മല്ലി കഴിക്കാത്തവര്‍ ആരുമുണ്ടാകില്ല; അതേ പോലെ മല്ലിയിലയും. ഔഷധമായും വജ്ഞനമായും ഇത് ഉപയോഗിച്ചുവരുന്നു.
മല്ലി കഴിക്കാത്തവര്‍ ആരുമുണ്ടാകില്ല; അതേ പോലെ മല്ലിയിലയും. ഔഷധമായും വജ്ഞനമായും ഇത് ഉപയോഗിച്ചുവരുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ സര്‍വസാധാരണയായി കണ്ടുവരുന്നതും അനേകം മരുന്നുകള്‍ കഴിച്ചിട്ടും ആശ്വാസമില്ലാത്തതുമായ പല രോഗങ്ങള്‍ക്കും മല്ലി ആശ്വാസം ചെയ്യുമെന്നത് പലര്‍ക്കും അറിയില്ല.
സമുദ്രനിരപ്പില്‍നിന്ന് 100 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ധാരാളമായി കൃഷി ചെയ്യാന്‍ പറ്റുന്നതാണ് മല്ലി. ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ കൃഷിചെയ്തുവരുന്നുണ്ടെങ്കിലും വ്യാവസായികമായി കൂടുതല്‍ കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. മല്ലിയുടെ ഇലയും അതിന്റെ കായ(ഫലം)യും ഉപയോഗിച്ചുവരുന്നു. ഛര്‍ദ്ദി, വയറുവേദന, ദഹനക്കുറവ്, വയറിലെ അസ്വാസ്ഥ്യങ്ങള്‍, വയറെരിച്ചില്‍ (ഗ്യാസ്ട്രബിള്‍), പുളിച്ചു തികട്ടല്‍, മൂത്ര തടസ്സം, മൂത്രനാളി രോഗങ്ങള്‍ എന്നിവക്കെല്ലാം ഇത് ഉപയോഗിച്ചുവരുന്നു. ദാഹം മാറ്റുന്നതിനു മല്ലിക്ക് പ്രത്യേക കഴിവുണ്ട്.
അടിഭാഗം വീതിയുള്ള, പച്ചനിറത്തില്‍ മിനുസമുള്ള ഇലകളോടു കൂടിയ ഇതിനെ സുഗന്ധ ഔഷധച്ചെടിയെന്നു പറഞ്ഞാല്‍ തെറ്റില്ല. ഉത്തേജക ദ്രവ്യമായും ധാതുപുഷ്ടിക്കും മൂത്രസംബന്ധമായ അസുഖത്തിനും ഇതിനെ ഉപയോഗിച്ചുവരുന്നു. ശ്വാസകോശ രോഗങ്ങള്‍, വിശേഷിച്ച് കുഞ്ഞുങ്ങളില്‍ കാണുന്ന ശ്വാസംമുട്ടലിനും തലവേദന, ദന്തരോഗങ്ങള്‍, മോണപ്പഴുപ്പ്, ദന്തക്ഷയം, ദാഹം, രാത്ര്യന്ധത, പ്രസവാനന്തര രോഗങ്ങള്‍, മൂത്രതടസ്സം തുടങ്ങി അനേകം രോഗങ്ങള്‍ക്ക് ശമനൗഷധമായും ശാശ്വത രോഗശമനിയായും മല്ലി ഉപയോഗിച്ചുവരുന്നുണ്ട്.
തലവേദനക്ക് മല്ലിയില, മല്ലി എന്നിവ പാലില്‍ അരച്ച് നെറ്റിയിലിടുന്നത് നല്ലതാണ്. പല്ലുവേദന, മോണപഴുപ്പ്, പല്ലുതേയ്മാനം എന്നിവക്ക് മല്ലി ചവച്ചു തുപ്പുന്നതും മല്ലിയും ഉപ്പും കൂട്ടി തിളപ്പിച്ച വെള്ളംകൊണ്ട് കവിള്‍ക്കൊള്ളുന്നതും, പറങ്കിമാവിന്‍ തോല്‍, കൊഴിഞ്ഞിലിന്‍ വേര്, മല്ലി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഷായത്തില്‍ ഉപ്പും, സ്വല്‍പം നല്ലെണ്ണയും ഒഴിച്ച് കവിള്‍ക്കൊള്ളുന്നതും, വായയില്‍ വെച്ചുകൊണ്ടിരിക്കുന്നതും നല്ലതാണ്. മല്ലിപ്പൊടിയും കുരുമുളക് പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഉണ്ടാക്കുന്ന ചൂര്‍ണ്ണം പല്ലുവേദനക്ക് വളരെ പ്രസിദ്ധമായ ഔഷധമാണ്.
പ്രസവാനന്തര ശുശ്രൂഷയിലും മല്ലിക്ക് പ്രധാന സ്ഥാനമുണ്ട്. മല്ലിയിലയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും മല്ലി, വെളുത്തുള്ളി, ചുക്ക്, കുരുമുളക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും ഒന്നാംതരം പ്രസവരക്ഷാ ഔഷധമാണ്. കുറുന്തോട്ടിക്കഷായത്തില്‍ മല്ലിയും വെളുത്തുള്ളിയും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും പ്രസവരക്ഷാ ഔഷധമാണ്. പച്ചമാങ്ങാ നീരും മല്ലിക്കഷായവും ചേര്‍ത്ത് ആവശ്യത്തിന് മധുരം ചേര്‍ത്ത് കഴിക്കുന്നത് ഒന്നാന്തരം ദാഹശമനിയാണ്.
കരിക്കിന്‍ വെള്ളത്തില്‍ സമം മല്ലിക്കഷായവും ഗോമൂത്രവും ചേര്‍ത്ത് കാച്ചി അരിച്ചു കഴിച്ചാല്‍ ഉടനെ മൂത്രം പോകുന്നതാണ്. നാനാതരത്തില്‍ ഉപയോഗമുള്ളതും എപ്പോഴും ലഭ്യവുമായ മല്ലിയുടെ ഔഷധഗുണം മനസ്സിലാക്കുകയും അതനുസരിച്ച് ഉപയോഗിക്കുകയും വേണം. മല്ലി പാചകാവശ്യത്തിനു മാത്രമുള്ള ഒരു വസ്തുവാണെന്ന നമ്മുടെ ധാരണ മാറ്റണം.