സൂറത്തുല്‍ മാഊന്‍

സി. ത്വാഹിറ /ഖുർആൻ വെളിച്ചം
2014 ജൂലൈ

      'പാരത്രിക ശിക്ഷകളെ തള്ളിപ്പറയുന്ന മനുഷ്യനെ നീ കണ്ടുവോ? അനാഥയെ ആട്ടിയകറ്റുന്നവനും അഗതിക്ക് അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമാണവന്‍. എന്നാല്‍ ആ നമസ്‌കാരക്കാര്‍ക്ക് നാശമാണുള്ളത്. തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരാണവര്‍: ലഘുവായ അവശ്യവസ്തുക്കള്‍ പോലും വിലക്കുകയും ചെയ്യുന്നു.'
      ഒരു ചോദ്യത്തോടെയാണ് ഈ സൂക്തം തുടങ്ങുന്നത്. തുടര്‍ന്ന് അല്ലാഹു തന്നെ ചോദ്യത്തിന് ഉത്തരം പറയുകയാണ്. ആരാണ് മത നിഷേധി അല്ലെങ്കില്‍ പരലോക നിഷേധി എന്നതാണ് ഈ ചോദ്യോത്തരങ്ങളിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. എന്തിനാണ് ആളുകള്‍ മതത്തെയും പരലോകത്തെയും തള്ളിക്കളയുന്നത് എന്നതിന്റെ വിശദീകരണവും ഈ ചോദ്യോത്തരങ്ങളിലുണ്ട്. 'ഇവരെ കണ്ടുവോ' എന്ന ചോദ്യശൈലി വിഷയാവതരണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കാനും ബോധ്യപ്പെടുത്താനും വേണ്ടിയാണ്. ഊ രീതി ഖുര്‍ആനില്‍ വേറെയും അധ്യായാരംഭങ്ങളില്‍ കാണാന്‍ കഴിയും. ഈ സൂക്തങ്ങള്‍ നേര്‍ക്കുനേരെ കപടവിശ്വാസികളോടാണെങ്കിലും നാം വിശ്വാസികളും ഗൗരവത്തിലെടുക്കാതെ നിസ്സാരമായി തള്ളിക്കളയുന്ന ചില കാര്യങ്ങള്‍, ഗുരുതരമായ തെറ്റാണെന്നും യഥാര്‍ഥ പരലോക വിശ്വാസമില്ലാത്തതുകൊണ്ടാണ് അത്തരം തെറ്റുകള്‍ ചെയ്യുന്നതെന്നും അത്തരത്തിലുള്ള നമസ്‌കാരക്കാരുടെ നമസ്‌കാരത്തിന് ഒരു ഫലവുമില്ലെന്നുമാണ് ശക്തമായ വിമര്‍ശനത്തോടെ അല്ലാഹു സൂചിപ്പിക്കുന്നത്.
      നബി (സ) പ്രവാചകനായി നിയോഗിതനാവുന്ന കാലത്ത് അറേബ്യയില്‍ അനാഥകളോടും അഗതികളോടും അതിക്രൂരമായി പെരുമാറുന്ന സ്വഭാവം നിലനിന്നിരുന്നു. അതുകൊണ്ട് കൂടിയായിരിക്കാം ഇത്ര ശക്തമായ രീതിയില്‍ അല്ലാഹു ഈ അതിക്രമത്തെ വിമര്‍ശിച്ചത്. ഈ വിഷയകമായുള്ള ഒരു സംഭവം ഖാദി അബുല്‍ ഹുസൈന്‍ അല്‍ മര്‍വാദി അഅ്‌ലാമു ന്നുബുവ്വ: എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂജഹ്‌ലിന്റെ സംരക്ഷണത്തിലുള്ള, ദേഹത്തില്‍ വസ്ത്രം പോലുമില്ലാത്ത ഒരു കുട്ടി അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന് പിതൃസ്വത്തില്‍ നിന്ന് കുറച്ച് തനിക്ക് തരണമെന്ന് അപേക്ഷിച്ചു. പക്ഷേ അദ്ദേഹം ആ കുട്ടിയെ ശ്രദ്ധിച്ചതുപോലുമില്ല. വളരെ നേരം കേണുനിന്ന ശേഷം കുട്ടി തിരിച്ചു പോയി. വഴിക്കുവെച്ച് ഖുറൈശി പ്രമാണിമാര്‍ അവനെ മക്കാറാക്കാന്‍ വേണ്ടി ഇങ്ങനെ ഉപദേശിച്ചു: ''നീ ചെന്ന് മുഹമ്മദിനോട് പറ. അയാള്‍ അബൂജഹ്‌ലിനോട് ശുപാര്‍ശ ചെയ്ത് നിന്റെ മുതല്‍ വാങ്ങിത്തരും.'' ആ കുട്ടിക്ക് അബൂജഹ്‌ലും മുഹമ്മദ് നബിയും തമ്മിലുള്ള ബന്ധമെന്താണെന്നോ ഈ ദുഷ്ടന്മാര്‍ തന്നോടെന്തിനാണ് ഇങ്ങനെ ഉപദേശിച്ചതെന്നോ അറിഞ്ഞുകൂടായിരുന്നു. അവന്‍ നേരെ പ്രവാചകന്റെ അടുത്ത് ചെന്ന് പരാതി ബോധിപ്പിച്ചു. അദ്ദേഹം ആ കുട്ടിയെയും കൂട്ടി തന്റെ ബദ്ധവൈരിയായ അബൂജഹ്‌ലിന്റെ അടുത്തേക്ക് ചെന്നു. തിരുമേനിയെ കണ്ട് അബൂജഹ്ല്‍ സ്വാഗതം ചെയ്യുകയും തിരുമേനി 'ഈ കുഞ്ഞിന്റെ അവകാശം അവന് കൊടുക്കുക' എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു. ഇവര്‍ തമ്മില്‍ നടക്കുന്നതെന്തെന്നറിയാന്‍ ഖുറൈശി പ്രമാണിമാര്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. രസകരമായ ഒരേറ്റുമുട്ടലായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്.   പക്ഷേ നടന്ന സംഭവം കണ്ടവര്‍ അത്ഭുത സ്തബ്ധരായി. അബൂജഹ്‌ലിനെ ആക്ഷേപിച്ചു കൊണ്ടവര്‍ ചോദിച്ചു: 'നിങ്ങളും മതം മാറിയോ?' അയാള്‍ പറഞ്ഞു: 'ദൈവത്താണെ ഞാന്‍ മതം മാറിയിട്ടില്ല.' മുഹമ്മദിന്റെ തൃപ്തിക്കെതിരായി വല്ലതും ചെയ്താല്‍ എന്റെ മേല്‍ തുളഞ്ഞു കയറാന്‍ പാകത്തില്‍ അദ്ദേഹത്തിന്റെ ഇടത്തും വലത്തും രണ്ടു കുന്തങ്ങള്‍ ആഞ്ഞു നില്‍ക്കുന്നതായി എനിക്ക് തോന്നി.
      അഗതിക്ക് അന്നംകൊടുക്കുന്നില്ല എന്നതിന് പകരം അഗതികളുടെ അന്നം കൊടുക്കുന്നില്ല എന്നാണ് അടുത്ത വാചകത്തില്‍ പറയുന്നത്. ഇതില്‍ നിന്ന് മനസ്സിലാകുന്നത് അത് അഗതിയുടെ അവകാശമാണ് ധനികന്റെ ഔദാര്യമല്ല എന്നാണ്. ഇതേ ആശയം വ്യക്തമാക്കുന്ന ഒരു സൂക്തം സൂറത്തുദ്ദാരിയാത്തിലുമുണ്ട്. ''അവരുടെ മുതലുകളില്‍ ചോദിക്കപ്പെടുന്നവനും ആശ്രയമറ്റവനും അവകാശമുണ്ടായിരുന്നു.''
      അഗതിക്കുള്ള ആഹാരമെന്നത് വളരെ യധികം വിശദീകരിക്കേണ്ട ഒരു കാര്യമാണ്. ബസ്റ്റോപ്പ്, റെയില്‍വെ സ്റ്റേഷന്‍ പോലെ പൊതുസ്ഥലങ്ങളില്‍ കൈനീട്ടി നമ്മുടെ മുമ്പിലേക്ക് വരുന്ന, ഒരു നേരത്തെ അന്നത്തിന് തന്നെ വകയില്ലാത്തവര്‍ക്ക് അഞ്ചോ പത്തോ രൂപ എടുത്തുകൊടുത്താല്‍ തീരുന്നതാണ് അഗതിയുടെ അന്നത്തോട് നമുക്കുള്ള ഉത്തരവാദിത്വം എന്ന് ധരിച്ചുവെച്ചവര്‍ നമുക്കിടയിലുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു.
      ഇസ്‌ലാം കാര്യത്തില്‍ സത്യസാക്ഷ്യവും നമസ്‌കാരവും കഴിഞ്ഞാല്‍ അടുത്തത് സകാത്താണ്. അത് കണക്കുവെച്ച് തന്നെ ക്രമപ്രകാരം കൊടുത്ത് വീട്ടേണ്ടതാണ്. ഇതിനൊക്കെ പുറമെ സമ്പന്നര്‍ ഈ മാര്‍ഗത്തില്‍ വേറെയും ചെലവഴിക്കേണ്ടതാണ്. ഇത് കൃത്യമായി നിര്‍വഹിക്കാത്ത ഒരാളുടെ ഇസ്‌ലാം പൂര്‍ത്തിയാകുന്നതല്ല. ഈ വിഷയകമായി വല്ലാത്ത ഒരു അശ്രദ്ധ നമ്മെ പിടികൂടിയിട്ടുണ്ട്. ചില സമ്പന്നര്‍ തങ്ങളുടെ മക്കളുടെ കല്ല്യാണം നടത്താന്‍വേണ്ടി നാട്ടില്‍ കിട്ടാവുന്ന പ്രമാണിമാരെയൊക്കെയും വിളിച്ച് ലക്ഷങ്ങള്‍ പൊടിപൊടിച്ച് സദ്യ ഒരുക്കുന്നു. പക്ഷേ തന്റെ തൊട്ടയല്‍പക്കത്ത് ഒരു നേരത്തെ അന്നത്തിന് തന്നെ വേണ്ടത്ര വകയില്ലാതെ ഗതികെടുന്നവന്ന് ചില്ലിക്കാശ് പോലും നല്‍കാന്‍ അവന് മനസ്സുവരുന്നില്ല. കാരണം, വലിയ കല്യാണങ്ങളൊക്കെ നടത്തുമ്പോള്‍ ആളുകള്‍ മുഴുവന്‍ അറിയുകയും അവന്‍ കേമനാണെന്ന് അറിയപ്പെടുകയും ചെയ്യും. മറിച്ച് തന്റെ അയലത്തെ സാധുവിന് വല്ലതും നല്‍കിയാല്‍ ആരറിയാന്‍? ഇങ്ങനെവരുന്നത് യഥാര്‍ഥ പരലോക വിശ്വാസമില്ലാത്തതിനാലാണ്. അതുകൊണ്ടാണ് 'അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല' എന്ന് മുഹമ്മദ് നബി പറഞ്ഞത്. അല്ലാഹു പറയുന്നു: ''അവര്‍ അലസരായിട്ടല്ലാതെ നമസ്‌കാരത്തിന് വരികയില്ല. വിമ്മിഷ്ടത്തോടെയല്ലാതെ ദൈവമാര്‍ഗത്തില്‍ ചെലവാക്കുകയില്ല.'' (തൗബ: 54)
      റസൂല്‍ (സ)യുടെ കാലത്ത് മുസ്‌ലിംകളുടെ ഇടയില്‍ കയറി അവരെ രഹസ്യമായി നിരീക്ഷിക്കാന്‍ വേണ്ടി തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലുള്ള വലിയ നമസ്‌കാരക്കാരുണ്ടായിരുന്നു. ഇക്കൂട്ടര്‍ക്ക് മറ്റു ഇബാദത്തുകളൊന്നും ബാധകമായിരുന്നില്ല. ഇവരെ കരുതിയിരിക്കാന്‍ കൂടിയുമാവാം ശേഷം വരുന്ന നമസ്‌കാരത്തെക്കുറിച്ചുള്ള ആയത്തുകള്‍ അവതരിപ്പിച്ചത്. അല്ലാഹു പറയുന്നത് ഒരാളുടെ നമസ്‌കാരം യഥാര്‍ഥ ആത്മീയ ചൈതന്യം ഉള്‍ക്കൊണ്ടതാണെങ്കില്‍ സൃഷ്ടികളോടുള്ള ഒരു സ്ഥിരസ്വഭാവമായി അവനിലുണ്ടാവുകയില്ല. സൃഷ്ടികളോടുള്ള ബാധ്യതയില്‍ പ്രതിഫലിക്കുന്നതാണ് സൃഷ്ടാവിനോടുള്ള ബാധ്യത. ജനങ്ങള്‍ ദൈവത്തിന്റെ കുടുംബക്കാരാണെന്ന് പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു.
      ജീവിതസ്പര്‍ശിയല്ലാത്ത ആരാധന ബഹുദൈവത്വത്തിന്റെ സ്വഭാവമാണ്. മതം ജീവിതത്തില്‍ ഇടപെടരുത്, ആരാധനകളില്‍ പരിമിതമായിരിക്കണമെന്നാണ് ഇസ്‌ലാമിന്റെ എതിരാളികള്‍ എക്കാലത്തും പറഞ്ഞിരുന്നത്. 'ശുഐബ് തന്റെ ജനതയെ ഇസ്‌ലാമിലേക്ക് വിളിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തോട് ചോദിക്കുകയാണ്:   ''ശുഐബേ നമ്മുടെ പിതാക്കന്മാര്‍ പൂജിച്ചു പോരുന്നവയെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നും ഞങ്ങളുടെ ധനം ഞങ്ങളുടെ ഇഷ്ടം പെലെ ഞങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും നിന്നോട് കല്‍പിക്കുന്നത് നിന്റെ നമസ്‌കാരമാണോ?'' (ഹൂദ്: 87) 'നമസ്‌കാരത്തെ കുറിച്ച അശ്രദ്ധ' എന്നതുകൊണ്ടുദ്ദേശിക്കുന്നത് നമസ്‌കാരങ്ങളില്‍ വന്നേക്കാവുന്ന ചില മറവിയോ അശ്രദ്ധയോ അല്ല. മറിച്ച് നമസ്‌കാരത്തെ ഒരു ഭാരമായി കാണലും വളരെ വേഗത്തില്‍ ഒരു കടമ നിര്‍വഹിക്കുന്നതുപോലെ ഒന്നോ രണ്ടോ മിനുട്ടുകൊണ്ടുള്ള കുത്തിമറിയലുമാണ്. അതുപോലെത്തന്നെ, യഥാര്‍ഥ വിശ്വാസി നമസ്‌കാരത്തിന് കൂടെയുള്ളവരെയൊക്കെ ക്ഷണിക്കുകയും ഒരു നമസ്‌കാരം കഴിഞ്ഞാല്‍ അടുത്ത നമസ്‌കാരത്തെ പ്രതീക്ഷിക്കുകയും ചെയ്യും. മറിച്ച് എങ്ങനെയെങ്കിലും അത് ഒഴിഞ്ഞ് പോവട്ടെ എന്ന് വിചാരിക്കുകയില്ല. ഇങ്ങനെ ആത്മീയാനുഭൂതി നിറഞ്ഞുകൊണ്ടുള്ള യഥാര്‍ഥ സത്ത ഉള്‍ക്കൊണ്ടുള്ള നമസ്‌കാരക്കാര്‍ വലിയ തെറ്റുകളൊന്നും ചെയ്യുകയില്ല എന്നുമാത്രമല്ല, ധാരാളം സല്‍കര്‍മങ്ങള്‍ ചെയ്തുകൊണ്ടുമിരിക്കും. അല്ലാത്തവര്‍ ചെറിയ ചെറിയ ഉപകാരങ്ങള്‍ പോലും മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കുന്നതില്‍ വലിയ വിമ്മിഷ്ടമുള്ളവരായിരിക്കും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media