പറയാനുള്ളത് പറയേണ്ട വിധം

എന്‍.പി ഹാഫിസ് മുഹമ്മദ് /മനസ്സിനും സമൂഹത്തിനും ശസ്ത്രക്രിയ No image

ഒരിക്കല്‍ കോളേജില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നാലഞ്ച് വിദ്യാര്‍ഥികള്‍ വന്നു. പ്രശ്‌നം ഒരധ്യാപകനാണ്. അവരുടെ സങ്കടമറിയിച്ചു: ''സാര്‍ ക്ലാസിലെത്തിയാല്‍ അങ്ങട്ടൊരു തുടക്കാണ്. ഒരൊറ്റ ശ്വാസത്തില്‍ ഒരു കാച്ചലാണ്. ചോദ്യം പാടില്ല. വേണെങ്കില്‍ കേട്ടോ എന്ന മട്ടില്‍. ഇനിയാരെങ്കിലും വല്ല സംശയവും ചോദിച്ചാല്‍ സാര്‍ പരിഹസിക്കും. ചിലപ്പോ നാണം കെടുത്തും.'''അവര്‍ ക്ലാസില്‍ മൗനികളായിരിക്കുന്നു. സംവാദം വിധിക്കപ്പെട്ടിട്ടില്ല. അവര്‍ക്കും പലതും മനസ്സിലാകുന്നില്ല. അവരിലൊരാള്‍ ചോദിച്ചു: '''ആര്‍ക്കുവേണ്ടിയാണ് സാര്‍ ഈ ക്ലാസ്? എന്തിനാ ഈ വഴിപാട്?'''
ഒരു സഹപ്രവര്‍ത്തകന്റെ എളുപ്പമല്ലാത്ത ഒരു കീറാമുട്ടി പ്രശ്‌നമാണവരുടേത്. ക്ലാസ്മുറിയിലെ ഏകാധിപതിയെ മാറ്റിയെടുക്കാന്‍ ആര്‍ക്കും ആവില്ലെന്നു വന്നിരിക്കുന്നു. ഒന്നു രണ്ട് തവണ അധ്യാപകനോട് പറഞ്ഞുനോക്കി. ഫലമുണ്ടായില്ല. താന്‍ ആശയവിനിമയ കാര്യത്തില്‍ ഒരു സ്വേഛാധിപതിയാണെന്ന് തിരിച്ചറിയാതെ, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചറിഞ്ഞ് പരിഹാരം ചെയ്യാനൊരുങ്ങാതെ അധ്യാപകനെ മാറ്റാന്‍ എളുപ്പമല്ല.
ഭര്‍ത്താവിന്റെ ഏകാധിപത്യ പ്രവണതയാല്‍ പൊറുതി കെട്ട ഭാര്യ ഭര്‍ത്താവിനൊപ്പം കൗണ്‍സലിംഗിന് വന്നതോര്‍ക്കുന്നു. അയാള്‍ സ്വന്തം മോഹങ്ങളും തീരുമാനങ്ങളും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രകൃതക്കാരന്‍. ഭാര്യയുടെയോ കുട്ടികളുടെയോ വിചാരവികാരങ്ങള്‍ക്ക് അയാളൊരു പ്രാമുഖ്യവും നല്‍കുന്നില്ല. ആദ്യമൊക്കെ വിധേയത്വം കാണിച്ച് വളര്‍ത്തുപട്ടിയെപ്പോലെ എല്ലാം അനുസരിച്ചു കഴിഞ്ഞു. എന്നാല്‍ അവരുടെ ഉള്ളില്‍ പലതും അംഗീകരിച്ചിരുന്നില്ല. പൊട്ടിത്തെറികളുണ്ടായി. ബന്ധം വഷളാകുന്നത് അയാളുമറിഞ്ഞു. സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൗണ്‍സലിംഗിന് വന്നത്. രണ്ടു സെഷനുകള്‍കൊണ്ട് പ്രശ്‌നമെന്തെന്ന് അയാള്‍ തിരിച്ചറിഞ്ഞു: ''ഞാനിപ്പോഴാ എന്റെ തകരാററിഞ്ഞേ.'വിനയത്തോടെ എനിക്ക് മാറണമെന്ന് അയാളറിയിച്ചു. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തുടക്കത്തില്‍ അല്‍പം പാടുപെട്ടാണെങ്കിലും, അയാള്‍ സ്വയം നവീകരണം തുടങ്ങി. രണ്ടാഴ്ചകൊണ്ടുതന്നെ മാറ്റങ്ങളുണ്ടായി. ഭാര്യക്കും മക്കള്‍ക്കും പലതും പറയാനുണ്ടായിരുന്നത് താന്‍ കേള്‍ക്കേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞു. അയാള്‍ കേള്‍ക്കാന്‍ തുടങ്ങി. പ്രതികരണങ്ങള്‍ സ്വീകരിച്ചു. കല്‍പനകള്‍ക്ക് പകരം അപേക്ഷകളും പ്രസ്താവനകളുമായി തീരുമാനങ്ങള്‍ എല്ലാവരുമൊന്നിച്ചെടുത്തു. ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ ചര്‍ച്ചകള്‍ ഉണ്ടായി. ഇടക്കൊന്നിച്ച് പുറത്തിറങ്ങാനും തമാശകള്‍ പങ്കിടാനും തുടങ്ങി.
ചിലര്‍ ആശയവിനിമയത്തില്‍ തീര്‍ത്തും ഏകാധിപതികളാണ്. അവര്‍ പറയാനുള്ളത് കല്‍പിച്ചുകൊണ്ടിരിക്കുന്നു. 'എന്തുകൊണ്ട്' എന്ന ചോദ്യത്തിന് പ്രസക്തിയില്ലാത്ത സാമ്രാജ്യങ്ങളിലെ സ്വേഛാധിപതികളാണ്. കുടുംബനാഥന് ഭാര്യയും മക്കളും അനുസരണയോടെ എല്ലാം കേള്‍ക്കുന്നവരാകണം. കല്‍പനകള്‍ നിറവേറ്റാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കുമോ എന്ന സംശയമവര്‍ക്കില്ല. മിണ്ടരുത്, ശബ്ദം പൊക്കരുത്, ഓടരുത്, ചാടരുത്, പുറത്തിറങ്ങരുത്, അങ്ങോട്ട് പോകരുത് എന്നിങ്ങനെ കല്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു. മറ്റുള്ളവര്‍ സഹികെട്ട്, ധിക്കരിക്കാന്‍ അവസരം കാത്തുനില്‍ക്കുന്നു. അതാണ് ഏകദിശയിലേക്ക് മാത്രമുള്ള ആശയവിനിമയത്തിന്റെ അവസാനം; സംഘര്‍ഷവും പൊട്ടിത്തെറിയും.
ഒരേ ദിശയിലേക്ക് മാത്രമുള്ള ആശയവിനിമയം സങ്കീര്‍ണമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെങ്കിലും, ഈ ആശയവിനിമയത്തിലെ പ്രക്രിയ ലളിതമാണ്. ഏതൊരാശയവിനിമയത്തിലും രണ്ടംഗങ്ങളുണ്ട്; ആശയം കൈമാറ്റം ചെയ്യുന്നയാളും സ്വീകര്‍ത്താവും. കൈമാറ്റം ചെയ്യുന്നയാള്‍ സന്ദേശത്തിലൂടെ ഒരാശയമോ വികാരമോ, രണ്ടുംകൂടി കലര്‍ന്നോ സ്വീകര്‍ത്താവിന് നല്‍കുന്നു. സന്ദേശം അയക്കുന്നയാള്‍ സങ്കല്‍പനവല്‍കരിച്ച് ഭാഷയും ഭാഷേതര ഘടകങ്ങളും കൂട്ടിച്ചേര്‍ത്ത് അത് കൈമാറ്റം ചെയ്യുന്നു. സ്വീകര്‍ത്താവ് അത് ഗ്രഹിക്കാന്‍ ശ്രമിക്കുന്നു. പ്രതികരണം നല്‍കുന്നു. സാധാരണ ജീവിതത്തിലും, ഭാര്യ ഭര്‍ത്താവിനോടോ, രക്ഷിതാവ് മക്കളോടോ സുഹൃത്തുക്കള്‍ പരസ്പരമോ ഒക്കെ ചെയ്യുന്നത് ഇതുതന്നെയാണ്. ദൈനംദിന ജീവിതത്തില്‍ അനൗപചാരിക ആശയവിനിമയമാവും. ഔദ്യോഗിക കാര്യങ്ങളില്‍ പൊതുവെ ഔപചാരിക ആശയവിനിമയവും. അധ്യാപകര്‍, തൊഴിലുടമകള്‍, സൂപ്പര്‍വൈസര്‍മാര്‍, മേലുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആശയങ്ങള്‍ കൂടുതലായി കൈമാറുന്നു. വിവരങ്ങള്‍ കൈമാറുന്നതാണ് പതിവ്. അതുകൊണ്ടാണ് ഔദ്യോഗികമായ ബന്ധങ്ങളില്‍ നടത്തുന്ന ആശയവിനിമയം പലപ്പോഴും അനൗപചാരികമാകുന്നത്.
സന്ദേശം അയക്കുന്നയാള്‍ അയാളുടെ/അവരുടെ താല്‍പര്യവും പ്ലാനും മാത്രം അടിസ്ഥാനമാക്കി, സ്വീകര്‍ത്താക്കളുടെ താല്‍പര്യമോ വികാരമോ സാഹചര്യമോ നോക്കാതെ സംസാരിക്കുന്നതാണ് ഏകപാതാശയവിനിമയം. കേള്‍ക്കുന്നവര്‍ക്ക് താന്‍ പറയുന്നത് മനസ്സിലാകുന്നുണ്ടോ എന്ന് ഇക്കൂട്ടര്‍ പരിശോധിക്കുന്നില്ല. അതവര്‍ക്കൊരു വിഷയവുമല്ല. സ്വന്തം തൃപ്തിക്കോ അധികാരഭാവം നിലനിര്‍ത്താനോ അവര്‍ സംസാരിക്കുന്നു. വ്യക്തികളോടും സംഘങ്ങളോടും അടിച്ചേല്‍പ്പിക്കലുകളും കല്‍പനകളും നല്‍കുന്നവരാണവര്‍. കേള്‍ക്കുന്നവരുടെ വൈകാരികാവസ്ഥയെ പരിഗണിക്കുന്നില്ല. അവരുടെ മാനസിക തലങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ല. നിര്‍ദ്ദേശിക്കുന്നത് സ്വീകര്‍ത്താവ് സ്വീകരിക്കുന്നുണ്ടോ എന്നത് അറിയുന്നില്ല. അവരെ സ്വാധീനിക്കുന്നുവോ എന്നതറിയാന്‍ ശ്രമവുമില്ല.
ഏകപാതാശയവിനിമയം വേഗത്തില്‍ ആശയക്കൈമാറ്റം നടത്തുന്നുണ്ട്. ഏകപക്ഷീയമായ ആശവിനിമയക്കാര്‍ മറ്റുള്ളവര്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും 'കാര്‍പറ്റ് ബോംബിംഗ്' നടത്തി പിന്‍വാങ്ങുന്നു. അതുകൊണ്ട് എളുപ്പം വിവരങ്ങള്‍ കൈമാറുന്നുണ്ട്. ചിട്ടയോടെ ആശയവിനിമയം നടക്കുന്നു. ചില പ്രത്യേക ഔദ്യോഗിക സാഹചര്യങ്ങളില്‍ ഏകപക്ഷീയമായ ആശയവിനിമയം ഒരു ശീലമാണ്. ചിട്ടയുമാണ്. ഒരു മിലിറ്ററി കമാണ്ടറോ പോലീസ് ഉദ്യോഗസ്ഥനോ കല്‍പിക്കുന്നവരാണ്. വിദ്യാര്‍ഥികളെയറിയിക്കാന്‍ ഒരു നോട്ടീസയക്കുന്ന പ്രിന്‍സിപ്പലും ഏകപാതാശയവിനിമയമാണ് നടത്തുന്നത്. റേഡിയോ, ടി.വി, ചാനല്‍ മാധ്യമങ്ങളില്‍ അവതരണം നടത്തുന്നവര്‍ പൊതുവെ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നു. ദിനപത്രങ്ങളില്‍ വരുന്ന വാര്‍ത്തയോടോ ലേഖനത്തോടോ പ്രതികരിക്കാന്‍ വായനക്കാര്‍ക്ക് അവസരമുണ്ടെങ്കിലും നേരിട്ട് അവതരിപ്പിക്കാനോ സമര്‍പ്പിക്കാനോ അവസരമില്ല.
നിത്യജീവിതത്തില്‍ രണ്ടുതരത്തില്‍ ആശയവിനിമയം നടത്താം. എങ്ങനെ നടത്തുന്നു എന്നത് പറയുന്നയാളുടെ സ്വഭാവസവിശേഷതകളോട് ബന്ധപ്പെട്ട് കിടക്കുന്നു. ചിലര്‍ മറ്റുള്ളവരുടെ വികാര വിചാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. മറ്റുള്ളവരുടെ പ്രതികരണമാരാഞ്ഞാവും തങ്ങളുടെ വികാരവിചാരങ്ങളവതരിപ്പിക്കുക. അധ്യാപനത്തില്‍ ഈ മാതൃകയാണ് കൂടുതല്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. സാധാരണ ജീവിതത്തിലും വ്യത്യസ്ത ബന്ധങ്ങളിലുമെല്ലാം ഇരുപാതാശയ വിനിമയം കൂടുതല്‍ ആരോഗ്യകരമെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഒരുദാഹരണമെടുക്കാം: കുടുംബാംഗങ്ങള്‍ അവധിക്കാലത്ത് ഒരു യാത്രാപരിപാടി നടത്താന്‍ തീരുമാനിക്കുന്നു. അച്ഛന്‍ വീടിനു പുറത്തുള്ള ചിലരോട് ആലോചിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നു. രാത്രി ഭക്ഷണനേരം അച്ഛന്‍ പറയുന്നു: ''ഈ വരുന്ന വെള്ളിയാഴ്ച്ച നമ്മള്‍ മൂന്നാറിലേക്കാ പോകുന്നേ. ഞായറാഴ്ച മടങ്ങും. വെള്ളിയാഴ്ച രാവിലെ എട്ടിന് വണ്ടിവരും. കൃത്യത്തിന് റെഡിയാവാത്തവര്‍ ടൂറിന് വരണ്ട.'' ടൂറിന് പോകുകയെന്നത് എല്ലാവര്‍ക്കും ആഹ്ലാദകരമായ കാര്യമാണ്. ഇങ്ങനെയുള്ള ഓരേകാധിപത്യ രീതിയില്‍ ടൂറിന് പോകുന്നത് ഒരു ശിക്ഷയായി മാറുന്നു ചിലര്‍ക്ക്. ആര്‍ക്കും അഭിപ്രായം പറയാനിടമില്ല. ആരുടേയും അസൗകര്യങ്ങള്‍ പരിഗണിക്കുന്നുമില്ല. കുടുംബനാഥന്റെ പ്ലാന്‍ എല്ലാവരും വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ട് അംഗീകരിച്ചേക്കാമെങ്കിലും, ആഹ്ലാദിക്കുന്നില്ല പലരും.
നാളെ സിനിമക്ക് പോകാമെന്നും ഏതു സിനിമക്ക് പോകാമെന്നും ഈ സാരി വാങ്ങിയാല്‍ മതിയെന്നും പറയുന്ന ഭര്‍ത്താവും, ഈ പാവാട തന്നെ ധരിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുന്ന അമ്മയും, ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ എന്ന് ചോദിക്കുന്ന സുഹൃത്തും ഏകാധിപതികളായാണ് ആശയവിനിമയം നടത്തുന്നത്. ഇത്തരത്തിലുള്ള ആശയ വിനിമയം സ്വീകര്‍ത്താക്കളില്‍ പങ്കാളിത്തമോ സന്തോഷമോ ഉണ്ടാകുന്നില്ല. പലപ്പോഴും അസംതൃപ്തിയാണുണ്ടാക്കുന്നത്. സ്ഥിരമായി ഈവിധം പെരുമാറുമ്പോള്‍ ബന്ധം തന്നെ തകരുന്നു. തനിക്കൊരു പരിഗണനയും നല്‍കാത്ത മനുഷ്യനാണ് തന്റെ ഭര്‍ത്താവെന്നും, തന്നെ ഒരു വ്യക്തിയെന്ന നിലയില്‍ ഒരിക്കലും അംഗീകരിക്കാത്തയാളാണ് തന്റെ പിതാവെന്നും, തങ്ങളുടെ വികാരമേതും പരിഗണിക്കാത്തയാളാണ് തങ്ങളുടെ ബോസ്സെന്നും, മറ്റുള്ളവര്‍ക്ക് തോന്നുന്നു. ഇത്തരം ബന്ധങ്ങളില്‍ സംഘര്‍ഷം കത്തിപ്പടരുന്നു. ചിലപ്പോള്‍ ബന്ധം ശിഥിലീകൃതമാകുന്നതിനു തന്നെ കാരണമായിത്തീരുന്നു.
ഇരുധ്രുവങ്ങള്‍ക്കും പ്രാധാന്യം ലഭിക്കുന്ന ആശയവിനിമയം അങ്ങോട്ടുമിങ്ങോട്ടുമുള്ള പ്രവാഹമാണ്. മറ്റുള്ളവര്‍ക്ക് സ്വതന്ത്രമായി പ്രതികരിക്കാനും സ്വീകരിക്കാനുമുള്ള അവസരമത് നല്‍കുന്നുണ്ട്. ഇരുവര്‍ക്കും സംതൃപ്തി ലഭിക്കുന്നു. സംവാദം നടത്തുന്ന അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ടവരായിരിക്കും. എതിരഭിപ്രായം പറയാനുള്ള അവസരം നല്‍കുമ്പോള്‍, ആശയത്തെ തിരസ്‌കരിക്കുമ്പോഴും ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്തുന്നുണ്ട്. കൂടുതല്‍ ഫലപ്രദമായ ആശയവിനിമയമാണിവിടെ നടക്കുന്നത്. ഇത് പരസ്പരം സ്വാധീനിക്കുന്നതിന് കാരണമായിത്തീരുന്നു. കല്‍പിക്കുന്നവരല്ല, മറ്റുള്ളവര്‍ക്ക് പരിഗണന നല്‍കി ആശയവിനിമയം നടത്തുന്നവരാണ് മറ്റുള്ളവരെ മാറ്റിമറിക്കുന്നത്. മനുഷ്യത്വപരമായ ഒരു സമീപനം ഇവിടെ പ്രകടമാണ്. ജനാധിപത്യമൂല്യങ്ങള്‍ ജീവിതത്തില്‍ നടപ്പില്‍ വരുത്തുന്നു. ഒരാള്‍ ആശയവിനിമയത്തില്‍ ഏകാധിപതിയാകാന്‍ സാധ്യതയില്ല. ഇരുപാതാശയവിനിമയത്തില്‍, ആശയവിനിമയം നടത്തുന്ന ആള്‍ ഏറ്റവും ഉചിതമായ മാര്‍ഗവും രീതിയും ഉപയോഗിക്കുന്നു. ഭാഷ ലളിതമായിരിക്കും. ഭാഷേതരഘടകങ്ങള്‍ ഉചിതമാം വിധം കൂട്ടിച്ചേര്‍ക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സന്ദേശം വ്യക്തമാകുകയും ബന്ധം സുദൃഢമായിത്തീരുകയും ചെയ്യുന്നു.
നമുക്കിടയില്‍ പല ഭര്‍ത്താക്കന്മാരും ആശയവിനിമയത്തില്‍ ഏകാധിപതികളാണ്. അവര്‍ മറ്റുള്ളവരെ വാക്കുകളിലൂടെയും പ്രാര്‍ഥനകളിലൂടെയും ഭരിക്കുന്നു. ആധിപത്യപ്രവണതയാല്‍ അസംതൃപ്തിയുടെ ലോകം മറ്റുള്ളവര്‍ക്ക് പണിതുകൊടുക്കുകയും ചെയ്യുന്നു. വ്യക്തികളെ ആരോഗ്യകരമായ ഒരു ചുറ്റുവട്ടത്തെത്തിക്കുന്നു. പലപ്പോഴും ഓരോ കൂരക്ക് കീഴെ, ഒരോ കിടക്കയില്‍, ഓരോ ക്ലാസ്സുമുറിയില്‍ ഓരോ ജോലിസ്ഥലത്ത് ആളുകള്‍ ഒറ്റപ്പെട്ട ദ്വീപുകളിലായി അകന്ന് കഴിയുന്നു.
ഒരിക്കലൊരു ഫോണ്‍ കോള്‍: ''സാറാണോ?''
''ഉം?''
അവര്‍ വീട്ടിലെ ഏകാധിപതിയായ ഭര്‍ത്താവിനെക്കുറിച്ചു പറഞ്ഞു: ''എല്ലാമയാള്‍ തീരുമാനിക്കുന്നു. നടത്തുന്നു. ഇന്നലെ രാത്രി അയാള്‍ വന്ന് പറഞ്ഞതെന്തെന്നറിയോ? മകള്‍ക്കൊരാലോചന, നാളെ വൈകുന്നേരം അവരുടെ ആളുകള്‍ വരും.'' അവരൊന്ന് നിര്‍ത്തി, തുടര്‍ന്നു: ''മനസ്സ് സ്വീകരിക്ക്ണില്ല സാര്‍. മോളുടെ കല്ല്യാണക്കാര്യം പോലും പെറ്റതള്ള അറിയരുത്. എനിക്കെന്നോടു തന്നെയാണ് ദേഷ്യം തോന്ന്‌ണേ. എന്തിനാ ജീവിച്ചിരിക്ക്‌ണേ സാറേ?''
സഹജീവികളോട് ഏത് വിധം ആശയവിനിമയമാണ് നടത്തേണ്ടത്. ഇനി തീരുമാനിക്കുക.
ശേഷക്രിയ
1. ആശയങ്ങള്‍ കൈമാറുന്നതില്‍ നിങ്ങള്‍ ഏതുമാര്‍ഗമാണ് പൊതുവെ അവലംബിക്കുന്നതെന്ന് സ്വയം പരിശോധിക്കുക.
2. കുടുംബാന്തരീക്ഷത്തിലും ജോലിസ്ഥലത്തും നിങ്ങളുടെ താല്‍പര്യത്തിനും പ്ലാനിനും അനുസരിച്ച് മാത്രമാണോ നിങ്ങള്‍ സംസാരിക്കുന്നത്? എങ്കില്‍ അത് നിങ്ങളാഗ്രഹിക്കുന്ന ഫലം ഉണ്ടാക്കുന്നില്ല എന്നറിയുക.
3. നേരത്തെ ആലോചിച്ച് പറയാന്‍ വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടാക്കുക. അവതരിപ്പിക്കുമ്പോള്‍ തന്നെ മറ്റുള്ളവരുടെ പ്രതികരണമറിയുക. പറഞ്ഞ ആശയം വ്യക്തമാണോ എന്നും ഉദ്ദേശിച്ചത് തന്നെയാണോ സ്വീകരിച്ചതെന്നും പരിശോധിക്കുക. മറ്റുള്ളവരുടെ പ്രതികരണമറിയാതെ ഇത് സാധ്യമാവുന്നില്ല എന്ന് മനസ്സിലാക്കുക.
4. വ്യത്യസ്താഭിപ്രായമുണ്ടാകാനിടയുള്ള സന്ദര്‍ഭങ്ങളില്‍ നമ്മള്‍ നമ്മുടെ പക്ഷം അവതരിപ്പിക്കുക. മറ്റുള്ളവരുടെ അഭിപ്രായം ആരായുക. അഭിപ്രായ സമന്വയം സാധ്യമാകുന്നിടത്ത് സ്വീകരിക്കുക.
5. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ പരസ്പരം അംഗീകരിക്കുക. അത് പ്രകടിപ്പിക്കാനവസരമുണ്ടാക്കുക. എല്ലാ കാര്യത്തിലും ഏകാഭിപ്രായം ഉണ്ടാകണമെന്നില്ല. ആവശ്യവുമില്ല.
6. വര്‍ത്തമാനം പറയുമ്പോള്‍ കല്‍പനയുടേയോ അധികാരത്തിന്റെയോ സ്വരം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് മാറ്റുക.
7. മറ്റുള്ളവര്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ പ്രകോപിതരാവുന്നുണ്ടെങ്കില്‍, ആശയവിനിമയത്തിലെ ഏകാധിപതികളാകാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കുക.
8. മറ്റുള്ളവരുടെ മുഖത്ത് നോക്കാതെയോ, തറപ്പിച്ച് നോക്കിയോ ആണ് സംസാരിക്കുന്നതെങ്കില്‍ മാറ്റം വരുത്തുക. സംഘത്തില്‍ എല്ലാവരെയും നോക്കി സംസാരിക്കുന്നയാളാണ് കൂടുതല്‍ ആദരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നത്.
9. ആംഗ്യവിക്ഷേപങ്ങളിലെ ഏകാധിപത്യ ഭാവം സന്ദേശം സ്വീകാര്യമല്ലാതാക്കാന്‍ കാരണമാവുന്നുണ്ട്. കൈ ചൂണ്ടുന്നതും, കൈകള്‍ പിന്നില്‍ കെട്ടുന്നതും, മുന്നില്‍ കൈ പിണച്ചുകെട്ടി നില്‍ക്കുന്നതും നിഷേധഭാവത്തെയാണ് കാണിക്കുന്നത്. ആംഗ്യവിക്ഷേപങ്ങള്‍ വിനയഭാവത്തിന്റെയും പരസ്പരം ബഹുമാനത്തിന്റെയുമായിരിക്കണം.
10. നമ്മുടെ വര്‍ത്തമാനം മറ്റുള്ളവരുടെ വികാരങ്ങളില്‍ മുറിവേല്‍പ്പിച്ചതറിയുമ്പോള്‍, മാപ്പ് ചോദിക്കുക. സ്വയം മാറാന്‍ ശ്രമിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top