളോട് സാഷ്ടാംഗം ചെയ്യാന്‍ പറഞ്ഞത് ആത്മാവ് സന്നിവേശിക്കപ്പെട്ട മനുഷ്യനാണ്. ' അങ്ങനെ ഞാനവനെ രൂപപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അവനിലൂതുകയും ചെയ്താല്‍ നിങ്ങളെല്ലാം അവന് സാഷ്ടാംഗം പ്രണമിക്കുക. അങ്ങനെ മലക്കുകളൊക്കെ പ്രണമിച്ചു.'' (ഖുര്‍ആന്‍: 15:29-30, 38:72-73)
മനുഷ്യന്റെ സത്ത അവന്റെ ആത്മാവാണ്. ആത്മാവിന്റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തമ്മില്‍ ഒരന്തരവുമില്ല. അവകാശ-ബാധ്യതകള്‍ ഒരുപോലെയാണ്. കാരണം ആണും പെണ്ണും സൃഷ്ടിക്കപ്പെട്ടത് ഒരേ സത്തയില്‍ നിന്നാണ്. 'മനുഷ്യരെ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരായിത്തീരുക. ഒരൊറ്റ സത്തയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അത്് രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു (4:1).
സന്തോഷം, ദുഃഖം, സ്‌നേഹം, വെറുപ്പ്, അഭിമാനം, അപമാനം, കാരുണ്യം, ക്രൂരത തുടങ്ങിയ എല്ലാ വികാരങ്ങളും ആത്മീയമാണ്. ഇവയുടെയൊന്നും കാര്യത്തില്‍ സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ ഒരന്തരവുമില്ല. ഇരുവിഭാഗവും ഒരേപോലെ സ്‌നേഹവും സന്തോഷവും കാരുണ്യവും അഭിമാനവും അനുഭവിക്കാന്‍ അര്‍ഹരാണ്. മറ്റുള്ളവര്‍ക്ക് അവ നല്‍ക്കാന്‍ ബാധ്യസ്ഥരുമാണ്. ഇരു വിഭാഗത്തെയും ദുഃഖിപ്പിക്കാനോ വെറുപ്പിക്കാനോ അപമാനിക്കാനോ പാടില്ല. ജീവന്‍, അഭിമാനം, സ്വത്ത് പോലുള്ളവയുടെ സുരക്ഷിതത്വത്തിലും ഇരുവിഭാഗവും തുല്യരാണ്. വിശ്വാസ സ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം പോലുള്ളവയിലും അവ്വിധം തന്നെ. അഥവാ മൗലിക മനുഷ്യാവകാശങ്ങളില്‍ ആണ്‍-പെണ്‍ വ്യത്യാസം അല്‍പം പോലുമില്ല. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വെള്ളം, വെളിച്ചം, വിദ്യാഭ്യാസം, ചികിത്സ പോലുള്ള പ്രാഥമികാവശ്യങ്ങളുടെ കാര്യത്തിലും സ്ത്രീ-പുരുഷ ഭേദമൊട്ടുമില്ല.
ഭൂമിയിലെ കര്‍മങ്ങളുടെ രക്ഷാശിക്ഷകളനുഭവിക്കുന്നത് ആത്മാവാണല്ലോ. അക്കാര്യത്തിലും ലിംഗവ്യത്യാസം ഒട്ടുമില്ല. അല്ലാഹു അറിയിക്കുന്നു: ''അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരമേകി. പുരുഷനായാലും സ്ത്രീയായാലും നിങ്ങളിലാരുടെയും പ്രവര്‍ത്തനത്തെ ഞാന്‍ പാഴാക്കുകയില്ല. നിങ്ങളിലൊരു വിഭാഗം മറ്റുവിഭാഗത്തില്‍നിന്നുണ്ടായവരാണ്. അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ നാട് വെടിഞ്ഞവര്‍, സ്വന്തം വീടകങ്ങളില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍, ദൈവമാര്‍ഗത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍, യുദ്ധത്തിലേര്‍പ്പെടുകയും വധിക്കപ്പെടുകയും ചെയ്തവര്‍, എല്ലാവരുടെയും തിന്മകളെ നാം മായ്ച്ചില്ലാതെയാക്കും, തീര്‍ച്ച. താഴ്ഭാഗത്തൂടെ നദികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നാമവരെ പ്രവേശിപ്പിക്കും. അതൊക്കെയും അല്ലാഹുവില്‍ നിന്നുളള പ്രതിഫലമാണ്. അല്ലാഹുവിന്റെ അടുത്ത് മാത്രമാണ് ഉത്തമമായ പ്രതിഫലമുള്ളത്. (3:195)
വിശ്വാസം, ആചാരം, അനുഷ്ഠാനം, ഭക്തി, സത്യസന്ധത പോലുള്ള മതപരവും ആത്മീയവുമായ കാര്യങ്ങളിലും സ്ത്രീപുരുഷ ഭേദമൊട്ടുമില്ല. 'അല്ലാഹുവിലുള്ള സമര്‍പ്പണമാണ് സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്.'' (33:35)
''സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പ്പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വ്വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല. അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ, തീര്‍ച്ച.'' (9:71)
സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ വ്യത്യാസമുള്ളത് ശരീരത്തിന്റെ കാര്യത്തിലാണ്. ഈ അന്തരം മനുഷ്യരാശിയുടെ നിലനില്‍പ്പിന് അനിവാര്യവുമാണ്. ശരീരത്തിന്റെ ഈ അന്തരമനുസരിച്ച് അതിന്റെ അവകാശ ബാധ്യതകളില്‍ വ്യത്യാസമുണ്ട്. എന്നാലിത് വിവേചനവും അസമത്വവുമല്ല. ആണെങ്കില്‍ അതനുഭവിക്കാത്ത ആരും ഈ ലോകത്തില്ല. ഇവിടെ പുരുഷന്മാരും സ്ത്രീകളും, നീണ്ടവരും കുറിയവരും, കറുത്തവരും വെളുത്തവരും, രോഗികളും ആരോഗ്യവാന്മാരും, കരുത്തരും ദുര്‍ബ്ബലരും, പണക്കാരും പാവങ്ങളും, പണ്ഡിതന്മാരും പാമരന്മാരും, പ്രതിഭാശാലികളും സാമാന്യ ബുദ്ധികളും മന്ദബുദ്ധികളുമെല്ലാമുണ്ട്. നല്ല കാലാവസ്ഥയുള്ള നാടുകളില്‍ കഴിയുന്നവരും മരുഭൂമിയില്‍ താമസിക്കുന്നവരും വികസിത നാടുകളിലുള്ളവരും അവികസിത നാടുകളിലുള്ളവരുമുണ്ട്. പുരോഗതി ഒട്ടുമില്ലാതിരുന്ന കാലത്ത് ജീവിച്ചവരും വലിയ വികാസം നേടിയ കാലത്ത് ജിവിക്കുന്നവരുമുണ്ട്. ഈ വ്യത്യാസങ്ങളെല്ലാം ജീവിത സൗകര്യങ്ങളെയും ലഭിക്കുന്ന സ്ഥാനമാനങ്ങളെയും അധികാരസ്ഥാനങ്ങളെയും പേരിനെയും പ്രശസ്തിയേയും അവകാശ ബാധ്യതകളെയുമെല്ലാം സാരമായി ബാധിക്കുന്നു. ഇതൊക്കെയും വിവേചനവും അസമത്വവുമാണെങ്കില്‍ അതില്ലാതാക്കാന്‍ എല്ലാവരും ഒരേ കാലത്ത് ഒരേ കാലാവസ്ഥയില്‍ ഒരേ ശരീരപ്രകൃതിയോടെ ഒരേ രൂപത്തില്‍ ഒരേ നീളത്തിലും തടിയിലും ഒരേ പ്രദേശത്ത് ഒരേ സാമ്പത്തികാവസ്ഥയോടെ ഒരേ ബുദ്ധിശക്തിയോടെ ഒരേ ലിംഗക്കാരായിത്തീരേണ്ടിവരും. എന്നാല്‍ ഇങ്ങനെയൊരവസ്ഥയും ലോകവും സാധ്യമല്ലെന്ന് പറയേണ്ടതില്ലല്ലോ.
അതിനാല്‍ ഓരോരുത്തര്‍ക്കും ദൈവദത്തമായി ലഭ്യമായ സാധ്യതയും സ്വാതന്ത്ര്യവുമനുസരിച്ചാണ് ബാധ്യത. കണ്ണുള്ളവന്റെ അത്ര ബാധ്യത കണ്ണില്ലാത്തവനില്ല. ആരോഗ്യവാന്റെ അത്ര ബാധ്യത രോഗിക്കോ കരുത്തന്റെ അത്ര ബാധ്യത ദുര്‍ബലനോ പ്രതിഭാശാലിയുടെ അത്ര ബാധ്യത സാമാന്യ ബുദ്ധിക്കോ ആണിന്റെ അത്ര ബാധ്യത പെണ്ണിനോ പെണ്ണിന്റെ ബാധ്യത ആണിനോ ഇല്ല. ഈ ബാധ്യത യഥാവിധി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മരണാനന്തരമുള്ള ശാശ്വത ജീവിതത്തില്‍ സ്വര്‍ഗത്തിലെ സുഖകരമായ ജീവിതം; അല്ലാത്തവര്‍ക്ക് നരകത്തിലെ കഠിനമായ ശിക്ഷയും. അതിനാല്‍ ആരോടും അനീതിയോ വിവേചനമോ ഇല്ല.
ഇപ്രകാരം തന്നെ ഓരോരുത്തര്‍ക്കും ആവശ്യമുള്ളതെല്ലാം ലഭ്യമാക്കണം. അത് ഓരോരുത്തരുടെയും അവകാശമാണ്. എന്നാല്‍ കണ്ണുള്ളയാള്‍ക്ക് വേണ്ടതായിരിക്കില്ല, കണ്ണില്ലാത്തവര്‍ക്ക് വേണ്ടത്. മുതിര്‍ന്നവര്‍ക്ക് ആവശ്യമുള്ളതായിരിക്കില്ല കുട്ടികള്‍ക്ക് ആവശ്യം. ആണിനു വേണ്ടതാവില്ല പെണ്ണിനു വേണ്ടത്. ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് ലഭ്യമാക്കുമ്പോഴാണ് സാമൂഹ്യ നീതി പുലരുക. ഓരോരുത്തരുടെയും സാധ്യതയനുസരിച്ചുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കുകയും വേണം. അത്തരമൊരു സമൂഹത്തെയാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്.
എന്നാല്‍ ആത്മാവിന്റെ പ്രാധാന്യവും അനശ്വരതയും മനസ്സിലാക്കാത്ത ഭൗതിക സമൂഹം മനുഷ്യനെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു. ശരീരത്തെ മനുഷ്യനായി കാണുന്നു. അതിന്റെ പ്രകൃതത്തിലെ അന്തരവും അതനുസരിച്ചുള്ള അവകാശബാധ്യതകളിലെ വ്യത്യാസവും വിവേചനമായും അസമത്വമായും സങ്കല്‍പിക്കുന്നു. അതുകൊണ്ടു തന്നെ ശരിയായ ജീവിത വീക്ഷണം അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും കഴിയാതെ പോകുന്നു.
ആത്മാവുള്ളപ്പോഴേ ശരീരം മനുഷ്യനാവുകയുള്ളൂവെന്ന് പ്രഖ്യാപിക്കുന്ന ഇസ്‌ലാം സ്ത്രീ പുരുഷ വിവേചനത്തെയും അവര്‍ക്കിടയിലെ അസമത്വത്തെയും തീര്‍ത്തും നിരാകരിക്കുന്നു. അതിന്റെ കാഴ്ചപ്പാടില്‍ ആണിനാണോ പെണ്ണിനാണോ പ്രഥമ സ്ഥാനവും പദവിയുമെന്ന ചോദ്യംപോലും അപ്രസക്തമാണ്. മഹത്വത്തിലും പദവിയും മാന്യതയിലും സ്ത്രീയും പുരുഷനും ഒരുപോലെയാണ്. ദമ്പതികളെന്ന നിലയില്‍ പുരുഷനാണ് നേതൃത്വമെങ്കില്‍ മാതാപിതാക്കളെന്ന നിലയില്‍ പ്രഥമ സ്ഥാനവും പദവിയിലും ആദരവും മാതാവിനാണ്. ഇവ്വിധം ഇസ്‌ലാം ആണിനെയും പെണ്ണിനെയും മനുഷ്യരായി കാണുന്നു. തുല്യരായി പരിഗണിക്കുന്നു. ഭൗതികത അവരെ വര്‍ഗങ്ങളായി കാണുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിവേചനം കല്‍പിക്കുന്നു. മനുഷ്യനെ മനസ്സിലാക്കുന്നതില്‍ സംഭവിച്ച ഗുരുതരമായ അബദ്ധമാണിതിനു കാരണം. ഇസ്‌ലാം ഈ അബദ്ധത്തെ തിരുത്തുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top