കശുവണ്ടി ഏവര്‍ക്കും പ്രിയങ്കരമായ ഒരു വിഭവമാണ്. ഇടനേരങ്ങളില്‍ വെറുതെ കൊറിക്കാനായും, പായസത്തിലും പുഡ്ഡിംഗിലും ബിസ്‌കറ്റിലും കേക്കിലും രുചിയും ഭംഗിയും വര്‍ധിപ്പിക്കുന്ന
കശുവണ്ടി ഏവര്‍ക്കും പ്രിയങ്കരമായ ഒരു വിഭവമാണ്. ഇടനേരങ്ങളില്‍ വെറുതെ കൊറിക്കാനായും, പായസത്തിലും പുഡ്ഡിംഗിലും ബിസ്‌കറ്റിലും കേക്കിലും രുചിയും ഭംഗിയും വര്‍ധിപ്പിക്കുന്ന രസക്കൂട്ടായും കശുവണ്ടി മാറിക്കഴിഞ്ഞിരിക്കുന്നു.
നിയന്ത്രിതമായ അളവില്‍ നിത്യവും കശുവണ്ടിപ്പരിപ്പു കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങളുള്ളതിനാലാണ് കശുവണ്ടിയെ 'പ്രകൃതിയുടെ ജീവകങ്ങള്‍ അടങ്ങിയ ഗുളിക' (Vitamin pill of nature)എന്നു വിശേഷിപ്പിക്കുന്നത്. ഹൃദയസംബന്ധമായ രോഗസാധ്യത കുറക്കുന്നതില്‍ അണ്ടിപ്പരിപ്പു വര്‍ഗങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്.
കശുവണ്ടി ഊര്‍ജത്തിന്റെ മികച്ച ഉറവിടമാണ്. 100 ഗ്രാം കശുവണ്ടിയില്‍ നിന്ന് 553 കലോറി ഊര്‍ജം ലഭിക്കുന്നു. അലിയുന്ന നാരുകളും വിറ്റാമിനും ധാതുക്കളും ആരോഗ്യദായകമായ ഫൈറ്റോ കെമിക്കലുകളും ഇതിലുണ്ട്. ഈ ഫൈറ്റോ കെമിക്കലുകള്‍ രോഗങ്ങളില്‍നിന്നും കാന്‍സറില്‍ നിന്നും സംരക്ഷണമേകുന്നു. കോപ്പര്‍, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം എന്നീ ധാതുക്കളും കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്നു.
കശുവണ്ടി നിര്‍ദേശിക്കപ്പെട്ട അളവില്‍, അതായത് ഒരു കൈപിടിയില്‍ ഒതുങ്ങുന്ന അളവില്‍ ദിവസവും കഴിച്ചാല്‍ മേല്‍പറഞ്ഞ ധാതുക്കള്‍ ലഭിക്കും. അങ്ങനെ പല രോഗങ്ങളെയും ഇല്ലാതാക്കാം. വിറ്റാമിനുകളായ ബി5, ബി6, റൈബോഫ്‌ളോവിന്‍, തയാമിന്‍ എന്നിവയും ഇതില്‍ ധാരാളമുണ്ട്.
പല രുചികളില്‍ സുലഭം
റോ, ഡ്രൈ റോസ്റ്റഡ്, ഓയിലി റോസ്റ്റഡ്, റോസ്റ്റഡ് ആന്‍ഡ് സാള്‍ട്ടഡ്... എന്നിങ്ങനെ വിപണിയില്‍ കശുവണ്ടി ഇഷ്ടരുചികളില്‍ ലഭ്യവുമാണ്. അതില്‍ റോ വിഭാഗത്തിലുള്ള കശുവണ്ടി സാധാരണയായി കറികള്‍ക്ക് സ്വാദുകൂട്ടാന്‍ ഉപയോഗിക്കുന്നു. 25 ഗ്രാം റോ കശുവണ്ടിയില്‍ നിന്നും 145 കലോറി മുതല്‍ 150 കലോറിവരെ ഊര്‍ജം ലഭിക്കുന്നു. മറ്റുള്ള ഇനങ്ങളില്‍ കലോറി വീണ്ടും കൂടും. എന്നാല്‍ പ്രമേഹം, കൊളസ്‌ട്രോള്‍, കരള്‍സംബന്ധമായ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ ഓയിലി റോസ്റ്റഡ് കശുവണ്ടി ഒഴിവാക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്ക് ഇടനേരങ്ങളില്‍ കശുവണ്ടി കഴിക്കാം.
എത്ര കശുവണ്ടി കഴിക്കാം
കുട്ടികള്‍ക്ക് 8-10 കശുവണ്ടി വരെ ദിവസവും കൊടുക്കാം. ഇത് ഇടനേരങ്ങളിലെ സ്‌നാക്‌സായി ടിഫിന്‍ ബോക്‌സില്‍ വെക്കാവുന്നതാണ്. മുതിര്‍ന്നവര്‍ക്കാവട്ടെ 14-16 എണ്ണം വരെ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഒന്നിച്ച് ഒരുനേരം കഴിക്കണമെന്നില്ല. ഇടക്കിടെ കഴിച്ചാല്‍ മതി. എന്നാല്‍ അമിത അളവില്‍ കശുവണ്ടി കഴിച്ചാല്‍ വയറിന് അസ്വസ്ഥതയും ദഹനക്കുറവും ഉണ്ടാകാനിടയുണ്ട്.
കശുവണ്ടിയില്‍ അപൂരിത കൊഴുപ്പായ ഒലീക്ക് ആസിഡ് ഏകദേശം 75 ശതമാനം വരെ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഈ കശുവണ്ടിപ്പരിപ്പ് ശരീരത്തെ ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. അതുപോലെ ട്രൈഗ്ലിസറൈഡ് ലെവല്‍ കുറക്കുവാനും ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍ കുറക്കാനും നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍ കൂട്ടാനും ഇതു സഹായിക്കുന്നു. കശുവണ്ടിയില്‍ ശരീരത്തിനു ദോഷകരമായ കൊഴുപ്പ് വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉള്ളൂ.
കശുവണ്ടിപ്പരിപ്പ് ശരീരത്തിലേക്ക് ആവശ്യമായ ഒരു ആന്റി ഓക്‌സിഡന്റിനെയും നല്‍കുന്നുണ്ട്. സീസാന്തില്‍ എന്ന പ്രധാനപ്പെട്ട ഫ്‌ളേവനോയ്ഡ് ആന്റീ ഓക്‌സിഡന്റാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിലെ അപകടകാരികളായ ഫ്രീറോഡിക്കലുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു.
നല്ല കശുവണ്ടിയെ അറിയാന്‍
കശുവണ്ടിപ്പരിപ്പ് ക്രീം നിറത്തിലുള്ളവയും വിടവുകള്‍, പൊട്ടലുകള്‍, കുത്തലുകള്‍ ഇവ ഇല്ലാത്തതും ഒരേ ആകൃതിയിലുള്ളവയും ആയാല്‍ ഗുണത്തോടു കൂടിയവ ആയിരിക്കും.
സൂക്ഷിക്കേണ്ട വിധം
കശുവണ്ടി വായു കടക്കാത്ത പാത്രത്തില്‍ നന്നായി അടച്ചുവെക്കണം. ഇല്ലെങ്കില്‍ പൂപ്പല്‍ ബാധയുണ്ടാകും. പൂപ്പല്‍ കരളിലെ കാന്‍സറിനു കാരണമാകുന്നു. അതുകൊണ്ട് പൂപ്പല്‍ ബാധിച്ചവ ഒരു കാരണവശാലും ഉപയോഗിക്കരുത്. കശുവണ്ടിപ്പരിപ്പ് വായുകടക്കാത്തവിധം ഭദ്രമായി സൂക്ഷിച്ചാല്‍ ഏകദേശം ആറുമാസം വരെ കേടാകാതെ സൂക്ഷിച്ചുവെക്കാം.
കശുമാമ്പഴം പോഷകപ്രദം
മറ്റുപഴങ്ങള്‍ പോലെ കശുമാമ്പഴം ജ്യൂസായും സ്‌ക്വാഷായും ഉപയോഗിക്കുന്നു. കശുമാമ്പഴത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് ജീവകം.സി ആണ്. ഒരു വ്യക്തിക്ക് ആവശ്യമുള്ള ജീവകം.സിയുടെ നാലിരട്ടിയോളം ഒരു കശുമാമ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഒരു കശുമാമ്പഴം ഏകദേശം 100 ഗ്രാം ഉണ്ടാകും. ദിവസേന ഒരോ കശുമാമ്പഴം കഴിച്ചാല്‍, പനി, ജലദോഷം മുതലായവ പരിധിവരെ അകറ്റി നിര്‍ത്താം. ഇതിന്റെ പഴസത്ത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് നല്ല ഔഷധമാണ്. സത്ത് എടുത്ത് തിളക്കുമ്പോള്‍ ഉണ്ടാകുന്ന പത മാറ്റുക (ചവര്‍പ്പ് ഒഴിവാക്കാനാണിത്). ഈ സത്തില്‍ ശര്‍ക്കരപ്പാനി ചേര്‍ത്തു കുറുക്കി സൂക്ഷിക്കുക. ഇതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദഹനപ്രശ്‌നങ്ങള്‍ക്ക് മികച്ച ഔഷധമാണ്.
കശുവണ്ടിയില്‍ ഞങ്ങളുണ്ട്
25 ഗ്രാം (ഏകദേശം 14-16 എണ്ണം)
ഊര്‍ജ്ജം - 149 കലോറി
പ്രോട്ടീന്‍ - 5.3 ഗ്രാം
അന്നജം - 5.5 ഗ്രാം
കൊഴുപ്പ് - 11.7 ഗ്രാം
കാത്സ്യം - 12.5 മി.ഗ്രാം
ഫോസ്ഫറസ് - 112.5 മി.ഗ്രാം
ഇരുമ്പ് - 1.45 മി.ഗ്രാം