അല്‍പസ്വല്‍പം തടിമിടുക്കുള്ളതു നല്ലതുതന്നെ. പക്ഷെ തടികൂടി അമിതവണ്ണമോ പൊണ്ണത്തടിയോ ആയിപ്പോയാലോ. അത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നമായി
അല്‍പസ്വല്‍പം തടിമിടുക്കുള്ളതു നല്ലതുതന്നെ. പക്ഷെ തടികൂടി അമിതവണ്ണമോ പൊണ്ണത്തടിയോ ആയിപ്പോയാലോ. അത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നമായി ലോകാരോഗ്യ സംഘടനപോലും അംഗീകരിച്ച ഒന്നായി മാറി. ശരീരത്തിലടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് നിശ്ചിത പരിധിയിലധികമാവുകയും അതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് പൊണ്ണത്തടി.
ഇന്ത്യയില്‍ പൊണ്ണത്തടിയുടെ കാര്യത്തില്‍ കേരളീയര്‍ക്ക് പഞ്ചാബിനും തൊട്ടുപിറകില്‍ രണ്ടാംസ്ഥാനമാണ് ഉള്ളത്. മലയാളികളില്‍ 24.3 ശതമാനം പുരുഷന്മാരും 34 ശതമാനം സ്ത്രീകളും അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരാണ്.
ഒരാളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായതിലധികം ഊര്‍ജ്ജം (കലോറി) നല്‍കുന്ന ഭക്ഷണം കഴിക്കുമ്പോഴാണ് അധികം വരുന്ന കലോറി ശരീരത്തില്‍ കൊഴുപ്പായി സംഭരിക്കപ്പെടുന്നത്.
അമിതാഹാരം
ധാരാളം അന്നജം, പൂരിത കൊഴുപ്പ് ഇവ അടങ്ങിയ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ജങ്ക് ഫുഡ്, അമിതോര്‍ജ്ജം അടങ്ങിയ കോളകളുടെ ഉപയോഗം, എണ്ണയില്‍ വറുത്ത ഭക്ഷണം എന്നിവ പൊണ്ണത്തടിയുണ്ടാക്കും. മൂന്നുനേരവും അരിയാഹാരം കഴിക്കുന്ന മലയാളികളുടെ ശീലവും ഇതിനു വളംവെക്കുന്നു.
അന്തസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തന തകരാറുകള്‍ തൈറോയിഡ്, അഡ്രീനല്‍ ഗ്രന്ഥി മുതലായ Endocrine ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ മൂലം അമിത വണ്ണവും പൊണ്ണത്തടിയും ഉണ്ടാകാം.
പാരമ്പര്യം
ചില ജനിതക രോഗങ്ങള്‍ മൂലം പൊണ്ണത്തടി ഉണ്ടാകുന്നതു പോലെത്തന്നെ പാരമ്പര്യം മൂലവും പൊണ്ണത്തടിക്കു സാധ്യത ഉണ്ട്.
മരുന്നുകള്‍
സ്ഥിരമായി ഹോര്‍മോണ്‍ ഗുളികകള്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍, മാനസിക രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇവ കഴിക്കുന്നവര്‍ക്ക് പൊണ്ണത്തടിക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ഗര്‍ഭാവസ്ഥ
ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും ഉള്ള പരിപൂര്‍ണ്ണ വിശ്രമം, അമിത പോഷണം ഇവ മൂലം നിശ്ചിത പരിധിയിലധികം ഭാരം വര്‍ധിക്കുന്നവര്‍ക്ക് പിന്നീട് വണ്ണം കുറക്കുവാന്‍ സാധിക്കാതെ വരുന്നു.
ഉറക്കക്കുറവ്
സ്ഥിരമായ ഉറക്കക്കുറവ് അനുഭവപ്പെടുന്നവര്‍ക്കും ശരിയായ അളവില്‍ ഉറക്കം ലഭിക്കാത്തവര്‍ക്കും ഹോര്‍മോണ്‍ വ്യതിയാനങ്ങളോ അതുമൂലം അമിത വിശപ്പ്, പൊണ്ണത്തടി എന്നിവയുണ്ടാകുന്നു.
പുകവലി, മദ്യപാനം മുതലായ ദുഃശ്ശീലങ്ങള്‍ മൂലവും പൊണ്ണത്തടി ഉണ്ടാകാം.
ടി.വി, കമ്പ്യൂട്ടര്‍ മുതലായവയുടെ അമിത ഉപയോഗം കുട്ടികളില്‍ പ്രത്യേകിച്ചും മുതിര്‍ന്നവരിലും പൊണ്ണത്തടി ഉണ്ടാക്കുന്നു. ടി.വി, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ സ്‌നാക്‌സ് കഴിച്ചു കൊണ്ടു കാണുന്ന ശീലം അപകടമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് അപ്പോള്‍ നാം ശ്രദ്ധിക്കുന്നതേയില്ല.
Leption dificincy
ശരീരത്തിലെ Leption എന്ന രാസവസ്തുവിന്റെ അളവു കുറയുന്നതുമൂലം പൊണ്ണത്തടി ഉണ്ടാകുന്നു.
അമിതവണ്ണം ഉള്ളവരുടെ ഊര്‍ജ്ജസ്വലതയും ജീവിത നിലവാരവും ആയുസ്സ് തന്നെയും മറ്റുള്ളവരുടേതിനേക്കാള്‍ വളരെയേറെ പിറകില്‍ നില്‍ക്കുന്നു.
ജീവിതശൈലിരോഗങ്ങള്‍
ജീവിതശൈലിരോഗങ്ങള്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പൊണ്ണത്തടി, രക്താതിസമ്മര്‍ദ്ദം, പ്രമേഹം, (type II) അമിത കൊളസ്‌ട്രോള്‍ ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതു കൂടാതെ ഇവയിലേറ്റവും പ്രധാനമായ പൊണ്ണത്തടി മറ്റുള്ള അവസ്ഥകളിലേക്കു നയിക്കുകയും ചെയ്യുന്നു.
മേല്‍പറഞ്ഞ രക്താതി സമ്മര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍ ഇവ ത്രോംബോസിസ് ഉണ്ടാക്കുകയും പക്ഷാഘാതവും ഹൃദയാഘാതവും ഉണ്ടാകുവാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രവണത പൊണ്ണത്തടി, പ്രമേഹം ഇവകൂടി ഉള്ളവരില്‍ പതിന്മടങ്ങു വര്‍ധിക്കുന്നു.
ഇടുപ്പുവണ്ണം 102 സെ.മീറ്ററിനുള്ളില്‍ പുരുഷന്മാര്‍ക്കും 88 സെ.മീറ്ററിനുള്ളില്‍ സ്ത്രീക ള്‍ക്കും ഉണ്ടാകുന്നത് ഹൃദയ രോഗങ്ങള്‍ക്കു കാരണമാകുന്നു.
ചിലതരം കാന്‍സറുകള്‍, ആസ്തമ, ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സം മുതലായവ പൊണ്ണത്തടിമൂലം ഉണ്ടാകാറുണ്ട്. അമിതഭാരം സന്ധികള്‍ക്കു നല്‍കുന്ന സമ്മര്‍ദ്ദവും ആഘാതവും സന്ധിരോഗങ്ങള്‍ക്കു കാരണമാകുന്നു.
സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ തകരാറുകള്‍, പോളിസിസ്റ്റിക് ഓവറി, ലൈംഗിക പ്രശ്‌നങ്ങള്‍, വിഷാദം മുതലായവയും പൊണ്ണത്തടി ഉള്ളവരില്‍ വളരെ കൂടുതലായി കാണപ്പെടുന്നു.
ദഹനസംബന്ധമായ അസുഖമാണ് അസിഡിറ്റി. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, പിത്താശയക്കല്ല് മുതലായവയും ഞരമ്പുവീക്കം (varicos veins) തുടങ്ങിയ അവസ്ഥകളും പൊണ്ണത്തടിയുള്ളവരില്‍ സര്‍വസാധാരണമായി കാണുന്നു.
General obesity: സ്ത്രീകളില്‍ കൂടുതലായി കാണുന്ന തരം പൊണ്ണത്തടിയാണിത്. ശരീരത്തിലെ എല്ലാ ഭാഗത്തും കൊഴുപ്പടിഞ്ഞു കൂടുന്നു.
Central/ truncal obesity :പുരുഷന്മാരില്‍ കൂടുതല്‍ കാണുന്ന തരം പൊണ്ണത്തടിയാണിത്. അരക്കെട്ട്, വയര്‍ ഉള്‍പ്പെടുന്ന ശരീരത്തിന്റെ മധ്യഭാഗത്ത് കൂടുതലായി കൊഴുപ്പ് അടിഞ്ഞു കൂടുന്നു. ഇത്തരക്കാര്‍ക്ക് ഹൃദയരോഗങ്ങള്‍ക്കും പ്രമേഹത്തിനും ഉള്ള സാധ്യത കൂടുതലാണ്.
ചികിത്സ
ഏതെങ്കിലും രോഗാവസ്ഥയുടെ ഭാഗമായാണ് പൊണ്ണത്തടി ഉണ്ടാകുന്നതെങ്കില്‍ പ്രസ്തുത കാരണം കണ്ടെത്തി ചികിത്സിക്കുമ്പോള്‍ തന്നെ അമിത വണ്ണവും കുറഞ്ഞുവരും. ജീവിതശൈലി മാറ്റങ്ങള്‍ കൊണ്ടുണ്ടായ പൊണ്ണത്തടിക്ക് മരുന്നുകള്‍ കൊണ്ടു മാത്രം പരിഹാരം കാണാന്‍ സാധിക്കില്ല.
രോഗിയുടെ മാനസികവും ശാരീരികവുമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് കൃത്യമായ മരുന്നു നിര്‍ദ്ദേശിച്ചാല്‍ വണ്ണം കുറക്കുവാന്‍ കഴിയും. ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന് കഴിക്കുന്നതോടൊപ്പം മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിച്ചാല്‍ മാത്രമേ ഫലപ്രാപ്തി ഉണ്ടാകൂ.
കുട്ടികളിലെ പൊണ്ണത്തടി
ചെറുപ്പത്തില്‍ തന്നെ പൊണ്ണത്തടി ഉണ്ടെങ്കില്‍ അതു പിന്നീട് സ്ഥിരമായി നിലനില്‍ക്കുകയാണ് ചെയ്യുന്നത്. പൊണ്ണത്തടി കുട്ടികളിലും ധാരാളം അസുഖങ്ങള്‍ക്കും അതുപോലെ അവരുടെ പഠനനിലവാരം കുറയുവാനും കാരണമാകുന്നു. ടി.വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഗെയിംസ് ഇവയുടെ അമിതോപയോഗം ഫാസ്റ്റ്, ജങ്ക് ഭക്ഷണങ്ങള്‍, കോള പോലുള്ളവയുടെ ഉപയോഗം, ശാരീരിക വ്യായാമം നല്‍കുന്ന തരം കളിയിലേര്‍പ്പെടുവാനുള്ള വൈമുഖ്യം മുതലായവ കാരണമാണ് കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാകുന്നത്.
പരിഹാര മാര്‍ഗങ്ങള്‍
നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അളവില്‍ മാത്രം ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുകയോ അതല്ലെങ്കില്‍ അമിതമായി നാം കഴിക്കുന്ന ആഹാരത്തിലെ കലോറീസ് എരിച്ചു കളയുവാന്‍ പാകത്തിനുള്ള വ്യായാമം ചെയ്യുകയോ ആണ് പൊണ്ണത്തടി ഒഴിവാക്കാനുള്ള ഏക മാര്‍ഗം.
ഭക്ഷണ നിയന്ത്രണം
അന്നജം, പൂരിത കൊഴുപ്പ് ഇവ അടങ്ങിയ ഭക്ഷണങ്ങളും കൂടുതല്‍ കലോറി നല്‍കുന്ന ഭക്ഷണങ്ങളും പരമാവധി കുറക്കുകയും കൂടുതല്‍ നാരടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും വേണം. ധാരാളം വെള്ളം കുടിക്കുകയും അരിയാഹാരവും മാംസാഹാരങ്ങളും പരമാവധി കുറക്കുകയും വേണം. മത്സ്യം, പ്രത്യേകിച്ച് ചെറുമത്സ്യങ്ങള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
വ്യായാമം
സ്ഥിരമായി വ്യായാമം നടത്തണം. ജോഗിംഗ്, സൈക്ലിംഗ്, നീന്തല്‍, യോഗ, മറ്റു വ്യായാമദായകമായ കളികള്‍ ഇവയില്‍ സ്ഥിരമായി നിര്‍ബന്ധമായും ഏര്‍പ്പെടേണ്ടതാണ്.