ഭോപാലിലെ ബീഗങ്ങള്
റഹ്മാൻ മുൻനൂർ /ചരിത്രം
2015 ജനുവരി
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാല് ബ്രിട്ടീഷ് ഭരണകാലത്ത് ഹൈദരാബാദ് കഴിഞ്ഞാല് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാല് ബ്രിട്ടീഷ് ഭരണകാലത്ത് ഹൈദരാബാദ് കഴിഞ്ഞാല് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലിം നാട്ടുരാജ്യമായിരുന്നു. തുടക്കം മുതലേയുള്ള സ്ത്രീകളുടെ ഭരണ നേതൃത്വം കൊണ്ട് അനുഗ്രഹീതമായിരുന്നു ഈ നാട്ടുരാജ്യം.1819 മുതല് 1837 വരെയും, 1844 മുതല് 1926 വരെയുമുള്ള ഏതാണ്ടൊരു നൂറ്റാണ്ടുകാലം ഭോപാല് സിംഹാസനം അലങ്കരിക്കുകയുണ്ടായി എന്നതും ചരിത്രത്തിലെ ഒരപൂര്വതയത്രെ.
മധ്യ ഇന്ത്യയിലെ മാള്വ മേഖലയിലാണ് ഭോപാല് എന്ന നാട്ടുരാജ്യം. 1709-ല്, അഫ്ഗാനിസ്ഥാന്കാരനായ ദോസ്ത് മുഹമ്മദ് ഖാനാണ് പ്രസ്തുത നഗരത്തിനും നാട്ടുരാജ്യത്തിനും അടിത്തറ പാകിയത്. പത്നീസമേതനായി ഇന്ത്യയിലെത്തിയ അദ്ദേഹം ബയാറസിയ എന്ന ഗ്രാമം വിലകൊടുത്തു വാങ്ങുകയാണ് ആദ്യം ചെയ്തത്. അനന്തരം തന്റെ കുടുംബാംഗങ്ങളെയും വിശ്വസ്തരെയും കൊണ്ടുവരാനായി അദ്ദേഹം അഫ്ഗാനിസ്താനിലേക്ക് തിരിച്ചുപോയി.
മുഗള് ചക്രവര്ത്തി ഔറംഗസീബിന്റെ മരണത്തെ തുടര്ന്നുള്ള പ്രക്ഷുബ്ധ നാളുകളായിരുന്നു അത്. കലാപങ്ങളും സംഘട്ടനങ്ങളും അധികാര പോരാട്ടങ്ങളും കൊള്ളക്കാരുടെ അഴിഞ്ഞാട്ടങ്ങളും കൊണ്ട് കലങ്ങി മറിഞ്ഞ അന്തരീക്ഷം. ഭാര്യ ഫതഹ്ബീബിയെ ബയാറസിയയില് നിര്ത്തിയാണ് ദോസ്ത് മുഹമ്മദ് സ്വരാജ്യത്തേക്ക് മടങ്ങിയത്. അദ്ദേഹത്തിന്റെ അഭാവത്തില് ഗ്രാമത്തെ അധിനിവേഷക്കാരില് നിന്നും കൊള്ളക്കാരില് നിന്നും രക്ഷിക്കേണ്ട ചുമതല ഫതഹ് ബീബിയുടെ ചുമലില് വന്നുവീണു. സ്ത്രീയെങ്കിലും പുരുഷന്റെ കരുത്തോടെ ആ ജോലി അവര് ഭംഗിയായിത്തന്നെ നിര്വ്വഹിച്ചു. ഭര്ത്താവ് മടങ്ങിയെത്തിയെപ്പോള് പരിക്കും പോറലും ഇല്ലാത്ത നിലയില് അവര് ഗ്രാമത്തെ അദ്ദേഹത്തിന് തിരിച്ചു നല്കി.
ബയാറസിയ കേന്ദ്രീകരിച്ച് ദോസ്ത് മുഹമ്മദ് ഖാന് നടത്തിയ പടയോട്ടങ്ങളാണ് ഭോപാല് നഗരത്തിന്റെയും നാട്ടുരാജ്യത്തിന്റെയും രൂപീകരണത്തില് കലാശിച്ചത്. ഫത്ഹ് ബീബിയുടെ ആവേശദായകമായ പിന്തുണയും സഹായവും ഉണ്ടായിരുന്നില്ലെങ്കില് ദോസ്ത് മുഹമ്മദ് ഖാന് ഈ വിജയങ്ങളും നേട്ടങ്ങളും സാധ്യമാകുമായിരുന്നില്ല. ഇപ്പോള് ബധാതലാബ് എന്ന പേരില് അറിയപ്പെടുന്ന വലിയ തടാകത്തിന് സമീപത്തായി നിര്മ്മിച്ച കോട്ടക്ക് 'ഫത്ഹഗര്' എന്നും അതിനു മുകളില് നാട്ടിയ കൊടിമരത്തിന് ''ഫതഹെ നിഷാന്'' എന്നും പേരു നല്കിക്കൊണ്ടാണ് ദോസ്ത് മുഹമ്മദ് ഖാന് ആ വനിതാരത്നത്തിന്റെ സേവനങ്ങളെ സമചിതമായിത്തന്നെ പുരസ്കരിച്ചത്.
മാമൂലാബായ്
ദോസ്ത് മുഹമ്മദ് 1740-ല് അന്തരിച്ചു. അദ്ദേഹം സ്ഥാപിച്ച ഭരണകൂടം 240 വര്ഷം നിലനിന്നു. ഫതഹ്ഗര് കോട്ടക്കുള്ളിലാണ് ദോസ്ത് മുഹമ്മദിനെ ഖബറടക്കിയത്. തൊട്ടരികത്ത് തന്നെ ഫതഹ്ബീബിയും ഖബറടക്കപ്പെട്ടു. ഫതഹ്ഗര് കോട്ട അടുത്ത കാലത്ത് പൊളിച്ചു നീക്കപ്പെടുകയുണ്ടായെങ്കിലും മഖ്ബറ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
ദോസ്ത് മുഹമ്മദിന് ശേഷം അധികാരത്തിലേറിയ പുത്രന് യാര് മുഹമ്മദ് ദുര്ബലനായ ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ പത്നി മാമൂലാബായിയാണ് യഥാര്ഥത്തില് ഭരണകാര്യങ്ങള് കൈകാര്യം ചെയ്തത് രാജപുത്ര കുടുംബത്തില് ജനിച്ചു വളര്ന്ന മാമൂലാബായിയുടെ സൗന്ദര്യത്തിലും കഴിവുകളിലും ആകൃഷ്ടനായാണ് യാര്മുഹമ്മദ് അവരെ വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷം അവര് ഇസ്്ലാം ആശ്ലേഷിച്ചു. 1754-ല് യാര്മുഹമ്മദ് മരണപ്പെടുമ്പോള് അവരുടെ ഏക മകന് ഫായിസിന് പതിനൊന്നു വയസ്സായിരുന്നു പ്രായം. മാമൂലാബായി അവനെ സിംഹാസത്തിലിരുത്തുകയും ഭരണച്ചുമതലകള് സ്വയം ഏറ്റെടുക്കുകയും ചെയ്തു. പ്രായപൂര്ത്തിയായ ശേഷവും ഫായിസ് ഭരണം ഏറ്റടുക്കുകയുണ്ടായില്ല. ഏകാന്ത ജീവിതം ഇഷ്ടപ്പെട്ട അദ്ദേഹം മാമൂലാബായിയെത്തന്നെ സ്വതന്ത്രമായി ഭരിക്കാന് വിട്ടു.
ഫായിസ് 1777-ല് മരണപ്പെട്ടു. അദ്ദേഹത്തിനു മക്കളുണ്ടായിരുന്നില്ല. അതിനാല് അദ്ദേഹത്തിന്റെ സഹോദരനായ ഹയാതിനെ മാമൂലാബായ് കിരീടമണിയിച്ചു. ഫായിസിന്റെ വിധവ ബാഹുബീഗത്തിന് ആ നടപടി ഇഷ്ടപ്പെട്ടില്ല. അവര് കുടുംബത്തിലെ മറ്റു ചില വിമതരുടെ പിന്തുണയോടെ കലാപം നടത്തുകയും ഒരു സമാന്തരഭരണം സ്ഥാപിക്കുകയും ചെയ്തു. 1778 മുതല് 1787 വരെ ഒമ്പത് വര്ഷം ബാഹുബീഗത്തിന്റെ ഈ സമാന്തര ഭരണകൂടം നിലനിന്നു. ഒടുവില് മാമൂലാബായിയുടെ തന്ത്രങ്ങള് തന്നെ വിജയം കണ്ടു. ഹയാത്തിനെ നിയമാനുസൃത പിന്ഗാമിയും ഭരണാധികാരിയുമായി അംഗീകരിക്കാന് ബാഹുബീഗം സമ്മതിച്ചു. അവരെ പിന്തുണക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കുടുംബക്കാരെ മാമൂലാബായ് നാടുകടത്തുകയും ചെയ്തു.
നാടു കടത്തപ്പെട്ടവര് ശരീഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തില് സംഘടിച്ച് ഭോപാലിനെ ആക്രമിച്ചു. മാമൂലാബായി സ്വയം ആയുധമണിഞ്ഞു അവര്ക്കെതിരെ സൈന്യത്തെ നയിച്ചു. പാണ്ട എന്ന സ്ഥലത്ത് വെച്ചു നടന്ന യുദ്ധത്തില് വിമതസേന തോറ്റമ്പി. അവരോ അവരുടെ മക്കളോ മാമൂലാബായി മരിക്കുന്നതുവരെയും മറ്റൊരാക്രമണത്തിന് ധൈര്യപ്പെടുകയുണ്ടായില്ല. 1794-ലായിരുന്നു മാമൂലാബായിയുടെ മരണം. 1954-ല് ആരംഭിച്ച അവരുടെ ഭരണം 30 വര്ഷം നീണ്ടുനിന്നു. ബുദ്ധിയും അറിവും ദൈവഭക്തിയും ഭരണപാടവവും ധൈര്യവും കരുത്തുമെല്ലാം തികഞ്ഞ ഒരു സ്ത്രീരത്നമായിരുന്നു അവര്. ജനങ്ങള് സ്നേഹാദരപുരസ്സരം മാംജിസാഹിബ എന്നാണ് അവരെ വിളിച്ചിരുന്നത്
അതേ സമയം അവരുടെ മകന് ഹയാത് കഴിവുകെട്ട ഭരണാധികാരിയായിരുന്നു. തന്റെ ദീര്ഘദൃഷ്ടിയില്ലാത്ത നടപടിക്ക് അദ്ദേഹം കനത്ത വില നല്കേണ്ടി വന്നു. മാമൂലാബായ് മരണപ്പെട്ട ശേഷം, ശരീഫ് മുഹമ്മദ് ഖാന്റെ പുത്രന് വസീറിന് ഭോപാലിലേക്ക് തിരിച്ചു വരാന് അദ്ദേഹം അനുമതി നല്കി. ഹയാതിനേക്കാള് ജനങ്ങള് വസീറിനെ ഇഷ്ടപ്പെട്ടു. കുറഞ്ഞ കാലം കൊണ്ട് വലിയ സ്വാധീനവും ജനപ്രീതിയും അദ്ദേഹം നേടിയെടുത്തു. 1813-14ല് മറാട്ട സൈന്യം ഭോപാലിനെ ആക്രമിച്ചപ്പോള് വസീറും അദ്ദേഹത്തിന്റെ പുത്രന് നാസറും അവര്ക്കെതിരെ ധീരമായ ചെറുത്തുനില്പ്പ് നടത്തി. അതോടെ ഇരുവരും ജനങ്ങളുടെ വീരനായകരായി മാറി.
ഹയാതിന്റെ മകന് ഗൗസ്മുഹമ്മദ് ഖാന് 1817-ല് തന്റെ പുത്രി ഖുദ്സിയ്യ ബീഗത്തെ നാസറിന് വിവാഹം ചെയ്തുകൊടുത്തു. നാസര് ബ്രിട്ടീഷ് ഗവര്ണര് ജനറല് ലോഡ് ഹോസ്റ്റിംഗുമായി സഖ്യഉടമ്പടിയില് ഒപ്പുവെച്ചത് അദ്ദേഹത്തിന് തന്നെ വിനയായിത്തീര്ന്നു. 1819-ല് അജ്ഞാതമായ ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ ജീവന് അപഹരിച്ചു.
നാസര് മരിക്കുമ്പോള് പത്നി ഖുദ്സിയ്യയും പ്രായപൂര്ത്തിയാകാത്ത പുത്രി സിക്കന്തര് ബീഗവും മാത്രമാണ് അദ്ദേഹത്തിന് പിന്തുടര്ച്ചക്കാരായി ഉണ്ടായിരുന്നത്. അതിനാല് ഭരണം ഖുദ്സിയ്യ ബീഗത്തിന്റെ പിതാവ് ഗൗസ് മുഹമ്മദോ കുടുംബത്തിലെ മറ്റേതെങ്കിലും പുരുഷന്മാരോ കൈവശപ്പെടുത്താനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാല് ധീരയും ബുദ്ധിമതിയുമായ ഖുദ്സിയ്യ ബീഗം ഉണര്ന്നു പ്രവര്ത്തിച്ചു. ഉറച്ച വാക്കുകളില് അവര് പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഭരണകൂടം നാസറിനെ നിയമാനുസൃത ഭരണാധികാരിയായി അംഗീകരിച്ചിട്ടുണ്ട്. അതിനാല്, അദ്ദേഹത്തിന്റെ പുത്രി സിക്കന്തര് ബീഗമാണ് നിയമപ്രകാരം പിന്ഗാമിയാകേണ്ടത്. അര്ക്കെങ്കിലും അത് ഇഷ്ടമില്ല എന്നുണ്ടെങ്കില് അവര് എന്നെ ഭരണാധികാരിയായി തൃപ്തിപ്പെട്ടുകൊള്ളണം.
നാസര് മരിച്ചതിന്റെ മൂന്നാമത്തെ ദിവസം കൊട്ടാരത്തില് അദ്ദേഹത്തിന്റെ കണ്ണോക്ക് നടന്നു. കുടുംബാംഗങ്ങളും ഉദ്യോഗസ്ഥന്മാരും പ്രഭുക്കളും പ്രമാണിമാരുമൊക്കെ ചടങ്ങില് പങ്കെടുക്കാന് എത്തിയിരുന്നു. അവരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഖുദ്സിയ്യാ ബീഗം അവിടെ വെച്ച് സിക്കന്തര്ബീഗത്തെ നാസറിന്റെ പിന്ഗാമിയായി പ്രഖ്യാപിച്ചു. മാത്രമല്ല തനിക്കും സിക്കന്തര്ബീഗത്തിനും അനുസരണ പ്രതിജ്ഞ ചെയ്തുകൊണ്ട് അവരെകൊണ്ട് ഒരു പ്രമാണ രേഖയില് ഒപ്പുവെപ്പിക്കുകയും ചെയ്തു. ആരും എതിര്ത്തില്ല. എതിര്പ്പ് പ്രകടിപ്പിച്ചാല് നാസറിന്റെ കൊലപാതകത്തില് പങ്കുള്ളവരായി സംശയിക്കപ്പെടുമെന്ന് അവര് ഭയപ്പെട്ടു. അങ്ങനെ ഭര്ത്താവ് മരിച്ച മൂന്നാമത്തെ ദിവസം തന്നെ സകലരെയും നിശ്ശബ്ദരാക്കിക്കൊണ്ട് ഭോപാലിന്റെ ഭരണാധികാരിയായി സ്വയം അവരോധിക്കാന് ധീരയും തന്ത്രജ്ഞയുമായ ആ വിധവക്ക് സാധിച്ചു. കേവലം പതിനെട്ടു വയസ്സ് പ്രായമുള്ള ഒരു കൗമാരക്കാരിയായിരുന്നു അന്ന് ഖുദ്സിയ്യാ ബീഗം എന്നതാണ് ഇതിലെ ഏറ്റവും വിസ്മയകരമായ വശം.
(ഖുദ്സിയ്യ എന്ന ഉരുക്കു വനിത അടുത്ത ലക്കത്തില്)