അതിര് ലംഘിക്കുന്ന മനുഷ്യന്‍
താഹിറ. സി /ഖുർആൻ വെളിച്ചം
2014 സെപ്റ്റംബര്‍
'വേണ്ട, നിശ്ചയമായും മനുഷ്യന്‍ അതിരുവിട്ട് കളയുന്നു. അവന്‍ അവനെ സ്വയം പര്യാപ്തനായി കരുതുന്നതിനാല്‍.' (സൂറതുല്‍ അലഖ് 6:7) ഇതര സൃഷ്ടികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യനെ
'വേണ്ട, നിശ്ചയമായും മനുഷ്യന്‍ അതിരുവിട്ട് കളയുന്നു. അവന്‍ അവനെ സ്വയം പര്യാപ്തനായി കരുതുന്നതിനാല്‍.' (സൂറതുല്‍ അലഖ് 6:7) ഇതര സൃഷ്ടികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യനെ അത്യുന്നതനും മൂല്യമുള്ളവനുമായാണ് അല്ലാഹു സൃഷ്ടിച്ചത്. സൂറതു'തീനി'ല്‍ അല്ലാഹു പറയുകയാണ്. 'മനുഷ്യനെ നാം അതിമനോഹരമായ ഘടനയിലാണ് സൃഷ്ടിച്ചത്.' മറ്റ് ജന്തുജാലങ്ങള്‍ക്ക് അവയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള ഭൗതികാവശ്യങ്ങള്‍ നിറവേറ്റണം എന്നതില്‍ കവിഞ്ഞ് വേറെ ചിന്തകളും ലക്ഷ്യവുമൊന്നുമില്ല. എന്ന് മാത്രമല്ല, ലോകാരംഭം മുതല്‍ ഇന്ന് വരെയും അവയുടെ ജീവിതരീതിയില്‍ വല്ല മാറ്റമോ പുരോഗതിയോ ഉള്ളതായും നമുക്കറിവില്ല. കൃത്യമായ ലക്ഷ്യബോധ്യത്തോടെ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ തനിക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ കുറിച്ച് യാതൊരു ബോധവുമില്ലാതെ മതിമറന്ന് പ്രവര്‍ത്തിക്കുകയും തനിക്ക് താന്‍ തന്നെ മതി, ആരോടുമാരോടും ഉത്തരവാദിത്വവുമില്ല എന്നും നടിച്ചുകൊണ്ട് ധിക്കാരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നുമാണ് അല്ലാഹു മുകളില്‍ കൊടുത്തിട്ടുള്ള രണ്ട് സൂക്തങ്ങളിലൂടെ വ്യക്തമാക്കിയത്.
സമ്പന്നമായ അറബിഭാഷയില്‍ അല്ലാഹു നമ്മോട് പറഞ്ഞിട്ടുളള ഈ സൂക്തങ്ങളുടെ അര്‍ഥവും ഉദ്ദേശ്യവുമൊന്നും മലയാളഭാഷയില്‍ വിവരിക്കാന്‍ കഴിയാത്തവിധം വിശാലമാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു പണ്ഡിതരും മുഫസ്സിറുകളും അവരുടെ വ്യാഖ്യാനഗ്രന്ഥങ്ങളില്‍ ഇതിന്റെ വിശദീകരണം കുറച്ച് പറഞ്ഞ് അവസാനിപ്പിച്ചത്.
മനുഷ്യന്റെ നിസ്സാരതയും കഴിവുകേടും എത്രത്തോളമെന്നറിയാന്‍ വളരെ ചെറിയ ഉദാഹരണങ്ങള്‍ തന്നെ മതി. അല്ലാഹു നമുക്ക് മാസങ്ങളോളം കോരിച്ചൊരിയുന്ന മഴ വര്‍ഷിപ്പിച്ച് തന്നിട്ടും മഴക്കാലം കഴിഞ്ഞ് വേനല്‍ക്കാലമാവുമ്പോള്‍ നാം കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്. അവന്‍ ഭൂമിയില്‍ വര്‍ഷിപ്പിച്ച മഴയുടെ അളവ് നോക്കുകയാണെങ്കില്‍ കൊല്ലങ്ങളോളം മഴ പെയ്തില്ലെങ്കിലും നമുക്ക് വെളളത്തിന്റെ ക്ഷാമമില്ലാത്ത വിധം ധാരാളമാണ്. മഴവെള്ളം സംഭരിക്കണമെന്നും പിടിച്ചുനിര്‍ത്തണമെന്നുമൊക്കെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പ്രകൃതിസംരക്ഷകരും മറ്റും പറയാറുണ്ടെങ്കിലും അവയൊക്കെ അപ്രായോഗികമോ വേണ്ടത്ര സുരക്ഷാസംവിധാനമില്ലാതെയോ പരാജയപ്പെടുകയാണ് ചെയ്യുന്നത്. മറിച്ച് കിണറുകളില്‍ മഴയിലൂടെ സ്വയം സംഭരിക്കപ്പെട്ട വെള്ളം കൊണ്ട് തന്നെയാണ് നമ്മുടെ ദാഹം ശമിക്കുന്നത്. അതുപോലെ തന്നെ നമ്മുടെ കണ്ണുകള്‍ക്കും കാതുകള്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത വിധത്തിലുള്ള കൊടിയ ദുരന്തങ്ങള്‍ നമുക്ക് മുമ്പില്‍ നിരന്തരം ആവര്‍ത്തിച്ചിട്ടും ഒന്നുപോലും മുന്‍കൂട്ടി അറിയുവാനോ തടയുവാനോ നമുക്ക് സാധിക്കുന്നില്ല. ഈ മനുഷ്യനാണ് തനിക്ക് എല്ലാറ്റിനും താന്‍ തന്നെ മതിയെന്ന് അഹങ്കരിച്ച് കൊണ്ടിരിക്കുന്നത്. അല്ലാഹുവിന്റെ മഹത്തായ കാരുണ്യം കൊണ്ടൊന്നുമാത്രമാണ് ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത്. അല്ലാഹു സൂറത്തുല്‍ 'ഹശ്‌റി'ല്‍ പറയുകയാണ്. 'ഈ ഖുര്‍ആനെങ്ങാന്‍ ഒരു മലമുകളിലായിരുന്നു അവതരിച്ചതെങ്കില്‍ അത് ഭയത്താല്‍ പൊട്ടിപ്പിളരുന്നത് താങ്കള്‍ക്ക് കാണാമായിരുന്നു.'
ചിന്തിച്ച് നോക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്ന കാര്യം ലോകത്ത് നടക്കുന്ന എല്ലാ അതിക്രമങ്ങളുടെയും ധിക്കാരത്തിന്റെയും യഥാര്‍ഥ കാരണം മനുഷ്യന്റെ ഈ വിചാരമാണെന്നാണ്. ഇതിന് ശക്തി പകരുന്ന രീതിയില്‍ ധാരാളം ഭൗതിക വാദികള്‍ വിവിധങ്ങളായ അവരുടെ പ്രത്യയശാസ്ത്രങ്ങളുമായി പ്രചാരം നടത്തുകയും ധാരാളം ആള്‍ക്കാരെ അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യന്‍ സ്വയം ഉണ്ടായതാണെന്നും ശക്തര്‍ അതിജീവിക്കുകയും ദുര്‍ബലര്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുമെന്നും ദുര്‍ബലര്‍ അവരുടെ അതിജീവനത്തിന് വേണ്ടി കണ്ടുപിടിച്ചതാണ് മതമെന്നു മൊക്കെയാണ് ഇക്കൂട്ടര്‍ പറഞ്ഞ് പ്രചരിപ്പിച്ചത്.
മനുഷ്യന്റെ പ്രകൃതം പൊതുവെ സ്വാര്‍ഥമാണ്. ഭൗതികമായി മനുഷ്യന്‍ പുരോഗമിക്കുന്തോറും ഈ സ്വഭാവം വര്‍ധിക്കുകയും അതിന്റെ പരിണിത ഫലം വളരെ വിനാശകരമായ രീതിയില്‍ നാം അനുഭവിക്കുകയും ചെയ്യുന്നുണ്ട്. മറിച്ച് നമ്മുടെ എല്ലാ ഉയര്‍ച്ചക്കും താഴ്ച്ചക്കും പുരോഗതിക്കും അധോഗതിക്കും പിന്നില്‍ ദൈവത്തിന്റെ കരങ്ങളുണ്ടെന്നും അതിന് അവനോട് നന്ദി കാണിക്കുകയും പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ പ്രാര്‍ഥിക്കുകയും വേണം. ഈ സ്വഭാവമാണല്ലോ മഹാനായ റസൂല്‍ കരീം(സ)യെ ലോകരില്‍ ഏറ്റവും ഉന്നതനും പൂര്‍ണനുമാക്കിത്തീര്‍ത്തത്. അദ്ദേഹത്തിന്റെ പത്‌നി ആയിശ(റ) പറയുകയാണ്. അര്‍ധരാത്രി റസൂല്‍ (സ) ഉറക്കമൊഴിച്ച് കണ്ണീര്‍ വാര്‍ത്ത് അല്ലാഹുവിന്റെ മുമ്പില്‍ കുമ്പിടുകയാണ.് കൂടുതല്‍ സമയം നിന്ന് നമസ്‌കരിച്ചതിനാല്‍ അദ്ദേഹത്തിന്റെ കാലില്‍ നീരുവന്നിരിക്കുന്നു. ആയിശ (റ) ചോദിച്ചു: ''എന്തിനാണ് താങ്കള്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്? താങ്കളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ അല്ലാഹു പൊറുത്തുതന്നിരിക്കുന്ന അവസ്ഥയില്‍.'' അപ്പോള്‍ റസൂല്‍ (സ) പറഞ്ഞ മറുപടി 'താനൊരു നന്ദിയുള്ള അടിമയായിരിക്കണ്ടേ' എന്നാണ്. ഇതാണ് യഥാര്‍ഥ വിശ്വാസം.
താന്‍ അല്ലാഹുവിന്റെ പ്രവാചകനായതും ഉന്നതനായതും തന്റെ കഴിവുകൊണ്ടല്ല. മറിച്ച്, അല്ലാഹു തന്നെ ആദരിച്ചതാണെന്നുള്ള ബോധവും അതനുസരിച്ചുള്ള സല്‍പ്രവര്‍ത്തനവുമാണ് റസൂലിനെ സര്‍വലോകരെക്കാളും ഉന്നതനാക്കിയത്. ഈ ബോധം ലവലേശമില്ലാത്ത ഭരണാധികാരികളും അധികാരി വര്‍ഗവും ലോകം വാഴുന്നതാണ് മനുഷ്യന്‍ എക്കാലവും അനുഭവിക്കുന്ന പ്രതിസന്ധി. ഈ അതിരു കവിച്ചിലിന് ചരിത്രത്തില്‍ എമ്പാടും ഉദാഹരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും വലുതായിരുന്നല്ലോ ഈജിപ്ത് ഭരിച്ചിരുന്ന ഫറോവാ ചക്രവര്‍ത്തി. അതേ ഈജിപ്തില്‍ അപര ഫറോവമാരുടെ ക്രൂരതയും തെമ്മാടിത്തവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അന്ന് ഫിര്‍ഔന്‍ കടലില്‍ മുങ്ങി ചത്തു. ഇന്നത്തെ ഫറോവമാരുടെ ഗതി എന്താണെന്ന് നമുക്ക് കാത്തുനിന്ന് കാണാം.
ദൈവത്തിന്റെ അടിമ എന്നതാണ് മനുഷ്യന്റെ സ്വത്വത്തിന്റെ യഥാര്‍ഥ നിര്‍വചനം. എല്ലാത്തിന്റെയും ഉടമ എന്നതാണ് അല്ലാഹുവിന്റെ അസ്തിത്വത്തിന്റെ യാഥാര്‍ഥ്യം. ചില കാര്യങ്ങളിലെങ്കിലും ഞാന്‍ തന്നെയാണ് ഉടമ എന്ന് മനുഷ്യന് തോന്നുമ്പോഴാണ് അവന്‍ അതിര് കവിഞ്ഞവനായി മാറുന്നത്. പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ മുസ്തഫസ്സിബാഇ പറഞ്ഞപോലെ യഥാര്‍ഥ അടിമ തന്നെയായി എന്നെ നിലനിര്‍ത്തിത്തരേണമേ എന്ന അപേക്ഷയാണ് ഇബാദത്ത്. മനുഷ്യന്റെ ആദരണീയതയും വൈജ്ഞാനികതയും അല്ലാഹുവില്‍നിന്ന് ലഭ്യമായതാണെന്ന് പറയുന്ന ആദ്യവെളിപാടിനോട് ചേര്‍ത്താണ് ഈ വാചകങ്ങള്‍ അല്ലാഹു അവതരിപ്പിക്കുന്നത്.