എന്റെ മകനെ നിങ്ങളെന്തു വിളിക്കും?
ഫൗസിയ ഷംസ്
2014 സെപ്റ്റംബര്‍
നാട്ടില്‍ ജനാധിത്യവും നീതിനടത്തിപ്പും അതാതിന്റെ വഴിയേ പോകുമ്പോള്‍ ഒരുപാട് ഉമ്മമാരും ഭാര്യമാരും മക്കളും തങ്ങളുടെ മക്കളെയും ഭര്‍ത്താക്കന്മാരെയും പിതാക്കന്മാരെയും
നാട്ടില്‍ ജനാധിത്യവും നീതിനടത്തിപ്പും അതാതിന്റെ വഴിയേ പോകുമ്പോള്‍ ഒരുപാട് ഉമ്മമാരും ഭാര്യമാരും മക്കളും തങ്ങളുടെ മക്കളെയും ഭര്‍ത്താക്കന്മാരെയും പിതാക്കന്മാരെയും അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്...
'എന്റെ ഉപ്പയെവിടെ'യെന്ന ഇളം ബാല്യങ്ങളുടെ ചോദ്യങ്ങളെ കേള്‍ക്കാനാവാതെ കണ്ണീരണിയുന്ന സഹോദരിമാരെ, ഗര്‍ഭപാത്രത്തിന്റെ ഇരുളില്‍ ആരെയും കാണിക്കാതെ കാത്തുസൂക്ഷിച്ച മക്കള്‍ക്കായി ഒരുരുള ചോറും മാറ്റിവെച്ച് ഇന്നുവരും നാളെ വരും എന്ന് കാത്തിരിക്കുന്ന മാതാക്കളെ, കണ്ണടച്ചു തുറക്കും മുമ്പേ തുണ നഷ്ടപ്പെട്ടുപോയ യുവതികളുടെ വേദനകളെ ബാക്കിയാക്കിവെച്ചുകൊണ്ടാണ് നമ്മുടെ ജനാധിപത്യപ്രക്രിയകള്‍ പുരോഗമിക്കുന്നത്. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മുദ്രപേറി ജയിലിലടക്കപ്പെട്ട ഉറ്റവര്‍ക്കു വേണ്ടിയാണവര്‍ നീതിബോധമുള്ള സമൂഹമനസ്സാക്ഷിക്കുമുന്നില്‍ മനസ്സുകള്‍ തുറക്കുന്നതും പ്രതീക്ഷയര്‍പ്പിക്കുന്നതും.
വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും പത്രങ്ങള്‍ വായിക്കുമ്പോഴും അങ്ങകലെ ഉത്തരേന്ത്യന്‍ മുസ്‌ലിമിന്റെ മാത്രം യോഗമാണിതെന്നായിരുന്നു പലപ്പോഴും തോന്നിയത്. എന്റെ നാട്ടുകാര്‍ക്കീ ഗതിവരില്ലെന്നായിരുന്നു കരുതിയത്. പക്ഷേ... സ്വന്തം നാട്ടില്‍, തൊട്ടയല്‍പക്കത്ത് അത്തരമൊരു അവസ്ഥ വരുന്ന ചെറുപ്പക്കാര്‍ നമുക്കുമുമ്പിലുണ്ടാവുകയാണ്. രാഷ്ട്രസുരക്ഷയുടെ മറവില്‍ ഒരുപാട് പതക്കങ്ങള്‍ കുപ്പായ മാറിലണിഞ്ഞവര്‍ എന്നാണ് മനസ്സിലാക്കുക തങ്ങളണിഞ്ഞത് ഒരു
പാട് സഹോദരിമാരുടെ നെഞ്ചിലെ കനലുകളാണെന്ന്...
2012 ജനുവരി 22-ന് ഞായറാഴ്ച ജോലിസ്ഥലത്തുനിന്നും വിളിച്ചുകൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചതില്‍ പിന്നെ പുറംലോകം കണ്ടിട്ടില്ലാത്തവനുവേണ്ടി മനമുരുകിയുള്ള കാത്തിരിപ്പിലാണ് കണ്ണൂര്‍ താണയിലെ മുഹമ്മദ് ഷമീറിന്റെ കുടുംബം. താണയിലെ വീട്ടിലെത്തിയപ്പോള്‍ ഷമീറിന്റെ ഉമ്മയും സഹോദരന്‍ ഷഹീറും വീട്ടിലുണ്ടായിരുന്നു. അനുജനെ യാതനയുടെ ലോകത്തുനിന്നും പുറത്തെത്തിക്കാന്‍ നീതിയുടെ വഴിയേ പരക്കം പായുന്ന നിസ്സഹായനായ ആ ജ്യേഷ്ഠന്‍ ഒരുപാടൊരുപാട് പേരോട് പറഞ്ഞ അധികാരിവര്‍ഗത്തിന്റെ ചതിയുടെ വഴികള്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു.
'2009 ഫെബ്രുവരിയിലാണ് ഷമീറിന്റെ പേരില്‍ എടുത്ത മൊബൈല്‍ കണക്ഷന്റെ വിവരമന്വേഷിച്ചുകൊണ്ട് സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസറുടെ ഫോണ്‍ കോള്‍ വന്നത്. സഹോദരന്‍ നൗഫലിനായിരുന്നു ആ വിളി വന്നത്. ദുബൈയില്‍ ടാക്‌സി ഡ്രൈവറായി ജോലി നോക്കിയിരുന്ന ഷമീറായിരുന്നു നാട്ടില്‍ വന്നപ്പോള്‍ ആ നമ്പര്‍ ഉപയോഗിച്ചിരുന്നത്. സംശയാസ്പദമായ ചില കോളുകള്‍ അതിലേക്ക് വന്നുവെന്നായിരുന്നു പറഞ്ഞത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍ വിളിച്ചുവെന്നായിരുന്നു ആരോപണം.
2009-ല്‍ കര്‍ണാടകയുടെ രണ്ട് പോലീസുകാര്‍ ഷമീറിനെ അന്വേഷിച്ചെത്തിയെങ്കിലും എന്ത് കുറ്റമാണവന്‍ ചെയ്തതെന്ന് പറഞ്ഞിരുന്നില്ല. എന്നാലും ഞങ്ങള്‍ക്ക് യാതൊരു പേടിയും ഉണ്ടായിരുന്നില്ല. അവനെക്കുറിച്ച് നാട്ടില്‍ യാതൊരു അപവാദമോ പെറ്റിക്കേസുപോലുമോ ഉണ്ടായിരുന്നില്ലല്ലോ. അവന്‍ അത്തരം കുറ്റം ചെയ്യുന്നവനുമല്ല. പിന്നെ എന്തിനു പേടിക്കണം. നസീര്‍ ഞങ്ങളുടെ നാട്ടുകാരനാണ്. രണ്ടുമൂന്ന് കിലോമീറ്ററിനപ്പുറമാണ് അവന്റെ വീട്. നസീര്‍ ഈ നാട്ടിലെ എല്ലാ
പീടികയില്‍ നിന്നും പച്ചക്കറിയും ഇറച്ചിയും മീനും വാങ്ങുന്നവനാണ്. പല കടക്കാരനോടും സാധനം വാങ്ങിയിട്ടുണ്ടാകും. പല ഓട്ടോറിക്ഷക്കാരനെയും വിളിച്ചിട്ടുണ്ടാകും. പല ഡോക്ടര്‍മാരെയും കാണിച്ചിട്ടുണ്ടാകും. പല ബസ്സിലും കയറിയിട്ടുണ്ടാവും. പല ആവശ്യത്തിനു വേണ്ടിയും നാട്ടുകാരായ പലരെയും അവന്‍ വിളിച്ചിട്ടുണ്ടാകും. അവരിങ്ങോട്ടും വിളിച്ചിട്ടുണ്ടാകും. അതുകൊണ്ടെങ്ങനെയാ അവര്‍ തീവ്രവാദികളും സ്‌ഫോടനപ്രതികളുമാകുന്നത്? നീതിബോധമുള്ളവര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്ന ചോദ്യം ഷഹീര്‍ ആവര്‍ത്തിച്ചു; പിന്നീട് തുടര്‍ന്നു.
അങ്ങനെയായിരിക്കും ഷമീറിനെയും വിളിച്ചിട്ടുണ്ടാവുക. അല്ലാതെ നസീറിന്റെ പേരില്‍ ആരോപിക്കുന്ന കുറ്റത്തെക്കുറിച്ചൊന്നും ഞങ്ങള്‍ക്കറിയില്ല. ആ പേരു പറഞ്ഞ് പലരെയും പോലീസ് വിളിപ്പിച്ച് കഷ്ടപ്പെടുത്തിയിരുന്നു. അതുപോലൊരു അന്വേഷണം എന്നേ കരുതിയുള്ളൂ. അവര്‍ക്കൊരു ഇര വേണം. അതിനായിരിക്കാം ഷമീറിനെ അതുംപറഞ്ഞ് കുടുക്കിയത്.
2011-ല്‍ അവര്‍ വീണ്ടും വന്ന് അവനെ അന്വേഷിച്ചിരുന്നു. എന്തുകൊണ്ടാണ് രണ്ടര കൊല്ലമായിട്ടും നാട്ടില്‍ വരാത്തതെന്ന് ചോദിച്ചു. അവന്റെ ജേഷ്ഠന്മാരില്‍ ഒരാള്‍ ഗള്‍ഫില്‍ പോയിട്ട് നാലര വര്‍ഷമായി, അവിടത്തെ ജോലിക്കും സൗകര്യത്തിനും അനുസരിച്ചല്ലേ നാട്ടില്‍ വരാനൊക്കൂ. ഇതുപോലെ തന്നെയാണ് ദുബായില്‍ ടാക്‌സി ഓടിക്കുന്ന ഷമീറിന്റെ കാര്യമെന്നും ഞങ്ങള്‍ക്ക് നന്നായറിയാം.
പക്ഷേ 2012 ജനുവരി 24-ലെ പത്രവാര്‍ത്തകള്‍ കണ്ട് ഞങ്ങള്‍ ഞെട്ടി. കണ്ണൂരില്‍ നിന്നിറങ്ങുന്ന സായാഹ്ന പത്രത്തിലും മറ്റു ചില പത്രങ്ങളിലും കണ്ണൂര്‍ സ്വദേശി തീവ്രവാദിയായ ഷമീറെന്ന യുവാവ് 40 അംഗ ഇന്ത്യന്‍ മുജാഹിദീന്‍ സംഘത്തോടൊപ്പം റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ആക്രമിക്കാന്‍ വരുന്നുവെന്നായിരുന്നു അത്. കാര്യം മനസ്സിലാകാത്ത ഞങ്ങള്‍ പത്രമോഫീസില്‍ അന്വേഷിച്ചപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ തരുന്ന 'സ്ഥിരം സംവിധാന'ത്തെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ തന്നെ ചതി മനസ്സിലായിരുന്നു. പിറ്റേന്ന് ചാനലുകളില്‍ മുഖം മറച്ച ചെറുപ്പക്കാരനെ പോലീസുകാര്‍ വലിച്ചുകൊണ്ടുപോകുന്ന ദൃശ്യത്തോടൊപ്പം വാര്‍ത്ത വന്നു. '2008-ലെ
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരനെ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടയില്‍ ന്യൂദല്‍ഹി വിമാനത്താവളത്തില്‍ എമിേഗ്രഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നായിരുന്നു സി.എന്‍.എ വാര്‍ത്ത. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്ത ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ഉള്‍പ്പെടുന്ന മലയാളിയായ 'ഷമീര്‍ എന്ന യുവാവിനെ ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു' എന്നായിരുന്നു. ഇതിനു മൂന്ന് ദിവസം മുമ്പ് തന്നെ ദുബായില്‍ നിന്ന് ഇന്ത്യന്‍ എംബസിയില്‍ വെച്ച് പോലീസ് അവനെ പിടിച്ചുകൊണ്ടുപോയിരുന്നു; ചില കാര്യങ്ങള്‍ അന്വേഷിക്കാനുണ്ടെന്ന് പറഞ്ഞ്. പിറ്റേന്ന് അവന്റെ ഭാര്യ ഷാഹിന നാട്ടിലും എത്തി. പക്ഷേ അവനെക്കുറിച്ച് യാതൊരു വിവരവും ഞങ്ങള്‍ക്ക് ലഭിച്ചില്ല. എന്നാല്‍ ഇന്ത്യന്‍ എംബസി അവന്റെ പാസ്‌പോര്‍ട്ട് വൈരിഫൈ ചെയ്യാനാണെന്നു പറഞ്ഞ് ഏകദേശം മൂന്ന് മാസം മുമ്പ് വാങ്ങിവെച്ചിട്ടുണ്ടായിരുന്നുവെന്ന് അവന്‍ പറഞ്ഞിരുന്നു. ജനുവരി ഇരുപത്തിരണ്ടിന് നാട്ടിലേക്ക് കയറ്റിവിട്ടതും ഇന്ത്യന്‍ എംബസിയാണ്; എന്നിട്ടാണ് നാലു ദിവസം കഴിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി എന്ന് വാര്‍ത്തയും വന്നത്.
പിന്നീട് കഥയാകെ മാറുന്നതാണ് കണ്ടത്. ഞങ്ങളുടെ കുടുംബത്തിലാര്‍ക്കെതിരെയും ഇതുവരെ ഒരു പെറ്റികേസ് പോലുമില്ലാത്തതിനാല്‍ എങ്ങനെയാണ് നിയമത്തിന്റെ വഴിയെ പോകേണ്ടതെന്നറിയില്ലായിരുന്നു. സുഹൃത്ത് മുഖേന ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്‌തെങ്കിലും ഒരു മാസത്തിനു ശേഷം ബാംഗ്ലൂര്‍ സഫോടനക്കേസില്‍ കര്‍ണാടക പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്നായിരുന്നു മറുപടി. പക്ഷേ ആ കേസിന്റെ വിചാരണയിലൊന്നും മറ്റു പ്രതികളോടൊപ്പം അവനെ ഹാജരാക്കിയിരുന്നില്ല. അവന്‍ ഒളിവിലാണെന്നായിരുന്നു പോലീസ്
പറഞ്ഞത്. കുറ്റപത്രം പോലും സമര്‍പ്പിക്കാതെ. ഇതിനിടയില്‍ ഷമീര്‍ ബല്‍ഗാം ജയിലിലാണെന്നറിഞ്ഞു. കര്‍ണാടകസ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ ബി. വെങ്കിടേഷ് നീണ്ട നിയമ പോരാട്ടത്തിലൂടെ ഫസ്റ്റ് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ പ്രകാരമാണ് ഷമീറിനെ ബല്‍ഗാമില്‍ നിന്ന് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുന്നത്.
ഞാന്‍ ഷമീറിനെ കാണാന്‍ വേണ്ടി ബല്‍ഗാം ജയിലിലേക്ക് പോയിരുന്നു. അന്നവന്‍ എന്നോട് ഇന്ത്യന്‍ എംബസിയില്‍നിന്ന് അറസ്റ്റിലാകുന്നതിന്ന് ഒരു വര്‍ഷം മുമ്പ് വിളിപ്പിച്ച കാര്യം പറഞ്ഞിരുന്നു. ''ഫോണ്‍ വിളിയിലെ സംശയം തീര്‍ക്കാനാണെന്ന് പറഞ്ഞാണ് എംബസി വിളിപ്പിച്ചത്. കേസിന്റെ കാര്യമൊന്നും പറഞ്ഞിരുന്നില്ല. പാസ്‌പോര്‍ട്ട് വെരിഫൈ ചെയ്യാനാണെന്നാണ് പറഞ്ഞത്. അന്ന് പാസ്‌പോര്‍ട്ട് വാങ്ങിവെച്ച ശേഷം വിട്ടു. പിന്നീട് പ്രശ്‌നമൊന്നുമുണ്ടായില്ല. 2012 ജനുവരി 22-ന് വീണ്ടും വിളിപ്പിച്ചു. ബംഗളൂരു സ്‌ഫോടനത്തില്‍ ബന്ധമുണ്ടെന്നും അന്വേഷണത്തിനാ യി ഇന്ത്യയിലേക്ക് അയക്കണമെന്ന് ഇന്ത്യ ഗവണ്‍മെന്റിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നും അവരെന്നോട് പറഞ്ഞു. അന്വേഷണത്തില്‍ എന്റെ സത്യാവസ്ഥ മനസ്സിലാകുമല്ലോ എന്നു കരുതി ഞാന്‍ പോകാന്‍ സമ്മതിച്ചു. പിറ്റേന്ന് അവര്‍ ടിക്കെറ്റെടുത്ത് എന്നെ ഒറ്റക്കാണ് കയറ്റിവിട്ടത്. ഇവിടെ ഇറങ്ങിയപ്പോള്‍ ഐ.ബി ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ടുപോയി. മുഖംമൂടി അണിയിക്കുകയോ എന്റെ കൂടെ ആരെയെങ്കിലും നടത്തിക്കുകയോ ചെയ്തിരുന്നില്ല. ടി.വിയില്‍ അത്തരം വാര്‍ത്തകള്‍ വന്നുവെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. അറബി പോലീസിനും എന്നെക്കുറിച്ച് യാതൊരു സംശയവുമുണ്ടായിരുന്നില്ല. ഞാന്‍ നിരപരാധിയാണെന്ന് അവര്‍ക്കറിയാം. എന്റെ പാസ്പോര്‍ട്ട് കൊടുക്കാന്‍ പോലും സമ്മതിച്ചിരുന്നില്ല. എന്നെക്കുറിച്ച് സംശയമില്ലാത്തതുകൊണ്ട് എന്റെ ജോലിപോലും കാന്‍സല്‍ ചെയ്തിരുന്നില്ല. ഡല്‍ഹിയിലെ ചോദ്യം ചെയ്യലിനുശേഷം കാര്യമായൊന്നും ലഭിക്കാതെ വന്നപ്പോള്‍
പിന്നീട് ബംഗളൂരുവിലേക്ക് കൊണ്ടുപോയി. അവിടെയും കര്‍ണാടക പോലീസിന്റെയും ഐ.ബിയുടെയും കാര്യമായ ചോദ്യംചെയ്യലുണ്ടായിരുന്നില്ല. ഞാന്‍ തീര്‍ത്തും
നിരപരാധിയാണെന്ന് അവര്‍ക്ക് ബോധ്യമായിരുന്നു. അത് അന്വേഷണോദ്യോഗസ്ഥന്‍ തന്നെ പറഞ്ഞിരുന്നു. പക്ഷേ എന്തിനാണെന്നറിയില്ല പിന്നീടെന്നെ മറ്റു നാലുപേരോടൊപ്പം ബല്‍ഗാം ജയിലിലേക്ക് കൊണ്ടുപോയി''
അനുജന്‍ പറഞ്ഞ കെണിയുടെ കഥ ജേഷ്ഠന്‍ ഓര്‍ത്തെടുത്തു.
ഒരുപാട് വക്കീലന്മാരെ സമീപിച്ചെങ്കിലും ലക്ഷങ്ങളാണവര്‍ പറഞ്ഞത്. അതൊന്നും താങ്ങാനാവുന്നതായിരുന്നില്ല. ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തനായ അഡ്വക്കറ്റ് ബാലന്‍ ആണ് ഷമീറിനു വേണ്ടി വാദിക്കുന്നത്.
അനുജന് വേണ്ടി നിയമനടത്തിപ്പുകാരുടെ വാതിലില്‍ ഒരുപാട് തവണ മുട്ടിയെങ്കിലും നീതിനടത്തിപ്പിന് ഒരുപാട് ചെലവുണ്ടെന്ന് പറഞ്ഞ് അവരില്‍ പലരും മടക്കിയ ഷഹീറിന് ഇപ്പോഴും പ്രതീക്ഷയുടെ നെടുവീര്‍പ്പുകളാണ്.
ഞങ്ങളവിടെ എത്തുമ്പോള്‍ ഷമീറിന്റെ ഭാര്യ ഷാഹിന ഉണ്ടായിരുന്നില്ല. ഷമീറിനോടൊത്ത് സുന്ദരമായൊരു കുടുംബജീവിതം തുടങ്ങാന്‍ വേണ്ടി സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയെ പോലെ ഹൈസ്‌കൂള്‍ ക്ലാസ്സോടെ ഉപേക്ഷിച്ചിരുന്ന പഠനം വീണ്ടും തുടരാന്‍ പോയിരിക്കുകയായിരുന്നു അവള്‍. ഞങ്ങള്‍ സംസാരിച്ചിരിക്കെ അവള്‍ ക്ലാസ്സു കഴിഞ്ഞ് വന്നു.
ഉന്നത പഠനത്തേക്കാളും ഉദ്യോഗസ്ഥ ജോലിയേക്കാളും ഷമീറിന്റെ ഭാര്യാ പദവിയില്‍ സന്തോഷം കണ്ടെത്തിയവളായിരുന്നു അവള്‍. ഒരു മതിലിനപ്പുറമുള്ള വീട്ടില്‍ ഒന്നിച്ചുകളിച്ചുവളര്‍ന്ന സുന്ദരനും സുമുഖനുമായ ഷമീറിനെ ആശിച്ചും കൊതിച്ചും സ്വന്തമാക്കിയവള്‍. അവന്റെ നെഞ്ചിലെ ചൂടും മനസ്സിലെ സ്‌നേഹവും കരുതലിനുമപ്പുറം അവള്‍ക്കൊരു പുറംജീവിതം വേണ്ട. ആ ഷമീറിനെയാണിപ്പോഴവള്‍ക്ക് ഒന്നുകാണാന്‍ പോലുമാകാത്ത വിധം നിയമത്തിന്റെ ഇരുമ്പുമറക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്നത്.
താണ സി.എച്ച് ഹൗസില്‍ സത്താര്‍ റംല ദമ്പതികളുടെ മകളായ ഷാഹിന പത്തൊമ്പതാമത്തെ വയസ്സില്‍ 2008 മാര്‍ച്ചിലാണ് ഷമീറിന്റെ ഇണയായത്. പതിനാലു വയസ്സുമുതല്‍ മനസ്സില്‍ മൊട്ടിട്ട പ്രണയത്തിന്റെ സാഫല്യം. ഗള്‍ഫുകാരനായ ഉപ്പയുടെ ലീവിനനുസരിച്ചായിരുന്നു കല്ല്യാണം നിശ്ചയിച്ചത്. ദാമ്പത്യത്തിന്റെ ദിനങ്ങള്‍ നാലു വര്‍ഷം പിന്നിട്ടപ്പോഴേക്കും അവളുടെ ജീവിതത്തിന് കരിനിഴല്‍ വീണു. അതിന്റെ എല്ലാ വേദനയും ആ മുഖത്തുണ്ട്.
ഷാഹിനയെ കാണാന്‍ പോയത് പെരുന്നാള്‍ തലേന്നായിരുന്നു. മലബാറിലെ പെരുന്നാളുകള്‍ ആഘോഷത്തിമര്‍പ്പിന്റെതാണ്. സമ്പന്ന ദരിദ്ര്യ-ഭേദമന്യേ പ്രായവ്യത്യാസമില്ലാതെ പാതിരാത്രി വരെ ഉറക്കമൊഴിച്ചിരുന്ന് കൈയില്‍ മൈലാഞ്ചിച്ചോപ്പണിയുന്നതിന്റെ തിരക്ക്. മതിവരാതെ വൈകുവോളമുള്ള ഷോപ്പിംഗ്. പക്ഷേ ഷാഹിനയുടെ കൈവെള്ളയില്‍ മൈലാഞ്ചിച്ചോപ്പില്ല. പകരം വിരഹത്തിന്റെ കനല്‍ നിറച്ച മനസ്സിന്റെ വിങ്ങലുകളും വേദനയും കണ്ണീരായി ഒലിച്ചിറങ്ങുമ്പോള്‍ അതാരും കാണാതെ അമര്‍ത്തിത്തുടക്കുകയാണാ കൈകള്‍. പെരുന്നാള്‍ കഴിഞ്ഞാലൊന്ന് ആരെയെങ്കിലും കൂട്ടി ഷമീറിനെ പോയി കാണണം. കഴിഞ്ഞ മാര്‍ച്ചില്‍ പോയി കണ്ടതാണ്. അതാണവളുടെ മനസ്സ് നിറയെ. എന്നിട്ടും അവള്‍ പറയാന്‍ തുടങ്ങി.
കല്ല്യാണം കഴിഞ്ഞതു മുതല്‍ ഷമീര്‍ ഗള്‍ഫില്‍ തന്നെയായിരുന്നു. അവിടെ നാഷനല്‍ ടാക്‌സിയില്‍ ഡ്രൈവറായിട്ടായിരുന്നു ജോലി. എന്നെയും രണ്ട് പ്രാവശ്യം ഗള്‍ഫിലേക്ക് കൂട്ടിയിരുന്നു. രണ്ടാമത്തെ പ്രാവശ്യം പോയപ്പോഴാണ് പോലീസ് പിടിച്ചുകൊണ്ടുപോയത്. ആ ദിവസം മറക്കാനാവില്ല.
2012 ജനുവരി 22-ന് ഞായറാഴ്ച രാവിലെ എന്നത്തേയും പോലെ ജോലിക്ക് പോയതായിരുന്നു. ഉച്ചയോടെ എന്നെ വിളിച്ച് 'ഇന്ത്യന്‍ എംബസിയില്‍ നിന്ന് വിളിച്ചിട്ടുണ്ട് അവിടേക്ക് പോകുകയാണെന്ന് പറഞ്ഞു. പിന്നീട് ഒരു വിവരവുമില്ല. ഇതിനുമുമ്പ് 2010 ഒക്‌ടോബറില്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് പാസ്‌പോര്‍ട്ട് വെരിഫൈ ചെയ്യാന്‍ വിളിപ്പിച്ചതനുസരിച്ച് അതു ചെയ്തുവെന്നും ഷമീര്‍ക്ക എന്നോട് പറഞ്ഞിരുന്നു. പിന്നീട് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അന്ന് ഷമീര്‍ക്കാക്കോ ഞങ്ങള്‍ക്കോ ഇങ്ങനെയൊരു കുരുക്ക് മനസ്സിലായിരുന്നില്ല.
ഞാനും മകനും ഷമീര്‍ക്കയുടെ കൂടെ വിസിറ്റിംഗ് വിസയില്‍ പോയതായിരുന്നു. അന്ന് മോന് രണ്ട് വയസ്സായിരുന്നു പ്രായം. മോനെ വിട്ടുപിരിയാന്‍ കഴിയാത്തതിനാലായിരുന്നു ഞങ്ങളെ കൂട്ടിയത്. ആ മോനാണിപ്പോള്‍ ഉപ്പയെ കാണാന്‍ കഴിയാതെ... എല്ലാം പറയാന്‍ തുടങ്ങും മുമ്പെ, മനസ്സിന്റെ നീറ്റലടക്കാനാവാതെ ഷാഹിന വിതുമ്പാന്‍ തുടങ്ങി.
എന്നെ ഇതിനു മുമ്പും വിസിറ്റിംഗ് വിസയില്‍ കൂടെ കൂട്ടിയിരുന്നു. എന്നും എന്നെയും മോനെയും കൂട്ടി പുറത്തുപോകും. മോന് എന്നും ഉപ്പയുടെ കൂടെ പോകണമെന്നു വാശിയാണ്. അതുകൊണ്ട് വെള്ളിയാഴ്ച അധിക ദിവസവും ലീവെടുക്കും. എല്ലാവരോടും നല്ലനിലയില്‍ മാത്രം പെരുമാറുന്നതുകൊണ്ട് അവിടത്തുകാര്‍ക്കും വലിയ കാര്യം തന്നെയായിരുന്നു. എന്നും ജോലിക്ക് പോകുന്നത് പോലെ തന്നെ അന്നും പോയതായിരുന്നു. വളരെ സന്തോഷത്തോടെ ജീവിച്ച ഞങ്ങള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ എന്തോ ആയി മാറിമറിയുകയായിരുന്നു.
ജോലിക്ക് പോയ ഷമീര്‍ക്ക വൈകിട്ട് അഞ്ചുമണിയായിട്ടും തിരിച്ചുവരാത്തത് കണ്ടപ്പോള്‍ ഞാന്‍ വിളിച്ചിരുന്നു. പക്ഷേ ഫോണെടുത്തിരുന്നില്ല, പിന്നെ ചങ്ങാതിയാണ് പറഞ്ഞത്, എംബസിയില്‍ പോലീസ് പിടിച്ചുവെച്ചിരിക്കയാണെന്ന്. ഷമീര്‍ക്കയുടെ ജേഷ്ഠന്‍ നൗഫലും ഭാര്യയും അവിടെയുണ്ടായിരുന്നു. അവരെന്നെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവരുടെ സുഹൃത്തിന്റെ കൂടെ പിറ്റേന്ന് തന്നെ അവരെന്നെ നാട്ടിലേക്കയച്ചു. ആകെ തളര്‍ന്നുപോയിരുന്നു. വിമാനത്തില്‍ കയറാന്‍പോലും കഴിയാത്ത അവസ്ഥ. എത്ര സന്തോഷത്തോടെയാണ് ഞാനും മോനും ഷമീര്‍ക്കയുടെ കൂടെ പോയത്. ഇപ്പോള്‍ ഞാനൊറ്റക്ക് ഷമീര്‍ക്കാക്ക് എന്താ പറ്റിയേ എന്നറിയാത്ത അവസ്ഥയില്‍ തിരിച്ചുവരുന്നു. എനിക്ക് കരച്ചിലടക്കാനാവുമായിരുന്നില്ല. മോനെ മടിയിലിരുത്തി അവനെ കാണാതെ ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു.
വീട്ടിലെത്തിയ പിറ്റേന്നാണ് ടി.വിയില്‍ വാര്‍ത്ത കാണുന്നത്. റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം നടത്താന്‍ വന്ന ഇന്ത്യന്‍ മുജാഹിദീന്റെ നാല്‍പതംഗ സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിസാഹസികമായി പോലീസ് പിടികൂടിയെന്നായിരുന്നു വാര്‍ത്ത, അതിലൊരാള്‍ ഷമീറാണെന്നും. കറുത്ത തുണികൊണ്ട് മുഖംമൂടി ധരിപ്പിച്ച് ചാനലുകളില്‍ കാണിച്ചുവെന്നല്ലാതെ പിന്നീടൊരു വിവരവും ഇല്ലായിരുന്നു. പോലീസ് കൂടെയുണ്ടായിരുന്നു.
രണ്ടാമത്തെ കുഞ്ഞിനെ ഞാനന്ന് ഗര്‍ഭം ധരിച്ചിരുന്നു. കഠിനമായ മാനസിക പ്രയാസം കാരണം അത് അബോര്‍ഷനായിപ്പോയി. മൂത്തമകന് അന്ന് മൂന്ന് വയസ്സായിരുന്നു പ്രായം. ഞാന്‍ പറഞ്ഞില്ലേ ജോലി കഴിഞ്ഞ് വന്നാല്‍ എന്നെയും മകനെയും കൂട്ടി ഷമീര്‍ക്ക പുറത്തുപോകുമായിരുന്നുവെന്ന്. അവന് എല്ലാറ്റിനും ഉപ്പ വേണം. ഞങ്ങളുടെ കൂടെ ഉപ്പ വരാത്തതുകൊണ്ട് ഉപ്പയെന്നാ വരായെന്ന് ചോദിച്ചുകൊണ്ടേയിരിക്കും. നിയമത്തെയും നീതിയെയും വ്യാഖ്യാനിച്ചെടുക്കാന്‍ പ്രായമാകാത്ത കുരുന്നു മകന്റെ 'ഉപ്പയെവിടെ'യെന്ന ചോദ്യത്തെ എപ്പോഴും അഭിമുഖീകരിക്കുന്ന ഷാഹിന പറഞ്ഞു.
ഒരു തെറ്റും ചെയ്യാതെയാണ് ഷമീര്‍ക്ക ഈ ദുരിതം അനുഭവിക്കുന്നത്. മുസ്‌ലിമായതിന്റെ പേരില്‍ മാത്രമാണ് ഇതനുഭവിക്കേണ്ടി വന്നത്. ഷമീര്‍ക്കയെ അറിയുന്ന ആരും ഇത് വിശ്വസിക്കുകയില്ല. ഷമീര്‍ക്കയെ അറിയുന്ന നാടും നാട്ടാരും ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഞങ്ങളുടെ ശക്തി. അവരെന്നും ഞങ്ങളുടെ കൂടെയുണ്ട്. അദ്ദേഹത്തെക്കുറിച്ച് നല്ലതുമാത്രം പറയുന്ന നാട്ടുകാരും ബന്ധുക്കളും മോചനത്തിനായി പ്രാര്‍ഥനയോടെ ഞങ്ങളോടൊപ്പമുണ്ട്. നാട്ടില്‍ ആക്ഷന്‍ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. ഷമീര്‍ക്കയുടെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി ഒന്നും പ്രതീക്ഷിക്കാതെ കഠിനമായി പരിശ്രമിക്കുന്ന സംഘടനകളെ മറക്കാനാവില്ല. പ്രത്യകിച്ചും എസ്.ഐ.ഒയുടെയും സോളിഡാരിറ്റിയുടെയും. സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ ഇപ്രാവശ്യം ഷമീര്‍ക്കയുടെ വീട്ടില്‍ നോമ്പുതുറ സംഘടിപ്പിച്ചിരുന്നു. ഇവിടുത്തെ എല്ലാ രാഷ്ട്രീയ നേതാക്ക•ാരും ഷമീര്‍ക്കയുടെ നിരപരാധിത്വം സമ്മതിക്കുന്നുണ്ട്. ജാമ്യം പോലും കിട്ടാത്തതാണ് തീവ്രവാദകേസിന്റെ സ്വഭാവമെന്നും നീതിക്കൊപ്പം നിന്നാല്‍ പലതും നഷ്ടപ്പെടുമല്ലോ എന്നതിന്റെ പേരിലുമാണ് അവരാരും പരസ്യമായി രംഗത്തിറങ്ങാത്തത്. പാര്‍ലമെന്റില്‍ എ.സിയുടെ തണുപ്പിലിരുന്ന് തങ്ങളെല്ലാവരും കൂടി ചുട്ടെടുത്ത ടാഡ, പോട്ട, യു.എ.പി.എ പോലുള്ളവയുടെ പേരില്‍ ഒരുപാടുപേരുടെ ജീവിതം വെന്തുരുകുന്നത് കണ്ടിട്ടും ഇത്തരം നിയമങ്ങള്‍ മാറ്റിയെഴുതാനുള്ള ചങ്കുറപ്പില്ലാത്ത നമ്മുടെ രാഷ്ട്രപ്രജകളെക്കുറിച്ച് ഷാഹിന പറഞ്ഞു.
ഷമീര്‍ക്കയെ ചെറുപ്പം മുതലേ എനിക്കറിയാം. അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍്യുഎല്ലാവരും നാട്ടുകാരും ബന്ധുക്കളും തന്നെയാണ്. നാട്ടില്‍ ഉപ്പയുടെ കൂടെ ജോലിക്ക് പോകുന്ന സമയത്ത് രാവിലെ പോയി വെകുന്നേരം മടങ്ങിയെത്തുന്നയാള്‍. ഞങ്ങളുടെയൊക്കെ ചുറ്റുവട്ടത്ത് കളിച്ചും തമാശ പറഞ്ഞും നടക്കുന്ന ഷമീര്‍ക്കയുടെ കൗമാരം എനിക്കറിയാം. അദ്ദേഹം ഒരു അടിപിടി കേസില്‍ പോലും പെട്ടിട്ടില്ല. അങ്ങനെയാണെങ്കില്‍ എന്റെ ഉപ്പ അദ്ദേഹത്തിനെന്നെ മംഗലം കഴിച്ച് കൊടുക്കില്ലല്ലോ. വെറും നാലു വര്‍ഷമാകുമ്പോഴേക്കും ഇങ്ങനെയായില്ലേ. ഒരു ജാമ്യം പോലും തരാതെയല്ലേ ജയിലലടച്ചത്. ഒരു വിളി പോലുമില്ലാതെ...
ഷമീര്‍ക്കയുടെ പേര് തീവ്രവാദക്കേസില്‍ പ്രതിചേര്‍ത്തപ്പോള്‍ സത്യത്തില്‍ ജാമ്യം എടുക്കാനുള്ള നടപടി ക്രമത്തെക്കുറിച്ചുപോലും ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. കാരണം ചെറിയൊരു തെറ്റിനുപോലും കോടതിയില്‍ കയറിയിറങ്ങുകയോ വക്കീലന്മാരെ കാണുകയോ ചെയ്യേണ്ടി വന്നിട്ടില്ലായിരുന്നു. പിന്നീടാണ് സൃഹൃത്തുക്കള്‍ മുഖേന ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്യുന്നത്. ടി.വിയില്‍ വാര്‍ത്തകള്‍ വന്നെങ്കിലും അങ്ങനെയൊരാളെ പിടികൂടിയിട്ടില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്.
തേങ്ങുന്ന മുഖത്ത് കൂടുതല്‍ നോക്കാന്‍ കഴിയുന്നില്ല. മഅ്ദനിക്ക് ജാമ്യം കിട്ടിയപ്പോള്‍ പ്രതീക്ഷയില്ലേയെന്ന് ചോദിച്ചപ്പോള്‍ ഈ നിയമം തന്നെയല്ലേ അദ്ദേഹത്തെ ഒമ്പതര വര്‍ഷക്കാലം ജയിലിലടച്ചത്. ഒമ്പതര വര്‍ഷക്കാലം അദ്ദേഹത്തെ ജയിലിലടച്ച് നരകിപ്പിച്ചതിന് ശേഷമല്ലേ നിരപരാധിയാണെന്ന് പറഞ്ഞ് വിട്ടയച്ചത്. പിന്നെയും മറ്റൊരു കേസില്‍ കുടുക്കി വിചാരണയില്ലാതെ വീണ്ടും തടവിലിട്ടത്. അദ്ദേഹത്തിന് കടുത്ത അസുഖത്തെത്തുടര്‍ന്നല്ലേ രണ്ട് വര്‍ഷത്തിനു ശേഷം ജാമ്യം കിട്ടിയത്. അപ്പോള്‍ മഅ്ദനിയെപ്പോലെ കാഴ്ചകള്‍ നഷ്ടപ്പെട്ട് ജീവഛവമായിട്ടായിരിക്കും നിരപരാധിയെന്ന് പറഞ്ഞ് ഒരു തെറ്റും ചെയ്യാത്ത ഷമീര്‍ക്കയെ മോചിപ്പിക്കുന്നത്. അപ്പോള്‍ നഷ്ടപ്പെട്ട എന്റെ ജീവിതത്തിന് ആര്, എന്ത് പകരം തരും? ഉപ്പയെ ചോദിക്കുന്ന എന്റെ മകനോട് ഞാനെന്തു മറുപടി പറയും? എന്റെ മകനെ നിങ്ങളെന്ത് വിളിക്കും? തീവ്രവാദിയുടെ മകനെന്നോ? ഷമീറിനെ ഒര്‍ത്ത് കരഞ്ഞ ഷാഹിന ഈ വാക്കുകള്‍ എന്നോട് തിരിച്ചുചോദിച്ചത് നീതിയെ കരാഗൃഹത്തിലിട്ടുമൂടുന്നവരോടുള്ള അരിഷത്തോടെയാണ്.
ഉപ്പയുടെ അടുത്തു തന്നെ ചുറ്റിപ്പറ്റി നിന്നിരുന്ന മകന് ആദ്യമൊന്നും ഒന്നും മനസ്സിലായിരുന്നില്ല. ഉപ്പയില്ലാതെ തിരിച്ചുവന്നതിനാല്‍ അവനെപ്പോഴും ചോദിച്ച് കൊണ്ടേയിരിക്കും. അന്ന് ഞങ്ങളവനോട് പറഞ്ഞത് ഗള്‍ഫിലാണെന്നാണ്. അന്നവന് വെറും മൂന്ന് വയസ്സു മാത്രമായിരുന്നു പ്രായം. പക്ഷേ മോന്‍ വളര്‍ന്നു വരികയാണ്. എന്നാലും കാര്യമായൊന്നും മനസ്സിലാകാത്ത പ്രായമല്ലേ. അവന്റെ വിചാരമിപ്പോള്‍ ഉപ്പ പോലീസാണെന്നാണ്. ജയിലില്‍ അവനെയും കൂട്ടി പോയിരുന്നു. ചുറ്റും കനത്ത കാവലും ചുറ്റും നിരീക്ഷണ കാമറകളുമുള്ള ജയിലിനകത്തെ പോലീസ് സാന്നിധ്യം കണ്ട് അവരിലൊരാളായിരിക്കും ഉപ്പയെന്നായിരിക്കും അവന്‍ കരുതിയിട്ടുണ്ടാവുക. ഷമീര്‍ക്കയും അവനോട് അങ്ങനെ തന്നെ പറഞ്ഞു. പക്ഷേ അന്ന് പോയപ്പോള്‍ ഉപ്പ കൂടെ വരാന്‍ അവന്‍ ഒരുപാട് വാശി പിടിച്ചിരുന്നു.
അദ്ദേഹത്തെ ഒന്ന് കാണണമെങ്കില്‍ തന്നെ എന്നെപ്പോലൊരു പെണ്ണിന് ഒരുപാട് ബുദ്ധിമുട്ടുണ്ട്. കൂടെ ആരുമില്ലാതെ ഒറ്റക്ക് പോകാനാവില്ലല്ലോ. രണ്ട് പ്രാവശ്യം ഞാന്‍ പോയത് ഉമ്മയുടെ കൂടെയായിരുന്നു. ഉമ്മാക്ക് ജയിലിലെ ഷമീര്‍ക്കാന്റെ അവസ്ഥ കാണാനാവില്ല. ആരോഗ്യം ക്ഷയിച്ചു വരികയാണ്. എല്ലാ വേദനകളും പ്രയാസങ്ങളും അല്ലാഹുവില്‍ അര്‍പ്പിച്ച് പ്രാര്‍ഥനക്കായി ഉമ്മ ഉംറക്ക് പോയി വന്നിട്ടേയുള്ളൂ.
എല്ലാ പ്രയാസങ്ങളും സഹിച്ച് അത്രയും ദൂരെ പോയാല്‍ ആകെ സംസാരിക്കാന്‍ കഴിയുക ഒന്നോ ഒന്നരയോ മണിക്കൂറാണ്. ജയിലിനുള്ളിലെത്തിയാല്‍ തന്നെ പല കടമ്പകളും കഴിയണം. നിര്‍ത്തിയുള്ള പരിശോധനകള്‍ കഴിഞ്ഞ് കൈയില്‍ സീലുള്ളവരെ മാത്രമേ കയറ്റി വിടൂ. പോയാല്‍ തന്നെ കരച്ചില്‍ വരുന്നതിനാല്‍ ഒന്നും സംസാരിക്കാന്‍ പോലും പറ്റൂല. ഇരുമ്പു മറക്കപ്പുറവും ഇപ്പുറവുമിരുന്ന് മുഖത്തോട് മുഖം നോക്കി കരഞ്ഞിരിക്കും. ചുറ്റും പോലീസുകാരായിരിക്കും. മോനെ കാണുമ്പോഴുള്ള പ്രയാസം വളരെ വലുതാണ്. മോന്‍ 'ഉപ്പാ വാ' എന്നും പറഞ്ഞ് കൈ പിടിച്ച് വലിക്കും. ഒരുപാട് ചെലവുമുണ്ട്. എല്ലാം പടച്ചവന്റെ വിധിയായിരിക്കാം. അല്ലാതെ ഈ ഇരുപത്താറ് വയസ്സാകുമ്പോഴേക്കും ഇങ്ങനെയൊക്കെ സഹിക്കേണ്ടിവരില്ലല്ലോ. ഓരോരുത്തര്‍ക്കും ഓരോ സ്ഥലത്തും വെള്ളം കണക്കാക്കിയിട്ടുണ്ടാകുമെന്ന് പറയാറില്ലേ. അവിടത്തെ വെള്ളം തീര്‍ന്നിട്ടുണ്ടാവില്ല. ജീവിതമല്ലേ, ഇങ്ങനെയൊക്കെ ഒരുപാട് സഹിക്കാനുണ്ടാകും.
ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെയൊരു ജീവിതം സ്വപ്‌നത്തില്‍ പോലും ഉണ്ടായിട്ടില്ല. നിങ്ങള്‍ക്കൊക്കെ അറിയുന്നതല്ലേ. പൈസയെക്കാളും ആഢംഭരങ്ങളെക്കാളും മറ്റെന്തിനെക്കാളും ഒരു പെണ്ണിന് വലുത് ഭര്‍ത്താവുമൊത്തുള്ള ജീവിതമല്ലേ. ഒരു പെണ്ണായ നിങ്ങള്‍ക്ക് അതറിയൂല്ലേ. ഞാന്‍ ഒറ്റക്ക് പുറത്തുപോലും പോകാത്ത ആളാണ്. പക്ഷേ ഇപ്പോള്‍ വെറുതെയിങ്ങനെ വീട്ടില്‍ തന്നെയിരുന്നാല്‍ മനസ്സിന്റെ സമനില തെറ്റും. കുറെയധികം പഠിക്കണമെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷേ ഞാനിപ്പോള്‍ പഠിക്കാന്‍ പോകുന്നുണ്ട്. എനിക്കൊരു ജോലി സമ്പാദിക്കണം. കേസിന്റെ ആവശ്യത്തിന് ഒരുപാട് പണം ചെലവാകുന്നുണ്ട്. നിരപരാധിയായ എന്റെ ഭര്‍ത്താവിനെ മോചിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഒരു വിളി പോലുമില്ലാതെ ഇരുമ്പഴിക്കുള്ളിലായ ഭര്‍ത്താവിനെ ഓര്‍ത്ത് ഞാനെന്നും ആരും കാണാതെ കരയും. എന്നാലും ദൂരെയാണെങ്കിലും സ്‌നേഹനിധിയായ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ കുടുംബത്തെയും അല്ലാഹു തന്നല്ലോ എന്ന ആശ്വാസമാണ്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ മഅ്ദനിക്ക് ജാമ്യം കിട്ടിയിട്ടില്ല അതുകൊണ്ട് ജാമ്യം ഇല്ല, എന്നായിരുന്നു ഇത്രയും കാലം പറഞ്ഞിരുന്നത്. അദ്ദേഹത്തിന് സൂക്കേടായതിനാല്‍ കിട്ടി. ഒരുതെറ്റും ചെയ്യാത്ത ഒരാളുടെ പാസ്‌പോര്‍ട്ട് മുമ്പേ വാങ്ങിവെച്ച്, ഇന്ത്യന്‍ എംബസിയില്‍ ഹാജരാകാന്‍ പറഞ്ഞതനുസരിച്ച് പോയ ആളെയാണ് പിന്നീട് നാലുദിവസത്തിനു ശേഷം തീവ്രവാദ ആക്രമണം നടത്താന്‍ വന്നവന്‍ എന്നു പറഞ്ഞ് സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച് ജയിലിലടച്ചിരിക്കുന്നത്.
എന്നെപ്പോലെ ഒരുപാട് സ്ത്രീകള്‍ കണ്ണീരുകുടിക്കുന്നുണ്ട്. അവരില്‍ പലരുടെയും മക്കള്‍ എന്റെ മകന്‍ എന്നോടു ചോദിക്കുന്ന പോലെയുള്ള ചോദ്യം ചോദിച്ചുകൊണ്ട് അവരെ കരയിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ടാവും. ഇതിനൊക്കെ എന്ത് പരിഹാരമാണ് ഇതുണ്ടാക്കിയവര്‍ പറയുക?
കണ്ണുകെട്ടിയ നീതി ദേവതയോടുള്ള ഇരുപത്താറുകാരി പെണ്ണിന്റെ കനമുള്ള ചോദ്യം. സര്‍വകലാശാലകള്‍ക്കല്ല, അനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളില്‍ നിന്നും ഉണര്‍ന്നെണീക്കുന്നവര്‍ക്കാണ് സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാക്കാനാവുകയെന്ന് മനസ്സിലുറപ്പിച്ച് ഞാനവിടുന്നിറങ്ങി.