നിങ്ങള്‍ക്കും ശ്രോതാവാകാം
കെ.വൈ.എ /ചുറ്റുവട്ടം
2014 സെപ്റ്റംബര്‍
അറുബോറന്‍ പ്രസംഗം കേള്‍ക്കാന്‍ തിടുക്കപ്പെട്ട് പോകുന്ന സൈദിനെപ്പറ്റിയാണ് പറയാന്‍ പോകുന്നത്.
അല്ല, പത്രപ്രവര്‍ത്തകനൊന്നുമല്ല
അറുബോറന്‍ പ്രസംഗം കേള്‍ക്കാന്‍ തിടുക്കപ്പെട്ട് പോകുന്ന സൈദിനെപ്പറ്റിയാണ് പറയാന്‍ പോകുന്നത്.
അല്ല, പത്രപ്രവര്‍ത്തകനൊന്നുമല്ല അയാള്‍. പത്രപ്രവര്‍ത്തകര്‍ പ്രസംഗം കേള്‍ക്കാറില്ലല്ലോ. കേള്‍ക്കാതെ റിപ്പോര്‍ട്ട് ചെയ്യാനാവില്ല എന്നു നിങ്ങള്‍ കരുതേണ്ട. കേള്‍ക്കാതെയാണ് പത്രക്കാര്‍ മിക്ക പ്രസംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യാറ്.
പ്രസംഗം കേള്‍ക്കാതെ രക്ഷപ്പെടാനുള്ള വഴിയെപ്പറ്റിയാണ് എല്ലാവരും ആലോചിക്കുക. പെട്ടുപോയാല്‍ എത്ര വൈകി എത്താം, എത്ര നേരത്തേ സ്ഥലം വിടാം എന്നും. പക്ഷേ സൈദ് അങ്ങനെയല്ല. അയാള്‍ കഴുത്ത് നീട്ടിപ്പിടിച്ച് ഓടുകയാവും.
അത്ഭുതം തോന്നി. നേരിട്ടു ചോദിച്ചു നോക്കി. ഉത്തരം ലളിതം. യുക്തിസഹം. അതിനെപ്പറ്റി പറയാം...
പ്രസംഗിക്കുന്നതിനേക്കാള്‍ മടുപ്പിക്കുന്ന ജോലി എന്ത് എന്ന് ചോദിച്ചാല്‍ സംശയം കൂടാതെ മറുപടി കൊടുക്കാം- പ്രസംഗം കേള്‍ക്കല്‍.
പ്രസംഗം പഠിപ്പിക്കുന്ന ഒരുപാട് പുസ്തകങ്ങളെപ്പറ്റി നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ പ്രസംഗം എങ്ങനെ ഫലപ്രദമായി ശ്രദ്ധിക്കാം എന്നതിനെപ്പറ്റിയും പുസ്തകങ്ങള്‍ ഉണ്ടെന്ന് അറിയുമോ? 'പ്രസംഗ ശ്രവണസഹായി' എന്ന പുസ്തക പരമ്പര പീഡിത വിഭാഗങ്ങള്‍ക്കിടയില്‍ പ്രസിദ്ധമാണ്. 'പ്രസംഗകന്‍ അറിയാതെ എങ്ങനെ ജനല്‍ ചാടാം?,' 'കണ്ണ് തുറന്ന് പിടിച്ചുറങ്ങാന്‍ ചില നേത്രാഭ്യാസങ്ങള്‍', ''ചെവിയില്‍ പഞ്ഞി തിരുകാതെയും ശബ്ദശല്യത്തെ തടുക്കാം' തുടങ്ങി അനേകം സഹായക ഗ്രന്ഥങ്ങള്‍ വിപണിയിലുണ്ട്. ഇതിനൊക്കെ നല്ല ചെലവാണത്രെ. ഇവയുടെ പ്രസാധകരാണ് ചില പ്രസംഗപരമ്പരകളുടെ സ്‌പോണ്‍സര്‍മാര്‍ എന്നും പറഞ്ഞുകേള്‍ക്കുന്നു.
പ്രസംഗദുരിതമൊഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമായി പണ്ഡിതര്‍ നിര്‍ദ്ദേശിക്കുന്നത് അങ്ങോട്ടു പോവാതിരിക്കുക എന്നതാണ്. പക്ഷേ ഇത് എപ്പോഴും സാധിക്കില്ല. പാര്‍ട്ടി പ്രസംഗങ്ങള്‍, മതപ്രസംഗങ്ങള്‍, കോളേജ് ക്ലാസുകള്‍, ജനറല്‍ ബോഡി റിപ്പോര്‍ട്ടുകള്‍, അനുമോദന പ്രഭാഷണങ്ങള്‍ എന്നിങ്ങനെ ഒഴിഞ്ഞുമാറാനാകാത്തവ കുറെയുണ്ട്. അവിടങ്ങളില്‍ ദുരിതത്തിന്റെ അളവ് കുറക്കാനുള്ള ചില വിദ്യകളും വിവരിക്കുന്നു. ഇവയെപ്പറ്റി ഒരു കൈപ്പുസ്തകം അടുത്തുതന്നെ ഇറങ്ങുന്നുണ്ട്. അതില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
മനക്കരുത്ത് നേടുക: പ്രസംഗം കേള്‍ക്കാനുണ്ടല്ലോ എന്ന് കരുതി നിരാശ പൂണ്ട് ഇരിക്കരുത്. പകരം മനക്കരുത്തും ആത്മവീര്യവും വളര്‍ത്തിയെടുക്കുക. നാമീ ലോകത്ത് ജനിച്ചത് തിന്നാനും കുടിക്കാനും മാത്രമല്ല എന്നും ജീവിതമെന്നാല്‍ പ്രസംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് എന്നും സ്വയം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുക. സഹശ്രോതാക്കളുമായി സംസാരിക്കുന്നതും പരസ്പരം ധൈര്യം പകരുന്നതും നന്നായിരിക്കും.
ഗൗരവം കുറഞ്ഞ ദുരിതത്തിലേക്ക് ശ്രദ്ധമാറ്റുക: കാലിലെ വലിയ ചതവ് മാറ്റുവാന്‍ കൈയില്‍ ചെറിയൊരു പോറലുണ്ടാക്കുക എന്ന് ലളിതമായി ഈ തന്ത്രത്തെ വിശദീകരിക്കാം. പ്രസംഗം മടുപ്പിച്ചുതുടങ്ങുന്ന മുറക്ക്, നിങ്ങളിരിക്കുന്ന കസേരയുടെ ഏങ്കോണിപ്പും സുഖക്കുറവും ശ്രദ്ധിക്കുക. ഇരുത്തം ശരിയാക്കാനെന്ന മട്ടില്‍ കസേര ഇടക്ക് അനക്കിക്കൊണ്ടിരിക്കാം. ഇതിന് രണ്ടുണ്ട് പ്രയോജനം. ഒന്ന്, നമുക്ക് പ്രസംഗത്തില്‍ നിന്ന് മനസ്സിനെ അല്‍പമെങ്കിലും മുക്തമാക്കാം. രണ്ട്, നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ പ്രസംഗകന് ശല്യം തോന്നി അയാള്‍ പ്രസംഗം ചുരുക്കിയെന്നുപോലും വരാം.
പ്രതിസന്ധിയെ അവസരമാക്കി മാറ്റുക: ഇരുത്തത്തിലെ പ്രയാസമോ പ്രസംഗത്തിന്റെ ദുരിതമോ ഏതാണ് കൂടുതല്‍ അസഹ്യം? ഇക്കാര്യത്തില്‍ പരിചയ സമ്പന്നര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എ.ഐ.സി.സി മാതൃകയില്‍ നിലത്തിരുന്ന് പ്രസംഗം കേള്‍ക്കേണ്ട അവസ്ഥ വരുമ്പോഴാണ് ചോദ്യം ഏറെ പ്രസക്തമാകുന്നത്. ഇവിടെയാണ് നമുക്ക് ആദ്യം സൂചിപ്പിച്ച സൈദിന്റെ കാര്യം പറയേണ്ടിവരുന്നത്. പ്രതിസന്ധിയെ അവസരമാക്കി പരിവര്‍ത്തിപ്പിച്ചുകൊണ്ടാണ് അയാള്‍ പ്രസംഗം കേള്‍ക്കാന്‍ മറ്റാരെക്കാളും നേരത്തെ എത്തണമെന്ന വാശി സ്വായത്തമാക്കിയത്.
ഏതാനും പ്രസംഗങ്ങള്‍ കഴിഞ്ഞപ്പോഴാണ് അയാള്‍ക്ക് ബുദ്ധി ഉദിച്ചത്. ദുരിതം തീവ്രമാകുമ്പോഴാണല്ലോ മസ്തിഷ്‌ക കോശങ്ങള്‍ ശരിക്കും പ്രവര്‍ത്തിക്കുക. അങ്ങനെ അയാള്‍ നോക്കി. ഹാളില്‍ രണ്ടു തൂണുണ്ട്. ഇതില്‍ ചാരിയിരുന്നാല്‍ ശാരീരിക പീഡ കുറയും. തൂണ്‍ പിടിക്കാനാണ് ഇപ്പോള്‍ അയാള്‍ നേരത്തേ ഹാളിലേക്ക് ഓടുന്നത്. മറ്റുള്ളവര്‍ പ്രസംഗത്തിന് കഴിയുന്നത്ര വൈകുമ്പോള്‍, പ്രസംഗ പീഡ എന്ന പ്രതിസന്ധിയെ സൈദ് നന്നായി പ്രയോജനപ്പെടുത്തുന്നു എന്നര്‍ഥം.
സൂക്ഷ്മമായ ആസൂത്രണം: ഏറ്റവും പ്രയാസമേറിയ യുദ്ധം വരെ മികച്ച ആസൂത്രണത്തിലൂടെ ജയിക്കാന്‍ കഴിയും. പ്രസംഗം കേള്‍ക്കാനെത്തുമ്പോഴേ അനുയോജ്യമായ ഇടം കണ്ടെത്തുക. തൂണ്‍ ഒഴിവില്ലെങ്കില്‍ പിന്നെ നല്ലത് പിന്‍വാതിലുകള്‍ക്കടുത്തുള്ള ഇരിപ്പിടങ്ങളാണ്. ഇരുന്നുകഴിഞ്ഞാല്‍ മനസ്സുകൊണ്ടു കളിക്കാവുന്ന ചില കളികളും മുന്‍കൂട്ടി കണ്ടുവെക്കണം. പ്രസംഗകന്റെ ഭാവഹാവങ്ങള്‍ ശ്രദ്ധിക്കുന്നത് രസകരവും, പ്രസംഗത്തില്‍ നിന്ന് മനസ്സിനെ മോചിപ്പിക്കാന്‍ പര്യാപ്തവുമാണെന്ന് വിദഗ്ധര്‍ പറയുന്നു. '...എന്ന കാര്യത്തില്‍ സംശയമില്ല' എന്ന് ഇടക്കിടെ വാചകം പൂരിപ്പിക്കുന്ന ഒരു പ്രസംഗകനുണ്ടെന്ന് കരുതുക. ഓരോ തവണ അയാള്‍ അങ്ങനെ പറയുമ്പോഴും മനസ്സുകൊണ്ട് എണ്ണുക. ഒറ്റ പ്രസംഗത്തില്‍ ഒരാള്‍ നൂറ്ററുപത്തിനാലു തവണ 'തീര്‍ച്ചയായും' എന്നാവര്‍ത്തിച്ചതായി സാക്ഷ്യപ്പെടുത്തിയ കേള്‍വിക്കാരന്‍ ഒരു കാര്യം അടിവരയിട്ട് പറയുന്നു: 'ആ പ്രസംഗം തനിക്ക് ഒരു മടുപ്പും ഉണ്ടാക്കിയില്ല. കാരണം താനത് കേട്ടതേയില്ലെന്ന്.'
ബദല്‍ പ്രവര്‍ത്തനങ്ങള്‍: പ്രസംഗത്തിനു സമാന്തരമായി നടത്താവുന്ന ചില പ്രവര്‍ത്തനങ്ങളുണ്ട്. ചിലത് കൂട്ടായി നിര്‍വഹിക്കേണ്ടവ. ചിലര്‍ ഒറ്റക്ക് ചെയ്യേണ്ടവ. അവയെപറ്റി പിന്നീട്.
പക്ഷേ ഒന്നുണ്ട്: മരണവും നികുതിയും പോലെ പ്രസംഗവും അനിവാര്യമായ തിന്മയാണ്. അത് എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന വിഷയത്തില്‍ അടുത്തയാഴ്ച പ്രസംഗമുണ്ട്. വരുമല്ലോ.