വരൂ, എളുപ്പത്തില്‍ ഓതിപ്പഠിക്കാം
കോഴിക്കോട് പന്നിക്കോട്, മുതുപറമ്പില്‍ പള്ളി കേന്ദ്രീകരിച്ച് ഒരു മാസം മുമ്പ് ആര്‍ക്കും എപ്പോഴും വന്നുചേര്‍ന്ന് പഠിക്കാവുന്ന
കോഴിക്കോട് പന്നിക്കോട്, മുതുപറമ്പില്‍ പള്ളി കേന്ദ്രീകരിച്ച് ഒരു മാസം മുമ്പ് ആര്‍ക്കും എപ്പോഴും വന്നുചേര്‍ന്ന് പഠിക്കാവുന്ന വേറിട്ടൊരു ഹിഫഌ കോഴ്‌സ് ഉണ്ടെന്നറിഞ്ഞ് അന്വേഷിച്ച് ചെന്നപ്പോള്‍ ഇതൊരു ക്ലബ്ബാണെന്നായിരുന്നു മറുപടി. ഖുര്‍ആനെ അങ്ങേയറ്റം പ്രണയിക്കുന്ന ഇ.എന്‍ ഫസല്‍ റഹ്മാന്‍ എന്ന ഹൈസ്‌കൂള്‍ അധ്യാപകനില്‍ നാമ്പിട്ട ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണിതെന്ന് ചുരുക്കിപ്പറയാം.
മലര്‍വാടി ബാലസംഘത്തിന്റ കീഴില്‍ കുട്ടികള്‍ക്ക് വേണ്ടി സാഹിത്യസമാജങ്ങളും മറ്റു പരിപാടികളും നടത്തിവന്നിരുന്നത് ഫസലിന്റെ നേതൃത്വത്തിലായിരുന്നു. ഒരുപാട് കുട്ടികള്‍ ആവേശത്തോടെ സ്ഥിരമായി അതില്‍ പങ്കെടുക്കാറുമുണ്ട്. എന്നാല്‍ കുട്ടിത്തംവിട്ട് അവര്‍ വലുതായെന്ന് അവര്‍ക്കു തന്നെ തോന്നിത്തുടങ്ങുമ്പോഴേക്ക് ഇത്തരം കൂട്ടായ്മകളില്‍ നിന്നെല്ലാം അകന്ന് അവര്‍ സ്വന്തമായി തെരുവിലെ ആല്‍ത്തറകളിലും മറ്റും അഭയം തേടിത്തുടങ്ങുന്നു. അതുകണ്ടപ്പോള്‍ ഫസലിന് അവരെയെല്ലാം ആകര്‍ഷിക്കുന്ന രീതിയിലുള്ള ഉപകാരപ്രദമായ എന്തെങ്കിലും ഒരു പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന ചിന്തയില്‍നിന്നാണ് ഹിഫഌ ക്ലബ്ബ് എന്ന ആശയം ഉയിരെടുത്തത്.
നിലവില്‍ നാട്ടിലെ സാഹചര്യമനുസരിച്ച് ആദ്യം ചിന്തിച്ചത്, എന്തുപറഞ്ഞാണ് കുട്ടികളെ ഇതിലേക്ക് ആകര്‍ഷിക്കുക എന്നാണ്. പള്ളിയിലേക്ക് കൂട്ടുകാരെ ഖുര്‍ആന്‍ ഓതിപ്പഠിക്കാന്‍ ക്ഷണിക്കണമെന്ന് പറഞ്ഞ്, വിളിച്ചാല്‍ വരുന്ന ഒരു കൊച്ചുപ്രായക്കാരനെ ചട്ടംകെട്ടി. അവന്‍ മൂന്നാലു ദിവസം പണിയെടുത്തിട്ടും ആരും വന്നില്ല. അവസാനം ഒരുത്തന്‍ എന്താണിവിടെ പരിപാടിയെന്നറിയാന്‍ വന്നപ്പോള്‍ വളരെ രസകരമായി ഖുര്‍ആന്‍ ഓതുന്നത് ആസ്വദിച്ചുകാണും. മടങ്ങുമ്പോള്‍ വെറുതെ കിട്ടിയ മിഠായിയുടെ മധുരവും കൂടി ചേര്‍ന്നപ്പോള്‍ പിറ്റേന്നും അതിനടുത്ത ദിവസങ്ങളിലും കൂട്ടുകാരുടെ എണ്ണം കൂടി. അവരിപ്പോള്‍ 25 പേരുണ്ട്. ഖുര്‍ആന്‍ നിയമങ്ങളനുസരിച്ച് പാരായണം ചെയ്യുവാനും മനപ്പാഠമാക്കാനും ആരും നിര്‍ബന്ധിക്കാതെ പഠിക്കാനാണ് അവരെത്തുന്നത്.
എല്ലാ മദ്രസകളിലും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ പഠിക്കേണ്ട രീതിയിലാവുന്നില്ല എന്നതാണ് പ്രശ്‌നം. ഹിഫഌ പഠിക്കണമെങ്കില്‍ ഏതെങ്കിലും ഖുര്‍ആന്‍ കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളെ ആശ്രയിച്ചാലേ ശരിയാവൂ എന്ന ധാരണക്ക് മറുപടിയാണ് ഈ പദ്ധതി. ചെറിയ പ്രായത്തിലുള്ള മക്കളെ വിട്ടുനില്‍ക്കാനുളള വീട്ടുകാരുടെ പ്രയാസവും വീട്ടുകാരെ വിട്ടുനില്‍ക്കാനുളള മക്കളുടെ പ്രയാസവും എളുപ്പത്തില്‍ മറികടക്കാന്‍ ഇതിലൂടെ കഴിയും.
പളളികള്‍ അള്ളാഹുവിന്റെ ഭവനങ്ങളാണ്. അതിനെ വെറുമൊരു ആരാധനാലയം എന്ന പേരില്‍ ഒതുക്കി നിര്‍ത്താതെ ഒരു പഠനാലയമാക്കി ഉയര്‍ത്തണമെന്ന ചിന്തയെ ബലപ്പെടുത്തിയാണ് ഇത് രൂപംകൊണ്ടത്. സംസ്‌കാരവും മതവും ജീവിതരീതിയും അടക്കവും ഒതുക്കവും വൃത്തിയുമെല്ലാം ഇതോടൊപ്പം സ്വായത്തമാവും. ആഴ്ചയിലൊരു ദിവസം പ്രഭാതനമസ്‌കാരത്തിനുശേഷം രണ്ട് മണിക്കൂറും ഒഴിവുദിവസം ആറുമണി മുതല്‍ എട്ട് മണിവരെയുമാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനസമയം. ഇങ്ങനെ ആഴ്ചയില്‍ ആകെ ആറ് മണിക്കൂറാണ് ക്ലാസ്സ്. വന്നില്ലെങ്കിലും ചോദ്യം ചെയ്യില്ല. വന്നാല്‍ ഒരു ചായയും കടിയും പ്രയോഗിച്ചിട്ടേ പിരിച്ച് വിടൂ. ക്ലബ്ബിന്റെ എല്ലാ ഉത്തരവാദിത്തവും ഓരോരുത്തരിലും നിക്ഷിപ്തമായതിനാല്‍ ഇതുവരെ ക്ലാസ്സുകള്‍ക്ക് മുടക്കമുണ്ടായിട്ടില്ല.
ഇത്തരം സംരംഭങ്ങള്‍ക്ക് തുടക്കംകുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഫസല്‍ പറയുന്നതിങ്ങനെയാണ്: പാരായണനിയമം അറിയുന്ന ആളായിരിക്കണം കുട്ടികള്‍ക്ക് വഴികാട്ടി. ആദ്യം ഓതിക്കൊടുക്കുന്ന രീതിയാണ് നല്ലത്. ഒരു പേജിന്റെ പകുതിയോ ഒരു പേജ് മുഴുവനായോ ആദ്യദിവസം പാരായണം ചെയ്യുന്നത് കേട്ടുപഠിക്കാം. അടുത്ത ദിവസംതന്നെ മാറ്റം കണ്ടുതുടങ്ങും. മുഴുവന്‍ മനപ്പാഠമാക്കിയവരും കുറച്ചുഭാഗം മാത്രം പഠിച്ചവരും ഉണ്ടാവും.
പാരായണരീതി കുട്ടികളെ പഠിപ്പിക്കുന്നത് ഖാരിഉകളെ ആശ്രയിച്ചാണ്. അതിന്റെ കൃത്യമായ നിയമങ്ങള്‍ ഖുര്‍ആനില്‍തന്നെ പെന്‍സില്‍കൊണ്ട് അടയാളപ്പെടുത്തും. അതനുസരിച്ച് കുട്ടികള്‍ ഓതുമ്പോള്‍ തെറ്റുകണ്ടാല്‍ തിരുത്തിക്കൊടുക്കും. പള്ളികളില്‍ ഡിവൈസ് സെറ്റിംഗ്‌സ് ശരിയാക്കി ഏഴുതവണയെങ്കിലും നമ്മളേക്കാള്‍ ഉച്ചത്തില്‍ ഖാരിഉകളുടെ പാരായണം കേള്‍പ്പിക്കും. പിന്നീട് പതിനൊന്ന് തവണയെങ്കിലും ഓതി നോക്കിയതിനുശേഷമാണ് അവരെക്കൊണ്ട് ഓതിപ്പിച്ചുനോക്കുക. തെറ്റ് വരുത്തിയാല്‍ ശരിയാക്കിക്കൊടുക്കും. നാലോ അഞ്ചോ ജുസ്അ് ഈ രീതിയില്‍ പഠിപ്പിച്ചുകഴിഞ്ഞാല്‍ പിന്നീടവര്‍ സ്വയം പഠിക്കുന്ന രീതി തുടര്‍ന്നുകൊള്ളും. അങ്ങനെ പഠിപ്പിക്കുന്ന ആള്‍ ശരിക്കും ഗൈഡുതന്നെയാകുന്നു.
സാധാരണയായി സാവധാനം പാരായണം ചെയ്യുന്ന ഖാരിഉകളുടെ പാരായണമാണ് കുട്ടികള്‍ കേട്ടുപഠിക്കുന്നത്. പഠനം ആരംഭിക്കുമ്പോള്‍ നല്ലത് ഈ രീതിയാണ്. അനുകരണം പാടില്ലെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ കേട്ടുപഠിക്കുന്ന കുട്ടികളില്‍ ഓതിത്തുടങ്ങുമ്പോള്‍തന്നെ അതില്‍ അവരുടെ തനത് ശൈലികൂടി കടന്നുവരാറുണ്ട്. അനുകരിക്കുമ്പോള്‍ ശബ്ദം ഒരു പ്രധാനഘടകമാണ്. പഠിക്കുന്ന ഭാഗങ്ങള്‍ ഓരോ നമസ്‌കാരസമയത്തും യാത്രയിലും വെറുതെയിരിക്കുമ്പോഴുമെല്ലാം ഓതിനോക്കാം.
മലപ്പുറം ജില്ലയിലെ കീഴ്പറമ്പിലും ഇത്തരമൊരു സംരംഭം നിലവിലുണ്ട്. അവിടെ കുട്ടികള്‍ക്കൊപ്പം യുവാക്കളും പഠിതാക്കളായുണ്ട്. അപ്പോള്‍ യഥാര്‍ഥത്തില്‍ അവസരങ്ങളും വര്‍ദ്ധിക്കുകയാണ്. പഠിക്കേണ്ട ഭാഗങ്ങള്‍ ഒരു പേജോ മറ്റോ വാട്ട്‌സ് ആപ്പില്‍ അപ്‌ലോഡ്‌ചെയ്ത് അത് മത്സരിച്ചു പഠിക്കുന്ന തിരക്കിലാണിപ്പോഴവര്‍. മദ്രസാ പ്രായം കഴിഞ്ഞു നില്‍ക്കുന്ന അഞ്ചോ എട്ടോ പേരില്‍ നിന്നു തുടങ്ങിയ പദ്ധതി ഇപ്പോള്‍ അവിടെയും 25-ല്‍ എത്തിനില്‍ക്കുന്നു.
അവധിക്കാലങ്ങളില്‍ മാത്രമായി ചിലയിടങ്ങളില്‍ ഇത്തരം സംരംഭങ്ങള്‍ നടന്നുവരാറുണ്ട്. എവിടെയെങ്കിലും ഏതെങ്കിലും സംരംഭങ്ങള്‍ക്കൊപ്പം ചെറുപ്രായക്കാര്‍ക്ക് മാത്രം പഠിക്കാവുന്ന ഒന്നല്ല ഖുര്‍ആന്‍ മനപ്പാഠമാക്കല്‍. പ്രായം ഇതിനൊരു പ്രശ്‌നമേയില്ല. ഒന്നര വര്‍ഷംകൊണ്ട് ഈ രീതിയില്‍ 15 ജുസ്അ് മനപ്പാഠമാക്കിയ 50 വയസ്സുകാരനെ അറിയാമെന്ന് പറഞ്ഞ ഫസല്‍ ഇത്തരം ക്ലബ്ബുകളുടെ ഫലമായി ഒട്ടേറെ സ്വപ്‌നങ്ങളാണ് മനസ്സില്‍ കൊണ്ടുനടക്കുന്നത്.
നമ്മുടെ ശീലമനുസരിച്ച് റമളാന്‍ മാസമായാല്‍ ഇമാം നില്‍ക്കാന്‍ അന്യസംസ്ഥാനക്കാരെ ആശ്രയിക്കുകയാണ് പതിവ്. ഹിഫ്‌ള് ക്ലബ്ബുകള്‍ പോലുള്ളവയുടെ കടന്നുവരവ് നമ്മുടെ കുട്ടികളെയും ഇമാം ആവാന്‍ പ്രാപ്തരാക്കും. അതല്ലെങ്കില്‍ കഴിവുറ്റ അണികളെയെങ്കിലും ഇമാമിനു പിന്നില്‍ അണിനിരത്താനുണ്ടാവും.
ഞങ്ങളും തുടങ്ങി
വരും തലമുറയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയവരുടെ ദൗര്‍ലഭ്യം കുറക്കുന്നതിനുള്ള പരിഹാരം എന്തെന്ന കീഴുപറമ്പ് ചൂരോട്ട് ജുമാമസ്ജദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹല്ല് വെല്‍ഫെയര്‍ ഫോറത്തിന്റെ ആലോചനയില്‍നിന്ന് സൗജന്യമായി ഹിഫഌ കോഴ്‌സ് നടത്തുന്നവാന്‍ തീരുമാനിച്ചു. അന്വേഷണങ്ങള്‍ക്കിടയിലാണ് ഇ.എന്‍ ഫസല്‍ മാസ്റ്റര്‍ മുതുപറമ്പില്‍ ഇങ്ങനെയൊരു സംരംഭം തുടങ്ങി വിജയകരമായി മുന്നോട്ടുപോകുന്നതിനെ കുറിച്ച് അറിയാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ സേവനം പരമാവധി ഉപയോഗപ്പെടുത്തി എസ്.എസ്.എല്‍.സിക്ക് ശേഷമുള്ളവര്‍ക്കും മൂന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുമായി രണ്ട്് ബാച്ചുകളായി ചൂരോട്ട് ജുമാമസ്ജിദില്‍ വെച്ച് ക്ലാസ് തുടങ്ങിയത്. രണ്ടു ബാച്ചുകളിലുമായി 18-ഓളം പഠിതാക്കളായിരുന്നു ഉണ്ടായിരുന്നത്. ആഴ്ചയില്‍ രണ്ടു ദിവസങ്ങളിലായി നാല് മണിക്കൂര്‍ മാത്രമാണ് ഇവിടെ ക്ലാസ് നടന്നുവന്നിരുത്. പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കിയും രസകരമായ പഠന രീതിയിലായതുകൊണ്ടും ഈ സംരംഭത്തിന് ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഫലം ഉണ്ടായി. മികച്ച നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ഹിഫഌ നിയമങ്ങള്‍ കളറില്‍ പ്രിന്റ് ചെയ്ത ഹിഫഌ ഖുര്‍ആന്‍ സമ്മാനമായി നല്‍കിവരുന്നു. നിയമമനുസരിച്ചും ഈണത്തിലും ഒാതാന്‍ പഠിക്കുന്ന ഇവരില്‍ പലരേയും ജമാഅത്ത് നമസ്‌ക്കാരങ്ങള്‍ക്ക് ഇമാമായി നിര്‍ത്താറുണ്ട്.
കുട്ടികള്‍ക്ക് വേണ്ടി പള്ളിയില്‍ തന്നെ ഒരു നമസ്‌കാര ചാര്‍ട്ട് വെക്കുകയും ജമാഅത്ത് നമസ്‌കാരത്തിനും സുന്നത്ത് നമസ്‌കാരത്തിനും മാര്‍ക്ക് നല്‍കികൊണ്ട്് ഉയര്‍ന്ന മാര്‍ക്കുകള്‍ നേടുന്ന കുട്ടികള്‍ക്ക് ചെറിയ ചെറിയ സമ്മാനങ്ങള്‍ നല്‍കി ജമാഅത്ത് നമസ്‌ക്കാരത്തിന് പള്ളിയില്‍ എത്തുന്ന ശീലം കുട്ടികള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. രണ്ടു മാസം കൊണ്ടý് ഒരു ജുസ്അ് വരെ പഠിച്ചവരുണ്ടý്. നമസ്‌ക്കാരത്തില്‍ പാലിക്കേണ്ടതും പള്ളിയിലും ജീവിതത്തിലും പാലിക്കേണ്ടതുമായ അദബുകളും കൂട്ടത്തില്‍ പഠിപ്പിച്ചുവരുന്നു.
ഇ.എന്‍. ഫസല്‍ മാസ്റ്റര്‍ വിദേശത്ത് പോകുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങളുടെ മുന്നില്‍ ഇനി എന്തു ചെയ്യുമെന്ന ചിന്തയായിരുന്നു. വീണ്ടും ഒരു അധ്യാപകനുവേണ്ടിയുള്ള അന്വേഷണം ഞങ്ങളെ ചേന്ദമംഗലൂര്‍ കെ.സി. ഫൗണ്ടേഷനിലെ അധ്യാപകനായ മുഹമ്മദലി ഉസ്താദിന്റെ സേവനം ഞങ്ങള്‍ക്ക് അനുഗ്രഹമായി. അദ്ദേഹത്തിന്റെ പഠനരീതി ഫസല്‍ മാസ്റ്ററില്‍നിന്നും വ്യത്യസ്മായിരുന്നു. അദ്ദേഹം കുട്ടികളെ അക്ഷരം മുതല്‍ക്കാണ് പഠിപ്പിക്കുന്നത്. ഇവിടെ ഖുര്‍ആന്‍ ഓതാന്‍ പോലും അറിയാതിരുന്ന കുട്ടികളുണ്ടായിരുന്നു. എല്ലാ ഞായറാഴ്ചയിലും രണ്ടു ബാച്ചുകളിലായി 40 ഓളം കുട്ടികള്‍ പഠിക്കാനെത്തുന്നു. ഇത്രയും കുട്ടികളെ ഒരു ക്ലാസില്‍ ഇരുത്തി പഠിപ്പിക്കാനുള്ള പ്രയാസം കൊണ്ടý് ഇപ്പോള്‍ രവിലെയും ഉച്ചക്കുമായി 20 കുട്ടികള്‍ വീതമുള്ള രണ്ടý് ബാച്ചുകളായാണ് ക്ലാസ് നടക്കുന്നത്.
ഇവിടെ പഠനം പൂര്‍ണമായും സൗജന്യമാണ്. അതോടൊപ്പം പഠിക്കാനെത്തുന്ന എല്ലാവര്‍ക്കും സൗജന്യമായി ചായയും എണ്ണക്കടികളും നല്‍കിവരുന്നു. ഇതിലേക്കുള്ള ചെലവുകള്‍ നാട്ടിലും വിദേശത്തുമുള്ള നാട്ടുകാരുടെ അകമഴിഞ്ഞ സംഭവനകള്‍ മാത്രമാണ്. വലിയ പ്രയാസമില്ലാതെ തന്നെ ഖുര്‍ആന്‍ നിയമമനുസരിച്ച് ഈണത്തില്‍ ഹിഫഌക്കാന്‍ ഈ കുട്ടികള്‍ക്ക് സാധിക്കുന്നു എന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.
എം.കെ.എം. ഹനീഫ കീഴുപറമ്പ്