മര്‍യം ബീവി
അബ്ദുല്ലാ നദ്വി കുറ്റൂർ
2014 സെപ്റ്റംബര്‍
ഇസ്രായീലി പുരോഹിതനായ ഇംറാനും ഭാര്യയും വയോവൃദ്ധരായിരുന്നു. ഒരു കുഞ്ഞിന് വേണ്ടി അവര്‍ അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നെങ്കിലും അവരുടെ ആഗ്രഹം
ഇസ്രായീലി പുരോഹിതനായ ഇംറാനും ഭാര്യയും വയോവൃദ്ധരായിരുന്നു. ഒരു കുഞ്ഞിന് വേണ്ടി അവര്‍ അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നെങ്കിലും അവരുടെ ആഗ്രഹം പൂവണിഞ്ഞിരുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളെ കാണുമ്പോള്‍ ഹന്നയുടെ ഹൃദയം വാത്സല്യം കൊണ്ട് വീര്‍പ്പുമുട്ടും. അങ്ങനെ നിരാശയായി വീടിനു മുമ്പിലെ മരച്ചുവട്ടില്‍ ഇരിക്കുമ്പോഴാണ് ഹന്ന കരളലിയിപ്പിക്കുന്ന ആ കാഴ്ച കണ്ടത്. മരത്തിന്റെ ചില്ലയിലിരുന്ന് ഒരു പെണ്‍കിളി അതിന്റെ കുഞ്ഞിന് ആഹാരം കൊടുക്കുന്നു! ഈ കാഴ്ച കണ്ട് കരള്‍ പൊട്ടി ഹന്ന അല്ലാഹുവിനോട് ഇങ്ങനെ പ്രാര്‍ഥിച്ചു.
''പടച്ചവനേ, ഈ പക്ഷിക്ക് നീ നല്‍കിയ സൗഭാഗ്യം പോലും എനിക്ക് നീ തന്നില്ലല്ലോ. ഞാന്‍ എത്ര ഹതഭാഗ്യയാണ്!'' അന്നു മുതല്‍ ഹന്നയുടെ കണ്ണുനീര്‍ തോര്‍ന്നില്ല. അവള്‍ നിരന്തരമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ''അല്ലാഹുവേ! വാര്‍ധക്യം നിനക്ക് പ്രശ്‌നമല്ലല്ലോ. നീ വിചാരിച്ചാല്‍ ഇക്കാലത്തും എനിക്കൊരു കുഞ്ഞിനെ പ്രദാനം ചെയ്യാനാവുമല്ലോ, നീ എനിക്കൊരു കുഞ്ഞിനെ തരികയാണെങ്കില്‍ ഞാന്‍ ആ കുഞ്ഞിനെ നിന്റെ പരിശുദ്ധ ഭവനമായ ബൈത്തുല്‍ മുഖദ്ദിസിലേക്ക് സമര്‍പ്പിക്കാം,
നാഥാ!''
ഒടുവില്‍ ഹന്നയുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. ദിവസങ്ങള്‍ക്കകം വാര്‍ധക്യകാലത്ത് ഹന്ന ഗര്‍ഭവതിയായി. ആ വൃദ്ധദമ്പതികള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പത്ത് മാസം തള്ളിനീക്കി. ഹന്ന ഒരു പിഞ്ചുകുഞ്ഞിന് ജന്മം നല്‍കി. പക്ഷെ, അവര്‍ പ്രസവിച്ചത് ഒരു പെണ്‍കുഞ്ഞിനെയായിരുന്നു. പൂര്‍ണ്ണ സന്തുഷ്ടയാകാതെ അവര്‍ അല്ലാഹുവിനേട് വീണ്ടും പ്രാര്‍ഥിച്ചു.
''ആണ്‍ കുഞ്ഞ് ജനിക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, പിറന്നത് പെണ്ണായിപ്പോയല്ലോ. കുട്ടിയെ പള്ളി പരിപാലനത്തിനായി സമര്‍പ്പിക്കാമെന്ന് ഞാന്‍ വാക്ക് തന്നിരുന്നതാണല്ലോ. ഇത് പെണ്ണായതുകൊണ്ട് എനിക്ക് വാക്ക് പാലിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. ഇവള്‍ക്ക് ഞാന്‍ മര്‍യം എന്ന് നാമകരണം ചെയ്തിരിക്കുന്നു. (സന്യാസിനി, ആരാധിക എന്നൊക്കെയാണ് ഹീബ്രുഭാഷയില്‍ മര്‍യം (മേരി) എന്ന പദത്തിനര്‍ഥം). മര്‍യമിനെയും അവളുടെ സന്താന പരമ്പരയെയും നീ പിശാചില്‍
നിന്നും കാത്തുകൊള്ളേണമേ.'' പ്രാര്‍ഥിച്ചുകൊണ്ട് ഉറങ്ങിപ്പോയ ഹന്നയോട് അല്ലാഹു സ്വപ്നത്തില്‍ ഇങ്ങനെ ആജ്ഞാപിച്ചു.
''ഹന്ന, നീ ജന്മം നല്‍കിയത് പെണ്‍കുഞ്ഞാണെങ്കിലും നിന്റെ ശപഥം നാം സ്വീകരിച്ചിരിക്കുന്നു. നീ മര്‍യമിനെ പള്ളിയിലേക്ക് സമര്‍പ്പിക്കുക.''
മുലകുടി മാറ്റിയ ഉടനെ ഹന്ന ആ പിഞ്ചുകുഞ്ഞിനെ ബൈത്തുല്‍ മുഖദ്ദിസ് പള്ളിയില്‍ കൊണ്ടുചെന്ന് ഏല്‍പ്പിച്ചു. ആ ശിശുവിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ പള്ളിയധികാരികള്‍ മുന്നോട്ടുവന്നു. അവരുടെ കൂട്ടത്തില്‍ സകരിയ്യാ നബിയും ഉണ്ടായിരുന്നു. കുഞ്ഞിന്റെ ഉമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായ താനാണ് അതിന് കൂടുതല്‍ അര്‍ഹനെന്ന് സകരിയ്യാ നബി വാദിച്ചു. അങ്ങനെ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ പള്ളിയിലെ മേലധികാരികളായ 19 പേരും തമ്മില്‍ തര്‍ക്കമായി. കുട്ടിയെ തനിക്ക് വേണമെന്ന് ഓരോരുത്തരും വാശിപിടിച്ചു. തര്‍ക്കം മൂത്ത സന്ദര്‍ഭത്തില്‍ സകരിയ്യാ നബിയോട് അല്ലാഹു കല്‍പിച്ചു.
''മര്‍യമിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോരുത്തരും തൗറാത്ത് എഴുതാനുപയോഗിക്കുന്ന പേനകള്‍ ജോര്‍ദാന്‍ നദിയില്‍ ഇട്ടേക്കുക. ആരുടെ പേനയാണോ നദിയില്‍ പൊങ്ങി നില്‍ക്കുന്നത് ആ വ്യക്തിക്കാണ് മര്‍യമിനെ വളര്‍ത്താനുള്ള ചുമതല.''
സകരിയ്യാ നബി ബന്ധപ്പെട്ടവരെ ഈ വിവരം അറിയിച്ചു. അതനുസരിച്ച് ഇളകിമറിയുന്ന ജോര്‍ദാന്‍ നദിയില്‍ അവരെല്ലാം സ്വന്തം പേനകള്‍ വലിച്ചെറിഞ്ഞു. എന്നാല്‍ സകരിയ്യയുടെ പേന മാത്രമാണ് പുഴയില്‍ പൊങ്ങിക്കിടന്നത്. മറ്റുള്ളവരുടെ പേനകളെല്ലാം നദിയുടെ അടിത്തട്ടിലേക്ക് ആണ്ടുപോയി. ഈ സംഭവം ഖുര്‍ആന്‍: 3:44-ല്‍ സൂചിപ്പിച്ചിട്ടുണ്ട്.
അങ്ങനെ മര്‍യമിനെ വളര്‍ത്താനുള്ള അര്‍ഹത സകരിയ്യാ നബിക്കായി. അദ്ദേഹം കുഞ്ഞിനെ മാറോടണച്ചു. നേരെ തന്റെ വസതിയിലേക്ക് നടന്നു. ആ കുഞ്ഞിനെ തന്റെ ഭാര്യ ഇശാഅയുടെ കരങ്ങളില്‍ ഏല്‍പ്പിച്ചു. മര്‍യമെന്ന ആ കുസൃതിക്കുടുക്കയെ അവര്‍ വാരിക്കോരി മുത്തങ്ങള്‍ ചൊരിഞ്ഞു. കുഞ്ഞിന് ഒരു വയസ്സ് തികയും മുമ്പേ മാതാവ് ഇഹലോകവാസം വെടിഞ്ഞിരുന്നു.
സകരിയ്യാ നബി തന്റെ പിഞ്ചോമനയെ എല്ലാവിധ വിജ്ഞാനങ്ങളും ഇസ്‌ലാമിക സംസ്‌കാരവും നല്‍കി സമ്പന്നയാക്കി. തികച്ചും ഭക്തയും സുശീലയുമായി മര്‍യം വളര്‍ന്നു വന്നു. മര്‍യമിന് ഒമ്പത് വയസ്സ് തികയുന്നതിന് മുമ്പേ അവര്‍ തൗറാത്ത് മുഴുവന്‍ ഹൃദിസ്ഥമാക്കിയിരുന്നു. മര്‍യം പള്ളിയിലേക്ക് നേര്‍ച്ചയാക്കപ്പെട്ട കുട്ടിയാണ്. അതനുസരിച്ച് സകരിയ്യാ നബി മര്‍യമിനെ ബൈത്തുല്‍ മുഖദ്ദിസ് പള്ളിയിലെത്തിച്ചു. പിന്നീട് അവളുടെ താവളം പള്ളിയായിരുന്നു. മര്‍യമിന് വേണ്ടി പള്ളിയുടെ ചാരത്ത് ഒരു പ്രത്യേക മുറി തന്നെ അദ്ദേഹം സജ്ജീകരിച്ചു. അവിടെ ഇരുന്ന് ആരാധന കൊണ്ട് മഹതി തന്റെ ജീവിതം ധന്യമാക്കി. ആ മഹിളാരത്‌നം പള്ളിയും പരിസരവും വൃത്തിയാക്കുകയും പള്ളിക്ക് ആവശ്യമായ മറ്റു പരിചരണങ്ങള്‍
നിര്‍വഹിക്കുകയും ചെയ്തു. പള്ളിയുടെ പരിചരണം കഴിഞ്ഞു കിട്ടുന്ന മുഴുവന്‍ സമയവും അവര്‍ ആരാധനകളുടെ ലോകത്ത് വിരാജിച്ചു. സാധാരണ പെണ്‍കുട്ടികളുടെ സിരകളില്‍ യൗവനം നാമ്പിടുമ്പോള്‍ എന്തെല്ലാം ആഗ്രഹാഭിലാഷങ്ങളായിരിക്കും അവരെ വേട്ടയാടുക? കരുത്തനായ ഒരു പുരുഷന് വേണ്ടി ഹൃദയം വെമ്പല്‍ കൊള്ളില്ലേ? അവനോടൊത്ത് ആനന്ദലഹരി നുകരാന്‍ മനസ്സ് കൊതിക്കില്ലേ? എന്നാല്‍ ഇത്തരം ചിന്തകള്‍ക്കൊന്നും ആ മഹിളാരത്‌നത്തെ അലോസരപ്പെടുത്താനായില്ല. അല്ലാഹുവിന് വേണ്ടി സമര്‍പ്പിതമായിരുന്നു അവരുടെ ജീവിതം. മറ്റൊരു ചിന്തക്കും അവരുടെ മനസ്സില്‍ സ്ഥാനമുണ്ടായിരുന്നില്ല.
ചെറുപ്പത്തില്‍ തന്നെ മറിയമില്‍ പല അത്ഭുത സിദ്ധികളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. കാലദേശ വ്യത്യാസമില്ലാതെ പലതരം കായ്കനികളും ഫലവര്‍ഗങ്ങളും മര്‍യമിന്റെ മുമ്പില്‍ കാണാമായിരുന്നു. അതുകണ്ട് അത്ഭുത പരതന്ത്രനായി സകരിയ്യാ നബി മര്‍യമിനോട് ചോദിച്ചു: ''എവിടെ നിന്ന് കിട്ടി നിനക്കീ കായ്കനികള്‍?'' ''ഇതെല്ലാം എനിക്കെന്റെ നാഥന്‍ നല്‍കിയതാണ്.'' മഹതി പ്രത്യുത്തരം നല്‍കി (ഖുര്‍ആന്‍: 3:37).
മര്‍യം ബീവി പുഷ്പിണിയായി. മതഭക്തയായ ആ യുവതി അല്ലാഹുവിനെ ആരാധിച്ചുകൊണ്ട് പള്ളിയില്‍ തന്നെ കഴിയുന്നതിനിടെ ഒരിക്കല്‍ സുന്ദരനായ ഒരു യുവാവ് അവരുടെ മുന്നില്‍ യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ടു. മനസ്സില്‍ ഭയത്തോടെ ധൈര്യം സംഭരിച്ചുകൊണ്ട് മര്‍യം ചോദിച്ചു. ''നിങ്ങളെന്തുമാത്രം നീചമായ പ്രവൃത്തിയാണ് കാണിക്കുന്നത്. നിങ്ങളുടെ മുഖഭാവം കണ്ടാല്‍ ഭക്തി സ്ഫുരിക്കുന്നുവല്ലോ. നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? നിങ്ങളില്‍ നിന്ന് ഞാന്‍ എന്റെ രക്ഷിതാവില്‍ അഭയം തേടുന്നു.''
''ഞാന്‍ അല്ലാഹു നിയോഗിച്ച ജിബ്‌രീല്‍ മാലാഖയാണ്. കന്യാമര്‍യമിന് ഒരു കുഞ്ഞ് ജനിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കാനാണ് ഞാന്‍ വന്നത്.''
ആഗതന്‍ പറഞ്ഞു.
''എന്ത്? അവിവാഹിതയായ ഞാന്‍ പ്രസവിക്കുകയോ? എന്നെ ഒരു പുരുഷന്‍ സ്പര്‍ശിച്ചിട്ടുപോലുമില്ലല്ലോ. ഞാന്‍ ദുര്‍നടപ്പുകാരിയുമല്ല.''
''അതിന്റെ ആവശ്യമില്ല. അല്ലാഹു ഉദ്ദേശിക്കുന്നത് സംഭവിക്കുക തന്നെ ചെയ്യും.''
ഇത്രയും പറഞ്ഞ് ജിബ്‌രീല്‍ മര്‍യമിന്റെ കുപ്പായമാറില്‍ ഊതിയ ശേഷം അപ്രത്യക്ഷനായി. മര്‍യമിന് അന്ന് പ്രായം പത്തോ പതിമൂന്നോ മാത്രം.
അധികനാള്‍ കഴിയും മുമ്പേ മര്‍യമിന്റെ ഉദരത്തില്‍ ഒരു പുതുജീവന്‍ നാമ്പെടുക്കാന്‍ തുടങ്ങി. കുഞ്ഞ് വളര്‍ന്ന് വരവെ അവളുടെ ഹൃദയത്തില്‍ ഭയം ഉടലെടുത്തു. അവിവാഹിതയായ താന്‍ അമ്മയായാല്‍ ജനം തന്നെ അധിക്ഷേപിക്കുകയില്ലേ? അവള്‍ വ്യാകുലപ്പെട്ടു. എങ്കിലും ഇതെല്ലാം അല്ലാഹുവിന്റെ ഹിതമാണെന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചു.
ഗര്‍ഭിണിയായ മര്‍യം വീട് വിട്ട് അകന്നു കഴിയാന്‍ നിര്‍ബന്ധിതയായി. ഗര്‍ഭസ്ഥ ശിശുവിനെയും കൊണ്ട് ജനങ്ങളില്‍ നിന്നുള്ള അപമാനം ഭയന്ന് ഊരുചുറ്റിയ മര്‍യം ബൈതു ലഹ്മില്‍ (ബത്‌ലഹേം) എത്തിച്ചേര്‍ന്നു. ബൈത്തുല്‍ മുഖദ്ദിസ്സില്‍ നിന്ന് എട്ട് മൈല്‍ അകലെയാണിത്. പ്രസവവേദന തുടങ്ങിയപ്പോള്‍ അവള്‍ ഒരു ഈത്തപ്പനയുടെ ചുവട്ടിലെത്തി. അവിടെ ആരും കൂട്ടിനില്ലാതെ പ്രസവം നടന്നു. ഇത്രയും കാലം വിശുദ്ധയായി ജീവിച്ച താന്‍ ജനങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ആധിയാണ് കടിഞ്ഞൂല്‍ പ്രസവ വേദനയേക്കള്‍ മഹതിയെ നൊമ്പരപ്പെടുത്തിയത്. തന്തയില്ലാത്ത കുഞ്ഞിന് ജന്മം നല്‍കിയവള്‍ എന്ന് വിളിച്ച് അവര്‍ തന്നെ അധിക്ഷേ
പിക്കുകയില്ലേ? അവള്‍ പറഞ്ഞു: ''കഷ്ടമേ, ഇതിനുമുമ്പേ ഞാന്‍ മരിച്ചിരുന്നുവെങ്കില്‍? തീരെ വിസ്മരിക്കപ്പെട്ടവളായി ഞാന്‍ തീരുകയും ചെയ്‌തെങ്കില്‍!'' (ഖുര്‍ആന്‍ : 19:23).
മര്‍യം അഭിമുഖീകരിച്ച മനോവ്യഥ തീവ്രമായി ചിത്രീകരിക്കുകയാണ് ഉപര്യുക്ത വചനം. ഇങ്ങനെ ആരുടെയും തുണയില്ലാതെ അപമാനത്തിന്റെ പാരമ്യതയുടെ ഘട്ടത്തില്‍ അല്ലാഹു അവരുടെ രക്ഷകനായി, അല്ലാഹു അവളോട് ആജ്ഞാപിച്ചു. ''നീ ദുഃഖിക്കേണ്ടതില്ല, നിന്റെ താഴ്ഭാഗത്ത് നിന്റെ രക്ഷിതാവ് ഒരരുവി ഉണ്ടാക്കിയിട്ടുണ്ട്. നീയീ ഈത്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ചു കുലുക്കുക. അത് നിനക്ക് പഴുത്ത് പാകമായ ഈത്തപ്പഴങ്ങള്‍ വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം നീ ഇപ്രകാരം പറഞ്ഞേക്കുക. പരമകാരുണ്യകനു വേണ്ടി ഞാന്‍ മൗനവ്രതം നേര്‍ന്നിരിക്കുകയാണ്. ഇന്ന് ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല.'' (ഖുര്‍ആന്‍: 19:24-26)
മര്‍യം കുഞ്ഞിന് ഈസാ (പാപസുരക്ഷിതന്‍) എന്ന് പേര് വിളിച്ചു. പ്രസവാനന്തരം അവള്‍ കുഞ്ഞിനെയുമെടുത്ത് ജനങ്ങളുടെ അടുക്കലേക്ക് ചെന്നു. ജനങ്ങളുടെ ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞില്ല. പകരം തൊട്ടിലിലേക്ക് ചൂണ്ടികാണിച്ചു. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞ് പറഞ്ഞു. ''തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. എനിക്ക് അവന്‍ ഗ്രന്ഥം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ജീവനുള്ള കാലത്തോളം നമസ്‌കാരവും സകാത്തും അനുഷ്ഠിക്കാന്‍ എന്നോടവന്‍ ആജ്ഞാപിച്ചിരിക്കുന്നു. എന്റെ മാതാവിന് നന്മചെയ്യാനും നിര്‍ദ്ദേശിച്ചിരിക്കുന്നു'' (ഖുര്‍ആന്‍: 19: 30-32).
ദിവ്യ ശിശുവിന്റെ ഭാഷണം കേട്ട ജനം വിസ്മയഭരിതരായി. മര്‍യമിന്റെ പരിശുദ്ധിയെക്കുറിച്ച് പിന്നെ അവര്‍ സംശയിച്ചില്ല. യേശുവിന്റെ അത്ഭുത ജനനം ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം അദ്ദേഹത്തെ വാനോളം ഉയര്‍ത്താനും ദൈവപുത്രനാക്കാനും വഴിയൊരുക്കിയെന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്. അത് ഒരിക്കലും അദ്ദേഹത്തിന് ദിവ്യത്വം കല്‍പിക്കാന്‍ തെളിവാകുന്നില്ല. യേശുവിന് പിതാവില്ലെങ്കില്‍ ആദമിന് പിതാവും മാതാവും ഇല്ലെന്നാണ് ഇതേ കുറിച്ച് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്.
അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഈസയെ ഉപമിക്കാവുന്നത് ആദമിനോടാണ്. ആദമിനെ അവന്‍ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ ആദം ഉണ്ടായി (ഖുര്‍ആന്‍: 3: 59).
ഈസാ പിറന്ന് അധികം താമസിയാതെ യൂദായിലെ ഹിറോദസ് രാജാവ് തന്റെ കുഞ്ഞിനെ കൊല്ലുമെന്ന് ഭയന്ന് മര്‍യം ഈജിപ്തിലേക്ക് രാത്രി ഒളിച്ചോടി. പന്ത്രണ്ട് വര്‍ഷം അവര്‍ ഈജിപ് തില്‍ കഴിഞ്ഞു. ഹിറോദസിന്റെ മരണശേഷം അവര്‍ ഗലീലയിലെ നസ്രത്തില്‍ എത്തി താമസിച്ചു. മര്‍യമിന്റെ തുടര്‍ന്നുള്ള ജീവിത കാലം സംബന്ധിച്ച് വിശ്വസനീയമായ ചരിത്ര രേഖകളൊന്നും തന്നെ ലഭ്യമല്ല.