സൂക്ഷിക്കുക നായയുണ്ട്
ഡോ: പി.കെ മുഹ്‌സിൻ
2014 സെപ്റ്റംബര്‍
ജന്തുക്കളില്‍ നിന്ന് പകരുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ നായകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ്. ചരിത്രാദികാലം മുതല്‍ക്കുതന്നെ മനുഷ്യനും മൃഗങ്ങളുമായി ബന്ധമുണ്ട്.
ജന്തുക്കളില്‍ നിന്ന് പകരുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ നായകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ്. ചരിത്രാദികാലം മുതല്‍ക്കുതന്നെ മനുഷ്യനും മൃഗങ്ങളുമായി ബന്ധമുണ്ട്. ഓമന മൃഗങ്ങളും വളര്‍ത്തു പക്ഷികളുമായും അടുത്തിടപഴകുന്നതുമൂലം ഇവയെ ബാധിക്കുന്ന ചില രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരുന്നു. ഇങ്ങനെയുള്ള രോഗങ്ങള്‍ ബാക്ടീരിയകള്‍, ഫംഗസുകള്‍, വൈറസുകള്‍, അവയുല്‍പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ തുടങ്ങിയവ മൂലവുമാണ് ഉണ്ടാകുന്നത്. കൊതുക്, ഉണ്ണി മുതലായ ഷഡ്പദങ്ങളും രോഗാണുക്കളെ പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
ഇപ്രകാരമുള്ള രോഗങ്ങളില്‍ ചിലത് മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ അപകടകരമാണ്. പേവിഷബാധ, ക്ഷയരോഗം എന്നിവ ഈ ഇനത്തില്‍ പെടുന്നു. മറ്റു ചില രോഗങ്ങളാകട്ടെ മൃഗങ്ങളില്‍ മിതമായ തോതിലും മനുഷ്യരില്‍ രൂക്ഷമായും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നവയാണ്.
പേവിഷബാധ വളര്‍ത്തു മൃഗങ്ങള്‍ക്കെല്ലാം ഉണ്ടാകുമെങ്കിലും നായ, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ കടി മൂലമാണ് മനുഷ്യര്‍ക്ക് പ്രധാനമായും രോഗബാധയുണ്ടാവുന്നത്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് നാലഞ്ച് ദിവസം മുമ്പ് തന്നെ രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ പേ വൈറസുകള്‍ ഉണ്ടായിരിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കാണിച്ചതിന് ശേഷം മൂന്നു നാല് ദിവസങ്ങള്‍ക്കകം മരണം സംഭവിക്കുന്നു. അതിനാല്‍ കടിക്കുന്ന മൃഗം അതിന് ശേഷം പത്ത് ദിവസം വരെ ചാകുന്നില്ലെങ്കില്‍ അപകടകരമല്ലെന്ന് അനുമാനിക്കാം. പേവിഷബാധ വൈറസ്സുകള്‍ മുറിവില്‍ കൂടി പ്രവേശിച്ച് നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. ജലഭീതിമൂലം മനുഷ്യരില്‍ ഈ രോഗം 'ഹൈഡ്രോഫോബിയ' എന്നാണറിയപ്പെടുന്നത്. എല്ലാ വളര്‍ത്തു നായകളെയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുകയും അലഞ്ഞു നടക്കുന്നവയെ നിര്‍മാര്‍ജനം ചെയ്യുകയും ചെയ്താല്‍ ഈ രോഗം നിയന്ത്രിക്കാന്‍ സാധിക്കും.
ക്ഷയരോഗം ബാധിച്ച നായകളുമായി ഇടപഴകി കളിച്ചു നടക്കുന്ന കുട്ടികളിലേക്ക് ഈ രോഗം എളുപ്പത്തില്‍ പകരുന്നു. ക്ഷയരോഗം ബാധിച്ച മനുഷ്യരുടെ കഫം ഭക്ഷിക്കുന്ന നായകളിലും ഈ രോഗം ഉണ്ടാകുന്നു.
അഞ്ചാംപനി, മുണ്ടിനീര്, ഡിഫ്തീരിയ, സ്‌കാര്‍ലറ്റ് ഫീവര്‍ എന്നീ രോഗങ്ങള്‍ മനുഷ്യരില്‍ നിന്ന് നായയിലേക്കും തിരിച്ചും പകരാറുണ്ട്. തന്മൂലം ഈ രോഗം ബാധിച്ചവരില്‍ നിന്ന് നായകളെ അകറ്റി നിര്‍ത്തേണ്ടതാണ്.
നായയുടെ ശരീരത്തില്‍ കാണുന്ന ചില പേനുകള്‍ മനുഷ്യരില്‍ ഒരുതരം ത്വക്ക് രോഗം ഉണ്ടാക്കുന്നു.
നായകളില്‍ കാണുന്ന ചെറിയതരം നാടവിരയാണ് എക്കൈനോകോക്കസ്സ്. ഈ വിരയുടെ മുട്ടകള്‍ നായകളുടെ വിസര്‍ജ്ജ്യത്തില്‍ കൂടി പുറത്തുവരുന്നു. ഈ മുട്ടകള്‍ എങ്ങനെയെങ്കിലും മനുഷ്യരുടെ ഭക്ഷണത്തിലോ കുടിക്കുന്ന വെള്ളത്തിലോ കലര്‍ന്നാല്‍ അവ 'ഹൈഡാറ്റിഡ്' രോഗം ഉണ്ടാക്കുന്നു. ഈ രോഗം കരള്‍, ശ്വാസകോശം, തലച്ചോര്‍ എന്നീ അവയവങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്.
അടപ്പന്‍, ബ്‌റൂസെല്ലോസിസ്സ്, ഡിഫ്ത്തീരിയ, ഗ്യാസ്ഗാന്‍ ഗ്രീന്‍, ക്ഷയരോഗം, പ്ലാഗ്, സ്‌കാര്‍ലറ്റ് ഫീവര്‍ എന്നിവയാണ് നായകളില്‍ കൂടി മനുഷ്യരിലേക്ക് പകരുന്ന പ്രധാനപ്പെട്ട ബാക്ടീരിയാ രോഗങ്ങള്‍. ഇത്തരത്തിലുള്ള ഫംഗസ് രോഗങ്ങളാണ് ആക്ടിനോ മൈക്കോസിസ്സ്, റിങ്ങ് വേം എന്നിവ. ഹുക്ക് വേം (കൊക്കപ്പുഴു) വിരബാധയും നായകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാറുണ്ട്.