ത്യാഗത്തിന്റെ പ്രബോധന പ്രതിഭ
എം.ടി ആയിഷ /ഓർമ്മ
2015 ജനുവരി
ഒരുകാലത്ത് പാട്ടുപാടിയും കഥ പറഞ്ഞും കൃഷിക്കാരനായും ചെരിപ്പുകുത്തിയായും ചിലപ്പോള്‍ കുട നന്നാക്കിയും മീന്‍പിടിച്ചും
ഒരുകാലത്ത് പാട്ടുപാടിയും കഥ പറഞ്ഞും കൃഷിക്കാരനായും ചെരിപ്പുകുത്തിയായും ചിലപ്പോള്‍ കുട നന്നാക്കിയും മീന്‍പിടിച്ചും അതോടൊപ്പം വലിയൊരു ശിഷ്യഗണത്തിന്റെ അധ്യാപകനായും ജീവിതം വരച്ചുതീര്‍ത്ത യു.കെ അബൂസഹ്‌ലയെന്ന ഒരു സാധാരണ നാട്ടുമ്പുറത്തുകാരനായ വലിയ മനുഷ്യന്‍ ജീവിതത്തില്‍നിന്ന് പടിയിറങ്ങിയിട്ട് ഈ ജനുവരിയില്‍ 28 ആണ്ടുതികയുന്നു.
മണ്ണിലെ മിന്നാമിനുങ്ങുകളെ വിണ്ണിലെ നക്ഷത്രങ്ങളോട് താരതമ്യം ചെയ്ത് അതിലൂടെ പ്രപഞ്ചത്തിന്റെ പരമശക്തിയെ വിസ്തരിക്കുക. അനന്തഗോളങ്ങളുടെ അനുയാത്രകള്‍ വഴി അവയുടെ അജയ്യനായ സ്രഷ്ടാവിനെ കണ്ടെത്തുക. പ്രപഞ്ചകല അതിമനോഹരമായി അനാവരണം ചെയ്ത അനേകായിരം ദൈവദൂതന്മാരുടെ നിയോഗമന ദൗത്യമായ ഏകദൈവ സിദ്ധാന്തത്തെ സ്ഥാപിക്കുക. ചിന്തയെയും ബുദ്ധിയെയും കൈക്കുമ്പിളിലേക്ക് ആവാഹിച്ചെടുത്ത് വികാരങ്ങളെ തഴുകിത്തലോടിയ ആ വരികള്‍ സൂപ്പര്‍ഹിറ്റാവുക. അതായിരുന്നു കലാ-സാഹിത്യത്തിന്റെ ആധുനിക ഭൂമികയില്‍നിന്ന് പാടെ വിസ്മരിക്കപ്പെട്ട മര്‍ഹൂം യു.കെ അബൂസഹ്‌ലയുടെ മിന്നാമിനുങ്ങെന്ന ഒരൊറ്റ മാപ്പിളപ്പാട്ട് നിര്‍വ്വഹിച്ചത്.
കലാ-സാഹിത്യങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് നിരൂപകര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കെ കലാഭൗതിക ജീവിതത്തിന് മാത്രമല്ല മരണാനന്തര ജീവിതത്തിനും കൂടിയാണെന്ന് ആ ധന്യപ്രതിഭയുടെ ഓരോ വരികളും പ്രഖ്യാപിക്കുന്നുണ്ട്.
1924-ല്‍ കോഴിക്കോട് ജില്ലയിലെ മാവൂരിനടുത്തുള്ള തെങ്ങിലക്കടവില്‍ അഹമ്മദ് ഹാജിയുടെയും ബീവി ഫാത്തിമയുടെയും മൂത്ത പുത്രനായി യു.കെ ഇബ്രാഹീം ജനിച്ചു. പ്രകൃതി പ്രാപഞ്ചിക വസ്തുക്കള്‍ക്കോരോന്നിനും വിവിധ ഗുണങ്ങള്‍ നല്‍കുമ്പോള്‍ അതേ സമീപനം തന്നെയാണ് ജന്മസിദ്ധിയുടെ കാര്യത്തില്‍ മനുഷ്യരോടും കാണിച്ചത്. പക്ഷേ, അവരില്‍ ചിലര്‍ കിട്ടിയ ഗുണങ്ങളില്‍ മറ്റുള്ളവരെക്കാള്‍ തിളങ്ങിത്തെളിയുകയാണ്. തെങ്ങിലക്കടവിലെ രമണീയമായ പുഴക്കരയിലൂടെ ഏകാന്തനായി നടക്കുമ്പോള്‍ കണ്ട നക്ഷത്രങ്ങളിലൂടെ മനുഷ്യനെ ചിന്തിപ്പിക്കാനും ഏകദൈവത്വം ബോധ്യപ്പെടുത്താനും കഴിഞ്ഞത് കേരളത്തിലെ ഇസ്‌ലാമിക മാപ്പിളഗാന രചയിതാക്കളില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രമാക്കി യു.കെയെ മാറ്റി.
മനുഷ്യന്‍ പ്രപഞ്ചമെന്ന പ്രവിശാലമായ കലാകേന്ദ്രത്തില്‍ നിന്നും അതിലെ അതുല്യമായ ഭരണവ്യവസ്ഥകളില്‍ നിന്നും പാഠമുള്‍ക്കൊള്ളാത്തതില്‍ കവി വേദനിക്കുക കൂടി ചെയ്യുമ്പോള്‍ ഒരു സാഹിത്യകാരന്റെ ദൗത്യം ഇവിടെ പൂര്‍ണ്ണമാവുകയാണ്.
'പക്ഷേ മനുഷ്യസമൂഹം മാത്രം ലക്ഷണക്കേട് കാണിക്കുന്നു.
പാരില്‍ പരാജയ പാരമ്പര്യ ചേരി തിരിഞ്ഞ് പിടിക്കുന്നു.
പടച്ചോന്‍ നല്‍കിയ സ്വാതന്ത്ര്യം തനി ശിക്ഷാകാരണമാവുന്നു.'
പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ പാരമ്പര്യക്കാരാണെന്നും താന്‍ നിര്‍വഹിക്കേണ്ട ജീവിതദൗത്യം പ്രബോധനമാണെന്നും അതിന്റെ മാര്‍ഗം എന്റെ സര്‍ഗസിദ്ധിയാണെന്നും തിരിച്ചറിഞ്ഞ അബൂ സഹ്‌ല പിന്നീട് മരണംവരെ നിശ്ചലനായിട്ടില്ല. പ്രവാചകന്മാരുടെ പ്രവര്‍ത്തന മാതൃകകള്‍ ഖുര്‍ആനില്‍ നിന്ന് സ്വഭാഷയിലേക്ക് കലാപരമായി പരിഭാഷപ്പെടുത്തിയ 'മൂസാനബിയും ഫിര്‍ഔനും', 'നൂഹ് നബിയും സമുദായവും'' എന്നീ കഥാപ്രസംഗങ്ങള്‍ നിര്‍വ്വഹിച്ചതും ഈ ബാധ്യതയല്ലാതെ മറ്റൊന്നുമല്ല. ഇസ്രാഈല്‍ സമുദായം ഫറോവക്ക് കീഴടങ്ങിയ പോലെ ആധുനിക ഫറോവമാര്‍ക്ക് കീഴ്പ്പെട്ടുകൊണ്ടിരിക്കുന്ന മുതലാളിത്വത്തിന്റെ പൂജകരായ നവ ഇസ്രാഈല്യരെയാണ് അദ്ദേഹം ഇങ്ങനെ വാളോങ്ങുന്നത്-
'കാണാം നമുക്ക് ഈ സമുദായത്തില്‍
സ്ഥാനം വഹിക്കുന്നോരധികാരത്തില്‍
പേരിനൊരുദ്യോഗം ലഭിച്ചാല്‍ പിന്നെ
കൂറ് ഫറോവക്ക് പണയം തന്നെ...''
ആസ്വാദനത്തോടൊപ്പം അദ്ദേഹത്തിന്റെ ഓരോ വരിയും മനുഷ്യ സമൂഹത്തെ വിശ്വാസികളാക്കാനും അവരില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാനുമായിരുന്നു. ആധുനിക പ്രബോധന രീതി പ്രസംഗത്തിലും പ്രബന്ധത്തിലും പരിമിതപ്പെടുത്തുമ്പോള്‍ ഇത് രണ്ടിനും ചെവി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് യു.കെയുടെ ഈ വഴി വലിയ മാര്‍ഗരേഖയായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസം കുറഞ്ഞ കേരള മുസ്‌ലിം വനിതകളുടെ വസ്ത്രധാരണ രീതി, ആരാധനാ സമ്പ്രദായം, കുടുംബജീവിതം തുടങ്ങി വിവിധ രംഗങ്ങളില്‍ ഈ പാട്ടുകള്‍ ചെലുത്തിയ സ്വാധീനം ശക്തമാണ്. പാവാടയും സാരിയും ഹറാമാണെന്ന് ധരിച്ചിരുന്ന അവരോട് തുണി മാത്രമെടുത്ത് റോഡിലൂടെ പോയാലുള്ള അവസ്ഥ വിവരിക്കുന്നത് 'വാതിലടക്കാതെ ഓടുന്ന കാറിന്റെ മാതിരിയുണ്ടല്ലോ'' എന്നു പാടിക്കൊണ്ടാണ്.
സൂറത്തുന്നൂറിനെ അവലംബിച്ച് രചിച്ച 'മറിയക്കുട്ടി'' എന്ന ഗാനശില്‍പം ദീനീ വിദ്യാഭ്യാസത്തിലൂടെ മുസ്‌ലിം പെണ്‍കുട്ടികള്‍ ആര്‍ജിച്ചെടുക്കേണ്ട വിപ്ലവബോധവും അതിന്റെ പരിണിതഫലവും നമ്മെ നന്നായി ബോധ്യപ്പെടുത്തുന്നതാണ്. ശാശ്വതമല്ലാത്ത ഭൗതിക സുഖങ്ങളുടെ പാരമ്യത നിഷ്ഫലമാണെന്നും വിശ്വാസത്തിലൂടെ നേടുന്ന മതഗുണമാണ് ഐശ്വര്യമെന്നും 'ജമീല'' എന്ന ഗാന കഥയും നമ്മെ പഠിപ്പിക്കുന്നു.
മദ്രസയിലും അറബി കോളജിലും അധ്യാപകനായിരുന്ന അബൂസഹ്‌ല അറബി ഭാഷ, ഖുര്‍ആന്‍, നഹ്‌വ്, സ്വര്‍ഫ് എന്നിവയിലെല്ലാം അഗ്രഗണ്യനായിരുന്നു; മാതൃകാപരമായ ഗുരുശിഷ്യബന്ധത്തിന്റെ ഉടമയും. ഓരോ കുട്ടിയുടെയും കഴിവുകള്‍ മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിച്ചെടുത്ത് ഉത്തമമായ അധ്യാപനത്തിലൂടെ അദ്ദേഹം അവരെ ലോകത്തിന് സമര്‍പ്പിച്ചു. പോകുന്ന വഴികളിലും പഠിപ്പിച്ച സ്ഥാപനങ്ങളുടെ ചുറ്റുപാടുകളിലും ഒരുപാട് ഫലവൃക്ഷങ്ങളും അക്കാലങ്ങളില്‍ ഉയിരെടുത്തിട്ടുണ്ട്.
പ്രവാചകന്‍ ഇബ്രാഹീമും പത്‌നി ഹാജറയും പഠിപ്പിച്ച ത്യാഗം തന്റെ ജീവിതത്തില്‍ ഉടനീളം പാലിച്ച ഇബ്രാഹീം മൗലവി സ്‌നേഹവും ശാസനയും നല്‍കി സ്വന്തം മക്കളെ വളര്‍ത്തുമ്പോള്‍ പ്രായാധിക്യത്തിലും അദ്ദേഹം താമസിച്ചിരുന്ന കണ്ണത്തുംപാറയിലെ അയ്യന്‍ചോലയില്‍നിന്ന് വെട്ടിയെടുത്ത വാഴക്കുലയും പച്ചക്കറികളും വാഴക്കാട് വരെ തോളിലേറ്റിവരുമായിരുന്നു. ചിലപ്പോള്‍ ഈ യാത്ര ചാലിയാറും കടന്ന് മാവൂരിലുമെത്തും. പറമ്പില്‍ പണിയെടുക്കുന്ന തൊഴിലാളികളോടൊപ്പം അവരിലൊരാളായി യു.കെ കൂടി ചേരുമ്പോള്‍ ത്യാഗത്തിന്റെയും വിനയത്തിന്റെയും ജീവിക്കുന്ന മാതൃകയായി മാറുന്നു.
ഫലപ്രദമല്ലാത്ത സഞ്ചാരം വെറുത്തിരുന്ന യു.കെ തരം കിട്ടുമ്പോഴൊക്കെ ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും പരിചയപ്പെടുത്താനും പ്രബോധനം ചെയ്യാനും നന്നായി ശ്രമിച്ചിരുന്നു. ഇസ്‌ലാമിക പ്രബോധനം, ഖുത്വുബ, അധ്യാപനം, ഗാനരചന, മദ്രസാ വാര്‍ഷികങ്ങളുടെ മേല്‍നോട്ടം തുടങ്ങി ഒട്ടനവധി മേഖലകളെ പച്ചപിടിപ്പിച്ച അബൂസഹ്‌ല പാടത്തും പറമ്പിലും അധ്വാനിക്കുന്ന ഒരു നല്ല കൃഷിക്കാരനും പശു, കോഴി, പൂച്ച എന്നിവയുടെ വളര്‍ത്തച്ചനുമായിരുന്നു.
ആവശ്യക്കാരന്‍ അന്തിയുറങ്ങുന്നവനല്ല എന്ന വാക്ക് അന്വര്‍ഥമാക്കി രാത്രി വളരെ വൈകി ഉറങ്ങുകയും ഉറങ്ങുമ്പോള്‍ മാത്രം വിശ്രമിക്കുകയുമാണ് പതിവ്. പലപ്പോഴും ഭക്ഷണം കിട്ടാതെ ചിലപ്പോഴെങ്കിലും കിട്ടിയ ഭക്ഷണം കഴിക്കാന്‍ സമയമില്ലാതെ പട്ടിണി മൂലം വെള്ളം കൊണ്ടോ കാരക്ക കൊണ്ടോ മാത്രം നോമ്പ് തുറന്ന് വീണ്ടും അത്താഴവും വെള്ളത്തിലൊതുക്കി അടുത്ത നോമ്പും നോല്‍ക്കേണ്ട ഗതികേട് പോലും ആ പാവത്തിന് വന്നിട്ടുണ്ട്.
ജീവിതത്തെ കാര്‍ന്ന് തിന്നുന്ന രോഗം പിടിപെട്ടിട്ട് പോലും അദ്ദേഹം വെറുതെയിരുന്നില്ല. നടത്തത്തിലും ഇരുത്തത്തിലും ഖുര്‍ആന്‍ മനഃപാഠമാക്കലായിരുന്നു പതിവ്. ഉപകാരമില്ലാത്ത സംസാരത്തോട് കടുത്ത വെറുപ്പായിരുന്നു. 1987 ജനുവരി രണ്ടിന് ആ കര്‍മയോഗിയുടെ അന്ത്യം കഴിഞ്ഞിട്ട് ഇപ്പോള്‍ 28 വര്‍ഷം പിന്നിടുമ്പോള്‍ നമുക്ക് ആ ധന്യസ്മൃതികളെ അല്‍പമെങ്കിലും അയവിറക്കി സംതൃപ്തി അടയാം.