കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍ -6
കോടതിനടപടികള്‍ ആരംഭിച്ചു. തടവറയിലെ പീഡനങ്ങളുടെ അകമ്പടിയോടെ തയ്യാറാക്കിയ 'അസത്യവാങ്മൂല'ങ്ങളുടെ സഹായത്തോടെയായിരുന്നു ന്യായാധിപന്റെ വേഷമിട്ടിരിക്കുന്ന ലഫ്റ്റനന്റ്
കോടതിനടപടികള്‍ ആരംഭിച്ചു. തടവറയിലെ പീഡനങ്ങളുടെ അകമ്പടിയോടെ തയ്യാറാക്കിയ 'അസത്യവാങ്മൂല'ങ്ങളുടെ സഹായത്തോടെയായിരുന്നു ന്യായാധിപന്റെ വേഷമിട്ടിരിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ ദുജ്‌വി ചോദ്യങ്ങളുന്നയിച്ചിരുന്നത്. ഇഖ്‌വാന്റെ നേതാക്കളെ കൊലമരങ്ങളിലേക്ക് നയിക്കാന്‍ പ്രാപ്തമായ ആരോപണങ്ങളാണ് ചോദ്യങ്ങളുടെ രൂപത്തില്‍ സൈനബിനെയും ഹമീദയെയും എതിരേറ്റത്.
'ഞാനങ്ങനെ പറഞ്ഞിട്ടില്ല' എന്ന ഒറ്റ വാക്യം കൊണ്ടുതന്നെ മാരകശേഷിയുള്ള ആ ചോദ്യശരങ്ങളെ സൈനബ് നിര്‍വീര്യമാക്കി. പ്രതിരോധം തകര്‍ന്ന ഫുട്ബാള്‍ കളിക്കാരെപ്പോലെ അബ്ദുന്നാസറിന്റെ കൂലിപ്പടയാളികളായ പട്ടാളക്കോടതിയുടെ വക്താക്കളും വിയര്‍ത്തു. കോപാകുലനായ പബ്ലിക്
പ്രോസിക്യൂട്ടര്‍ അസഭ്യങ്ങള്‍കൊണ്ട് ആ മാന്യസ്ത്രീകളുടെ കാതുകള്‍ നിറച്ചു. തൊലിയുരിഞ്ഞുപോകുന്ന മുട്ടന്‍ തെറികള്‍ കേട്ട് ആ വനിതകള്‍ ചൂളിപ്പോയി. ഗമാല്‍ അബ്ദുന്നാസിറിന്റെ പട്ടാളനീതി ഈജിപ്ഷ്യന്‍ വനിതകള്‍ക്കായി കരുതിവെച്ചിരിക്കുന്ന മാരകായുധങ്ങളായ അസഭ്യവര്‍ഷങ്ങള്‍ക്ക് വെടിയുണ്ടകളേക്കാള്‍ ശക്തിയുണ്ടല്ലോ എന്ന് ഹമീദാ ഖുതുബ് മനസ്സില്‍ വിചാരിച്ചു.
കോടതിനടപടികള്‍ കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലെന്നു കണ്ടപ്പോള്‍ ലഫ്റ്റനന്റ് ജനറല്‍ കോടതിനടപടി നിര്‍ത്തിവെച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ കുറ്റപത്രങ്ങളിലേക്ക് പെണ്‍തടവുകാരെ എളുപ്പം കൊണ്ടുചെല്ലാമെന്ന് പട്ടാളക്കോടതിക്കാര്‍ കരുതിക്കാണും. ഇഖ്‌വാനികളുടെ ഇച്ഛാശക്തിക്ക് ആണ്‍പെണ്‍ ഭേദമില്ലെന്ന് അവരിനിയും മനസ്സിലാക്കിയിട്ടില്ല. സൈനബ് കരുതിയപോലെത്തന്നെ തനിക്കായി കുടുംബം ഏര്‍പ്പാടാക്കിയ വക്കീലിനെക്കൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമുണ്ടായില്ല. വിചാരണ ഇന്നത്തോടെ തീരുമെന്ന പ്രതീക്ഷയും വെറുതെയായി.
കോടതി പിരിഞ്ഞു. സൈനബും ഹമീദയും തടവറയുടെ ഇരുട്ടിലേക്ക് വീണ്ടുമെത്തി. കോടതിയില്‍ വിചാരണ നടക്കുന്ന തടവുകാരാണെന്ന പരിഗണനയൊന്നും രണ്ടു സ്ത്രീകള്‍ക്കും ജയിലില്‍ ലഭിച്ചില്ല. അതികഠിനമായ പീഡനമുറകളാണ് അവരെ സ്വാഗതം ചെയ്തത്. ഉറക്കമില്ലാത്ത രാത്രികള്‍. ഒരേ രാത്രിയില്‍തന്നെ അനേകം തവണ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ എന്നു പറയുന്നതിനേക്കാള്‍ കുറ്റപത്രങ്ങളെ അവരാഗ്രഹിക്കുന്ന പരുവത്തില്‍ ചുട്ടെടുക്കുന്നതിനുള്ള വിലപേശലുകളും വാദപ്രതിവാദങ്ങളുമായിരുന്നു അവിടെ നടന്നത്. തെരുവുകച്ചവടക്കാരോട് വിലപേശുന്നതുപോലെ ആ മാന്യസ്ത്രീകളോട് അവര്‍ വിലപേശുകയാണ്. ഇഖ്‌വാനികളായ ഉന്നത നേതാക്കളെ പ്രതിസ്ഥാനത്തുനിര്‍ത്തുന്നതിന് ദുര്‍ബലമായ തെളിവുകളെങ്കിലും കെട്ടിച്ചമക്കുന്നതിനായി ഭേദ്യം ചെയ്യലിനും മൊഴി രേഖപ്പെടുത്തലിനും ശേഷം വീണ്ടും പട്ടാളക്കോടതിയുടെ വിചാരണകളിലേക്ക്. ജയിലും കോടതിയും മാറിമാറിയുള്ള ആ യാത്രകള്‍ കുറച്ചുകാലം തുടര്‍ന്നു. ചരിത്രത്തില്‍ ഒരു ഭരണകൂടവും, ഒരു ശത്രുവിഭാഗവും മുസ്‌ലിം സ്ത്രീകളെ ഇത്രയും മോശമായ രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ടാവില്ല. അറിവില്ലാത്ത അറബിക്കൂട്ടങ്ങള്‍ പോലും ഇപ്രകാരം സ്ത്രീകളെ നേരിട്ടിട്ടില്ല.
ഒടുവില്‍ ഏറെക്കുറെ നിര്‍ണായകമായിത്തീര്‍ന്ന ഒരു വിചാരണദിനത്തിലേക്ക് സൈനബും ഹമീദയും ചെന്നെത്തി. പുരുഷന്മാരായ ഇഖ്‌വാന്‍ പ്രവര്‍ത്തകരുടെ വിചാരണയാണ് ആദ്യം നടന്നത്. എന്താണ് അവര്‍ക്കു വിധിച്ച ശിക്ഷയെന്നറിയാന്‍ സൈനബിനും ഹമീദക്കും താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാന്‍ അവര്‍ക്ക് അവസരം ലഭിച്ചില്ല. ഒന്നും കേള്‍ക്കാന്‍ കഴിയാത്ത വിധം ഒരു മുറിയില്‍ ഇരുത്തിയിരിക്കുകയാണ് അവരെ.
പുരുഷന്മാരുടെ വിചാരണ കഴിഞ്ഞ് എല്ലാവരും തിരിച്ചുപോയ ശേഷമാണ് സൈനബിനെയും ഹമീദയെയും കോടതിമുറിയിലേക്ക് കൊണ്ടുവന്നത്.
'സൈനബുല്‍ ഗസ്സാലി അല്‍ ജുബൈലി!'
ന്യായാധിപസ്ഥാനത്തുണ്ടായിരുന്ന സൈനികോദ്യോഗസ്ഥന്‍ പേരു വിളിച്ചപ്പോള്‍ സൈനബ് ജാഗ്രതയോടെ നിന്നു. വിധിയെന്തുതന്നെയായാലും സ്വീകരിക്കാനൊരുക്കമാണ്. എന്നാലും എന്താണ് വിധിയെന്നറിയാനുള്ള ആകാംക്ഷ പിന്നെയും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. സൈനബ് കാതോര്‍ത്തു.
'' ആരോപിക്കപ്പെട്ടിട്ടുള്ള എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുള്ളതിനാല്‍ സൈനബുല്‍ ഗസ്സാലി അല്‍ ജുബൈലിയെ ഇരുപത്തഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിക്കാന്‍ ഈ കോടതി ഉത്തരവിടുന്നു,''
ന്യായാധിപന്‍ വിധി പ്രസ്താവിച്ചു കഴിഞ്ഞു. അതിനെത്തുടര്‍ന്ന് അവിടെ പരക്കാനൊരുങ്ങിയ കനത്ത നിശ്ശബ്ദതയെ ഇല്ലാതാക്കിക്കൊണ്ട് സൈനബുല്‍ ഗസ്സാലിയുടെ ശബ്ദമുയര്‍ന്നു. ''അല്ലാഹു അക്ബര്‍!''
''അല്ലാഹു അക്ബര്‍!'' ഹമീദാ ഖുതുബ് അതേറ്റു ചൊല്ലി. ഏറ്റു ചൊല്ലാന്‍ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ബന്ധുക്കളോ ഇഖ്‌വാന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരോ ഒന്നും. രണ്ടു സ്ത്രീകള്‍. വിചാരണ നേരിടുന്ന രണ്ടു സ്ത്രീകള്‍. അബ്ദുന്നാസിറിന്റെ സൈനികര്‍ മാത്രമാണ് ആ മുറിയിലുള്ളത്. മനസ്സിന്റെ കാഠിന്യം മാത്രം യോഗ്യതയായിക്കാണുന്ന പരുഷപ്രകൃതരായ സൈനികര്‍. ഗമാല്‍ അബ്ദുന്നാസിര്‍ എന്ന ഏകാധിപതിയെ ദൈവമായിക്കാണുന്ന അനുസരണശീലമുള്ള കൂലിപ്പടയാളികള്‍. അവരില്‍ ചിലര്‍ ന്യായാധിപരുടെ വേഷത്തില്‍ ന്യായാധിപസ്ഥാനത്തിരിക്കുന്നു. മറ്റു ചിലര്‍ ജയില്‍ അധികൃതരുടെ വേഷത്തില്‍ ജാഗ്രതയോടെ നിലകൊള്ളുന്നു. അവര്‍ക്കിടയില്‍ ഈജിപ്ഷ്യന്‍ സ്ത്രീയുടെ ശക്തിയുടെയും ദൃഢചിത്തതയുടെയും അഭിമാനക്കൊടികളായി രണ്ടു വനിതകള്‍. അവര്‍ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുന്നു.
''ഹമീദാ ഖുതുബ് ഇബ്‌റാഹീം!'' ന്യായാധിപസ്ഥാനത്തു നിന്ന് അടുത്ത ഇരയുടെ പേരുയര്‍ന്നു. പേടമാന്റെ പിടയുന്ന മനസ്സുമായി ഹമീദ വാക്കുകള്‍ക്ക് കാതോര്‍ത്തു. എന്നും അവള്‍ അങ്ങനെയായിരുന്നല്ലോ. ധീരമെങ്കിലും കാതരമായ മനസ്സ്! എന്തിനെന്നറിയാത്ത ഒരു സംഭ്രമമാണ് ആ കഥാകാരിയുടെ മനസ്സിലെപ്പോഴും. അതിനെ ഭീരുത്വമെന്ന് വിളിക്കാനാവില്ല.
എല്ലാ ആധിപത്യങ്ങളുടെയും ഉടമയായ സര്‍വശക്തനായ അല്ലാഹുവേ, നിന്റെ സ്‌നേഹത്തിനുമുമ്പില്‍ ഞാന്‍ കീഴടങ്ങുന്നു. നിന്റെ ദുര്‍ബലയായ അടിമ ഇതാ ജീവിതത്തിലെ ഏറെ നിര്‍ണായകമായ ഒരു മുനമ്പില്‍ വന്നു നില്‍ക്കുന്നു. നീ എന്റെ കൂടെത്തന്നെ ഉണ്ടാവേണമേ! ഹമീദ ദൈവത്തോട് മന്ത്രിച്ചു.
''ഹമീദാ ഖുതുബ് ഇബ്‌റാഹീം ഭരണകൂടത്തിനെതിരെ നടത്തിയ കുറ്റങ്ങളെല്ലാം ഈ കോടതിക്ക് ശരിയാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അതിനാല്‍, പത്തു വര്‍ഷത്തെ കഠിനതടവിനു വിധിക്കുന്നു.''
വിധി വായിച്ചു കേട്ട ശേഷം കോടതിയില്‍നിന്ന് പുറത്തു വന്ന ആ ധീരവനിതകള്‍ കോടതിക്ക് പുറത്തു കടന്നപ്പോള്‍ അവിടെ കൂടിയിരിക്കുന്ന ഇഖ്‌വാന്‍ പ്രവര്‍ത്തകരുടെ ബാഹുല്യം അവരെ അല്‍ഭുതപ്പെടുത്തി. ഈ ആള്‍ക്കൂട്ടമെല്ലാം വിധിയറിയാനുള്ള ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നല്ലോ ഈ നേരമത്രയുമെന്ന് ഹമീദാ ഖുതുബ് വെറുതെ ആലോചിച്ചു. അടുത്തെത്തിയപ്പോള്‍ ആദ്യം അവര്‍ ചോദിച്ചതും അതുതന്നെയായിരുന്നു. എന്തായിരുന്നു വിധിയെന്ന്. വിധിയറിഞ്ഞപ്പോള്‍ അവര്‍ നിറകണ്ണുകളോടെ വിളിച്ചുപറഞ്ഞു.''അല്ലാഹു അക്ബര്‍!''
''എന്താണ് സയ്യിദിന്റെ സ്ഥിതി?'' സയ്യിദ് ഖുതുബിന്റെ വിധിയറിയാനായിരുന്നു സൈനബുല്‍ ഗസ്സാലിക്ക് ആകാംക്ഷ.
''അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയാകാന്‍ പോകുന്നു.'' അവര്‍ ഒന്നടങ്കം പറഞ്ഞു.
ആ അറിവ് തെല്ലു നേരത്തേക്കെങ്കിലും ഹമീദയില്‍ ഞെട്ടലുണ്ടാക്കി. ഇതെല്ലാമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് അറിയാഞ്ഞിട്ടല്ല. പിന്നെയും എന്തെന്നറിയാത്ത ഒരു വേദന ഹൃദയത്തിന്റെ അടിത്തട്ടില്‍ കല്ലച്ചുകിടന്നു. അവള്‍ ഉള്ളിലടക്കിയ വേദനയോടെ തന്റെ സഹയാത്രികയെ നോക്കി. ഈജിപ്തിലെ ഇസ്‌ലാമികതയുടെ ആ പോറ്റുമ്മ ധീരമായ മുഖഭാവവുമായി ഇഖ്‌വാന്‍ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. സയ്യിദ് ഖുതുബ് മാത്രമല്ല; അബ്ദുല്‍ ഫത്താഹ് ഇസ്മാഈല്‍, യൂസുഫ് ഹവ്വാശ് തുടങ്ങിയ നേതാക്കളും വധശിക്ഷക്കു വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് സൈനബുല്‍ ഗസ്സാലിയോട് ഇഖ്‌വാനികള്‍ പറഞ്ഞു.
സൈനബുല്‍ ഗസ്സാലി ഇഖ്‌വാന്‍ പ്രവര്‍ത്തകരോട് ധീരവും വാചാലവുമായി സംവദിക്കുന്നത് ഹമീദ നോക്കിനിന്നു. അവള്‍ക്ക് അവരോട് പ്രത്യേകിച്ചെന്തെങ്കിലും പറയാന്‍ തോന്നിയില്ല. സങ്കടത്തിന്റെയും സംഭ്രമത്തിന്റെയും നിശ്ചലതയിലേക്ക് അവളുടെ മനസ്സ് നീങ്ങിക്കഴിഞ്ഞിരുന്നു. എന്നാല്‍ അതിന് അധികം അവസരം ലഭിച്ചില്ല. ഏതാനും സൈനികരും പോലീസും അവരുടെ അടുത്തേക്കു വന്നു. അവരെ ജനക്കൂട്ടത്തില്‍നിന്ന് പിടിച്ചുമാറ്റി കാറിലേക്ക് കയറ്റുകയാണ് അവര്‍. ഇഖ്‌വാന്‍ പ്രവര്‍ത്തകരുടെ ശബ്ദഘോഷങ്ങള്‍ ഉയര്‍ന്നു. പത്രപ്രവര്‍ത്തകര്‍ തിരക്കുകൂട്ടി മുന്നോട്ടു വന്നു.
ജീപ്പിലേക്കു വലിച്ചിഴക്കപ്പെടുന്ന ഹമീദാ ഖുതുബിന്റെ ഫോട്ടോയെടുക്കാന്‍ മത്സരിക്കുകയായിരുന്നു ഏതാനും പത്രഫോട്ടാഗ്രാഫര്‍മാര്‍. അവളുടെ വസ്ത്രം ഉലഞ്ഞു. അല്ലാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചാര്‍ത്തുകൊണ്ടിരുന്നു ആ പെണ്‍കുട്ടി. ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതെ സൈനബുല്‍ ഗസ്സാലി ഒരുത്തന്റെ ക്യാമറ തട്ടിയെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു.
''അക്രമത്തിന് കൂട്ടുനില്‍ക്കുന്ന ഏഴാംകൂലികളേ, എന്തു വൃത്തികേടാണ് നിങ്ങളീ കാണിക്കുന്നത്?''
സൈനബ് പത്രക്കാരനെ നോക്കി അലറുകയായിരുന്നു.
(തുടരും)