കോടതികയറിയ പ്രസംഗം
ശൈഖ് മുഹമ്മദ് കാരകുന്ന്
2014 സെപ്റ്റംബര്‍
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള വ്യക്തിബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഞങ്ങളുടെ നാട്ടിലെ പുലത്ത് ജുമുഅത്ത് പള്ളിയുടെ വഖഫ്സ്വത്തുമായി ബന്ധപ്പട്ട
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള വ്യക്തിബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഞങ്ങളുടെ നാട്ടിലെ പുലത്ത് ജുമുഅത്ത് പള്ളിയുടെ വഖഫ്സ്വത്തുമായി ബന്ധപ്പട്ട ഒരു കേസുണ്ടായിരുന്നു. മുതവല്ലിയും പള്ളിക്കമ്മിറ്റിയും തമ്മിലായിരുന്നു പ്രശ്നം. പള്ളിയുടെ സ്വത്ത് സ്വന്തക്കാരനെ കുടിയാനാക്കി തട്ടിയെടുക്കാന്‍ മുതവല്ലി നടത്തിയ ശ്രമത്തിനെതിരെയായിരുന്നു കേസ്. അത് തീര്‍പ്പാക്കാന്‍ പാണക്കാട് പലതവണ ചര്‍ച്ച നടന്നു. പള്ളിക്കമ്മറ്റിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഞാനുമുണ്ടായിരുന്നു. പൂക്കോയ തങ്ങളായിരുന്നു കേസിലിടപെട്ടിരുന്നതെങ്കിലും ഞങ്ങളെ സ്വീകരിക്കുകയും വിഷയം അന്വേഷിച്ച് പഠിക്കുകയും ചെയ്തിരുന്നത് മൂത്തമകന് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത് അകന്ന ബന്ധുവും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ജ്യേഷ്ഠ സഹോദരനുമായ ഹൈദര്‍ ഹാജിയാണ്. ചന്ദ്രിക ആഴ്ചപ്പതിപ്പിലും വാരാന്തപതിപ്പിലും ധാരാളമായി എഴുതിക്കൊണ്ടിരുന്ന കാലമായിരുന്നതിനാല്‍ പേര് പറഞ്ഞപ്പോഴേക്കും മനസ്സിലാവുകയും സന്തോഷത്തോടെ സ്വീകരിച്ചിരുത്തുകയും ചെയ്തു. അന്നാരംഭിച്ച ഉറ്റ സൗഹൃദം മരണം വരെ അഭംഗുരം ഊഷ്മളമായി തുടര്‍ന്നു. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകനെന്ന നിലയില്‍ മുസ്ലിം ലീഗുമായി പലപ്പോഴും വിയോജിക്കേണ്ടിവന്നിട്ടുണ്ട്. അത് പേജുകളിലൂടെയും സ്റ്റേജുകളിലൂടെയും പ്രകടിപ്പിച്ചു പോന്നിട്ടുമുണ്ട്. എന്നാല്‍ അതൊന്നും ഞങ്ങളുടെ വ്യക്തിബന്ധത്തെ അല്പം പോലും ബാധിച്ചിരുന്നില്ല. മുസ്ലിം ലീഗിനെ വിമര്‍ശിച്ച ശേഷം നേരില്‍ കാണുമ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ സ്നേഹപൂര്‍വമാണ് സ്വീകരിച്ചിരുന്നത്. എപ്പോഴും ഉള്ളുതുറന്ന് സംസാരിക്കുകയും ചെയ്തു. അനിഷ്ടമോ അസ്വസ്ഥതയോ അലോസരമോ തോന്നിക്കുന്ന ഒരൊറ്റ വാക്കുപോലും ഒരിക്കലും അദ്ദേഹത്തില്‍നിന്ന് കേള്‍ക്കേണ്ടിവന്നിട്ടില്ല. കാണാന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോഴെല്ലാം തുറന്ന മനസ്സോടെ സ്നേഹപൂര്‍വം അവസരമൊരുക്കുകയായിരുന്നു.
ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളില്‍ എത്രയോ തവണ ഒരുമിച്ചിരുന്ന് ആശയവിനിമയം നടത്താനും ചര്‍ച്ചകളിലേര്‍പ്പെടാനും അവസരം ലഭിച്ചിട്ടുണ്ട്. മുസ്ലിം സൗഹൃദവേദികളുടെ സംഗമങ്ങളില്‍ എന്നും അധ്യക്ഷപദവി അലങ്കരിച്ചിരുന്നത് പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളായിരുന്നു. അപ്പോഴൊക്കെ എല്ലാ സംഘടനകളോടും നീതി പുലര്‍ത്താനും സമഭാവനയോടെ സമീപിക്കാനും അദ്ദേഹത്തിനു സാധിച്ചു. എല്ലാവര്ക്കും സ്വീകാര്യമായ തീരുമാനങ്ങളും അഭിപ്രായങ്ങളും കുറഞ്ഞ വാക്കുകളില്‍ സൗമ്യമായി പ്രകടിപ്പിച്ചു. എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ചു. കേരളത്തില്‍ നോമ്പും പെരുന്നാളും വ്യത്യസ്ത ദിനങ്ങളിലാവുന്നത് സമുദായത്തില്‍ വലിയ ഭിന്നിപ്പിനും കിടമത്സരത്തിനും കാരണമായതോടൊപ്പം മുസ്ലിംകള് സഹോദര സമുദായങ്ങള്‍ക്കിടയില്‍ വളരെയേറെ പരിഹാസ്യരാകാന്‍ ഇടവരുത്തുകയും ചെയ്തു. ഇതിനറുതി വരുത്തുന്നതില്‍ തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം സൗഹൃദ വേദി നടത്തിയ ശ്രമങ്ങള്‍ വിസ്മയകരമായ വിജയം വരിച്ചു.
മലേഷ്യയില്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കോഴിക്കോട് ഹൈസണ്‍ ഹോട്ടലില്‍ ഒരു യോഗത്തില്‍ വെച്ചുകണ്ടപ്പോള്‍ ചുമലില്‍ കൈവെച്ചു പറഞ്ഞു: ''മലേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിങ്ങളുടെ പുസ്തകം കണ്ടു. എനിക്ക് വലിയ സന്തോഷവും അഭിമാനവും തോന്നി.''''
ഇത്ര നിസ്സാരമായ കാര്യംപോലും ശ്രദ്ധിക്കുകയും ഓര്‍മയില്‍ സൂക്ഷിച്ച് സന്തോഷവും അഭിനന്ദനവും രേഖപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന വളരെ വിനീതനായ നേതാവായിരുന്നു തങ്ങള്‍. ജീവിതത്തില്‍ അനേക തവണ ആ സ്നേഹവും വാത്സല്യവും അനുഭവിച്ചറിയാന്‍ അവസരം ലഭിച്ചു. ചുമലില്‍ കൈവെച്ച് സ്നേഹം നിറഞ്ഞൊഴുകുന്ന സ്വരത്തിലാണ് അദ്ദേഹം കുശാലാന്വേഷണങ്ങള് നടത്തുകയും നാട്ടിലെയും വീട്ടിലെയും വിശേഷങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തിരുന്നത്.
എന്നാല്‍ തങ്ങളുടെ ഈ നന്മയെ മുന്‍നിര്‍ത്തി മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം നിരവധി അബദ്ധങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതായി കാണാം. അവ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചത് ലീഗിനു തന്നെയാണ്; പിന്നെ മുസ്ലിം സമുദായത്തിനും. 1975 സെപ്റ്റംബര്‍ ഒന്നിനാണ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ഉടനെ. അതിനു ശേഷമുള്ള പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ മുസ്ലിംകള് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ച കാലമായിരുന്നു. അതിന് പ്രധാന കാരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും. അവരുമായി കേരളത്തില്‍ അധികാരം പങ്കിട്ടുകൊണ്ടിരുന്നതിനാല് മുസ്ലിം ലീഗിന് അവയിലൊന്നും ഇന്ത്യന്‍ മുസ്ലിംകളുടെ കൂടെ നില്ക്കാന് കഴിഞ്ഞില്ല. അടിയന്തരാവസ്ഥയിലും ഭഗല്‍പൂര്‍, മുംബൈ ഉള്‍പ്പെടെ ഉണ്ടായ നൂറുകണക്കിന് വര്‍ഗീയ കലാപങ്ങളിലും രാമക്ഷേത്ര ശിലാന്യാസത്തിലും ബാബരിമസ്ജിദ് ധ്വംസനത്തിലുമുള്പ്പെടെ ഇന്ത്യന്‍ മുസ്ലിംകളുടെ പൊതുവികാരത്തോട് ചേര്ന്നുനില്ക്കാനോ അതിനെ പ്രതിനിധീകരിക്കാനോ മുസ്ലിം ലീഗ് സന്നദ്ധമായില്ല. തദ്ഫലമായി ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് കേരള ലീഗായി മാറി. പല പ്രശ്നങ്ങളിലും കേരള മുസ്ലിംകളുടെ വികാരത്തെ പ്രതിനിധീകരിക്കാനും സാധിക്കാതെ വന്നതിനാല്‍ ഫലത്തിലത് മലബാറിലൊതുങ്ങുകയാണുണ്ടായത്.
സോഷ്യലിസ്റ്റ് നാടുകളുടെ തകര്‍ച്ചക്ക് ശേഷം അമേരിക്കയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ ഇസ്ലാമിനെയും ഇസ്ലാമിക മുന്നേറ്റശ്രമങ്ങളെയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയും തങ്ങളുടെ മുഖ്യശത്രുവായി കാണുകയും ചെയ്തു. ഇസ്ലാം പേടി വളര്‍ത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ച് കുറ്റം മുസ്ലിംകളുടെ മേല്‍ ചുമത്തി. ഇസ്ലാമിക പ്രവര്‍ത്തകരുടെയും മുസ്ലിം സംഘടനകളുടെയും മേല്‍ തീവ്രവാദത്തിന്റെയും ഭീകര പ്രവര്‍ത്തനത്തിന്റെയും മുദ്ര പതിപ്പിച്ചു. ഇസ്ലാമിനെയും മുസ്ലിംകളെയും കുഴപ്പക്കാരും നാശകാരികളുമായി ചാപ്പകുത്തി. സാമ്രാജ്യത്വത്തിന്റെയും പടിഞ്ഞാറന്‍ മാധ്യമങ്ങളുടെയും മെഗാഫോണുകളായി പ്രവര്‍ത്തിക്കുന്നവര്‍ ഇതൊക്കെയും ഇവിടെയും പ്രചരിപ്പിച്ചു. കേരളത്തില്‍ മുസ്ലിം തീവ്രവാദവും ഭീകര പ്രവര്‍ത്തനവും സജീവമാണെന്ന ധാരണ സൃഷ്ടിച്ചു. ഇതില്‍ മുസ്ലിം ലീഗും നിര്‍ണായകമായ പങ്കുവഹിച്ചു. തങ്ങളോട് യോജിക്കാത്ത മുസ്ലിം സംഘടനകളെയും വിഭാഗങ്ങളെയും തീവ്രവാദികളെന്ന് വിളിച്ചാക്ഷേപിച്ചു. തങ്ങള്‍ മറ്റു മുസ്ലിം സംഘടനയില്‍നിന്നും വ്യത്യസ്തമായി മതേതരവാദികളും സമാധാനപ്രിയരുമാണെന്ന് വരുത്തി തകര്‍ക്കാനുള്ള വ്യഗ്രതയില്‍ ലീഗിനും സമുദായത്തിനും കേരളത്തിനും അപമാനകരമായ പ്രസ്താവനകള്‍ വരെ പുറപ്പെടുവിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമാധാനം പാലിക്കാന്‍ ആഹ്വാനം ചെയ്തില്ലായിരുന്നെങ്കില്‍ ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് കേരളം കലാപ ഭൂമിയാകുമായിരുന്നുവെന്ന് പ്രചരിപ്പിച്ചു.
എന്നാല്‍ മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് ഇന്ത്യയിലെവിടെയും മുസ്ലിംകള് പ്രകോപിതരായി കലാപമോ കുഴപ്പമോ ഉണ്ടാക്കിയിട്ടില്ല. അപ്പോള്‍ മുസ്ലിംകള് കേരളത്തില്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുഴപ്പക്കാരാണെന്നും അത് ലീഗുകാരാണെന്നുമാണല്ലോ അതിനര്‍ഥം. ലീഗുകാരല്ലാത്ത ആരും പാണക്കാട് തങ്ങള്‍ പറഞ്ഞതുകൊണ്ട് കുഴപ്പം ഉണ്ടാക്കുകയോ ഉണ്ടാക്കാതിരിക്കുകയോ ഇല്ല. തങ്ങളുടെ ആഹ്വാനമില്ലായിരുന്നെങ്കില് കേരളത്തിലെ മുസ്ലിം ലീഗുകാര്‍ കുഴപ്പവും കലാപവുമുണ്ടാക്കുമായിരുന്നുവെന്നാണല്ലോ ഇതിലൂടെ അവര്‍ തന്നെ പ്രചരിപ്പിച്ചത്. ഇങ്ങനെ ലീഗുകാര്‍ മലര്‍ന്നുകിടന്ന് തുപ്പുകയായിരുന്നു. അതിനാലാണ് അകമേ ലീഗിനോട് ശത്രുത പുലര്‍ത്തുന്ന മതേതര വാദികള്‍ ലീഗിന്റെ പ്രസ്താവനയെ പൊക്കിപ്പിടിച്ച് ആഘോഷിച്ചത്. ഇങ്ങനെ മുസ്ലിംലീഗിന്റെ കൂടി പങ്കാളിത്തത്തോടെ വളര്‍ന്നുവന്ന കേരളത്തിന്റെ പൊതുബോധം ഇസ്ലാമിനും മുസ്ലിംകള്ക്കുമെതിരായി. ഏതു പ്രശ്നത്തെയും സമുദായവല്ക്കരിച്ച് വര്‍ഗീയത വളര്‍ത്താനുള്ള ശ്രമം ശക്തിപ്പെട്ടു. ഇത് ഇന്ന് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് മുസ്ലിം ലീഗിനെയാണ്. ഇരുപതിലേറെ എം.എല്‍.എമാരും അഞ്ച് മന്ത്രിമാരുമുണ്ടായിട്ടും ഒന്നിനും സ്വാതന്ത്ര്യവും അധികാരവും അവകാശവുമില്ലാത്ത അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. അധികാരമുണ്ടായിട്ടും അധികാരം നടത്താനാവാത്ത നിസ്സഹായതയിലാണ് ലീഗിന്നുള്ളത്.
ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്നാണ് കേരളത്തില്‍ ഇസ്ലാമിനും മുസ്ലിംകള്ക്കുമെതിരായ വികാരം വളര്‍ത്താനുള്ള ആസൂത്രിത ശ്രമമാരംഭിച്ചത്. പ്രശ്നവുമായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും അന്ന് ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെടുകയുണ്ടായി. തീര്‍ത്തും അകാരണമായും അനീതിപരമായും ജമാഅത്തിനെ നിരോധിച്ചപ്പോള്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം അതിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്. അഖിലേന്ത്യാ പ്രസിഡണ്ട് ഇബ്രാഹീം സുലൈമാന്‍ സേട്ടു സാഹിബിനെതിരെ സംസ്ഥാന ഘടകം ഉന്നയിച്ച ആരോപണങ്ങളിലൊന്ന് അദ്ദേഹം ജമാഅത്ത് നിരോധത്തെ എതിര്‍ത്തുവെന്നതായിരുന്നു. ലീഗിന്റെ അന്നത്തെ സമീപനം എന്തായിരുന്നുവെന്ന് ഈ ഒരൊറ്റ സംഭവം തന്നെ വ്യക്തമാക്കുന്നു.
ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടുവെങ്കിലും അതിന്റെ നേതാക്കളും അനുയായികളും രാജ്യവും സമുദായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെട്ടുകൊണ്ടിരുന്നു. അതിന്റെ ഭാഗമായി എസ്.ഐ.ഒ തലശ്ശേരിയില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തില്‍ ബാബരി മസ്ജിദ് പ്രശ്നവും അതിന്റെ ചരിത്രവും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളും ഭരണകൂടവും സ്വീകരിച്ച സമീപനവുമൊക്കെ വിശദീകരിച്ച് സാമാന്യം ദീര്‍ഘമായ പ്രസംഗം നടത്തി. അതേതുടര്ന്ന് സാമുദായിക സ്പര്‍ധയും വര്‍ഗീയതയും വളര്‍ത്തുന്ന പ്രസംഗം ചെയ്തുവെന്നാരോപിച്ച് ഐ.ബി കേസെടുത്തു. തലശ്ശേരി പോലീസാണ് കേസ് ചാര്‍ജ് ചെയ്തത്. എന്റെ ലേഖനങ്ങളോ പുസ്തകങ്ങളോ വായിക്കുകയോ പ്രസംഗങ്ങള്‍ കേള്‍ക്കുകയോ ചെയ്ത ഇത്തിരിയെങ്കിലും സത്യസന്ധതയുള്ള ആരും ഇത്തരമൊരു ആരോപണമുന്നയിക്കുകയില്ല. അതുകൊണ്ടുതന്നെയിരിക്കാം അന്നും ഇന്നും ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ലാത്ത തലശ്ശേരിയിലെ അഡ്വക്കറ്റ് പി.വി അബ്ദുറഹ്മാന് ഒരു പൈസപോലും ഫീസ് വാങ്ങാതെ നീണ്ട നാലുവര്‍ഷം കേസ് നടത്തിയത്. എന്റെ നല്ല ഒരു വായനക്കാരന് കൂടിയായ അദ്ദേഹത്തിന് കേസ് തീര്‍ത്തും കെട്ടിച്ചമച്ചതാണെന്ന് ഉറപ്പുണ്ടായിരുന്നു. നാലുകൊല്ലം കോടതി കയറിയിറങ്ങേണ്ടിവന്നുവെങ്കിലും വിധി അഭിമാനകരമായിരുന്നു. കേസ് പോലീസുകാര്‍ കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങളെല്ലാം വ്യാജമാണെന്നും വിധിയില്‍ പ്രത്യേകം എടുത്തുപറയുകയുണ്ടായി. ജാമ്യമെടുക്കാനും മറ്റാവശ്യങ്ങള്ക്കുമൊക്കെയായി തലശ്ശേരിയിലെ എം.കെ അബ്ദുല്‍ അസീസ് സാഹിബും കൂട്ടുകാരും അഡ്വക്കറ്റ് അബ്ദുറഹ്മാന് സാഹിബും സഹപ്രവര്‍ത്തകരുമൊക്കെ എനിക്കുവേണ്ടി അല്പം പ്രയാസപ്പെട്ടുവെന്നതൊഴിച്ചാല് പോലീസിന്റെ ഇടപെടലും കോടതി നടപടികളുമൊക്കെ നല്ല ഒരനുഭവമായിരുന്നു.