മറ്റൊരു ഇഅ്തികാഫും കാത്ത്
ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഒരുപാട് സംഭാവന ചെയ്ത നാടാണ് ചേന്ദമംഗല്ലൂര്‍. ഖുര്‍ആന്‍ അര്‍ഥസഹിതം പഠിക്കുകയും പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന സ്ത്രീകള്‍ ഒട്ടനവധിയുണ്ടവിടെ. അതുകൊണ്ടുതന്നെ
ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഒരുപാട് സംഭാവന ചെയ്ത നാടാണ് ചേന്ദമംഗല്ലൂര്‍. ഖുര്‍ആന്‍ അര്‍ഥസഹിതം പഠിക്കുകയും പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന സ്ത്രീകള്‍ ഒട്ടനവധിയുണ്ടവിടെ. അതുകൊണ്ടുതന്നെ പ്രദേശവാസികളായ സ്ത്രീകള്‍ പുരുഷന്മാരെ പോലെ തന്നെ ഇഅ്തികാഫിരിക്കാനും മുമ്പിലുണ്ട്. അങ്ങനെയുള്ളവരില്‍ ഒരാളാണ് ചേന്ദമംഗല്ലൂര്‍ സ്വദേശിയായ അത്വിയ്യ. കെ.സി അബ്ദുല്ല മൗലവിയുടെ മൂത്തമകളായ അത്വിയ ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജമാഅത്ത് മസ്ജിദില്‍ ബാപ്പയും ഉമ്മയും ഇഅ്തികാഫിരിക്കുന്ന കാലംതൊട്ടേ ഇരിക്കാറുണ്ട്. അവിടെ രാത്രികാലങ്ങളില്‍ മാത്രം വന്നുപോകുന്നവരും ഖിയാമുല്ലൈല്‍ പ്രതീക്ഷിച്ച് പാതിരാവില്‍ വരുന്നവരുമായി ഒട്ടേറെ പേരുണ്ടായിരുന്നു. പിന്നീട് അല്ലാഹുവിനുവേണ്ടിയുള്ള അവരുടെ ഇരിപ്പ് ചേന്ദമംഗല്ലൂര്‍ സൗത്തിലെ പള്ളിയിലേക്ക് മാറ്റി. അവര്‍ക്കവിടെ കൂട്ടിന് അവരുടെ ആയിശ അമ്മായിയും ഉണ്ട്.
''പൊരേല്‍ നിന്നാല്‍ പവിത്രതയോടെ ആരാധനകള്‍ നിര്‍വഹിക്കാന്‍ കഴിയൂല. പള്ളിയില്‍ നിന്നും ഖിയാമുല്ലൈലില്‍ ഇമാമിന്റെ ഓത്ത് കേള്‍ക്കുന്ന ദിവ്യാനുഭൂതി പൊരേല്‍ നിന്നാല്‍ കിട്ടൂല. ദീര്‍ഘമായ ആ ഖുര്‍ആന്‍ പാരായണത്തിലാണ് നമ്മള്‍ക്ക് അല്ലാഹുവിനോട് കരളുരുകി പ്രാര്‍ഥിക്കാനും അവന്റെ ശിക്ഷയില്‍ നിന്ന് രക്ഷനേടാനും എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരണമേയെന്ന് പ്രാര്‍ഥിക്കാനും കഴിയുക. മഴക്കാലമായാല്‍ അവസാനത്തെ പത്തിന് തറാവീഹിന് പോകാനൊക്കെ പ്രയാസമുണ്ടായാല്‍ അത് മാറ്റിവെക്കേണ്ടിവരും. വീട്ടിലാകുമ്പോള്‍ കുട്ടികളുടെ കാര്യവും കുടുംബകാര്യവുമൊക്കെ വരും. എന്നാല്‍ ഇഅ്തികാഫിരുന്നാല്‍ ആ പ്രശ്‌നമൊന്നും ഉണ്ടാകൂല. പള്ളിയില്‍ ഇഅ്തികാഫിരുന്നാല്‍ പഠിച്ച ഖുര്‍ആന്‍ പാഠങ്ങള്‍ സൂക്ഷ്മതയോടെ വീണ്ടും വീണ്ടും അര്‍ഥസഹിതം പഠിക്കാനും പാരായണം ചെയ്യാനും കഴിയും. ചിറ്റടി അബ്ദുറഹീം സാഹിബിന്റെ കീഴില്‍ ഖുര്‍ആന്‍ അര്‍ഥസഹിതം പഠിക്കാനുള്ള ഭാഗ്യമുണ്ടായ അവര്‍ പറഞ്ഞു. ഇഅ്തികാഫിരിക്കുമ്പോള്‍ ശാരീരികമായ പ്രയാസങ്ങളൊന്നും തോന്നാറേയില്ല.''
നോമ്പുതുറക്കാന്‍ പള്ളിയില്‍നിന്നും ഭക്ഷണം കിട്ടുമെങ്കിലും അവര്‍ക്കുവേണ്ടി മകനും മരുമകളും നോമ്പുതുറക്കാനും അത്താഴത്തിനുമുള്ള ഭക്ഷണവുമായി പള്ളിയിലെത്തും. നോമ്പുകാലത്ത് അവരെ കാര്യമായി സഹായിക്കുന്ന മറ്റൊരാളുണ്ട്. അവരുടെ കുടുംബത്തിലെ എല്ലാവരും ഏട്ടത്തിയമ്മയെന്ന് വിളിക്കുന്ന ജാനകിയമ്മ. ഭക്ഷണമുണ്ടാക്കാനും മക്കളൊറ്റക്കായാല്‍ രാത്രികൂട്ട് കിടക്കാനും ജാനകിയമ്മ എത്തും. ചേന്ദമംഗല്ലൂര്‍ സൗത്തിലെ പള്ളിയിലും പത്ത് ദിവസം തുടര്‍ച്ചയായി ഇരിക്കുന്നവര്‍ കുറവാണെങ്കിലും രാത്രി ഇഅ്തികാഫിരുന്ന് പോകുന്നവരും ഖിയാമുല്ലെല്‍ പ്രതീക്ഷിച്ച് ഉറക്കമുപേക്ഷിച്ച് പാതിരാവിലെണീറ്റ് വരുന്നവരുമായ സ്ത്രീകള്‍ ഒട്ടേറെയുണ്ട്; നന്നേ ചെറുപ്പക്കാരികളും അല്ലാത്തവരുമായി. സൈനബയെയും ഫാത്തിമയെയും ഖദീജയെയും പോലുള്ളവര്‍.
ഇസ്‌ലാമിക മൂല്യങ്ങള്‍ ചിട്ടയോടെ പാലിക്കുന്ന കുടുംബത്തിലെ അംഗമാണെങ്കിലും നോമ്പിലെ അവസാന പത്തിന്റെ പുണ്യം പൂര്‍ണമായി കിട്ടണമെങ്കില്‍ പള്ളിയില്‍ തന്നെ ഇഅ്തികാഫിരിക്കണമെന്നാഗ്രഹിക്കുന്ന അവര്‍ക്ക്, അമ്മായിക്ക് സുഖമില്ലാത്തതും കുടുംബത്തിലെ മറ്റുത്തരവാദിത്തവും കാരണം അതിനു സാധിക്കുമോയെന്ന ആശങ്കയാണ്. ആ ആശങ്കക്ക് അറുതിവരാനും ഇപ്രാവശ്യവും അല്ലാഹുവിന്റെ ഭവനത്തില്‍ രാപ്പാര്‍ക്കാന്‍ കഴിയണമേയെന്നും ഉള്ള പ്രാര്‍ഥനയിലാണവര്‍.
റമദാന്‍ ചന്ദ്രിക മാഞ്ഞ് ശവ്വാലംമ്പിളി ഇഴകീറി വരുന്ന തക്ബിര്‍ ധ്വനികള്‍ കേള്‍ക്കുന്നതോടെ അവരെല്ലാവരും പള്ളിയില്‍ നിന്നും ഇറങ്ങി വരും; അടുത്ത റമദാന്‍ പ്രതീക്ഷിച്ച്.