സുലൈഖാ ഹുസൈന് മലയാളത്തിന്റെ നഷ്ടം
റഹ്മാൻ മുന്നൂർ
2014 സെപ്റ്റംബര്
ഇക്കഴിഞ്ഞ ജൂലൈ 15-ന് വടുതലയില് അന്തരിച്ച സുലൈഖ ഹുസൈന് ഉത്തരേന്ത്യയിലും പാക്കിസ്താനിലും ഏറെ അറിയപ്പെട്ട ഉറുദു നോവലിസ്റ്റായിരുന്നു. ഉര്ദുവില് പരക്കെ വായിക്കപ്പെട്ട 28
ഇക്കഴിഞ്ഞ ജൂലൈ 15-ന് വടുതലയില് അന്തരിച്ച സുലൈഖ ഹുസൈന് ഉത്തരേന്ത്യയിലും പാക്കിസ്താനിലും ഏറെ അറിയപ്പെട്ട ഉറുദു നോവലിസ്റ്റായിരുന്നു. ഉര്ദുവില് പരക്കെ വായിക്കപ്പെട്ട 28 നോവലുകളുടെ കര്ത്താവായിട്ടും ഇങ്ങനെ ഒരു എഴുത്തുകാരി ഇവിടെ ജീവിച്ചിരിക്കുന്നതായി കേരളീയ സമൂഹം അറിഞ്ഞിരുന്നില്ല. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിലോ സാഹിത്യ സാംസ്കാരിക ആനുകാലികങ്ങളിലോ അവരുടെ സാഹിത്യ പ്രതിഭ ഒരിക്കലും ചര്ച്ചാവിഷയമാവുകയുണ്ടായില്ല. വടുതലയിലെ വീട്ടില് സ്വന്തം ദുഃഖങ്ങളും പരിഭവങ്ങളും ഉള്ളിലൊതുക്കി ജീവിച്ച അവരാകട്ടെ പ്രശസ്തി ആഗ്രഹിക്കുകയോ അതിനുവേണ്ടി പരിശ്രമിക്കുകയോ ചെയ്തില്ലെന്നതും വാസ്തവം തന്നെ.
കൊച്ചിയിലെ മട്ടാഞ്ചേരിയില് ഹാജി അഹ്മദ് സേട്ടിന്റെയും മര്യം ബീയുടെയും പുത്രിയായി 1930 ലാണ് സുലൈഖ ഹുസൈന് ജനിച്ചത്. മട്ടാഞ്ചേരിയില് തന്നെയുള്ള ആസിയാ ഭായ് മദ്രസയിലായിരുന്നു പ്രാഥമിക മതപഠനം. ഖുര്ആനും ഹദീസും ദീനിയ്യാത്തുമൊക്കെ അവിടെ നിന്ന് പഠിച്ചു. അതിന് ശേഷം വീട്ടില് വെച്ച് മൗലവി രിസ്വാനുല്ലായുടെ ശിക്ഷണത്തില് തുടര് വിദ്യാഭ്യാസം. മേമന് കുടുംബമായതുകൊണ്ട് ഉര്ദു അവരുടെ മാതൃഭാഷയായിരുന്നു. എങ്കിലും കൂടുതല് അവഗാഹം നേടിക്കൊടുത്തത് മൗലവി രിസ്വാനുല്ലയാണ്. ഹൈദരാബാദില് നിന്ന് കൊച്ചിയിലേക്ക് കുടിയേറിയ അദ്ദേഹം ഉര്ദുഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യമുള്ള നല്ലൊരു സഹൃദയനും കൂടിയായിരുന്നു.
മാതാവും പിതാവും ചെറുപ്പത്തിലേ മരണപ്പെട്ടതുകൊണ്ട് മാതൃപിതാവ് ജാനി സേട്ടിന്റെ സംരക്ഷണത്തിലാണ് സുലൈഖ ശൈശവവും ബാല്യവും പിന്നിട്ടത്. സുലൈഖയിലെ എഴുത്തുകാരിയെ ആദ്യമായി കണ്ടെത്തിയതും അദ്ദേഹമാണ്. ഉര്ദു കവിയായിരുന്ന ജാനി സേട്ടിന്റെ പ്രോത്സാഹനത്തില് അവര് തന്റെ സാഹിത്യ പ്രവര്ത്തനത്തിന് തുടക്കം കുറിച്ചു. പതിനഞ്ചാം വയസ്സില് വിവാഹിതയായ ശേഷം ഭര്ത്താവ് ഹുസൈന് സേട്ടുവും സുലൈഖയുടെ സര്ഗവ്യാപാരങ്ങള്ക്ക് അകമഴിഞ്ഞ പ്രോത്സാഹനങ്ങള് നല്കി. ഖാത്തൂനെ മശ്രിക്ക്, ശമാ തുടങ്ങിയ ഉര്ദു മാഗസിനുകളിലൂടെയാണ് അവരുടെ കൃതികള് വെളിച്ചം കണ്ടത്. ഇരുപതാം വയസ്സില് അവരുടെ ആദ്യ നോവല് 'മേരെ സനം' (എന്റെ പ്രിയതമ) പുസ്തക രൂപത്തില് പുറത്തിറങ്ങി. ഡല്ഹിയിലെ ചമന് ബുക്സ് ആയിരുന്നു പ്രസാദകര്. ഫോട്ടോയും മേല്വിലാസവും നല്കാതെയാണ് അച്ചടിക്കപ്പെട്ടത്. വല്ല്യുമ്മയുടെ നിര്ബന്ധമായിരുന്നു അതിനു പിന്നില്.
'മേരെ സനം' വമ്പിച്ച ജനപ്രീതി നേടി. താമസിയാതെ അതിന്റെ ഹിന്ദി പരിഭാഷ വന്നു. എന്നാല് ഹിന്ദി പരിഭാഷകന് സ്വന്തം പുസ്തകം എന്ന വ്യാജേനയാണ് അത് പ്രചരിപ്പിച്ചത്. 1965- ല് മേരെ സനം, അതേ പേരില് സിനിമയാക്കപ്പെട്ടു. ഷോലെ എന്ന സൂപ്പര് ഹിറ്റ് ചിത്രത്തിന്റെ നിര്മാതാവ് ജിപ്പി സിപ്പിയാണ് അത് നിര്മിച്ചതും. സിനിമയും അതിലെ പാട്ടുകളും വലിയ ഹിറ്റായി മാറി.
സാഹിത്യ ലോകത്തുനിന്നും അവര്ക്ക് തിക്താനുഭവങ്ങള് തന്നെയാണ് ഉണ്ടായത്. വന് ഹിറ്റായ മേരെ സനം സിനിമ വ്യാപകമായി ചര്ച്ച ചെയ്യപ്പെട്ടപ്പോള് അതിന്റെ കഥാകാരി മാത്രം വിസ്മരിക്കപ്പെട്ടു.
ഇന്ത്യയിലും പാകിസ്താനിലുമുള്ള ഉറുദു പ്രസാദകരും ആനുകാലികങ്ങളും അര്ഹമായ പ്രതിഫലം നല്കാതെ അവരെ അവഗണിച്ചു. കേന്ദ്ര സാഹിത്യ അക്കാദമികള് ആ പ്രതിഭയെ അംഗീകരിക്കാനും ആദരിക്കാനും മുന്നോട്ടു വരികയുണ്ടായില്ല. 2012-ല് കേന്ദ്ര സാംസ്കാരിക വകുപ്പ് ഉര്ദു ഭാഷയിലെ ഫെലോഷിപ്പുകള്ക്ക് യോഗ്യരായവരെ തെരഞ്ഞെടുക്കാനുള്ള സമിതിയില് സുലൈഖ ഹുസൈനെ ഉള്പ്പെടുത്തിയിരുന്നുവെങ്കിലും വാര്ധക്യത്തിന്റെ അവശതയില് അവര്ക്കത് പ്രയോജനപ്പെടുകയുണ്ടായില്ല.
വിവിധ സര്വകലാശാലകള്, സാംസ്കാരിക സമിതികള്, പാകിസ്താനിലെ ഉര്ദു സംഘടനകള് കൊച്ചി കോര്പ്പറേഷന് കാലിക്കറ്റ് സര്വകലാശാല സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് തുടങ്ങിയ സംഘടനകളും വേദികളും അവരെ ആദരിച്ചിട്ടുണ്ട്.
എങ്കിലും കൊച്ചിയില് ജനിച്ചുവളര്ന്ന അവരുടെ നോവലുകളില് 'താരീകിയോം കെ ബാദ്' മാത്രമാണ് മലയാളത്തിലേക്ക് വിവര്ത്തനം ചെയ്യപ്പെട്ടത്. രവിവര്മ്മയാണ് പരിഭാഷ നിര്വഹിച്ചത്. ചന്ദ്രിക ആഴ്ചപ്പതിപ്പിലൂടെയാണ് ആദ്യം അത് വെളിച്ചം കണ്ടത്. പിന്നീട് വിദ്യാര്ഥി മിത്രം പബ്ലിക്കേഷന്സ് 1981-ല് ഇരുട്ടിന് ശേഷം എന്ന പേരില് അത് പുസ്തക രൂപത്തില് ഇറക്കി. 84 വര്ഷം നമ്മോടൊപ്പം ജിവിച്ച ഈ എഴുത്തുകാരിയുടെ മറ്റു കൃതികളൊന്നും നമ്മുടെ ഭാഷയില് വന്നില്ലെന്നെത് അവരുടെ മാത്രമല്ല നമ്മുടെ കൂടി നഷ്ടമാണ്.