2014 മെയ് ലക്കം ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ 'ഭഗല്‍പൂര്‍ കലാപവും ശിലാന്യാസവും പിന്നെ കേരളവും' എന്ന ലേഖനം വായിച്ചു. പുരാതന ഈജിപ്തില്‍ ഫറോവയുടെ നേതൃത്വത്തില്‍ ഖിബ്തി
2014 മെയ് ലക്കം ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ 'ഭഗല്‍പൂര്‍ കലാപവും ശിലാന്യാസവും പിന്നെ കേരളവും' എന്ന ലേഖനം വായിച്ചു. പുരാതന ഈജിപ്തില്‍ ഫറോവയുടെ നേതൃത്വത്തില്‍ ഖിബ്തി ഭൂരിപക്ഷം നടത്തിയ വംശഹത്യാ ശ്രമം മുതല്‍ നമ്മുടെ കാലത്തെ ഭീകരയുദ്ധം വരെ ഫാസിസത്തിന്റെ ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഇന്ന് ലോകമെങ്ങും കലാപത്തിന്റെ അഗ്നിജ്വലിപ്പിക്കുന്നതും രാഷ്ട്രങ്ങള്‍ക്കെതിരായ യുദ്ധങ്ങളും രാഷ്ട്രങ്ങള്‍ക്കകത്തെ സംഘട്ടനങ്ങളും ഊതിക്കത്തിക്കുന്നതും വംശവെറി തന്നെ.
ജൂണ്‍ ലക്കം മുഖമൊഴി ശ്രദ്ധേയമായിരുന്നു. ഇന്ന് ലോകത്തിലെ മുപ്പതിലധികം രാജ്യങ്ങള്‍ ശുദ്ധജലക്ഷാമം അനുഭവിക്കുകയും കോടിക്കണക്കിന് ആളുകള്‍ ശുദ്ധജലം ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്നു. 2025 തികയുമ്പോള്‍ ലോക ജനസഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ജലദൗലഭ്യം നേരിടേണ്ടി വരുമെന്നാണ് കണക്കുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ വരുംതലമുറ വെള്ളത്തിനുവേണ്ടി സംഘര്‍ഷത്തിലേര്‍പ്പെടേണ്ടി വരുന്ന ഭീതിജനകമായ അവസ്ഥയാണ് ഉണ്ടാവുക. ശുദ്ധജലം ഭാവിതലമുറക്കുവേണ്ടികൂടിയുള്ളതാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചാലേ ഇതിനൊരു പോം വഴിയുണ്ടാകൂ. കിലോമീറ്റര്‍ താണ്ടി കുഴികളിലും അരുവികളിലും ചാലുകളിലും നിന്ന് വെള്ളം ശേഖരിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ നാം കരുതലോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
വായനാനുഭവം
പെണ്‍വായനപ്പെരുമയെക്കുറിച്ചള്ള 'ആരാമം' മെയ് ലക്കം സമകാലിക ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. വായനയുടെ കാര്യത്തില്‍ പുരുഷനേക്കാള്‍ മുന്‍പന്തിയില്‍ സ്ത്രീകളാണുള്ളതെന്ന കാര്യം വായനക്കിടയില്‍ നിന്നും വെളിവാകുന്നു. എങ്കിലും സമകാലിക പെണ്‍ലോകത്തിന് പലപ്പോഴും ഒരു ദിനത്തെ പത്രം പോലും വായിക്കുവാന്‍ സമയമില്ലെന്നതും വാസ്തവമാണ്. അതിനവര്‍ ന്യായം നിരത്തുന്നത് അടുക്കളയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ പറ്റുന്നില്ലെന്നാണ്. സീരിയല്‍ പരമ്പരകള്‍ക്കും റിയാലിറ്റി ഷോകള്‍ക്ക് മുന്നില്‍ കണ്ണീര്‍പൊഴിക്കാനും ആര്‍ത്തുല്ലസിക്കാനും സമയം കിട്ടുന്നുണ്ടുതാനും. ജീവിതത്തിന്റെ വൈവിധ്യ മേഖലകളിലേക്ക് കൂടുതല്‍ മുന്നേറുന്ന സ്ത്രീകള്‍ക്ക് വായനയുടെ ഗൗരവതരമായ സമീപനത്തെ ചൂണ്ടിക്കാട്ടിയത് പുതിയ മുന്നേറ്റത്തിന് വഴിവെട്ടിതെളിയിക്കുമെന്ന് പ്രത്യാശിക്കാം.
കെ.സി കരിങ്ങനാട്
പാലക്കാട്
തിരിച്ചറിവുകള്‍ നല്‍കുന്നു
മെയ് മാസം ആരാമം സ്ത്രീ വായനക്കാരികള്‍ക്ക് അവള്‍ തിരിച്ചറിവുണ്ടാവേണ്ടവളാണ് എന്ന അവബോധം പകര്‍ന്നുനല്‍കുന്നതായി. 'മൂലക്കുണ്ടൊരു മുത്തശ്ശി' എന്ന കടം കഥക്ക് ഉത്തരം ചൂലാണ്. പക്ഷേ ആ ചൂല്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ പോലും പിടിച്ച് കുലിക്കിയ മുഖ്യ ചര്‍ച്ചയാണ്. പക്ഷേ അതുപയോഗിക്കുന്ന സ്ത്രീ ഇപ്പോഴും മൂലയിലാണ്. അവളെക്കുറിച്ചുള്ള ചര്‍ച്ച ഉണ്ടെങ്കില്‍ തന്നെ ശരീര വടിവ്, പീഡനം, പരസ്യം എന്നീ വിഷയങ്ങളില്‍ പരിമിതമാണ്. സ്ത്രീ എന്ന 'ആരാമ'ത്തിലെ ശല്യക്കാരായ വണ്ടുകളെ തിരിച്ചറിയാനുള്ള കഴിവ് മാസിക അവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമാണ്.
സഈദ ആബിദ്
കണ്ണൂര്‍
മരുമകള്‍ വേലക്കാരിയല്ല
അഷ്‌റഫ് കാവിലിന്റെ മരുമകള്‍ വേലക്കാരിയല്ല എന്ന ലേഖനം (ഏപ്രില്‍)വായിച്ചപ്പോള്‍ പ്രയാസം തോന്നി. അമ്മായിയമ്മ മരുമക്കള്‍ക്കും മരുമക്കള്‍ അമ്മായിയമ്മക്കും ഇപ്പോഴെന്നല്ല, എപ്പോഴും പരസ്പരം പാരവെക്കുന്നവരും കലഹിക്കുന്നവരുമായിട്ടാണ് പലപ്പോഴും കാണാറുള്ളത്. എത്ര സ്‌നേഹിക്കുന്നവരായാലും അവര്‍ക്കിടയില്‍ എന്തെങ്കിലുമൊരു വിയോജിപ്പ് ഉണ്ടാവും. അമ്മായി അമ്മക്ക് സ്വന്തം മകളെ പോലെ മരുമകളെയും സ്‌നേഹിക്കാന്‍ കഴിഞ്ഞാല്‍ അവിടം സ്വര്‍ഗതുല്യമായിരിക്കും. സ്വന്തമെന്ന അധികാരത്തോടെ സ്‌നേഹിച്ച് പരിപാലിച്ച് പോറ്റിവളര്‍ത്തിയ മകന്‍ ഒരിണയെ കൊണ്ടുവരുമ്പോള്‍ അവനും അതിലുപരി എനിക്കും എന്റെ കുടുംബത്തിനും ആശ്വാസമാകുമല്ലോ എന്നുകരുതി സ്‌നേഹിക്കുന്ന എത്ര ഉമ്മമാരുണ്ടാകും നമുക്കിടയില്‍?
അതിലേറെ വ്യത്യസ്തമായിരിക്കും മരുമകളായി കയറി വരുന്ന പെണ്‍കുട്ടികളുടെ അവസ്ഥ. മാതാപിതാക്കളുടെ അരുമയായി വളര്‍ന്ന പതിനെട്ടോ പത്തൊമ്പതോ വയസ്സു മാത്രമുള്ള, കളിയും ചിരിയുമായി കഴിഞ്ഞിരുന്ന പെണ്‍കുട്ടികള്‍ കല്ല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ പരിഭവവുമായി സ്വന്തം വീട്ടിലെത്തും. സ്വന്തം വീടുകളില്‍ നിന്നും കിട്ടുന്ന സ്‌നേഹവും പരിഗണനയും ഇല്ലാത്തതായിരിക്കും കാരണം.നമുക്കിടയില്‍ സ്‌നേഹിക്കാനും സ്‌നേഹം നല്‍കാനും കഴിയാത്തവരായി ആരും തന്നെയുണ്ടാവില്ല. അമ്മായയമ്മ മരുമകള്‍ എന്ന കുറ്റപ്പെടുത്തലുകള്‍ ഇല്ലാതെ അമ്മയെയും മകളെയും പോല കഴിയാന്‍ സാധിച്ചാല്‍ ബന്ധങ്ങള്‍ ദൃഢമാകും.
ഉമ്മു ഹബീബ്
ഒറ്റപ്പാലം.
ആരാമത്തിലേക്ക്
രചനകള്‍
അയക്കുമ്പോള്‍
രചനകള്‍ തപാല്‍ വഴിയോ ഇ-മെയില്‍ വഴിയോ അയക്കാം. പിന്‍കോഡ് അടക്കമുള്ള മേല്‍വിലാസവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും രചനയുടെ അവസാന പേജില്‍ വ്യക്തമായി സൂചിപ്പിച്ചിരിക്കണം.രചനകള്‍ അയക്കുന്നവര്‍ കോപ്പി സൂക്ഷിക്കേണ്ടതാണ്. പ്രസിദ്ധീകരിക്കാത്ത രചനകള്‍ ഒരു കാരണവശാലും തിരിച്ചയക്കുന്നതല്ല. പ്രസിദ്ധീകരണ വിവരം അറിയേണ്ടവര്‍ പോസ്റ്റ് കാര്‍ഡില്‍ സ്വന്തം വിലാസമെഴുതി രചനയോടൊപ്പം വെക്കണം. ഫോണ്‍ വഴി പ്രസിദ്ധീകരണ വിവരം അറിയിക്കുന്നതല്ല. രചനകള്‍ താഴെ കൊടുത്ത വിലാസത്തിലോ ഇ-മെയില്‍ അഡ്രസ്സിലോ മാത്രം അയക്കുക.
എഡിറ്റര്‍, ആരാമം മാസിക
ഹിറാ സെന്റര്‍, മാവൂര്‍ റോഡ്
കോഴിക്കോട്-673004
E-mail: aramammonthly@gmail.com