സദ്‌വൃത്തയായ സ്ത്രീ പുരുഷന്റെ നിധി എന്ന ലേഖനം വളരെ ഇഷ്ടപ്പെട്ടു. വിവാഹിതരാകുന്നതോടെ സ്ത്രീയും പുരുഷനും തങ്ങ ളുടെ ജീവിതത്തിലെ വളരെ നിര്‍ണായകമായ ഘട്ടത്തിലേക്ക്
സദ്‌വൃത്തയായ സ്ത്രീ പുരുഷന്റെ നിധി എന്ന ലേഖനം വളരെ ഇഷ്ടപ്പെട്ടു. വിവാഹിതരാകുന്നതോടെ സ്ത്രീയും പുരുഷനും തങ്ങ ളുടെ ജീവിതത്തിലെ വളരെ നിര്‍ണായകമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. വിവാഹം പുരുഷനിലും സ്ത്രീയിലും പല ബാധ്യതകളും ചുമത്തുന്നുണ്ട്. രണ്ടുപേര്‍ക്കും അതിന് മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യം ഒരു പരിധിവരെ നഷ്ടപ്പെടുന്നു. വിവാഹിതരാകുന്നതോടെ പുതിയ ബാധ്യതകള്‍ വരുത്തിവെക്കുന്നതും തങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നതും സുഖവും ദുഃഖവും പങ്കുവെക്കാന്‍ തനിക്കൊരു ഇണ വേണമെന്ന നിലക്കാണ്. ദാമ്പത്യജീവിതം സുഖകരമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. പക്ഷേ പലര്‍ക്കും നിരാശയാണ് സമ്മാനിക്കാറ്. ദാമ്പത്യ പരാജയത്തിന് ഒട്ടേറെ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. വിവാഹം താല്‍ക്കാലികമായ ഏര്‍പ്പാടല്ലെന്നും അത് മരണം വരെ നിലനില്‍ക്കേണ്ടതാണെന്നുമുള്ള ബോധ്യത്തോടെ ദൈവഹിതമനുസരിച്ച് ദമ്പതികള്‍ പെരുമാറണം. ദാമ്പത്യ പരാജയത്തിനു കാരണം ദമ്പതികളുടെ വിവാഹജീവിതത്തെക്കുറിച്ച ശരിയായ അറിവില്ലായ്മ തന്നെയാണ്. വിവാഹത്തിനു മുമ്പ് ശരിയായ അവബോധം രണ്ടുപേര്‍ക്കും ലഭിക്കണം. നല്ല ഭാര്യക്ക് മാത്രമേ നല്ല മാതാവാകാന്‍ കഴിയൂ. അതുപോല നല്ല ഭര്‍ത്താവിന് മാത്രമേ നല്ല പിതാവാകാനും കഴിയൂ. ദാമ്പത്യ ജീവിതത്തെക്കുറിച്ചം കുടുംബത്തെക്കുറിച്ചും നല്ല ചിന്തകള്‍ തരുന്ന ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു മികവുറ്റ രചനകള്‍കൊണ്ട് കെട്ടിലും മട്ടിലും കൂടുതല്‍ നന്നായിക്കൊണ്ടിരിക്കുന്ന ആരാമം ഇത് ഞങ്ങള്‍ക്കായി തരുമെന്ന്
പ്രതീക്ഷിക്കുന്നു.
മാലിന്യം സ്വയം സംസ്‌കരിക്കുക
മാലിന്യ സംസ്‌കാരം എന്ന മുഖമൊഴി വായിച്ചു. ഇന്നത്തെ മാലിന്യ സംസ്‌കാരം യഥാര്‍ഥത്തില്‍ മറ്റുള്ളവരെ നാണം കെടുത്തുന്ന സംസ്‌കാരം കൂടിയാണ്. എനിക്ക് മാത്രമേ വൃത്തിയും വെടിപ്പുമുള്ളൂ, മറ്റുള്ളവര്‍ക്കൊന്നും ഇതില്ല എന്ന തരത്തിലാണ് ആരാന്റെ പറമ്പില്‍ കൊണ്ടുപോയി മാലിന്യം തള്ളുന്നത്. സ്വന്തം മുറ്റവും പറമ്പും അടിച്ചുവാരി അന്യന്റെ വളപ്പിലോ പൊതു റോഡിലോ തള്ളുന്നത് സ്ഥിരം കാഴ്ചകളിലൊന്നാണ്. പല വഴികളിലും ഓരോ ഭാഗത്തും വലിയ മണ്‍കൂന പോലെ മാലിന്യം നിക്ഷേപിച്ചത് കാണാം. ഇത് പല വീട്ടില്‍ നിന്നും കൊണ്ടു തള്ളുന്നതാണ്. കുറച്ചു മേലനങ്ങി ജോലി ചെയ്യാന്‍ തയ്യാറുണ്ടെങ്കില്‍ പ്രഭാത സവാരി തന്നെ വേണ്ടി വരില്ല. ഉള്ള മുറ്റവും ടെറസും തന്നെ ഉപയോഗപ്പെടുത്തി കൃഷി ചെയ്യാന്‍ സമയം കണ്ടെത്തുകയാണെങ്കില്‍ ആരോഗ്യവും സംരക്ഷിക്കാം. വീട്ടിലെ മാലിന്യം സ്വയം സംസ്‌കരിക്കുക വഴി മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കാതിരിക്കുകയും ചെയ്യാം.
ഷാനവാസ് പൈങ്ങോട്ടായി.
കൂടുതല്‍ ശ്രദ്ധിക്കുക
കഴിഞ്ഞലക്കം ആരാമം കൈയില്‍ കിട്ടിയപ്പോള്‍ പുതുമയുള്ളതും എന്തോ ഒരു രൂപമാറ്റം വന്നതുപോലെയും തോന്നി. മാറ്ററുകളെല്ലാം നന്നായിട്ടുണ്ട്. ഓരോ പേജും വളരെ ആവേശത്തോടെയാണ് വായിച്ചത്. പക്ഷേ ഒരു കാര്യം പറയട്ടെ, 'പനിയെ നമുക്ക് ഇഷ്ടപ്പെടാം' എന്ന ലേഖനം വായിച്ചപ്പോള്‍ പെട്ടെന്ന് കാര്യം മനസ്സിലായില്ല. ഒരാവര്‍ത്തി കൂടി വായിച്ചപ്പോള്‍ ആലേഖനത്തില്‍ പലയിടത്തും 'ണ്ട' എന്ന അക്ഷരം വിട്ടുപോയിട്ടുണ്ടെന്ന് മനസ്സിലായി. ഇത്തരം തകരാറുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫെമിന പി.പി പുല്ലൂരാം പാറ
നെഞ്ചുരുക്കത്തോടെ വായിച്ചു
ജൂലൈ ലക്കം ആകര്‍ഷണീയമായ കവര്‍സ്റ്റോറികളാലും ബൃഹത്തായ സൃഷ്ടികളാലും സമ്പന്നമായിരുന്നു. പ്രവാസ ജീവിതം പ്രയാസമാണെന്ന് വരച്ചുകാട്ടുന്ന ലേഖനങ്ങളും കവിതകളും നോവലുകളും പ്രചാരം നേടുന്നത് സ്വാഭാവികം. മനുഷ്യപ്പറ്റുളള ആര്‍ക്കും പറയാനും എഴുതാനും എന്തെങ്കിലുമൊക്കെ ചെയ്യാനും തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. നസീര്‍ പുന്നയൂര്‍ എഴുതിയ അനുഭവക്കുറിപ്പ് നെഞ്ചുരുക്കത്തോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവില്ല. ബെന്യാമിന്റെ ആടു ജീവിതത്തിന് സമാനമാണ് സംഭവം. നജീബ് ആടുകള്‍ക്ക് താനിഷ്ടപ്പെടുന്നവരുടെ പേര് നല്‍കുകയായിരുന്നു. സമാനമാണ് റഊഫും. എന്നാല്‍ പതിമൂന്ന് വര്‍ഷത്തെ പ്രവാസജീവിതം ദുരിതങ്ങള്‍ മാത്രം സമ്മാനിച്ചു എന്നറിയുമ്പോള്‍ നമ്മുടെ നെഞ്ചിടിപ്പും വര്‍ധിക്കുകയാണ്. നല്ല വീട്, സ്വന്തമായി ഒരു തുണ്ട് ഭൂമി, സഹോദരിമാരുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങളോടൊപ്പം നാട്ടിലെ ചീത്ത കൂട്ടുകെട്ടുകളില്‍ നിന്നും രക്ഷപ്പെടാന്‍ രക്ഷിതാക്കള്‍ തന്നെ മുന്‍കൈയെടുത്ത് ഗള്‍ഫിലേക്കയക്കുന്ന സംഭവങ്ങളും ധാരാളം നടക്കുന്നുണ്ട്. ചുരുക്കം ചിലര്‍ക്ക് സാമാന്യം ഭേദപ്പെട്ട ജോലിയും ശമ്പളവും ഒഴിച്ച് നിര്‍ത്തിയാല്‍ വലിയൊരു വിഭാഗം പ്രവാസികളും പ്രയാസത്തിലും കഷ്ടത്തിലുമാണെന്നത് തിക്ത യാഥാര്‍ഥ്യമാണ്. ഇഷ്ടപ്പെട്ട ജോലി ചെയ്യാനാവുക എന്നത് ഏവരും ആഗ്രഹിക്കുന്ന കാര്യമാണ്. അപ്പോള്‍ മാത്രമേ ജീവിത ഒഴുക്ക് സുഖമമാവുകയുള്ളൂ. പലപ്പോഴും ഇഷ്ടജോലി പോയിട്ട് മനുഷ്യന്റെ കഴിവില്‍പെട്ട ജോലി പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ വിദേശത്തും പലര്‍ക്കും സ്വദേശത്തുമുണ്ട്. വ്യക്തമായ ലക്ഷ്യവും അടുക്കുള്ള ജീവിതവും നിരന്തര പരിശ്രമവുമുണ്ടെങ്കില്‍ ഈ പ്രതിസന്ധി കുറെയൊക്കെ മറി കടക്കാവുന്നതാണ്.
അബ്ദുല്‍ റസാക്ക് പുലാപറ്റ
പാഠങ്ങള്‍ ഉള്‍ക്കൊളളാനായി
ജൂലൈ ലക്കം എച്ച് നുസ്‌റത്ത് എഴുതിയ ആഘോഷത്തിന്റെ തക്ബീര്‍ ധ്വനികള്‍ എന്ന ലേഖനം നന്നായി. ഇസ്‌ലാമിലെ ആരാധനകളെയും അനു ഷ്ഠാനങ്ങളെയും അതിന്റെ തനിമ ചോര്‍ന്നുപോകാതെ ലേഖനങ്ങളായും ഫീച്ചറായും അവതരിപ്പിക്കുന്നതിലൂടെ ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊളളാനാകുന്നു.
റഹീം കെ. പറവന്നൂര്‍
അന്നാന്വേഷണ പരീക്ഷണം
ആഗസ്റ്റ് ലക്കം ആരാമത്തില്‍ മലികമറിയം എഴുതിയ 'എന്റെ അന്നാന്വേഷണ പരീക്ഷണ കഥ' തികച്ചും അര്‍ഥവത്തായിരുന്നു. ഒരുപാട് നാളായി കൂട്ടിക്കിഴിച്ചുകൊണ്ടിരുന്ന കാര്യങ്ങളായിരുന്നു അതില്‍ സരസമായി എഴുതിയത്. അസൈന്‍മെന്റുകള്‍ക്കും സെമിനാറുകള്‍ക്കും ശേഷം കുടുംബജീവിതത്തിന്റെ തിരക്കുകളില്‍ അകപ്പെട്ടപ്പോഴാണ് ഇത്തരം കാര്യങ്ങള്‍ വിശാല നിരീക്ഷണത്തിന് വിധേയമായത്. കുഞ്ഞുങ്ങളുടെ കരച്ചിലുകള്‍ക്കും തിരക്കേറിയ ദിനചര്യകള്‍ക്കുമിടയില്‍ അലോസരങ്ങളായി വരുന്ന ഭൂലോകചിന്തകളെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത്തരം രചനകള്‍ വിലയേറിയതാവുന്നത്.
സ്വന്തമായി പേനയില്ലെന്ന് എന്നെ ഓര്‍മിപ്പിച്ചതും ചില സന്ദര്‍ഭങ്ങളില്‍ എന്നെപ്പോലെ ചിന്തിക്കുന്നതുകൊണ്ടാണ് ചില സ്ത്രീകള്‍ വാര്‍ത്തയെ അവഗണിക്കുന്നതെന്ന് മനസ്സിലാക്കിത്തന്നതും വീട്ടുജോലികളില്‍ മനം മടുക്കുമ്പോഴും ഭൂമിയിലെ കാരുണ്യത്തിന്റെ മാലാഖമാരാവാന്‍ സ്ത്രീക്ക് കഴിയും എന്ന് ആശ്വസിപ്പിച്ചതും അവ തന്നെ. അതോടെ മനപൂര്‍വമല്ലാതെ മറന്ന് തുടങ്ങുന്ന അക്ഷരങ്ങളെ വീണ്ടും കൂട്ടുപിടിക്കാന്‍ നിര്‍ബന്ധിതയാവുന്നു. നിഷ്‌കളങ്കമായും ആത്മാര്‍ഥമായും ക്ഷമിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന സ്ത്രീ വീടിന് വെളിച്ചമാണെന്നത് കൊണ്ടും അവളില്‍നിന്നുണ്ടാകുന്ന ഏറ്റവും സര്‍ഗാത്മക സൃഷ്ടി തലമുറയാണെന്നുള്ളതുകൊണ്ടും ദൈവപ്രീതി കാംക്ഷിച്ച് നമുക്ക് സ്‌നേഹസാഗരങ്ങളായി ത്യാഗമനസ്സുകളായി സ്വയം എരിഞ്ഞടങ്ങാതെ ജീവിക്കാം. ഞാനും നിങ്ങളും പൊതുസമൂഹത്തിന്റെ നിറം നിര്‍ണയിക്കുന്ന അവിഭാജ്യ ഘടകമാണെന്ന സത്യം മനസ്സിലാക്കിക്കൊണ്ട് തന്നെ.
ഫാത്തിമ മക്തൂം കൊറ്റാളി,