ചുമരുകളില്‍ ഒതുക്കിവെച്ച വിതുമ്പലുകള്‍
ജയ്ഷ. എ നിലമ്പൂർ (അൽജാമിഅ ശാന്തപുരം) /കാമ്പസ്
2014 സെപ്റ്റംബര്‍
''ലളിതമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. അതിനാല്‍ തന്നെ ധൂര്‍ത്തടിക്കാനായി ഞങ്ങളൊന്നും ചെയ്യാറുമില്ല.'' കൊപ്പത്തുള്ള 'അഭയ' സന്ദര്‍ശിച്ചപ്പോള്‍ സ്ഥാപനത്തെ പരിചയപ്പെടുത്തിക്കൊണ്ട്
''ലളിതമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. അതിനാല്‍ തന്നെ ധൂര്‍ത്തടിക്കാനായി ഞങ്ങളൊന്നും ചെയ്യാറുമില്ല.'' കൊപ്പത്തുള്ള 'അഭയ' സന്ദര്‍ശിച്ചപ്പോള്‍ സ്ഥാപനത്തെ പരിചയപ്പെടുത്തിക്കൊണ്ട് മേലാധികാരിയായ കൃഷ്‌ണേട്ടന്‍ ഇങ്ങനെയാണ് തുടങ്ങിയത്. ''ഞങ്ങള്‍ക്ക് ഒരു മതമോ പ്രത്യേകമൊരു രാഷ്ട്രീയ പാര്‍ട്ടിയോ ഇല്ല. അതുകൊണ്ടു തന്നെ ഒന്നിന്റെയും അതിര്‍വരമ്പുകള്‍ ഞങ്ങള്‍ക്കുമേല്‍ ചുറ്റപ്പെട്ടിട്ടുമില്ല. മതവും ദൈവവും മനുഷ്യര്‍ക്ക് ആശ്വസിക്കാനുള്ള വെറും മാധ്യമം മാത്രം. കാണാത്ത ശക്തിയില്‍ സര്‍വവും അര്‍പ്പിക്കാ
നും വിളികേള്‍ക്കാത്ത കേവലം രൂപ ബിംബങ്ങളെ ആരാധിക്കാനും ഞങ്ങള്‍ക്ക് താല്‍പര്യമില്ല'' കൃഷ്‌ണേട്ടന്റെ കാഴ്ചപ്പാടുകള്‍ ഇങ്ങനെ വ്യത്യസ്തമാണ്.
കൃഷ്‌ണേട്ടനുമായി സംവദിച്ച ശേഷം അന്തേവാസികളെ സന്ദര്‍ശിക്കാനായി പുറത്തിറങ്ങിയപ്പോള്‍ കാത്തിരുന്നതാവട്ടെ സരസ്വതി എന്ന 27 കാരിയുടെ കണ്ണുനീരും. നെറ്റിയിലെ സിന്ദൂരക്കുറിയും കഴുത്തിലെ താലിമാലയും പവിത്രമായ ദാമ്പത്യ ജീവിതത്തിലേക്ക് അവള്‍ പ്രവേശിച്ചിരുന്നു എന്നതിന് തെളിവായിരുന്നു. പ്രത്യക്ഷമായി ഒരു പ്രശ്‌നവും അവളില്‍ പ്രകടമായിരുന്നില്ലെങ്കിലും മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് 'അഭയ'ത്തില്‍ കൊണ്ടാക്കിയതാണെന്ന് അറിയാന്‍ കഴിഞ്ഞു. മാത്രവുമല്ല, സരസ്വതി മൂന്ന് മാസം ഗര്‍ഭിണിയുമായിരുന്നു. തേങ്ങിക്കരഞ്ഞിരുന്ന സരസ്വതിയെ ചേര്‍ത്തുപിടിച്ച് നടന്ന എന്റെ കൂട്ടുകാരിയോട് അവളിങ്ങനെ പറയുന്നുണ്ടായിരുന്നു. ''ചേച്ചിയും ഭര്‍ത്താവും വന്നപ്പോള്‍ ഞാനൊരുപാട് പ്രതീക്ഷിച്ചു, എന്നെയും കൂടെ കൊണ്ടുപോകുമെന്ന്, പക്ഷേ...''തേങ്ങിക്കൊണ്ട് കഥനകഥകള്‍ തുടര്‍ന്നപ്പോള്‍ ഇറ്റിറ്റു വീണുകൊണ്ടിരുന്ന ആ കണ്ണുനീര്‍ തുള്ളികള്‍ തുടച്ചുകൊണ്ട്, 'ഭര്‍ത്താവും വീട്ടുകാരും ഉടനെ വന്ന് സരസ്വതിയെ കൂട്ടികൊണ്ടു പോകു'മെന്ന ചില പതിവ് സാന്ത്വന വാക്കുകള്‍ പറയുവാനേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.
'ഒരു പുരുഷന്‍ ഭാര്യയെയും അവള്‍ അയാളെയും പരസ്പരം നോക്കിയാല്‍ അവരിരുവരെയും കാരുണ്യപൂര്‍വ്വം അല്ലാഹു കടാക്ഷിക്കും. ഇനി അയാള്‍ തന്റെ ഭാര്യയെ ഹസ്തദാനം ചെയ്താല്‍ അവര്‍ ചെയ്ത പാപങ്ങള്‍ അവരുടെ കൈവിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴും' എന്നുള്ള നബിവചനം മനസ്സില്‍ തികട്ടി വന്നു.
അഭയത്തിലെ അന്തേവാസികളെ ഭക്ഷണം കഴിക്കുന്ന ഹാളില്‍ വെച്ച് കാണാനായി. ഏട്ടന്മാരുടെ വീടുപണി കഴിയുന്നതും കാത്തിരിക്കുന്ന സന്ധ്യയും കളങ്കമില്ലാത്ത പുഞ്ചിരി ഞങ്ങള്‍ക്ക് സമ്മാനിച്ച ശാന്തകുമാരിയും വസന്തകുമാരിയും തുടങ്ങി, ഒരുപാട് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ആ കുറഞ്ഞ സമയം പാട്ടുപാടിയും, തമാശകള്‍ പറഞ്ഞും, പൊട്ടിച്ചിരിച്ചും മറക്കാനാവാത്ത ചില നിമിഷങ്ങള്‍ സമ്മാനിക്കുകയായിരുന്നു ഞങ്ങള്‍. ഒപ്പം ഞങ്ങള്‍ എങ്ങനെയെല്ലാം ആവരുതെന്ന വലിയ സന്ദേശവും ആ കുറഞ്ഞ നിമിഷങ്ങള്‍ സമ്മാനിക്കുകയായിരുന്നു.
കുറച്ചു കൂട്ടുകാര്‍ അവരുമായി സംവദിക്കുമ്പോള്‍ മറ്റുള്ളവര്‍ കൃഷ്‌ണേട്ടന്റെ വീട്ടില്‍ ഭക്ഷണത്തോടൊപ്പം അവര്‍ക്കു നല്‍കുവാനുള്ള പായസവും പഴങ്ങളും തയ്യാറാക്കുകയായിരുന്നു. ''ശരീരത്തിന് ദ്രോഹം ചെയ്യാത്തവയെ ഞങ്ങള്‍ ഭക്ഷിക്കുന്നു. അപകടകാരികളായവയെ ഞങ്ങള്‍ വര്‍ജിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ പാല്‍, പാല്‍പൊടി, പഞ്ചസാര, മരുന്നടിച്ച് പഴുപ്പിക്കുന്ന പഴവര്‍ഗങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ ഭക്ഷിക്കാറില്ല'' എന്ന് കൃഷ്‌ണേട്ടന്‍ പറഞ്ഞു. വീട്ടില്‍
നൂറോളം വരുന്ന അന്തേവാസികള്‍ക്ക് പായസം പാകം ചെയ്ത് കൃഷ്‌ണേട്ടന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു.
നല്ലപോലെ പാലൊഴിച്ച്, പഞ്ചസാരയിട്ട്, പശുവിന്‍ നെയ്യ് ചേര്‍ത്തിളക്കി പാകപ്പെടുത്തിയുണ്ടാക്കിയ പായസം ഭക്ഷണത്തോടൊപ്പം അവര്‍ക്ക് വിളമ്പുമ്പോള്‍ പ്രകടമായ പുഞ്ചിരിയില്‍ ഞങ്ങള്‍ ആനന്ദം കണ്ടെത്തി.
പിന്നീട് ഞങ്ങളുടെ ഊഴമായിരുന്നു. അവരുടേതായ ബിരിയാണി (തവിട് കളയാത്ത ചോറില്‍ പച്ചക്കറി അരിഞ്ഞിട്ടത്) ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു. അധികം ഉപ്പും മുളകും ഉപയോഗിക്കാത്ത കറികളും, ശര്‍ക്കര ഉപയോഗിച്ചുണ്ടാക്കിയ ചെറുപയര്‍ പായസവും ബിരിയാണിക്ക് മാറ്റു കൂട്ടി.
ആരോഗ്യം ശോഷിച്ച അവസ്ഥയിലായിരുന്നു വാര്‍ധക്യത്തിലെത്തിയ അവരില്‍ അധികവും. ഉറ്റവരും ഉടയവരും ഇല്ലാത്തവരും ഉണ്ടായിട്ടും അനാഥരായവരും. ഉള്ളുതുറന്നു നിഷ്‌കളങ്കമായി പുഞ്ചിരിച്ച് അമ്മൂട്ടിയമ്മ ഞങ്ങളെ അടുത്തേക്ക് വിളിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട് തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു അമ്മൂട്ടിയമ്മയുടെ ബാല്യം. പിന്നീട് വിധി വാതത്തിന്റെ അവസ്ഥയില്‍ വന്ന് ഒരു കാലിനെ തളര്‍ത്തി. അതൊന്നും വകവെക്കാതെ മദ്യപാനികളായ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ വാര്‍ധക്യത്തിലും ശബ്ദമുയര്‍ത്തി അമ്മൂട്ടിയമ്മ. ഭീഷണിയും അക്രമവും തുടര്‍കഥയായപ്പോള്‍ ഒരു കൂട്ടം മനുഷ്യസ്‌നേഹികള്‍ അഭയത്തില്‍ കൊണ്ടാക്കി.
ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള പള്ളം സ്മാരക വായനശാലയും 'അഭയം' സ്വന്തമായി കൃഷിചെയ്യുന്ന 30 ഏക്കറിലേറെ വയലുകളും കണ്ട് 'പള്ളം മന' കാണുവാനായി അടുത്ത യാത്ര പുറപ്പെട്ടു. വയല്‍വരമ്പിലൂടെയുള്ള യാത്രയില്‍ മയിലിനെ കണ്ടതും യാത്രക്ക് ഇമ്പം കൂട്ടി. 300 വര്‍ഷത്തിലേറെ പഴക്കമുള്ള മണ്ണുകൊണ്ട് നിര്‍മിച്ച 'പള്ളം മന'യുടെ ഒരു ഭാഗത്ത് പുതിയ വൃദ്ധസദനം പണിയുകയായിരുന്നു. അത്രത്തോളം വര്‍ധിച്ചിരിക്കുന്നു ഇത്തരം സദനങ്ങളിലെ തിരക്ക് എന്നതിന് തെളിവായിരുന്നു പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം.
കോഴിക്കോട്ടുകാരനായ ഒരധ്യാപകന്റെ കീഴില്‍ കുട്ടികള്‍ കളരി അഭ്യസിക്കുന്ന കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തി. ഞങ്ങള്‍ക്കുവേണ്ടി കളരിയുടെ ഒരുപാട് ഭാഗങ്ങള്‍ അവര്‍ കാണിച്ചു തന്നു. കളരിപ്പയറ്റിന്റെ ചരിത്രവും മേന്മകളും അധ്യാപകന്‍ വിവരിച്ചു തരികയും ചെയ്തു. പള്ളം മനയില്‍ കുടുസ്സായ മുറികള്‍ ഒരുപാടുണ്ടായിരുന്നു. മരത്തില്‍ ചെയ്ത കൊത്തുപണികള്‍ മനയെ കൂടുതല്‍ സുന്ദരിയാക്കി.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനയുടെ ഇടത്തേ അറ്റത്ത് ഒരമ്മയെ കാണുവാനിടയായി. ചെന്നന്വേഷിച്ചപ്പോള്‍ കണ്ണീരണിയിക്കുന്ന കഥകളായിരുന്നു അമ്മാളുവമ്മക്ക് പറയാനുണ്ടായിരുന്നത്. 27-ാം വയസ്സില്‍ അഞ്ച് വയസ്സായ മകനോടൊപ്പം തനിച്ചാക്കി ഭര്‍ത്താവ് മരിക്കുമ്പോള്‍ ജീവിക്കാന്‍ ഒരു മാര്‍ഗവും മുന്നിലില്ലായിരുന്നു. കുഞ്ഞുവയറിന്റെ നോവടക്കാനായി കൂലിപ്പണി ചെയ്തും മറ്റും മകനെ പോറ്റിവളര്‍ത്തി ഒരു നിലയിലെത്തിച്ചപ്പോള്‍ ഇടക്ക് കയറിവന്ന ഇണയുടെ സന്തോഷത്തിനുവേണ്ടി അമ്മയെ അകറ്റിനിര്‍ത്തിയ മകന്റെ കഥ. 'അഭയ'ത്തില്‍ വന്നിട്ട് രണ്ട് വര്‍ഷമായിട്ടുണ്ടെങ്കിലും ഇതേവരെ അമ്മാളുവമ്മയെ കാണാന്‍ ആരും വന്നില്ല എന്ന സങ്കടം ഞങ്ങളുമായി പങ്കുവെക്കുമ്പോള്‍ ആശ്വസിപ്പിക്കുവാന്‍ വാക്കുകളില്ലായിരുന്നു.
അഭയത്തിലെ ഓരോ ചുമരുകള്‍ക്കും പറയാനുണ്ടായിരുന്നു ഒറ്റപ്പെടുത്തലിന്റെയും മറ്റും ഒരുപാട് പരാതികളും പരിഭവങ്ങളും. നല്ല വിദ്യാഭ്യാസമുള്ള ഒരുപാട് പേര്‍ മാനസികനില തെറ്റി 'അഭയ'ത്തില്‍ ഉണ്ടെന്നുള്ളത് ഞങ്ങളെ അത്ഭുതപ്പെടുത്തി. പോരുന്ന വഴിക്കുവെച്ച് 57-കാരനായ ബാലേട്ടനുമായി ഒരുപാട് സംസാരിച്ചു. ലോക കാര്യങ്ങളിലും നാട്ടുകാര്യങ്ങളിലും ഒരുപോലെ അറിവുള്ള അദ്ദേഹത്തിന്റെ സംസാരം കേട്ട് നേരം പോയതേ അറിഞ്ഞില്ല.
അവിടെ നിന്നും പടിയിറങ്ങുമ്പോള്‍ മനസ്സാകെ, വാര്‍ധക്യമെന്ന ഒഴിച്ചുകൂടാനാവാത്ത അവസ്ഥയെ തള്ളിയകറ്റുന്ന പുതു തലമുറയോടുള്ള അടങ്ങാത്ത അമര്‍ഷമായിരുന്നു. ഒപ്പം, കുറ്റപ്പെടുത്തലുകളില്ലാതെ ഒറ്റപ്പെടുത്തലുകളെ വിധിയായെടുത്ത്, ഉള്ളില്‍ സങ്കടത്തിന്റെ ആഴക്കടല്‍ ഇരമ്പുമ്പോഴും പുറത്ത് പ്രസന്നമായ മുഖം മറ്റുള്ളവര്‍ക്ക് സമ്മാനിക്കുന്ന ഒരു കൂട്ടം അമ്മമാരോടും പിതാക്കളോടും സഹോദരന്മാരോടുമുള്ള സഹതാപവുമായിരുന്നു. ആശ്വാസ വാക്കുകള്‍ ഒരുപാട് മൊഴിഞ്ഞ് യാത്രപറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് നിറയെ അവര്‍ക്കുള്ള പ്രാര്‍ഥന മാത്രമായിരുന്നു.