ബഹിഷ്‌കരണത്തിന് ശക്തി പകരുക
കുഞ്ഞുങ്ങളെ നമുക്ക് ഒരുപാടിഷ്ടമാണ്. കുഞ്ഞുടുപ്പും കൊഞ്ചിനടപ്പും കണ്ടാല്‍ നാമൊന്ന് തിരിഞ്ഞുനോക്കും. ഒത്തിരിയെങ്കിലും സമയമുണ്ടെങ്കില്‍ അവരോട് എന്തെങ്കിലുമൊന്ന് പറഞ്ഞ് ആ
കുഞ്ഞുങ്ങളെ നമുക്ക് ഒരുപാടിഷ്ടമാണ്. കുഞ്ഞുടുപ്പും കൊഞ്ചിനടപ്പും കണ്ടാല്‍ നാമൊന്ന് തിരിഞ്ഞുനോക്കും. ഒത്തിരിയെങ്കിലും സമയമുണ്ടെങ്കില്‍ അവരോട് എന്തെങ്കിലുമൊന്ന് പറഞ്ഞ് ആ കൊച്ചു കൊഞ്ചല്‍ ഒന്നുകൂടി കേട്ടിട്ടേ നാമവരില്‍ നിന്ന് അകലൂ. അപ്പോള്‍ സ്വന്തം മക്കളാണെങ്കിലോ, കാലോ കൈയോ എന്താണ് വളരുന്നതെന്ന് നോക്കിയങ്ങനെയിരിക്കും. കളിക്കോപ്പും കുഞ്ഞുടുപ്പും കുഞ്ഞുറുമാലും തരാതരം വാങ്ങിയൊപ്പിക്കും. 'നിലത്തുവെച്ചാല്‍ ഉറുമ്പരിക്കും. തലയില്‍ വെച്ചാല്‍ പേനരിക്കു'മെന്നപോലെ നാമവരെ വളര്‍ത്തും. നമ്മുടെ ആഹ്ലാദത്തിന് മാത്രമല്ല പ്രതീക്ഷക്കും സ്വപ്നങ്ങള്‍ക്കും കുഞ്ഞുങ്ങളുടെ മുഖമാണ്. കുഞ്ഞുങ്ങള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ് ഭാവിയുടെ വാഗ്ദാനങ്ങളും. ഏത് നാട്ടിലും അതങ്ങനെ തന്നെ, ഏത് മതക്കാരിലും. അതുകൊണ്ടാണ് 'കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് ദൈവത്തെ ഓര്‍മ വരുമെന്ന്' രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ മുമ്പ് വരെ ഗസ്സ എന്നൊരു നാട്ടില്‍ വര്‍ണയുടുപ്പിട്ട് കളിക്കോപ്പുമായി മുറ്റത്തിറങ്ങിയ മക്കളെയും 'ഇന്നത്തെ വിദ്യാര്‍ഥികള്‍ നാളത്തെ പൗരന്മാര്‍' എന്ന വാക്കിനെ അന്വര്‍ഥമാക്കാന്‍ പുസ്തകസഞ്ചിയുമെടുത്ത് വിദ്യാലയമുറ്റത്തേക്ക് ചുവടുവെച്ച മക്കളെയും വെള്ള പുതപ്പിച്ച് കിടത്തിയ കാഴ്ച നാം കണ്ടു. നമ്മളോരോരുത്തരെയും പോലെ അവരുടെ മാതാക്കളും പിതാക്കളും അലമുറയിട്ടു കരയുന്നതും കണ്ടു. അത് മറ്റൊരു രാജ്യത്തിന്റെ മക്കളുടെ തേങ്ങലായിരുന്നില്ല. നമ്മളോരുത്തരെയും പോലുള്ള ഉമ്മമാരുടെ ഹൃദയം പൊട്ടിയ കരച്ചിലായിരുന്നു. ആ കുഞ്ഞുങ്ങള്‍ നമ്മുടെ മക്കളെപ്പോലെയുള്ള നിഷ്‌ക്കളങ്കരായ പൈതങ്ങളായിരുന്നു.
മാതാക്കള്‍ പകര്‍ന്നു നല്‍കിയ ധൈര്യം കൊണ്ട് പിച്ചവെക്കുന്ന ആ പിഞ്ചു കാലിന്മേലാണ് ഇനിയുള്ള ഗസ്സയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന് മനസ്സിലാക്കിത്തന്നെയാണ് ഇത്ര വലിയ ശിശുഹത്യ നടത്തിയത്. പക്ഷേ കുഞ്ഞുങ്ങളെ ഏറെ സ്‌നേഹിച്ച, അവര്‍ക്കായി ഒരു റോസാപുഷ്പം വെള്ള ഖദ്‌റിന്മേല്‍ ചാര്‍ത്തിയ, കുഞ്ഞുമക്കള്‍ക്കായി ഒരു ദിനം മാറ്റിവെച്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകനായ ചാച്ചാജിയുടെ, വേടന്റെ മുറിവേറ്റ് പിടയുന്ന പക്ഷികളെ കണ്ട് 'മാ നിഷാദ' പാടിയ ഇന്ത്യക്ക് ആ ഇളം രക്തം പരന്നൊഴുകുന്നത് കണ്ട് ഒന്നും തോന്നിയില്ല.
പക്ഷേ ദണ്ഡിയിലൊരു ഉപ്പുകുറുക്കി നിസ്സഹകരണ പ്രോക്ഷാഭത്തിലൂടെ ഒരു കാലത്ത് വലിയ സാമ്രാജ്യ ശക്തിയായ വിക്‌ടോറിയന്‍ രാജ്ഞിമാരെയും പ്രഭുക്കന്മാരെയും നാട്ടില്‍നിന്നും കെട്ടുകെട്ടിച്ചൊരു പാരമ്പര്യം നമുക്കുണ്ട്. ഇന്ന് ഗസ്സയിലെ മക്കളെ കൊന്നൊടുക്കാനുപയോഗിക്കുന്നത് നമ്മുടെ കാശുകൊണ്ടുകൂടിയാണ്. പെറ്റുവീണതുമുതല്‍ നമ്മുടെ മക്കളെ മൊഞ്ചും ബുദ്ധിയും മിടുക്കന്മാരുമാക്കാനുപയോഗിക്കുന്ന ബേബി കിറ്റുകളടങ്ങിയ 'ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍' ഉല്‍പന്നങ്ങള്‍ മുതല്‍ തിന്നാനും കുടിക്കാനും ഉള്ള വസ്തുക്കളിലധികവും - മോണ കാട്ടിച്ചിരിക്കാന്‍ തുടങ്ങുന്നത് മുതല്‍ വായില്‍ വെച്ചുകൊടുക്കുന്ന സെറിലാക്കും ഫാരക്‌സും മില്‍ക്കിബാറും കിറ്റ്കാറ്റും നിഡോയും ലാക്‌ടോജനും തുടങ്ങി വളരുന്തോറും വാങ്ങിക്കൊടുക്കുന്ന സാധനങ്ങളിലധികവും ഈ കൊലപാതികളുടെയോ അവരെ പിന്താങ്ങുന്നവരുടെയോ ഉല്‍പ്പന്നങ്ങളാണ്.
പട നയിക്കുന്നവര്‍ തന്നെയാണ് പടക്കോപ്പുകളും ഉണ്ടാക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ തിരിച്ചറിവുള്ളവര്‍ ഇത്തരം സാധനങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ട് ബഹിഷ്‌കരണ പ്രസ്ഥാനത്തിന് മുന്നിട്ടിറങ്ങുന്നുമുണ്ട്. നമുക്ക് ഈ തിരിച്ചറിവ് നല്‍കാനേ അത്തരം വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും ഒക്കൂ. മക്കള്‍ക്കും വീട്ടിലേക്കുമുള്ള സാധനങ്ങള്‍ വാങ്ങാനും തെരഞ്ഞടുക്കാനും പോകുന്നവര്‍ നാമാണ്. നേരിട്ട് കൊല നടത്തുന്നതുപോലെ തന്നെയാണ് കൊലപാതകിക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും. അക്രമം ചെയ്യുന്നതുപോലെ തന്നെയാണ് അക്രമിയെ സഹായിക്കുന്നതും 'നാഥാ നീ എന്റെ മേല്‍ അനുഗ്രഹം ചെയ്തുതന്നിട്ടുള്ളതുകൊണ്ട് ഇനി ഞാന്‍ കുറ്റവാളിക്ക് പിന്തുണ നല്‍കുന്നവനായിരിക്കുന്നതേയല്ല' (ഖസ്വസ്: 17)എന്ന മൂസാനബിയുടെ ദൈവത്തോടുള്ള കരാര്‍ നാം മറന്നുപോകരുത്. വലിയ വലിയ ഷോപ്പിംഗ് മാളുകളില്‍ കയറിയിറങ്ങുമ്പോള്‍ സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും വിപണി താല്‍പര്യങ്ങളെ സംരക്ഷിക്കില്ല എന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇസ്രായേല്‍ ഗസ്സക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുമ്പോള്‍ ലോകം മൊത്തം ഇസ്രായേലിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തേണ്ടതുണ്ട്.